Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

'ഏകാത്മക ദേശീയതക്കുവേണ്ടിയുള്ള സംഘ്പരിവാര്‍ തന്ത്രങ്ങളാണ്  പൗരത്വ പ്രശ്‌നത്തിന്റെ മര്‍മം'

ഡോ. ഹിരണ്‍ ഗൊഹൈന്‍

അസമിലെ ഗുലാഘട്ട് സ്വദേശിയായ ഡോ. ഹിരണ്‍ ഗൊഹൈന്‍  അറിയപ്പെടുന്ന സാമൂഹിക ശാസ്ത്രജ്ഞനും സാഹിത്യവിമര്‍ശകനുമാണ്. ഗുവാഹത്തി യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു. അസമിസ്, ഇംഗ്ലീഷ് ഭാഷകളിലായി 22 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സാമൂഹികനീതി, അസം പൗരത്വ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പൊതുപ്രവര്‍ത്തകനാണ്. അല്‍ജസീറ പ്രസിദ്ധീകരിച്ചതാണ് ഡോ. ഹിരണ്‍ ഗൊഹൈന്റെ ഈ അഭിമുഖം. ഒപ്പം പ്രബോധനം ഇ മെയില്‍ ചെയ്ത ഏതാനും ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിക്കുന്നു. വിവ: യാസര്‍ ഖുത്വ്ബ്

അസം പൗരത്വ പ്രശ്‌നം ആരംഭിക്കുന്നത് എങ്ങനെയാണ്?

1930-ല്‍ തന്നെ കിഴക്കന്‍ ബംഗാള്‍ പ്രവിശ്യകളില്‍ (ഇന്നത് ബംഗ്ലാദേശിന്റെ  ഭാഗമാണ്) നിന്ന് അസമിലേക്ക് ആളുകള്‍ കുടിയേറിയിരുന്നു. അവരില്‍ പലരും സമീന്ദാരികളുടെ പീഡനങ്ങളില്‍നിന്ന് രക്ഷ തേടിയാണ് പലായനം നടത്തിയത്. ഇന്ത്യാ വിഭജന സമയത്ത്, ബംഗാള്‍ വിഭജനം നടന്നത് കുറഞ്ഞ സമയത്തിനകമായിരുന്നു. ആളുകള്‍ ചിന്താക്കുഴപ്പത്തിലായി. എവിടെ നിലയുറപ്പിക്കണമെന്നു അറിയാത്ത അവസ്ഥ. പലരും ഇന്ത്യയില്‍ തന്നെ നിന്നു. ചിലര്‍ പാകിസ്താനില്‍ പോകണമെന്ന താല്‍പര്യക്കാരായിരുന്നു. അതിനാല്‍ ആളുകള്‍ ഒരു  നിയന്ത്രണവുമില്ലാതെ പല ഭാഗങ്ങളിലേക്കും ഒഴുകി. അസമില്‍ നിന്നും സില്‍ഹട്ട് ജില്ല മാത്രമാണ് പാകിസ്താനില്‍ ചേര്‍ന്നത്. ബാക്കി മുഴുവന്‍ ഇന്ത്യയില്‍ ലയിച്ചു. പലരുടെയും ബന്ധുക്കള്‍ ഇരു രാജ്യങ്ങളിലുമായി. അന്ന് അതിര്‍ത്തി പരിശോധനകള്‍ ഇന്നത്തേതു പോലെ കര്‍ശനമല്ലായിരുന്നു. അതിനാല്‍തന്നെ ജീവനോപോധികള്‍ തേടി അങ്ങോട്ടുമിങ്ങോട്ടുമുള്ള  യാത്രകളും കുടിയേറ്റങ്ങളും സര്‍വസാധാരണമായിരുന്നു. പിന്നീട് 1971-ല്‍ ബംഗ്ലാദേശ് രൂപീകരിച്ചപ്പോഴും അസമിലേക്ക് കുടിയേറ്റ പ്രവാഹം ഉണ്ടായി. അതുകൊണ്ടാണ് ദേശീയ പൗരത്വ പട്ടിക (NRC)  പ്രകാരമുള്ള cut off year 1971 ആയി പരിഗണിക്കുന്നത് (1971 മാര്‍ച്ച് 24 ആണ് 'അസം കരാര്‍'   പ്രകാരമുള്ള തീയതി).

മുസ്‌ലിം സമുദായം ഭൂരിപക്ഷമായ അവിടങ്ങളില്‍ എങ്ങനെയാണ് ആര്‍.എസ്.എസിനു പിന്തുണ ലഭിക്കുന്നത്?

യഥാര്‍ഥത്തില്‍ അത് അവിടെയുള്ള ആളുകളുടെ പിന്തുണയല്ല. സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ അജണ്ട. അതുവഴി മുസ്‌ലിംകളെ പ്രകോപിതരാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ അടുത്ത കാലങ്ങളില്‍ മുസ്‌ലിംകള്‍ വളരെയധികം സംയമനം പാലിക്കുന്ന കാഴ്ചയാണ് കാണുന്നത്. വാര്‍ത്തകളില്‍ ആര്‍.എസ്.എസുകാര്‍ ഇടം നേടുന്നു. അവര്‍ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും മേല്‍ക്കോയ്മ നേടിയെടുക്കുന്നു. പിന്നെ കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും ഉണ്ടാകുമല്ലോ.

മുസ്‌ലിം  വിവേചനത്തിലൂന്നിക്കൊ് പൗരത്വ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ കുറിച്ച് എന്തു പറയുന്നു?

'മുസ്‌ലിം ഭീഷണികളില്‍നിന്നും അസമിനെ രക്ഷിക്കുക' എന്നതാണ് ബി.ജെ.പി ഉയര്‍ത്തുന്ന മുദ്രാവാക്യം. ബംഗ്ലാദേശില്‍നിന്നുമുള്ള ഹിന്ദുക്കളെ അവര്‍ സ്വാഗതം ചെയ്യുന്നു.  ഇസ്‌ലാമും മുസ്‌ലിമും അവരുടെ കണ്ണില്‍ ഇന്ത്യക്ക് ഭീഷണിയാണ്. ബി.ജെ.പിയുടെ ഐഡിയോളജി, ഇസ്രയേലിന്റേതു പോലെയാണ്. എവിടെ ജനിച്ച ജൂതന്മാര്‍ക്കും ഇസ്രയേല്‍ പൗരത്വം നല്‍കുന്നു. എല്ലാ ജൂതന്മാരെയും അങ്ങോട്ട് ആകര്‍ഷിക്കുന്നു. അതുപോലെ ഹിന്ദുക്കളുടെ  മാതൃകാ രാജ്യമാണ് ഇന്ത്യയെന്ന രീതിയിലാണ് ബി.ജെ.പി. പ്രചാരണം നടത്തുന്നത്. നേപ്പാളില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കും ഇന്ത്യയില്‍ ഭീഷണികളോ വിലക്കുകളോ ഇല്ല. ഇന്ത്യന്‍ ഭരണഘടനയുടെ പല നിയമങ്ങളും ലംഘിച്ചുകൊാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക സൗഹൃദാന്തരീക്ഷത്തെ അവര്‍ ശിഥിലമാക്കുന്നു.

പുതിയ രജിസ്‌ട്രേഷന്‍ പ്രോഗ്രാം, അസമിലെ കുടിയേറ്റ പൗരത്വ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

NRC നല്ല ഒരു പദ്ധതിയാണ്. അത് നീതിയുക്തമായി നടത്തണമെന്നു മാത്രം. പൗരത്വ പ്രശ്‌നം അസം രാഷ്ട്രീയത്തിലെ വലിയൊരു വിഷയമാണ്. അതിന് യഥാവിധി പരിഹാരം കാണാതെ മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല.  ആരെല്ലാമാണ് യഥാര്‍ഥ പൗരന്മാര്‍, അവരെ വ്യക്തമായി രേഖപ്പെടുത്തണം. അര്‍ഹരായവര്‍ക്കെല്ലാം പൗരത്വം നല്‍കണം.

പൗരത്വ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുഖ്യതടസ്സം എന്താണ്?

മുമ്പ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.  ഇപ്പോള്‍ ബി.ജെ.പിക്കാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് പൗരത്വ രേഖകള്‍ നല്‍കുന്നതിന് ബി.ജെ.പി തടസ്സം നില്‍ക്കുന്നു. ജനങ്ങള്‍ക്ക് NRC യിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ആളുകള്‍ ചിന്താക്കുഴപ്പത്തില്‍ പെടുന്നു. വ്യവസ്ഥയിലുള്ള വിശ്വാസത്തകര്‍ച്ച, വലതുപക്ഷത്തുള്ള ബി.ജെ.പിക്കാര്‍ക്കാണ് ഗുണകരമായി ഭവിക്കുക.

പൗരത്വ പ്രശ്‌നത്തിന് താങ്കള്‍ നിര്‍ദേശിക്കുന്ന പരിഹാരം എന്താണ്?

പൗരത്വ രജിസ്റ്ററില്‍ കഴിയുന്നത്ര ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കണം. പിന്നീട് സംസ്ഥാനത്തിന്റെ വ്യത്യസ്ത ജില്ലകളിലെ മുസ്‌ലിം കുടിയേറ്റക്കാരുടെ ശരിയായ എണ്ണം മനസ്സിലാക്കണം. അര്‍ഹതപ്പെട്ട എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. മുസ്‌ലിം ജനസംഖ്യയില്‍ വരുംവര്‍ഷങ്ങളില്‍ വിസ്‌ഫോടനം സംഭവിക്കുമെന്നാണ് ആളുകള്‍ പറയുന്നത്. ഇത് ഭയത്തില്‍ അധിഷ്ഠിതമായ സിദ്ധാന്തമാണ്. കൃത്രിമ രാജ്യസ്‌നേഹികളായ വര്‍ഗീയവാദികളാണ് ഇത്തരം വാര്‍ത്തകള്‍ പരത്തുന്നതിനു പിന്നില്‍. പല മതനേതൃത്വങ്ങളും വര്‍ഗീയമായി ചിന്തിക്കുന്നവരാണ്, കുടുസ്സായ മനസ്സിന്റെ ഉടമകളുമാണ്. വിശാലമായി ചിന്തിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. 
ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പക്കല്‍ പലപ്പോഴും ഗവണ്‍മെന്റ് അംഗീകരിച്ച ഡോക്യുമെന്റുകളോ രേഖകളോ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകളാണെങ്കില്‍ അവരുടെ കാര്യം പറയുകയും വേണ്ട. ഗോത്ര പ്രദേശങ്ങളിലും താഴ്‌വരകളിലും താമസിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ ഇതൊന്നും യഥാസമയം ശേഖരിച്ചുവെച്ചിട്ടുണ്ടാവില്ല.  അവര്‍ക്കും മാനുഷികമായ നീതിയും പരിഗണനയും നല്‍കണം. അവര്‍ക്ക് തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കാനുള്ള അവസരം നല്‍കണം. പെട്ടെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അവരെ ഭയചകിതരാക്കരുത്. സമയമെടുത്ത് നല്ലവണ്ണം പാടുപെട്ടെങ്കിലേ ഇതൊക്കെ ചെയ്യാനാവൂ. ഇങ്ങനെ തയാറാക്കുന്ന പൗരത്വ രജിസ്റ്ററി മാത്രമേ നീതിയുക്തമായി പൂര്‍ത്തീകരിക്കാന്‍ കഴിയൂ.

അസം പലതരത്തില്‍ പ്രശ്‌നകലുഷിതമാണ്. ഉള്‍ഫ തീവ്രവാദികള്‍ ഒരുവശത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മറുവശത്ത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വനങ്ങളും മലകളും അടങ്ങിയ മേഖലയാണല്ലോ. വികസന കാര്യങ്ങള്‍ വരുമ്പോള്‍ പലപ്പോഴും കേന്ദ്രവുമായി ഏറ്റുമുേട്ടിവരുന്നു. മുമ്പത്തേതില്‍നിന്ന് ഭിന്നമായി കുറേക്കൂടി ശാന്തവും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലവുമാണിന്ന് അസം എന്നു പറയുന്നു. എന്താണ് അഭിപ്രായം?

ഇന്ത്യക്ക് ഒരു രാജ്യമെന്ന നിലയില്‍  ദേശീയ ഉദ്ഗ്രഥനവും ഏകതയും ആവശ്യമാണ്. എന്നാല്‍ അവ നാനാത്വങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടാവണം.  ജനങ്ങളുടെ സാംസ്‌കാരികമായ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. എങ്കില്‍ മാത്രമേ അതിനു നിലനില്‍പ്പുണ്ടാവൂ. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ദല്‍ഹി കേന്ദ്രീകൃതമായ, ഏകാത്മകതയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ്. വികസന അജണ്ടകള്‍ ദല്‍ഹിയില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ അത് അസമിന് യോജിക്കുന്നില്ല. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അസമിലെ മണ്ണിനെയോ ജനങ്ങളെയോ അറിയില്ല. അത് വലിയൊരു പ്രശ്‌നമാണ്. അസമിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ കേന്ദ്രം തിരിച്ചറിയുന്നില്ല. ഇത്തരത്തിലുള്ള കേന്ദ്രീകൃത വികസനങ്ങള്‍ പലപ്പോഴും അസമിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്.  ഭരണഘടനപ്രകാരം വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം വ്യത്യസ്തങ്ങളായ സ്റ്റേറ്റുകള്‍ ചേര്‍ന്നതാണല്ലോ രാജ്യം. അതിനാല്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രത്യേകതകളുണ്ട്. ജനങ്ങള്‍ വ്യത്യസ്ത പ്രകൃതവും സംസ്‌കാരങ്ങളും ഉള്ളവരായിരിക്കും. എന്നാല്‍ കേന്ദ്രവുമായുള്ള വിനിമയങ്ങളിലും വികസന കാര്യങ്ങളിലും പലപ്പോഴും പ്രാദേശികമായ പങ്കാളിത്തം തീരെയില്ലാത്ത സ്ഥിതിവിശേഷമാണ്. 

ബി.ജെ.പി/കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രത്യേക നിയമം കൊുരണമെന്ന് പറഞ്ഞിരുന്നു.  കേന്ദ്രം പ്രത്യേക മന്ത്രാലയം തന്നെ (DoNER)  അതിനു വേണ്ടി വിഭാവനം ചെയ്തിട്ടുണ്ട്.  മണിപ്പൂരിലും അസമിലുമെല്ലാം ബി.ജെ.പി വികസനം കൊണ്ടുവന്നു എന്ന  പ്രചാരണങ്ങള്‍ സത്യമാണോ?

Ministry of Development of North East Region  എന്ന പേരില്‍ മിനിസ്ട്രി ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ അത് വലിയൊരു അസംബന്ധമാണ്. ദല്‍ഹിയില്‍ ഇരുന്നുകൊണ്ട് എങ്ങനെയാണ് നോര്‍ത്ത് ഈസ്റ്റ് പോളിസി തയാറാക്കുക? ഇത് ഇന്ത്യയുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് അനുഗുണമായിരിക്കാം. പക്ഷേ വടക്കു കിഴക്കന്‍ മേഖലയുടെ പ്രത്യേക പ്രശ്‌നങ്ങള്‍ ഈ മന്ത്രാലയത്തിന് അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല.  ഈയടുത്ത് ഇംഫാലില്‍ നോര്‍ത്ത് ഈസ്റ്റ് വികസന സമ്മിറ്റ് സംഘടിപ്പിച്ചു. പതഞ്ജലിയുടെ ബാലകൃഷ്ണ പോലുള്ള കോര്‍പ്പറേറ്റുകള്‍ ആയിരുന്നു അന്ന് അവിടെ മുഖ്യാതിഥികള്‍.  ഞങ്ങളുടെ ഭൂമിയും ഔഷധച്ചെടികളും എങ്ങനെ കൈക്കലാക്കാം എന്നാണ് അവരുടെ നോട്ടം. ചിലര്‍ സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തു കടത്തിക്കൊു പോകാന്‍ പ്രൊജക്ടുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. അതുകൊണ്ട്  സംസ്ഥാനത്തിനോ അവിടത്തെ ജനങ്ങള്‍ക്കോ പ്രത്യേകിച്ചൊന്നും ലഭിക്കാനില്ല. കേന്ദ്രത്തിന്റെ വാലുകള്‍ ആയാണ് സംസ്ഥാന ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ആവശ്യം.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വ്യത്യസ്ത വംശങ്ങളിലും ജാതികളിലും പെട്ട ജനങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നു. ജനങ്ങള്‍ തമ്മിലുള്ള ദശാബ്ദങ്ങളുടെ സമ്പര്‍ക്കം, എങ്ങനെ ഒരുമിച്ച് ജീവിക്കാം എന്നതിനു അവരെ പ്രാപ്തരാക്കുന്നു. പക്ഷേ ചില സംസ്ഥാനങ്ങളില്‍ ഈ ഉദ്ഗ്രഥനം ഫലപ്രാപ്തിയില്‍ എത്തുന്നില്ല. അസമികളുടെയും ബംഗാളികളുടെയും ഇങ്ങനെയുള്ള ഒരു ഏകീകരണം സാധ്യമാകാത്തതുകൊണ്ടാണോ ഇത്തരം പ്രക്ഷുബ്ധാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നത്?
ബ്രിട്ടീഷ് നയങ്ങളുടെ കൂടി ഫലമായി നൂറ്റാണ്ടുകളിലൂടെ സൃഷ്ടിക്കപ്പെട്ടതാണിത്. ബ്രിട്ടീഷുകാര്‍, ബംഗാളി സംസാരിക്കുന്ന പ്രദേശങ്ങളെ അസമിലെ പുതിയ പ്രവിശ്യകളുമായി കൂട്ടിച്ചേര്‍ത്തു. ഒരു സമുദായത്തെ മറ്റൊരു സമൂഹത്തിനെതിരെ തിരിച്ചുവിട്ടു. പ്രദേശവാസികള്‍ സ്വാഭാവികമായും തങ്ങളുടെ സാംസ്‌കാരികവും ഭൗതികവുമായ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിച്ചില്ല. ഒരു 20-30 വര്‍ഷങ്ങള്‍ക്കിടയില്‍ മില്യന്‍ കണക്കിന് അപരിചിതരെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. 1947-നു മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ വിതച്ച അനര്‍ഥങ്ങളുടെ വിത്തുകള്‍ പൊട്ടിമുളച്ചതിന്റെ ഫലം കൂടിയാണിത്. അസം ജനതയെ മാത്രം ഇതിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യ രാഷ്ട്രീയ കക്ഷികള്‍ക്ക് ബി.ജെ.പിയില്‍നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ വല്ല നിലപാടും ഉണ്ടോ?

ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പിയെ പോലെ അത്ര അനുകമ്പയില്ലാത്തവരല്ല എന്നത് ശരിയാണ്. പക്ഷേ, അവര്‍ക്കും ധാര്‍മികമായ നിലപാടുകള്‍ ഒന്നുമില്ല. അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

പൗരത്വ പ്രശ്‌നം വളരെ സങ്കീര്‍ണമാണ്. ഇതിന് പരിഹാരമായി എന്ത് പ്രായോഗിക നിര്‍ദേശമാണ് താങ്കള്‍ക്ക് മുന്നോട്ടു വെക്കാനുള്ളത്?

അസമിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകളെ ഞാന്‍ പിന്തുണക്കുന്നു. അസമിനു  പുറത്തുനിന്നുള്ളവര്‍ മനസ്സിലാക്കേണ്ടത്, ഇവിടെ സാമൂഹിക ശാന്തി എന്നത് വളരെ ദുര്‍ബലമാണ്. ഒരിക്കല്‍ അത് വിഛേദിക്കപ്പെട്ടാല്‍, വര്‍ഗീയവാദികള്‍ക്ക്  താണ്ഡവമാടാന്‍ വാതായനങ്ങള്‍ തുറന്നുകൊടുക്കലാകുമത്.

സംഘ് പരിവാര്‍, സമുദായങ്ങളെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നു. ഈ വര്‍ഗീയ വിഭജനത്തിന് സംസ്ഥാനത്തുനിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടല്ലോ?

ഇത് ആര്‍.എസ്.എസിന്റെ ദീര്‍ഘകാലത്തെ അജണ്ടയാണ്. അവരുടെ രാഷ്ട്രീയ വിഭാഗമാണല്ലോ ബി.ജെ.പി. ഈ ഭീഷണികളെ കോണ്‍ഗ്രസോ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഒരിക്കലും ഗൗരവത്തില്‍ എടുത്തിട്ടില്ല. താഴേക്കിടയിലുള്ള ജനങ്ങളുടെ വികാരങ്ങള്‍ ഇളക്കിവിട്ട്, 'മുസ്‌ലിംകള്‍ ഭീകരന്മാര്‍' എന്ന തരത്തിലുളള വ്യവസ്ഥാപിത  കാമ്പയിനുകള്‍ നടക്കുന്നു. അതിന് അവരെ കുരുതി കൊടുക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നത്. 

അസമിന്റെ  ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്താണ്?

രണ്ട് വിഭാഗങ്ങളും വിശാല വീക്ഷണത്തോടെ യുക്തിസഹമായി അനുരഞ്ജിപ്പിലെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും ട്രൈബല്‍ ഗ്രൂപ്പുകളും എല്ലാംകൂടി വളരെ സങ്കീര്‍ണമായ അവസ്ഥയിലാണ് സംസ്ഥാനം. കറന്‍സി നിരോധനവും ജി.എസ്.ടിയും കാരണം സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ വര്‍ധിച്ചു. സമൂഹത്തിന്റെ വികസനത്തിനും നന്മക്കും വേണ്ടി  എല്ലാവരും നിലകൊള്ളണം. NCR അപ്‌ഡേഷന്‍ കഴിഞ്ഞാല്‍ നമുക്ക് യഥാര്‍ഥ ചിത്രം ലഭിക്കുമായിരിക്കും. വ്യത്യസ്ത സമുദായങ്ങളുടെ ജനസംഖ്യ എത്രയെന്നു പറയാന്‍ കഴിയും. അത് അകാരണമായ ഭയത്തിന് വിരാമം കുറിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി