Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

കറാമത്തിലെ അന്ധവിശ്വാസങ്ങള്‍

പി.കെ മൊയ്തീന്‍ കുട്ടി കുഴിപ്പുറം

അല്ലാഹു അവന്റെ ഭക്തന്മാരായ അടിമകളിലൂടെ വെളിപ്പെടുത്തുന്ന അസാധാരണ സംഭവത്തിനാണ് കറാമത്ത് എന്ന് പറയപ്പെടുന്നത്. പ്രമുഖ അറബ് മാസിക നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക: ''സദ്‌വൃത്തനായ തന്റെ അടിമയെ ആദരിച്ചുകൊണ്ട് അവന്‍ ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ അല്ലാഹു അടിമയുടെ കൈയാല്‍ വെളിപ്പെടുത്തുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് കറാമത്ത് എന്ന് പറയുന്നത്'' (മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ, പേജ് 157). ഔലിയാക്കളെ സംബന്ധിച്ചും കറാമത്തിനെക്കുറിച്ചും യഥാര്‍ഥ ചിത്രമല്ല ഇന്ന് ബഹുഭൂരിപക്ഷം മുസ്‌ലിം സമൂഹത്തിന്റെയും മനസ്സിലുള്ളത്. കറാമത്തും വലായത്തും വിറ്റ് കാശാക്കാന്‍ വേണ്ടി യാഥാസ്ഥിതിക പൗരോഹിത്യം ഈ വിഷയങ്ങളില്‍ ഒരുപാട് അന്ധവിശ്വാസങ്ങള്‍ പടച്ചുവിട്ടിട്ടുണ്ട്. അതില്‍പെട്ടതാണ് അല്ലാഹുവിന്റെ ഔലിയാക്കളെ അവര്‍ തന്നെ നിശ്ചയിക്കുകയെന്നത്. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നതിന്റെ താല്‍പര്യം അല്ലാഹുവിന്റെ ഇഷ്ടക്കാര്‍ എന്നാണ്. അല്ലാഹുവിന്റെ ഇഷ്ടക്കാര്‍ ആരാണെന്ന് കൃത്യമായി അല്ലാഹുവിനേ അറിയൂ എന്നതാണ് വസ്തുത. സൃഷ്ടികള്‍ക്ക് ഒരു വ്യക്തി ചെയ്തുകൊണ്ടിരിക്കുന്ന സല്‍ക്കര്‍മങ്ങള്‍ പോലും അത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊാണോ, അല്ലേ എന്ന് തീരുമാനിക്കാന്‍ ഒരിക്കലും സാധ്യമല്ല.
ആരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍? അല്ലാഹു അരുളി: ''ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകുയം സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (യൂനുസ് 62,63). ഇസ്‌ലാമിനെ സംബന്ധിച്ച് സാമാന്യമായ അറിവുപോലുമില്ലാത്ത ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും വിശ്വസിച്ചുകൊണ്ടിരിക്കുന്നത് ഔലിയാക്കളുടെ നമസ്‌കാരം, നോമ്പ് പോലുള്ള ആരാധനാ കര്‍മങ്ങള്‍ സാധാരണക്കാര്‍ക്ക് കാണാന്‍ സാധ്യമല്ല എന്നാണ്. ഇത് പുരോഹിതന്മാര്‍ അവരെ വിശ്വസിപ്പിച്ചുവെച്ചതാണ് എന്നതാണ് വസ്തുത. ബാങ്ക് കേള്‍ക്കുമ്പോള്‍ പള്ളിയില്‍നിന്നും ഇറങ്ങിപ്പോകുന്ന ഔലിയാക്കളും റമദാന്‍ മാസത്തില്‍ ചുരുട്ടു വലിക്കുന്നവരും ഉള്ളപ്പോള്‍ ഇപ്രകാരം ഫത്‌വ കൊടുക്കാനേ ഇവര്‍ക്ക് സാധിക്കൂ. ഇത്തരം ഔലിയാക്കളെന്ന് സ്വയം അവകാശപ്പെടുന്നവരും പരസ്യം മുഖേന ഔലിയാ സ്ഥാനം കരസ്ഥമാക്കിയവരും ഭക്ഷിക്കുന്നതും കുടിക്കുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. പിന്നെ എന്തുകൊണ്ട് ആരാധനകള്‍ മാത്രം കാണുന്നില്ലായെന്നത് സാധാരണക്കാര്‍ ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ടതാണ്!
അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ ജീവിതത്തില്‍ പുലര്‍ത്താതെ ജീവിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ ഔലിയാക്കളല്ല, മറിച്ച് പിശാചിന്റെ ഔലിയാക്കളാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പരത്തിപ്പറഞ്ഞിട്ടുള്ളത്. ''വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (യൂനുസ് 63). മേല്‍വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ജരീറുത്ത്വബരി (റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''നിര്‍ബന്ധമായ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞുകൊണ്ടും സൂക്ഷ്മത പുലര്‍ത്തുന്നവരാണവര്‍'' (ജാമിഉല്‍ ബയാന്‍- യൂനുസ് 63). ഇബ്‌നുകസീര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''എന്നാല്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഔലിയാക്കളാണ്'' (ഇബ്‌നു കസീര്‍ 2/466). ഇബ്‌നു ഹജര്‍ (റ) രേഖപ്പെടുത്തി: ''അല്ലാഹുവിന്റെ വലിയ്യ് (ബന്ധു) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കിയവനും അവനെ അനുസരിക്കുന്ന വിഷയത്തില്‍ ചിട്ട പുലര്‍ത്തുന്നവനും നിഷ്‌കളങ്കമായി അവന് ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്'' (ഫത്ഹുല്‍ ബാരി 14/525). എന്നാല്‍ പലരും മനസ്സിലാക്കിയിട്ടുള്ളത് മാന്ത്രികരെ  പോലെ അത്ഭുതങ്ങളും അസാധാരണ സംഭവങ്ങളും കാണിക്കുന്നവരാണ് ഔലിയാക്കള്‍ എന്നാണ്. അത് ശരിയല്ല. കാരണം കറാമത്ത് അല്ലാഹുവിന്റെ കഴിവില്‍ പെട്ട കാര്യമാണ്. അത് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അവനിലൂടെ പ്രകടമാകൂ. 
ഇബ്‌നു ഹജര്‍ (റ) രേഖപ്പെടുത്തി: ''അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഔലിയാക്കളാകുന്നു എന്നതാണ് പൊതുജനങ്ങള്‍ ബഹുഭൂരിപക്ഷവും വിശ്വസിച്ചുപോരുന്നത്. ഈ ധാരണ തെറ്റാണ്. തീര്‍ച്ചയായും അസാധാരണ സംഭവങ്ങള്‍ സാഹിറിന്റെയും ജ്യോത്സ്യന്റെയും പുരോഹിതന്റെയും കൈയില്‍ വെളിപ്പെടാവുന്നതാണ്. അവന്‍ മതത്തിന്റെ കല്‍പനകള്‍ മുറുകെ പിടിച്ച് ജീവിക്കുന്നവനാണെങ്കില്‍ അത് വലിയ്യിന്റെ ലക്ഷണമായേക്കാം. അങ്ങനെയല്ലാത്ത പക്ഷം അത്തരക്കാര്‍ ഔലിയാക്കളില്‍പെട്ടവനല്ല'' (ഫത്ഹുല്‍ ബാരി 7/383). ഈ വിഷയത്തില്‍ ഇമാം ശാഫിഈ (റ) പറഞ്ഞത് ഇപ്രകാരമാണ്: ''നീ ഒരു മനുഷ്യനെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത് കണ്ടാലും അന്തരീക്ഷത്തിലൂടെ പറക്കുന്നത് കണ്ടാലും അദ്ദേഹം ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നുണ്ടോ എന്ന് നേരില്‍ ബോധ്യപ്പെടുന്നതുവരെ അയാള്‍ വലിയ്യാണ് എന്ന കാര്യത്തില്‍ നീ വഞ്ചിതനായി പോകരുത്'' (ഇബ്‌നു കസീര്‍1/378).
കറാമത്ത് വിഷയത്തില്‍ നടന്നുവരുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരെ കറാമത്ത്‌നിഷേധികളായി ചില പുരോഹിതന്മാര്‍ മുദ്രകുത്താറുണ്ട്. ഭക്തന്മാരും ഭക്തകളുമായ സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും അവരുടെ വിഷമ പ്രതിസന്ധികളിലോ അവരുടെ പ്രാര്‍ഥനക്കനുസരിച്ചോ ദൈവികമായ സഹായങ്ങള്‍ ഉണ്ടായേക്കാം. അതിനാണ് നാം കറാമത്ത് എന്ന് പറയുന്നത്. അത് ഖുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. മര്‍യം ബൈത്തുല്‍ മഖ്ദിസിലെ പള്ളിയില്‍ സകരിയ്യാ നബിയുടെ സംരക്ഷണത്തിലായിരുന്നു ജീവിച്ചിരുന്നത്. അപ്പോഴുണ്ടായ ഒരു സംഭവം ഖുര്‍ആന്‍ വിവരിക്കുന്നു: ''മിഹ്‌റാബില്‍ അവളുടെ അടുക്കല്‍ സകരിയ്യാ നബി കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ഭക്ഷണം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു'' (ആലുഇംറാന്‍ 37). ഹദീസില്‍ വന്ന മറ്റൊരു സംഭവം: ''അബൂഖതാദ (റ) പ്രസ്താവിച്ചു: അനസ് (റ) ഞങ്ങളോട് ഇപ്രകാരം പറയുകയുണ്ടായി: ഇരുട്ടുള്ള ഒരു രാത്രിയില്‍ നബി(സ)യുടെ അടുക്കല്‍നിന്നും രണ്ടാളുകള്‍ പിരിഞ്ഞുപോയി. അവരുടെ മുന്നില്‍ വിളക്കുപോലെ ഒരു വസ്തു പ്രകാശിക്കുന്നുണ്ടായിരുന്നു. അവര്‍ രണ്ടു പേരും വഴിപിരിഞ്ഞപ്പോള്‍ പ്രസ്തുത പ്രകാശവും അവരുടെ വീടുകളില്‍ അവര്‍ എത്തിച്ചേരുന്നതുവരെ പ്രകാശിച്ചുകൊണ്ടിരുന്നു'' (ബുഖാരി 124). പ്രവാചകന്മാരുടെ മുഅ്ജിസത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതേയവസരത്തില്‍ ഇന്ന വ്യക്തിക്ക് കറാമത്തുണ്ടായി എന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമില്ല എന്നതാണ് പണ്ഡിതാഭിപ്രായം. ഇമാം റാസി പറയുന്നു: ''എന്നാല്‍ ഒരു വലിയ്യിന് കറാമത്തുണ്ടായി എന്ന കാര്യം അറിയാതിരിക്കല്‍ കുഫ്‌റല്ല. ഒരാള്‍ക്ക് കറാമത്തുണ്ടായി എന്നറിയല്‍ ഈമാനില്‍പെട്ടതുമല്ല'' (തഫ്‌സീറുല്‍ കബീര്‍).
എന്നാല്‍ ഖുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട കറാമത്തുകള്‍ അംഗീകരിക്കല്‍ നമുക്ക് നിര്‍ബന്ധവുമാണ്. കാരണം കറാമത്തുകള്‍ മുഅ്ജിസത്തുകള്‍ പോലെ വെളിപ്പെടുത്തേണ്ട കാര്യമല്ല. കറാമത്തുകള്‍ വ്യക്തിപരമായ സഹായങ്ങള്‍ മാത്രമാണ്. ചിലപ്പോള്‍ അത് പരീക്ഷണം എന്ന നിലയിലും അല്ലാഹു നല്‍കുന്നതാണ്. ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവന ഇങ്ങനെ: ''അബൂബക്‌റുബ്‌നുല്‍ ഫൗറക്ക് പ്രസ്താവിച്ചു. അമ്പിയാക്കന്മാര്‍ മുഅ്ജിസത്തുകള്‍ വെളിപ്പെടുത്താന്‍ കല്‍പിക്കപ്പെട്ടവരാണ്. എന്നാല്‍ വലിയ്യിന് കറാമത്തുകള്‍ മറച്ചുവെക്കല്‍ നിര്‍ബന്ധവുമാണ്. കാരണം വലിയ്യ് പരീക്ഷണത്തില്‍നിന്നും മുക്തനല്ല'' (ഫത്ഹുല്‍ ബാരി 13/311). മുഹ്‌യിദ്ദീന്‍ ശൈഖ് (റ) പറഞ്ഞത് ഇങ്ങനെ: ''ഒരു വ്യക്തി വലിയ്യാണ് എന്നതിന്റെ നിബന്ധന കറാമത്തുകള്‍ മറച്ചുവെക്കുകയെന്നതാണ്'' (ഗുന്‍യ 2/163). ഇനി ഒരു സത്യവിശ്വാസിക്ക് കറാമത്ത് ഉണ്ടായിട്ടില്ലെങ്കിലും അയാള്‍ വലിയ്യുതന്നെയാണ്. ഇബ്‌നു ഹജറുല്‍ ഹൈതമി(റ) രേഖപ്പെടുത്തുന്നു: ''കറാമത്തുള്ളവര്‍ അതില്ലാത്തവരേക്കാള്‍ ശ്രേഷ്ഠരാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞു: കറാമത്തുള്ളവര്‍ ഇല്ലാത്തവരേക്കാള്‍ നിരുപാധികം ശ്രേഷ്ഠരല്ല തന്നെ'' (ഫതാവല്‍ ഹദീസിയ്യ, പേജ് 264). 
ഈ വിഷയത്തില്‍ പുരോഹിതന്മാര്‍ ഉന്നയിക്കാറുള്ള ഒരു വാദമുണ്ട്. കറാമത്തുകള്‍ കൊണ്ട് ജീവിതകാലത്തും മരണശേഷവും ഔലിയാക്കള്‍ക്ക് സഹായിക്കാന്‍ കഴിയും എന്ന്. അതിനാല്‍ അവരോട് മരണശേഷവും സഹായം തേടാം. ഇത് തനി ശിര്‍ക്കന്‍ വാദമാണ്. പ്രാര്‍ഥന അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഒരു ഇബാദത്താണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല തര്‍ക്കം. ജീവിതകാലത്ത് സ്വന്തം ശരീരം പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത ഔലിയാക്കന്മാര്‍ മരണശേഷം മറ്റുള്ളവരെ എങ്ങനെ സഹായിക്കും? സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്തഅറിയിക്കപ്പെട്ട ഔലിയാക്കന്മാരുടെ നേതാക്കന്മാരാണ് നാല് ഖലീഫമാരും. അവരില്‍ അബൂബക്ര്‍ (റ) അല്ലാത്ത മൂന്നു പേരും വധിക്കപ്പെടുകയാണുണ്ടായത്. ഔലിയാക്കന്മാരുടെ നേതാക്കളായ ഉമര്‍, ഉസ്മാന്‍, അലി (റ) എന്നിവര്‍ക്ക് സ്വന്തം ശരീരം പോലും  ജീവിതകാലത്ത് സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പിന്നെ അവരൊക്കെ എങ്ങനെയാണ് മരണാനന്തരം മറ്റുള്ളവരെ സഹായിക്കുക?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി