നിറംകെട്ട നിറങ്ങള്‍
കാവി
ത്യാഗത്തിന്റെ, ആത്മീയതയുടെ
വര്‍ണമായിരുന്നെനിക്ക്.
നീ ദത്തെടുക്കപ്പെട്ടതുമുതലാണ്
നിനക്ക് കോമ്പല്ലുകള്‍ മുളച്ചു തുടങ്ങിയത്
വാള്‍ത്തലപ്പിന്റെ ദാഹമായതും
വംശവെറി കൊണ്ടൊരു
സിംഹാസനം പടുത്തതും.
പച്ചയെനിക്ക്
പ്രകൃതിയുടെ ഉടയാടയാണ്,
പിന്നെപ്പോഴാണത്
അയല്‍രാജ്യത്തു നിന്നും
നുഴഞ്ഞുകയറിയ ഭീകരവര്‍ണമായത്!
ചുവപ്പെനിക്ക്
നിന്റെ ഹൃദയം ചുരത്തിയ
ആര്‍ദ്രതയുടെ പനിനീര്‍പൂവുകളായിരുന്നു.
നിന്റെ ചുണ്ടുകളില്‍ ഒളിച്ചിരുന്ന
ചോന്ന ചുംബനങ്ങളും....
ആള്‍ക്കൂട്ടത്തെരുവുകളില്‍
ചിതറിയ ചോരച്ചുകപ്പില്‍
ഈച്ചയാര്‍ക്കുമ്പോള്‍
നിന്റെ അതേ ചുണ്ടുകള്‍ അട്ടഹാസങ്ങളുമായി
രതിവേഴ്ചയിലായിരുന്നു.
മിന്നാമിനുങ്ങുകള്‍ കുടിച്ചു വറ്റിച്ച
രാത്രിയിലെ ചഷകമായിരുന്നു
കറുപ്പെനിക്ക്.
അസ്പൃശ്യതയുടെ നിറമെന്ന് പറഞ്ഞു
നീ നെറ്റി ചുളിക്കുമ്പോള്‍
എന്റെ തൊലിനിറത്തേക്കാള്‍
നിന്റെ ചിരിയിലും ചിന്തയിലും
കാളിമ തിളച്ച് തൂവുന്നുണ്ടായിരുന്നു.
സമത്വത്തിന്റെ വരമ്പിലിരുന്ന്
നാമാഘോഷിച്ച അരുണിമയായിരുന്നു
ഇന്നലെയെനിക്ക് വെളുപ്പ്.
നേരം പുലരുമ്പോള്‍
വര്‍ണവെറിയില്‍
ആനന്ദം പൂണ്ടു നില്‍ക്കുന്നു
വെളുക്കാത്ത ഓരോ നാഗരികതയും.
നിറങ്ങളെയെല്ലാം
നിറം കെടുത്തിയത്
നിറംകെട്ട
നമ്മുടെ ഹൃദയമാണോ?
Comments