പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചുകൂടേ?
'വൃത്തിയെക്കുറിച്ച സൗന്ദര്യ പാഠങ്ങള്‍' (എ.പി ശംസീര്‍, ലക്കം 3109) വായിച്ചപ്പോള്‍ പ്രയോഗങ്ങളെ എത്രമേല്‍ സാധ്യമാക്കുമാറ് ആശയതലം വികസിച്ച ഒരു സമൂഹമായിരിക്കണം നാം എന്ന അവബോധം ഈ സമൂഹത്തിനും നേതൃത്വത്തിനും ഉണ്ടായെങ്കില്‍ എന്ന് ചിന്തിച്ചുപോയി. അഹ്മദ് അമീന്‍ വിശദീകരിച്ച പോലെ പള്ളികളില്‍ ഇപ്പോഴും ഹൗളുകള്‍ പണിയുന്നത് കണ്ട് അത്ഭുതപ്പെട്ടുപോകുന്നു. വഴിയരികിലെ പള്ളികളില്‍, ബൈക്കുകളിലും തുറന്ന വാഹനങ്ങളിലും സഞ്ചരിക്കുന്ന വിശ്വാസികള്‍ പൊടിയും വിയര്‍പ്പുമൊക്കെയായാണ് വരുന്നതെങ്കില്‍ പോലും മുഖം കഴുകാന്‍ രണ്ട് കുല്ലത്ത് തികച്ചുണ്ടാക്കിയ ഇത്തരം ഒഴുകാത്ത 'കുളങ്ങള്‍' തന്നെ ഈ ആധുനിക കാലത്തും പണിഞ്ഞ് പരിപാലിക്കുന്നത് എന്തിനായിരിക്കും! നിപയും ജലജന്യ രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങളും പടര്‍ന്നു പന്തലിക്കുന്ന കാലത്തു പോലും ഈ ഹൗളുകള്‍ തന്നെ ചിലയിടങ്ങളില്‍ ശരണം!
ഒരു ഹാന്‍ഡ് വാഷ് ഡേ കഴിഞ്ഞ് സ്‌കൂളില്‍നിന്നും വന്ന മൂന്നാം ക്ലാസ്സുകാരനെ ഇത്തരം ഒരു ഹൗളില്‍നിന്ന് വുദൂ എടുപ്പിക്കാന്‍ പെട്ട പാട് ചെറുതല്ല. പുതുതലമുറയെ ശുചിത്വ സംസ്‌കാരം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതും വിലങ്ങുതടികളാവും.പൊതു കുളിമുറികളും ശൗചാലങ്ങളും പരമ്പരാഗത നഗരങ്ങളില്‍ മുസ്‌ലിം ഭരണാധികാരികള്‍ ഉണ്ടാക്കിയിരുന്നുവെന്ന് നാം ചരിത്രത്തില്‍ വായിക്കും. ദരിദ്രര്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നതുപോലെ നഗരങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചു പരിപാലിച്ചാല്‍ അത് പൊതു സമൂഹത്തിന് ഇസ്‌ലാമിക സംഘടനകള്‍ ചെയ്യുന്ന വലിയൊരു സേവനവും ഇസ്‌ലാമിനെക്കുറിച്ച് മതിപ്പുണ്ടാക്കുന്ന മാതൃകയുമായിരിക്കും. സ്ത്രീ യാത്രക്കാര്‍ ഏറെ പ്രയാസം സഹിച്ച് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
പ്രബോധനത്തിന്റെ താളുകള്‍ വായനാ സുഖം നല്‍കുന്ന അക്ഷരങ്ങള്‍ മാത്രം ഗര്‍ഭം ധരിക്കാതെ, ചിന്തനീയമായ ആശയങ്ങളും പ്രയോഗ മാര്‍ഗങ്ങളും മുന്നോട്ടുവെച്ചാല്‍ നന്നായിരിക്കും.
പണ്ഡിതന്മാര്‍ക്ക് എപ്പോഴാണ് നേരം വെളുക്കുക
പ്രബോധനം മുഖവാക്ക് (2019 ജൂണ്‍ 28) ഏറെ ശ്രദ്ധേയവും നമ്മുടെ നിലനില്‍പുമായി ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലുമായി. ഈ വിഷയത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകരും സ്ഥാപനങ്ങളും പോഷക സംഘടനകളും ഇനിയും ഏറെ പുനരാലോചനകള്‍ നടത്തേണ്ടിയിരിക്കുന്നു. ജനസാന്ദ്രത കൂടിയ കേരളീയ പശ്ചാത്തലത്തില്‍ നാം പ്രകൃതിയോട് പുലര്‍ത്തേണ്ട മര്യാദകള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. വര്‍ഷങ്ങളോളം നശിക്കാതെ കിടക്കുന്ന ഫ്ലക്‌സ് ഉപയോഗിക്കാതെ തുണിയിലേക്ക് മാറാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഒരു ഉംറ യാത്രയില്‍ ഇഹ്‌റാം കെട്ടാന്‍ ഇറങ്ങിയ മസ്ജിദില്‍നിന്ന് രാത്രി ഭക്ഷണം ഡിസ്‌പോസിബ്ള്‍ പാത്രത്തില്‍ ലഭിച്ചപ്പോള്‍ പ്രയാസം തോന്നി. ഈ സ്ഥിര സംവിധാനത്തില്‍ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസ്സുകളും ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍ ഒരു സംസ്‌കാരം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് വേസ്റ്റുകള്‍ യാതൊരു ശ്രദ്ധയുമില്ലാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവരുടെ 'തര്‍ബിയത്ത്' പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഖുത്വ്ബയിലും പ്രസംഗങ്ങളിലും പരിസ്ഥിതിയെയും ജലത്തെയും കുറിച്ച് ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ച് സംസാരിക്കുന്ന പണ്ഡിതന്മാരും ഈ വിഷയത്തില്‍ അശ്രദ്ധയും അലംഭാവവും പുലര്‍ത്തുന്നവരാണ്. മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ ഈ രംഗത്ത് ഗൗരവപൂര്‍ണമായി ഇടപെടാന്‍ ഇനിയും വൈകിക്കൂടാ.
ഡോ. നസീം പാലേരി
അമേരിക്കയിലെ ഇസ്‌ലാം
സൗമ്യനായി, വിനീതനായി അരികിലിരുത്തി നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്ന തരത്തിലാണ് വാഷിംഗ്ടണില്‍ നടന്ന ഇക്‌നയുടെ 44-ാം വാര്‍ഷികത്തില്‍ പ്രഭാഷകനായി പങ്കെടുത്ത അബ്ദുല്ല മന്‍ഹാം അമേരിക്കയിലെ ഇസ്‌ലാം അനുഭവങ്ങള്‍ വിവരിക്കുന്നത്. രണ്ട് ലക്കങ്ങള്‍ കൊണ്ട് അവസാനിച്ച അനുഭവക്കുറിപ്പ്, അമേരിക്കയിലെ ഇസ്‌ലാമിക ചലനങ്ങളുടെ നേര്‍ ചിത്രങ്ങള്‍ തരുന്നു.
മമ്മൂട്ടി കവിയൂര്‍
ഹാജിമാരോട് പറയാനുള്ളത്
പരിശുദ്ധ ഹജ്ജ് കര്‍മത്തിന് വിശാലമായ മാനവിക മുഖമുണ്ട്. അതിന്റെ പ്രയോജനങ്ങള്‍ സകല മനുഷ്യര്‍ക്കുമുള്ളതാണ്. ലോക ജനത അനുഭവിക്കുന്ന പ്രശ്ന സങ്കീര്‍ണതകളും ദുരിതങ്ങളും ഹാജിമാരുടെ പ്രാര്‍ഥനാ വിഷയമാകണം. ഉള്‍ക്കരുത്താര്‍ന്ന, വിശാല മാനവികതയിലൂന്നിയ ഉദ്ഗ്രഥനമാണ് ഹജ്ജിലൂടെ ഉണ്ടായിത്തീരുന്നത്. ദേശീയത, വംശീയത, വര്‍ഗീയത ഉള്‍പ്പെടെ എല്ലാവിധ സങ്കുചിത വീക്ഷണങ്ങളെയും വിപാടനം ചെയ്യുന്ന സംസ്‌കരണ പ്രക്രിയയാണ് ഹജ്ജിലൂടെ നടക്കുന്നത്.
കഴിഞ്ഞ കൊല്ലം ഹജ്ജ് സീസണിലായിരുന്നു കേരളത്തില്‍ പ്രളയമുണ്ടായത്. തദവസരത്തില്‍ ഹാജിമാര്‍ ദുരിതത്തില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ പ്രത്യേകം പ്രാര്‍ഥിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ അയച്ചുകൊടുക്കുകയും ചെയ്തു. മക്കയിലും മദീനയിലും അത്യാവശ്യ ചെലവുകള്‍ക്കായി കരുതിവെച്ച പണത്തില്‍നിന്നാണ് ഹാജിമാര്‍ ഇത് സമാഹരിച്ചത്. സര്‍ക്കാര്‍ ഫിലേക്ക് മാത്രമല്ല മറ്റ് സന്നദ്ധ സംഘടനകളുടെ സഹായ നിധിയിലേക്കും ഹാജിമാര്‍ സംഭാവനകള്‍ അയച്ചിരുന്നു.
ഇപ്പോള്‍ നമ്മുടെ നാട് വരള്‍ച്ചയുടെ പിടിയിലാണ്. മനുഷ്യരും കന്നുകാലികളും ഉള്‍പ്പെടെ എല്ലാറ്റിനെയും ബാധിക്കുന്ന ദുരിതത്തില്‍നിന്ന് സകലര്‍ക്കും രക്ഷകിട്ടാനായി സര്‍വശക്തനായ അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ ഹാജിമാര്‍ ശ്രദ്ധിക്കണം. നാട്ടില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനകളിലും മറ്റും ഇത് ഉള്‍പ്പെടുത്തേണ്ടതുണ്ട്. ജീവിതത്തില്‍ നാം നേരിടുന്ന തിരിച്ചടികള്‍ നമുക്ക് തിരിച്ചറിവുകളാവുകയും ഫലപ്രദമായ തിരുത്തുകള്‍ വരുത്താന്‍ പ്രേരണയാവുകയും ചെയ്യണം. കേവലം ഭൗതികമായ ആസൂത്രണങ്ങള്‍കൊണ്ട് എല്ലാം നടക്കില്ല. എല്ലാറ്റിനുമുപരി ജഗന്നിയന്താവായ ഏകമഹാശക്തിയോട് താഴ്മയോടെ കേഴുക തന്നെ വേണം. സംഭവങ്ങള്‍ക്കും സംഗതികള്‍ക്കും ഭൗതിക വ്യാഖ്യാനം മാത്രം നല്‍കി മതിയാക്കരുത്. ദൈവനിഷേധവും ദൈവധിക്കാരവും അതില്‍നിന്നുത്ഭൂതമാകുന്ന അധാര്‍മികതകളും അനര്‍ഥ ഹേതുകങ്ങളാണ്.
മനുഷ്യസ്നേഹം ദൈവവിശ്വാസത്തിന്റെ തേട്ടമാണ്. സൃഷ്ടി നിരീക്ഷണത്തിലൂടെ സ്രഷ്ടാവിനെ തിരിച്ചറിയുന്ന മനുഷ്യന്‍ സൃഷ്ടിസേവയിലൂടെയാണ് സ്രഷ്ടാവിനെ പ്രാപിക്കേണ്ടത്. ഇത് ഹജ്ജിന്റെ പൊരുളില്‍ പെട്ടതാണ്. ആകയാല്‍ ഹാജിമാര്‍ വരള്‍ച്ചയുടെ കെടുതികളില്‍നിന്ന് നാടിനെ രക്ഷിക്കാനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
പി.പി. അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
ഇറക്കുമതി ചുങ്കവും പത്രങ്ങളും
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ധനവ് അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ് അവതാളത്തിലാക്കിയിട്ടുണ്ട്. അച്ചടി മഷിയുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലവര്‍ധനവിനും ഇതിലൊരു പങ്കുണ്ട്. പത്രം അച്ചടിക്കുന്ന കടലാസിന് ഒറ്റയടിക്കു പത്തു ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് പത്രങ്ങളുടെ നിലനില്‍പിനെ ബാധിച്ചേക്കാം. ഈ നീക്കങ്ങളെ ചെറുക്കേണ്ട മുഖ്യധാരാ മാധ്യമങ്ങള്‍ ബി.ജെ.പി സര്‍ക്കാറിന്റെ കുഴലൂത്തുകാരായി പരിണമിക്കുകയും ചെയ്യുന്നു. ഇത്തരം മാധ്യമ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ കോടികള്‍ മുതലിറക്കി അവയെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ്. ഇത്തരം മാധ്യമ സ്ഥാപനങ്ങളുടെ വാര്‍ത്താ മുറികള്‍ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകള്‍ സര്‍ക്കാറിന്റെ താല്‍പര്യ സംരക്ഷകരായി മാറുന്നു.
രാജ്യത്തെ പല പ്രമുഖ മാധ്യമങ്ങളും മുകേഷ് അംബാനിയുടെ കീഴിലാണ്. അതിനാല്‍ പത്തു ശതമാനം ഇറക്കുമതി ചുങ്കം അവര്‍ക്ക് വലിയ ഭാരമാവുകയില്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന നീതിനിഷേധം, മനുഷ്യാവകാശ ലംഘനം, ഭരണകൂട ഭീകരത തുടങ്ങിയവയില്‍ മൗനം പാലിക്കുമ്പോള്‍ ചെറുകിട പത്രങ്ങളാണ് അവയെ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. എന്നാല്‍ അവയെ ഇല്ലാതാക്കുക എന്നത് ബി.ജെ.പി സര്‍ക്കാറിന്റെ ലക്ഷ്യവുമാണ്. ധര്‍മങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിര് നില്‍ക്കുക വഴി കുത്തക മാധ്യമങ്ങള്‍ മതേതര ജനാധിപത്യ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നത്.
നാസില്‍ പാലോട്ടുപള്ളി
കോണ്‍ഗ്രസ് വിതച്ചത് കൊയ്യുന്നു
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്, കാലത്തിന്റെ ചുവരെഴുത്ത് വായിക്കാതെ ചരിത്രത്തിന്റെ ഭാഗമാവുന്ന കാഴ്ചയാണ് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. പല സ്ഥലത്തും മുസ്‌ലിം നേതാക്കളെ സ്റ്റേജിന്റെ നാലയലത്ത് അടുപ്പിക്കാനോ ജയസാധ്യതയുള്ള സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കാനോ, മുസ്‌ലിം പ്രീണനം ആരോപിക്കപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ് തയാറായില്ല. കൈയിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാനാണ് കോണ്‍ഗ്രസിലെ ഉപജാപക സംഘം രാഹുലിനെ ഉപദേശിച്ചത്.
എല്ലാ കാലത്തും കോണ്‍ഗ്രസ്സില്‍ വലതുപക്ഷ ചായ്‌വുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് കോണ്‍ഗ്രസിന് ദിശ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസിലെ വലതുപക്ഷം മേല്‍ക്കോയ്മ നേടിയിരിക്കുന്നു. ഗോസംരക്ഷക ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ട പെഹ്‌ലു ഖാനെയും പരിക്ക് പറ്റിയ മക്കളെയും പ്രതികളാക്കി കുറ്റപത്രമിറക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ്സുകാരനായ മുഖ്യന്‍ അശോക് ഗഹ്‌ലോട്ടിന് ധൈര്യം പകര്‍ന്നത് ഈ ബോധമാണ്. മധ്യപ്രദേശിലെ കമല്‍നാഥും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസ് കപ്പിത്താനില്ലാത്ത കപ്പല്‍ പോലെ ലക്ഷ്യമില്ലാതെ നടുക്കടലില്‍ പെട്ടിരിക്കുകയാണ്.'മരീചികയുടെ പിറകെ ഓടുന്നവര്‍' എന്ന എ.ആറിന്റെ നിരീക്ഷണം (പ്രബോധനം ലക്കം 3108) ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബലഹീനത തുറന്നു കാണിച്ചു.
അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍
Comments