ടി.കുഞ്ഞാപ്പുട്ടി
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അതിന്റെ തുടക്കം മുതല്‍ കര്‍മനിരതനായിരുന്നു മലപ്പുറം കുറുമ്പടി സ്വദേശി ടി. കുഞ്ഞാപ്പുട്ടി (80). മാധ്യമം പത്രത്തിന്റെ വളര്‍ച്ചക്ക് തന്റെ സമയവും അധ്വാനവും നീക്കിവെച്ച ആദ്യകാല ഏജന്റായിരുന്നു അദ്ദേഹം. ടി.കെ അബ്ദുല്ല സാഹിബ് അമീറായിരുന്ന കാലത്ത് അദ്ദേഹം ജമാഅത്ത് ഓഫീസില്‍ ജീവനക്കാരനായിരുന്നു. പ്രബോധനം ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. ഹിറാ സമ്മേളനമുള്‍പ്പെടെയുളള പ്രധാന സമ്മേളനങ്ങളിലൊക്കെ കുക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ പേരില്‍ പല തവണ വീട്ടില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ജോലി ചെയ്യുമ്പോഴും അവിടങ്ങളിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സഹകരിച്ചു. കുറുമ്പടി ജുമാ മസ്ജിദ്, കുറുമ്പടി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, പലിശരഹിതനിധി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം അശരണരുടെ കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രദേശത്തെ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപീകരിച്ച ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്ഥാപകാംഗം കൂടിയാണ്.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തി ബന്ധത്തിനുടമയായിരുന്നു. ജീവിത പ്രതിസന്ധികളെ ക്ഷമയോടെ നേരിടുന്നതിന് അസാമാന്യ കഴിവുണ്ടായിരുന്നു. പ്രദേശത്തെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ടി. അബ്ദുര്‍റഹ്മാന്‍ സാഹിബിനോടൊപ്പവും ഹാജി സാഹിബുള്‍പ്പെടെയുളള നേതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ലോക ഇസ്‌ലാമിക ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. സോളിഡാരിറ്റി മലപ്പുറം ജില്ലാ സമിതി അംഗം ടി. ഹസനുല്‍ ബന്ന, ഒമാനില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ടി. അബ്ദുല്‍ കരീം, സലീം, അന്‍വര്‍, ഫാത്വിമ, ഖൈറുന്നിസ, അസ്മ എന്നിവര്‍ മക്കളാണ്.
വി. അബൂബക്കര്‍ എന്ന പോക്കുമാസ്റ്റര്‍
പറപ്പൂര്‍ കോട്ടക്കല്‍ പ്രാദേശിക ജമാഅത്ത് അംഗവും, നാട്ടുകാര്‍ പോക്കു ഹാജിയെന്നും കുടുംബത്തില്‍ ബാപ്പു എന്നും വിളിക്കുന്ന പോക്കു മാസ്റ്റര്‍ (91) കഴിഞ്ഞ മെയ് 2-ന് അല്ലാഹുവിലേക്ക് യാത്രയായി. പറപ്പൂരിലും പരിസരപ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചവരിലൊരാളാണ് അദ്ദേഹം. സ്‌നേഹിതനായിരുന്ന കൊളക്കാട്ടില്‍ അബ്ദുല്ല മാസ്റ്റര്‍ വഴി ഹാജി സാഹിബിനെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ഇരിമ്പിളിയത്ത് നടന്നിരുന്ന ഹാജി സാഹിബിന്റെ ഒരു ക്ലാസ്സില്‍ പങ്കെടുത്തു. ഹാജി സാഹിബുമായി സംസാരിച്ച് പ്രസ്ഥാനത്തെ മനസ്സിലാക്കിയ അന്നുമുതല്‍ വിയോഗം വരെ കര്‍മനിരതനായി അദ്ദേഹം ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏതാനും കോപ്പി പ്രബോധനം വരുത്തി നാട്ടിലും സമീപപ്രദേശങ്ങളിലും വായന പ്രിയരായ ആളുകളെ കണ്ടെത്തി വായിക്കാന്‍ പ്രേരിപ്പിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അതിനു വേണ്ടി എത്രദൂരം സഞ്ചരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
കോട്ടക്കലിനടുത്ത ആട്ടീരി എ.എം.യു.പി സ്‌കൂളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ദേഹത്തോട് വലിയ ആദരവും ബഹുമാനവുമായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പഠനോപകരണങ്ങളും വസ്ത്രങ്ങളും എത്തിക്കാന്‍ പരിശ്രമിച്ചു. കുട്ടികള്‍ക്ക് പേരും അഡ്രസ്സും കത്തെഴുതാനുള്ള പരിശീലനവും നല്‍കിയിരുന്നത് ഇടവേളകളിലും ഒഴിവുസമയങ്ങളിലുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ഏതു പ്രായക്കാരുമായും ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുറച്ചുകാലം ദുബൈ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്.
പാവങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പറപ്പൂരില്‍ പലിശരഹിത പരസ്പര സഹായനിധി സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരാസ്ഥാനം പണിയുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെ. 'സന്മാര്‍ഗ സദനം' എന്ന പേരില്‍ അറിയപ്പെട്ട ഓഫീസ് കേന്ദ്രീകരിച്ചാണ് പിന്നീട് ജനസേവനപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ് ടി. ഹസന്‍ മാസ്റ്റര്‍, ടി. അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. ഈയുള്ളവനെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതിലും പോക്കു മാസ്റ്റര്‍ക്ക് വലിയ പങ്കുണ്ട്. എനിക്ക് അക്ഷരം കൂട്ടിവായിക്കാനറിയുന്ന കാലം തൊട്ട് പിതാവിന്റെ മേശപ്പുറത്ത് പ്രബോധനം പ്രതിപക്ഷപത്രം കാണാമായിരുന്നു. ഉപ്പാക്ക് പത്രം നല്‍കിയിരുന്നത് പോക്കു മാസ്റ്ററായിരുന്നു. പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഫണ്ട് സ്വരൂപിക്കുക, പലിശരഹിതനിധിയിലൂടെ സഹായം നല്‍കുക, അനുയോജ്യരായ ഇണകളെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുക, പ്രാദേശികമായി ഫിത്വ്ര്‍ സകാത്ത്, ഉദുഹിയ്യത്ത് എന്നിവ സംഘടിതമായി നിര്‍വഹിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യമെടുത്തു. മലബാര്‍ എജുക്കേഷണല്‍ ട്രസ്റ്റ് അംഗം എന്ന നിലയില്‍ പല സംരംഭങ്ങളുടെയും വിജയത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളുണ്ട്.
റമദാനില്‍ കിറ്റുകള്‍ തയാറാക്കുമ്പോള്‍ സ്വന്തമായി കിറ്റുകള്‍ കൂട്ടിച്ചേര്‍ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ജാതിമതഭേദമന്യേ രോഗികളെയും പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്ന വ്യക്തികളേയും വീടുകളിലും ആശുപത്രികളിലും ചെന്ന് സന്ദര്‍ശിക്കും. രോഗാവസ്ഥയിലായിരുന്നപ്പോഴും ഇതിന് മുടക്കം വന്നിരുന്നില്ല.
പൊതുസമൂഹത്തോട് ചേര്‍ന്നുനിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിനും അതിനുശേഷം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്‌റസയില്‍ നടന്ന അനുശോചനയോഗത്തിലും സാധാരണയില്‍ കവിഞ്ഞ ജനസാന്നിധ്യമുണ്ടായത്. ജനാസ നമസ്‌കാരത്തിനുമുമ്പ് പള്ളിയിലെ ഇമാം നടത്തിയ സംസാരത്തില്‍, പോക്കു ഹാജി ജീവിക്കുന്ന പ്രസ്ഥാനമായിരുന്നു എന്ന് അനുസ്മരിച്ചത് തികച്ചും അര്‍ഥവത്താണ്.
കുടുംബം: ഭാര്യ ഫാത്തിമക്കുട്ടി. മക്കള്‍: ജമീല, ഇസ്ഹാഖ്, ശരീഫ, ഹാജറ, അബുല്ലൈസ്, സുഹറാബി, ഫൈസല്‍, അനീസുദ്ദീന്‍ (ഖത്തര്‍), സാബിറ, ഹബീബ.
ടി.ടി. അലവിക്കുട്ടി മാസ്റ്റര്‍, വീണാലുക്കല്‍, പറപ്പൂര്‍
എം.എം അബ്ദുസ്സലാം
നെട്ടൂരിലെ എം.എം അബ്ദുസ്സലാം സാഹിബിന്(62) തന്റെ കൗമാരത്തില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ അവസരം ലഭിച്ചിരുന്നു. '87-ല്‍ മാധ്യമം പ്രസിദ്ധികരണം ആരംഭിച്ചതുമുതല്‍ ദിര്‍ഘകാലം എജന്റ് ആയിരുന്നു. അതുകാരണം അദ്ദേഹം 'മാധ്യമം സലാം' എന്ന പേരിലും അറിയപ്പെട്ടു.
പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സലാം സാഹിബ് പ്രവൃത്തിദിനങ്ങളില്‍ എന്തെങ്കിലും പരിപാടിയുണ്ടായാല്‍ അന്നു രാവിലെ അദ്ദേഹത്തിന്റെ കച്ചവടസ്ഥാപനത്തില്‍ എഴുതിവെക്കും; 'ഇന്ന് ഇത്ര മണിക്കു ശേഷം തുറക്കുന്നതല്ല.' അവധിദിനങ്ങള്‍ ഏതാണ്ട് പൂര്‍ണമായി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കും. അതിനു ഭംഗം വരാത്ത വിധമായിരിക്കും മറ്റുകാര്യങ്ങള്‍ ക്രമീകരിക്കുക. എവിടെയായിരുന്നാലും വാരാന്ത യോഗത്തിന് അദ്ദേഹം കൃത്യമായി എത്തിച്ചേരും. മരണം വരെ ഹല്‍ഖാ സെക്രട്ടറിയാകാനിടയാക്കിയത് ആ കൃത്യനിഷ്ഠയാവാം.
ദിര്‍ഘകാലം പ്രബോധനം ഏജന്റുമായിരുന്നു. വരി ചേര്‍ക്കുന്നതിനും പുതുക്കുന്നതിനും കാമ്പയിന്‍ കാലം കാത്തു നില്‍ക്കാറില്ല. ഹിറാ മസ്ജിദില്‍ ജുമുഅ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പ്രബോധനം നല്‍കാനായി നില്‍ക്കുന്ന സലാം സാഹിബ്, രോഗത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ നില്‍ക്കാനാവാതെ പ്രബോധനവും പിടിച്ച് തറയില്‍ ഇരിക്കുന്നത് മറക്കാനാവുന്നില്ല. രോഗത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴോക്കെ തവക്കുലിന്റെ വാക്കുകളാണ് സലാം സാഹിബ് പറയുന്നുണ്ടാവുക. ഭാര്യ റസിയ ഹിറാ നഗര്‍ വനിതാ ഘടകത്തില്‍ കാര്‍കുനും മകന്‍ ഷബീര്‍ സോളിഡാരിറ്റി പ്രവര്‍ത്തകനുമാണ്
എം.എ അബ്ദു, നെട്ടൂര്‍
Comments