Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

ശാന്തപുരത്തെ ജ്ഞാനാന്വേഷണങ്ങള്‍

എം.വി മുഹമ്മദ് സലീം/സി.എസ് ഷാഹിന്‍

(ജീവിതം-2 )

ഉയര്‍ന്ന ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടെന്നും പഠിതാക്കള്‍ക്ക് മാസാന്തം 50 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുമെന്നും ലഖ്‌നൗവിലെ നദ്‌വയില്‍നിന്ന് അറിയിപ്പ് വന്നു. എന്നാല്‍ ഉമറാബാദില്‍നിന്ന് സ്‌റ്റൈപന്റിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. 50 രൂപ അന്ന് ചെറിയ സംഖ്യയല്ല. ജ്യേഷ്ഠനോട് വിവരം പറഞ്ഞു. അദ്ദേഹം നല്‍കിയ മറുപടി ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവിന് കാരണമായി; 'ശാന്തപുരത്ത് ചേര്‍ന്നാലും ഈ പറയുന്നതൊക്കെ പഠിക്കാം. അവിടെ നല്ല വിദ്യാഭ്യാസ രീതിയാണെന്ന് കേട്ടിട്ടുണ്ട്.  ഞാനൊന്ന് നോക്കട്ടെ.' അങ്ങനെയാണ് ശാന്തപുരം ഒരു സാധ്യതയായി മുന്നില്‍ തെളിഞ്ഞത്. ജ്യേഷ്ഠനും മര്‍ഹൂം കെ. മൊയ്തു മൗലവിയും വലിയ അടുപ്പത്തിലായിരുന്നു. അദ്ദേഹം മൊയ്തു മൗലവിയോട്  കാര്യം സൂചിപ്പിച്ചു. ജ്യേഷ്ഠന്‍ മൊയ്തു മൗലവിയോട് എന്റെ കാര്യം സംസാരിച്ചു. അടുത്ത അധ്യയന വര്‍ഷം  ശാന്തപുരത്ത് അഡ്മിഷന്‍ കിട്ടാന്‍ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തുതന്നു. അങ്ങനെ മദീനത്തുല്‍ ഉലൂമിനോട് വിടപറയാന്‍ ഒരുങ്ങി. 
കുറേ നല്ല അനുഭവങ്ങള്‍ മദീനത്തുല്‍ ഉലൂം സമ്മാനിച്ചിരുന്നു. അവിടെ പഠിക്കുന്ന കാലത്ത് പഠനമല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. അറിവ് വാങ്ങിയും കൊടുത്തും വൈജ്ഞാനിക ലോകത്ത് കഴിച്ചുകൂട്ടിയ രാപ്പകലുകള്‍. മര്‍ഹൂം കെ.സി അബൂബക്കര്‍ മൗലവി ചില രാത്രികളില്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ തങ്ങുമായിരുന്നു. സരസ സ്വഭാവത്തിനുടമ. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു: 'നീ എസ്.എസ്.എല്‍.സി പാസ്സായതല്ലേ. എനിക്ക് അല്‍പം ഇംഗ്ലീഷ് പഠിപ്പിച്ചുതരണം.' ഞങ്ങള്‍ കുറച്ചു കാലം ആ സംരംഭം തുടര്‍ന്നു. വൈജ്ഞാനിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് കെ.സി തന്റെ ഇംഗ്ലീഷ് ഭാഷാജ്ഞാനം പരിപോഷിപ്പിക്കാന്‍ സമയം കണ്ടെത്തിയത്. അതെന്നില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് പറയേണ്ടതില്ല. താനാളൂര്‍ കുഞ്ഞുമുഹമ്മദ് മൗലവിയായിരുന്നു എന്നെ വൈകുന്നേരങ്ങളില്‍ നഹ്‌വ് പഠിപ്പിച്ചിരുന്നത്. അദ്ദേഹവും ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. ശിഷ്യന്മാര്‍ക്കു വേണ്ടി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്ത ഗുരുഭൂതരായിരുന്നു മദീനത്തുല്‍ ഉലൂമില്‍ എല്ലാ പ്രോത്സാഹനവും പ്രചോദനവും നല്‍കിയിരുന്നത്. 
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സഹപാഠിയായിരുന്നു. എനിക്ക് പ്രസംഗകല നല്ലപോലെ വഴങ്ങുന്നതിനു മുമ്പുതന്നെ ടി.പി നന്നായി പ്രസംഗിക്കുമായിരുന്നു. സതീര്‍ഥ്യരില്‍ എന്നെ നന്നായി പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു മര്‍ഹൂം കെ.എസ്.കെ തങ്ങള്‍. വൈജ്ഞാനികമായി ഇരുത്തം വന്ന വ്യക്തി.  ഇതുപോലെ മറ്റു ധാരാളം പേരോട്  എനിക്ക് പഠന വിഷയത്തില്‍ കടപ്പാടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ കോളേജിലെ ലൈബ്രേറിയനായി ജോലി നോക്കാന്‍ അവസരം ലഭിച്ചത്  ധാരാളം ഗ്രന്ഥങ്ങള്‍ പരിചയപ്പെടാന്‍ വഴിയൊരുക്കി. 1960-ല്‍ മദീനത്തുല്‍ ഉലൂമിന്റെ പടിയിറങ്ങി. അതേവര്‍ഷം ശാന്തപുരത്ത് പഠനം തുടങ്ങി. 
കുറേ സ്വപ്‌നങ്ങളെ കൂടെ കൂട്ടി ശാന്തപുരത്തിന്റെ മുറ്റത്തെത്തി. അന്ന് ശാന്തപുരത്ത് മൊത്തം ഒമ്പത് ക്ലാസ്സുകള്‍. ഞാന്‍ ചേര്‍ന്നത് ആറാം ക്ലാസ്സില്‍. രണ്ടു ക്ലാസ്സുകള്‍ കൂടി പാഠ്യപദ്ധതിയിലുണ്ട്. തുടക്കം മുതല്‍ ശാന്തപുരത്ത് തന്നെ പഠിച്ചവരാണ് വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം. എന്നെ പോലെ ഇടക്ക് വന്നു ചേര്‍ന്നവരും ഉണ്ട്. കാമ്പസില്‍ എത്തിയതും ആദ്യം ചെന്നത് നോട്ടീസ് ബോര്‍ഡിന്റെ അടുത്തേക്കായിരുന്നു. അഞ്ചാം ക്ലാസില്‍നിന്ന് ആറാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയവരുടെ ലിസ്റ്റ് നോട്ടീസ് ബോര്‍ഡിലുണ്ട്. കൂടെ പഠിക്കുന്നവരെ പരിചയപ്പെടാന്‍ അതൊരു എളുപ്പവഴിയാണല്ലോ. 
ശാന്തപുരത്ത് അറബിഭാഷ നന്നായി പഠിപ്പിച്ചിരുന്നു.  അതിനാല്‍ വിദ്യാര്‍ഥികള്‍ അറബിയില്‍ മികച്ച നിലവാരം പുലര്‍ത്തി. ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നു. എന്നാലത്  കുറച്ചുകൂടി ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നതായി തോന്നി. വി.പി അഹ്മദ് കുട്ടി സാഹിബും ഒ.പി ഹംസ മൗലവിയും ആറാം ക്ലാസ്സില്‍ എന്റെ  സഹപാഠികളായിരുന്നു. ഒ.പിക്ക് ഇംഗ്ലീഷില്‍ പ്രത്യേക അഭിരുചി. വി.പിക്ക് ഇംഗ്ലീഷില്‍ വലിയ താല്‍പര്യം. കൂട്ടത്തില്‍ മത്സരിക്കാന്‍ ഞാനും. 
മതവിദ്യാഭ്യാസത്തിന് പൗരാണിക പാഠ്യ പദ്ധതിയായിരുന്നു ശാന്തപുരത്ത്. അറബി ഭാഷാ പഠനത്തിനും മതപഠനത്തിനും പരമ്പരാഗതമായി  സ്വീകരിച്ചുപോന്നിരുന്ന ഗ്രന്ഥങ്ങള്‍ ആധുനിക ശൈലിയില്‍ പഠിപ്പിക്കുകയായിരുന്നു ഗുരുനാഥന്മാര്‍. ഇസ്‌ലാമിക വിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാനങ്ങളും പഠിപ്പിച്ചിരുന്നത് ഇസ്‌ലാമിയ കോളേജിന്റെ പ്രത്യേകതയായിരുന്നു. രാഷ്ട്രമീമാംസയും സാമ്പത്തിക ശാസ്ത്രവും പഠിപ്പിക്കാനും അവക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോളേജില്‍  സംവിധാനമുണ്ടായിരുന്നു. പഠനം പൂര്‍ത്തിയാവുമ്പോള്‍ വിവിധ മേഖലകളില്‍ വിജ്ഞാനം നേടിയ പണ്ഡിതരായി വിദ്യാര്‍ഥികള്‍ മാറിക്കഴിയും. 
ആ വര്‍ഷം ശാന്തപുരത്ത് വാര്‍ഷികയോഗം സംഘടിപ്പിക്കാന്‍ തീരുമാനമായി. പേര് 'വാര്‍ഷികം' എന്നാണെങ്കിലും വല്ലപ്പോഴും നടക്കാറുള്ള പരിപാടിയാണത്. വാര്‍ഷിക യോഗത്തോട് അനുബന്ധിച്ച് കലാ-സാഹിത്യ മത്സരങ്ങള്‍ നടക്കുന്ന സന്ദര്‍ഭം. എല്ലാ മത്സരങ്ങളിലും പങ്കെടുത്തു. മലയാളത്തിലുള്ള ഉപന്യാസം പോലുള്ള മത്സരങ്ങളില്‍ ശാന്തപുരത്തെ പാരമ്പര്യ വിദ്യാര്‍ഥികളെ അപേക്ഷിച്ച് എനിക്ക് പരിചയസമ്പത്ത് കുറവായിരുന്നു. പുളിക്കലില്‍ കൂടുതലും പരിശീലിച്ചിരുന്നത് പ്രസംഗമായിരുന്നു. മലയാള മത്സരങ്ങള്‍ കഴിഞ്ഞു. ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് മനസ്സ് മന്ത്രിച്ചു. ഇംഗ്ലീഷ് പ്രസംഗത്തിലായിരുന്നു എന്റെ പ്രതീക്ഷ. വഹീദുദ്ദീന്‍ ഖാന്റെ ഒരു ലേഖനം  The Aim of Life   എന്ന തലക്കെട്ടില്‍ ഞാന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. കോളേജ് മാഗസിനില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉപന്യാസ മത്സരത്തിന് കിട്ടിയ വിഷയവും The Aim of Life ! വിവാദത്തിന് അത് മതിയല്ലോ. 'എം.വി ലേഖനമെഴുതി പരിചയിച്ച വിഷയം മത്സരത്തിന് നിശ്ചയിച്ചത് ഒട്ടും ശരിയായില്ല' എന്ന് വിമര്‍ശനമുയര്‍ന്നു. ഗുരുനാഥന്മാര്‍ സമ്മര്‍ദത്തിലായി. ഒടുവില്‍ വിഷയം മാറ്റി. പ്രതീക്ഷിച്ചപോലെ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിലും അറബി പ്രസംഗത്തിലും എനിക്ക് ഒന്നാം സ്ഥാനം നേടാനായി. 
വാര്‍ഷികയോഗത്തിലെ രണ്ടു മാസം മുമ്പെങ്കിലും ഗുരുനാഥന്മാര്‍ പരിശീലിപ്പിക്കാന്‍ തുടങ്ങും. അക്കൊല്ലത്തെ പ്രധാന പരിപാടി മാതൃകാ പാര്‍ലമെന്റായിരുന്നു. സകാത്ത്, ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്രത തുടങ്ങി മര്‍മപ്രധാനമായ പല വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചക്കുണ്ടായിരുന്നു.  
പാട്ട് എനിക്ക് ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ ഞാന്‍  പാടുമായിരുന്നു. പിന്നീട് പാട്ട് എഴുതുകയും ചെയ്തു. കെ.എം ഹനീഫ് എന്ന പേരില്‍ അച്ചടിച്ച ചില പാട്ടുകള്‍ ശ്രദ്ധയില്‍പെട്ടു. അങ്ങനെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അദ്ദേഹവുമായി പരിചയപ്പെടുന്നത്. പാലക്കാട് സ്വദേശിയായ അദ്ദേഹം ഒന്നാം തരം ഗാനരചയിതാവായിരുന്നു. ആ വാര്‍ഷികയോഗത്തില്‍ ഞങ്ങള്‍ എഴുതിയ പാട്ടുകള്‍ സംവിധാനം ചെയ്യാനും അവസരമുണ്ടായി. വാര്‍ഷികം കഴിഞ്ഞു, പരീക്ഷയും നടന്നു. കോളേജ് അടച്ചു.  
ഒരു ചെറിയ വിശ്രമമാകാമെന്നു കരുതി വയനാട്ടിലെ പന്തല്ലൂരിലുള്ള ജ്യേഷ്ഠന്റെ അടുക്കല്‍ പോയി. അവിടെ വെച്ച് ചെറിയൊരു നെഞ്ചുവേദന ഉണ്ടായി. പരിശോധനയും ചികിത്സയുമൊക്കെയായി മാസങ്ങള്‍ കടന്നുപോയി. അസുഖം ഭേദമായി കോളേജില്‍ തിരിച്ചെത്തി. അപ്പോഴേക്കും ഏഴാം ക്ലാസിലെ ആറ് മാസം കൊഴിഞ്ഞുപോയിരുന്നു. അക്കാലയളവില്‍ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ തീവ്രശ്രമം നടത്തി. എട്ടാം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ ഒരു ആഗ്രഹം; ഡബ്ള്‍ പ്രൊമോഷന്‍ കിട്ടിയിരുന്നെങ്കില്‍! ഗുരുനാഥന്മാരോട്  ആഗ്രഹം പങ്കുവച്ചു. എട്ടില്‍നിന്ന് പത്തിലേക്ക് പ്രമോഷന്‍ കിട്ടി. അതോടുകൂടി സഹപാഠികള്‍ മുഴുവന്‍ മാറി, മറ്റൊരു ടീമിന്റെ ഭാഗമായി. വി.കെ ഹംസ, എ. ഹൈദറലി, കെ.കെ മമ്മുണ്ണി, കെ.ടി അബ്ദുര്‍റഹ്മാന്‍, കെ അബൂബക്കര്‍  വടക്കാങ്ങര, കെ. അബൂബക്കര്‍ ശാന്തപുരം, പി അഹ്മദ് കുട്ടി എന്നിവരായിരുന്നു പത്തിലെ കൂട്ടുകാര്‍. പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ച ശാന്തപുരത്തെ ടീമായിരുന്നു അത്. 
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അബുല്‍ ജലാല്‍ മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. ഒരിക്കല്‍ അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. 'മഗ്‌രിബിനു ശേഷം ഒരാള്‍ വരും. അയാളുടെ കൂടെ ചെല്ലണം. ഒരു നികാഹ് ഖുത്വ്ബ നിര്‍വഹിക്കണം.' ഞാന്‍ പറഞ്ഞു: 'എനിക്കൊട്ടും പരിചയമില്ലാത്ത കാര്യമാണത്. നികാഹ് ഖുത്വ്ബ ഇതുവരെ നിര്‍വഹിച്ചിട്ടില്ല.' മൗലവിയുടെ പ്രതികരണമിങ്ങനെ: 'അത് അറിയാനൊന്നുമില്ല.' ഖുത്വ്ബയില്‍ പറയേണ്ട കാര്യങ്ങള്‍ നാലഞ്ച് വാചകത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. 'ഇനി പോയി പറഞ്ഞോളൂ.'  മഗ്‌രിബിന്റെ ശേഷം ഒരാള്‍ വന്നു. അയാളുടെ കൂടെ മുള്ളിയാകുറുശ്ശിയിലെ ഒരു വീട്ടിലേക്കു പോയി. ഖുത്വ്ബ നിര്‍വഹിച്ച് തിരിച്ചുവന്നു. മൗലവി അങ്ങനെയാണ്. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുക ഈ രൂപത്തിലാണ്. മൗലവി ഒരു കാര്യം കല്‍പിച്ചാല്‍ പറ്റില്ല എന്ന് പറയാന്‍ കഴിയുമായിരുന്നില്ല. ഭയം കൊണ്ടല്ല; ബഹുമാനം കാരണം.
ഏറെ പ്രയാസപ്പെട്ടാണ് ആ ഗുരുഭൂതന്‍ സ്ഥാപനത്തെ മുന്നോട്ടു നയിച്ചത്. സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു പ്രധാന വിലങ്ങുതടി. ഉച്ചനേരത്ത് ഓഫീസിനു മുന്നില്‍ മൗലവി അസ്വസ്ഥനായി നില്‍ക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പ്; അന്നത്തെ ഉച്ചഭക്ഷണത്തിന് വകയൊന്നും ലഭിച്ചിട്ടില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് പുറത്തിറങ്ങി നില്‍ക്കുകയാണ്. ആ രംഗം ഇന്നും വിങ്ങലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഉച്ചഭക്ഷണത്തിനുള്ള അരിയാണ് അദ്ദേഹം അന്വേഷിക്കുന്നത്. ഭക്ഷണത്തിന് നേരമായി എന്നറിയിക്കുന്ന ബെല്ലടിയുടെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ കോളേജിലെ ദൈനംദിന കാര്യങ്ങളുടെ രണ്ടറ്റം മുട്ടിക്കാന്‍ മൗലവി കഷ്ടപ്പെട്ടതിന് കണക്കില്ല.
ആഴ്ചയില്‍ ഒരു ദിവസം മാംസം, ആറു ദിവസം കുമ്പളങ്ങ. ഈ മെനു മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ലോഡ് കുമ്പളങ്ങ സ്റ്റോക്ക് ഉണ്ടാകും. കേടുവരാതിരിക്കാന്‍ കാന്റീനില്‍ തന്നെ കെട്ടിത്തൂക്കും. കുമ്പളങ്ങ തിന്ന് മടുത്തു എന്ന് പറയേണ്ടതില്ലല്ലോ. ചില കുട്ടികള്‍ ഒരു വികൃതി ഒപ്പിച്ചു. കുമ്പളങ്ങയില്‍ ഓട്ട തുളച്ച് ഉപ്പിട്ടു. കുമ്പളങ്ങ ചീഞ്ഞു
പോയി. അങ്ങനെയെങ്കിലും മറ്റൊരു വിഭവം കോളേജില്‍ എത്തുമല്ലോ എന്നവര്‍ പ്രതീക്ഷിച്ചു. മറ്റൊന്നും അവര്‍ ചിന്തിച്ചില്ല. പക്ഷേ മറിച്ചാണ് സംഭവിച്ചത്. ആകെയുണ്ടായിരുന്ന കുമ്പളങ്ങയും 
പോയി. കുമ്പളങ്ങയെങ്കിലും കിട്ടിയാല്‍ മതിയെന്നായി പിന്നീട്. മൗലവി കുമ്പളങ്ങയെ ആശ്രയിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. കിട്ടുമ്പോള്‍ ഒന്നിച്ചു കൊണ്ടുവരാം. കാശ് ഒരുമിച്ച് കൊടുക്കേണ്ടതില്ല.
മൗലവി അറബി ഭാഷയില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹം അറബി പറഞ്ഞാല്‍ അറബികള്‍ സംസാരിക്കുന്നതുപോലെ തോന്നും. അബുസ്സ്വബാഹ് മൗലവിയുടെ ശിഷ്യനാണ് അബുല്‍ ജലാല്‍ മൗലവി. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ അബുസ്സ്വബാഹ് മൗലവിക്ക് അറബിയിലുള്ള പാണ്ഡിത്യം വിശദീകരിക്കേണ്ടതില്ല. മൗലവിയെ അനുകരിച്ച് ഞാനും അറബി സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഗുരുനാഥന്മാരായിരുന്നു. നിരന്തരം പരിശീലിപ്പിക്കുക എന്നതായിരുന്നു അവരുടെ രീതി.
അക്കാലത്ത് കോളേജും നാടും വിദ്യാര്‍ഥികളും നാട്ടുകാരും  തമ്മിലുള്ള ബന്ധം ഹൃദ്യമായിരുന്നു. കോളേജിലെ കാര്യങ്ങള്‍ വെള്ളിയാഴ്ച ഖുത്വ്ബയിലാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. വാര്‍ഷിക യോഗം നടത്താന്‍ സ്ഥലം തികയാതെ വന്നു. ശാന്തപുരം വാര്‍ഷികയോഗം അന്ന് ജമാഅത്ത് സമ്മേളനം പോലെയായിരുന്നു. പല പ്രദേശങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിയെത്തും. സമ്മേളനത്തിന് വരുന്നവരെ ഉള്‍ക്കൊള്ളാന്‍ സ്ഥലം പോരാ. കാമ്പസില്‍ അന്ന് രണ്ട് കെട്ടിടമാണ് ഉണ്ടായിരുന്നത്. ഒരു കെട്ടിടത്തിനു മുന്നില്‍ കല്‍വെട്ടിക്കുഴികള്‍ (ഇന്ന് അല്‍ജാമിഅ ഐ.ടി ബില്‍ഡിംഗിന് മുന്നില്‍ കാണുന്ന ഗ്രൗണ്ട്).  വാര്‍ഷിക യോഗം പ്രമാണിച്ച് ആ കല്‍വെട്ടിക്കുഴികള്‍ നികത്താന്‍ തീരുമാനമായി. എങ്കിലേ വരുന്നവര്‍ക്ക് ഇരിക്കാന്‍ സ്ഥലമുണ്ടാകൂ (അന്ന് ജെ.സി.ബിയും ബുള്‍ഡോസറുമൊന്നും അത്ര പ്രചാരത്തിലായിരുന്നില്ല. മൊറയൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട് നികത്താന്‍ ബുള്‍ഡോസര്‍ കൊണ്ടുവന്നത് മദ്രാസില്‍ നിന്നായിരുന്നു). ജുമുഅ ഖുത്വ്ബയില്‍ മൗലവി പറഞ്ഞു: ''നിങ്ങളുടെ ഒരു ദിവസം കോളേജിന് ദാനം ചെയ്യണം. സ്വുബ്ഹിന് ശേഷം എല്ലാവരും കാമ്പസില്‍ എത്തണം.'' കേവലമൊരു നിര്‍ദേശം എന്നേ ഞങ്ങളത് കണക്കാക്കിയുള്ളൂ. എന്നാല്‍ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കൈക്കോട്ടും പിക്കാസും തോളിലേന്തി നാട്ടുകാര്‍ ഘോഷയാത്രയായി കാമ്പസിലേക്ക് വരുന്നു. അവരോടൊപ്പം വിദ്യാര്‍ഥികളും ചേര്‍ന്നു. കല്‍വെട്ടിക്കുഴികള്‍ അപ്രത്യക്ഷമായി.
കോളേജില്‍ ജലക്ഷാമം രൂക്ഷമായിരുന്നു (ഇന്നും അത് തുടരുന്നു). കാമ്പസിനു ചുറ്റുമുള്ള പാടങ്ങളില്‍ ധാരാളം കിണറുകള്‍ ഉണ്ടായിരുന്നു. കൃഷിക്കുവേണ്ടി കുഴിച്ച കിണറുകള്‍. വേനല്‍ക്കാലത്ത് കുളിക്കാന്‍ ഞങ്ങള്‍ ആ കിണറുകളെ ആശ്രയിച്ചു. രാവിലെയായാല്‍ വിദ്യാര്‍ഥികള്‍ കിണറുകളുള്ള ഭാഗങ്ങളിലേക്ക് ചിതറും. ആ  രീതി അത്ര നല്ലതല്ല എന്ന് മൗലവിക്ക് തോന്നി. പക്ഷേ പരിഹാരമെന്ത്? കാമ്പസില്‍ കുളം കുത്തുക തന്നെ. ഇപ്പോള്‍ പള്ളിയുടെ അടുത്തുള്ള കുളത്തിന്റെ തുടക്കം അങ്ങനെയാണ്. നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് കുഴിക്കാന്‍ തുടങ്ങി. ചിലര്‍ എന്നോട് പറഞ്ഞു: 'നീ കുഴിക്കേണ്ട,  പകരം ഉച്ചത്തില്‍ പാട്ടു പാടിയാല്‍ മതി. പാട്ടിന്റെ ആവേശത്തില്‍ ഞങ്ങളുടെ പണി വേഗത്തിലാകും.' ഞാന്‍ പാട്ടുപാടി, അവര്‍ കുഴിച്ചു. കുളം യാഥാര്‍ഥ്യമായി. 
പരമാവധി വിജ്ഞാനം നേടുക എന്ന ഒറ്റ ചിന്തയിലാണ് ശാന്തപുരത്തെ രാപ്പകലുകള്‍ കഴിച്ചുകൂട്ടിയത്. അറിവിനു വേണ്ടി എന്തും സഹിക്കാന്‍ ഞാന്‍ സന്നദ്ധനായിരുന്നു. ശാന്തപുരത്ത് എത്തുമ്പോള്‍ എനിക്ക് ഉര്‍ദു അറിയുമായിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്നത് 'ഹമാരി കിതാബ്' ഉര്‍ദു പാഠപുസ്തകത്തിന്റെ ആറാം ഭാഗം. നിരാശപ്പെടാന്‍ മനസ്സിന് അവസരം നല്‍കിയില്ല. താഴെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന ഹമാരി കിതാബിന്റെ ഒന്നു മുതല്‍ എല്ലാ ഭാഗങ്ങളും ഒഴിവു സമയങ്ങളില്‍ ഞാന്‍ വായിച്ചുപഠിച്ചു.  അങ്ങനെ എന്റെ ക്ലാസ്സിലെ പാഠപുസ്തകം പഠിക്കാന്‍ സാധിക്കുന്ന നിലവാരത്തിലെത്തി.
രോഗം കാരണം ആറുമാസം കഴിഞ്ഞാണല്ലോ ഞാന്‍ ഏഴാം ക്ലാസ്സില്‍ എത്തിയത്. അപ്പോഴേക്കും പ്രിന്‍സിപ്പല്‍ മാറിയിരുന്നു. മറ്റൊരു ചുമതലയേല്‍ക്കാന്‍ അബുല്‍ ജലാല്‍ മൗലവിക്ക് വെള്ളിമാടുകുന്ന് പോകേണ്ടിവന്നു. പകരം എ.കെ അബ്ദുല്‍ഖാദര്‍ മൗലവി പ്രിന്‍സിപ്പല്‍. എന്റെ രോഗം പകര്‍ച്ചവ്യാധിയാണ് എന്ന അഭ്യൂഹം എങ്ങനെയോ കോളേജില്‍ പരന്നു. വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. 'മാറി താമസിക്കട്ടെ' എന്ന് അഭിപ്രായമുയര്‍ന്നു. അതോടുകൂടി എന്റെ താമസം പള്ളിയില്‍നിന്ന് മാറി ചുങ്കത്തെ ഒരു ലോഡ്ജിലായി. ഞാന്‍ ലോഡ്ജില്‍ ഒറ്റക്ക് താമസിക്കുന്നതില്‍ എ.കെക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു: 'വണ്ടൂര്‍ കരുണ ഹോസ്പിറ്റലില്‍ ഒരു അമേരിക്കന്‍ ഡോക്ടറുണ്ട്. അവിടെ പോയി പരിശോധിക്കണം. നിന്റെ രോഗം ആര്‍ക്കും പകരുകയില്ല എന്ന്  ഉറപ്പിക്കണം.' ചുങ്കത്ത് താമസിക്കുന്നതില്‍ എനിക്കൊട്ടും പ്രയാസം തോന്നിയില്ല. മാത്രവുമല്ല, പഠനം തുടരുന്നതിന് എന്ത് പ്രതിബന്ധവും അവഗണിക്കാന്‍ ഞാന്‍ തയാറായിരുന്നു. കരുണ ആശുപത്രിയിലെ ഡോക്ടര്‍ പരിശോധിച്ചു. പകരുന്ന അസുഖങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ലോഡ്ജില്‍നിന്ന് താമസം  വീണ്ടും പള്ളിയിലേക്ക്.
ശാന്തപുരത്തെ പഠനകാലം അവസാനത്തോടടുത്തു. ശാന്തപുരം നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന് നനവുള്ള സൗഹൃദങ്ങളായിരുന്നു. വി.കെ ഹംസ അബ്ബാസ് എനിക്ക് എന്നും പ്രചോദനമായിരുന്നു, കഠിനാധ്വാനി. അദ്ദേഹത്തെപ്പോലെ അധ്വാനിക്കാന്‍ എനിക്ക് സാധ്യമല്ലായിരുന്നു. പലവട്ടം ശ്രമിച്ചുനോക്കി. പക്ഷേ അക്കാര്യത്തില്‍ അദ്ദേഹത്തോട് മത്സരിച്ചാല്‍ പരാജയം ഉറപ്പാണ്. അത്രയേറെ ചടഞ്ഞിരുന്ന് വായിക്കും. പ്രഭാഷണത്തേക്കാള്‍  എഴുത്തിലായിരുന്നു അന്ന് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. പഠനത്തിനു വേണ്ടി മുഴുവന്‍ സമയവും നീക്കിവെക്കുന്ന പ്രകൃതം. ഫൈനല്‍  പരീക്ഷയായാല്‍ അദ്ദേഹം സ്വന്തമായൊരു മുറി ആവശ്യപ്പെടും. അതില്‍ ഒറ്റക്കിരുന്ന് വായിക്കും. പരീക്ഷാകാലങ്ങളില്‍ ക്ലാസ്സിലെ എല്ലാവരും പള്ളിയില്‍ കൂടിയിരിക്കും. പാഠഭാഗങ്ങള്‍ ഒരാള്‍ ക്ലാസ്സെടുക്കും. പരസ്പരം ചര്‍ച്ച ചെയ്ത് പഠിക്കുന്നതിനാല്‍ പാഠങ്ങള്‍ ഓര്‍മയില്‍ നില്‍ക്കും. ഇത്തരം കൂട്ടുവായനയിലൂടെയാണ് ഞങ്ങള്‍ രക്ഷപ്പെട്ടിരുന്നത്. ഹംസ സാഹിബിനെ പോലെ ഹൈദറലി സാഹിബും ഒറ്റക്കിരുന്നാണ് വായിക്കുക. ഫൈനല്‍ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് കൂട്ടുവായനയുടെ സല്‍ഫലമായിരുന്നു. 
വിജ്ഞാനത്തിന്റെ പുതിയ ലോകങ്ങളിലേക്ക്  എന്നെ കൈപിടിച്ചു നടത്തിയ ശാന്തപുരം. ശാന്തപുരം ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍. ആറ് വര്‍ഷം സമ്മാനിച്ച അനുഭവങ്ങള്‍ മനസ്സിന്റെ സ്‌ക്രീനില്‍ ഒന്നൊന്നായി തെളിഞ്ഞു. കണ്ണീരോടെ പ്രിയ കലാലയത്തോട് വിടപറഞ്ഞു. വിടവാങ്ങല്‍ സമ്മേളനത്തില്‍ പ്രഭാഷണത്തേക്കാള്‍ ഒരു ഗാനമാണ് ഉചിതമെന്ന് തോന്നി. ശാന്തപുരത്തിനായി ഞാനെഴുതിയ അവസാന ഗാനം 'വിട വാങ്ങുകയാം മാതാവേ' വിജ്ഞാന മാതാവിനോട് വിടവാങ്ങുന്ന ഗാനം! 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി