Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

കോണ്‍ഗ്രസ്സിന്റേത് നേതൃപ്രതിസന്ധിയല്ല, ആശയ പ്രതിസന്ധി

സമകാലിക രാഷ്ട്രീയ തത്ത്വചിന്തകളെക്കുറിച്ച ചര്‍ച്ചയില്‍ അധഃസ്ഥിത സമൂഹങ്ങളുടെ സാമ്പത്തിക ശാക്തീകരണം എങ്ങനെ എന്ന ചോദ്യം ഉയരാറുണ്ട്. അതിനാദ്യം രാഷ്ട്രീയ ശാക്തീകരണം വേണം എന്നായിരിക്കും മറുപടി. ആശയ ശാക്തീകരണം നടന്നാലേ രാഷ്ട്രീയ ശാക്തീകരണം നടക്കൂ.  ഇത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ഏതൊരു പ്രസ്ഥാനവും ആത്യന്തികമായി ജനസ്വാധീനം നേടുന്നത് അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന്റെ ബലത്തിലാണ്. ഇന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വളരെ ഗുരുതരമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടി. നേതൃപ്രതിസന്ധി എന്നാണ് മാധ്യമങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. താന്‍ നേതൃസ്ഥാനത്തു നിന്ന് മാറിയാല്‍ പാര്‍ട്ടി രക്ഷപ്പെടും എന്ന ധാരണയിലായിരിക്കുമല്ലോ അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെച്ചതും പാര്‍ട്ടിക്കകത്തു നിന്ന് നിരന്തര സമ്മര്‍ദങ്ങളുണ്ടായിട്ടും രാജി പിന്‍വലിക്കാത്തതും.
യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് നേതൃപ്രതിന്ധിയല്ല, ആശയപ്രതിസന്ധിയാണ്. അത് വളരെ വ്യക്തവുമാണ്. ഗവേഷണം നടത്തി കണ്ടെത്തേണ്ട കാര്യമൊന്നുമില്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയം സെക്യുലരിസമായിരുന്നു. മതമുള്ളവരെയും മതമില്ലാത്തവരെയുമെല്ലാം സമഭാവനയോടെ കാണുക എന്നതാണ് ഇന്ത്യന്‍ സെക്യുലരിസത്തിന്റെ കാതല്‍. കടുത്ത പ്രതിയോഗികളായ സംഘ് പരിവാര്‍ ഹിന്ദുത്വശക്തികളോട് ഏറ്റുമുട്ടി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ പരാജയപ്പെടാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ്സിന്റെ നിലപാട് ക്രമേണ മാറുന്നതാണ് പിന്നീട് കണ്ടത്. തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദു ഹിന്ദുത്വത്തിനേ കഴിയൂ എന്ന നിലപാടിലേക്ക് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ചെന്നെത്തി; അതവര്‍ ഒരിക്കലും പുറത്തു പറഞ്ഞിട്ടില്ലെങ്കിലും. ചില വൃദ്ധ നേതാക്കള്‍ നേതൃതലങ്ങളില്‍ 'ന്യൂനപക്ഷ പേടി' നിരന്തരം ഉല്‍പാദിപ്പിച്ചുകൊണ്ടുമിരുന്നു. ഈയടുത്ത് നടന്ന ഉത്തരേന്ത്യന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. പല പ്രചാരണ പരിപാടികളില്‍നിന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ അപ്പാടെ മാറ്റിനിര്‍ത്തപ്പെട്ടു. ഗോരക്ഷാ ഗുണ്ടായിസത്തെക്കുറിച്ച് കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ മിണ്ടിയതേയില്ല. അവരുടെ രണ്ട് മുഖ്യമന്ത്രിമാര്‍ അതിന്റെയൊക്കെ ക്രെഡിറ്റ് തങ്ങള്‍ക്കാണ് എന്ന മട്ടിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം വളരെ രോഷാകുലനായി രാഹുല്‍ ഗാന്ധി സ്വന്തം നേതാക്കളോട് പറഞ്ഞ കാര്യമുണ്ട്: ''അതിക്രമങ്ങളുടെ പേരില്‍ ഞാന്‍ പ്രധാനമന്ത്രിയെയും ആര്‍.എസ്.എസ്സിനെയും ചോദ്യം ചെയ്യുമ്പോള്‍ നിങ്ങളിലൊരുത്തനും എന്നെ സഹായിക്കാന്‍ വന്നില്ല. ഞാന്‍ ഒറ്റക്കായിരുന്നു.'' തന്റെ പാര്‍ട്ടി നേതാക്കള്‍ ഹിന്ദുത്വത്തിനു മുന്നില്‍ മുട്ടുമടക്കി എന്ന വിമര്‍ശനമല്ലേ ഈ വരികളിലുള്ളത്? രാഹുല്‍ മാത്രമേ സംഘ് പരിവാറിനെതിരെ പൊരുതാന്‍ രംഗത്തുണ്ടായിരുന്നുള്ളൂ എന്നു വന്നാല്‍, പുതിയ നേതൃത്വം വരുമ്പോള്‍ ഹിന്ദുത്വ ചായ്‌വ് കൂടുകയല്ലേ ചെയ്യുക?
കോണ്‍ഗ്രസ് ഒരു കാലത്ത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അനിഷേധ്യ ശക്തിയായിരുന്നു. രണ്ടിടങ്ങളിലും പ്രതിപക്ഷം പേരിനു മാത്രം. ആ കോണ്‍ഗ്രസ്സാണ് രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് സ്ഥാനം പോലുമില്ലാതെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഭരണം നിലനിര്‍ത്തുന്നത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം. ഗോവയിലെയും കര്‍ണാടകയിലെയും സ്ഥിതി വെച്ച് പറഞ്ഞാല്‍, അധികാരം നിലനിര്‍ത്തുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബി.ജെ.പി വിലയ്ക്കു വാങ്ങുന്ന കാലം വിദൂരമല്ല. ഇത് യഥാര്‍ഥത്തില്‍ അസ്തിത്വ പ്രതിസന്ധി തന്നെയാണ്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാവില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ആ കളിയില്‍ തീവ്ര ഹിന്ദുത്വമേ ജയിക്കൂ. കോണ്‍ഗ്രസിന് പഴയ മൂല്യങ്ങളിലേക്ക് തിരിച്ചുപോവുകയല്ലാതെ മറ്റൊരു പോംവഴിയും അവശേഷിക്കുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി