Prabodhanm Weekly

Pages

Search

2019 ജൂലൈ 26

3111

1440 ദുല്‍ഖഅദ് 22

ബോസ്‌നിയയില്‍നിന്ന് പഠിക്കേണ്ടത്

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്ക് മറക്കാനാകാത്ത ആ ദുരന്തത്തിന് ഇരുപത്തിനാല് വര്‍ഷം തികഞ്ഞു. 1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍  8372 ബോസ്‌നിയന്‍ മുസ്ലിംകളെ കൊന്നുതള്ളിയ സ്രെബ്രനിക്ക കൂട്ടക്കൊല! രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണ് സ്രെബ്രനിക്കയില്‍ നടന്ന  വംശഹത്യ. അന്താരാഷ്ട്ര കോടതികള്‍ ഈ കൂട്ടക്കൊലയെ വംശീയ ഉന്മൂലനമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സെര്‍ബിയന്‍ രാഷ്ട്രീയ മുഖ്യധാര അത് തള്ളിക്കളയുകയാണ്. വംശീയവാദി റാത്‌കോ മ്ലാഡിച്ചിന്റെ നേതൃത്വത്തില്‍ നടന്ന മുസ്‌ലിം ഉന്മൂലനത്തെ വിമോചനം എന്ന് വിശേഷിപ്പിച്ച സെര്‍ബിയന്‍ ഭരണകക്ഷി പ്രോഗ്രസീവ് പാര്‍ട്ടിയുടെ എം.പി വ്‌ളാഡിമിര്‍ ജുകാനോവിച്ചിന്റെ ട്വീറ്റ്, സെര്‍ബിയന്‍ രാഷ്ട്രീയത്തിലിപ്പോഴും മുസ്‌ലിം വിരുദ്ധതയുടെ ആഴം എത്രത്തോളമുന്നെ് വ്യക്തമാക്കുന്നു. 
1992-ല്‍ സെര്‍ബ് റിപ്പബ്ലിക് ഓഫ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന സ്ഥാപിതമായതിനു ശേഷം ബോസ്‌നിയന്‍- സെര്‍ബ് സൈന്യം രൂപീകരിക്കപ്പെടുകയുായി. അതിന്റെ തലവനായിരുന്നു ജനറല്‍ റാത്‌കോ മ്ലാഡിച്ച്. അയാളുടെ മേല്‍നോട്ടത്തിലാണ് ബോസ്‌നിയന്‍ വംശീയ ഉന്മൂലനത്തിനുള്ള ആസൂത്രണങ്ങള്‍ നടന്നത്. ബോസ്‌നിയന്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കൊലപ്പെടുത്തിയും  അപമാനിച്ചും ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഡനമേല്‍പിച്ചും ബോസ്‌നിയന്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യുകയായിരുന്നു ഉന്നം. പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനീ സാമ്രാജ്യം ബോസ്‌നിയ കീഴടക്കിയതോടെ ഇസ്‌ലാം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രപാരമ്പര്യം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെന്ന് ആരോപിച്ചായിരുന്നു മുസ്‌ലിം വിരുദ്ധതാ പ്രചാരണം. ക്രിസ്തു ഘാതകര്‍, തുര്‍ക്കികള്‍, ജനിതക പാഴ്ച്ചി (genetic waste)  എന്നിങ്ങനെ ബോസ്‌നിയയിലെ സ്ലാവ്- അല്‍ബേനിയന്‍ മുസ്‌ലിംകള്‍ അധിക്ഷേപിക്കപ്പെട്ടു.
മേഖലയിലെ പലേടത്തു നിന്നും മുസ്‌ലിംകളെ നാടുകടത്തി. മസ്ജിദുകള്‍ തകര്‍ക്കുകയും  അവരുടെ ആവാസപ്രദേശങ്ങള്‍ പാര്‍ക്കുകളാക്കി മാറ്റുകയും ചെയ്തു. പുസ്തകങ്ങളും ചരിത്രപ്രാധാന്യമുള്ള കൈയെഴുത്തുപ്രതികളും അഗ്നിക്കിരയാക്കി. ബോസ്‌നിയന്‍ മുസ്‌ലിം സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചുകളയാനാണ് സെര്‍ബ് വംശീയവാദികള്‍ ശ്രമിച്ചത്. അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം  ബോസ്‌നിയന്‍ മുസ്ലിം വംശീയ ഉന്മൂലന യത്‌നത്തില്‍ ഒത്തുവരുന്നു്. വിഭാഗീകരണം (classification),  പ്രതീകവല്‍ക്കരണം (symbolisation), വിവേചനം (discrimination), അമാനവീകരണം (dehumanisation), സംഘാടനം (organization), ധ്രുവീകരണം (polarization), സജ്ജീകരണം (preparation), വേട്ടയാടല്‍ (persecution), വംശവിഛേദം (extermination), അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial)  എന്നിവയാണ് അദ്ദേഹം വംശീയ ഉന്മൂലനത്തിന്റെ ഘട്ടങ്ങളായി വിശദീകരിക്കുന്നത്. ഇതേ വംശഹത്യാ തന്ത്രങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും പരീക്ഷിക്കുന്നു്. 2018-ല്‍ അല്‍ജസീറ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 66 ശതമാനം സെര്‍ബുകളും ബോസ്‌നിയന്‍ വംശഹത്യ നടന്നിട്ടില്ലെന്ന് നിഷേധിക്കുകയാണ്. ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ  (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായി എണ്ണുന്നു.  വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം 74 ശതമാനം സെര്‍ബുകളും യുദ്ധക്കുറ്റവാളി  റദോവാന്‍ കരാദിച്ചിനെ നായകനായി വാഴ്ത്തുന്നു. മ്ലാഡിച്ചും സംഘവും വിചാരണ ചെയ്യപ്പെട്ടുവെങ്കിലും അവരുടെ വംശീയ പ്രത്യയശാസ്ത്രം ഇപ്പോഴും സെര്‍ബിയന്‍ സമൂഹത്തില്‍ രൂഢമൂലമായി നിലകൊള്ളുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (01)
ടി.കെ ഉബൈദ്‌

ഹദീസ്‌

പക വെടിയല്‍ സുന്നത്താണ്
നൗഷാദ് ചേനപ്പാടി