നോമ്പെഴുത്തിന്റെ കാരക്കച്ചീളുകള്‍
മനസ്സിനു മാത്രം അനുഭവവേദ്യമാകുന്ന ചിലതുണ്ട്. ബാഹ്യമായ എല്ലാ ആഡംബരങ്ങളും വകഞ്ഞുമാറ്റിയാല്‍ ദൃശ്യമാവുന്ന ഹൃദയത്തിന്റെ വിങ്ങലുകള്‍. ആള്‍ക്കൂട്ടത്തിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ക്കിടയില്‍നിന്ന് ഒഴിഞ്ഞുമാറി ഏകാന്തതയിലിരുന്ന് തേങ്ങുന്നതുപോലൊന്ന്. ആള്‍ക്കൂട്ടത്തിലെ ഏകാന്തതയെ അത്രമേല്‍ ധന്യമാക്കുന്ന ഉപാസനയാണല്ലോ ഉപവാസം. പുറംലോകത്തിന് കാണാനാവാത്തത്ര ആഴത്തില്‍ അത് ആന്തരികതയെ തൊട്ടുനില്‍ക്കുന്നു. എല്ലാ ആവിഷ്‌കാരങ്ങളുടെയും ഉറവിടമായ ഹൃദയത്തെ ഇത്രമേല്‍ സ്പര്‍ശിക്കുന്ന ഒരു ആരാധനയുടെ അനുഭൂതികളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഫൈസല്‍ അബൂബക്കര്‍ എന്ന കവി 'നിലാവിന്‍ നനവില്‍' എന്ന കവിതാസമാഹാരത്തിലൂടെ നടത്തുന്നത്.
'മണ്ണില്‍നിന്ന് പിറന്ന്, മണ്ണിലൊടുങ്ങുന്ന മനുഷ്യന്റെ മുമ്പില്‍ ആദരവോടെ കാഴ്ചവെക്കുന്ന കവിതകള്‍' എന്ന് കവി പി.കെ ഗോപി അവതാരികയില്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം വിശപ്പും അന്യന്റെ വിശപ്പും എഴുത്തുകാരന്റെ എക്കാലത്തെയും പ്രചോദനമായിരുന്നു. വിശപ്പുമായി ഉപവാസത്തെ താരതമ്യം ചെയ്യാനാവില്ല. ഉപവാസം നിരാഹാരത്തിന്റെ ധര്‍മപലായനമാണ്. ഭോജ്യവും ഭോഗവും മാറ്റിനിര്‍ത്തുന്നതിന്റെ ആത്മീയാനുഭൂതിയാണത്. നോമ്പുകാരന്റെ നിനവില്‍ പട്ടിണി കിടക്കുന്നവനുണ്ട്. ആഹാരത്തിന്റെ വിലയൊടുക്കാനാവാത്ത അഗതിയുണ്ട്. സഹനത്തിന്റെ സൗന്ദര്യമുണ്ട്. ആത്മനിയന്ത്രണത്തിന്റെ മാധുര്യമുണ്ട്. സര്‍വോപരി, പരിത്യാഗത്തിന്റെ പരമാനന്ദമുണ്ട്. 'വ്രതത്തിന്റെ ആത്മീയത അതിമധുരമായി വിതറിയ കവിതകളാണ് ഫൈസല്‍ അബൂബക്കറിന്റേത്' എന്ന് പി.എം.എ ഗഫൂര്‍ ആമുഖ ലേഖനത്തില്‍ രേഖപ്പെടുത്തുന്നു.
'നനച്ചുകുളി'യില്‍ തുടങ്ങി 'ജുനൈദിന്റെ പെരുന്നാള്‍കുപ്പായ'ത്തില്‍ അവസാനിക്കുന്ന ഈ റമദാന്‍ ആവിഷ്‌കാരങ്ങളില്‍ മാസപ്പിറയും ഇഫ്ത്വാറും ഈത്തപ്പഴവും തസ്ബീഹ്മാലയുമുണ്ട്. കാരക്കച്ചീളില്‍ തെളിയുന്ന സപ്തസാഗരങ്ങളുണ്ട്. മാസപ്പിറക്കീറാം പഴുതില്‍ താക്കോലിട്ട് സ്വര്‍ഗവാതില്‍ പതിയെ തുറക്കുന്നതിന്റെയും നരകവാതിലുകള്‍ കൊട്ടിയടക്കുന്നതിന്റെയും ഒച്ച കേള്‍ക്കാം. അല്ലാഹുവിന്റെ അനന്തവും വിശാലവുമായ കാരുണ്യക്കടലില്‍നിന്ന് ഒരു തുള്ളി ഭൂമിയിലെ ദയാവായ്പിന്റെ സാകല്യമായി രൂപംകൊണ്ടു. ആ ഒരു തുള്ളികൊണ്ട് സകല ചരാചരങ്ങളും സ്‌നേഹവും കാരുണ്യവും പ്രകാശിപ്പിച്ചു. ഈ ആശയത്തിന്റെ വിസ്മയതീരത്തുനിന്നുകൊണ്ട് 'അത് കടലിലെ ഒരു തുള്ളിയല്ല, തുള്ളിയില്‍ കടലുതന്നെ' എന്ന് നിരീക്ഷിക്കുന്ന കവി കടലിലെ സമയത്തുള്ളികളെ നീയെനിക്ക് കാരുണ്യക്കടലാക്കണേ എന്ന് പരമകാരുണികനോട് പ്രാര്‍ഥിക്കുന്നുമുണ്ട്.
ദുന്‍യാവിനെ അള്ളിപ്പിടിക്കുന്ന ലൗകികപ്രമത്തതയില്‍നിന്ന് കരകയറ്റണേയെന്ന പ്രാര്‍ഥനയാണ് 'ഭൂഗുരുത്വാകര്‍ഷണം' എന്ന കവിത. ഉപവാസം ദൈവം തമ്പുരാന്റെ ഉപാന്തത്തിലുള്ള വാസമാണെന്ന് കവി നിര്‍വചിക്കുന്നുണ്ട്, 'ഉപവാസം' എന്ന കവിതയില്‍. പശ്ചാത്താപത്തിന്റെ ഒരു തുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയാതെ പോകുന്ന വിശ്വാസിയുടെ ആകുലത കോറിവെച്ചിട്ടുണ്ട്, 'കരയാത്ത കണ്ണില്‍നിന്നും ശരണം' എന്ന കവിതയില്‍. നോമ്പുകാല പകല്‍ജയിലിലെ തടവുപുള്ളികള്‍ രാത്രികാല പരോളില്‍ ഉദരബാരിക്കേഡുകള്‍ തകര്‍ത്ത് അക്രമാസക്തമാകുന്ന ദുരന്തദൃശ്യം നര്‍മചാരുതയോടെ അവതരിപ്പിക്കുന്നുണ്ട് മറ്റൊരു കവിതയില്‍. ചരിത്രവും ചിഹ്നങ്ങളും വിപണിമൂല്യം തേടുന്ന സമകാലത്തിന്റെ ഓര്‍മപ്പെടുത്തലുമുണ്ട്.
വില്‍പനക്കായുണ്ട്
ത്വാഇഫിലെ ചോരപുരണ്ട കല്ലുകള്‍
സുമയ്യക്ക് സ്വര്‍ഗമൊരുക്കിയ കുന്തം
ഖന്‍ദഖ് കീറിയ സമര്‍പ്പണത്തിന്റെ പിക്കാസ്
സുറാഖ തലയിലണിഞ്ഞ കിരീടം
ഇതാ ബംബര്‍ സെയില്‍!
മണ്ണു പൊള്ളവേ ബിലാലുയര്‍ത്തിയ
ആദര്‍ശശബ്ദം സീഡിയിലാക്കിയത്
ഉഹുദുമലക്കപ്പുറത്തുനിന്നും ആഞ്ഞുവീശിയ
സ്വര്‍ഗപ്പൂങ്കാറ്റിനെ അടക്കം ചെയ്ത
അത്തര്‍കുപ്പികള്‍....
(ഫോര്‍ സെയില്‍)
സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ഈ പ്രവാസി എഴുത്തുകാരന്റെ ഉപവാസകവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് തനിമ കലാ-സാഹിത്യവേദി ഖത്തര്‍ ചാപ്റ്ററാണ്. ഈ സമാഹാരം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും വിഷന്‍ 2026 എന്ന കാരുണ്യപ്രസ്ഥാനത്തിന് സംഭാവന നല്‍കുകയാണ് ഫൈസല്‍ അബൂബക്കര്‍. പുസ്തകം വാങ്ങുന്നതിലൂടെ ഓരോ വായനക്കാരനും വിഷന്‍ -2026 എന്ന സാമൂഹിക സംരംഭത്തിന്റെ കൂടെ യാത്രചെയ്യുകയാണ്. 'ഈ പുസ്തകത്തിലെ അക്ഷരങ്ങളും ഇതുവഴി ഒട്ടനേകം പാത്രങ്ങളില്‍ നിറയുന്ന അരിമണികളും ഹൃദ്യവും സ്വാദിഷ്ടവുമാകട്ടെ' എന്ന് ആശംസാ കുറിപ്പില്‍ വിഷന്‍ 2026-ന്റെ സാരഥി ടി. ആരിഫലി.
Comments