സ്വര്‍ഗം വിളിക്കുന്നു
വര്‍ണനകളിലൊതുങ്ങാത്ത ഭാവനയെ എങ്ങനെ നാം കടലാസില്‍ പകര്‍ത്തും? പ്രകൃതിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ആലോചിച്ചാല്‍ തന്നെ അന്തിച്ചുനില്‍ക്കുന്ന നമ്മളീ ഇത്തിരിക്കുഞ്ഞന്മാര്‍ സ്വര്‍ഗീയഭാവനയെ എവിടെ വരവുവെക്കും? അതിനുമപ്പുറം ഇക്കാണും ലോകത്തെക്കുറിച്ച് മാത്രം പങ്കപ്പാടിലായ നിസ്സാരജന്മങ്ങള്‍ക്കെങ്ങനെയിത് മനസ്സിലാക്കിക്കൊടുക്കാനാവും?
ഏഴാകാശവും കടന്നുചെന്ന് സിദ്‌റത്തുല്‍ മുന്‍തഹായോളമെത്തിയ ആ പ്രവാചകന്‍ തന്നെ പറഞ്ഞതാണല്ലോ ഇത്; ഒരു കണ്ണും കാണാത്തതും കേള്‍വിയില്‍ പതിയാത്തതും ചിന്തിച്ചെത്താത്തതുമായ സ്വര്‍ഗീയാനുഗ്രഹങ്ങളെക്കുറിച്ച് അല്ലാഹു വിളബരം ചെയ്യുന്നുവെന്ന്.
നഷ്ടപ്പെട്ടവര്‍ അവരത്രെ. ഈ സ്വര്‍ഗം അവിടെയെങ്ങാനും ഉണ്ടാകുമോ എന്ന പ്രതീക്ഷ തന്നെ കളഞ്ഞുകുളിച്ചവര്‍. അവിടം തനിക്കായി ഒരുങ്ങിയ മഹാസൗഭാഗ്യങ്ങളെ ദുന്‍യാവിന്റെ മണല്‍ക്കൊട്ടാരങ്ങള്‍ക്ക് മുന്നില്‍ വിറ്റുകളഞ്ഞവര്‍. സന്മാര്‍ഗത്തെ വഴികേടുകൊണ്ടും പാപമോചനത്തെ ശിക്ഷകൊണ്ടും വെച്ചുമാറിയവരെന്നും അവരെക്കുറിച്ച് ഖുര്‍ആന്‍.
പരീക്ഷണഗേഹം തന്നെയാണ് നമ്മുടെയെല്ലാം നിരീക്ഷണകേന്ദ്രം. ഇവിടെ പെയ്തുപോയ മഴയിലും തളിരിട്ട ഇതളിലുമെല്ലാം അത്ഭുതം കൂറുമ്പോള്‍ തന്നെ അവയെല്ലാം നമ്മെ ഓര്‍മിപ്പിച്ചത് ഒന്നുമാത്രമാണ്; ക്ഷണികം, നൈമിഷികം, നശ്വരം.... നിത്യഹരിത ജീവിതസങ്കല്‍പ്പങ്ങളില്ലെന്നു തന്നെയാണ് മണ്ണിലടിഞ്ഞ ഓരോ സസ്യവും ചത്തുമലച്ച ഓരോ ജന്തുവും നമ്മോട് പറഞ്ഞത്. ആദ്യപിതാവ് മുതലിങ്ങോട്ട് ഇന്നലെ നാം ഖബ്‌റടക്കിയ നമ്മുടെ കുഞ്ഞുപൈതല്‍ വരെ നമുക്കുള്ള വലിയ ഉപദേശികളത്രെ.
മെച്ചപ്പെട്ട ഡീലിനു ക്ഷണിക്കുന്നു ഖുര്‍ആന്‍. പ്രയാസങ്ങളെ സ്വര്‍ഗീയസുഖത്തിന്റെ ജാമ്യമാക്കാന്‍ ഉണര്‍ത്തുന്നു റസൂല്‍. സുഖൈശ്വര്യങ്ങളുടെ തടവറ അനശ്വരഭവനത്തിനു നിഴല്‍ വീഴ്ത്തരുതെന്നും.
പ്രയാസപ്പെടുമ്പോഴും സ്വബ്‌റിന്റെ ഉന്നതഗുണം എടുത്തണിഞ്ഞവര്‍ സൗഭാഗ്യവാന്മാര്‍. അനുഗ്രഹങ്ങളെയും ഐശ്വര്യങ്ങളെയും ശുക്‌റിന്റെ തക്ബീറില്‍ വിളംബരം ചെയ്തവര്‍ ബുദ്ധിമാന്മാര്‍.
അശ്രദ്ധയത്രെ മനുഷ്യന്റെ വലിയ ശത്രു. അത് നരകക്കുഴിയിലേക്ക് പതിക്കുന്നതിനു തൊട്ടുമുമ്പ് പടച്ചവന്‍ തന്നെ പടപ്പുകളോട് പറയും. ശ്രദ്ധാലുക്കള്‍ നാളെ നേരെ സ്വര്‍ഗത്തിലേക്ക് ഗമിക്കും. നിങ്ങള്‍ക്ക് മംഗളങ്ങളെന്നും ശാശ്വതവാസത്തിനര്‍ഹതയെന്നും അവരോട് പറയപ്പെടും.
കണ്ണിലുടക്കുന്ന ഓരോ കാഴ്ചയും അവിടേക്കെത്താതെ പോയ പ്രിയപ്പെട്ടവരെക്കുറിച്ച ആലോചനകള്‍ക്ക് വഴിവെക്കുന്നതാകും. തങ്ങളോടുള്ള ദൈവിക വാഗ്ദാനത്തിന്റെ സത്യസന്ധമായ പൂര്‍ത്തീകരണം സൂറത്തുയാസീനിലെ സ്വര്‍ഗാവകാശിയുടെ ആത്മഗതത്തിനവരെ പ്രേരിപ്പിക്കും; 'എന്റെ നാട്ടുകാര്‍ അറിഞ്ഞിരുന്നെങ്കില്‍, എനിക്ക് പൊറുത്തുതന്നതും എന്നെ ആദരണീയരില്‍ ഉള്‍പ്പെടുത്തിയതും അവരെ അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.'
സ്വര്‍ഗം ഒരു മഹാത്ഭുതം. നാമങ്ങളല്ലാതെ ഇഹലോകത്തെ വസ്തുക്കളുമായി സ്വര്‍ഗത്തിലെ പദാര്‍ഥങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇബ്നു ജരീര്‍ പറഞ്ഞത് എത്ര സത്യം! വിശിഷ്ട പാനീയങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മഞ്ചകള്‍, വിരിപ്പുകള്‍, കിരീടം, സേവകര്‍, ഹൂറുകള്‍, തോട്ടങ്ങള്‍, വൃക്ഷങ്ങള്‍, നദികള്‍ ഇങ്ങനെ തുടങ്ങിയതെല്ലാം. എന്നാല്‍, രൂപത്തിലും ഭാവത്തിലും ഗുണത്തിലും താരതമ്യമര്‍ഹിക്കാത്ത ഈ സ്വര്‍ഗീയ വിരുന്ന് ഇഹലോക വിഭവങ്ങള്‍ക്കായി നഷ്ടപ്പെടുത്തിയവര്‍ എത്ര ഖിന്നരായിരിക്കും.
എത്രയോ തിന്നാന്‍, എത്രയോ വിശ്രമിക്കാന്‍, അതിലേറെ സന്തോഷിക്കാന്‍, അണമുറിയാതെ ഇവയെല്ലാം അനുഭവിക്കാന്‍ കൊതിച്ചിരുന്നല്ലോ ദുന്‍യാവിലും. പക്ഷേ, ദുന്‍യാവ് പറ്റിച്ചു കളഞ്ഞു. ക്ഷണനേരം കൊണ്ടല്ലേ പൊയ്ക്കളഞ്ഞത്. ദുന്‍യാവ് മായക്കാഴ്ച മാത്രമാണെന്നറിഞ്ഞവന്‍ ഇന്നിതാ ശാശ്വത സ്വര്‍ഗത്തിലേക്ക്; ജന്നാത്തുല്‍ ഖുല്‍ദിലേക്ക്, ജന്നാത്തു അദ്നിലേക്ക്. അറ്റമില്ലാത്തത് സ്വര്‍ഗത്തിനു മാത്രമല്ല, സ്വര്‍ഗീയാനുഗ്രഹങ്ങള്‍ക്കു കൂടിയാണ്: ''ഭക്തര്‍ക്ക് വാഗ്ദാനം നല്‍കിയ സ്വര്‍ഗം ഇങ്ങനെയിരിക്കും. താഴെ ഒഴുകുന്ന അരുവികള്‍, ഒരിക്കലും തീരാത്ത കനികള്‍, തണല്‍'' (റഅ്ദ്: 35).
മരണത്തെ കാത്തിരുന്നും മരിക്കാന്‍ ആവതും ശ്രമിച്ചും ബേജാറില്‍ തള്ളിനീക്കിയ മുന്‍ജീവിതത്തെപ്പോലെയല്ലല്ലോ ഇവിടം. ഇഹലോകത്തെ കയ്പ്പുറ്റ സത്യമായിരുന്നു മരണം. പക്ഷേ, മരണം തന്നെ ഇവിടേക്കുള്ള ഈടുവെപ്പായി മാറ്റിവെച്ചവര്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ സൂക്തങ്ങള്‍ ഒരിക്കല്‍ കൂടി ഉരുവിടും: ''എല്ലാ ജീവനും മരണം രുചിക്കും. നിങ്ങളുടെയെല്ലാം കര്‍മഫലങ്ങള്‍ കണക്കുതീര്‍ത്ത് തരുന്നത് അന്ത്യനാളിലാണ്. അന്ന് നരകത്തില്‍നിന്ന് തട്ടിമാറ്റപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുന്നവര്‍ തീര്‍ച്ചയായും വിജയിച്ചു. ഇഹലോക ജീവിതം ഒരു വഞ്ചനയുടെ ചരക്കല്ലാതെ മറ്റൊന്നുമല്ല'' (ആലു ഇംറാന്‍: 185).
ഇഹലോകത്തില്‍ മുള്ളുകളായി തറച്ചിരുന്ന ഭീതികള്‍ക്കിനി ഇവിടെ സ്ഥാനമില്ല. മേല്‍ക്കുമേല്‍ അനുഗ്രഹങ്ങള്‍ പെയ്തപ്പോഴും ദുന്‍യാവില്‍ ആശങ്കകളായിരുന്നു; വിശ്വാസികള്‍ക്കുപോലും. ഇവിടെയിതാ സ്വര്‍ഗത്തില്‍ കയ്പ്പുറ്റതും വേദനിപ്പിക്കുന്നതുമായ എല്ലാ വിചാരവികാരങ്ങളില്‍നിന്നും അവര്‍ മുക്തരായിരിക്കുന്നു:
''ഭക്തന്മാര്‍ തീര്‍ച്ചയായും ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സമാധാനത്തോടെ നിര്‍ഭയരായി നിങ്ങള്‍ അതിലേക്ക് പ്രവേശിക്കുക എന്ന് അവരോട് പറയപ്പെടും. അവരുടെ ഹൃദയത്തിലെ ദുഷ്ചിന്തകളെല്ലാം നാം നീക്കിക്കളയും. ഒരു ക്ലേശവുമവിടെ അവരെ ബാധിക്കുകയില്ല. അവിടെ നിന്നവര്‍ പുറത്താക്കപ്പെടുകയുമില്ല'' (ഹിജ്ര്‍: 45-48).
സര്‍വ സന്നാഹങ്ങളും സകല വിഭവങ്ങളുമുണ്ടായിരിക്കെത്തന്നെ ദുന്‍യാവില്‍ ക്ഷീണവും മടുപ്പും വന്നിരുന്നു. ചിലപ്പോള്‍ സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് എവിടേക്കെങ്കിലും ഇറങ്ങിപ്പോയാലോ എന്ന് തോന്നിയിരുന്നു. എന്നാല്‍ ഇവിടമോ?
''അവന്റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിന് പറ്റിയ ഒരു ഭവനത്തിലാണ് ഞങ്ങളെ അവന്‍ എത്തിച്ചിട്ടുള്ളത്. അവിടെ ഞെരുക്കമോ ക്ഷീണമോ ഞങ്ങളെ ബാധിക്കുകയില്ല'' (ഫാത്വിര്‍: 35).
''സ്വര്‍ഗത്തില്‍നിന്നും മാറിപ്പോകാന്‍ അവര്‍ ആഗ്രഹിക്കുകയില്ല'' (അല്‍ കഹ്ഫ്: 108).
സച്ചരിതരായി ദുന്‍യാവില്‍ ജീവിച്ചപ്പോഴും അനുകൂലമായ അന്തരീക്ഷമല്ല പലപ്പോഴും സത്യവിശ്വാസികള്‍ക്കുണ്ടായിരുന്നത്. കേള്‍ക്കാന്‍ പാടില്ലാത്ത പലതും നിര്‍ബന്ധിതമായി കേള്‍ക്കേണ്ടി വരികയും അര്‍ഥശൂന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളാകേണ്ടിയും വന്നിരുന്നു. പരമ കാരുണികനായ റബ്ബിന്റെ പ്രതിഫലം അതിമഹത്തരമത്രെ. മനസ്സിനെയും ആത്മാവിനെയും വ്രണപ്പെടുത്തുന്ന ഒരു വര്‍ത്തമാനം പോലുമില്ലാത്ത അനുകൂലാന്തരീക്ഷമാണ് സ്വര്‍ഗീയ ഭവനത്തില്‍. ''അവര്‍ സ്വര്‍ഗത്തില്‍ അനാവശ്യ സംസാരമോ കുറ്റപ്പെടുത്തലുകളോ കേള്‍ക്കുകയില്ല. സമാധാനം, സമാധാനം എന്ന വാക്ക് മാത്രം'' (വാഖിഅ: 25,26).
അനുഗ്രഹങ്ങളുടെ പെരുമഴക്കാലം കുത്തിപ്പെയ്യുന്ന സ്വര്‍ഗീയ ഭവനത്തില്‍ എന്തിന്റെ കുറവാണവര്‍ക്കുണ്ടാവുക. ദുന്‍യാവില്‍ രുചികരമായി തോന്നിയ ഒരു നിഷിദ്ധ കര്‍മത്തിനൊടുക്കേണ്ടിവന്ന വില ഈ മഹാ സൗഭാഗ്യത്തില്‍നിന്നുള്ള വിട്ടുനില്‍ക്കലാണെങ്കില്‍ എത്ര കഷ്ടം! തുഛജീവിതത്തില്‍ ഇഛയെ മെരുക്കാന്‍ കഴിഞ്ഞവര്‍ക്ക് മെച്ചമായ സ്വര്‍ഗീയാനുഭവങ്ങള്‍. ഇങ്ങനെയൊരു ഭവനമേയില്ലെന്ന് കരുതിയ മഹാ വിഢ്ഢികളെക്കുറിച്ചോര്‍ത്ത് പരിതപിക്കുകയല്ലാതെയെന്ത്?
എത്ര സുന്ദരമാണാക്കാഴ്ചകള്‍
''ഭക്തന്മാര്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തിന്റെ സ്ഥിതി കാണുക. തെളിഞ്ഞ ശുദ്ധജലമൊഴുകുന്ന അരുവികള്‍, രുചി മാറാത്ത പാലരുവികള്‍, ആസ്വാദ്യകരമായ മദ്യമൊഴുകുന്ന പുഴകള്‍, മധുരതരമായ തേനരുവികള്‍, സകലയിനം പഴങ്ങളും അവര്‍ക്കവിടെയുണ്ടായിരിക്കും. സ്വന്തം രക്ഷിതാവില്‍നിന്നുള്ള പാപമോചനവും'' (മുഹമ്മദ്: 15).
രിസ്ഖ് കരീം, അജ്ര്‍ കരീം (മാന്യമായ വിഭവം, മാന്യമായ പ്രതിഫലം) എന്ന് അവയെക്കുറിച്ച് ദൈവവാക്യം. മേത്തരം ഉപഹാരങ്ങളാണവ. ഉപഹാരങ്ങള്‍ നല്‍കപ്പെടുന്നതാകട്ടെ, അങ്ങേയറ്റം ആദരപൂര്‍വവും.
ദൃഷ്ടി പതിയുന്നതൊക്കെ അതിസുന്ദരം. അലങ്കോലമോ വൈരൂപ്യമോ ക്രമരാഹിത്യമോ എവിടെയുമില്ല. പരീക്ഷണഗേഹമൊരുക്കിയ റബ്ബിന്റെ പ്രതിഫലഗേഹം മെച്ചമായല്ലേ തീരൂ...
''അവരാഗ്രഹിക്കുന്ന സകലയിനം പഴങ്ങളും മാംസങ്ങളും നിര്‍ലോഭം നല്‍കിക്കൊണ്ടിരിക്കും. അവര്‍ മത്സരിച്ച് പാനപാത്രങ്ങളെടുത്തുകൊണ്ടിരിക്കും. അവിടെ അസഭ്യവര്‍ത്തമാനങ്ങളോ ദുര്‍വൃത്തികളോ ഉണ്ടായിരിക്കുകയില്ല. അവരെ (സേവിക്കാന്‍) പ്രത്യേകം നിയുക്തരായ ബാലന്മാര്‍ ചുറ്റിനടക്കുന്നുണ്ടാകും; ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര്‍. ഈ സ്വര്‍ഗസ്ഥര്‍ (ഇഹലോകത്തില്‍ കഴിഞ്ഞ) അവസ്ഥകളെക്കുറിച്ച് പരസ്പരം ചോദിക്കുന്നു. ഇവര്‍ പറയും: ആദ്യം ഞങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ ഭയാശങ്കകളോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. അങ്ങനെ അല്ലാഹു ഞങ്ങള്‍ക്ക് ഔദാര്യമരുളി. ചുട്ടുപൊള്ളിക്കുന്ന ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തി. പൂര്‍വ ജീവിതത്തില്‍ ഞങ്ങള്‍ അവനോട് മാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്. നിസ്സംശയം, അവന്‍ അത്യുദാരനും ദയാപരനുമല്ലോ'' (അത്ത്വൂര്‍: 22:28).
പദവികളില്‍ മുന്‍കടന്നവരെച്ചൊല്ലി പരിഭവമേതുമില്ലാതെ സ്വര്‍ഗാവകാശികള്‍ അത്ഭുതം കൂറും. പ്രവാചകന്‍ പറഞ്ഞതുപോലെ 'സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസംഘം പൗര്‍ണമി നാളിലെ പൂര്‍ണ ചന്ദ്രനെപ്പോലെയുണ്ടാകും. തൊട്ടുടനെ പ്രവേശിക്കുന്നവര്‍ ആകാശത്ത് വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെയും' (ബുഖാരി, മുസ്ലിം).
'നീതിമാന്മാര്‍ അല്ലാഹുവിന്റെ സന്നിധിയില്‍ പരമ കാരുണികന്റെ വലതു ഭാഗത്ത് പ്രകാശ പീഠങ്ങളിലായിരിക്കും. തീരുമാനങ്ങളിലും കുടുംബക്കാര്‍ക്കിടയിലും സ്വന്തം ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നവരായിരുന്നു അവര്‍' (മുസ്ലിം).
അല്ലാഹുവിന്റെ പ്രീതിയത്രെ അമൂല്യ വിഭവം. സ്വര്‍ഗവാസികളില്‍ അത് ഇറങ്ങിക്കൊണ്ടേയിരിക്കും. അല്ലാഹു സ്വര്‍ഗവാസികളെ അഭിസംബോധന ചെയ്യും: 'ഓ സ്വര്‍ഗീയരേ, നിങ്ങള്‍ പ്രീതരാണോ?' 'ഞങ്ങളെങ്ങനെ പ്രീതരാകാതിരിക്കും? നിന്റെ സൃഷ്ടികളില്‍ ഒരുത്തര്‍ക്കും നല്‍കാത്തത് നീ ഞങ്ങള്‍ക്ക് നല്‍കിയനുഗ്രഹിച്ചിട്ടുണ്ടല്ലോ?' - അവരുടെ ഉത്തരം. അല്ലാഹു വീണ്ടും: 'അതിലും ശ്രേഷ്ടമായത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെയോ?' അവര്‍ പറയും: 'രക്ഷിതാവേ, അതിലും വിശിഷ്ടകരമോ; അതെന്തായിരിക്കും?' അപ്പോള്‍ അല്ലാഹു പറയും: 'ഞാനിതാ എന്റെ പ്രീതി നിങ്ങളില്‍ കനിയുന്നു. അതിനു ശേഷം ഞാനൊരിക്കലും നിങ്ങളോട് കോപിക്കുകയില്ല' (ബുഖാരി, മുസ്ലിം).
മരണമടയുമ്പോള്‍ അവരോട് പറഞ്ഞ സംപ്രീതിയുടെ പൂര്‍ത്തീകരണമത്രെ അത്; ''അല്ലയോ ശാന്തത നേടിയ ആത്മാവേ, ഇനി സന്തുഷ്ടിയോടും സംതൃപ്തിയോടും കൂടി നിന്റെ രക്ഷിതാവിലേക്ക് മടങ്ങിക്കൊള്ളുക. എന്റെ ദാസന്മാരോടൊത്തു കഴിഞ്ഞുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക'' (ഫജ്‌റ്: 27-30).
അല്ലാഹുവിന്റെ പ്രീതിയാണെല്ലാം. അതിന്റെ പ്രത്യക്ഷ ഭാവമത്രെ സ്വര്‍ഗം. സ്വന്തത്തെ വിറ്റ് ധനവും ശരീരവും പരലോക യാത്രക്കുള്ള പാഥേയമായി മാറ്റിവെച്ചവര്‍ക്ക് അവന്റെ മെച്ചപ്പെട്ട പ്രതിഫലം. ''നിശ്ചയമായും അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് അവരുടെ ദേഹവും സമ്പത്തും പകരം സ്വര്‍ഗം നല്‍കാമെന്ന കരാറില്‍ വിലയ്ക്കു വാങ്ങിയിരിക്കുന്നു'' (തൗബ: 111).
സ്വര്‍ഗം നേടാന്‍ സത്യവിശ്വാസി സ്വാര്‍ഥതയാല്‍ എന്തോ ചെയ്തുകൂട്ടുകയായിരുന്നില്ല; നന്മകള്‍ മാത്രം കൂട്ടിവെച്ചതിന്റെ, തിന്മകളെ കരുതിയിരുന്ന് സല്‍ക്കര്‍മങ്ങള്‍ ചെയ്തതിന്റെ സ്വാഭാവിക പരിണാമമാണ് സ്വര്‍ഗം.
നിങ്ങള്‍ ത്യജിക്കു, പകരം കിട്ടുമെന്ന് തന്നെയാണ് മനുഷ്യനോട് പറഞ്ഞിട്ടുള്ളത്. സഹജീവികളെ സഹായിക്കുന്ന സമ്പത്ത് മെച്ചമായ കടമാണ്. ഇരട്ടിയിരട്ടിയായി സ്വര്‍ഗമായി തിരിച്ചുകിട്ടുന്ന നല്ല കടം. ശരീരവും മനസ്സും സമ്പത്തും ശുദ്ധീകരിച്ച പവിത്രമായ സത്യവിശ്വാസികള്‍ക്കു മേല്‍ അല്ലാഹുവിന്റെ ബാധ്യത കൂടിയാണ് സ്വര്‍ഗം. ബാബു സ്വലാത്തിലൂടെ, ബാബുല്‍ ജിഹാദിലൂടെ, ബാബു സ്വദഖയിലൂടെ, നോമ്പനുഷ്ഠിച്ചവര്‍ക്ക് പ്രത്യേകമായി ഒരുക്കിയ ബാബു റയ്യാനിലൂടെ, അവരുടെ റബ്ബ് അവര്‍ക്ക് പ്രവേശനാനുമതി നല്‍കും.
സ്വര്‍ഗം വിളിക്കുന്നു, നന്മ നിറഞ്ഞ വിശ്വാസിയെ നഷ്ടപ്പെടുത്താന്‍ ഒരു ചാന്‍സും തരാതെ അല്ലാഹുവും. നമസ്‌കാരമായി, ജുമുഅയായി, റമദാനായി, ഹജ്ജായി.... തന്റെ അടിമക്ക് സ്വര്‍ഗം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ അത്രമേല്‍ ശ്രദ്ധാലുവത്രെ അല്ലാഹു.
Comments