Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

ഓഫീസ് ഫിഖ്ഹ്

അഹ്മദ് ബഹ്ജത്ത്

എന്നുമെന്നപോലെ ഓഫീസില്‍ ഞാന്‍ ജോലിയില്‍ വ്യാപൃതനായി.
ഒരു തേഡ് ഗ്രേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞാന്‍. എന്നാല്‍ ഒരു ഭീമന്‍ ഫറോവന്‍ വണ്ടാണെന്നാണ് എന്റെ ഭാവം. കാലം ചെല്ലുംതോറും എന്റെ നിരക്ക് കൂടും. ജോലി ഒരുപാട് കടലാസുകളില്‍ ഒപ്പിടുന്നതിലൊതുങ്ങും. കടലാസുകളില്‍ ഒപ്പിട്ടുകൂട്ടുക, അങ്ങനെ ഇരുവശങ്ങളിലും നിറയെ ഒപ്പുകളുമായി നെടുനീളന്‍ പാതയിലൂടെ കറങ്ങിനടക്കാന്‍ അവയെ അഴിച്ചുവിടുക. പിന്നെ അറിഞ്ഞു. കൈപ്പറ്റി എന്ന് തുല്യം ചാര്‍ത്താന്‍ വീണ്ടും അവ എന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തുക-ഇതല്ലാതെ ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ല. ഈ സര്‍ക്കാര്‍ ഓഫീസുകളിലെ പണി മഹാ വിചിത്രം തന്നെ. ആദ്യം ആളുകള്‍ സ്‌കൂളില്‍ ചേരുന്നു. ഭാഗ്യഹീനനായി ഉറക്കമിളച്ചു പഠിച്ച് അവിടെ നിന്ന് പുറത്തിറങ്ങുന്നു. പിന്നെ യൂനിവേഴ്‌സിറ്റിയിലെത്തുന്നു. അവിടെയും കഷ്ടപ്പെട്ട് ഉറക്കമിളച്ച് ജീവിതത്തിലേക്ക് ഇറങ്ങിവരുന്നു. എന്തിന്? ഇങ്ങനെ ഒപ്പിടാന്‍ തന്നെ!
ഞാന്‍ സെക്കന്ററി വിദ്യാര്‍ഥിയായിരുന്ന കാലം ഓര്‍ക്കുകയാണ്. അപ്പോഴേ തുടങ്ങിയതാണ് ഒപ്പിട്ട് പഠിക്കുക എന്ന എന്റെ ഹോബി. കടലാസും പേനയുമായി വന്ന് ഒപ്പിടുക എന്നത് കൗമാരത്തിലെത്തിയ ഞങ്ങളുടെയൊക്കെ ഇഷ്ടവിനോദമായിരുന്നു. ഒന്നും രണ്ടും മൂന്നും പത്തും തവണ അങ്ങനെ ഒപ്പിട്ടുകൊണ്ടിരിക്കും. മീനാ നാര്‍മിറാണ് ഈ ഒപ്പു കര്‍മത്തിന്റെ നിമിത്തം. ദക്ഷിണ ഈജിപ്തും ഉത്തര ഈജിപ്തും ആദ്യമായി ഏകീകരിച്ച രാജാവായിരുന്നു അദ്ദേഹം. അതിനു ശേഷമാണ് ഒപ്പ് യുഗം ആരംഭിക്കുന്നത്. എല്ലാവര്‍ക്കും മുമ്പേ പാപ്പിറസ് ചെടി കണ്ടുപിടിച്ചവരാണ് പുരാതന ഈജിപ്തുകാര്‍. ചരിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അക്ഷരമാല കണ്ടുപിടിച്ചതും അവര്‍ തന്നെ. ഇതര ജനങ്ങള്‍ക്കെല്ലാം മുമ്പേ അവര്‍ എഴുത്തുകല പഠിച്ചു. അന്നേ തങ്ങളുടെ കണ്ടുപിടിത്തത്തില്‍ ആഹ്ലാദത്താല്‍ മതിമറന്ന് സകലതിലും കടലാസ് ഉപയോഗിക്കാന്‍ വാശിയായിരുന്നു അവര്‍ക്ക്. പൈതൃകമായി അത് നമ്മിലേക്കും വന്നെത്തി. അങ്ങനെ ഒപ്പിടല്‍ ഒരു സര്‍ക്കാര്‍ ചടങ്ങും ഈജിപ്ഷ്യന്‍ വിനോദവുമായിത്തീര്‍ന്നു.
സര്‍ക്കാര്‍ കാര്യങ്ങളൊക്കെ കടലാസിലൂടെയാണ് നീങ്ങുക. കടലാസുകള്‍ പോകുന്നു, കടലാസുകള്‍ വരുന്നു. ഒപ്പോട് ഒപ്പുതന്നെ. ഒപ്പു സാക്ഷ്യപ്പെടുത്താനും ഒപ്പ്. അതൊരു നീണ്ട പരമ്പരയാണ്. ഈജിപ്ഷ്യന്‍ മഹാ കവി ഫുആദ് ഹദ്ദാദ് അത് ഒരു കവിതയില്‍ സംക്ഷേപിച്ചിട്ടുണ്ട്. ഒപ്പിടുന്നതിന്റെ ഇടവേളകളില്‍ നമുക്ക് പാടാനായി അദ്ദേഹം പാട്ടുകെട്ടി:
രക്തമില്ല വിയര്‍പ്പില്ല
കര്‍ഷകന് കിളയില്ല
കൊല്ലന്റെ ആലയില്‍
തട്ടില്ല മുട്ടുമില്ല
എന്തിനും സര്‍വ പ്രധാനം
രേഖകള്‍, കടലാസ് മാത്രം
എന്റെ പൊന്നു നാട്ടുകാരാ
എവിടെയക്കടലാസുമായ് വാ
എങ്കില്‍ ഞാനത് ശരിപ്പെടുത്താം
ചരിത്രയാനപാത്രങ്ങള്‍ തന്‍
തുറമുഖങ്ങള്‍ കസേരകളും
എന്ത് ഭൂകമ്പം വരട്ടെ
എത്ര റോക്കറ്റെന്‍ തലയില്‍
വന്നു വീണെന്നിരിക്കട്ടെ
സുഖസുഖം കസേരയില്‍ ഞാന്‍
ഇളക്കമില്ലാതിരിക്കുമെന്നും
എന്റെ ബുദ്ധി എന്തപാരമെത്ര
മധുരം!
നിദ്ര മൂടുമെന്റെ കണ്‍കള്‍
തെറ്റുപറ്റി പട്ടികയില്‍
മറവി അബദ്ധമൊഴികെയെല്ലാം
എനിക്കായി എഴുതിവെച്ചോളൂ
കഷ്ടമാ സന്ദഹി*യും മുന്‍
തത്ത്വചിന്തകരൊക്കെയും ഹാ
മാനവികത നാഗരികത
പിന്നെ സമ്പദ് സമൃദ്ധികളും
കൈവരിച്ചതെങ്ങനെ നാം
ഓഫീസുകളല്ലേ നിമിത്തം
ഓഫീസ് 'ഫിഖ്ഹും' ചട്ടങ്ങളും
എത്രയോ കിറുകൃത്യം
വീഴ്ചയന്യേ വേതനം ഞാന്‍
മാസം തോറും പറ്റും നൂനം
ഒറ്റ നോട്ടത്താലറിയാം
നിന്റെ പുത്രന്‍ മടയനല്ല
കാത്തിരിപ്പാണവനുമേവം
ജന്മനാള്‍ മുതലീ ജോലി

ഓഫീസിലെ ഇന്നത്തെ ജോലി അവസാനിച്ചു. ഫയലുകള്‍ തുറന്നു. ഡോസിയറുകള്‍ അടച്ചു. കീഴ്ജീവനക്കാര്‍ ജോലിയില്‍ വീഴ്ച വരുത്തിയതായി തോന്നിച്ചു. മേലുദ്യോഗസ്ഥന്മാര്‍ എല്ലാം പൂര്‍ണമായും ചെയ്തിട്ടുണ്ടെന്ന എന്റെ ബോധ്യം പ്രകടമാക്കി. ജപമണികള്‍ തെരുപ്പിടിപ്പിച്ചു ഞാന്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങി. ഓഫീസിലെ ഒരു സുഹൃത്തിനൊപ്പം കയ്‌റോ തെരുവിലൂടെ നടക്കാന്‍ തുടങ്ങി. ഉപമകളില്‍ പറയും പോലെ നോമ്പിനെക്കുറിച്ച് ഞങ്ങള്‍ മറക്കാന്‍ ശ്രമിച്ചു. ആളുകളുടെ നേരെ കണ്ണുകളിലൂടെ നോമ്പുകാരുടെ അസ്ത്രമെയ്ത് നോക്കി. ഇടക്കിടെ ചിലരെ തുറിച്ചുനോക്കി. പൊടുന്നനെ ഞങ്ങള്‍ക്ക് മുന്നില്‍ കാഴ്ചകള്‍ മാറി. പാര്‍ശ്വതെരുവുകളിലൊന്നില്‍നിന്ന് മിനിസ്‌കര്‍ട്ട് ധരിച്ച ഒരു പെണ്‍കുട്ടി പുറത്തു വന്നു. വെളുത്ത് നീണ്ട പെണ്ണ്. കറുപ്പ് നിറമുള്ള ചെറിയ പാവാടയും. കറുപ്പും വെളുപ്പും തമ്മിലുള്ള ആ വൈപരീത്യം വികാരങ്ങളെ തൊട്ടുണര്‍ത്തി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വികാരങ്ങള്‍ ഉണരുകതന്നെ ചെയ്തു. ഒരു താല്‍പര്യവുമില്ലാതെ അലക്ഷ്യമായി പതുക്കെ നടക്കുകയായിരുന്നു ഞങ്ങള്‍. ആ പെണ്‍കുട്ടിയെ കണ്ടതോടെ ഞങ്ങളുടെ നടത്തത്തിന് വേഗം കൂടി. അറിയാതെ വേഗം വര്‍ധിച്ചു. 'അസ്തഗ്ഫിറുല്ലാഹ്' (അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു) എന്നു പറഞ്ഞ് അവളില്‍നിന്ന് ഞാന്‍ മുഖം തിരിച്ചു. പിന്നെയും കണ്ണ് അവളെ കട്ടുനോക്കാന്‍ അങ്ങോട്ടുതന്നെ മടങ്ങി. പിന്നെയും ഞാന്‍ 'അസ്തഗ്ഫിറുല്ലാഹ്' പറഞ്ഞു. നോക്കണേ ഈ ആളുകളുടെ ഒരു കാര്യം. ബഹുവിചിത്രം തന്നെ. കള്ളന്‍ ഇരയെ തേടി പോവുകയാണ്. അപ്പോഴും ആരും കാണാതിരിക്കാനും ദൗത്യം വിജയിക്കാനും അല്ലാഹുവോട് പ്രാര്‍ഥിച്ചാണ് അവന്‍ പുറപ്പെടുന്നത്. ശരീഅത്ത് നിങ്ങള്‍ക്ക് ആദ്യത്തെ ഒരു വട്ടം നോക്കാന്‍ അനുമതി തന്നിട്ടുണ്ട്. പാര്‍ശ്വതെരുവില്‍നിന്ന് പുറത്തു വന്നത് ചിലപ്പോള്‍ നിങ്ങളെ തിന്നാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു സിംഹവുമായിക്കൂടായ്കയില്ലല്ലോ. അപ്പോള്‍ സമാധാനത്തിനു വേണ്ടി നിനക്ക് നോക്കാം. ആദ്യത്തെ നോട്ടം നിനക്ക് അനുകൂലമാണ്. രണ്ടാമതും നോക്കിയാല്‍ ഫുഖഹാ (ഇസ്‌ലാമിക നിയമജ്ഞര്‍) പറയുംപോലെ നിനക്കത് പ്രതികൂലമായി കലാശിക്കും. ദൈവശിക്ഷാ നിയമത്തിന് വിധേയമാവുക രണ്ടാമത്തെ നോട്ടമാണ്. അവധാനതയോടെ ചിന്തിച്ചു പഠിച്ചുള്ള സൂക്ഷ്മമായ നോട്ടമാണ് ഈ രണ്ടാമത്തെ നോട്ടം. അതിലൂടെ അങ്ങിങ്ങ് വിവരങ്ങള്‍ തപ്പിയെടുത്ത് ശേഖരിക്കുന്നു. മുന്‍പേറായി ചെയ്യേണ്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നു. എന്നിട്ട് നിഗമനങ്ങളിലെത്തുന്നു. പിന്നെ മുഖത്ത് വൃത്തികെട്ടൊരു പുഞ്ചിരി തെളിയിക്കുന്നു. എന്നെപ്പോലെ തന്നെ നോമ്പുകാരനായ എന്റെ സ്‌നേഹിതനും നോമ്പുമൂലം ചുവന്ന തന്റെ കണ്ണുകള്‍ മുമ്പിലെ ദൃശ്യത്തില്‍ കേന്ദ്രീകരിച്ച് അഗാധമായ ചിന്തയില്‍ മുങ്ങി. കൈകള്‍ ആഞ്ഞു വീശി തുടരെത്തുടരെ ജപമാല തിരുപ്പിടിച്ച് ധൃതി പിടിച്ചു നടക്കുകയാണ് ഞങ്ങളെന്ന് ഞാന്‍ കണ്ടു. സംശയമില്ല, ഞങ്ങളെ അപ്പോള്‍ ആരെങ്കിലും കണ്ടിരുന്നെങ്കില്‍ പരിഹാസ്യമായി തോന്നുമായിരുന്നു.
'നമ്മളുടെ നോമ്പ് പറന്നുപോയി'-സുഹൃത്ത് എന്നോട് പറഞ്ഞു.
'അതെന്താ, നമ്മളുടെ നോമ്പിന് ചിറകുണ്ടോ?' ഞാന്‍ ചോദിച്ചു.
മാര്‍ബിള്‍ പോലെ വെളുവെളുത്ത ആ പെണ്‍ശരീരത്തിന്റെ ധ്യാനത്തിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങി എത്തി. മിനിസ്‌കര്‍ട്ടിനെ പിന്തുടരുന്നവരുടെ എണ്ണം സമയം തോറും കൂടിവരികയാണെന്ന് നടത്തത്തിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചു. വഴിപോക്കരുടെ മുഴുവന്‍ ശ്രദ്ധ അതിലാണ്. ഓരോരുത്തരും ഇടത്തും വലത്തും നോക്കി മറ്റെവിടെയോ ആണ് നോട്ടമെന്ന് ഭാവിക്കും. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് സമാധാനമായാല്‍ കട്ടുനോക്കി നോട്ടം അവളില്‍ ചെന്ന് മരിച്ചുവീഴും. യുവതി നടക്കുന്ന അതേ വേഗത്തില്‍ തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും നടത്തം. അവള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു നിശ്ചിത അകലം ഞങ്ങള്‍ പാലിക്കും. തെരുവില്‍നിന്ന് നോക്കിയാല്‍ ഒരു സാധാരണ ദൃശ്യം. എന്നാല്‍ കെട്ടിടങ്ങളുടെ മുകളില്‍നിന്നാണ് ആരെങ്കിലും ഞങ്ങളെ നോക്കുന്നതെങ്കില്‍ ഞങ്ങളുടെ ചിത്രം തികച്ചും വ്യത്യസ്തമായിരിക്കും. ആകാശത്തു നിന്നാണെങ്കില്‍ ആ കാഴ്ചയുടെ വ്യത്യാസം പിന്നെയും കൂടും. അപ്പോള്‍ മാലാഖാമാര്‍ നീരസത്തോടെ പറയും- ദേ കണ്ടില്ലേ ഒരു പറ്റം നോമ്പുകാര്‍ ഒരു മിനിസ്‌കര്‍ട്ടുകാരി പെണ്ണിന്റെ പിന്നാലെ കൂടുന്നത്! ഒരു ഗിഫ്റ്റ് ഷോപ്പിന്റെ മുന്നിലെത്തിയപ്പോള്‍ മിനിസ്‌കര്‍ട്ട് പൊടുന്നനെ നിന്നു. പിന്നാലെയുള്ള പറ്റത്തില്‍ തകരാര്‍ സംഭവിച്ചു. ചിലരുടെ ചുവടുകളില്‍ ചാഞ്ചല്യമുണ്ടായി. മറ്റു ചിലരുടെ ചുവടുകള്‍ക്ക് ഗതിവേഗം കുറഞ്ഞു. എന്നാല്‍ ഞാനും സ്‌നേഹിതനും വേഗത്തില്‍ നടന്ന് യുവതിയെ മുന്‍കടന്നു. വിചിത്രമായൊരു സൗരഭ്യവും വഹിച്ച് മന്ദമാരുതന്‍ ഞങ്ങളുടെ അടുത്തെത്തി. വിവാഹത്തിന്റെ വണ്ടി നഷ്ടപ്പെട്ട ഒരാളായിരുന്നു എന്റെ സ്‌നേഹിതന്‍. 'എന്നെങ്കിലും ഞാന്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ഇതുപോലൊരു യുവതിയായിരിക്കും.' അയാള്‍ പറഞ്ഞു.
അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഈ ബ്രാന്റ് പെണ്ണുങ്ങള്‍ ഖമറുദ്ദീന്‍** പോലെയാണ്. അതിന് ഹാര്‍ഡ് കറന്‍സി തന്നെ വേണ്ടിവരും.'
പിന്നെയും ഞങ്ങള്‍ അലക്ഷ്യമായി നടത്തം തുടര്‍ന്നു. ഞങ്ങളുടെ നോട്ടങ്ങള്‍ അന്തരീക്ഷത്തില്‍ വീണ്ടും തെന്നിച്ചിതറി. കണ്ണുകളിലൂടെ നോമ്പുകാരുടെ അസ്ത്രമെയ്ത് പലതിലും തുറിച്ചുനോക്കി. നിമിഷങ്ങള്‍ക്കകം മുന്തിരിയിലകള്‍ നിറച്ച് നന്നായി പൊരിച്ചതുപോലുള്ള ഭക്ഷ്യപദാര്‍ഥത്തിന്റെ മണം മൂക്കില്‍ അടിച്ചുകയറുന്നപോലെ തോന്നി.
'എന്തെങ്കിലും മണക്കുന്നുണ്ടോ?' ഞാന്‍ സ്‌നേഹിതനോട് ചോദിച്ചു.
'പൊരിച്ച മാംസം മണക്കുന്നു'-സ്‌നേഹിതന്‍ പറഞ്ഞു.
'അസാധാരണ മണം' - ഞാന്‍ പറഞ്ഞു.
'നിങ്ങള്‍ക്കും അതേ മണം തന്നെയാണോ അനുഭവപ്പെടുന്നത്'- സ്‌നേഹിതന്‍ ചോദിച്ചു.
'അതേ മണമല്ല. ഈ തെരുവിലെവിടെയെങ്കിലും തീന്‍പുരയുള്ളതായി നിങ്ങള്‍ക്കറിയാമോ?' ഞാന്‍ ചോദിച്ചു.
'എവിടെയുമില്ല'- അയാള്‍ പറഞ്ഞു.
തെരുവിന്റെ ഇരുവശവും നിറയെ കച്ചവട പീടികകളാണ്. എന്നാല്‍ ഒറ്റ റസ്റ്റോറന്റുമില്ല. ആ കച്ചവട പീടികകളുടെ മുകളില്‍ ആള്‍താമസവുമില്ല. മുകളില്‍ മുഴുക്കെ ഓഫീസുകളാണ്. അപ്പോള്‍ എന്താണിതിനര്‍ഥം? എന്റെ ഘ്രാണശക്തിയില്‍ എനിക്ക് സംശയമായി. ഭക്ഷണത്തോട് ആര്‍ത്തിയുണ്ടായാല്‍ ഇല്ലാത്ത സാധനം ഉള്ളതായി മണക്കുമോ? അറിയില്ല.
ഞങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. ഞാന്‍ വാച്ചില്‍ നോക്കി.
'നമുക്ക് പള്ളിയില്‍ കയറി വേഗം അല്ലാഹുവിനു വേണ്ടി രണ്ട് റക്അത്ത് നമസ്‌കരിച്ചാലോ?' സ്‌നേഹിതന്‍ ചോദിച്ചു.
ആ വാക്കു കേട്ടപ്പോള്‍ ഉള്ളില്‍ എനിക്ക് എന്തോ പന്തികേട് തോന്നി.
അല്ലാഹുവിനു വേണ്ടി വേഗം രണ്ട് റക്അത്ത് നമസ്‌കരിക്കുക. വളരെ ചിന്തിച്ചുറച്ച് നല്ല മുന്നൊരുക്കത്തോടെ സാവധാനം സമര്‍ഥമായാണ് ആളുകള്‍ പാപം ചെയ്യുന്നത്. എന്നാല്‍ പടച്ചതമ്പുരാന് വേണ്ടിയാണ് എന്തെങ്കിലും ചെയ്യുന്നതെങ്കില്‍ അത് ചടപടാ അങ്ങ് ചെയ്തു തീര്‍ക്കുക!
ഞങ്ങള്‍ പള്ളിയില്‍ കയറി. അത് മിക്കവാറും ആളൊഴിഞ്ഞ മട്ടിലായിരുന്നു. സമയം ഏതാണ്ട് വൈകീട്ട് നാലു മണിയായിക്കാണും. ചെരിപ്പുകള്‍ വെക്കുന്ന റാക്കിനരികെ പള്ളി കാവല്‍ക്കാരന്‍ ഇരിക്കുന്നുണ്ട്. റാക്ക് കാലിയാണ്. കാവല്‍ക്കാരന് ചില്ലിക്കാശ് കൊടുക്കാതിരിക്കാന്‍ ചെരിപ്പും കൈയിലെടുത്ത് ഞങ്ങള്‍ പതുക്കെ അകത്ത് കയറി. വുദൂവിനുള്ള വെള്ളം ഉന്മേഷദായകമാണ്. പള്ളിയിലെ നടുത്തളത്തില്‍ വരണ്ട കാറ്റാണ്. അവിടെ ചുമരും ചാരി മോശമല്ലാത്ത എണ്ണം ആളുകള്‍ ഉറങ്ങുന്നുണ്ട്.
സത്യത്തില്‍ ഉറക്കത്തിന് പറ്റിയതാണ് കാറ്റ്. 'അല്ലാഹു അക്ബര്‍. ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം'. ഫാത്തിഹയും ചെറിയൊരു സൂറ(ഖുര്‍ആന്‍ അധ്യായം)യും ഓതി ഞാന്‍ കുമ്പിട്ടു. പിന്നെ നിവര്‍ന്നു നിന്ന് അല്ലാഹുവിനെ സ്തുതിച്ചു സാഷ്ടാംഗത്തിലേക്ക് പോയി. ഞാന്‍ നമസ്‌കാരത്തിലെ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ടെങ്കിലും മനസ്സ് അര്‍ധശിഥിലമാണ്. സുബ്ഹാന റബ്ബിയല്‍ അളീം എന്ന് ഞാന്‍ ഉച്ചരിച്ചതും മൂന്ന് വര്‍ഷമായി ഞാന്‍ ശ്രമിക്കുന്ന രണ്ടാം ഗ്രേഡ് മനസ്സിലേക്ക് കയറിവന്നു. സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ എന്ന് നാവില്‍ വന്നപ്പോള്‍ എനിക്ക് മുമ്പ് രണ്ടാം ഗ്രേഡ് നേടി അവിടന്നും മുന്നോട്ടുപോയി മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായിത്തീര്‍ന്ന മുരടന്‍ സഹപ്രവര്‍ത്തകന്റെ രൂപം ചിന്തയില്‍ എത്തി. അതിനിടെ അതിലെ കടന്നുപോകുന്ന ഒരു കാറിന്റെ ഹോണടി കേട്ടു. 'ഇതുവരെ എനിക്കൊരു കാറ് വാങ്ങാന്‍ കഴിഞ്ഞില്ലല്ലോ' എന്ന് ഞാന്‍ ഖേദിച്ചു. 'അത്തഹിയ്യാത്തുല്‍ മുബാറകാത്തു സ്വലവാത്തു ത്വയ്യിബാത്തു ലില്ലാഹ്' എന്നിടത്തെത്തിയപ്പോള്‍ സിഗരറ്റ് കൂട് എവിടെയാണ് ഞാന്‍ മറന്നുവെച്ചത് എന്നായി ആലോചന. അത് കബോഡിലോ അതല്ല ഓഫീസ് മേശയിലോ? സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ - ഓ, വീട്ടുകാരി ഏല്‍പിച്ച ഖമറുദ്ദീന്‍ പാക്കറ്റ് വാങ്ങാന്‍ മറന്നല്ലോ.
സാഷ്ടാംഗം വീണപ്പോള്‍ വിചിത്രമായ എന്തോ എനിക്കുായി. അത് ആദ്യത്തെ സുജൂദോ (സാഷ്ടാംഗം) രണ്ടാമത്തേതോ എന്ന് എനിക്കോര്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യ സുജൂദാണെങ്കില്‍ ഒരു സുജൂദ് കൂടി ചെയ്യേണ്ടതുണ്ട്. രണ്ടാമത്തേതാണെങ്കില്‍ ഇനി മൂന്നാമതൊന്നു കൂടി വേണോ? തെല്ലിട ആലോചിച്ച ശേഷം സൂക്ഷ്മതക്കു വേണ്ടി ഒരു സുജൂദ് കൂടി ചെയ്യാമെന്ന് തീരുമാനിച്ചു. മറവിയൊന്നുമില്ലാതെ ഏകാഗ്രതയുണ്ടാകാന്‍ ഞാന്‍ കഠിനാധ്വാനം തന്നെ ചെയ്യുകയുണ്ടായി എന്നതാണ് സത്യം. എന്തുചെയ്യാനാണ്! മനസ്സിലാസകലം പലമാതിരി ചിന്തകളുടെയും പ്രശ്‌നങ്ങളുടെയും അതിശീഘ്രമായ പ്രവാഹമായിരുന്നു. സലാം വീട്ടി ഞാന്‍ നമസ്‌കാരത്തില്‍നിന്ന് വിരമിച്ചു. ജപമാല എടുത്ത് മണികള്‍ ഉരുട്ടാന്‍ തുടങ്ങി.
സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്... സിഗരറ്റ് കൂട് എവിടെയാണ് മറന്നുവെച്ചതെന്ന് എനിക്ക് ഓര്‍മവന്നു. ഖമറുദ്ദീനെക്കുറിച്ച് കുടിക്കാരി ചോദിച്ചാല്‍ പറയേണ്ട മറുപടി മനസ്സില്‍ ഒരുക്കൂട്ടി.
മനുഷ്യന്‍ ഖമറി(ചന്ദ്രന്‍)ലേക്ക് കയറി ചെന്നു. നമ്മളോ ഇപ്പോഴും ഖമറുദ്ദീനും തേടി ഇറങ്ങിത്തിരിക്കുകയാണ്!

വിവ: വി.എ കബീര്‍


*ഈജിപ്ഷ്യന്‍ പുരാണത്തിലെ ഒരു കഥാപാത്രം. നാടുവിട്ട് സുസ്ഥിതിയിലായി
** റമദാനിലെ വിലപിടിച്ച ഈജിപ്ഷ്യന്‍ വിശിഷ്ട പലഹാരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌