Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

മാറുന്ന ലോകത്ത് ഇസ്‌ലാമിക പ്രസ്ഥാനം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലെ അതീവ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും പ്രദേശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇസ്‌ലാമിക ലോകം ഏതാണ്ട് മുഴുവനായി അടിമത്തത്തിന് കീഴിലായിരുന്ന ഒരു കാലവും ഇസ്‌ലാമിക ലോകത്തിന് കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ ഇന്ന് പേരിന് സ്വാതന്ത്ര്യം ഉണ്ടായിട്ടും മുസ്‌ലിം പൊതു സമൂഹം ലോകത്തുടനീളം അനുഭവിക്കുന്ന നിന്ദ്യതക്കും പതിത്വത്തിനും നിസ്സഹായതക്കും ഒരുപക്ഷേ, ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ തുല്യത കാണാനാവില്ല. ഇസ്‌ലാമിക ലോകം ഒന്നടങ്കം ലോക ശക്തികളുടെ വ്യത്തികെട്ട കളികളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക പ്രദേശങ്ങളില്‍ മനുഷ്യരക്തം ചാലിട്ടൊഴുകുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ലോക ശക്തികള്‍ മാത്രമല്ല, ഏറക്കുറെ മുസ്‌ലിം രാജ്യങ്ങളും അവരെ നാമാവശേഷമാക്കാനായി ഒന്നിച്ചിരിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഗവേഷണ സ്ഥാപനങ്ങളുമെല്ലാം അവരെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വ്യവസ്ഥ മാത്രമല്ല, അവിടെ നിന്നും മുന്നോട്ടു പോയി ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളും അധ്യാപനങ്ങളും വിശ്വാസങ്ങളും വരെ അങ്ങേയറ്റം നിഷേധാത്മകമായ പ്രചാരണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.
രണ്ടു തരത്തില്‍ ഈ സാഹചര്യത്തെ നാം വിശകലനം ചെയ്യേണ്ടതുണ്ട്; ഒന്ന്, ഈ അവസ്ഥക്ക് കാരണങ്ങള്‍ എന്തെല്ലാമാണ്, അതില്‍നിന്ന് പുറത്ത് കടക്കാനും വിജയിക്കാനുമുള്ള വഴികളും മാര്‍ഗങ്ങളും എന്താണ്?

 

ഇസ്‌ലാമിക ലോകത്തിന്റെ തന്ത്രപ്രാധാന്യം

ലോക ശക്തികളെ സംബന്ധിച്ചേടത്തോളം തന്ത്രപ്രാധാന്യമുള്ള മേഖലയാണ് ഇസ്‌ലാമിക ലോകം. ഈ പ്രാധാന്യത്തിന് നാല് വലിയ കാരണങ്ങളുണ്ട്. മധ്യപൗരസ്ത്യ മേഖലയിലെ എണ്ണ നിക്ഷേപം, ഇസ്രയേലിന്റെ സാന്നിധ്യവും അവരുടെ സുരക്ഷയും, ഈ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ഇസ്‌ലാമിന്റെ സാന്നിധ്യം എന്നിവയാണവ. ഈ നാല് കാര്യങ്ങളും വന്‍ശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ താല്‍പര്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു.

യൂറോപ്പ് ഇപ്പോള്‍ വളരെ വേഗത്തില്‍ വാര്‍ധക്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ ഓരോ അഞ്ചു പേരിലും ഒരാളുടെ പ്രായം അറുപത്തഞ്ച് കഴിഞ്ഞിരിക്കുന്നു.1 അതിനാല്‍ യൂറോപ്പിന്റെ സാമ്പത്തിക വ്യവസ്ഥ തകരാതെ നിലനില്‍ക്കണമെങ്കില്‍ അവര്‍ക്ക് പുറത്തു നിന്ന് ധാരാളം യുവ രക്തം ആവശ്യമാണ്. ഈ യുവ രക്തം ഏറ്റവും കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഇസ്‌ലാമിക ലോകത്തു നിന്നു തന്നെയാണ്. അവിടെ നിന്ന് തൊഴിലെടുക്കാന്‍ യുവ ശക്തി തേടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ യൂറോപ്പിനെ ആശങ്കപ്പെടുത്തുന്നത് ഈ യുവ രക്തം തങ്ങളോടൊപ്പം ഇസ്‌ലാമിനെയും കൂടെ കൂട്ടുമോ എന്നതാണ്. കുടിയേറ്റം തടയാനോ അതിനെ നിരുത്സാഹപ്പെടുത്താനോ അവര്‍ക്കാവില്ല. അതിന് പ്രതിവിധിയായി അവര്‍ അന്വേഷിക്കുന്നത്, ഒരു ഭാഗത്ത് കുടിയേറ്റം തുടരാന്‍ അനുവദിക്കുകയും എന്നാല്‍ കുടിയേറ്റ സമൂഹത്തെ ഇസ്‌ലാം സ്വാധീനിക്കാതിരിക്കുകയും ചെയ്യുന്ന വല്ല നയങ്ങളും രൂപപ്പെടുത്താന്‍ പറ്റുമോ എന്നാണ്.

അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ അതിവേഗം ചൈന നല്‍കുന്ന കടത്തെ ആശ്രയിക്കേണ്ട നിലയിലേക്കെത്തുകയുമാണ്. ഈ സാമ്പത്തിക അടിമത്തത്തില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ ചൈനക്കും അമേരിക്കയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാകണം. ഒരു ഭാഗത്ത് എണ്ണയുടെ ഉറവിടവും അത് കയറ്റുമതി ചെയ്യുന്ന തുറമുഖങ്ങളും പൂര്‍ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാവുകയും, മറുഭാഗത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മധ്യപൗരസ്ത്യ ദേശത്ത് കൂടെ കടന്നുപോകുന്ന രാജപാതകളും അവരുടെ ആധിപത്യത്തിലാവുകയും ചെയ്യുക എന്നതും അതിന് അനിവാര്യമാണ്. മധ്യപൗരസ്ത്യ നാടുകളുടെ മേലുള്ള അമേരിക്കന്‍ ആധിപത്യം ഇസ്രയേലിന്റെ സുരക്ഷക്കും ആവശ്യമാണ്.

ഇത്തരത്തിലുള്ള പലതരം താല്‍പര്യങ്ങള്‍ കാരണം, ഡോളര്‍ എറിഞ്ഞ് വിലയ്‌ക്കെടുക്കാന്‍ കഴിയാത്ത ശക്തികള്‍ മധ്യപൗരസ്ത്യ നാടുകളിലും ഇസ്‌ലാമിക രാജ്യങ്ങളിലും അധികാരത്തില്‍ എത്തരുത് എന്ന് അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍, ഈ പ്രദേശങ്ങളുടെ, വിശേഷിച്ചും മധ്യപൗരസ്ത്യ ദേശത്തെ വലിയ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരിക എന്നത് മാറിയ ലോക സാഹചര്യത്തില്‍ വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ എപ്രകാരമാണോ ഒന്നാം ലോക യുദ്ധാനന്തരം അന്നത്തെ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം മാറ്റിവരച്ചത്, അതേ പ്രകാരം ഒരിക്കല്‍കൂടി ഇവിടെ ഭൂമിശാസ്ത്രപരമായ വിഭജനം അനിവാര്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അത്തരത്തിലുള്ള ഒരു വിഭജനം സാധ്യമാകണമെങ്കില്‍ ഈ പ്രദേശം വന്‍തോതിലുള്ള രക്തച്ചൊരിച്ചിലിലൂടെയും ആഭ്യന്ത യുദ്ധങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. രചനാത്മകമായ കുഴപ്പം എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. ഇത്തരം ഒരു പോളിസിയുടെ ഭാഗമായി വരുംകാലങ്ങളില്‍ മധ്യപൗരസ്ത്യ ദേശം കൂടുതല്‍ വ്യാപകമായ രക്തച്ചൊരിച്ചിലിനും ആഭ്യന്തര സംഘര്‍ഷത്തിനും ഇരയാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.2
സാമ്പത്തികവും രാഷ്ട്രീയവുമായ ഈ കാരണങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യവും സ്ഥാനവും തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ വന്‍ശക്തികള്‍ ഇടപെടുന്നതിന്റെ അടിസ്ഥാന കാരണം എല്ലാ പൈശാചിക ശക്തികളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായി കരുതുന്ന ഇസ്‌ലാം തന്നെയാണ്. ഇസ്‌ലാമിനെ ഭീഷണിയായി കാണാനുള്ള കാരണം ഇസ്‌ലാമിക ലോകത്തിന്റെ ഇന്നത്തെ ശോചനീയമായ അവസ്ഥയില്‍ പോലും ലോകത്ത്, വിശേഷിച്ച് പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിന് അസാധാരണമായ ആകര്‍ഷകത്വമുണ്ട് എന്നതാണ്. ചൂഷണത്തില്‍ അധിഷ്ഠിതമായ പടിഞ്ഞാറന്‍ മുതലാളിത്ത വ്യവസ്ഥക്ക് ബദലായി ഉയര്‍ന്നുവരാനുള്ള ശേഷി ഇസ്‌ലാമിനുണ്ട് എന്നതും അതിനൊരു കാരണമാണ്.

പാശ്ചാത്യ മുതലാളിത്ത സംസ്‌കാരത്തിന് അധികം ഭാവിയില്ല എന്നത് ഇന്ന് ഏറക്കുറെ തീരുമാനമായി കഴിഞ്ഞ കാര്യമാണ്. ഈ ചൂഷണാത്മക സാമ്രാജ്യത്വം, അതിന്റെ അടിസ്ഥാന ദര്‍ശനവും ആ വ്യവസ്ഥയുടെ രൂപീകരണ ഘടകങ്ങളും അടക്കം അതിന്റെ അധഃപതനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. പാശ്ചാത്യ ലോകത്ത് ഇന്ന് ഭൗതികതയോടുള്ള പ്രതിപത്തി കുറഞ്ഞു വരുന്നു. മതത്തിലേക്കും ആത്മീയതയിലേക്കും ആത്മീയ മൂല്യങ്ങളിലേക്കുമുള്ള മടക്കം, അതായത് പടിഞ്ഞാറന്‍ അക്കാദമീഷ്യന്മാര്‍ ഡി സെക്യുലറൈസേഷന്‍ 3 എന്ന് പേരിട്ട് വിളിക്കുന്ന പ്രവണത ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അന്ധമായ ഭൗതികതയുടെയും പരിധിവിട്ട് ചെലവഴിക്കുന്നതിന്റെയും പലിശയുടെയും പലിശാധിഷ്ഠിത കടത്തിന്റെയും അപകടം യൂറോപ്പിലെയും അമേരിക്കയിലെയും പൗരന്മാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെല്ലെ മെല്ലെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ബദല്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് അവര്‍ അന്വേഷിക്കുന്നുമുണ്ട്. പാശ്ചാത്യ ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ തന്നെ നവ മുതലാളിത്ത വ്യവസ്ഥയുടെ പല ഘടകങ്ങളും വലിയ അപകടമായി മനസ്സിലാക്കാന്‍ തുടങ്ങുകയും ഒരു ബദല്‍ ലോക സാമ്പത്തിക വ്യവസ്ഥയോ അല്ലെങ്കില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണിന്റെ ഭാഷയില്‍ ന്യൂ ബ്രട്ടന്‍ വുഡിന്റെയോ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.4

കുടുംബത്തെയും കുടുംബമൂല്യങ്ങളെയും ശിഥിലമാക്കുന്ന രോഗം പാശ്ചാത്യലോകവും വിട്ട് ഇപ്പോള്‍ മുഴുവന്‍ പൗരസ്ത്യ സമൂഹങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും തകരാതെ നിലനില്‍ക്കുന്ന കുടുംബകോട്ട ഉള്ളത് ഇസ്‌ലാമിനു മാത്രമാണ്. മറുഭാഗത്ത് കെട്ടുറപ്പുള്ള കുടുംബമില്ലാതെ കെട്ടുറപ്പുള്ള സമൂഹവും സമാധാനപരമായ വ്യക്തിജീവിതവും അസാധ്യമാണെന്ന ചിന്തയും ശക്തിപ്പെട്ടുവരുന്നുണ്ട്. അതിനാല്‍ കുടുംബ മൂല്യങ്ങളുടെ സംരക്ഷണം അമേരിക്കയും ആസ്‌ത്രേലിയയും അടക്കം പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്ന് പൊതു തെരഞ്ഞെടുപ്പിന്റെ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഫാമിലി ഫസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ സംഘടന തന്നെ ആസ്‌ത്രേലിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ആത്മശാന്തിയും മികച്ച സാമ്പത്തിക അടിസ്ഥാനങ്ങളും തേടിയും ഭദ്രമായ കുടുംബവും ഉദാത്തമായ കുടുംബ മൂല്യങ്ങളും അന്വേഷിച്ചും ആളുകള്‍ ആവേശപൂര്‍വം പൗരസ്ത്യ മതങ്ങള്‍ക്ക് നേരെ, വിശേഷിച്ചും ഇസ്‌ലാമിനു നേരെ തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയുണ്ട്. ഈ അവസ്ഥയില്‍ ഇസ്‌ലാം അതിന്റെ ശക്തമായ ആദര്‍ശവും മൂല്യവിചാരവും ആത്മീയതയും കാരണം മറ്റെല്ലാ പൗരസ്ത്യ മതങ്ങളേക്കാളും തത്ത്വചിന്തകളേക്കാളും കൂടുതല്‍ വിജയിക്കുമെന്ന് പാശ്ചാത്യ നയവിദഗ്ധര്‍ മനസ്സിലാക്കിയിരിക്കുന്നു. പാശ്ചാത്യ ലോകം തങ്ങളുടെ ചിന്താ വ്യവസ്ഥയില്‍ എത്ര മാത്രം ആത്മ വിശ്വാസമില്ലാത്തവരായി മാറിയിരിക്കുന്നുവെന്നത് അമേരിക്കക്കാരനും അമേരിക്കന്‍ വ്യവസ്ഥയുടെ ശക്തനായ വക്താവുമായ തോമസ് ഫ്രീഡ്മാന്റെ ഒരു ഗാനത്തില്‍നിന്ന് വ്യക്തമാണ്: 5

പോകാന്‍ പാടില്ലാത്തിടത്തേക്കാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്.
കാണാന്‍ പാടില്ലാത്തത് കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ചെയ്യാന്‍ പാടില്ലാത്തതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഞാന്‍ ആകാന്‍ പാടില്ലാത്തത് ആയിത്തീരുകയും ചെയ്യുന്നു.
ശക്തനാണ് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
പക്ഷേ അവസാനം പോരാടാനുള്ള ശേഷി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
മറുഭാഗത്ത് ഇസ്‌ലാമിക ലോകത്തു നിന്ന് ഉയരുന്ന ഗീതം ഇങ്ങനെയാണ്:
സൈന്യവും വേണ്ട ഏകാധിപത്യവും വേണ്ട
വേണ്ടത് മതേതരത്വമല്ല, മതാധിപത്യവുമല്ല
മാന്യതയും അന്തസ്സും മാനവികതയുമാണ്
ഇസ്‌ലാമിക ഈജിപ്ഷ്യന്‍ നാഗരികത....
ഈ ശബ്ദം മുഴങ്ങുന്നത് മൊറോക്കോയിലെയും തുനീഷ്യയിലെയും ശാന്തമായ അങ്ങാടികളിലും കാപ്പിക്കടയിലും മാത്രമല്ല, മറിച്ച് ഈജിപ്ഷ്യന്‍ ജയിലറകളിലും സിറിയന്‍ പീഡനമുറികളിലും ആവേശവും പ്രതീക്ഷയുമായി ഇതേ ഗീതം തന്നെയാണ് ഉയര്‍ന്നുപൊങ്ങുന്നത്.

ഈ രണ്ട് ഗാനങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. തോമസ് ഫ്രീഡ്മാന്റേത് അനുശോചന കാവ്യമാണ്. മറുഭാഗത്ത് ധീരന്മാരുടെ പാട്ടാണ്. ഒരു ഭാഗത്ത് ദുഃഖവും നിരാശയും നിറഞ്ഞ വൃദ്ധനായ ഒരു മനുഷ്യന്റെ വിലാപമാണ്. മറുഭാഗത്ത് മൂരി നിവര്‍ന്ന് ഉണര്‍ന്നെണീക്കുന്ന യുവാവിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും നിറഞ്ഞ ഗാനമാണ്. ഇതാണ് യഥാര്‍ഥത്തില്‍ പാശ്ചാത്യ നാഗരികതയും ഇസ്‌ലാമിക നാഗരികതയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. പാശ്ചാത്യര്‍ അവരുടെ വ്യവസ്ഥയിലും മൂല്യങ്ങളിലും സ്വയം നിരാശരാണ്. മറുഭാഗത്ത് ഇസ്‌ലാമിക ലോകത്തിന് ഇപ്പോഴും ഇസ്‌ലാമില്‍ അടിയുറച്ച വിശ്വാസമുണ്ട്. ഇസ്‌ലാമിലും ഇസ്‌ലാമിക വ്യവസ്ഥയിലും ഇസ്‌ലാമിക മൂല്യങ്ങളിലുമുള്ള മുസ്‌ലിംകളുടെ ആത്മവിശ്വാസം ലോകത്തുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ ബലപ്പെടുത്തുന്ന അനേകം സര്‍വേ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്, അതെല്ലാം ഉദ്ധരിക്കാന്‍ ഇവിടെ അവസരമില്ല.

ഇസ്‌ലാമുമായി ബന്ധം പുലര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിംകള്‍ ഭൗതികമായും പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്ര പുരോഗതിയുടെ ഗതിവേഗം പരിഗണിച്ചാല്‍ ഇറാന്‍ ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്താണ്.6 ഉര്‍ദുഗാന്‍ ഗവണ്‍മെന്റിനു കീഴില്‍ തുര്‍ക്കിയും, ഗവേഷണ ലേഖനങ്ങളുടെ എണ്ണത്തിലും അവയുടെ ഉയര്‍ന്ന നിലവാരത്തിലും അസാധാരണമായ വളര്‍ച്ചയാണ് കാണിക്കുന്നത്. തുര്‍ക്കി ലോകതലത്തില്‍തന്നെ ഇന്ന് എണ്ണപ്പെട്ട ഒരു വൈജ്ഞാനിക - ശാസ്ത്ര ശക്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.7 സ്ത്രീകളിലെ വൈജ്ഞാനികവും ഗവേഷണപരവുമായ അഭിരുചി പരിഗണിക്കുമ്പോള്‍ തുര്‍ക്കി ഇപ്പോള്‍ യൂറോപ്പില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. അതായത് വൈജ്ഞാനിക ഗവേഷണത്തില്‍ ഏര്‍പ്പെടുന്നതിലെ സ്ത്രീ അനുപാതത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ ഇംഗ്ലണ്ടിനേക്കാളും ഫ്രാന്‍സിനേക്കാളും വളരെ മുന്നിലാണ് തുര്‍ക്കി.8 ഭാവിയില്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്ന പതിനൊന്ന് പുതിയ രാജ്യങ്ങളില്‍ ഏഴും മുസ്‌ലിം രാജ്യങ്ങളാണ്.9

ഇസ്‌ലാമോഫോബിയയും അതിന്റെ അടിസ്ഥനത്തില്‍ രൂപപ്പെടുത്തുന്ന പോളിസികളും
മുകളില്‍ സൂചിപ്പിച്ച ഈ അവസ്ഥകളാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയ എന്നു വിളിക്കപ്പെടുന്ന സാമൂഹിക പ്രതിഭാസത്തിന് ജന്മം നല്‍കിയത്. ഇതേ അവസ്ഥ തന്നെയാണ് മധ്യപൗരസ്ത്യ നാടുകളിലെ രക്തച്ചൊരിച്ചിലിനുള്ള യഥാര്‍ഥ കാരണവും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള ശത്രുതക്ക് കാരണവും അതുതന്നെ. നിങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ഇരകളുടെയോ അതിന്റെ വക്താക്കളുടെയോ ഗ്രന്ഥങ്ങള്‍ വായിച്ചുനോക്കൂ. ഏതാനും തീവ്രവാദികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെ കുറിച്ചോ രക്തച്ചൊരിച്ചിലുകളെ കുറിച്ചോ ഉള്ള ആശങ്കയല്ല യഥാര്‍ഥത്തില്‍ അവരെ ഇസ്‌ലാംഭീതിയുടെ ഇരകളാക്കുന്നത്. മറിച്ച് അവരുടെ ഭയത്തിനുള്ള യഥാര്‍ഥ കാരണം മനസ്സുകളെ കീഴടക്കാനുള്ള ഇസ്‌ലാമിന്റെ സവിശേഷ ശേഷിയും അത് തടഞ്ഞില്ലെങ്കില്‍ പാശ്ചാത്യ സമൂഹത്തില്‍ ഇസ്‌ലാം അതിവേഗം പ്രചരിക്കുമെന്ന വസ്തുതയുമാണ്. ഉദാഹരണത്തിന് ഡേവിഡ് സെല്‍ബോണ്‍ എഴുതിയ10 he Losing Battle with Islam എന്ന കൃതിയില്‍, ഇസ്‌ലാമിനോട് യുദ്ധം ജയിക്കാന്‍ പാശ്ചാത്യ ലോകത്തിന് ഇപ്പോള്‍ സാധ്യമാകാത്തതിന്റെ പത്ത് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫ്രഞ്ച് ഗ്രന്ഥകാരനായ മിഷല്‍ ഹോയ്ല്‍ ബീഖിന്റെ Submission-ല്‍ 11, ഭാവിയില്‍ ഫ്രാന്‍സില്‍ ഇസ്‌ലാംവാദികളുടെ ഭരണം വരുമെന്ന് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം അതിഭാവുകത്വം കലര്‍ന്ന രചനകള്‍ പാശ്ചാത്യലോകത്തെ നയരൂപീകരണ വിദഗ്ധരെ ആഴത്തില്‍ സ്വാധീനിക്കുന്നു. ഡേവിഡ് സെല്‍ബോണ്‍ തന്നെ എഴുതിയ മറ്റൊരു ലേഖനത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ വിശദമായ ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറി തന്റെ ഈ നിരീക്ഷണത്തോട് യോജിപ്പ് പ്രകടിപ്പിച്ചതായി പറയുന്നുണ്ട്. ആ നിരീക്ഷണം ഇങ്ങനെയാണ്: ''കാര്യങ്ങള്‍ ഇപ്രകാരം മുന്നോട്ടു പോവുകയാണെങ്കില്‍ നമ്മുടെ കാലഘട്ടത്തിന്റെ ചരിത്രം ഇസ്‌ലാമിക ഖിലാഫത്തിന്റെ മേല്‍നോട്ടത്തില്‍ എഴുതേണ്ടിവരുന്ന ദിനം അത്ര വിദൂരമല്ല''.12 വന്‍ശക്തികള്‍ തങ്ങളുടെ പോളിസികള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ ഭയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പറഞ്ഞു വന്നത്. ഇസ്‌ലാംഭീതിയില്‍നിന്ന് രൂപപ്പെടുന്ന ഈ പോളിസിയുടെ പ്രധാന ഭാഗങ്ങള്‍ ഇനി പറയുന്നവയാണ്:

1. മുഴുവന്‍ ഇസ്‌ലാമേതര ലോകത്തും ഇസ്‌ലാം വെറുക്കപ്പെട്ടതാകുംവിധം ഇസ്‌ലാമിനെതിരായ ശക്തമായ പ്രചാരണം.
2. ഈ പ്രോപ്പഗണ്ടക്ക് ശക്തിപകരുന്ന വിധത്തിലുള്ള പണികള്‍ മുസ്‌ലിംകളെക്കൊണ്ടു തന്നെ ചെയ്യിക്കുകയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേര് കേള്‍ക്കുമ്പോഴേക്ക് ജനം ഭയപ്പെടുന്ന വിധത്തില്‍ ഇസ്‌ലാമിക പ്രദേശങ്ങളെ നരകമാക്കി മാറ്റുകയും ചെയ്യുക.
3. ഇസ്‌ലാമിക പ്രസ്ഥാനവുമായുള്ള ആളുകളുടെ ബന്ധം ദുര്‍ബലപ്പെടുത്തുകയും അതിലേക്ക് പോകാന്‍ സാധ്യതയുള്ളവര്‍ക്കായി അപകടകരമായ മറ്റു വാതിലുകള്‍ തുറന്ന് അവരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക.
4. മുസ്‌ലിംകളെ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ വിജയം സ്വപ്‌നം കാണുന്നവരെ പലതരം തമ്പുകളിലായി ശിഥിലീകരിക്കുക.
5. മുസ്‌ലിംകളുടെ ഇസ്‌ലാമുമായുള്ള, വിശേഷിച്ചും പ്രവാചകനുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുക.
6. തങ്ങളുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിച്ചുതരുന്നതിനും തങ്ങളുടെ ലക്ഷ്യങ്ങളെ സഹായിക്കുന്നതിനും ഇസ്‌ലാമിക രാജ്യങ്ങളില്‍ തങ്ങളുടെ പിണിയാളുകളുടെ ഭരണകൂടത്തെയും സൈന്യത്തെയും ഡീപ് സ്റ്റേറ്റിനെയും ശക്തിപ്പെടുത്തുക.

ഇത്തരത്തിലുള്ള മുഴുവന്‍ പോളിസികളെയും കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇവിടെ അവസരമില്ല. അതില്‍നിന്ന് ഒന്നോ രണ്ടോ പോളിസികളെ കുറിച്ച് മാത്രം അല്‍പം വിശദമായി ചര്‍ച്ച ചെയ്യാം.
അറബ് വസന്തത്തിന്റെ ഫലമായി മുഴുവന്‍ മധ്യപൗരസ്ത്യ നാടുകളും ഇസ്‌ലാമിക പ്രസ്ഥാനത്തിനു നേരെ തിരിയുകയും മിക്ക അറബ് രാജ്യങ്ങളിലും ഇസ്‌ലാം തല്‍പരരായ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാനുള്ള സാധ്യത തെളിയുകയും ചെയ്ത സന്ദര്‍ഭത്തില്‍ തന്നെയാണ് ദാഇശ് അഥവാ ഐ.എസ് എന്ന പ്രതിഭാസം ഉയര്‍ന്നുവരുന്നത് എന്ന കാര്യം യാദൃഛികമല്ല. തര്‍ജുമാനുല്‍ ഖുര്‍ആനില്‍13 പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ ഒരു ഇറാഖി ഇഖ്‌വാന്‍ നേതാവിനെ ഉദ്ധരിച്ചുകൊണ്ട് എഴുതിയത് ഇറാഖില്‍ ദാഇശിന്റെ അടിസഥാന ലക്ഷ്യം, ഇറാഖിലെ ഇഖ്‌വാനായിരുന്നുവെന്നാണ്. ഇതുപോലെ സിറിയയില്‍ ദാഇശിന്റെ വേട്ടക്ക് ഏറ്റവും കൂടുതല്‍ ഇരയായത് അവിടത്തെ ഇഖ്‌വാനികളായിരുന്നു. ഫലസ്ത്വീനില്‍ ഹമാസ് താവളങ്ങളില്‍ പോലും ദാഇശ് ആക്രമണം നടത്തിയതിന്റെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേലിനെതിരെ അവര്‍ എന്തെങ്കിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളില്ല.

ഇപ്രകാരം ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദ, സായുധ ഗ്രൂപ്പുകളുടെ രൂപീകരണവും അവര്‍ക്ക് തങ്ങളുടെ ഏജന്‍സികള്‍ വഴി സഹായം ചെയ്യലും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെയുള്ള ശത്രുക്കളുടെ ഏറ്റവും പ്രധാനവും ഫലപ്രദവുമായ സ്ട്രാറ്റജിയാണ്. ഒരേസമയം അതിലൂടെ അവര്‍ക്ക് പലതരം പ്രയോജനങ്ങളുണ്ട്. സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യം എക്കാലത്തും സാമ്രാജ്യത്വത്തെ ശക്തിപ്പെടുത്തുന്ന ഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. കോളനിവല്‍ക്കരണ കാലത്തും സാമ്രാജ്യത്വം ഇതേ തന്ത്രം സ്വീകരിച്ചിരുന്നു. നെപ്പോളിയന്‍ ഈജിപ്തില്‍ അധിനിവേശം നടത്തിയതിനു ശേഷം ഈ തന്ത്രമനുസരിച്ച് യഅ്ഖൂബ് മിസ്വരിയുടെ പ്രസ്ഥാനത്തിന് രൂപം നല്‍കി. ഫ്രാന്‍സ് അള്‍ജീരിയയില്‍ ഹറകികളുടെ പ്രസ്ഥാനത്തിനും അമേരിക്ക വിയറ്റ്‌നാമില്‍ തന്ത്രപരമായ ചേരികള്‍ക്കും രൂപം കൊടുത്തത് സമീപകാല ചരിത്രമാണ്. ഈ തീവ്രവാദ ഗ്രൂപ്പുകള്‍ കൊണ്ടുള്ള മറ്റൊരു പ്രയോജനം അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിനെതിരെ വെറുപ്പും ഭീതിയും ഉല്‍പാദിപ്പിക്കാനും ഇസ്‌ലാമിനെതിരായ പ്രചാരണത്തെ ശക്തിപ്പെടുത്താനും സഹായകമാവും എന്നതാണ്. അതിന്റെ മൂന്നാമത്തെ പ്രയോജനം ഇസ്‌ലാം ആഭിമുഖ്യമുള്ളവരെ തന്നെ അത് ശിഥിലീകരിക്കുമെന്നതാണ്. അതില്‍ ചിലത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കു തന്നെ പകരമാവുകയും പ്രസ്ഥാനങ്ങളുടെ ദിശ തെറ്റിച്ച് അവയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യും. നാലാമത്തെ പ്രയോജനം, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതു ജനാഭിപ്രായം രൂപപ്പെടുത്താനും അവരെ ശാരീരികമായും ധാര്‍മികമായും തളര്‍ത്താനും ഈ തീവ്രവാദ ഗ്രൂപ്പുകളെ വന്‍തോതില്‍ ഉപയോഗപ്പെടുത്താനാകുമെന്നതാണ്. അതിന്റെ അഞ്ചാമത്തെ പ്രയോജനം അവര്‍ വഴി വന്‍തോതിലുള്ള രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി, അവരെക്കുറിച്ച് ആലോചിക്കുമ്പോഴേക്ക് ഇതര ലോകം വിറകൊള്ളുമാറ് ഇസ്‌ലാമിക ലോകത്തെ നരകമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ന് ദാഇശ് പോലുള്ള ഗ്രൂപ്പുകളിലൂടെ നടന്നുകഴിഞ്ഞ കാര്യങ്ങളാണ്.
ഇപ്രകാരം ഇസ്‌ലാമിനെതിരായ പ്രവര്‍ത്തന തന്ത്രങ്ങളുടെ മറ്റൊരു പ്രധാന ഭാഗമാണ് ഇസ്‌ലാമിനോടുള്ള ഇസ്‌ലാമിന്റെ അനുയായികളുടെ ബന്ധം ദുര്‍ബലമാക്കുക എന്നത്. ഈ പണി അത്ര എളുപ്പമുള്ള ഒന്നല്ല. അതിനായി രൂപപ്പെടുത്തിയിട്ടുള്ള തന്ത്രം, ഇസ്‌ലാമിന്റെ പേര് ബാക്കിവെക്കുകയും, സംസ്‌കരണം എന്നോ പരിഷ്‌കരണം എന്നോ ഉള്ള പേരുകളില്‍ ഇസ്‌ലാമിന്റെ ചൈതന്യം ചോര്‍ത്തിക്കളയുകയും ചെയ്യുക എന്നതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് റാന്റ് കോര്‍പറേഷന്റെ റിപ്പോര്‍ട്ട് വലിയ പ്രസിദ്ധി നേടുകയുണ്ടായി. അതില്‍ സെക്യുലര്‍വാദികള്‍, പുരോഗമനവാദികള്‍, പാരമ്പര്യവാദികള്‍, മൗലികവാദികള്‍ എന്നിങ്ങനെ ഇസ്‌ലാമിനെ വിഭജിക്കുന്നുണ്ട്. എന്നിട്ട്, ആദ്യം സെക്യുലര്‍വാദികള്‍ പിന്നീട് പുരോഗമനവാദികള്‍ പിന്നീട് പാരമ്പര്യവാദികള്‍ എന്നിവരെ മുന്‍ഗണനാക്രമത്തില്‍ പിന്തുണക്കണമെന്നും അവരെയെല്ലാവരെയും ചേര്‍ത്തുപിടിച്ച് മൗലികവാദികളെ നേരിടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഈ തന്ത്രം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി വരുന്നുണ്ട്.14 അയാന്‍ ഹിര്‍സ് അലിയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ Heretic: Why Islam Needs A Reformation Now15 എന്ന കൃതില്‍ ഇസ്‌ലാമില്‍ ആവശ്യമായ പരിഷ്‌കരണങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അഞ്ച് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന്, മുസ്‌ലിംകള്‍ പാരത്രിക ജീവിതത്തിന് ലൗകിക ജീവിതത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ഉപേക്ഷിക്കണം. രണ്ട്, ശരീഅത്ത് നിയമങ്ങളെ മാറ്റി നിര്‍ത്തി സെക്യുലര്‍ നിയമങ്ങളെ ആദരിക്കാന്‍ പഠിക്കണം. മൂന്ന്, എന്ത് ധരിക്കണം, എങ്ങനെ ഭക്ഷിക്കണം എന്നെല്ലാം മുസ്‌ലികളോടും അമുസ്‌ലിംകളോടും ആവശ്യപ്പെടുന്നത് നിര്‍ത്തണം. നാല്, ജിഹാദ് എന്ന സങ്കല്‍പം ഉപേക്ഷിക്കണം. അഞ്ച്, മുഹമ്മദ് നബിയുടെ വാക്കുകള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ആവാമെന്നും അദ്ദേഹം പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല എന്നും എല്ലാവരും അംഗീകരിക്കണം.

ഇതില്‍ അഞ്ചാമത് പറഞ്ഞത്, അതായത് അല്ലാഹുവിനെയും റസൂലിനെയും വേര്‍പ്പെടുത്തുക എന്നത് ഇന്ന് ലോകവ്യാപകമായി മുസ്‌ലിംകള്‍ക്കിടയില്‍ വന്‍പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഹദീസിനും പ്രവാചകചര്യക്കും തോന്നിയ വ്യാഖ്യാനം ചമയ്ക്കാനുള്ള വഴി എളുപ്പമാക്കാന്‍ വേണ്ടി പുതിയ പുതിയ തത്ത്വങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പുതിയതും പടിഞ്ഞാറിന് പ്രിയങ്കരവുമായ ഇസ്‌ലാമിന്റെ ഈ വ്യാഖ്യാനങ്ങളിലേക്ക് പ്രത്യേകിച്ചും യുവാക്കള്‍ ഇന്ന് വന്‍തോതില്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്.

ഇത്തരം അവസ്ഥയില്‍ നമ്മുടെ പ്രവര്‍ത്തന പദ്ധതിയും തന്ത്രവും എന്തായിരിക്കണമെന്നതാണ് ഉയരുന്ന ചോദ്യം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങള്‍ തന്നെയാണ് ഈ അവസ്ഥയിലും നമുക്ക് നിര്‍വഹിക്കാനുള്ളത്. അതിലൊന്ന് അമുസ്‌ലിം ലോകത്തിന് ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി പരിചയപ്പെടുത്തുക എന്നതാണ്. മറ്റൊന്ന്, തങ്ങളുടെ മതം ആത്മവിശ്വാസത്തോടെ ഉയര്‍ത്തിപ്പിടിക്കാനും അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഉപകരണമാകാതിരിക്കാനും ആവശ്യമായ ചിന്താപരമായ ശിക്ഷണവും പരിശീലനവും മുസ്‌ലിംകള്‍ക്ക് നല്‍കുക എന്നതാണ്.

യുവാക്കളില്‍ തീവ്രവാദം വളര്‍ത്തുക എന്നതാണ് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും നേരെയുള്ള ശത്രുക്കളുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. ഭാവിയിലും കുറേ വര്‍ഷത്തേക്ക് അവരുടെ കൈയിലെ പ്രധാന ആയുധം അതു തന്നെയായിരിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. അതിനാല്‍ അതില്‍നിന്നു തന്നെയാണ് നാമും നമ്മുടെ അജണ്ട രൂപപ്പെടുത്തേണ്ടത്. അക്രമമുക്തവും സമാധാനപരവുമായ പ്രബോധനമാണ് ഒന്നാം തീയതി മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രീതിശാസ്ത്രമെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, അനീതിയെയും അക്രമത്തെയും കുറിച്ചുള്ള നിരന്തരമായ മുറവിളികളും ഗൂഢാലോചനയെ കുറിച്ച അതിഭാവുകത്വം കലര്‍ന്ന വിവരണങ്ങളും തങ്ങളുടെ ചെറുതും വലുതുമായ ദൗര്‍ബല്യങ്ങളുടെ ഉത്തരവാദിത്തം മറ്റുള്ളവരിലും അവരുടെ ഗൂഢാലോചനകളിലും ചുമത്തുന്നതും ശത്രുക്കളുടെ ശക്തി പെരുപ്പിച്ചു മനസ്സിലാക്കി സ്വന്തം ദൗര്‍ബല്യത്തെയും നിസ്സഹായതയെയും കുറിച്ച് പരിധിവിട്ട് വിലപിക്കുന്നതും സാധാരണ യുവാക്കളില്‍ യാഥാര്‍ഥ്യബോധമില്ലാത്ത ഒരുതരം ഇരബോധം വളര്‍ത്തുകയും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി അവരെ മാറ്റുകയും ചെയ്യും. അത്തരം അവസ്ഥകളില്‍ അവരെ തീവ്രവാദ ആശയങ്ങളും പ്രവണതകളും കീഴടക്കാന്‍ വളരെ എളുപ്പമാണ്. ഇവിടെ ഏറ്റവും ആവശ്യമായിട്ടുള്ളത് ഇസ്‌ലാമിന് ശോഭനമായ ഭാവിയുണ്ടെന്നും അതിന്റെ പേറ്റുനോവിലൂടെയാണ് സമൂഹം ഇപ്പോള്‍ കടന്നുപോകുന്നതെന്നും പ്രയാസത്തിനു ശേഷം എളുപ്പമുണ്ടാക്കുക എന്നത് അല്ലാഹുവിന്റെ നടപടിക്രമമാണെന്നുമുള്ള ഉറച്ച വിശ്വാസം സ്വന്തത്തിലും യുവാക്കളിലും വളര്‍ത്തിയെടുക്കുകയാണ്. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ യാഥാര്‍ഥ കാരണം ഇസ്‌ലാമിന്റെ സ്വാധീനം വര്‍ധിക്കുന്നതു കണ്ട് ശത്രുക്കളുടെ ആത്മവിശ്വാസം ചോര്‍ന്നു പോയതാണെന്നും നമ്മെ സംബന്ധിച്ചേടത്തോളം ഇത് അപ്രതീക്ഷിതമല്ലെന്നുമുള്ള ഉറച്ച ബോധ്യവും അവരില്‍ ഉണ്ടാക്കേണ്ടതുണ്ട്. കാരണം അല്ലാഹുവിന്റെ റസൂലിന്റെ ഒരു പ്രവചനം ഇങ്ങനെയാണ്: ''ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ഖബ്‌റിന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍, 'എന്റെ സ്ഥാനം ഈ ഖബ്‌റായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്ന് ആ മനുഷ്യന്‍ ആഗ്രഹിക്കുന്ന കാലം വരെ അന്ത്യദിനം സംഭവിക്കുകയില്ല.'' ആ കാലത്ത് ഹര്‍ജ് അതായത് കൊലപാതകം വര്‍ധിക്കുമെന്നും ആ പ്രവചനത്തിലുണ്ട്. ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ ഇഛയാണ് എന്നാണ് അതില്‍നിന്ന് മനസ്സിലാക്കേണ്ട പാഠം. അല്ലാഹു മോശം അവസ്ഥയില്‍നിന്നും നല്ല അവസ്ഥ സ്യഷ്ടിക്കും: ''നിങ്ങള്‍ക്ക് അനിഷ്ടകരമായ കാര്യം ഗുണകരമായേക്കാം. മോശപ്പെട്ട കാര്യം ഗുണകരവും ആയേക്കാം. അല്ലാഹു അറിയുന്നു, എന്നാലോ നിങ്ങള്‍ അറിയുന്നില്ല'' (2/216). ''എന്റെ നാഥന്‍ നിങ്ങളാരും വിചാരിക്കാത്ത ആസൂത്രണത്തിലൂടെ തന്റെ ഇഛ പൂര്‍ത്തീകരിക്കുന്നു. നിസ്സംശയം, അല്ലാഹു അറിയുന്നവനും യുക്തിജ്ഞനുമത്രെ'' (യൂസുഫ്). അല്ലാഹു പ്രവാചകന്‍ യൂസുഫിനെ ഈജിപ്തിന്റെ സിംഹാസനത്തിലേക്ക് ഉയര്‍ത്തിയത് കന്‍ആനിലെ ഒരു ഇരുളടഞ്ഞ കിണറില്‍നിന്നാണ്. ഇപ്പോഴത്തെ തകര്‍ച്ചയുടെ വഴിയിലൂടെ ഉത്ഥാനത്തിന്റെയും അഭിമാനത്തിന്റെയും അറിയപ്പെടാത്ത ഏതേത് ലക്ഷ്യത്തിലേക്കാണ് അല്ലാഹു നമ്മെ വഴിനടത്തുന്നത് എന്ന് നമുക്ക് എങ്ങനെ അറിയാനാണ്! നാം അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് വേണ്ടത്. എന്തുകൊണ്ടെന്നാല്‍ സൃഷ്ടികള്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചാല്‍ അല്ലാഹു അവരോട് നല്ല നിലയിലേ വര്‍ത്തിക്കൂ. തീര്‍ച്ചയായും വിവിധ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ലോകത്തിന്റെ മുഴുവന്‍ കാര്യങ്ങളും നടക്കുന്നത് ആ ഗൂഢാലോചനകള്‍ക്കനുസരിച്ചായിരിക്കും എന്ന് നാം ഒരിക്കലും കരുതേണ്ട. ഗൂഢാലോചനയുടെ വിജയത്തിനും ഒരു പരിധിയുണ്ട്. അവരുടെ ഗൂഢാലോചന വിജയിക്കാം, പരാജയപ്പെടാം. അത് സയണിസ്റ്റുകളുടെ ഗൂഢാലോചനയായാലും ലോക വന്‍ശക്തിയുടെ ഗൂഢാലോചന ആയാലും. അവരും അടിസ്ഥാനപരമായി അല്ലാഹുവിന്റെ ദുര്‍ബലരായ സൃഷ്ടികളാണ്. അല്ലാഹുവിന്റെ അപാരമായ ശക്തിക്കും ഇഛക്കും മുമ്പില്‍ അവരും നമ്മളെപ്പോലെ നിസ്സഹായരാണ്. എന്നല്ല ഒരുപക്ഷേ അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ നിസ്സഹായരാണ്. എന്തുകൊണ്ടെന്നാല്‍ പിശാചിന്റെ കുതന്ത്രം ദുര്‍ബലമാണ്, സംശയമില്ല സത്യനിഷേധികളുടെ ഗൂഢതന്ത്രങ്ങള്‍ ദുര്‍ബലമാക്കുന്നവനാണ് അല്ലാഹു, അല്ലാഹു ഏറ്റവും നല്ല ഗൂഢതന്ത്രം മെനയുന്നവനാണ് എന്നെല്ലാം പറഞ്ഞത് പരിശുദ്ധ ഖുര്‍ആനാണല്ലോ.
ലോകത്തുടനീളം ഇസ്‌ലാമിന് ധാരാളം അവസരം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ലോകമെങ്ങും ഇസ്‌ലാമിനോടുള്ള താല്‍പര്യം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമുള്ള വസ്തുത നാം നമ്മുടെ യുവാക്കെള വിശദമായി പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
തീവ്ര ചിന്താഗതികളില്‍നിന്നും അക്രമ വാസനകളില്‍നിന്നും നാം നമ്മുടെ യുവാക്കളെ രക്ഷിച്ചെടുക്കുന്നതോടൊപ്പം സന്തുലിതത്വത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അനീതികളില്‍നിന്നും തീവ്രതകളില്‍നിന്നും കൂടി അവരെ നാം രക്ഷപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രവാചകത്വസങ്കല്‍പമാണ് ഇപ്പോള്‍ ഇസ്‌ലാംവിരുദ്ധ ശക്തികളുടെ ഒന്നാമത്തെ ആക്രമണ ലക്ഷ്യമായിരിക്കുന്നത്. ഹദീസും പ്രവാചകചര്യയും പ്രമാണമല്ലെന്ന വാദമാണ് ഈ ആക്രമണത്തിന്റെ ഒരു രീതി. അതിനോട് സഹിഷ്ണുത പറ്റില്ല. അവ പ്രമാണം തന്നെയാണെന്ന് സ്ഥാപിക്കാന്‍ വിശാലമായ പഠന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിനെതിരെ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന പുതിയ സാഹചര്യത്തില്‍ ഇജ്തിഹാദിന്റെയും സ്വതന്ത്ര ചിന്തയുടെയും താല്‍പര്യങ്ങളെ സന്തുലിതമായും സമചിത്തതയോടു കൂടിയും ശരിയായ ഇസ്‌ലാമിക ചിന്തയുടെ വെളിച്ചത്തില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
ഇന്ന് ഇസ്‌ലാമിക ലോകം യുവാക്കളുടെ ലോകമാണ്. ഇസ്‌ലാമിക ലോകത്തെ അറുപത് ശതമാനം ജനങ്ങളും മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ലോകത്തിലെ മൊത്തം യുവാക്കളില്‍ മുസ്‌ലിം യുവാക്കളുടെ അനുപാതം ഏകദേശം എഴുപതു ശതമാനമാണ്. ഈ യുവാക്കളുടെ ആശ്രയമാവുകയും അവരെ ശരിയും സന്തുലിതവുമായ രചനാത്മക വഴിയിലേക്ക് നയിക്കുകയും അവരുടെ ശക്തി ഇസ്‌ലാംവിരുദ്ധരുടെ കൈകളിലെത്താതെ സംരക്ഷിക്കുകയും ശരിയായ ലക്ഷ്യത്തിന് അവരെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ നാം വിജയിച്ചാല്‍ നമ്മുടെ മാര്‍ഗം എളുപ്പമായിത്തീരും.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതുവായ സ്ട്രാറ്റജിയെ സംബന്ധിച്ചേടത്തോളം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ മാറ്റം അത് ആവശ്യപ്പെടുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ നാം പുതിയ വഴി കണ്ടെത്തണമെന്നാണ് അത് ആവശ്യപ്പെടുന്നത്. തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനം വഴികാണിക്കുന്നുണ്ട്. തുനീഷ്യയിലും ആ മോഡല്‍ അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പല പ്രശ്‌നങ്ങളില്‍നിന്നും രക്ഷിച്ചു. പ്രസ്തുത മോഡലിന്റെ ചില സവിശേഷതകള്‍ കൂടി വ്യക്തമാക്കുകയാണ്:

1. സമ്പൂര്‍ണ വിപ്ലവത്തെക്കുറിച്ച മുദ്രാവാക്യങ്ങളില്‍ കടുംപിടിത്തം കാണിക്കുന്നതിനു പകരം ക്രമപ്രവൃദ്ധമായ പ്രവര്‍ത്തനപാത സ്വീകരിക്കുകയും ആന്ത്യന്തികലക്ഷ്യത്തില്‍ കണ്ണ് വെക്കുന്നതോടൊപ്പം ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമായ മാറ്റങ്ങളില്‍ ഊന്നുകയും ചെയ്യുക.
2. ഇസ്‌ലാമിനെയും ഇസ്‌ലാമിക മൂല്യങ്ങളെയും സാമൂഹികതലത്തില്‍ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സാധ്യമായ വശത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. സമ്പൂര്‍ണ വിപ്ലവം പ്രതീക്ഷിച്ചുകൊണ്ട് സാധ്യമായ ഭാഗിക മാറ്റത്തെ അവഗണിക്കാതിരിക്കുക. എന്തുകൊണ്ടെന്നാല്‍ മാറ്റം ക്രമപ്രവൃദ്ധമായും ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിലും മാത്രമേ നടക്കൂ.
3. സംഘര്‍ഷത്തിനു പകരം സമവായത്തിലൂടെ മുന്നോട്ടു പോവുക. ഇസ്‌ലാംവിരുദ്ധ ശക്തികളോടു പോലും രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ഭാഗികമായ നന്മ പ്രതീക്ഷിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.
4. എല്ലാ മുസ്‌ലിംകളെയും സ്വന്തക്കാരായി മനസ്സിലാക്കുകയും സംഘടനാപരവും വീക്ഷണപരവുമായ പക്ഷപാതിത്വങ്ങളില്‍നിന്ന് മുക്തമായി മുഴുവന്‍ മുസ്‌ലിം സമൂഹത്തിനും നേതൃത്വം നല്‍കുകയും ചെയ്യുക.
5. ഇസ്‌ലാമിന്റെ പേര് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെങ്കില്‍ ഇസ്‌ലാമിക ലക്ഷ്യങ്ങളെയും ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയും ഇസ്‌ലാമിന്റെ പേരില്‍തന്നെ രാഷ്ട്രീയം സാധ്യമാകുന്ന സാഹചര്യം സ്യഷ്ടിക്കുകയും ചെയ്യുക.
6. ജനസേവനത്തിലൂടെയും പൊതുജന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെയും സാമൂഹിക ശക്തി സമാര്‍ജിക്കുകയും ഈ സാമൂഹിക ശക്തിയെ ക്രമപ്രവൃദ്ധമായി രാഷ്ട്രീയ ശക്തിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക.

 

വിവ: കെ.ടി ഹുസൈന്‍
(അടുത്ത് പ്രസിദ്ധീകരിക്കുന്ന സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ പുതിയ കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം എന്ന പുസ്തകത്തില്‍നിന്ന്)

 

കുറിപ്പുകള്‍
1. Arthur C. Brooks, An Aging Europe in Decline, in New York Times, Januray 7, 2015, with reference to United States Censues Bureau, International Database

2. ഈ പോളിസി മനസ്സിലാക്കാന്‍ വായിക്കുക- Olivier Roy-യുടെ he Politics of Chaos in the Middle East, Columbia University Press, Columbia 2009.  ഈ ഗ്രന്ഥകാരന്‍ നല്‍കുന്ന പ്രധാന ഉപദേശം അമേരിക്ക അല്‍ഖാഇദയെ വിട്ട് ഇഖ്‌വാന്റെയും ഹമാസിന്റെയും പിന്നാലെ കൂടണമെന്നാണ്.
3. Eric Kaufmann, Shall the Religions Inherit the Earth? Demography and Politics in Twenty First Century, Profile Books, London 2011
4. ‘Financial Crisis, Gordon Brown Calls for New Brettonwoods’, The Telegraph, October 2008
5. Thomas Friedman and Michael Mandelbaum, That Used to Be Us, Little Brown, London 2011 pages 240-241
6. Andy Coghlan, Iran is Top of the World in Science Growth, New Scientist
7. https/www.elsevier.com
8. European Commission, Directorate General of Research and Innovation, Report, She Figures 2015 Gender Research and Innovation
9. Glodman Sachs, Brics and Beyond, Chapter 13 Beyond the Brics, a look at the next 11 pages 160-164
10. David Selbourne, The Losing Battle with Islam, Prometheus Books, New York 2005
11. Michel Houellebecq, Submission (kindle edition)
12. David Selbourne, The Challenge of Islam, in The New Statesman, London 2014
13. തര്‍ജുമാനുല്‍ ഖുര്‍ആന്‍ ലാഹോര്‍ 2015
14. Cheryl Benard, Civil Democratic Islam: Partners, Resoures and Strategies, Santa Monica Ca 2003, Resources ttle
15. Ayan Hirsi Ali, Heretic: Why Islam Needs A Reformation Now, Harper Collins, New York 2015

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌