ഫിത്വ്‌റ ദര്‍ശനം
[ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 8]
മനുഷ്യനെ സംബന്ധിച്ച് ഇബ്‌നുതൈമിയ്യ ഊന്നിപ്പറയുന്ന വളരെ സുപ്രധാനമായ ആശയം അവന്/അവള്‍ക്ക് സവിശേഷമായ ഫിത്വ്‌റ (നൈസര്‍ഗിക പ്രകൃതം) ഉണ്ട് എന്നതാണ്. 'നീ നിന്റെ മുഖം ഈ വിശ്വാസ ദര്‍ശനത്തിനു നേരെ ഉറപ്പിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതത്തിലാണോ ആ പ്രകൃതം തന്നെയാണത്' (30:30) എന്ന ഖുര്‍ആന്‍ വാക്യവും, 'ശുദ്ധപ്രകൃത (ഫിത്വ്‌റ)ത്തോടെയാണ് ഓരോ കുഞ്ഞും പിറന്നു വീഴുന്നത്, അവനെ ക്രിസ്ത്യാനിയോ ജൂതനോ മജൂസിയോ ഒക്കെ ആക്കിത്തീര്‍ക്കുന്നത് അവന്റെ മാതാപിതാക്കളാണ്' (ബുഖാരി) എന്ന നബിവചനവും വെച്ച് ഇബ്‌നുതൈമിയ്യ സ്ഥാപിക്കുന്നത് ഈ ഫിത്വ്‌റയോടു കൂടിയല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല എന്നാണ്. ഇസ്‌ലാമിലേക്കാവും ഈ ഫിത്വ്‌റ അവനെ/അവളെ വഴിനടത്തുക. ഈ വിഷയം നാം നേരത്തേ സൂചിപ്പിച്ചതാണ്. മനുഷ്യന്റെ മൗലിക ഫിത്വ്‌റയില്‍ എന്തുകൊണ്ട് ഇസ്‌ലാം സ്ഥാനപ്പെടുന്നു എന്നതിന് യുക്തിസഹമായ ന്യായീകരണം കണ്ടെത്താനാവുമെന്ന് ഇബ്‌നുതൈമിയ്യ സമര്‍ഥിക്കുന്നു. മനുഷ്യമനസ്സില്‍ നൈസര്‍ഗികമായി തന്നെ ചില ആശയങ്ങളുണ്ട്. ദെക്കാര്‍ത്ത് അതിനെ വിശേഷിപ്പിക്കുന്നത് സ്വതഃസിദ്ധ (Self-evident) വും അനിവാര്യ(Necessary) വും ആയവ എന്നാണ്. സകല മനുഷ്യാനുഭവങ്ങള്‍ക്കും അപ്പുറമുള്ള ജ്ഞാനം (Priori) എന്നാണ് ഇമ്മാനുവല്‍ കാന്റ് അതിനെ വിളിക്കുക. ഇവയില്‍ ചിലതൊക്കെ അരിസ്റ്റോട്ടില്‍ തന്റെ ന്യായവാദ(Logic)ത്തിനും മറ്റു ചിലത് ഗണിത ശാസ്ത്രങ്ങള്‍ക്കും അടിസ്ഥാനമാക്കിയിട്ടുണ്ട്. ധാര്‍മികതയുടെ അടിസ്ഥാനവും ഇത്തരം സ്വതഃസിദ്ധ ജ്ഞാനങ്ങളാണെന്നും അദ്ദേഹം പറയുന്നു. സ്രഷ്ടാവിലുള്ള വിശ്വാസം എന്നത് ഇത്തരം ഫിത്വ്‌റാ ജ്ഞാനങ്ങളിലൊന്നാണെന്ന് ഇബ്‌നുതൈമിയ്യ വ്യക്തമാക്കുന്നു.
ഇതു സംബന്ധമായി കുറച്ച് കാര്യങ്ങള്‍ നാം മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇബ്‌നുതൈമിയ്യയുടെ ഫിത്വ്‌റ ദര്‍ശനം കുറേക്കൂടി ആഴമുള്ളതാണെന്ന് നാം മനസ്സിലാക്കണം. ദൈവം ഏകനാണ്, നമ്മുടെ സങ്കല്‍പ്പത്തിലുള്ള സകല പൂര്‍ണതകളുടെയും ഉടയവനാണ് അവന്‍, നമുക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നാമവനോട് നന്ദി പ്രകാശിപ്പിക്കണം, അവനെ മഹത്വപ്പെടുത്തണം, ആരാധിക്കണം, അവന് വിധേയപ്പെടണം- ഈ ആശയങ്ങളെല്ലാം മനുഷ്യ ഫിത്വ്‌റയുടെ ഭാഗം തന്നെയാണെന്നാണ് ഇബ്‌നുതൈമിയ്യ സമര്‍ഥിക്കുന്നത്. ജൈവികവും സാമൂഹികവും മനശ്ശാസ്ത്രപരവുമായ തലങ്ങളുമുണ്ട് ഫിത്വ്‌റക്ക്. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന് പറയുമ്പോള്‍, അവന്/അവള്‍ക്ക് ജൈവികവും മനശ്ശാസ്ത്രപരവുമായ ചില ആവശ്യങ്ങള്‍ ഉണ്ടാവും. അവ വേണ്ട രീതിയില്‍ നിവര്‍ത്തിച്ചുകൊടുക്കേണ്ടതായി വരും. ഇതും ഫിത്വ്‌റയുടെ ഭാഗം തന്നെയാണ്. സര്‍വതലസ്പര്‍ശിയായ ഈ ഫിത്വ്‌റയാണ് ഇസ്‌ലാമിന്റെ അടിത്തറ എന്നു പറയുന്നത്. ഈ ഫിത്വ്‌റയെ മാറ്റണമെന്നല്ല, അതിനെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ഇബ്‌നുതൈമിയ്യക്കു മുമ്പ് ഒരു പണ്ഡിതനും ഫിത്വ്‌റയെ ഇത്ര ആഴത്തില്‍ വ്യാഖ്യാനിച്ചിട്ടില്ല.
മനുഷ്യന്‍ ഒരു നിര്‍ണിത വൃത്തത്തില്‍ സ്വതന്ത്രനാണ്. അവന്‍ ചെയ്യുന്ന പ്രവൃത്തികള്‍ അവന്റെ തന്നെ പ്രവൃത്തികളാണ്. അവയുടെ ഏജന്‍സി മറ്റാരുമല്ല. അതിനാല്‍ ആ പ്രവൃത്തികള്‍ക്ക് അവന്‍ ഉത്തരവാദിയാണ്. ഇതും ഫിത്വ്‌റയുടെ പരിധിയില്‍ വരുന്ന ആശയമാണ്. നിര്‍ണിത പരിധികള്‍ക്കകത്തെ സ്വാതന്ത്ര്യം, ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്തമേല്‍ക്കല്‍ എന്നിവ മനുഷ്യമനസ്സാക്ഷിയുടെ അടര്‍ത്തിമാറ്റാനാവാത്ത ഭാഗങ്ങളാണ്. ഫിത്വ്‌റയുടെ തന്നെ ഭാഗമായ 'ദൈവമാണ് സര്‍വശക്തന്‍' എന്ന ആശയവുമായി ഇതൊരിക്കലും കൊമ്പുകോര്‍ക്കുന്നില്ല. ഈ ആശയങ്ങളെല്ലാം സമഞ്ജസമായി മേളിച്ചിരിക്കും ഫിത്വ്‌റ എന്ന ഈ സാകല്യത്തില്‍. ഒന്ന് മറ്റൊന്നിന് വിരുദ്ധമാവുകയില്ല. അതിലെ ഓരോ ആശയവും യഥാര്‍ഥ രീതിയില്‍ മനസ്സിലാക്കിയിരിക്കണമെന്നു മാത്രം. ഇതാണ്, 'മനുഷ്യനെ നാം മികവുറ്റ രീതിയില്‍ സൃഷ്ടിച്ചു' എന്ന് ഖുര്‍ആന്‍ (95:4) പറഞ്ഞതിന്റെ അര്‍ഥം. ദൈവത്തിന്റെ സര്‍വശക്തിത്വ(Omnipotence)വും മുന്‍കൂട്ടി വിധിക്കലും (Fore-Ordainment) മനുഷ്യ സ്വാതന്ത്ര്യത്തിനോ പ്രവൃത്തികളുടെ ഉത്തരവാദിത്തമേല്‍ക്കുന്നതിനോ തടസ്സമാവുകയില്ല. എല്ലാം നേരത്തേ തീരുമാനിക്കപ്പെട്ട വിധിപ്രകാരം നടക്കുകയാണ്, മനുഷ്യന് ഇഛാസ്വാതന്ത്ര്യം തന്നെയില്ല എന്ന ചിത്തസ്വാതന്ത്ര്യനിഷേധവാദ(Determinism) ത്തിന് ഫിത്വ്‌റയില്‍ യാതൊരു സ്ഥാനവുമില്ല. ആ ആശയത്തെ ഖുര്‍ആനും നബിചര്യയും തള്ളിക്കളയുകയും ചെയ്യുന്നു. ദൈവത്തിന്റെ സര്‍വശക്തിത്വത്തെ പരിമിതപ്പെടുത്തി, അവന്റെ ശക്തിയുടെയും മുന്‍കൂട്ടി വിധിക്കലിന്റെയും പരിധിക്കു പുറത്താണ് മനുഷ്യപ്രവൃത്തികള്‍ എന്ന മുഅ്തസിലി ആത്യന്തികവാദവും തള്ളപ്പെടേണ്ടതുതന്നെ. താന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ തെരഞ്ഞെടുക്കാനും ചെയ്യാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതും, ദൈവേഛയാലും ശക്തിയാലുമാണ് ആ പ്രവൃത്തി സംഭവിക്കുന്നത് എന്ന് പറയുന്നതും തമ്മില്‍ വൈരുധ്യമില്ല. പ്രവൃത്തികള്‍ ചെയ്യുന്നത് മനുഷ്യന്‍ തന്നെയാണ്; പ്രവൃത്തികളുടെ സ്രഷ്ടാവ് ദൈവവും.
അശ്അരി വിഭാഗത്തിനും ഈ വിഷയത്തില്‍ തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ ദൈവത്തിന്റെ സര്‍വശക്തിത്വത്തെ ആവശ്യത്തിലധികം ഊന്നിപ്പറഞ്ഞ് മനുഷ്യന് ഇഛാസ്വാതന്ത്ര്യം തന്നെയില്ല എന്ന നിലയില്‍ കൊണ്ടെത്തിച്ചു. മനുഷ്യപ്രവൃത്തികളുടെ സ്രഷ്ടാവ് ദൈവമായതിനാല്‍, വലിയൊരു പരിധിയോളം പ്രവൃത്തികള്‍ ചെയ്യുന്നതും ദൈവം തന്നെയല്ലേ എന്നവര്‍ വ്യാഖ്യാനിച്ചു. കര്‍ത്താവ്/പ്രവര്‍ത്തിക്കുന്നവന്‍ (Agent) ഒറ്റൊന്നേയുള്ളൂ, അത് ദൈവമാണ് എന്നു വരെ അവരില്‍ ചിലര്‍ പറഞ്ഞു കളഞ്ഞു. ഈ വാദം സാമാന്യ യുക്തിക്ക് നിരക്കുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇബ്‌നുതൈമിയ്യ ചൂണ്ടിക്കാട്ടി. പലതരം പ്രവൃത്തികളും എടുത്തുകാണിച്ച് അവ ചെയ്യുന്നത് മനുഷ്യന്‍ തന്നെയാണെന്ന് യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാത്തവിധം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. ഒറ്റ ദിവ്യകര്‍തൃത്വം (Single Divine Agency) മാത്രമേയുള്ളൂ എന്ന വാദം ഒടുവില്‍ എത്തിച്ചേരുക ദൈവമല്ലാതെ മറ്റൊന്നുമില്ല (അദൈ്വതം) എന്ന സ്വൂഫി-ഫലാസിഫ വാദത്തിലേക്കായിരിക്കുമെന്നും ഇബ്‌നുതൈമിയ്യ മുന്നറിയിപ്പ് നല്‍കുന്നു. ശരിയായ വീക്ഷണമായി ഇബ്‌നുതൈമിയ്യ അവതരിപ്പിക്കുന്നത് ഇതാണ്: ദൈവേഛയും മനുഷ്യേഛയും രണ്ടും ഉണ്ട്. അവ തമ്മില്‍ ഒരു വൈരുധ്യവും ഇല്ല.
തത്ത്വജ്ഞാനികളെ സംബന്ധിച്ചേടത്തോളം, മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും സംതൃപ്തിയുടെ പാരമ്യവും കുടികൊള്ളുന്നത് യുക്തിയുടെ പൂര്‍ണതയിലാണ്. അതായത് പരമമായ യാഥാര്‍ഥ്യങ്ങളെ മനുഷ്യന്‍ ഉള്‍ക്കൊള്ളുകയും അവയെ ധ്യാനിക്കുകയും ചെയ്യുമ്പോള്‍. ഇത് ദൈവത്തെ അനുകരിക്കലാണെന്നും അവര്‍ വിശ്വസിക്കുന്നു. അവരെ സംബന്ധിച്ചേടത്തോളം ഈ സ്വയം ചിന്തയും ധ്യാനവും തന്നെയാണ് ദൈവം എന്നു പറയുന്നത്. സ്വൂഫികളെ സംബന്ധിച്ചേടത്തോളം, മനുഷ്യന്റെ പരമാനന്ദം കുടികൊള്ളുന്നത് യാഥാര്‍ഥ്യ(ഹഖ്)ത്തിന്റെ നേരറിവില്‍(മആരിഫ്) ആണ്. സ്വ സ്വത്വത്തെ ഇല്ലായ്മ ചെയ്തും (ഫനാ), അതിനെ ദൈവത്തില്‍ ലയിപ്പിച്ചും (ജംഅ്) എല്ലാം ഒന്നെന്ന വിതാനത്തില്‍ (വഹ്ദതുല്‍ വുജൂദ്) എത്തിച്ചേരുന്നു. തത്ത്വജ്ഞാനികളുടെ ജീവിതലക്ഷ്യം അവരുടെ അതിഭൗതിക ശാസ്ത്ര (Metaphysics) ത്തില്‍നിന്ന് വരുന്നതാണ്; സ്വൂഫികളുടേത് അവരുടെ നിഗൂഢാനുഭവങ്ങളില്‍നിന്നും.
ഇബ്‌നുതൈമിയ്യ സമര്‍ഥിച്ചുറപ്പിക്കുന്നത്, അതിഭൗതിക ശാസ്ത്രത്തിലൂടെയോ നിഗൂഢാനുഭവങ്ങളിലൂടെയോ ഒന്നും സ്ഥാപിച്ചെടുക്കാവുന്നതല്ല ഇത്തരം കാര്യങ്ങള്‍ എന്നാണ്. യുക്തിക്കോ അനുഭവങ്ങള്‍ക്കോ ജീവിതലക്ഷ്യം എന്ത് എന്ന് നിര്‍ണയിക്കാനുള്ള യോഗ്യതയോ ശേഷിയോ ഇല്ല. പിന്നെ എന്തിന് അത്തരം ആശയങ്ങളെ എഴുന്നള്ളിച്ചു കൊണ്ടുവരണം! ഖുര്‍ആനും നബിചര്യയും ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ടല്ലോ. ഖുര്‍ആനും സുന്നത്തും നേര്‍ക്കുനേരെ പറയുന്ന കാര്യം, മനുഷ്യന്‍ ദൈവത്തിന്റെ ദാസന്‍ (അബ്ദ്) ആണ് എന്നതാണ്. ദൈവത്തിന് വഴിപ്പെടുക എന്നതാണ് മനുഷ്യന്റെ നിയോഗലക്ഷ്യം. ദൈവത്തെ ആരാധിച്ചും വഴിപ്പെട്ടും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചും ജീവിക്കുമ്പോഴാണ് (ഇതാണ് ഇബാദത്ത്) മനുഷ്യന്‍ യഥാര്‍ഥത്തില്‍ സംതൃപ്തനായിത്തീരുന്നത്. ദൈവദത്തമായ ജീവിതദര്‍ശനം സ്വയം ഉള്‍ക്കൊള്ളുകയും അത് പ്രബോധനം ചെയ്യുകയുമാണ് മനുഷ്യന്റെ ജീവിതദൗത്യം. അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുംപോലെ, 'ഹഖീഖത്ത്' അറിയാന്‍ ശ്രമിക്കലോ, ദൈവികസത്തയില്‍ സ്വയം നഷ്ടപ്പെടുത്തലോ, എല്ലാം ഒന്നാണെന്ന അനുഭൂതി ജനിപ്പിക്കലോ ഒന്നുമല്ല.
ജീവിതലക്ഷ്യമായി അംഗീകരിച്ച ഇബാദത്ത് എന്ന ആശയം ദൈവത്തെ ആരാധിക്കുക, മഹത്വപ്പെടുത്തുക, നമസ്‌കരിക്കുക, നോമ്പെടുക്കുക, ഹജ്ജും ഉംറയും ചെയ്യുക, ബലിയറുക്കുക, ഖുര്‍ആന്‍ ഓതുക, ദൈവനാമങ്ങള്‍ ഉച്ചരിക്കുക തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ പരിമിതമാണെന്ന് ചിലര്‍ കരുതുന്നുണ്ട്. ഇതൊക്കെയും ഇബാദത്ത് തന്നെ. പക്ഷേ അവ മാത്രമല്ല ഇബാദത്ത്. അത്യധികം വിനയത്തോടെ, സ്‌നേഹത്തോടെ ദൈവത്തിന് വിധേയപ്പെടുകയാണ് ഇബാദത്ത്. ദൈവത്തിനു വിധേയപ്പെട്ട് മനുഷ്യന്‍ ചെയ്യുന്നതൊക്കെയും അപ്പോള്‍ ഇബാദത്ത് ആയിത്തീരും. അത് ആരാധനയാകട്ടെ, നന്മയുടെ പ്രചാരണമാവട്ടെ, വ്യക്തി-സാമൂഹിക ജീവിതത്തില്‍ ദൈവ കല്‍പ്പനകള്‍ അനുസരിക്കുന്നതാകട്ടെ, നമസ്‌കാരവും ജിഹാദും പോലുള്ള ശാരീരിക കര്‍മങ്ങളാവട്ടെ, വിശ്വാസവും ദിക്‌റും പോലുള്ള മനോവൃത്തികളാവട്ടെ, ഭയവും സ്‌നേഹവും വിശ്വസ്തതയും പോലുള്ള ഹൃദയവികാരങ്ങളാവട്ടെ.... എല്ലാം ഇബാദത്തിന്റെ പരിധിയില്‍ വരും.
ജീവിതലക്ഷ്യവും പരമാനന്ദവും വ്യക്തമാക്കുക മാത്രമല്ല, അതു സംബന്ധമായ വിശദാംശങ്ങളും നമുക്ക് ഖുര്‍ആനിലും നബിചര്യയിലും കാണാം. എങ്ങനെ ദൈവത്തെ ആരാധിക്കണം, വളര്‍ത്തേണ്ട നന്മകളും മൂല്യങ്ങളും ഏതൊക്കെ, അതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടവ, ചെയ്യാന്‍ അനുവാദമുള്ള കാര്യങ്ങള്‍- ഇതൊക്കെയും വിശദീകരിക്കേണ്ടതും ഖുര്‍ആനും സുന്നത്തും തന്നെയാണ്. മൂല്യങ്ങള്‍, രീതികള്‍, മുന്‍ഗണനകള്‍ ഇവയുടെയെല്ലാം ശറഈ അടിസ്ഥാനമാണ് പരതേണ്ടത്. സാമൂഹിക പാരമ്പര്യമോ നിഗൂഢാനുഭവങ്ങളോ ഒന്നുമല്ല ഇതിലൊന്നും മാനദണ്ഡമാകേണ്ടത്.
(തുടരും)
Comments