പശ്ചിമേഷ്യന്‍ നിലപാടുകളും ഇസ്‌ലാമോഫോബിയയും
യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുണ്ടായിരുന്ന നാല് കപ്പലുകളിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. രണ്ട് സുഊദി എണ്ണക്കകപ്പലുകളും നോര്‍വെയുടെയും യു.എ.ഇയുടെയും ഓരോ വീതം കപ്പലുകളും ആക്രമിക്കപ്പെടുകയാണുണ്ടായത് എന്ന നിഗമനത്തിലാണ് പല രാഷ്ട്രീയ നിരീക്ഷകരും. ആക്രമണത്തിന് അല്ലെങ്കില്‍ 'അട്ടിമറി'ക്കു പിന്നില്‍ ഇറാനാണെന്ന് സംശയിക്കുക സ്വാഭാവികവുമാണ്. പക്ഷേ തങ്ങളുടെ സൈനിക വിംഗുകള്‍ക്കൊന്നും ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ഇറാന്‍ ഉടന്‍ പ്രതികരിച്ചു. അത് ശരിയുമാണ്. പ്രാഥമികാന്വേഷണത്തിനു ശേഷം അമേരിക്കയും അത് സ്ഥിരീകരിച്ചു. പക്ഷേ പലതരം സംഘങ്ങളെയും മിലീഷ്യകളെയും മുന്നില്‍ നിര്‍ത്തി 'പ്രോക്‌സി'യുദ്ധം നടത്തിവരികയാണ് ഇറാനെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. യമന്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ഹൂഥികള്‍, ലബനാനിലെ ഹിസ്ബുല്ല, ഇറാഖിലെ പലതരം ശീഈ മിലീഷ്യകള്‍ ഇവയൊക്കെ ഈ ആള്‍മാറാട്ട യുദ്ധത്തില്‍ ഇറാന്റെ കൈയിലെ കരുക്കളാണ്. ആക്രമണം നടത്തിയിട്ടുണ്ടാവുക ഹൂഥികളാണെന്ന് കരുതുന്നു ചിലര്‍. സുഊദിയുടെയും യു.എ.ഇയുടെയും ചില എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും നേരെയും ചെറിയ തോതിലുള്ള ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ രാഷ്ട്രങ്ങളുടെയൊക്കെ തന്ത്രപ്രധാനമായ മേഖലകള്‍ തങ്ങളുടെ ആക്രമണ പരിധിയില്‍നിന്ന് പുറത്തല്ല എന്ന സന്ദേശം നല്‍കാനാവുമോ ഈ ആക്രമണങ്ങള്‍ നടത്തിയത്?
തങ്ങള്‍ക്കെതിരെ യുദ്ധത്തിന് കോപ്പു കൂട്ടാനാണ് ഇത്തരം സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് ഇറാന്റെ വാദം. ഇറാനെ സൈനികമായി നേരിടണമെന്ന് തുറന്നു പറയുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ഇറാന്റെ സിറിയയിലുള്ള ആയുധ ഡിപ്പോ കഴിഞ്ഞ വര്‍ഷം ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനം നടന്ന ഉടനെ അമേരിക്കന്‍ യുദ്ധ വിമാന വാഹിനി കപ്പല്‍ ഗള്‍ഫിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത സൈനികാക്രമണം ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരുന്നു. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഏറെ വൈകാതെ സംഘര്‍ഷം ലഘൂകരിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. കാരണം ഇറാനുമായുള്ള യുദ്ധം അമേരിക്കന്‍ താല്‍പര്യങ്ങളെ അപകടപ്പെടുത്തുമെന്ന ഉപദേശമാണ് ട്രംപിന് ലഭിച്ചത്. അത്തരം സൈനിക നീക്കങ്ങളിലുണ്ടാകുന്ന പാളിച്ചകള്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുകയും ചെയ്യും.
ഏതായാലും തല്‍ക്കാലത്തേക്കെങ്കിലും യുദ്ധമേഘങ്ങള്‍ ഒഴിഞ്ഞുപോയ ആശ്വാസത്തിലാണ് ലോകം. പക്ഷേ, അവ പോയതുപാലെ തിരിച്ചുവരുമെന്നും ഉറപ്പാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കി നിലനിര്‍ത്തുക എന്നത് സാമ്രാജ്യത്വ ശക്തികള്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന തന്ത്രമാണ്. ഇതു സംബന്ധമായ, ഈയിടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ ആഴത്തിലുള്ള ഒരു രാഷ്ട്രീയ വിശകലനമുണ്ട് ഈ ലക്കം പ്രബോധനത്തില്‍. സാമ്രാജ്യത്വ ശക്തികളുടെ പശ്ചിമേഷ്യന്‍ നിലപാടുകളെ ഇസ്‌ലാമോഫോബിയ എത്ര ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന് ആ വിശകലനം വ്യക്തമാക്കിത്തരുന്നു.
Comments