Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

മന്ത്രം മതിയോ, ചികിത്സ വേണ്ടേ?

പി.കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം

രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. അല്ലാഹു അരുളി: ''എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്'' (ശുഅറാഅ്: 80). മേല്‍വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍ എഴുതുന്നു; ''രോഗത്തെ അല്ലാഹുവോട് ചേര്‍ത്തു പറയാന്‍ കാരണം അത് അല്ലാഹുവിന്റെ കണക്കിനും വിധിക്കും സൃഷ്ടിപ്പിനും വിധേയമായിട്ടുള്ള ഒരു സംഗതി ആയതുകൊണ്ടാണ്. ഒരാള്‍ രോഗത്തില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും അവനല്ലാതെ അത് സുഖപ്പെടുത്തുന്നവനില്ല'' (ഇബ്‌നു കസീര്‍: 3/338). ഈ വിഷയകമായി മറ്റു പല ഖുര്‍ആന്‍ വചനങ്ങളുമുണ്ട്. എന്നാല്‍ രോഗം മാത്രമല്ല അതിനുള്ള മരുന്നും അല്ലാഹുവാണ് ഇറക്കിയത് എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. ''തീര്‍ച്ചയായും അല്ലാഹു ഒരു മരുന്നിറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല. പഠിച്ചവര്‍ അത് (മരുന്ന്) കണ്ടുപിടിക്കുന്നു. അല്ലാത്തവര്‍ അജ്ഞരായി നിലകൊള്ളുകയും ചെയ്യുന്നു'' (അഹ്മദ് 4/278). കാന്‍സര്‍ മുതല്‍ ജലദോഷം വരെയുള്ള നിരവധി രോഗങ്ങളുണ്ട്. എന്നാല്‍ ഖുര്‍ആനിലോ ഹദീസുകളിലോ കൃത്യമായി ഒരു രോഗത്തിനും വഹ്‌യ് എന്ന നിലയില്‍ അല്ലാഹു മരുന്ന് നിശ്ചയിച്ചുകൊടുത്തിട്ടില്ല. രോഗത്തിന് മരുന്ന് കണ്ടുപിടിക്കുകയെന്നത് ബുദ്ധിയുള്ള മനുഷ്യരുടെ ബാധ്യതയാണ്. മേല്‍പറഞ്ഞ ഹദീസും അക്കാര്യം ബോധ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനില്‍ ആകെ രോഗശമന വസ്തുവായി പ്രസ്താവിച്ചത് തേനിനെ സംബന്ധിച്ച് മാത്രമാണ്. അതിപ്രകാരമാണ്: ''അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്'' (നഹ്ല്‍: 69). തേനിനെക്കുറിച്ചുള്ള വചനത്തില്‍ അല്ലാഹു പറഞ്ഞത് 'രോഗശമനമുണ്ട്' എന്നു മാത്രമാണ്. രോഗം പറഞ്ഞിട്ടില്ല. തേനും എല്ലാ രോഗങ്ങള്‍ക്കും ശമനമല്ലല്ലോ. പ്രമേഹ രോഗി രോഗശമനത്തിന് തേന്‍ കഴിച്ചാല്‍ വിപരീത ഫലം ചെയ്‌തേക്കും. മാത്രവുമല്ല തേന്‍ ഖുര്‍ആന്‍ ഇറങ്ങുന്നതിനു മുമ്പുതന്നെ വയറു സംബന്ധമായ രോഗത്തിന് അറബികള്‍ മരുന്നായി ഉപയോഗിച്ചിരുന്നു.

നബി(സ) ചികിത്സയായി സ്വയം ഉപയോഗിച്ചിരുന്നതും മറ്റുള്ളവര്‍ക്ക് മരുന്നായി നിര്‍ദേശിച്ചു കൊടുത്തിരുന്നതും അറബികളുടെ പൂര്‍വികമായ ചികിത്സാ രീതികളും സ്വയം ഇജ്തിഹാദി(ഗവേഷണം)ലൂടെയുമായിരുന്നു എന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും. അതുകൊണ്ടാണ് ചില ചികിത്സകള്‍ അറബികള്‍ക്ക് മാത്രം ബാധകമാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തി വെച്ചത്. ഉദാഹരണത്തിന്, 'പനിയും അതിന്റെ കാഠിന്യവും നരകാഗ്നിയുടെ ജ്വാലയില്‍നിന്നുള്ളതാണ്. അതിനാല്‍ ജലംകൊണ്ട് നിങ്ങള്‍ പനിയെ തണുപ്പിക്കുക' (ബുഖാരി) എന്ന ഹദീസ് എല്ലാ പനിബാധിതര്‍ക്കും ബാധകമല്ല. മറിച്ച് ഹിജാസ് പ്രദേശത്തുകാര്‍ക്ക് മാത്രമേ ബാധകമാകൂ. ഇബ്‌നുല്‍ ഖയ്യിം (റ) മേല്‍പറഞ്ഞ ഹദീസിനെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ''ഈ ഹദീസില്‍ പറഞ്ഞ കാര്യം ഹിജാസിലുള്ളവര്‍ക്കു മാത്രം ബാധകമായിത്തീരുന്നതാണ്. അവര്‍ക്കുണ്ടാകാറുള്ള മിക്കവാറും പനിയും സൂര്യന്റെ ശക്തമായ ചൂടു കാരണം ഉണ്ടായിത്തീരുന്നതാണ്. തണുത്ത ജലത്തില്‍ കുളിക്കുന്നതുകൊണ്ടും തണുത്ത ജലം കുടിക്കുന്നതു കൊണ്ടും അവര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്''(സാദുല്‍ മആദ് 4/26). അതുപോലെ സ്വിഹാഹുസ്സിത്തയിലും അല്ലാത്ത ഹദീസ്ഗ്രന്ഥങ്ങളിലും വന്ന മുഴുവന്‍ ഹദീസുകളും വഹ്‌യാണ് എന്നത് ചിലരുടെ തെറ്റിദ്ധാരണ മാത്രമാണ്. നബി(സ) സ്വഹാബിമാരോട് കല്‍പിച്ചതും പറഞ്ഞതും സ്വഹാബിമാര്‍ നബി(സ)യോട് പറഞ്ഞതും നബി(സ) ഭാര്യമാരോട് പറഞ്ഞതും ഭാര്യമാര്‍ നബി(സ)യോട് പറഞ്ഞതും നബി(സ) മുശാവറ നടത്തി പറഞ്ഞതും ഹദീസുകളായി വന്നിട്ടുണ്ട്. ഭൗതിക കാര്യങ്ങള്‍ പോലും നബി(സ) സ്വഹാബത്തിനോട് പറഞ്ഞതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. വഹ്‌യില്‍പെടാത്ത 6 തരം ഹദീസുകളുണ്ട്. അവയില്‍പെട്ടതാണ് ചികിത്സാ സംബന്ധമായ ഹദീസുകളെന്ന് ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തന്റെ 'ഹുജ്ജതുല്ലാഹില്‍ ബാലിഗ' (1/424)യില്‍ എഴുതിയിട്ടുണ്ട്.

രോഗങ്ങളെ സംബന്ധിച്ച് മുന്‍കാലത്തും ഇക്കാലത്തും ചിലര്‍ക്കുള്ള അന്ധവിശ്വാസമാണ് ചില രോഗങ്ങള്‍ പിശാചുക്കള്‍ ഉണ്ടാക്കുന്നവയാണെന്ന്. എന്നാല്‍ പിശാചുണ്ടാക്കുന്ന രോഗങ്ങളേതൊക്കെ, ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന രോഗങ്ങളേതൊക്കെ എന്ന് വേര്‍തിരിച്ചു പറയാന്‍ ഇവര്‍ക്ക് സാധിക്കുന്നുമില്ല. പിശാചുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് 'റുഖ്‌യ ശറഇയ്യ' നടത്തല്‍ നിര്‍ബന്ധമാണ് എന്നതാണ് ഇവരുടെ വാദം. ഇസ്‌ലാമില്‍ രോഗശമനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനക്കാണ് 'റുഖ്‌യ' എന്നു പറയുന്നത്. അതിന്റെ കൂടെ ഒരു 'ശറഇയ്യ' ഇവര്‍ നിര്‍മിച്ചുണ്ടാക്കിയതാണ്. സാധാരണയായി അല്ലാഹുവോട് സഹായം തേടുന്നതിന് 'ഇസ്തിആനത്ത്' എന്നും ആപല്‍ഘട്ടത്തില്‍ സഹായപ്രാര്‍ഥന നടത്തുന്നതിന് 'ഇസ്തിഗാസ' എന്നും വിപത്തുക്കളില്‍നിന്നും രക്ഷതേടുന്നതിന് 'ഇസ്തിആദത്' എന്നും പാപമോചനം തേടുന്നതിന് 'ഇസ്തിഗ്ഫാര്‍' എന്നും രോഗശമനം ലഭിക്കാനുള്ള പ്രാര്‍ഥനക്ക് 'റുഖ്‌യ' എന്നും സാങ്കേതികമായി പറയും. പിശാചിറക്കാന്‍ വേണ്ടി പ്രത്യേകം കേന്ദ്രങ്ങള്‍ സ്ഥാപിച്ചവര്‍ തങ്ങളുടെ മന്ത്രവാദങ്ങള്‍ക്ക് മാര്‍ക്കറ്റ് ലഭിക്കാന്‍ ഇട്ട പേരാണ് 'റുഖ്‌യ ശറഇയ്യ' എന്നത്. ഇസ്‌ലാമില്‍ മന്ത്രപ്രാര്‍ഥനയുണ്ട്, മന്ത്രവാദമില്ല. മന്ത്രവാദത്തിനു പിന്നില്‍ രണ്ടുതരം ചൂഷണങ്ങളുണ്ട്. ഒന്ന്; സാമ്പത്തിക ചൂഷണം. രണ്ട്, ലൈംഗിക ചൂഷണം. കാരണം അധികവും 'പിശാച് കയറുക' 15 വയസ്സിനും 30-നും ഇടയിലുള്ള യുവതികള്‍ക്കാണ്. ഇരുട്ടുമുറിയില്‍ വെച്ചേ പിശാചിറങ്ങൂ എന്നതും ഇത്തരക്കാര്‍ക്ക് മറ്റൊരു പിശാചായി മാറാന്‍ സൗകര്യമാണ്.

രോഗമുണ്ടായാല്‍ ആദ്യമായി ചികിത്സയാണ് ചെയ്യേണ്ടത്. ചികിത്സ ഫലിക്കാനുള്ള പ്രാര്‍ഥനയാണ് 'റുഖ്‌യ' (മന്ത്രം). നബി(സ)യുടെ മാതൃകയും കല്‍പനയും അപ്രകാരമാണ്. അലി(റ) പറഞ്ഞു: ഒരു രാത്രി ഞങ്ങളോടൊപ്പം നമസ്‌കരിച്ചുകൊണ്ടിരിക്കെ നബി(സ) കൈ നിലത്ത് വെച്ചപ്പോള്‍ തേള് കുത്തുകയുണ്ടായി. നബി(സ) അപ്പോള്‍ തന്നെ ചെരിപ്പുകൊണ്ട് തേളിനെ കൊല്ലുന്നു. അങ്ങനെ നമസ്‌കാരം കഴിഞ്ഞപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി; 'തേളിനെ അല്ലാഹു ശപിച്ചിരിക്കുന്നു. അത് നമസ്‌കരിക്കുന്നവനെയും അല്ലാത്തവനെയും പ്രവാചകനെയും (ഉപദ്രവിക്കുന്നതില്‍) വീഴ്ച വരുത്തുന്നില്ല.' പിന്നീട് അവിടുന്ന് അല്‍പം വെള്ളവും ഉപ്പും കൊണ്ടുവരാന്‍ കല്‍പിച്ചു. അനന്തരം ഉപ്പ് വെള്ളത്തിലിട്ട് കുത്തിയഭാഗത്ത് നബി(സ) തടവാന്‍ തുടങ്ങി. 'മുഅവ്വദതൈനി' ഓതി പ്രാര്‍ഥിക്കുകയും ചെയ്തു' (ബൈഹഖി). ഉഹുദ്‌യുദ്ധ സന്ദര്‍ഭത്തില്‍ നബി(സ)യുടെ മുന്‍പല്ല് നഷ്ടപ്പെടുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു. പ്രസ്തുത സംഭവം പ്രവാചകപുത്രി ഫാത്വിമ(റ) വിശദീകരിക്കുന്നത് കാണുക: ''അവര്‍ (ഫാത്വിമ) നബി(സ)യുടെ മുഖത്തുനിന്നും ഒഴുകുന്ന രക്തം നിലക്കാതെ അധികരിക്കുന്നതു കണ്ടപ്പോള്‍ ഈത്തപ്പനയോല കൊണ്ടുണ്ടാക്കിയ പായയുടെ ഒരു ഭാഗം മുറിച്ചെടുത്ത് കരിച്ചുകളയുകയും വെണ്ണീറായപ്പോള്‍ അത് മുറിവായില്‍വെച്ച് രക്തം പിടിച്ചുനിര്‍ത്തുകയും ചെയ്തു'' (ബുഖാരി). നബി(സ)യുടെ ഹദീസുകളും രോഗമായാല്‍ ചികിത്സക്ക് മുന്‍ഗണന നല്‍കാനാണ്. രോഗത്തിന് ചികിത്സ നടത്താതെ മന്ത്രവുമായി നടക്കുന്നവര്‍ അന്ധവിശ്വാസികളും കൊലയാളികളുമാണ്. ഈ വിഷയത്തില്‍ വന്ന നബിവചനങ്ങള്‍ ശ്രദ്ധിക്കുക: ''എല്ലാ രോഗങ്ങള്‍ക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. രോഗത്തിനുള്ള മരുന്ന് സേവിച്ചാല്‍ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നതാണ്'' (മുസ്‌ലിം). മറ്റൊരു ഹദീസ്: ഉസാമത്ത്(റ) പ്രസ്താവിച്ചു: ഞാന്‍ നബി(സ)യോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: 'നബിയേ, ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ പറ്റുമോ?' അപ്പോള്‍ നബി(സ) പറഞ്ഞു: 'അതേ. അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ ചികിത്സിക്കുവിന്‍. അല്ലാഹു ഒരു രോഗമൊഴിച്ച് മറ്റെല്ലാ രോഗങ്ങള്‍ക്കും മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.' അവര്‍ ചോദിച്ചു: 'ഏതാണത്?' നബി(സ) പറഞ്ഞു: 'വാര്‍ധക്യമാണത്' (അഹ്മദ് 4/278, ഇബ്‌നുമാജ 3436, അബൂദാവൂദ് 3855, തിര്‍മിദി 2039). ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു: ''സ്വയം ചികിത്സിക്കുകയും തന്റെ വീട്ടുകാര്‍ക്കും സ്വഹാബികള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുകയെന്നത് നബി(സ)യുടെ ചര്യയില്‍പെട്ടതാകുന്നു'' (സാദുല്‍ മആദ് 2/10).

മന്ത്രം എന്നത് പ്രാര്‍ഥനയാണ്. അതിന് ഒരു കേന്ദ്രം സ്ഥാപിക്കേണ്ട ആവശ്യമില്ല. നബി(സ) സ്വയം മന്ത്രിച്ചിട്ടുണ്ട്. അതിന് കല്‍പിച്ചിട്ടുമുണ്ട്. എന്നാല്‍ മറ്റൊരാളെക്കൊണ്ട് മന്ത്രം നടത്തിക്കല്‍ നബി(സ) നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. നബി(സ) അരുളി: ''70000 ആളുകള്‍ വിചാരണയോ ശിക്ഷയോ ഇല്ലാതെ സ്വര്‍ഗത്തില്‍ കടക്കുന്നതാണ്. അവര്‍ മന്ത്രിപ്പിക്കാത്തവരും ലക്ഷണം നോക്കാത്തവരുമാണ്. അവര്‍ അവരുടെ കാര്യങ്ങള്‍ അവരുടെ റബ്ബില്‍ ഭരമേല്‍പിക്കുന്നവരുമാണ്.'' (ബുഖാരി, മുസ്‌ലിം) മേല്‍ ഹദീസിനെ ഇബ്‌നുതൈമിയ്യ(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ''നബി(സ) മന്ത്രിപ്പിക്കാത്തവരെ ഈ ഹദീസിലൂടെ പുകഴ്ത്തിയിരിക്കുന്നു. മന്ത്രിപ്പിക്കുക എന്നാല്‍ മറ്റൊരാളോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക എന്നതാണ്. നബി(സ)യും അല്ലാത്തവരും സ്വയം മന്ത്രം നടത്തിയിരുന്നു. നബി(സ) മറ്റൊരാളെക്കൊണ്ടും മന്ത്രിപ്പിച്ചിരുന്നില്ല എന്ന് സ്വഹീഹായ ഹദീസ്‌കൊണ്ട് സ്ഥിരപ്പെട്ടതാണ്'' (മജ്മൂഉ ഫതാവാ ഇബ്‌നുതൈമിയ്യ 1/328). നബി(സ) അരുളി: 'പച്ചകുത്തുന്നവനും മന്ത്രിപ്പിക്കുന്നവനും അല്ലാഹുവിങ്കല്‍ തവക്കുല്‍ (ഭരമേല്‍പിക്കുക) ചെയ്തിട്ടില്ല' (നസാഈ - ഇഹ്‌യാ ഉലൂമിദ്ദീന്‍ 4/239).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌