Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

പരലോകത്തേക്ക് കരുതിവെക്കേണ്ട ഹൃദയത്തിലെ പ്രകാശനാളം

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഭൂമിയില്‍ ജീവിക്കുന്ന വിശ്വാസി മനസ്സില്‍ താലോലിക്കുന്ന ഒരു സ്വപ്‌നമുണ്ട്. താന്‍ പ്രാണന് തുല്യം സ്‌നേഹിക്കുന്ന തന്റെ നാഥനെ നേരില്‍ കാണുക എന്നതാണത്. അല്ലാഹുവിനെ അത്യഗാധമായി സ്‌നേഹിക്കുന്നവരാണല്ലോ സത്യവിശ്വാസികള്‍ (അല്‍ബഖറഃ 165). താന്‍ ഹൃദയത്തില്‍ താലോലിക്കുന്ന സ്‌നേഹഭാജനത്തിന്റെ സാന്നിധ്യവും സാമീപ്യവും കൊതിക്കുകയെന്നത് മനുഷ്യ പ്രകൃതത്തില്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. വിശിഷ്യാ, ജീവിതത്തില്‍ ഇന്നേവരെ പരസ്പരം കാണാതെയാണ് സ്‌നേഹിക്കുന്നതെങ്കില്‍ അതിനുള്ള ആഗ്രഹം അത്യുല്‍ക്കടമാവുകയാണ് ചെയ്യുക.
ഇതു തന്നെയാണ് മൂസാ(അ) പ്രവാചകന് സംഭവിച്ചത്. അല്ലാഹു അദ്ദേഹത്തെ സീനാ മലയിലേക്ക് വിളിച്ചുവരുത്തി. തന്റെ പ്രിയദൂതനുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഉദ്ദേശ്യം. നാല്‍പതു ദിന ഉപവാസത്തിനു ശേഷം കുളിച്ചൊരുങ്ങി മൂസാ(അ) സീനായുടെ അരികിലെത്തി, പടച്ചവന്‍ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. അതിനിടയിലാണ് മൂസാ(അ) തന്റെ അത്യുല്‍ക്കടമായ അഭിലാഷം തന്റെ പ്രിയനാഥന്റെ മുന്നില്‍ കെട്ടഴിച്ചത്. 'പടച്ചവനേ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു കാണട്ടെ'! തമ്പുരാന്‍ മൂസായോട് പറഞ്ഞു: 'നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് തല്‍സ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും!' മൂസാ ആവേശത്തോടെ സീനാ മലമുകളിലേക്ക് കണ്ണും നട്ടിരുന്നു. എന്നാല്‍ അതിന് മുകളില്‍ അല്ലാഹു പ്രത്യക്ഷമായപ്പോഴേക്കും അത് തകര്‍ന്ന് പൊടിഞ്ഞില്ലാതെയായി. മൂസാ(അ)യാവട്ടെ ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു!!
വിശ്വാസിയുടെ ഹൃദയം നിറഞ്ഞു നില്‍ക്കുന്ന അല്ലാഹു പരിപൂര്‍ണമായ പ്രകാശമാണ്. മൂസാ പ്രവാചകന് മാത്രമല്ല, ബലിഷ്ടമായ പര്‍വത നിരകള്‍ക്കു പോലും ഏറ്റുവാങ്ങാന്‍ കഴിയാത്ത, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമാണ് അവന്‍. പ്രകാശത്തിന്റെ മാസ്മരികവും അതിമനോഹരവുമായ തലമാണത്. ദൈവിക പ്രഭ വര്‍ണിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ പോലും എത്ര മനോഹരമാണ്; ''ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു. അതിന്റെ ഉപമ ഇങ്ങനെയാണ്: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടിക വലയത്തിലാണുള്ളത്. സ്ഫടികവലയം വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒലീവ് വൃക്ഷത്തില്‍നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കിനും പടിഞ്ഞാറിനും അപരിചിതമായ അത്യപൂര്‍വമായ ഒരുതരം ഒലീവ് വൃക്ഷത്തില്‍നിന്ന്. തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുന്ന എണ്ണയാണ് അതിന്റേത്. പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താനിഛിക്കുന്നവരെ വഴിനടത്തുന്നു'' (അന്നൂര്‍: 35).
അതിനാലാണ് ദൈവദര്‍ശനം സൃഷ്ടികള്‍ക്ക് അപ്രാപ്യമായത്. ആകാശഭൂമികള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകാശത്തിന്റെ ഈ മൂര്‍ത്തീഭാവത്തെയാണ് ചരിത്രത്തിലുടനീളം സത്യനിഷേധികള്‍ വായ കൊണ്ട് ഊതിയണക്കാന്‍ ശ്രമിച്ചതെന്നോര്‍ക്കണം; ''തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയില്‍ എത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും!'' (അത്തൗബഃ 32).
എന്നാല്‍, അല്ലാഹു തന്റെ പ്രിയദൂതന്‍ മൂസാ(അ)യെ നിരാശപ്പെടുത്തിയില്ല. തന്റെ അത്യുജ്ജ്വലമായ പ്രകാശത്തില്‍നിന്ന് ഒരു നാളം അദ്ദേഹത്തിന് വരമായി നല്‍കി. അതേക്കുറിച്ച ഖുര്‍ആനിക പരാമര്‍ശം ഇങ്ങനെയാണ്: ''തീര്‍ച്ചയായും നാം തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു, അതില്‍ പ്രകാശവും നേര്‍വഴിയുമുണ്ട്'' (അല്‍മാഇദഃ 44). തൗറാത്ത് മാത്രമല്ല, എല്ലാ വേദഗ്രന്ഥങ്ങളും ദൈവിക പ്രഭയില്‍നിന്നുള്ള നാളങ്ങളാണ്. അതിനാലാണ് വിശുദ്ധ ഖുര്‍ആനെ അല്ലാഹു ഇപ്രകാരം വര്‍ണിച്ചത്: ''നിങ്ങള്‍ക്കിതാ അല്ലാഹുവില്‍നിന്നുള്ള വെളിച്ചവും പ്രകാശിതമായ വേദവും വന്നെത്തിയിരിക്കുന്നു'' (അല്‍മാഇദഃ 15). ഇതേക്കുറിക്കുന്ന മറ്റൊരു വചനം ഇപ്രകാരമാണ്: ''മനുഷ്യരേ, നിങ്ങളുടെ നാഥനില്‍നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചു കാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു'' (അന്നിസാഅ് 174). തന്റെ പ്രകാശത്തിലേക്ക് മാലോകരെ വഴിനടത്താന്‍ ദൈവം കനിഞ്ഞു നല്‍കിയ പ്രകാശനാളമാണ് ഖുര്‍ആന്‍ എന്നര്‍ഥം. ''ഇത് നാം താങ്കള്‍ക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍'' (ഇബ്‌റാഹീം: 1).
ഖുര്‍ആന്‍ തന്റെ നാഥനില്‍നിന്നുള്ള പ്രകാശനാളമാണെന്ന് തിരിച്ചറിഞ്ഞ വിശ്വാസിക്ക് അതിനെ ചേര്‍ത്തു പിടിക്കാതിരിക്കാനാവില്ല. അതില്‍നിന്ന് മുഖം തിരിക്കുന്നതും അകലം പാലിക്കുന്നതും അവന് അസഹ്യമായിത്തീരും. ആ പ്രകാശത്തില്‍ ഉള്‍ച്ചേര്‍ന്ന്, അല്ലാഹുവിനെ അനുഭവിക്കുന്ന അനുഭൂതിയില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ''ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യം മനസ്സിലാക്കി അവരുടെ കണ്ണുകള്‍ കണ്ണീര്‍ പൊഴിക്കുന്നത് നിനക്കു കാണാം'' (അല്‍മാഇദഃ 83). അതിമനോഹരമായ ദൈവിക പ്രഭയില്‍ വഴിനടക്കാന്‍ മാത്രമല്ല, മറ്റുള്ളവരെ അതിലൂടെ വഴിനടത്താന്‍ കൂടി സത്യവിശ്വാസിക്ക് ബാധ്യതയുണ്ട്. ''അങ്ങനെ ആ സന്ദേശത്തെ നാമൊരു പ്രകാശമാക്കിയിരിക്കുന്നു. അതുവഴി നമ്മുടെ ദാസന്മാരില്‍നിന്ന് നാം ഇഛിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. തീര്‍ച്ചയായും താങ്കള്‍ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്'' (അശ്ശൂറാ: 52).
ഇനി, ഈ പ്രകാശത്തിന്റെ മാറ്റ് നമുക്ക് പരിശോധിക്കാം. ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഈ പ്രകാശം അവതരിച്ചു തുടങ്ങിയതു മുതല്‍ ഒരു വിഭാഗം അസ്വസ്ഥതയിലായിരുന്നു. ആ പ്രകാശവലയത്തില്‍ അകപ്പെടാതെ വഴിനടക്കാന്‍ അവര്‍ പെടാപ്പാട് പെട്ടു. അതിനെ മാറിനടക്കാന്‍ കാണുമ്പോഴെല്ലാം അവര്‍ പരസ്പരം ഉപദേശിച്ചു. ''സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോവരുത്. അതുകേള്‍ക്കുമ്പോള്‍ നിങ്ങള്‍ ശബ്ദമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ മറികടക്കാം'' (ഫുസ്സ്വിലത്: 26). ആ പ്രഭാവലയത്തിനു മുന്നില്‍ അവര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഹിജ്‌റ അഞ്ചാം വര്‍ഷമുണ്ടായ ഒരു സംഭവം നോക്കൂ. തിരുദൂതര്‍(സ) പരിശുദ്ധ കഅ്ബാലയത്തിനുള്ളില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. അത്ഭുതവും ആകാംക്ഷയും നിറഞ്ഞ കണ്ണുകളോടെ സത്യനിഷേധികളായ ഖുറൈശി പ്രമാണിമാര്‍ പിന്നില്‍ നിന്ന് അദ്ദേഹത്തെ നോക്കുകയാണ്. വിശുദ്ധ ഖുര്‍ആനിലെ അന്നജ്മ് അധ്യായമാണ് തിരുദൂതര്‍(സ) പാരായണം ചെയ്യുന്നത്. ''മറഞ്ഞു നീങ്ങുന്ന നക്ഷത്രമാണ് സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. തോന്നിയ പോലെ സംസാരിക്കുന്നവനല്ല അദ്ദേഹം. ഈ സന്ദേശം അദ്ദേഹത്തിന് നല്‍കപ്പെട്ട ദിവ്യബോധനം മാത്രമാണ്'' (അന്നജ്മ്: 14).
തങ്ങളുടെ സര്‍വ സംശയങ്ങളും ദൂരീകരിക്കുന്ന ഹൃദയസ്പര്‍ശിയായ ആ വചനങ്ങളില്‍ ഖുറൈശി പ്രമാണിമാര്‍ ലയിച്ചിരുന്നു പോയി. റസൂലിന്റെ പാരായണം അവസാന ഭാഗത്തോട് അടുത്തു. ഹൃദയങ്ങള്‍ ദൈവഭയത്താല്‍ പറന്നു പോവുന്ന ഗംഭീരമായ വചനങ്ങള്‍: ''എന്നിട്ടും ഈ വചനത്തില്‍ നിങ്ങള്‍ വിസ്മയം കൂറുകയാണോ? കരയുന്നതിനു പകരം ചിരിക്കുകയോ? നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തുടരുകയാണോ? അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവനു മാത്രം വഴിപ്പെടുകയും ചെയ്യുക'' (അന്നജ്മ്: 59-62). ഇത്രയും പാരായണം ചെയ്ത് റസൂല്‍(സ) അല്ലാഹുവിനു മുന്നില്‍ സാഷ്ടാംഗം നമിച്ചു. പിന്നില്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഖുറൈശി പ്രമാണിമാര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തിരുദൂതരു(സ)ടെ പിന്നില്‍ അവരും സാഷ്ടാംഗം നമിച്ചുപോയി!!
അത്ഭുതകരമായ ഈ സംഭവം അറേബ്യയില്‍ പരന്നു. മക്കാ മുശ്‌രിക്കുകളുടെ പീഡനം സഹിക്കവയ്യാതെ ചിലര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ ചെയ്തിരുന്നു. വാര്‍ത്തയറിഞ്ഞ അവര്‍ ഖുറൈശി പ്രമാണിമാര്‍ ഇസ്‌ലാം സ്വീകരിച്ചെന്നു ധരിച്ച് തിരിച്ചു വന്നു. എന്നാല്‍ സുജൂദില്‍നിന്ന് തലയുയര്‍ത്തിയ ഖുറൈശി പ്രമാണിമാര്‍ തങ്ങള്‍ക്ക് സംഭവിച്ച അമളി നിഷേധിച്ച് രംഗത്തു വന്നു. പര്‍വതത്തോളം കടുത്ത ഹൃദയങ്ങള്‍ പോലും ഖുര്‍ആനെന്ന പ്രകാശനാളത്തിനു മുന്നില്‍ തകര്‍ന്നുവീണെന്ന് സാരം. ''നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിറകൊള്ളുന്നതും പൊട്ടിപ്പിളരുന്നതും നിനക്ക് കാണാവുന്നതാണ്. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയുന്നതിനു വേണ്ടി'' (അല്‍ഹശ്‌റ്: 21).
നമ്മുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കുന്ന വിശുദ്ധ ഖുര്‍ആനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അത്ഭുതകരമായ സ്വാധീനമാണ് അതിനുള്ളത് എന്ന് സാരം. അതിനാലാണ് പ്രവാചക പാരായണം ശ്രവിച്ച ജിന്നുകള്‍ 'വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു' (അല്‍ജിന്ന്: 1) എന്ന് സഹപ്രവര്‍ത്തകരോട് പങ്കുവെച്ചത്. ദൈവികപ്രകാശത്തിന് പ്രഭ നഷ്ടപ്പെട്ടതു കൊണ്ടല്ല, അത് നമ്മെ സ്വാധീനിക്കാത്തത്. നേരെമറിച്ച്, ആ പ്രകാശനാളത്തിന്റെ മാറ്റ് തിരിച്ചറിയാത്തതാണ് നമ്മുടെ ദൗര്‍ഭാഗ്യം.
തിരുദൂതരി(സ)ലേക്കു തന്നെ മടങ്ങാം. ജിബ്‌രീല്‍ മാലാഖ ആദ്യവചനവുമായി കടന്നുവന്നപ്പോള്‍ പരിഭ്രാന്തനായി പ്രിയപത്‌നിയുടെ അരികിലേക്കോടി പുതപ്പിച്ച് കിടത്താന്‍ പറഞ്ഞ തിരുദൂതര്‍(സ), ഏതാനും വചനങ്ങള്‍ അവതരിച്ചതോടെ അവയില്‍ അനുരക്തനായി. അതിനു വേണ്ടി ദാഹിച്ച്, ആകാശത്തേക്ക് കണ്ണും നട്ട് കാത്തിരിക്കാന്‍ തുടങ്ങി. തനിക്ക് അവതീര്‍ണമായതെല്ലാം അതിവേഗം തന്റെ പ്രിയസഖാക്കള്‍ക്ക് കൈമാറിക്കൊണ്ടേയിരുന്നു. അടുത്ത വചനങ്ങള്‍ എത്രയും വേഗത്തില്‍ അവതരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടായിരുന്നു ഇത്. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ''ഖുര്‍ആന്‍ വേഗത്തില്‍ മനഃപാഠമാക്കി താങ്കള്‍ നാവു ചലിപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ മാത്രം ബാധ്യതയാണ്. അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ പിന്തുടരുകയാണ് താങ്കള്‍ ചെയ്യേണ്ടത്'' (അല്‍ഖിയാമഃ 16-18).
ആകാശത്തിലെ വിശ്വസ്തന്‍ ജിബ്‌രീല്‍ മാലാഖ ഭൂമിയിലെ വിശ്വസ്തന്‍ മുഹമ്മദ്(സ) പ്രവാചകന് കൈമാറിയ പ്രകാശനാളമാണിത്. ആകാശവും ഭൂമിയും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തുന്നതും, വരണ്ട ഭൂമിയെയും ഹൃദയങ്ങളെയും ഒരുപോലെ സജീവമാക്കുന്നതും ഈ പ്രകാശം തന്നെയാണ്. ''ഒരുവന് നാം നിര്‍ജീവമായ അവസ്ഥയില്‍ ജീവന്‍ നല്‍കി. പ്രകാശമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നു കൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍ അകപ്പെട്ടവനെ പോലെയാണോ?'' (അല്‍ അന്‍ആം: 122).
ഖുര്‍ആനെന്ന പ്രകാശനാളം കൈയിലുണ്ടായിരിക്കെ വിശ്വാസിയുടെ വഴി ഇരുളടഞ്ഞു പോവുകയില്ല. സന്ദിഗ്ധ ഘട്ടത്തില്‍ തുണയായി, പ്രകാശമായി ഖുര്‍ആന്‍ അവനോട് ചേര്‍ന്നു നില്‍ക്കും. ഖൗലഃ ബിന്‍ത് ഹകീം(റ) എന്ന മഹതി നമുക്ക് അപരിചിതയല്ല. ഉസ്മാനുബ്‌നു മള്ഊന്റെ(റ) പത്‌നിയായിരുന്ന അവര്‍ പ്രിയതമനെക്കുറിച്ച് ആവലാതി ബോധിപ്പിക്കാന്‍ പ്രവാചകപള്ളിയില്‍ വന്നതാണ്. തൊട്ടപ്പുറത്ത് പ്രവാചകപത്‌നി ആഇശ(റ)യുടെ മുറിയാണ്. ഖൗലഃ(റ) പതിയെയാണ് സംസാരിക്കുന്നത്, ശബ്ദം ഉയരുന്നേയില്ല. ആഇശ(റ) അതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: ''അവര്‍ തിരുദൂതരു(സ)ടെ അടുത്ത് പരാതിയുമായി വന്നപ്പോള്‍ ഞാന്‍ മുറിയിലുണ്ടായിരുന്നു. അവര്‍ പറയുന്നതൊന്നും എനിക്ക് വ്യക്തമാവുന്നുണ്ടായിരുന്നില്ല''. തൊട്ടപ്പുറത്ത് മുറിയിലുള്ള ആഇശ(റ) കേള്‍ക്കാത്ത രഹസ്യം ഏഴാകാശങ്ങള്‍ക്കപ്പുറം സാക്ഷാല്‍ പടച്ചതമ്പുരാന്‍ കേള്‍ക്കുകയും, ഖുര്‍ആന്‍ അവതരിച്ച് അവരുടെ പ്രശ്‌നത്തിന് പരിഹാരം സമര്‍പ്പിക്കുകയും ചെയ്യുന്നു! എന്തൊരു പ്രകാശമാണിത്!! ''തന്റെ ഇണയുടെ കാര്യത്തില്‍ താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്'' (അല്‍മുജാദില: 1). ഇതില്‍ മറ്റെന്താണ് ഒരു വിശ്വാസി തന്റെ നാഥനില്‍നിന്ന് പ്രതീക്ഷിക്കുക!!
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതിന് അല്ലാഹു നല്‍കിയ ഈ പ്രകാശം (അല്‍അന്‍ആം 122) തന്നെയാണ് നാളെ പരലോകത്തും വിശ്വാസിയുടെ കൂട്ട്. അന്ത്യനാളില്‍ വിശ്വാസികള്‍ പ്രകാശവലയത്താല്‍ ചുറ്റപ്പെട്ടിരിക്കുമെന്ന് ഖുര്‍ആന്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നുണ്ട്: ''താങ്കള്‍ വിശ്വാസികളെയും വിശ്വാസിനികളെയും കാണും ദിനം; അവരുടെ മുന്നിലും വലതുവശത്തും പ്രകാശം പ്രസരിച്ചുകൊണ്ടേയിരിക്കും. അന്നവരോട് പറയും: നിങ്ങള്‍ക്ക് ശുഭാശംസകള്‍! നിങ്ങള്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. അതൊരു മഹാഭാഗ്യം തന്നെ!'' (അല്‍ഹദീദ് 12). വിശ്വാസിക്കു ചുറ്റും അന്ത്യനാളില്‍ വലയം തീര്‍ക്കുന്ന പ്രഭ ഖുര്‍ആനാണെന്ന് തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നു: ''ഖുര്‍ആന്‍ വായിക്കുകയും പഠിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ അന്ത്യനാളില്‍ പ്രകാശം കൊണ്ടുള്ള കിരീടമണിയിക്കപ്പെടും. സൂര്യതേജസ്സിന് തുല്യമായ പ്രകാശമാണ് അതിനുണ്ടാവുക. അവന്റെ മാതാപിതാക്കളെ വിലമതിക്കാനാവത്ത പട്ടുകള്‍ അണിയിച്ച് ആദരിക്കും. 'ഞങ്ങളെ എന്തിനാണ് ഇത് അണിയിക്കുന്നത്' എന്നവര്‍ ചോദിക്കുമ്പോള്‍ 'നിങ്ങളുടെ മകന്‍ ഖുര്‍ആന്‍ ചേര്‍ത്തുവെച്ചതിന്' എന്ന് അവരോട് പറയപ്പെടും.''
അന്ത്യനാളില്‍ പ്രകാശമില്ലാതെ ഒരടി മുന്നോട്ട് വെക്കാന്‍ ആര്‍ക്കുമാവില്ല. കൂരിരുട്ട് കാരണം അന്ധത ബാധിച്ച പോലെ വിറളി പിടിച്ച് നില്‍ക്കുന്ന നിമിഷങ്ങള്‍. ''നാം ഇഛിച്ചിരുന്നെങ്കില്‍ അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര്‍ വഴിയിലൂടെ മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്്?'' (യാസീന്‍: 66). ഇഹലോകത്തെ പ്രകാശം കൈയില്‍ കരുതാതെ പരലോകത്ത് എത്തിയവന്‍ ഭയത്താല്‍ നിലവിളിച്ച് പരിഭ്രാന്തിയോടെ അന്ധാളിച്ചു നില്‍ക്കുമെന്ന് ഖുര്‍ആന്‍. ''കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്്: 'നിങ്ങള്‍ ഞങ്ങളെയൊന്ന് നോക്കണേ, നിങ്ങളുടെ പ്രകാശത്തില്‍നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ.' അപ്പോള്‍ അവരോട് പറയും: 'നിങ്ങള്‍ പിന്നിലേക്ക് തിരിച്ചുപോവുക. എന്നിട്ട് പ്രകാശം തേടുക'. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്റെ അകത്ത് കാരുണ്യവും പുറത്ത് ശിക്ഷയുമായിരിക്കും'' (അല്‍ഹദീദ്: 13). ഇഹലോകത്തു നിന്ന് പരലോകത്തേക്ക് കരുതിവെക്കേണ്ട പ്രകാശനാളം ഹൃദയത്തില്‍ അണയാതെ കാത്തുസൂക്ഷിക്കുന്നവനാവണം വിശ്വാസി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌