പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ജനസേവനത്തിന്റെ ഗാഥകള്‍
അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് പാടുപെടുന്നവര്‍ ധനാഢ്യരുടെ വീട്ടുപടിക്കല്‍ സഹായത്തിനായി ദൈന്യതയോടെ കാത്തുനില്‍ക്കുന്ന ഒരു സകാത്ത് സങ്കല്‍പമുണ്ടായിരുന്നു മുമ്പ് കേരളത്തില്‍. ദാരിദ്യനിര്‍മാര്‍ജനത്തിന്റെ വിപ്ലവകരമായ ആശയമായ സകാത്തിനെ കൊഞ്ഞനം കുത്തുന്ന സമ്പ്രദായമായിരുന്നു അത്. ഇതിന്റെ നേര്‍പതിപ്പ് തന്നെയായിരുന്നു ജനസേവനരംഗവും. കേരളത്തിലെ മധ്യവര്‍ഗ സാമൂഹികബോധത്തിന്റെ ഇറയത്ത് താമസിക്കുന്ന ആശയമായിരുന്നു ജനസേവനം.
ജനസേവനത്തിന്റെ പരമ്പരാഗത പ്രയോഗങ്ങളെ ഉടച്ചുവാര്‍ത്ത് സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2012-ല്‍ കോഴിക്കോട് ആസ്ഥാനമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രൂപപ്പെട്ടത്. ആവശ്യക്കാര്‍ അലയുകയോ കൈനീട്ടുകയോ അല്ല, അവരിലേക്ക് സേവനം തേടിയെത്തുകയാണ് വേണ്ടത് എന്നാണ് അതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. കേരളത്തിലുടനീളം നടക്കുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഒരു ഗവണ്‍മെന്റേതര സംരംഭമായി വളരാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് ഇപ്പോള്‍ കഴിയുന്നുണ്ട്.
സ്വാശ്രയ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള അനേകം വഴികളെ കുറിച്ച ധാരണയില്ലായ്മയായിരിക്കാം ഒരാള്‍ ദരിദ്രനായി തുടരാന്‍ കാരണം. അത്തരമൊരു വ്യക്തിക്ക് ഒന്നോ അതിലധികമോ തവണ നല്‍കുന്ന സഹായം കൊണ്ട് മറുകരയെത്താനാവില്ല. ധനികനായിരിക്കെ തന്നെ മറ്റനേകം സേവനങ്ങള്‍ക്ക് അര്‍ഹരായ വ്യക്തികളും ധാരാളമുണ്ട്. എല്ലാം തികയുമ്പോള്‍ വന്നുവീഴുന്ന ദുരന്തങ്ങളും സേവന പ്രവര്‍ത്തനം അനിവാര്യമാക്കുന്നു. ഇങ്ങനെ മനുഷ്യജീവിതത്തെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന സേവന കാഴ്ചപ്പാടാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന് രൂപം നല്‍കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കുള്ളത്.
കേരളത്തിലെ വിവിധ സേവനസംരംഭങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തി അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതോടൊപ്പം രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന അനേകം എന്‍.ജിഒകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിക്കുന്നു. രാജ്യാന്തര മേഖലയില്‍ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ആശയക്കൈമാറ്റവും നടത്തുന്നു.
എന്‍.ജി.ഒ പ്രവര്‍ത്തനത്തിന്റെ ജനകീയവല്‍ക്കരണം
ഏതാനും പേര്‍ മാത്രം തൊഴിലെടുക്കുന്ന, ചില പ്രത്യേക മേഖലകളില്‍ പരിമിതമായ തോതില്‍ ശ്രദ്ധയൂന്നുന്ന, കാലങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ച പ്രവര്‍ത്തന പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനം എന്നാണ് എന്‍.ജി.ഒ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. എന്നാല്‍ ഈ പ്രവര്‍ത്തനത്തെ സമകാലീകരിക്കാനും (അപ്‌ഡേറ്റ്) ജനകീയവും ജനപ്രിയവുമാക്കാനും ബഹുജനങ്ങളെ ഇതിലേക്കാര്‍ഷിക്കാനുമാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്. ശാസ്ത്രീയവും സാങ്കേതികവുമായ മികവ് ഇക്കാര്യത്തില്‍ പ്രഥമ പരിഗണനയാണ്.
പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പിന്നിട്ട 7 വര്‍ഷം വളര്‍ച്ചയുടേതും വികാസത്തിന്റേതുമാണ്. സംസ്ഥാനത്തുള്ള മുഴുവന്‍ ജനസേവന പ്രവര്‍ത്തനങ്ങളുടെയും മാതൃ സംവിധാനം എന്ന നിലക്കായിരുന്നു തുടക്കം. എന്നാല്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതി വളര്‍ത്തിയെടുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുപരി വികസനോന്മുഖമായ വിവിധ പദ്ധതികള്‍ക്ക് കൂടി അവസരമൊരുക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിച്ചു. Peoples Start up, Peoples Info തുടങ്ങിയവ ഈ വഴിയിലെ പുതിയ ചുവടുവെപ്പുകളാണ്. സാമൂഹിക ശാക്തീകരണത്തില്‍ അത്തരം പദ്ധതികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.
പുനരധിവാസത്തിന്റെ നിര്‍വചനം
പല കാരണങ്ങളാല്‍ ഒറ്റപ്പെടുന്നവര്‍ക്ക്, ആശ്രയമാവശ്യമുള്ളവര്‍ക്ക് താല്‍ക്കാലിക സഹായമെത്തിച്ച് അല്ലെങ്കില്‍ അവരുടെ ദൈനംദിനാവശ്യങ്ങള്‍ നിവര്‍ത്തിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പരമ്പരാഗത രീതിയല്ല ഇവിടെ പിന്തുടരുന്നത്. മറിച്ച്, അത്തരം വ്യക്തികളെയും വിഭാഗങ്ങളെയും സാമൂഹിക ജീവിതത്തിന്റെ ഭാഗാമാക്കാനാവണം. പാരാപ്ലീജിയ മേഖലയില്‍ ഈ സ്വഭാവത്തിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. സ്വയംതൊഴില്‍ പരിശീലനം നല്‍കിയും തൊഴില്‍ ഉറപ്പുവരുത്തിയും വിവിധ സാമൂഹിക സംഘടനകളുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. പുനരധിവാസത്തോടൊപ്പം അവരുടെ ശാക്തീകരണവും ലക്ഷ്യം വെക്കുന്നു എന്നര്‍ഥം.
പീപ്പ്ള്‍സ് സ്റ്റാര്‍ട്ടപ്പ്
സുഭിക്ഷതയുള്ളവരില്‍നിന്നെത്തുന്ന സഹായങ്ങള്‍ ഏകോപിപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക എന്നതാണ് സേവന മേഖലയില്‍ പ്രയോഗത്തില്‍ സംഭവിക്കുന്നത്. ആവശ്യക്കാര്‍ എന്നും ആവശ്യക്കാരായി തുടരുന്നു എന്നതാണ് ഈ രീതിയുടെ പരിമിതി. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന സംരംഭകത്വ പരിശീലനത്തിന് ഫൗഷേന്‍ തുടക്കം കുറിച്ചിരിക്കുന്നു. അതാണ് പീപ്പ്ള്‍സ് സ്റ്റാര്‍ട്ടപ്പ്. ഗള്‍ഫില്‍നിന്നുള്ള തിരിച്ചൊഴുക്കിന് വേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് പ്രസക്തിയേറുന്നു. ആവശ്യമായ പരിശീലനവും പ്രോത്സാഹനവും മാര്‍ഗദര്‍ശനവും നല്‍കി സ്വാശ്രയത്വത്തിലേക്ക് സംരംഭകനെ പീപ്പ്ള്‍സ് സ്റ്റാര്‍ട്ടപ്പ് വളര്‍ത്തുന്നു. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അത് തിളക്കമാര്‍ന്ന ഫലങ്ങള്‍ കാഴ്ചവെച്ചു തുടങ്ങിയിരിക്കുന്നു. സമുദായത്തിനകത്ത് ഉറങ്ങിക്കിടന്ന സംരംഭകത്വ തല്‍പരതയെ തട്ടിയുണര്‍ത്തുകയാണ് സ്റ്റാര്‍ട്ടപ്പ് ചെയ്തത്.
മാനസികാരോഗ്യ മേഖലയില്‍
ഇക്കാലത്ത് ഏറ്റവും ജനകീയമാവേണ്ട മേഖലയാണിത്. ആരോഗ്യകരമായ മാനസികാവസ്ഥയെ തകര്‍ക്കുന്ന ധാരാളം സങ്കേതങ്ങള്‍ സമൂഹം ഉല്‍പ്പാദിപ്പിച്ചുകൊിരിക്കുന്നു. എന്നാല്‍ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടത് വ്യക്തിയുടെയും ദമ്പതികളുടെയും കുടുംബത്തിന്റെയും മാത്രം ചുമതലയാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഒത്തുപൊരുത്തങ്ങളോടെ ജീവിതം ഒഴുകാന്‍ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണല്ലോ. വലിയ മുതല്‍മുടക്ക് വരുംകാലങ്ങളില്‍ ഈ രംഗത്ത് ആവശ്യമായിവരും. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആരംഭിച്ച ആശ്വാസ് കൗണ്‍സലിംഗ് സെന്ററുകളിലൂടെ കുടുംബജീവിതത്തിലേക്കൊരുങ്ങുന്നവരും ദമ്പതികളും രക്ഷിതാക്കളും വിദ്യാര്‍ഥികളും ലഹരിക്കടിപ്പെട്ടവരും ആരോഗ്യകരമല്ലാത്ത കൂട്ടുകെട്ടുകളിലകപ്പെട്ടവരും വിഷാദത്തിനടിപ്പെട്ടവരുമായ നൂറുകണക്കിനാളുകളാണ് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പരിശീലനം സിദ്ധിച്ച യോഗ്യരായ കൗണ്‍സലര്‍മാരാണ് ഈ കേന്ദ്രങ്ങളെ സജീവമാക്കുന്നത്. തലശ്ശേരി, ഇടുക്കി എന്നിവിടങ്ങളിലും ഈ വര്‍ഷം തന്നെ പുതിയ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കും.
പീപ്പ്ള്‍സ് ഇന്‍ഫോം
വിദ്യാഭ്യാസ, കരിയര്‍ മേഖലയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശക പദ്ധതിയാണ് പീപ്പ്ള്‍സ് ഇന്‍ഫോം. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും വര്‍ധിച്ച കരിയര്‍ ചോദനയും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍തന്നെ ഗ്രാമാന്തരങ്ങളില്‍ ചെന്നെത്തുന്ന മാര്‍ഗനിര്‍ദേശക പദ്ധതിക്കാണ് ഫൗഷേന്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ മേഖലയില്‍ ഗൈഡന്‍സ് നല്‍കാനാവശ്യമായ വിദഗ്ധരെ പരിശീലിപ്പിച്ച് വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ച് ജനങ്ങളിലേക്ക് വിവരങ്ങളൊഴുകുന്ന സംവിധാനമായി ഇത് രൂപപ്പെടും. ഗൈഡന്‍സ് ഇന്ന് ഏറെ പണമൊഴുകുന്ന മേഖലയാണ്. ഏറെ ചൂഷണവും തെറ്റായ ഗൈഡന്‍സും ഈ മേഖലയിലുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുക.
ഇതര സംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തുന്നു
30 ലക്ഷത്തിലധികമാണ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ഏകദേശ എണ്ണം. അവരുടെ ഗള്‍ഫാണ് കേരളമെന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഒറ്റക്കും കുടുംബവുമായൊത്തുമൊക്കെ അവര്‍ കേരളത്തില്‍ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്നു. തൊഴിലെടുക്കാനുള്ള ഉപകരണം എന്നതിനപ്പുറത്ത് അവരെ സഹോദരന്മാരെ പോലെ ചേര്‍ത്തുനിര്‍ത്താന്‍ കേരളം സാംസ്‌കാരികമായി ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. അവരില്‍ ഗണ്യമായ വിഭാഗവും മുസ്‌ലിംകളാണ് എന്നതും ഗൗരവമുള്ള വിഷയമാണ്. ഇവരുടെ ശാക്തീകരണത്തിന് വഴിതുറക്കുന്ന സുവര്‍ണാവസരമാണിത്. കേരളത്തിലെ അവരുടെ പ്രവാസജീവിതത്തെ സമഗ്രമായി അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, മാനവ് മൈഗ്രേന്‍ ഫൗണ്ടേഷന് രൂപം നല്‍കിയത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ സേവനങ്ങള്‍ ഇവര്‍ക്കായി നിര്‍വഹിക്കാന്‍ മാനവ് മുഖേന സാധിച്ചു. തൊഴിലാളികളുടെ ജീവിത സംസ്‌കരണം, കുട്ടികള്‍ക്കായുള്ള മദ്‌റസ, ഇതര ഭാഷകളിലുള്ള ഖുത്വ്ബ, സമ്പാദ്യ പദ്ധതികള്‍, കുടുംബത്തിനും കുട്ടികള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശം എന്നിവ മാനവ് ഫൗണ്ടേഷന്‍ ഇപ്പോള്‍ നല്‍കിവരുന്നു. കൂടാതെ നാട്ടിലേക്കും തിരിച്ചും ടിക്കറ്റെടുക്കാനുള്ള സൗകര്യം, ആവാസ് കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം തുടങ്ങി അവരുടേതു മാത്രമായ വിവിധ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. കേരള മുസ്‌ലിംകളുടെ ഇസ്‌ലാമികബോധവും ജാഗ്രതയും ഉത്തരേന്ത്യക്ക് പകര്‍ന്നുനല്‍കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാണ്.
പീപ്പ്ള്‍സ് ഹോം
ഭവനരഹിതരായ ആളുകള്‍ക്ക് വീട് വെച്ചു നല്‍കുന്ന പദ്ധതി മാത്രമല്ല ഇത്. പദ്ധതിയില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക, വിവിധ സംഘടനകളെ ഇതുമായി സഹകരിപ്പിക്കുക, കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നിവ കൂടി ലക്ഷ്യമിടുന്നു. ഭൂമി ഇല്ലാത്തവരും ഭവനമില്ലാത്തവരും എന്ന ഒരു സംവര്‍ഗം വികസിപ്പിക്കാനും ഇതിനകം ഈ പദ്ധതിക്കായിട്ടുണ്ട്. ലൈഫ് പോലുള്ള ഔദ്യോഗിക പദ്ധതികള്‍ക്ക് ഈ മാതൃക വഴികാണിച്ചിട്ടുണ്ട്. പീപ്പ്ള്‍സ് ഹോമിലേക്ക് ഭൂമി സംഭാവന നല്‍കാന്‍ തയാറുള്ളവരും വീടു നിര്‍മാണത്തിന് പണം നല്‍കാന്‍ തയാറുള്ളവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവരെ ഏകോപിപ്പിക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിക്കുന്നു.
പാരാപ്ലീജിയ കെയര്‍ യൂനിറ്റ്
ഒരു ചെറിയ വീഴ്ച പോലും ശരീരത്തിന്റെ താളം തെറ്റിച്ചു നിശ്ചലമാക്കിക്കളഞ്ഞെന്നു വരാം. ശരീരത്തിനേല്‍ക്കുന്ന ഈ അപ്രതീക്ഷിത ആഘാതങ്ങള്‍ അവരുടെ മനസ്സിനേല്‍ക്കാന്‍ അനുവദിച്ച് കൂടാ. അപകടങ്ങളില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ചു തളര്‍ന്നുപോയവര്‍ക്കായി പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ കരുതലാണ് പാരാപ്ലീജിയ കെയര്‍ യൂനിറ്റ്. ആയിരത്തോളം പാരാപ്ലീജിയ രോഗികളുടെ രജിസ്‌ട്രേഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവരുടെ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ച് അവരെയും നമ്മോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നു. അവര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിവരികയും ചെയ്യുന്നു. റേഷന്‍ / പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. അവരുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണ് എന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിക്കുന്നു.
സ്‌നേഹ സ്പര്‍ശം
ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, വീട് തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകരുടെ എണ്ണം ഏറെയാണ്. നമുക്ക് മുന്നിലെത്തുന്ന ഓരോ അപേക്ഷയും നമ്മുടെ ഉറക്കം കെടുത്തുന്ന ജീവിത കഥകളായിരിക്കും. ഇതിന്റെ ഒരു ലഘു ചിത്രമാണ് മീഡിയ വണ്‍ ചാനല്‍ അവതരിപ്പിക്കുന്ന സ്‌നേഹ സ്പര്‍ശം പരിപാടിയിലൂടെ നാം കാണുന്നത്. ഇതുവഴി നിരവധി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി നമുക്ക് സാധിച്ചു.
പ്രളയാനന്തരം
കേരളം ഈ നൂറ്റാണ്ടില്‍ കണ്ട വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2018 ആഗസ്റ്റില്‍ സംഭവിച്ച മഹാപ്രളയം. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ വളന്റിയര്‍ സംഘമായ ഐ.ആര്‍.ഡബ്ല്യു ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ആവശ്യമായ പരിശീലനവും ദുരന്തത്തെ നേരിടാനുള്ള ഉപകരണ ലഭ്യതയുമാണ് മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനം സാധ്യമാക്കിയത്.
പ്രളയാനന്തരം കേരളത്തില്‍ ചിട്ടയോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സാധിച്ചു. അഭ്യുദയകാംക്ഷികളില്‍നിന്ന് സമാഹരിച്ച തുകയുടെ 70 ശതമാനവും ഉപയോഗിച്ചുകഴിഞ്ഞു. 267 വീടുകളുടെ നിര്‍മാണത്തിനും 658 വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സഹായം നല്‍കി. ഒരു ഫഌറ്റ് സമുച്ചയത്തിന്റെ പണിപൂര്‍ത്തിയാക്കി, ഗുണഭോക്താക്കള്‍ക്ക് കൈമാറി. 6 പദ്ധതികള്‍ പുരോഗമിക്കുന്നു. ഒരു ടൗണ്‍ഷിപ്പ് പദ്ധതിയും യാഥാര്‍ഥ്യമായിക്കൊിരിക്കുകയാണ്. ഏറ്റെടുത്ത് പ്രഖ്യാപിച്ച പദ്ധതികളില്‍ നല്ലൊരു ശതമാനവും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനും ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച തുക അതിവേഗത്തില്‍ ഫലപ്രദമായി ചെലവഴിക്കാനും സാധിച്ചുവെന്നത് ചാരിതാര്‍ഥ്യജനകമാണ്.
ബൈത്തുസ്സകാത്ത് കേരള
കേരളത്തിലെ സകാത്ത് സംഭരണവും വിതരണവും കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണിത്. കൂടാതെ, പ്രാദേശിക സകാത്ത് കമ്മിറ്റികളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് ലഭ്യമാകേണ്ട സകാത്ത് യഥാവിധി സമാഹരിച്ചാല്‍ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക നില ഏറെ മെച്ചപ്പെടുത്താനാവുമെന്നും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ അത് ഏറെ സഹായകമാകുമെന്നും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മനസ്സിലാക്കുന്നു. ചെറിയ പ്രദേശങ്ങളില്‍നിന്ന് സമാഹരിച്ച് അവിടെ തന്നെ വിതരണം ചെയ്യുന്ന ചെറിയ സകാത്ത് കമ്മിറ്റികള്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുവഴി സമൂഹത്തിന്റെ അഭിവൃദ്ധി സാധ്യമാവുകയുമില്ല. സകാത്ത് വാങ്ങുന്നവരെ വരുംവര്‍ഷങ്ങളില്‍ സകാത്ത് ദായകരാക്കി മാറ്റാന്‍ ബൃഹദ്പദ്ധതികള്‍ക്കേ സാധ്യമാവൂ. കേരളത്തില്‍ കൂടുതല്‍ വിപുലമായ തോതില്‍, എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള സകാത്ത് ഹൗസ് എന്ന ആശയം അഭ്യുദയകാംക്ഷികള്‍ പീപ്പ്ള്‍സ് ഫൗണ്ടേഷനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിദിനം ആവശ്യക്കാരുടെ നീണ്ട നിരയാണ് നമുക്ക് മുന്നില്‍ വന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാത്ത ആയിരങ്ങളുടെ നിര. ഒരുനിലക്കും അവഗണിക്കാന്‍ കഴിയാത്തതാണ് അവരുടെ ജീവിത പ്രശ്‌നങ്ങള്‍. അവരെക്കൂടി ചേര്‍ത്തു നിര്‍ത്താന്‍ കഴിയുമ്പോഴാണ് സാമൂഹികപ്രവര്‍ത്തനം പൂര്‍ണമാവുക. അത് കൂടിയാണ് ദീനീപ്രവര്‍ത്തനം. ഈ രംഗത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും കേരളത്തിലുടനീളം നെറ്റ്‌വര്‍ക്കും പീപ്പ്ള്‍സ് ഫൗണ്ടേഷനുണ്ട്. ഉദാരമതികള്‍ പിന്തുണച്ചാല്‍ നിരവധി ജീവിതങ്ങള്‍ക്ക് നമുക്ക് തണലൊരുക്കാനാവും. പ്രളയദുരിതത്തില്‍ ഒരളവോളം ഇത് തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്.
മുസ്‌ലിം സമുദായം ചെലവഴിച്ചുകൊയേിരിക്കുന്ന ഉദാര മനസ്സുള്ള സമൂഹമാണ്. പുണ്യം ആഗ്രഹിച്ച് ധാരാളം ദാനധര്‍മങ്ങള്‍ ചെയ്യുന്ന സമൂഹം. പലപ്പോഴും കൃത്യമായ ആസൂത്രണമോ ശാസ്ത്രീയമായ രീതിയോ ഇതിനവലംബിക്കാറില്ല. ഭക്ഷണം, വസ്ത്രം, പള്ളി മോടിപിടിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കോടികളാണ് ഈ സമുദായം ചെലവിടുന്നത്. ദീര്‍ഘ വീക്ഷണത്തിന്റെയും സുസ്ഥിര പദ്ധതികളുടെയും അഭാവത്തില്‍ സമുദായം ചെലവിടുന്ന കോടികള്‍ സാമൂഹിക വളര്‍ച്ചയില്‍ വേത്ര പങ്കു വഹിക്കാറില്ല. സമുദായത്തിലെ ഉദാരമതികള്‍ പുണ്യം കാംക്ഷിച്ച്് ഒഴുക്കുന്ന പണത്തിന് കൃത്യമായ പ്ലാനിംഗും, ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികളും രൂപപ്പെടുത്താന്‍ സാധിച്ചാല്‍ സാമൂഹിക ശാക്തീകരണത്തില്‍ മാതൃകാപരമായ പങ്കു വഹിക്കുന്ന ഖൈറു ഉമ്മത്തായി മുസ്‌ലിം സമുദായത്തിന് മാറാന്‍ കഴിയും, തീര്‍ച്ച.
Comments