റമദാന്‍ റിലീഫിന്റെ ബാക്കിപത്രം
നാടൊട്ടുക്ക് ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവുമെല്ലാം വിതരണം ചെയ്യുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍. ഇവയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒരു കാര്യം ഓര്‍മയുണ്ടാകണം; സഹായം വാങ്ങുന്നവന്റെ അഭിമാനത്തിനു മേലുള്ള ആണിയടിയാണ് ആ ഫോട്ടോകളെന്ന്. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒരാളും ഇങ്ങനെ കൈനീട്ടാന്‍ വരില്ല. നേരത്തേ നമ്മെപ്പോലെ ജീവിച്ചവരോ ഒരുപക്ഷേ നമ്മേക്കാള്‍ നല്ല നിലയില്‍ ജീവിച്ചവരോ ആണ് അവരും. ചില ചിത്രങ്ങളില്‍ ചെറിയ കുട്ടികളുടെ ദൈന്യത കാണാറുണ്ട്. തന്റെ മേല്‍ വന്നുപതിക്കുന്ന നോട്ടങ്ങളെപ്പറ്റി ആ കുട്ടികള്‍ക്കറിയില്ല. ഈ കുട്ടികളുടെ സ്ഥാനത്ത് സ്വന്തം മക്കളെ ആലോചിക്കുക. നാളെ ഞാനില്ലാതായാല്‍ ഈ പാവം കുട്ടിയുടെ സ്ഥാനത്ത് എന്റെ മക്കള്‍ വന്നു നില്‍ക്കേണ്ടിവരുന്ന അവസ്ഥ! ഇതോര്‍ത്ത് ആധിയുണ്ടാവട്ടെ ഓരോരുത്തരുടെയും മനസ്സില്‍. സഹായം സ്വീകരിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ വിങ്ങലുമായി നില്‍ക്കുന്ന ആ സ്ത്രീകളുടെ സ്ഥാനത്ത് സ്വന്തം ഭാര്യയെ/ ഉമ്മയെ ഓര്‍ക്കുക. നാളെ ഈ ഗതി അവര്‍ക്ക് വന്നുകൂടായ്കയില്ലല്ലോ. ദയവു ചെയ്ത് സഹായം വാങ്ങുന്നവരുടെ ചിത്രമെടുക്കാതിരിക്കുക. അത്തരം ചിത്രങ്ങളുമായി ഒരു പത്രമാപ്പീസിലേക്കും പോകാതിരിക്കുക. ഒരു സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്യാതിരിക്കുക. ഒരു സ്വീകര്‍ത്താവിന്റെയും ഫോട്ടോ നല്‍കാതെ, സഹായ വിതരണത്തിന്റെയും പ്രോജക്റ്റുകളുടെയും റിപ്പോര്‍ട്ടുകള്‍ ഓഫീസില്‍ എത്തിച്ച്, ആര്‍ക്കും വന്ന് പരിശോധിക്കാവുന്ന രീതിയില്‍ സൂക്ഷിക്കുക.
ഉപഭോക്താവിന്റെ ഫോട്ടോ കൊടുക്കാത്തതിന്റെ ഒരു കുറവും അനുഭവപ്പെട്ടിട്ടില്ല. ഒരു ചെറിയ ഇടപെടല്‍ കൊണ്ട് തീര്‍ക്കാവുന്ന കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയോ മറ്റോ വഴി വലുതായി അവതരിപ്പിക്കുന്നത് എന്തിനാണ്? അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നത് ന്യായീകരിക്കാവതല്ല.
നൂറ് ശതമാനം വിശ്വാസ്യതയോടെ അല്ലാഹുവില്‍ ഭരമേല്‍പിച്ചും അവനെ മാത്രം പേടിച്ചും സമൂഹത്തിന്റെ പുകഴ്ത്തലുകളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞും, നല്‍കുന്നവന് പരലോകത്ത് അതിന്റെ വിഹിതം കിട്ടാന്‍ പ്രാര്‍ഥിച്ചും കിട്ടുന്നവന്റെ അഭിമാനം സംരക്ഷിച്ചും നടത്തുന്നത് മാത്രമേ പരലോകത്ത് ബാക്കിയാവൂ. സുതാര്യതക്കു വേണ്ടി ബില്ലുകള്‍, നിര്‍മാണഘട്ടങ്ങള്‍, കിട്ടിയ സംഖ്യ ഒക്കെ പറയേണ്ടതുണ്ട്. അല്ലാഹുവാണ് ഔദാര്യവാന്‍. അവന്‍ ഔദാര്യം നല്‍കിയതില്‍നിന്ന് നമുക്ക് വ്യക്തികള്‍ നല്‍കുന്ന വിഹിതം നമ്മുടെ സഹോദരങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദൗത്യമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുള്ളത്. നന്മയാണ് ഉദ്ദേശിക്കുന്നത്. സ്വയം ചെയ്യുന്നത് രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കുന്ന നിരവധി സംഘടനകള്‍ ഉണ്ട്. അവരാകട്ടെ നമ്മുടെ പ്രചോദനവും മാതൃകയും. അല്ലാഹു നമ്മുടെ ദാനധര്‍മങ്ങള്‍ സ്വീകരിക്കുമാറാവട്ടെ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ നടന്നുവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ അനുബന്ധമായി വന്ന ഒരു സോഷ്യല്‍ മീഡിയാ കുറിപ്പിലെ ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്. കാര്യങ്ങള്‍ വ്യക്തം. റിലീഫ് പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുമ്പോള്‍, ദാനം നല്‍കി മാനം കളയുന്ന സമ്പ്രദായം ഇനിയെങ്കിലും അവസാനിപ്പിച്ചേ പറ്റൂ. പ്രവാചക മാതൃകക്ക് ഒരിക്കലും യോജിക്കാത്ത ഇത്തരം കെട്ടുകാഴ്ചകള്‍ക്ക് നമ്മുടെ മതസംഘടനകളും നേതാക്കളും പണ്ഡിതന്മാരും പ്രോത്സാഹനം നല്‍കരുത്. അര്‍ഹരായവര്‍ക്ക് നാലാളറിയാതെ അവരുടെ പടിക്കലേക്ക് സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതും അത്തരക്കാരെയാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതും.
മനുഷ്യരുടെ അവസ്ഥകള്‍ നിമിഷനേരങ്ങള്‍ കൊണ്ട് മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന ബോധ്യം ഉള്ളവര്‍ക്ക് ഗുണഭോക്താക്കളുടെ ചിത്ര പ്രദര്‍ശനം നടത്താന്‍ കഴിയില്ല. ഇതെഴുതുന്ന പേജുകളില്‍ പോലും ഇത്തരം ദൈന്യതയാര്‍ന്ന മുഖങ്ങള്‍ കണ്ട് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. അവരാരും ജീവിതത്തില്‍ ചെയ്ത മഹാ അപരാധങ്ങള്‍ കാരണമായല്ലല്ലോ ഈ അവസ്ഥയിലെത്തിയത്! നാം എന്നും കൊടുക്കാനുള്ളവരും മറ്റു പലരും വാങ്ങാനുള്ളവരുമാണെന്ന ചിന്ത ചിലരിലെങ്കിലുമുണ്ടെന്ന് തോന്നിപ്പോകും ചില പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍. വിധവകളുടെയും അനാഥകളുടെയും കാര്യത്തില്‍ പ്രദര്‍ശനങ്ങള്‍ അതിരുകടക്കുന്നുവോ എന്ന് സംശയിക്കണം. യത്തീമിനെ സഹായിക്കണം എന്നു മാത്രമല്ല ആദരിക്കണം എന്നാണ് ഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്നത്. നിഷ്‌കളങ്കരായ അനാഥക്കുട്ടികളുടെ ഫോട്ടോകള്‍ വെച്ച് ഫണ്ട് സമാഹരിക്കുന്നവര്‍ 'അല്ലാ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല' എന്ന ഖുര്‍ആന്‍ വചനം പല ആവൃത്തി വായിക്കേണ്ടതുണ്ട്. കേരളത്തിലെ പ്രശസ്തമായ ഒരു അനാഥാലയത്തിന്റെ സംഭാവനപ്പെട്ടിയില്‍ അന്തേവാസികളായ യത്തീം മക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച് കടകളിലും മറ്റും വെച്ചത് ഈയിടെ കാണാനിടയായി. പട്ടിണി കിടക്കുന്നവനോടും പ്രയാസമനുഭവിക്കുന്നവനോടും ഒപ്പം നില്‍ക്കാന്‍ മനസ്സുകളെ പ്രാപ്തമാക്കുന്ന വിശുദ്ധ റമദാനില്‍ പോലും പൊതു ഇടങ്ങളില്‍ മാനം കെടുന്നവരുടെ വേദനയറിയാന്‍ കഴിയാതെ ഏത് നോമ്പാണ് നാമനുഷ്ഠിക്കുന്നത്? ഏത് തറാവീഹാണ് നാം നമസ്‌കരിക്കുന്നത്?
'ജീവിതാക്ഷരങ്ങള്‍' ഒരിക്കലും അവസാനിക്കുന്നില്ല
പറഞ്ഞതില്‍ പാതി പിന്നെയും പൂക്കുകയാണ്! ആ പരിമളം ചെന്നുകൊെത്തിക്കുന്നത് പലര്‍ക്കുമെന്ന പോലെ മറവിയില്‍ മാഞ്ഞുപോകാത്ത ഒരുപാട് നല്ല ഓര്‍മകളിലേക്കാണ്. പ്രവാസത്തിന്റെ വ്യഥിത നാളുകളില്‍, ദോഹയിലെ 'ശാരാ അസ്മക്' പള്ളിയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സില്‍ നിറച്ചിരുന്നത് വല്ലാത്തൊരു ആശ്വാസമായിരുന്നു.
കേട്ടുമടുത്ത വരണ്ട മതപ്രഭാഷണങ്ങള്‍ക്കപ്പുറമുള്ളൊരു ആകാശ ചെരിവിലേക്കാണ് മനസ്സിനെ അന്ന് കൊണ്ടുപോയത്. തുടര്‍ന്നുള്ള ഇടവേളകളില്‍ എത്രയെത്ര പ്രഭാഷണങ്ങള്‍. അന്ന് അതിനൊക്കെ വഴിയൊരുക്കിയ പരേതനായ കീഴല്‍ കുണ്ടുക്കുളങ്ങര അബ്ദുല്ലയെയും ഇവിടെ ഓര്‍ത്തുപോവുകയാണ്.
കാലം പിന്നെയും എത്രയോ കടന്നുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ചേന്ദമംഗല്ലൂര്‍ യാത്രയില്‍ പുല്‍പ്പറമ്പില്‍ ബസ്സിറങ്ങി. ദാഹം അസഹ്യമായപ്പോള്‍ തൊട്ടടുത്ത ചായക്കടയില്‍ കയറി. ചായ പാരുന്നത് തട്ടമിട്ട ഉമ്മ. കീശയില്‍ ചില്ലറയില്ല. കൈയിലുള്ളത് തന്നാല്‍ മതിയെന്ന് കണക്ക് പറയാതെ സ്‌നേഹം മാത്രം വെച്ചുവിളമ്പിയ അവരോട് നന്ദി പറയുമ്പോള്‍; 'ജീവിതാക്ഷരങ്ങളി'ലെ ആദ്യ പേജുകളില്‍ അദ്ദേഹം വരച്ചിട്ട ചേന്ദമംഗല്ലൂരും ആ നാടന്‍ ഗ്രാമീണ സൗന്ദര്യവും നന്മയും വിശുദ്ധിയും ഒരു നിമിഷം അനുഭവിക്കുകയായിരുന്നു. ദീര്‍ഘായുസ്സ് നേരുന്നു.
റസാഖ് പള്ളിക്കര, പയ്യോളി
വ്യതിരിക്തനായിരുന്നു കെ.പി കുഞ്ഞിമൂസ
കെ.പി കുഞ്ഞിമൂസയെപ്പറ്റി ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ അനുസ്മണത്തിനനുബന്ധമായി ചിലത് കുറിക്കുകയാണ്. ലാഭനഷ്ടം നോക്കാതെ, വാഴുന്നവര്‍ക്ക് സ്തുതി പാടാതെ, തനിക്ക് ശരിയെന്ന് തോന്നിയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കെ.പി കാണിച്ച ഉള്ളുറപ്പായിരുന്നു മുസ്‌ലിം ലീഗില്‍ നിര്‍ഭാഗ്യകരമായ പിളര്‍പ്പുണ്ടായപ്പോള്‍ താരതമ്യേന കൂടുതല്‍ തത്ത്വദീക്ഷ അന്ന് പുലര്‍ത്തിയ അഖിലേന്ത്യാ ലീഗിനോട് സധീരം ചേര്‍ന്നു നിന്നുവെന്നത്. അധികാരം കൈയാളാന്‍ തുടങ്ങിയതില്‍ പിന്നെ മുസ്‌ലിം ലീഗിനെ ഗ്രസിച്ച ജീര്‍ണതകള്‍ക്കെതിരിലുള്ള ചെറുത്തുനില്‍പും തിരുത്തല്‍ ശ്രമവും കൂടിയായിരുന്നു അഖിലേന്ത്യാ ലീഗിന്റെ പിറവിക്ക് നിമിത്തമായ അന്നത്തെ സംഭവ വികാസങ്ങള്‍. ഭരണത്തോട് ഒട്ടിനിന്ന വിഭാഗം (യൂനിയന്‍ ലീഗ്) സി.കെ.പി ചെറിയ മമ്മുക്കേയി, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അടിയന്തരാവസ്ഥയില്‍ ജയിലിലടക്കാനും ഭരണസ്വാധീനമുപയോഗിച്ച് സമുദായത്തിലെ വിവിധ സ്ഥാപന സംവിധാനങ്ങളില്‍നിന്ന് അഖിലേന്ത്യാ ലീഗുമായി ബന്ധപ്പെട്ടവരെ പുറത്താക്കാനും മറ്റും നടത്തിയ ശ്രമങ്ങളുടെയും മറ്റും കഥ നന്നായറിയുകയും ഇത്തരം വിക്രിയകളോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിയാണ് കെ.പി. അടിയന്താരവസ്ഥയില്‍ പല പത്രങ്ങളും വായ മൂടിക്കഴിയുമ്പോഴായിരുന്നു ലീഗ് ടൈംസ് പിറവി കൊണ്ടത്. അടിയന്തരാവസ്ഥക്കെതിരെയും അക്കാലത്ത് നടമാടിയ നിര്‍ബന്ധ വന്ധ്യംകരണമുള്‍പ്പെടെയുള്ള പലവിധ അത്യാചാരങ്ങള്‍ക്കെതിരെയും ലീഗ് ടൈംസ് ആവുംവിധം അടരാടി. അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്‌ലാമിയെ അന്യായമായും അകാരണമായും നിരോധിച്ചതില്‍ ധാരാളം അഖിലേന്ത്യാ ലീഗുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കാരായ പലരും അന്ന് ലീഗ് ടൈംസിന്റെ കോളങ്ങള്‍ ഉപയോഗപ്പെടുത്തി. ഇതിലൊക്കെ കെ.പിക്ക് പങ്കുണ്ട്. മരിക്കുന്നതിന് ഏതാനും മാസം മുമ്പ് കോഴിക്കോട്ടു നിന്ന് മാഹിയിലേക്കുള്ള യാത്രാമധ്യേ ദീര്‍ഘമായി സംസാരിക്കുന്നതിനിടയില്‍ ലീഗ് ടൈംസിന്റെ പഴയലക്കങ്ങളും രേഖകളും മറ്റും തീര്‍ത്തും നഷ്ടപ്പെട്ടതിലുള്ള കടുത്ത ദുഃഖം അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ഒരു ദശകത്തിലേറെക്കാലത്തെ മുസ്‌ലിം രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ പല വിശദാംശങ്ങളും അടിയൊഴുക്കുകളും പഠിക്കാനുതകുന്ന വിലപ്പെട്ട രേഖയാണ് ഇതുവഴി വിനഷ്ടമായതെന്ന് അദ്ദേഹം പ്രതിഷേധപൂര്‍വം പറയുകയുണ്ടായി. ചന്ദ്രികയിലും പിന്നീട് ലീഗ് ടൈംസിലും ഈയുള്ളവന്റെ ലേഖനങ്ങളും കുറിപ്പുകളും ധാരാളമായി വെളിച്ചം കണ്ടതില്‍ പരേതന്‍ നല്‍കിയ പ്രോത്സാഹനവും പരിഗണയും മധുരിക്കുന്ന ഓര്‍മ തന്നെയാണ്. നാലര ദശകത്തോളം നീണ്ട വ്യക്തിബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. ബന്ധം തുടങ്ങുന്ന കാലത്ത് അഖിലേന്ത്യാ ലീഗുമായി ബന്ധമുള്ളവനായ ഞാന്‍ പിന്നീട് സജീവ ജമാഅത്ത് പ്രവര്‍ത്തകനായി മാറിയപ്പോഴും ബന്ധത്തിന് ഒരു മാറ്റവുമുണ്ടായില്ല. എന്നെ കാണുമ്പോഴൊക്കെ എന്റെ പിതാവിനെ (വി.സി അഹ്മദ് കുട്ടി) ആദരപൂര്‍വം വളരെ വാചാലമായി അനു സ്മരിക്കുകയും 'ബാപ്പാന്റെ വഴിയില്‍ ഇനിയും തുടരണ'മെന്ന് ഉണര്‍ത്തുകയും ചെയ്യുമായിരുന്നു. ധാരാളം സുവനീറുകള്‍ എഡിറ്റ് ചെയ്തുകൊടുത്തിട്ടുള്ള കെ.പിയുടെ പക്കല്‍ സുവനീറുകളുടെ ശേഖരം തന്നെയുണ്ടെന്നാണറിവ്. ചരിത്ര ക്രോഡീകരണത്തിന് ഇത് ഉപകരിക്കും. ഒരുപാട് കാര്യങ്ങള്‍ ഇനിയും കുത്തിക്കുറിക്കാനുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
അബ്ദുര്‍റഹ്മാന്‍ അഹ്മദ് ഹസന്‍ മാഹി
ഹൃദ്യം
അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ.പി കുഞ്ഞിമൂസ സാഹിബിനെക്കുറിച്ച പി.കെ ജമാലിന്റെ ഓര്‍മക്കുറിപ്പ് വളരെ ഹൃദ്യമായി. ഒരു വ്യക്തിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളെന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ഛായാ ചിത്രങ്ങളായിരുന്നു അതില്‍ കോറിയിട്ടത്. അക്കാലത്തെ നേതാക്കളുടെ വിശാല മനസ്സിനെയും ഐക്യദാഹത്തെയും പരിചയപ്പെടുത്തുന്ന ലേഖനം. ഇത്ര ഹൃദ്യമായ ഓര്‍മക്കുറിപ്പ് കെ.പിയെ കുറിച്ച് വായിച്ചിട്ടില്ല എന്നു ഉറപ്പിച്ചു പറയാം.
ജീവിതത്തിലെന്ന പോലെ മരണത്തിലും വേïത്ര പരിഗണിക്കപ്പെടാതെ പോയോ എന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്ന പലരും ആശങ്കപ്പെടുന്നുമുണ്ട്
മായിന്‍ കുട്ടി അണ്ടത്തോട്
Comments