കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി സേവനരംഗത്തെ ദീപ്ത സാന്നിധ്യം
മത-സാംസ്‌കാരിക-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവിനെയാണ് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണം മൂലം നഷ്ടമായത്. മാര്‍ച്ച് 21-നായിരുന്നു മൗലവിയുടെ അന്ത്യം. സഹപ്രവര്‍ത്തകരിലും അനുയായികളിലും ദീപ്ത സ്മരണകള്‍ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ജന്മംകൊണ്ട് കൊളത്തൂര്‍കാരനാണെങ്കിലും കര്‍മം കൊണ്ട് തിരൂര്‍ക്കാട്ടുകാരനെന്ന നിലയിലാണ് മൗലവി അറിയപ്പെട്ടത്. 1964 മുതല്‍ 1994 വരെ തിരൂര്‍ക്കാട് എ.എം ഹൈസ്‌കൂള്‍ അധ്യാപകനെന്ന നിലയില്‍ അനുഷ്ഠിച്ച സേവനം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മനസ്സുകളില്‍ മൗലവിക്ക് സ്ഥിരപ്രതിഷ്ഠ നല്‍കി. വിജ്ഞാനത്തിന്റെ ഉന്നത വിഹായസ്സിലേക്ക് പറന്നുയരാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍.
അധ്യാപകരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പലരും മൗലവിയെ സമീപിക്കാറുണ്ടായിരുന്നു. തന്റെ സേവനങ്ങള്‍ക്ക് എന്തെങ്കിലും പ്രതിഫലം കൈപ്പറ്റുക അദ്ദേഹത്തിന് അചിന്ത്യമായിരുന്നു. അറബി അധ്യാപകനാണെങ്കിലും ഇംഗ്ലീഷില്‍ നിവേദനങ്ങളും ഹര്‍ജികളും തയാറാക്കുന്നതില്‍ പ്രകടിപ്പിച്ച മികവ് ഉന്നത ഉദ്യോഗസ്ഥരെയും വകുപ്പു മേധാവികളെയും അത്ഭുതപ്പെടുത്തിയിരുന്നു.
ഗ്രൂപ്പുകളും വ്യക്തികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും അദ്ദേഹം സമയം നീക്കിവെച്ചു. മൗലവിയുടെ ഒത്തുതീര്‍പ്പു ഫോര്‍മുല അംഗീകരിക്കാന്‍ ഒരു വിഭാഗത്തിനും വിസമ്മതമുണ്ടായിരുന്നില്ല. നര്‍മം തുളുമ്പുന്ന പ്രസംഗങ്ങള്‍ ചിന്തോദ്ദീപകവുമായിരിക്കും. മുസ്‌ലിം ലീഗ് നേതാവായിരുന്ന അദ്ദേഹത്തോട് രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍പോലും ആശയവിനിമയം നടത്തുന്നതിലും സൗഹൃദം പങ്കിടുന്നതിലും ഔത്സുക്യവും താല്‍പര്യവും പ്രകടിപ്പിച്ചു.
1994 മുതല്‍ 2000 വരെ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ അംഗമായി സേവനമനുഷ്ഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഒരു അറബി അധ്യാപകന് പി.എസ്.സി മെമ്പറാകാന്‍ എന്താണര്‍ഹതയെന്ന് രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മെമ്പറെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നുവെന്ന് പല റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും അനുസ്മരിച്ചിട്ടുണ്ട്. അറബി ഭാഷാധ്യാപകരുടെ ഉന്നമനത്തിനും അവരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും കെ.എ.ടി.എഫിലൂടെ അദ്ദേഹം ശ്രമം നടത്തി.
കേരള അറബി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. 1980-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന 'അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍' ഉത്തരവിനെതിരായ സമരത്തിന്റെ മുന്നില്‍ കൊളത്തൂര്‍ മൗലവി നിലകൊണ്ടു. തന്ത്രപരവും നയപരവുമായ നീക്കങ്ങളുടെ ഫലമായി 1980 ജൂണ്‍ 11-ന് വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
'ന്യൂനപക്ഷ രാഷ്ട്രീയത്തിന്റ പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തില്‍ കൊളത്തൂര്‍ മൗലവി നടത്തിയ പഠനക്ലാസുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആവേശവും വികാരവും മുറ്റിനില്‍ക്കുന്ന പ്രവര്‍ത്തനശൈലിയല്ല രാഷ്ട്രീയത്തില്‍ വേണ്ടതെന്ന ഉറച്ച വിശ്വാസമായിരുന്നു മൗലവിയുടേത്. പ്രവര്‍ത്തകര്‍ ആലോചനയുടെയും വിവേകത്തിന്റെയും പാതയില്‍ മുന്നേറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. രാഷ്ട്രീയ പ്രവര്‍ത്തനം സ്ഥാനമാനങ്ങള്‍ നേടാനുള്ള മാര്‍ഗമായി മൗലവി കരുതിയില്ല. ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത യാതൊരുവിധ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുതിര്‍ന്നിരുന്നില്ല. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഇടക്കു വെച്ച് രാജിവെക്കാനിടയായത് ഇത്തരമൊരു ഉറച്ച നിലപാടുള്ളതുകൊണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗ് നേതൃത്വത്തില്‍നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം വഴങ്ങിയില്ല.
മുസ്‌ലിം സമുദായത്തിലെ ഏതെങ്കിലുമൊരു സംഘടനയോട് തീവ്രമായ അടുപ്പമോ അകല്‍ച്ചയോ അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. നല്ല പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും സഹകരിച്ചിരുന്നു. വ്യത്യസ്ത മുസ്‌ലിം സംഘടനകളിലെ നേതാക്കളുമായി ചര്‍ച്ചക്ക് ലഭിക്കുന്ന അവസരങ്ങളൊന്നും മൗലവി പാഴാക്കിയിരുന്നില്ല. കളങ്കമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നിസ്വാര്‍ഥമായ സാമൂഹിക സേവനത്തിന്റെയും മഹിതമാതൃക കാഴ്ചവെച്ചുകൊണ്ടാണ് മുഹമ്മദ് മൗലവി വിടവാങ്ങിയത്.
ഭാര്യ: ജമീല (റിട്ട. അധ്യാപിക). മക്കള്‍: മുഹമ്മദ് ഇബ്‌റാഹീം (അബൂദബി), മുഹമ്മദ് മുഖ്താര്‍ (അധ്യാപകന്‍, പി.ടി.എം.എച്ച്.എസ്.എസ് എടപ്പലം), മുഹമ്മദ് ശിഹാബ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി.എച്ച്.സി പാങ്ങ്), അമീന ഷാനിബ (ഒമാന്‍), ജമീല ലാഫിയ്യ (പി.കെ.എച്ച്.എം.എല്‍.പി.എസ്.എ പടപ്പറമ്പ്). മരുമക്കള്‍: ഫെബിന (എ.എം.എച്ച്.എസ് തിരൂര്‍ക്കാട്), ആമിന (എം.ഇ.എസ്.എച്ച്.എസ് വളാഞ്ചേരി), നഷീദ (ജി.എല്‍.പി.എസ് അത്തിപ്പറ്റ), ബാബു നൗഷാദ് (ഒമാന്‍), അഫ്‌സല്‍ ജമാല്‍ (ഗവ. കോളേജ് കൊണ്ടോട്ടി).
പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ!
Comments