Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

അവകാശ സ്വാതന്ത്ര്യങ്ങള്‍ ഇസ്‌ലാമിന്റെ നോട്ടത്തില്‍

റാശിദ് ഗന്നൂശി

സ്വാതന്ത്ര്യത്തെ സംബന്ധിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ബൂര്‍ഷ്വാ വിഭാഗങ്ങള്‍ക്ക് ചര്‍ച്ച്-ഫ്യൂഡലിസ്റ്റ് കൂട്ടുകെട്ടിനെതിരെ തങ്ങളുടെ നില ഭദ്രമാക്കാനുള്ള നീക്കമായാണ് പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും ആ നീക്കം വഴിതെറ്റുകയും അതിന്റെ പോരായ്മകള്‍ പ്രകടമാവുകയും ചെയ്തു. ആ ബൂര്‍ഷ്വാ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ കടന്നുവരുന്നത്. അവ ഊന്നിപ്പറഞ്ഞിരുന്നത് സാമൂഹികാവകാശങ്ങളാണ്. പക്ഷേ ഫലത്തില്‍ സംഭവിച്ചത്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും കുറേ സ്വേഛാധിപത്യ സ്വരൂപങ്ങള്‍ക്ക് ജന്മം നല്‍കി എന്നതാണ്.1 സ്വാതന്ത്ര്യത്തെക്കുറിച്ച ഇസ്‌ലാമിക വിഭാവന, അതിനെ മനുഷ്യപ്രകൃതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ളതല്ല. പാശ്ചാത്യചിന്തയില്‍ അത് മനുഷ്യപ്രകൃതത്തില്‍നിന്ന് ഉത്ഭൂതമാവുന്ന ഒന്നാണ്. അത് വഴിതെറ്റി എവിടംവരെ എത്തി എന്നും നാം കണ്ടതാണ്. പ്രപഞ്ചത്തെക്കുറിച്ച ഇസ്‌ലാമിന്റെ സങ്കല്‍പം രൂപപ്പെടുത്തുന്നത്, അതിനൊരു സ്രഷ്ടാവും പരിപാലകനും ഉണ്ട് എന്ന ആശയത്തില്‍നിന്നാണ്. സൃഷ്ടികളെക്കുറിച്ച് ഏറ്റവും സൂക്ഷ്മമായി അറിയുന്നവനും ആ സ്രഷ്ടാവാണ്. അത്യുന്നതനായ നിയമദാതാവും അവന്‍ തന്നെ. മറ്റു സൃഷ്ടിജാലങ്ങള്‍ക്കൊന്നുമില്ലാത്ത സവിശേഷ പദവി കൂടിയുണ്ട് മനുഷ്യന്. അത് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്ന നിലയാണ്. അതു പ്രകാരം ധിഷണ, ഇഛ, സ്വാതന്ത്ര്യം, ഉത്തരവാദിത്തം, ദൈവികമായ ജീവിതാദര്‍ശം ഇതെല്ലാം മനുഷ്യനെ വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ (അമാനാത്ത്) ആണ്.

അതിക്രമികള്‍ക്കും സ്വേഛാധിപതികള്‍ക്കുമെതിരെയുള്ള സമഗ്രവിപ്ലവമായി ഇസ്‌ലാം പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ദൈവവിരുദ്ധ ശക്തികളില്‍നിന്നും മനുഷ്യേഛയെ സ്വതന്ത്രമാക്കുന്ന സമഗ്ര വിമോചന ദര്‍ശനമായും ഇസ്‌ലാമിനെ അവതരിപ്പിക്കുന്നു. സാധാരണ മനസ്സിലാക്കപ്പെടുന്നതുപോലെ, കേവലം അനുവാദവും സമ്മതവും നല്‍കലായി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനാവുകയില്ല. മനുഷ്യാരംഭം മുതല്‍ നിരവധി പ്രവാചകന്മാരിലൂടെ അല്ലാഹു നടത്തുന്ന പ്രഖ്യാപനം, മനുഷ്യരേ, നിങ്ങള്‍ക്ക് തോന്നും പോലെയൊക്കെ ജീവിച്ചോളൂ എന്നാകാന്‍ തരമില്ലല്ലോ. ഇതിന് നേര്‍വിപരീതമായ മറ്റൊരു സന്ദേശമാണ് നല്‍കുന്നത്. നിങ്ങള്‍ക്കൊരു സ്രഷ്ടാവുണ്ട്. നിങ്ങള്‍ നിങ്ങളുടെ ദേഹേഛകളെയും അറിവില്ലായ്മകളെയും പിന്‍പറ്റുന്നത് അവന്‍ വിലക്കിയിരിക്കുന്നു. നിങ്ങള്‍ വളരെ ബോധത്തോടെ, ഇഛാശക്തിയോടെ ദൈവം നിങ്ങള്‍ക്കായി തൃപ്തിപ്പെട്ടു തന്നിട്ടുള്ള ജീവിത വ്യവസ്ഥ മുറുകെ പിടിക്കണം. അതിലാണ് നിങ്ങളുടെ സൗഭാഗ്യം, പുരോഗതി; ഈ ലോകത്തും പരലോകത്തും. ആ ജീവിതവഴിയില്‍ നിന്ന് നിങ്ങള്‍ അകന്നുപോകുന്നത് കാലാകാലവും നൈരാശ്യത്തിന് ഇടവരുത്തും.

ഇസ്‌ലാമിക വീക്ഷണത്തില്‍ സ്വാതന്ത്ര്യം ഉത്തരവാദിത്തവും ചുമതലയുമാണ്, സത്യത്തെക്കുറിച്ച അവബോധവും അതിനെ മുറുകെ പിടിക്കലും അതിനുവേണ്ടി സര്‍വസ്വം അര്‍പ്പിക്കലുമാണ്. സ്വാതന്ത്ര്യം എന്ന വാക്ക് ഘടനാപരമായി അനുവാദം, തെരഞ്ഞെടുപ്പ്, നൈസര്‍ഗികത (ഫിത്വ്‌റ) തുടങ്ങിയ അര്‍ഥങ്ങളിലാണ് പ്രയോഗിക്കപ്പെടാറുള്ളത്. നന്മയും തിന്മയും തിരിച്ചറിഞ്ഞ് ചെയ്യാനുള്ള കഴിവ് ദൈവം മനുഷ്യന് നല്‍കിയിട്ടുമുണ്ട്. അപ്പോള്‍ അതൊരു ഉത്തരവാദിത്തമാണ്. എന്നാല്‍ ധാര്‍മികവും നിയമപരവും (തശ്‌രീഈ) ആയ തലത്തില്‍ പരിശോധിക്കുമ്പോള്‍, അത് 'അനുരൂപമാക്കല്‍' (തകയ്യുഫ്) ആണെന്ന് ഉസ്വൂലികള്‍ (നിദാന തത്ത്വവിശാരദര്‍) പറയും. അതു പ്രകാരം സ്വാതന്ത്ര്യമെന്നാല്‍ നാം നമ്മുടെ ഉത്തരവാദിത്തം ക്രിയാത്മകമായി ഏറ്റെടുക്കലാണ്, ബാധ്യതകള്‍ സ്വമനസ്സാലെ നിര്‍വഹിക്കലാണ്. കല്‍പ്പിച്ചത് ചെയ്യുക, നിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കുക. അപ്പോഴാണ് നാം ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളാവുക, സദ്‌വൃത്തരായ ദൈവദാസന്മാരാവുക. ഈയര്‍ഥത്തിലാണ് ഇസ്‌ലാമിലെ ദാര്‍ശനികര്‍ സ്വാതന്ത്ര്യം എന്ന ആശയത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. നമ്മുടെ കാലത്തെ ഈ വ്യാഖ്യാതാക്കളില്‍ മുമ്പില്‍ നില്‍ക്കുന്നത് മൊറോക്കന്‍ പണ്ഡിതനായ അല്ലാല്‍ അല്‍ഫാസി, സുഡാനി ചിന്തകന്‍ ഹസനുത്തുറാബി, ദാര്‍ശനിക കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബി, ഈജിപ്ഷ്യന്‍ ഗ്രന്ഥകാരന്‍ ഫത്ഹി ഉസ്മാന്‍ തുടങ്ങിയവരാണ്. ഉസ്താദ് ഫാസി സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ''അത് നിയമപരമായ ഒന്നാണ്. പ്രകൃതിപരമായ അവകാശമല്ല. ദിവ്യവെളിപാടുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യന് തന്റെ സ്വാതന്ത്ര്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല. മനുഷ്യന്‍ സ്വതന്ത്രനായി സൃഷ്ടിക്കപ്പെട്ടവനല്ല, സ്വതന്ത്രനായിത്തീരേണ്ടവനാണ്.'' അല്ലാഹുവിന് വിധേയപ്പെടാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളും ത്യാഗപരിശ്രമങ്ങളുമൊക്കെയാണ് അപ്പോള്‍ സ്വാതന്ത്ര്യം. ജന്തുസഹജമായ ഉള്‍പ്രേരണയായി അതിനെ കാണാന്‍ കഴിയില്ല. 'വേദക്കാരിലും ബഹുദൈവാരാധകരിലും പെട്ടവര്‍, (തങ്ങളുടെ തെറ്റായ വിശ്വാസങ്ങളില്‍നിന്ന്) മുക്തരാകുമെന്ന് കരുതേണ്ടതില്ല, വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരില്‍ എത്തിച്ചേരുന്നതു വരെ' (അല്‍ബയ്യിന-1) എന്ന ഖുര്‍ആനിക സൂക്തം ഉദ്ധരിച്ചുകൊണ്ട് ഉസ്താദ് ഫാസി അത്ഭുതം കൂറുന്നുണ്ട്; മുക്തി (ഇന്‍ഫികാക്)യും സ്വാതന്ത്ര്യവും ലഭ്യമാവുക, ഉത്തരവാദിത്തങ്ങള്‍ (തകാലീഫ്) എറ്റെടുത്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണെന്ന സൂക്ഷ്മാര്‍ഥം എന്തുകൊണ്ട് നമ്മുടെ വ്യാഖ്യാതാക്കള്‍ക്ക് ഈ സൂക്തത്തില്‍നിന്ന് കണ്ടെടുക്കാനായില്ല എന്ന്.2 അപ്പോള്‍ സ്വാതന്ത്ര്യം എന്നത് മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്ന ഒരു ധാര്‍മിക ഗുണമാണ്. നേരത്തേപ്പറഞ്ഞ ഉത്തരവാദിത്ത ബോധത്തോടുകൂടി മനുഷ്യന്‍ കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. അപ്പോള്‍ സ്വതന്ത്രന്‍ എന്ന വിശേഷണത്തിന് അര്‍ഹനാകുന്ന മനുഷ്യന്‍ സാക്ഷാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവനാകാനേ തരമുള്ളൂ. ഉത്തരവാദിത്തബോധമാണ് സ്വാതന്ത്ര്യത്തിന്റെ അടിത്തറ. ഏതാണ്ട് ഇതിനോടടുത്ത ആശയം തന്നെയാണ് തുറാബിയും അവതരിപ്പിക്കുന്നത്: ''മറ്റെല്ലാ ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു കഴിവുണ്ടല്ലോ, അതാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം ദൈവത്തിനു മുമ്പില്‍ സാഷ്ടാംഗം വിഴുന്നു. അങ്ങനെ ചെയ്യേണ്ട യാതൊരു നിര്‍ബന്ധിതാവസ്ഥയും മനുഷ്യഘടനയില്‍ ഇല്ല. ഈ വിശ്വാസം മറ്റൊരാളുടെ പേരില്‍ അടിച്ചേല്‍പ്പിക്കാനും പാടുള്ളതല്ല. സ്വാതന്ത്ര്യം എന്നത് ലക്ഷ്യമല്ല; ദൈവത്തിനു വിധേയപ്പെട്ട് ജീവിക്കാനുള്ള മാര്‍ഗമാണ്. ദൈവത്തിനുള്ള ഈ വഴിപ്പെടല്‍ യാതൊരുവിധ അകല്‍ച്ചയോ അന്യവല്‍ക്കരണമോ ഉണ്ടാക്കുന്നില്ല. കാരണം വിശ്വാസി തന്റെ രക്ഷിതാവിന് കീഴ്‌പ്പെടുന്നതും അവന് ആരാധനകളര്‍പ്പിക്കുന്നതും ഇഷ്ടത്തോടെയാണ്, ദൈവമഹത്വം ഉള്‍ക്കൊണ്ടതിന്റെ പ്രേരണയാലാണ്, തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യണമല്ലോ എന്ന ബോധത്തോടെയാണ്. അപ്പോള്‍ ദൈവത്തിനു വഴിപ്പെടുന്നതിന്റെ മാര്‍ഗം, അല്ലെങ്കില്‍ ഫലം ആയി നമുക്ക് സ്വാതന്ത്ര്യത്തെ കാണാവുന്നതാണ്. രാഷ്ട്ര നിയമമനുസരിച്ച് സ്വാതന്ത്ര്യം എന്നത് അനുവാദം നല്‍കലാണെങ്കില്‍, അതിന്റെ മതകീയ മാനം അല്ലാഹുവിനുള്ള ഈ വഴിപ്പെടലാണ്. അപ്പോള്‍ ഒരു മനുഷ്യന്‍ സ്വതന്ത്രനാവുന്നത്, തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജവത്തോടെ പ്രഖ്യാപിക്കുന്നത് തന്റെ രക്ഷിതാവിനു വേണ്ടിയാവണം.... ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഈ സ്വാതന്ത്ര്യം അറ്റമോ പരിധികളോ ഇല്ലാത്തതാണെന്നു പറയാം. കാരണം ഒരാളുടെ ഉബൂദിയ്യത്ത്/ അല്ലാഹുവിനോടുള്ള വിധേയപ്പെടല്‍ എത്ര ആഴത്തില്‍ ആത്മാര്‍ഥമാകുന്നുവോ, അതിനനുസരിച്ച് പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളില്‍നിന്നും അയാള്‍ സ്വതന്ത്രനായിക്കൊണ്ടിരിക്കും. മനുഷ്യ പൂര്‍ണതയുടെ ഉയര്‍ന്ന പദവികള്‍ അയാള്‍ സാക്ഷാല്‍ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.''3

മനുഷ്യസ്വാതന്ത്ര്യത്തിന് അല്ലെങ്കില്‍ അവന്റെ ചുമതലകള്‍ക്ക്4 ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കുകയാണെങ്കില്‍, അതിന് നമ്മുടെ കാലത്തെ ഇസ്‌ലാമിക ചിന്തകര്‍ ആധാരമാക്കുന്നത് ഇമാം ശാത്വിബി തന്റെ 'അല്‍മുവാഫഖാത്ത്'5 എന്ന കൃതിയില്‍ മുന്നോട്ടുവെച്ച കേന്ദ്ര ആശയത്തെ തന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത്തിന്റെ ലക്ഷ്യം, മനുഷ്യരുടെ മൗലിക താല്‍പര്യങ്ങളെ സംരക്ഷിക്കുക എന്നതാണ്. ആ താല്‍പര്യങ്ങളെ അദ്ദേഹം മൂന്നായി തിരിക്കുന്നു: അനിവാര്യതകള്‍ (ളറൂറിയ്യാത്ത്), ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്), അലങ്കാരങ്ങള്‍ (തഹ്‌സീനാത്ത്). ഒന്നാം ഇനമാണ് പരമപ്രധാനം. അതില്‍ അഞ്ച് ലക്ഷ്യങ്ങള്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു; മതത്തിന്റെ, ജീവന്റെ, ബുദ്ധിയുടെ, കുലത്തിന്റെ, ധനത്തിന്റെ സംരക്ഷണം. ഇസ്‌ലാം വന്നിരിക്കുന്നത് ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ്. മനുഷ്യാവകാശത്തിന്റെ ചട്ടക്കൂടിലേക്ക് ഇതിനെ പരാവര്‍ത്തനം ചെയ്താല്‍, ആദ്യം വരുന്നത് വിശ്വാസ സ്വാതന്ത്ര്യമാണ്. മനുഷ്യജീവന്റെ സംരക്ഷണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുക എന്നത് രണ്ടാമത്തേത്. മൂന്നാമതായി, മനുഷ്യധിഷണയുടെ സംരക്ഷണമാണ്. വിദ്യാഭ്യാസം, ചിന്താ-അഭിപ്രായ സ്വാതന്ത്ര്യമൊക്കെ അതിന്റെ പരിധിയില്‍ വരും. കുടുംബത്തിന്റെ നിലനില്‍പ് ഉറപ്പുവരുത്താനാണ് കുല സംരക്ഷണം. ധനത്തിന്റെ സംരക്ഷണത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ബാധ്യതകളും ഉള്‍പ്പെടും. ആവശ്യങ്ങളും അലങ്കാരങ്ങളുമൊക്കെ ഇതിനോടനുബന്ധമായി വരുന്നതാണ്. ഒരു വിശ്വാസിസമൂഹത്തിന്റെ സൃഷ്ടിപ്പിന് ഈ അനുബന്ധങ്ങളും വേണ്ടിവരും. ഏതൊന്നില്ലെങ്കില്‍ ഒരു നിര്‍ബന്ധ കാര്യം അപൂര്‍ണമായി ശേഷിക്കുന്നുവോ ആ കാര്യവും കൂടി നിര്‍ബന്ധം തന്നെ എന്നാണല്ലോ പ്രമാണം. ഈ അവകാശ ബാധ്യതകളൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍.

 

 

കുറിപ്പുകള്‍

1. 'സ്വാതന്ത്ര്യവും ഏകതയും' (അല്‍ഹുര്‍രിയ്യത്തു വല്‍ വഹ്ദ) എന്ന തലക്കെട്ടില്‍ ഡോ. ഹസന്‍തുറാബി ചെയ്ത പ്രഭാഷണം (ഖാര്‍ത്തൂം, ഇത്തിഹാദു ത്വുല്ലാബി ജാമിഅത്തി ഖുര്‍ത്വൂം).

2. അല്ലാലുല്‍ ഫാസി - മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ (1979), പേ: 247

3. ഹസനുത്തുറാബി: അല്‍ ഹുര്‍റിയ്യതു വല്‍ വഹ്ദ

4. മാലിക് ബിന്നബി തന്റെ ഒരു പ്രബന്ധത്തില്‍ ഇസ്‌ലാമിനെയും ജനാധിപത്യത്തെയും താരതമ്യം ചെയ്യുന്നുണ്ട്; ഇസ്‌ലാമില്‍ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമാണുള്ളതെങ്കില്‍, ജനാധിപത്യത്തിലുള്ളത് അവകാശങ്ങളാണ് (മാലിക് ബിന്നബി- അല്‍ ഇസ്‌ലാമു വദ്ദിമ്ഖ്രാത്വിയ്യ, അറബി പരിഭാഷ, റാശിദുല്‍ ഗന്നൂശി, നജീബ് റയ്ഹാന്‍ - 1983).

5. അബൂഇസ്ഹാഖ് അശ്ശ്വാത്വിബി - അല്‍ മുവാഫഖാത്ത് ഫീ ഉസ്വൂലിശ്ശരീഅ (ബൈറൂത്ത്, ദാറുല്‍ മഅ്‌രിഫ, പേ: 2/57).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ