ഇസ്‌ലാംപേടി പടര്‍ത്തി പടിഞ്ഞാറ് നേടുന്നത്
ന്യൂസിലാന്റിലെ രണ്ട് പള്ളികളില്‍ ഇരച്ചുകയറി കേട്ടുകേള്‍വി പോലുമില്ലാത്ത വിധം അമ്പത് പേരെ വെടിവച്ചു കൊന്ന ഇരുപത്തെട്ടുകാരനായ ആ കൊടും ഭീകരനെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് അയാള്‍ വിരലുകള്‍കൊണ്ട് വെള്ള മേധാവിത്വത്തിന്റെ മുദ്ര ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ആക്രമണത്തിനു മുമ്പ് തന്നെ മുസ്‌ലിംകളോടുള്ള തന്റെ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചുകൊണ്ട് ഓണ്‍ലൈനില്‍ അയാളൊരു മാനിഫെസ്റ്റോയും പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് ഫാഷിസ്റ്റ് ഓസ്വാള്‍ഡ് മോസ്‌ലി, നോര്‍വീജിയന്‍ കൊടും കൊലയാളി ആന്റേഴ്‌സ് ബ്രീവിക് എന്നിവരാണ് തന്റെ പ്രചോദനം എന്നാണയാള്‍ ആ മാനിഫെസ്റ്റോയില്‍ അവകാശപ്പെട്ടത്. 'വെള്ള സ്വത്വത്തിന്റെ നവ ചിഹ്നം' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അതില്‍ എടുത്തുപറയുകയും ചെയ്തു.
ലോകത്തുടനീളം ഭീതിതമായ നിലയില്‍ വളര്‍ന്നു വണ്ണം വെക്കുന്ന ഇസ്ലാമോഫോബിയയുടെ നേര്‍ചിത്രമാണ് ഭീകരമായ ന്യൂസിലാന്റ് ആക്രമണം വെളിച്ചത്തു കൊണ്ടുവരുന്നത്. വിവിധ ലോക രാജ്യങ്ങള്‍ പരിശോധിച്ചാല്‍, രാഷ്ട്രീയ-മാധ്യമ മേഖലകള്‍ ഉള്‍പ്പെടെയുള്ള അവരുടെ നിത്യജീവിതത്തിന്റെ നാനാതുറകളില്‍ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളും നയങ്ങളും അപകടകരമാംവിധം സാധാരണമായിട്ടുണ്ടെന്നു കാണാം. മുസ്‌ലിംകള്‍ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെയും ഭീഷണികളുടെയും തുടര്‍ച്ച തന്നെയാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്നതുപോലെയുള്ള അതിഗുരുതരവും നീചവുമായ ആക്രമണങ്ങള്‍. പല രാജ്യങ്ങളിലും വെള്ള ദേശീയവാദികളുടെയും കുടിയേറ്റവിരുദ്ധ ശക്തികളുടെയും ഒരു വിശാല മുന്നണി രൂപപ്പെടാന്‍ ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ച കാരണമായിത്തീര്‍ന്നിട്ടുണ്ട്. പല മുഖ്യധാരാ പ്രമുഖരുടെയും മൃദു മുസ്‌ലിം വിരുദ്ധ സമീപനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആക്രമണോത്സുക നിലപാടുകള്‍ സ്വീകരിക്കുന്ന വംശീയ തീവ്രവാദികള്‍ക്ക് ശക്തി പകരുന്നത്.
ന്യൂസിലാന്റ് കൂട്ടക്കൊല പോലെയുള്ള സംഭവങ്ങള്‍ കൂട്ടംതെറ്റിയ ചില ചെന്നായകളുടെ ചെയ്തികളായി ലളിതവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലോക ഭരണാധിപന്മാര്‍ തന്നെ കളമൊരുക്കി വളര്‍ത്തിയ തീവ്രവലതുപക്ഷ ഇസ്‌ലാമോഫോബിക് പ്രസ്ഥാനങ്ങളാണ് ഇതിന്റെ പിന്നിലെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാനാവും. ന്യൂസിലാന്റ് അക്രമണം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ള ദേശീയവാദം അപകടമാണെന്ന് തുറന്നു സമ്മതിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. ഇസ്‌ലാമോഫോബിയയുടെ വലിയൊരു പ്രചോദക ശക്തിയാണ് ട്രംപ്; അയാള്‍ ഒറ്റക്കല്ലെങ്കില്‍ പോലും. പല രാജ്യങ്ങളിലെയും ജനകീയ നേതാക്കളും മുഖ്യധാരാ പ്രമുഖരും മുസ്‌ലിം വിരുദ്ധ വികാരങ്ങളെ ആളിക്കത്തിക്കുകയും വെള്ള ദേശീയവാദം കൊണ്ട് മെച്ചമുണ്ടാക്കുകയും ചെയ്തവരാണ്. തരം പോലെ മുസ്‌ലിംവിരുദ്ധ നയപരിപാടികളെ എക്കാലത്തും ഇവര്‍ കൈയയച്ച് പിന്തുണക്കുകയും ചെയ്തിട്ടുമുണ്ട്.
2016-ല്‍ ഫ്രാന്‍സിലെ നൈസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ചെത്തിയ ഒരു മുസ്ലിം സ്ത്രീയെ ബലമായി അതഴിപ്പിക്കാന്‍ ചില ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. ഈ സംഭവം ഇന്റര്‍നെറ്റ് ലോകത്ത് വലിയ ഒച്ചപ്പാടും രോഷവും ഉയര്‍ത്തുകയുണ്ടായി. ശരീരം മുഴുവന്‍ മറയുന്ന രീതിയിലുള്ള നീന്തല്‍ വസ്ത്രം ധരിക്കുന്നതില്‍നിന്ന് മുസ്‌ലിംകളെ തടയുന്ന നിയമം ഫ്രാന്‍സില്‍ നടപ്പിലാക്കിയ ഉടനെയായിരുന്നു അത്. മുസ്‌ലിം വസ്ത്രധാരണത്തെ ഫ്രഞ്ച് ഗവണ്‍മെന്റ് നോട്ടമിടുന്നത് ഇതാദ്യമായിരുന്നില്ല. രണ്ടായിരത്തി പതിനൊന്നില്‍, മുഖം മറക്കുന്ന രീതിയിലുള്ള നിഖാബും ഒപ്പം ബുര്‍ഖയും നിരോധിച്ച ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്.
ഫ്രാന്‍സ് മാത്രമല്ല ഇത്തരത്തില്‍ മുസ്‌ലിം സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്ത് നീങ്ങുന്നത്. രണ്ടായിരത്തി പതിനൊന്നില്‍ തന്നെ ബെല്‍ജിയവും ഐകകണ്‌ഠ്യേന പാസ്സാക്കിയ ഒരു ബില്ലിലൂടെ മുഖമക്കന നിരോധിക്കുകയുണ്ടായി. തൊട്ട് മുമ്പത്തെ വര്‍ഷം സ്‌പെയിനിന്റെയും ഇറ്റലിയുടെയും പലഭാഗങ്ങളിലും മുസ്‌ലിം വസ്ത്രധാരണത്തിന് പരിധികള്‍ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണങ്ങള്‍ നടക്കുകയുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍, ജഡ്ജിമാര്‍, അധ്യാപകര്‍, പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് മതപരമായ വസ്ത്രധാരണം വിലക്കിക്കൊണ്ടുള്ള നിയമം അറ്റ്‌ലാന്റിക്കന്‍ രാജ്യങ്ങളിലും ക്യൂബയിലും സമര്‍പ്പിക്കപ്പെടുകയുണ്ടായി. അപ്പോള്‍ തന്നെ ഈ നിയമനിര്‍മാണം ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് പലരും ചൂണ്ടിക്കാണിച്ചതാണ്. മതപരമായ കാരണങ്ങളാല്‍ എതിര്‍ലിംഗത്തില്‍പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച ദമ്പതികള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലാന്റ് വിസമ്മതിക്കുകയും പൗരത്വത്തിനപേക്ഷിക്കുന്നവര്‍ ഹസ്തദാനം നടത്താന്‍ തയാറായിരിക്കണം എന്ന നിയമം പാസ്സാക്കുകയും ചെയ്തിരുന്നു. മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചാണ് ഇത്തരം നിയമങ്ങള്‍ എന്ന കാരണത്താല്‍ യൂറോപ്പിലുടനീളമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇവയെ തള്ളിപ്പറയാന്‍ മുന്നോട്ടു വന്നു.
2010 വരെ അമേരിക്കയിലെ നാല്‍പ്പത് സ്റ്റേറ്റുകളിലായി ഇരുനൂറ് ശരീഅത്ത് വിരുദ്ധ ബില്ലുകള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. തീവ്ര മുസ്‌ലിം വിരുദ്ധ സംഘടനകളാണ് നിയമനിര്‍മാതാക്കളെ സ്വാധീനിച്ച് ദേശീയതലത്തില്‍ ഇത്തരമൊരു കാമ്പയിനിനു നേതൃത്വം കൊടുത്തത്. കിരാതമായ പിന്തിരിപ്പന്‍ നിയമവ്യവസ്ഥ അമേരിക്കയില്‍ നിലവില്‍ വരാന്‍ പോകുന്നു എന്ന നിലക്കുള്ള വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടായിരുന്നു ഇവര്‍ ജനപിന്തുണ നേടിയെടുക്കാന്‍ ശ്രമിച്ചത്. ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മുസ്‌ലിം നാടുകളില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം ശക്തിപ്പെട്ടതോടുകൂടി അത്തരം രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ അവരുടെ വംശീയ വിദ്വേഷ പ്രചാരണം ഇരട്ടിപ്പിച്ചിരിക്കുകയാണ്. തദ്ദേശീയരെ അപേക്ഷിച്ച് അഭയാര്‍ഥികളായെത്തുന്ന മുസ്‌ലിം ജനസംഖ്യ വളരെ നേരിയതാണെന്നതാണ് വസ്തുത. പക്ഷേ, കുടിയേറ്റം കാരണം ലക്ഷക്കണക്കായ വെള്ളക്കാര്‍ എന്നന്നേക്കുമായി യൂറോപ്പില്‍നിന്ന് പുറന്തള്ളപ്പെടും എന്നൊരു ഭീതി ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത്തരം നാടുകളില്‍ ജനസംഖ്യാപരമായി നോക്കിയാല്‍ യുവാക്കള്‍ക്ക് പകരം വൃദ്ധന്മാരാണ് കൂടുതല്‍ എന്നതും ഒരു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ക്രൈസ്റ്റ്ചര്‍ച്ച് കൊലയാളി 'ഗ്രേറ്റ് റീപ്ലേസ്‌മെന്റ്' എന്ന പേരു കൊടുത്തിറക്കിയ മാനിഫെസ്റ്റോയിലും ഇത്തരം ഉത്കണ്ഠകള്‍ തന്നെയാണ് പങ്കുവെക്കുന്നത്.
2011-ല്‍ നോര്‍വേയില്‍ 77 പേരെ കൊന്ന ആന്റേര്‍സ് ബ്രീവികിന്റെ ആശയങ്ങളാണ് ഇയാള്‍ പ്രതിഫലിപ്പിക്കുന്നത്. ഗവണ്‍മെന്റ് 'മുസ്‌ലിം അധിനിവേശം' നിര്‍ത്തണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. മുസ്ലിംകള്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബനെ പോലെയുള്ള നേതാക്കള്‍ ജനസംഖ്യാ തകര്‍ച്ചയുടെ പേരില്‍ വ്യാപകമായ വിഷപ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. 'നമുക്ക് വേണ്ടത് ഹംഗേറിയന്‍ കുഞ്ഞുങ്ങളാ'ണെന്ന് അയാള്‍ കഴിഞ്ഞമാസം പ്രഖ്യാപിക്കുകയുണ്ടായി. കുടിയേറ്റം എന്നാല്‍ കീഴടങ്ങലാണ് എന്നും ഓര്‍ബന്‍ പ്രചരിപ്പിച്ചു. മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ രൂപപ്പെടുത്തുന്ന അമേരിക്കന്‍ സംസ്‌കാരം ഒരിക്കലും ഗുണം പിടിക്കില്ലെന്നാണ് യു.എസ് പ്രതിനിധിസഭാംഗം സ്റ്റീവ് കിംഗിനെ പോലുള്ള ആളുകളുടെ വാദം. ജനസംഖ്യയെക്കുറിച്ചുള്ള ഭീതി കാരണം ഇപ്പോള്‍ അമേരിക്കന്‍ ഗവണ്‍മെന്റ് അവരുടെ ശ്രദ്ധ തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരിലേക്ക് തിരിച്ചിരിക്കുകയാണ്. മുസ്‌ലിംകളുടെ അധികാര ശക്തിയെ കുറിച്ച ഊതിവീര്‍പ്പിക്കപ്പെട്ട പ്രചാരണങ്ങളുമായി ഈയൊരു നീക്കത്തിന് ബന്ധമുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡ് അമേരിക്കന്‍ ഭരണത്തിലേക്ക് നുഴഞ്ഞുകയറുന്നു എന്നതായിരുന്നു മറ്റൊരാരോപണം.
മുസ്ലിംകള്‍ തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന രീതിയിലുള്ള ആഖ്യാനങ്ങള്‍ പടിഞ്ഞാറന്‍ ലോകത്ത് എളുപ്പം സ്വീകാര്യത നേടുന്നു. ഇസ്‌ലാം ഒരു വില്ലന്‍ മതമാണ്, ഇവര്‍ വംശപരമായി വേറെയാണ് തുടങ്ങിയ പ്രചാരണങ്ങള്‍ അത്തരം വാദങ്ങള്‍ക്ക് ബലം നല്‍കുന്നു. തങ്ങളുടെ മുന്‍ കോളനികളില്‍നിന്നുള്ളവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് കടക്കുന്നത് എന്നതും വിഷയമാകുന്നുണ്ട്. ജനസംഖ്യാ തകര്‍ച്ചയെ കുറിച്ച ഭീതി പരത്തുന്നവര്‍ക്ക് ഈ പ്രചാരണ തന്ത്രം നന്നായറിയാം. അതുകൊണ്ടാണ് ബ്രെക്‌സിറ്റ് അനുകൂലികള്‍ യു.കെയിലെത്തുന്ന ഫ്രഞ്ച് കച്ചവടക്കാരെ കുറിച്ച് ഒന്നും മിണ്ടാതെ തുര്‍ക്കികളുടെ കടന്നുവരവിനെ കുറിച്ച് മാത്രം ആശങ്ക പറയുന്നത്.
ഇത്തരം ഭീതി പടര്‍ത്തലുകള്‍ വലിയ അളവില്‍ വിജയിക്കുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്. പതിനേഴ് ശതമാനം മുസ്‌ലിംകള്‍ തങ്ങളുടെ രാജ്യത്തുണ്ടെന്നാണ് അമേരിക്കക്കാര്‍ വിശ്വസിക്കുന്നതെന്ന് 2016-ല്‍ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നു. യഥാര്‍ഥത്തിലാകട്ടെ വെറും ഒരു ശതമാനത്തിനടുത്ത് മാത്രമാണ് മുസ്ലിംകള്‍. തങ്ങളുടെ രാജ്യത്ത് ശരിക്കും ഉള്ളതിനേക്കാള്‍ നാലിരട്ടി മുസ്‌ലിംകള്‍ ഉണ്ടെന്നാണ് ഫ്രഞ്ചുകാരുടെ വിശ്വാസം. ഉള്ളതിനേക്കാള്‍ മൂന്നിരട്ടിയുണ്ടെന്ന് ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരാണ് ഇത്തരം അടിസ്ഥാനരഹിതമായ ഭയപ്പാടുകള്‍ക്ക് ആധികാരികത നല്‍കുന്നത്. ഉദാഹരണത്തിന് അമേരിക്കയില്‍ വെള്ള ജനസംഖ്യ കുറഞ്ഞുവന്നാലുള്ള അപകടത്തെ കുറിച്ചാണ് അറ്റ്‌ലാന്റിക് മാഗസിന്റെ ഏപ്രില്‍ ലക്കം കവര്‍സ്റ്റോറി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താവ് ഡേവിഡ് ഫ്രം ആണ് ലേഖകന്‍. ഇതേ പോലെ തന്നെ വലതുപക്ഷ തീവ്രവാദികളുടെ ഇഷ്ടക്കാരനും ന്യൂസിലാന്റ് കൊലയാളിയുടെ മാനിഫെസ്റ്റോയില്‍ പേരു പരാമര്‍ശിക്കപ്പെട്ടയാളുമായ ഫ്രഞ്ച് എഴുത്തുകാരന്‍ കാമസിന് ഫ്രഞ്ച് എന്‍.പി. ആര്‍ നല്ല ഇടമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. റീപ്ലേസ്‌മെന്റ് ആശയത്തിന്റെ വക്താവാണ് ഇയാള്‍.
വെള്ള ജനത അപകടത്തിലാണെന്ന പെരുപ്പിച്ച പ്രചാരണം കൊണ്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിനെതിരെ എതിര്‍പ്പ് ശക്തമാവുന്നുണ്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഒരു പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം തന്നെ മുസ്‌ലിം കുടിയേറ്റങ്ങള്‍ നിരോധിക്കും എന്നതായിരുന്നു. റാലികളിലും മറ്റും ഇസ്‌ലാംഭീതി വിഷയമാക്കുകയും ഇസ്‌ലാം നമ്മളെ വെറുക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്തയാളാണ് ട്രംപ്. നിയമപരമായ വെല്ലുവിളികളെ മറികടക്കാന്‍ മൂന്ന് തവണ മാറ്റത്തിരുത്തലുകള്‍ വരുത്തി ട്രം
പിന്റെ കുടിയേറ്റവിരുദ്ധ നിയമം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഏഴു രാജ്യങ്ങള്‍ക്കുള്ള യാത്രാ നിരോധം എന്ന പുതിയ പേരിലാണ് ഇപ്പോള്‍ ഈ നിയമം. ഏഴില്‍ അഞ്ചും മുസ്‌ലിം രാജ്യങ്ങളാണ്. 2018-ല്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഒന്നിച്ചു ചേരാനുള്ള അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിസകള്‍ ആണ് യു.എസ് നിരസിച്ചത്. മറ്റനേകം രാജ്യങ്ങളും ഇതേ പോലെ തന്നെ മുസ്‌ലിം കുടിയേറ്റത്തിന് തടയിടാനുള്ള വഴികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഭരണകൂടങ്ങള്‍ സമീപകാലത്തായി വളരെ കര്‍ക്കശമായ അഭയാര്‍ഥി നിയമങ്ങള്‍ പാസ്സാക്കുകയും കുടുംബങ്ങള്‍ ഒന്നിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്. ഹംഗറിയിലെ തീവ്രവലതുപക്ഷ ഗവണ്‍മെന്റാകട്ടെ അഭയാര്‍ഥികളെ സഹായിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുകയും അവരെ നേരിടാന്‍ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരിക്കുന്നു. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ ശ്രമങ്ങളെയും ഇവര്‍ തടയുകയാണ്. ഇറ്റലിയിലെ ഭരണകക്ഷിയെ കൊണ്ട് അഞ്ചു ലക്ഷം രേഖകളില്ലാത്ത അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം എടുപ്പിച്ചത് അവിടത്തെ വലതുപക്ഷ തീവ്രവാദികള്‍ നേടിയ കാമ്പയിന്‍ വിജയമായിരുന്നു. നെതര്‍ലാന്റ്‌സിലെ ഇസ്‌ലാംവിരുദ്ധ രാഷ്ട്രീയക്കാരന്‍ ഗീര്‍ട്ട് വില്‍ഡേഴ്‌സ് മൊറോക്കന്‍ അഭയാര്‍ഥികളെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ജനക്കൂട്ടത്തെ കൊണ്ട് അവര്‍ക്കെതിരായി മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഡെന്മാര്‍ക്ക് പോലെ പൊതുവെ ഉദാരവും പുരോഗമനപരവും ആണെന്ന് വിശ്വസിക്കപ്പെടുന്ന രാജ്യങ്ങളില്‍ പോലും കടുത്ത കുടിയേറ്റവിരുദ്ധ നിയമങ്ങളാണ് മുസ്‌ലിം അഭയാര്‍ഥികളെ ലക്ഷ്യമിട്ട് നിര്‍മിക്കപ്പെടുന്നത്.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം രണ്ട് പള്ളികള്‍ക്കെതിരെ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ശരിയായിരിക്കാം. പക്ഷേ ഇതിന്റെ പ്രചോദനമായി വര്‍ത്തിച്ചത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റിലൂടെ വിദ്വേഷം പരത്തിക്കൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ കക്ഷികള്‍ തന്നെയാണ്. അര ഡസനിലേറെ വരുന്ന രാജ്യങ്ങളിലുള്ള വെള്ള മേധാവിത്വവാദികളുടെ പേരുകള്‍ ന്യൂസിലാന്റ് കൊലയാളി പരാമര്‍ശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ ആഗോള ബന്ധങ്ങള്‍ ഒറ്റപ്പെട്ടതല്ല. അലക്‌സാണ്ടര്‍ ബിസ്സോണറ്റ് എന്ന തീവ്രവാദി കാനഡയിലെ പള്ളിയില്‍ ആറു മുസ്‌ലിംകളെ വെടിവച്ചു കൊല്ലുന്നതിന് ഒരു മാസം മുമ്പ് നൂറുകണക്കിന് തവണകളിലായി ഡൊണാള്‍ഡ് ട്രംപിനെ ഗൂഗിളില്‍ പരതിയിട്ടുണ്ട്. കൂടാതെ ബെന്‍ ഷാപിറോ, ടക്കര്‍ കാള്‍സന്‍ തുടങ്ങിയ അമേരിക്കന്‍ ഇസ്‌ലാംവിരുദ്ധവാദികളുടെ ട്വിറ്റര്‍ ഇയാള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
വലതുപക്ഷ തീവ്രവാദികളുടെയും വെള്ള ദേശീയവാദികളുടെയും ആശയങ്ങള്‍ ഗവണ്‍മെന്റ് അംഗീകൃത ചാനലുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാനണ്‍ യൂറോപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിനുവേണ്ടി കൊണ്ടുപിടിച്ച ശ്രമം നടത്തുകയുണ്ടായി. കോണ്‍ഗ്രസ് പ്രതിനിധിസഭാംഗം സ്റ്റീവ് കിംഗ് ഒരു ആസ്‌ത്രേലിയന്‍ പ്രോപഗണ്ടാ സൈറ്റില്‍ തന്റെ വെള്ള ദേശീയവാദ വീക്ഷണങ്ങള്‍ ദീര്‍ഘമായി വിവരിച്ചിരുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഫോര്‍ ചാന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സൈറ്റുകള്‍ വെള്ള ദേശീയതയുടെയും മുസ്‌ലിംവിരുദ്ധ തീവ്രവാദത്തിന്റെയും വളര്‍ച്ചക്ക് ഏറെ സഹായകമായിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ ആഴത്തില്‍ വേരുകളുള്ള പ്രസ്ഥാനങ്ങളാണ് ഇവ. 'ആര്യന്‍ നാഷന്‍' പോലുള്ള വെള്ള മേധാവിത്വ പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ യൂറോപ്പിലെ ഇത്തരം സംഘടനകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഫിന്‍ലാന്റിലെ 'സോള്‍ജിയര്‍ ഓഫ് ഓഡിന്‍' പോലുള്ള ഇസ്ലാമോഫോബിയാ സംഘടനകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അവരുടെ ഘടകങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
പക്ഷേ എന്തുകൊണ്ടോ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ന്യൂസിലാന്റില്‍ നടന്നതുപോലുള്ള വെള്ള വംശീയ ആക്രമണങ്ങളെ ഒറ്റപ്പെട്ട തീവ്രവാദികളുടെയോ മാനസികരോഗികളുടെയോ ആക്രമണങ്ങളായി നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്യാറ്. ഇരട്ട നീതിയിലധിഷ്ഠിതമായ ഇത്തരം കാഴ്ചപ്പാടുകള്‍ തെറ്റാണെന്നു മാത്രമല്ല ഇസ്‌ലാമോഫോബിയയുടെയും വെള്ള വംശീയതയുടെയും ആഗോള നെറ്റ് വര്‍ക്കിനെ പ്രതി ചേര്‍ക്കാതെ വെറുതെ വിടുകയും ചെയ്യുന്നു. ഇതൊന്നും വ്യക്തിതലത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ അല്ലെന്നും കാലങ്ങളായി ആസൂത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആഗോള ബന്ധങ്ങളുള്ള പ്രസ്ഥാനമാണെന്നും ചാപ് മേന്‍ യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രഫസര്‍ പീറ്റ് സിമി ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ട്രംപ് മുസ്‌ലിംവിരുദ്ധ വിഷപ്രചാരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ മുസ്ലിംകള്‍ക്ക് പങ്കുണ്ടെന്നും ബറാക് ഒബാമ ഒരു രഹസ്യ മുസ്‌ലിം ആണെന്നുമൊക്കെ ട്രംപ് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുസ്‌ലിം കുടിയേറ്റക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കല്‍പിതകഥകള്‍ ലക്കും ലഗാനുമില്ലാതെ ഓവല്‍ ഓഫീസിലിരുന്ന് അടിച്ചുവിടുകയാണ് ഇയാള്‍. കൂടാതെ ഇക്കാര്യത്തില്‍ കര്‍ക്കശ സമീപനം സ്വീകരിക്കാത്തതിനെ ചൊല്ലി അമേരിക്കയുടെ സഖ്യരാജ്യങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ഫണ്ടിനായി കോണ്‍ഗ്രസ്സുമായി ഇടഞ്ഞ സമയത്ത് മുസ്‌ലിം അധിനിവേശത്തിന്റെ വലിയ 'തെളിവ്' എന്ന നിലയില്‍ ട്രംപ് ട്വീറ്റ് ചെയ്തത് അതിര്‍ത്തിപ്രദേശത്ത് മുസല്ലകള്‍ കണ്ടെത്തി എന്നായിരുന്നു. എന്തെങ്കിലുമൊക്കെ വാര്‍ത്തകള്‍ പൊങ്ങിവരുമ്പോള്‍ അതിനെ ഇസ്‌ലാമോഫോബിയയുമായി കൂട്ടിക്കെട്ടാനുള്ള വഴി അന്വേഷിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.
ഇസ്‌ലാമോഫോബുകള്‍ക്കുള്ള പലവിധ സഹായങ്ങള്‍ ട്രംപ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വംശീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സ്റ്റാഫ് ചീഫ് ഫ്രെഡ് ഫ്‌ലീറ്റ്‌സും ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ക്കയുമൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്. ഫ്‌ലീറ്റ്‌സ് ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളുടെ ഒരു ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗോര്‍ക്കെ മുഖ്യധാരാ മാധ്യമങ്ങളിലും സുപ്രധാന പരിപാടികളിലും അവതാരകനായി പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിലുള്ള പലരും അധികാര കേന്ദങ്ങളില്‍ സസുഖം വാഴുകയാണ്. മുസ്‌ലിംവിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ചമക്കുന്ന തായര്‍ വെസ്ച്ചൂര്‍ ഇപ്പോഴും മുതിര്‍ന്നവരുടെ ക്ഷേമത്തിനായുള്ള ഏജന്‍സിയുടെ മുഖമായി വിരാജിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ 49 സ്റ്റേറ്റുകളില്‍ ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ചതായി ബുസ് ഫീഡ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഈ നേതാക്കള്‍ യാതൊരു നടപടിക്കും വിധേയരായിട്ടില്ല.
മറ്റ് രാജ്യങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ് അവസ്ഥ. ഫ്രാന്‍സില്‍ ഖുര്‍ആന്‍ തിരുത്തിയെഴുതണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തു വന്നിരുന്നു. ഇത് വ്യാപകമായി അപലപിക്കപ്പെട്ട സംഭവമായിട്ടു കൂടി അന്ന് പ്രസിഡന്റ് നിക്കോളസ് സാര്‍ക്കോസിയും പ്രധാനമന്ത്രി മാനുവല്‍ വാള്‍സും അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. വാള്‍സിപ്പോള്‍ ബാര്‍സലോണ മേയറാണ്. കാനഡയിലെ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിപദത്തിലെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആളുമാണ് ആന്‍ഡ്രൂ ഷീര്‍. ഇദ്ദേഹം കടുത്ത ഇസ്‌ലാം വിരുദ്ധ പ്രചാരകനൊപ്പം വേദി പങ്കിട്ടതിനെ കുറിച്ചുള്ള വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍.
ആഗോളതലത്തില്‍തന്നെ, ഒട്ടും വസ്തുതാപരമല്ലാതെ, നിഗൂഢ താല്‍പര്യങ്ങളോടെയും ഏകപക്ഷീയവുമായാണ് മുസ്‌ലിം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. അമേരിക്കയില്‍ മുസ്ലിംകളെ കുറിച്ചുള്ള എണ്‍പത് ശതമാനം വാര്‍ത്തകളും നെഗറ്റീവ് ആയിട്ടാണ് നല്‍കപ്പെടുന്നതെന്ന് മാധ്യമ ഗവേഷണ സ്ഥാപനമായ മീഡിയ ടെനര്‍ പറയുന്നു. അക്രമ, വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിട്ടാണ് മിക്കപ്പോഴും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവതരിപ്പിക്കുന്നത്. കുറ്റവാളികള്‍ മുസ്‌ലിംകള്‍ ആണെങ്കില്‍ അതേ കുറ്റം ചെയ്ത മറ്റുള്ളവരേക്കാള്‍ ഏഴ് മടങ്ങ് മാധ്യമശ്രദ്ധ അവര്‍ക്ക് നല്‍കപ്പെടുന്നതായി 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ പോളിസി ആന്റ് അണ്ടര്‍സ്റ്റാന്റിംഗ്' ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ മുസ്‌ലിം സമൂഹത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ എഴുപത് ശതമാനവും ശത്രുതാ മനസ്സോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന് 2001-ല്‍ ലീഡ്‌സ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. വ്യത്യസ്ത മാധ്യമങ്ങളില്‍ വന്ന വസ്തുതാവിരുദ്ധവും വിദ്വേഷം വമിക്കുന്നതുമായ ഇത്തരം മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ 2016-ല്‍ ഒരു ബ്രിട്ടീഷ് പൗരന്‍ പതിനാലായിരം പരാതികള്‍ നല്‍കുകയുണ്ടായി. ഫോക്‌സ് ന്യൂസിനെ പോലുള്ള വന്‍ മാധ്യമസ്ഥാപനങ്ങള്‍ ഒരു തടസ്സവുമില്ലാതെ വര്‍ഷങ്ങളായി മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന പമേലാ ഗല്ലര്‍, ഇസ്‌ലാമോഫോബിക് ബുദ്ധിജീവി ഫ്രാങ്ക് ഗാഫ്ഫിനി തുടങ്ങിയവരെ പരമ്പരാഗത മീഡിയാ നെറ്റ്‌വര്‍ക്കുകള്‍ ആവര്‍ത്തിച്ച് ചര്‍ച്ചക്ക് വിളിക്കാറുണ്ട്. ഇവര്‍ കടുത്ത മുസ്ലിംവിരുദ്ധ വാദങ്ങള്‍ അനുസ്യൂതം ഉന്നയിക്കുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുമ്പോള്‍ ആങ്കര്‍മാര്‍ ഒരിക്കലും ഇടപെടാറേയില്ല. മാത്രമല്ല അവതാരകര്‍ തന്നെ ഇത്തരം വഷളന്‍ വാദങ്ങളുന്നയിച്ച് കാര്യങ്ങള്‍ അങ്ങേയറ്റം മോശമാക്കിത്തീര്‍ക്കുന്നു എന്നതാണ് സത്യം. ഫോക്‌സ് ന്യൂസ് അവതാരക ജീനൈന്‍ പിറോ, അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായ ഇല്‍ഹാന്‍ ഉമറിന്റെ അമേരിക്കന്‍ നിയമനിര്‍മാതാവ് എന്ന നിലക്കുള്ള വിശ്വാസ്യത പച്ചക്ക് ചോദ്യം ചെയ്യുകയുണ്ടായി. അവരുടെ മതവിശ്വാസം മാത്രം അടിസ്ഥാനമാക്കിയായിരുന്നു ഇത് എന്നോര്‍ക്കണം. ഫോക്‌സ് ടിവിയിലെ തന്നെ മറ്റൊരവതാരകന്‍ ബ്രയാന്‍ കില്‍മീഡ് എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.
ഇത് ഫോക്‌സ് ന്യൂസിന്റെ മാത്രം പ്രശ്‌നമാണെന്ന് ധരിക്കരുത്. രാഷ്ട്രീയ മേഖലയിലുള്ള മിക്ക മാധ്യമങ്ങളും ഇത്തരം ആഖ്യാനങ്ങള്‍ തന്നെയാണ് പടച്ചുവിടുന്നത്. സി.എന്‍.എന്നിന്റെ അവതാരകനാണ് ഡോണ്‍ ലെമണ്‍. ഒരിക്കല്‍ പരിപാടിയില്‍ അതിഥിയായെത്തിയ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അര്‍സലാന്‍ ഇഫ്തികാറിനോട് അദ്ദേഹം ചോദിച്ചത് 'താങ്കള്‍ ഐസിസിനെ പിന്തുണക്കുന്ന ആളാണോ' എന്നായിരുന്നു. അര്‍സലാന്‍ മുസ്‌ലിമാണെന്ന ഒറ്റക്കാര്യം മാത്രമായിരുന്നു ചോദ്യത്തിന്റെ ആധാരം. 2015-ല്‍ സാന്‍ ബെര്‍നാഡിനോയില്‍ (കാലിഫോര്‍ണിയ) നടന്ന വെടിവെപ്പിനു ശേഷം ദേശീയ മാധ്യമങ്ങളുടെ പട തന്നെ പ്രതികളായ സയ്യിദ് രിസ്‌വാന്‍ ഫാറൂഖിന്റെയും തഹ്ഫീന്‍ മാലികിന്റെയും വീട്ടില്‍ ഇരച്ചെത്തി. അവിടെ വിട്ടേച്ചുപോയതായി കണ്ട മുസ്വ്ഹഫ്, മുസല്ല, തസ്ബീഹ് മാല തുടങ്ങിയവ ഭീകരാക്രമണത്തിനുപയോഗിക്കുന്ന മാരകായുധങ്ങളുമായി തുലനം ചെയ്താണവര്‍ വാര്‍ത്തകള്‍ മെനഞ്ഞത്.
ഏതൊരു വിദ്വേഷവും പോലെ തന്നെ ഇസ്‌ലാമോഫോബിയയും തീവ്രവലതുപക്ഷ വംശീയവാദികള്‍ ഉന്നയിക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പന്നിഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ സ്റ്റീവ് കിംഗ് സോമാലിയന്‍ മുസ്‌ലിംകളെ അധിക്ഷേപിച്ചപ്പോഴും അമേരിക്ക, മുസ്‌ലിം രാജ്യങ്ങളെ ആക്രമിച്ച് അവരുടെ നേതാക്കളെ കൊന്ന് ക്രൈസ്തവവല്‍ക്കരിക്കണം എന്ന് ആന്‍ കൂള്‍ട്ടര്‍ ആക്രോശിച്ചപ്പോഴും പ്രതിഷേധങ്ങള്‍ വളരെ വേഗത്തിലും കൃത്യമായും വരികയുണ്ടായി. എന്നാല്‍ ഇടതു ലിബറല്‍ പക്ഷത്തു നിന്നുണ്ടാകുന്ന ഇസ്ലാമോഫോബിയ പ്രവണതകള്‍ വളരെ തന്ത്രപൂര്‍വമാണെന്നു കാണാം. ബില്‍ മാഹിറിനെയും സാം ഹാരിസിനെയും പോലുള്ള നവ നിരീശ്വരവാദികള്‍ ബൗദ്ധിക സംവാദത്തിന്റെ പേരില്‍ മുസ്‌ലിം വികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ വലിയ പുരോഗമനവാദികളായി അറിയപ്പെടുന്ന ആളുകളാണ് എന്നോര്‍ക്കണം. മുസ്‌ലിം ലോകത്തിനും ഐസിസിനുമിടയില്‍ ചില പൊതു താല്‍പര്യങ്ങള്‍ ഉണ്ടെന്നു മാത്രമല്ല ഒരുപാടുണ്ട് എന്നായിരുന്നു മാഹിര്‍ 2014-ല്‍ എച്ച്.ബി.സി ചാനലില്‍ പറഞ്ഞത്. 2010-ല്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അടുത്ത് ഒരു പള്ളി നിര്‍മിക്കുന്നതിനെ ഹാരിസ് അതിരൂക്ഷമായി എതിര്‍ക്കുകയുണ്ടായി; പള്ളി പണിതാല്‍ പടിഞ്ഞാറിന്റെ ലിബറല്‍ മൂല്യങ്ങളുടെ തകര്‍ച്ചയുടെയും ഭീരുത്വത്തിന്റെയും സൂചനയാണത് നല്‍കുക എന്ന കാരണം പറഞ്ഞുകൊണ്ട്. നവ നിരീശ്വരവാദികളുടെ ആചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ശാസ്ത്രത്തിന്റെയും ചിന്താ സ്വാതന്ത്ര്യത്തിന്റെയും പരിസരത്തു നിന്നു കൊണ്ടാണ് ഇസ്‌ലാംവിരുദ്ധ നിലപാടുകള്‍ പ്രചരിപ്പിക്കുന്നത്. ഇംഗ്ലണ്ടുകാരനായ ഇദ്ദേഹം മുമ്പ് ഓക്‌സ്‌ഫോഡ് യൂനിവേഴ്സിറ്റി പ്രഫസ്സറായിരുന്നു. ഇസ്‌ലാമിനെ 'ഇക്കാലത്തെ ഏറ്റവും വലിയ പൈശാചിക ശക്തി' എന്നാണ് അദ്ദേഹം ഒരിക്കല്‍ വിശേഷിപ്പിച്ചത്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്നതുപോലുള്ള ദുരന്തങ്ങള്‍ ആഗോളതലത്തില്‍തന്നെ ഞെട്ടലുളവാക്കുകയും ഉള്‍ക്കൊള്ളലിന്റെയും ഉദാരതയുടെയും വാതിലുകള്‍ വലിയ തോതില്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ഭീകരാക്രമണത്തിനു വിധേയമായവരെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഇതുണ്ട്. 'അവര്‍ ന്യൂസിലാന്റ് അവരുടെ വീടായി തെരഞ്ഞെടുത്തവരാണ്. അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. അവര്‍ നമ്മള്‍ തന്നെയാണ്. അക്രമികള്‍ക്ക് ന്യൂസിലാന്റില്‍ ഒരിക്കലും ഇടമനുവദിക്കില്ല' എന്നാണവര്‍ പ്രഖ്യാപിച്ചത്. ഇരകളായ മുസ്‌ലിം സമൂഹത്തിനു ലഭിച്ച ഉചിതമായ പിന്തുണയും ഐക്യദാര്‍ഢ്യവും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. അതേസമയം തന്നെ ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് വേലിയേറ്റങ്ങളെ പ്രതിരോധിക്കാന്‍ ആഴത്തിലുള്ള പരിചിന്തനവും കൃത്യമായ കര്‍മ പദ്ധതിയും കൂടിയേ തീരൂ. ഭരണകൂട നേതാക്കള്‍, മാധ്യമ പ്രമുഖര്‍, അറിയപ്പെടുന്ന ബുദ്ധിജീവികള്‍ തുടങ്ങിയവരിലൊക്കെ ഇസ്‌ലാംവിരുദ്ധ മനോഭാവം യാതൊരു തടസ്സവുമില്ലാതെ തഴച്ചു വളരുന്നുണ്ട്. പല രാജ്യങ്ങളിലും വെള്ള വംശീയതക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇടം സൃഷ്ടിക്കുന്നത് ഇത്തരം ആളുകളുടെ നിലപാടുകളാണെന്നോര്‍ക്കണം. ഇത്തരം ചിന്തകളുടെ വ്യാപനമാകട്ടെ ഓണ്‍ ലൈന്‍ ചാനലുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.
ഇത്തരം ചിന്താഗതികളെ വളരാനനുവദിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ ആഴമെത്രയാണെന്ന് ന്യൂസിലാന്റില്‍ നാം കണ്ടുകഴിഞ്ഞു. ഉത്തരവാദിത്ത ബോധത്തോടു കൂടി വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാവുമോ എന്നാണിനി നോക്കേണ്ടത്. 'ഞങ്ങള്‍ നിങ്ങളെ ശക്തിയായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു'വെന്ന് വംശീയ വിദ്വേഷകരോട് ജസിന്‍ഡ ആര്‍ഡേണ്‍ ഉറച്ച് പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനത്തെ കൂടുതല്‍ ഉച്ചത്തില്‍, കൂടുതല്‍ വ്യക്തതയോടെ, കൂടുതല്‍ സ്ഥൈര്യത്തോടെ ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ ലോകം എങ്ങനെയൊക്കെ മാറുമെന്ന് ഒന്നാലോചിച്ചുനോക്കൂ.
കടപ്പാട്: ഹഫിംഗ്ടണ്‍ പോസ്റ്റ്
ഭാഷാമാറ്റം: കെ. മുഹമ്മദ് നജീബ്
Comments