Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

വംശവെറി കഥയുടെ ഒരു പുറം മാത്രം

വി.പി അഹ്മദ് കുട്ടി

'അജ്ഞത ഭയത്തിലേക്ക് നയിക്കുന്നു, ഭയം വെറുപ്പിനും വെറുപ്പ് ഹിംസക്കും കാരണമാകുന്നു.'- 12-ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ ഇബ്‌നു റുശ്ദിന്റെ വാക്കുകള്‍.

എന്റെ കനഡ കുടിയേറ്റ അനുഭവങ്ങള്‍ പങ്കുവെച്ചുതുടങ്ങുേമ്പാള്‍ ഇത് വിലപ്പെട്ട ഒരു ദര്‍ശനമായി പരിഗണിക്കാമെന്നു തോന്നുന്നു. ജ്ഞാനം പല വിഷയങ്ങള്‍ക്കും ഒന്നാം ഘടകമാണ്- കൃത്യമായ അഭിപ്രായ രൂപവത്കരണത്തിന്, ലോകം മുഴുക്കെ സഞ്ചരിക്കാന്‍, ആത്മവിശ്വാസം ആര്‍ജിക്കാന്‍, വിവേകിയാകാന്‍, മുന്‍വിധികളില്‍നിന്ന് രക്ഷപ്പെടാന്‍, പുതിയ അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നെടുക്കാന്‍, അനുതാപവും സഹാനുഭൂതിയും രൂപപ്പെടുത്താന്‍.... 

ബിരുദാനന്തര പഠനം ലക്ഷ്യമിട്ട് 1972-ലാണ് ഞാന്‍ കനഡയിലെത്തുന്നത്. നവ്യമായ അനുഭവമായിരുന്നു ആ മണ്ണ്. പശ്ചിമേഷ്യയിലേക്കല്ലാതെ ഇന്ത്യക്കു പുറത്ത് എവിടെയും അതുവരെ പോയിട്ടില്ല. പടിഞ്ഞാറിനെ കുറിച്ചോ ഉത്തര അമേരിക്കയെ കുറിച്ചോ ഒന്നും അറിയില്ല. ഇംഗ്ലീഷില്‍ പുസ്തകങ്ങളും വാര്‍ത്താ മാഗസിനുകളും വായിച്ചിരുന്നുവെങ്കിലും  കനഡയിലെ എന്റെ പുതിയ അധ്യായത്തിന് ഒട്ടും സഹായകമായിരുന്നില്ല അവയൊന്നും. എന്നെ പോലെ വിദ്യാര്‍ഥികളായോ കുടിയേറ്റക്കാരായോ എത്തിയ കുറച്ചുപേര്‍ മാത്രമായിരുന്നു പരിചയക്കാര്‍. 

ഇന്നിപ്പോള്‍, നാലു പതിറ്റാണ്ടിലേറെ ഇവിടെ കഴിഞ്ഞ ആളെന്ന നിലക്ക് ചില അനുഭവക്കാഴ്ചകള്‍ പങ്കുവെക്കുകയാണ്.  

ഒന്നാമതായി, മാധ്യമ റിപ്പോര്‍ട്ടുകളും സിനിമകളും നിര്‍മിച്ചെടുത്ത മുന്‍വിധികളെ ദൂരെ കളഞ്ഞിട്ടുവേണം കനഡയിലേക്ക് യാത്ര തിരിക്കാന്‍. ഇസ്‌ലാം, മുസ്‌ലിം, ഇന്ത്യ, മൂന്നാം ലോകം എന്നിവയെ കുറിച്ച് പാശ്ചാത്യര്‍ക്ക് വാര്‍പ്പുസങ്കല്‍പങ്ങളുണ്ടെന്നതിനാല്‍ നാം അവരെ കുറിച്ച് പൊതുധാരണകള്‍ നിര്‍മിച്ചെടുക്കുന്നു. എളുപ്പം വിധിന്യായങ്ങള്‍ നടത്തി അവരെ മാറ്റിനിര്‍ത്തുന്നു. 

നിനച്ചിരിക്കുന്നതേ നാം കാണൂ എന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടല്ലോ. സൗന്ദര്യം കാത്തിരിക്കുന്നവര്‍ അത് കണ്ടെത്തും. വിരൂപമായതിനെ തിരയുന്നവര്‍ വൈരൂപ്യമേ കാണൂ. ഒരു വെളുത്ത കാര്‍ ആദ്യമായി കണ്ടപ്പോഴാണ് ഈ വാക്കുകളുടെ ആഴം എന്നെ സ്പര്‍ശിച്ചത്. നോക്കുേമ്പാള്‍ എവിടെയും വെളുത്ത കാറുകള്‍ മാത്രം. നന്നായി ആലോചിച്ചപ്പോഴാണറിഞ്ഞത്, റോഡില്‍ നിറയെ വെളുത്ത കാറുകളായതല്ല, പ്രശ്‌നം. മറിച്ച്, വെളുത്ത കാറുകളെ മാത്രം തെരയുന്ന എന്റെ നോട്ടപ്പിശകാണ്. 

തെറ്റായ തീര്‍പ്പുകളില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ ഈ തിരിച്ചറിവിനാകും. ഞാന്‍ കനഡയില്‍നിന്നാണെന്നു പറഞ്ഞാല്‍ ആദ്യമെത്തുന്ന ചോദ്യം വംശവെറിയെ കുറിച്ചും പാശ്ചാത്യലോകത്തെ ധാര്‍മിക പതനത്തെ കുറിച്ചുമായിരിക്കും. കനഡയില്‍ വംശവെറി തീരെയില്ലെന്നു പറയുകയല്ല. പലപ്പോഴായി അതിന്റെ അളിഞ്ഞ മുഖം രാജ്യം കാണേണ്ടിവന്നിട്ടുണ്ട്. മുറിയിലുണ്ടായിട്ടും കാണാതെ പോകുന്ന ആനയാണതെന്നു തന്നെ പറയണം. പക്ഷേ, ഇതുപറയുേമ്പാള്‍ ഇന്ത്യയിലും പശ്ചിമേഷ്യയിലും വംശവെറിയുണ്ടെന്നത് നാം വിസ്മരിക്കുകയാണ്. പല മുസ്‌ലിം രാജ്യങ്ങളിലും പോകുേമ്പാള്‍ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ലോകത്ത്, വംശവെറി മുളയില്‍നുള്ളുന്ന മതമായാണ് ഇസ്‌ലാമിനെ നാം കണക്കാക്കുന്നത്!

കനഡയില്‍ ഞാന്‍ 1972-ല്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വംശവെറി പരസ്യമായി നേരിടേണ്ടി വന്നിട്ടില്ല. ഹിജാബ് അണിഞ്ഞ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, വംശീയവെറിയന്മാരോട് ചെറുത്തുനിന്ന് സ്വന്തം പക്ഷം വിശദീകരിക്കാന്‍ ആ പെണ്‍കുട്ടികള്‍ക്കായിട്ടുണ്ട്. 

9/11-നുശേഷം വംശവെറി ആഴത്തില്‍ വേരോടി എന്നു പറയണം. ശതകോടികള്‍ മറിയുന്ന ഇസ്‌ലാം ഭീതിയെന്ന വ്യവസായം ഇതിനു പിന്നില്‍ വര്‍ത്തിച്ചിട്ടുണ്ടാകാം. അവസാനിക്കാത്ത യുദ്ധമെന്ന സാമ്രാജ്യത്വവാദികളുടെ പദ്ധതി വില്‍ക്കാന്‍ അവര്‍ ഉണ്ടാക്കിയതാണത്. ഇരകളാകേണ്ടിവന്നതോ ഇസ്‌ലാമും മുസ്‌ലിംകളും. 

കൃത്യമായ വിവരം പ്രസരിപ്പിച്ച് ഇസ്‌ലാംഭീതിയെ നാം നേരിടണം. അതിനായി സാമൂഹിക ശാസ്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, പണ്ഡിതര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍ തുടങ്ങി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരായ ഒരു സംഘത്തെ എല്ലാ വിഭാഗങ്ങളിലും സൃഷ്ടിച്ചെടുക്കണം. 

മാധ്യമങ്ങള്‍, സിനിമകള്‍ എന്നിവയില്‍നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പഠിച്ചവരാണ് അവരെ കുറിച്ച് മോശം ധാരണകള്‍ പുലര്‍ത്തുന്നവരിലേറെയുമെന്ന് യു.എസില്‍ നടന്ന പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. അതേ സമയം, മുസ്‌ലിംകളെ നല്ലവരായി കണ്ടവര്‍ അവരുമായി ഇടപഴകിയിരുന്നവരായിരുന്നു. അതിനാല്‍ ആളുകളുമായി നേരിട്ട് സുതാര്യമായി ഇടപഴകുക. മുന്‍വിധികള്‍ മാറ്റിവെച്ച് ഇസ്‌ലാമിക സൗരഭ്യം പ്രവൃത്തിയിലൂടെയും അവരെ അനുഭവിപ്പിക്കുക. ''തിന്മയെ നന്മകൊണ്ട് നേരിടുക. നിങ്ങളുടെ ശത്രു ഏറ്റവുമടുത്ത സുഹൃത്തായി മാറുന്നത് നിങ്ങള്‍ക്ക് കാണാം'' (ഖുര്‍ആന്‍ 41-34).

ഇസ്‌ലാമിനെ പഠിച്ച് മതത്തിന്റെ തീരമണയുന്ന ഇസ്‌ലാംഭീതിയുടെ വക്താക്കള്‍ നിരവധിയാണ്. ഏറ്റവുമടുത്ത ഉദാഹരണമാണ് ഇസ്‌ലാം ആേശ്ലഷിച്ച ഡച്ച് പാര്‍ലമെന്റ് അംഗം ജൊറാം വാന്‍ ക്ലാവരണ്‍. 

വംശവെറി കഥയുടെ ഒരു പുറം മാത്രം. നമുക്കു ചുറ്റും പൂത്തു പരിലസിക്കുന്ന സ്‌നേഹത്തിന്റെ സൗകുമാര്യത്തെ കാണാതെ പോകരുത്. അടുത്തിടെ രണ്ട് വിലാപയാത്രകളില്‍ പെങ്കടുത്ത വന്‍ ജനാവലിയെ ശ്രദ്ധിച്ചുകാണും. ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിലെ ഇരകളുടേതായിരുന്നു ഒന്ന്. മറ്റൊന്ന്, ഏഴു കുരുന്നുകളുടെ ജീവനെടുത്ത വെടിവെപ്പിലെ ഇരകള്‍ക്കായി നടന്നതും. ദുഃഖം പങ്കുവെക്കാന്‍ അതിരുകളും ഭിന്നതകളും മറന്നാണ് കനഡക്കാര്‍ രണ്ടിലും അണിനിരന്നത്. മസ്ജിദില്‍ ആക്രമണം നടന്നയുടന്‍ ടോറാേ ആസ്ഥാനമായ ജൂത സംഘടനകളുടെ കൂട്ടായ്മ 'സമാധാനത്തിന്റെ വലയങ്ങള്‍' സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. സമാനമായി, ഒരു ജൂത ദേവാലയത്തിനു നേരെ ആക്രമണമുണ്ടായപ്പോള്‍ സിനഗോഗുകള്‍ക്ക് മുന്നില്‍ മുസ്‌ലിംകളും 'സമാധാനത്തിന്റെ വലയങ്ങള്‍' തീര്‍ത്തു. 

 വൈരൂപ്യങ്ങളെ കുറിച്ച് വാചാലമാകുേമ്പാള്‍ കനഡയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന നന്മകള്‍ കൂടി അറിയണം. കനഡയില്‍ നാലു പതിറ്റാണ്ടു പിന്നിടുന്ന ഒരാള്‍ക്ക് ഇന്ന് ഈ നാടിനെ കുറിച്ച് അഭിമാനിക്കാനേറെയാണ്. പഠിക്കാനായി, ഞാന്‍ ആദ്യം മദീന മുനവ്വറയിലേക്ക് പോകാനിരുന്നപ്പോള്‍ എനിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഒരു വര്‍ഷത്തെ നടപടിക്രമങ്ങള്‍ വേണ്ടിവന്നു. എന്നാല്‍, ആദ്യമായി കനഡ പാസ്‌പോര്‍ട്ടെടുക്കാന്‍ എനിക്ക് 10 ദിവസത്തില്‍ താഴെ മാത്രമേ വേണ്ടിവന്നുള്ളൂ.

ക്രിസ്ത്യന്‍ ഔദാര്യത്തിന്റെ നനവുള്ള മാതൃകകള്‍ പലതും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. 70-കളുടെ ആദ്യത്തില്‍ ടോറാേയില്‍ ഒന്നോ രണ്ടോ മസ്ജിദുകള്‍ മാത്രമുള്ള കാലത്ത്, ആരാധനക്കായി ക്രിസ്ത്യാനികള്‍ ഞങ്ങള്‍ക്ക് അവരുടെ ചര്‍ച്ചുകള്‍ തുറന്നുതന്നിരുന്നു. ഒരു ക്രിസ്ത്യന്‍ ആഘോഷദിവസം മോണ്‍ട്രിയാലിലെ എന്റെ അപ്പാര്‍ട്ട്‌മെന്റിനു പുറത്ത് ഒരു കുട്ട നിറയെ ഭക്ഷ്യവസ്തുക്കള്‍ ആരോ കൊണ്ടുവെച്ചതു കണ്ടു. ഒരു പാവം വിദ്യാര്‍ഥി ഈ ദിവസം കഷ്ടപ്പെടരുതെന്ന് കരുതി എത്തിച്ചതാകണം. 

മറ്റൊരു അനുഭവം: കടല്‍തീരത്ത് പ്രഭാത സവാരിക്കിറങ്ങുമ്പോള്‍ കാണുന്നവരെയൊക്കെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യും. അവരിലേറെയും വെള്ളക്കാരാകും, അവര്‍ തിരിച്ച് അഭിവാദ്യം ചെയ്യും; ഒന്നോ രണ്ടോ പേരൊഴികെ.  ഈ ന്യൂനപക്ഷം ഞങ്ങളെ ഒഴിവാക്കുന്നതെന്തേ എന്ന സന്ദേഹത്തിന് ഭാര്യ നല്‍കിയ മറുപടി, അവര്‍ക്ക് ചിലപ്പോള്‍ കാഴ്ചക്കുറവോ കേള്‍വിക്കുറേവാ ആയിരിക്കും എന്നായിരുന്നു. 

കനഡയിലേക്ക് കുടിയേറാന്‍ വരുന്നവര്‍ക്ക് ചില പൊടിക്കൈകള്‍ കൂടി ഇവിടെ കുറിക്കാം. ഒന്നാമതായി, നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ ജ്ഞാനത്തിലാകണം. കുടിയേറാന്‍ പദ്ധതിയിടുംമുമ്പ് വിഷയങ്ങളിലെ പരിജ്ഞാനം ഉറപ്പാക്കണം. സക്രിയമായ സമീപനം, പഠിക്കാനും മെച്ചപ്പെടാനുമുള്ള തുറന്ന മനസ്സ് എന്നിവയും  നിര്‍ബന്ധം. 

ഒന്നാമതായി, ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാനും ആശയവിനിമയത്തിനും മികവു നേടണം. അറിഞ്ഞതുതന്നെ എല്ലാറ്റിനും മതിയാകുമെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ട്. പെട്ടെന്നൊരു നാളിലാണ് അറിഞ്ഞതൊന്നുമല്ല യാഥാര്‍ഥ്യമെന്ന തിരിച്ചറിവുണ്ടാവുക. ടോറാേ യൂനിവേഴ്‌സിറ്റിയില്‍ ആദ്യ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചപ്പോഴായിരുന്നു ഈ വലിയ സത്യം ഞാന്‍ നേരിട്ടറിഞ്ഞത്. ആധുനിക ഇംഗ്ലീഷില്‍ പ്രബന്ധം മാറ്റിയെഴുതിവരൂ എന്നായിരുന്നു അന്ന് പ്രഫസര്‍ എന്നോടു പറഞ്ഞത്.  

രണ്ടാമതായി, നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗവും പ്രഫഷനല്‍ ഡിഗ്രിയും പരിചയവുമൊക്കെയുള്ള ആളുമായിരിക്കും നിങ്ങള്‍. പക്ഷേ, ഒരു രാജകുമാരനെ പോലെ മറ്റുള്ളവര്‍ ഇവിടെയും നിങ്ങളോട് പെരുമാറുമെന്ന് കരുതരുത്. എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ടിവരും. സ്വയം നിയന്ത്രിതനായി, ആവശ്യമായ പരീക്ഷകള്‍ എഴുതി ജയിച്ച്, യോഗ്യതാ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി, നിങ്ങളുടെ ബിരുദം അംഗീകൃതമാണെന്ന് ഉറപ്പുവരുത്തി വേണം മുന്നോട്ടുപോകാന്‍. കനഡയില്‍ വിജയത്തിന്റെ പുതിയ അധ്യായം തുടങ്ങാന്‍ ആദ്യം മനസ്സിനെ ജാതി, വംശ വെറികളില്‍നിന്ന് വിമലീകരിക്കണം. സ്വന്തം വീട്ടില്‍ പരിചാരകരും പരിവാരവും കൂട്ടിനുള്ളവരാകാം നിങ്ങള്‍. ഇവിടെ പക്ഷേ, പെട്ടിയും ബാഗും സ്വയം വഹിക്കേണ്ടിവരും. കനഡയുടെ പ്രധാനമന്ത്രി പോലും ഇവിടെ കടകളില്‍ സാധനം വാങ്ങാന്‍ ഇറങ്ങുമ്പോള്‍ അങ്ങനെയാണ്. പൊതുഗതാഗതമാണ് അവര്‍ യാത്രക്ക് ഉപയോഗിക്കുക. 

അവസാനമായി, കനഡയില്‍ ജീവിക്കുകയെന്നുവെച്ചാല്‍ മുസ്‌ലിമെന്നോ ഹിന്ദുവെന്നോ കേരളീയനെന്നോ ഇന്ത്യക്കാരനെന്നോ ഉള്ള നിങ്ങളുടെ സ്വത്വം മാറ്റിവെക്കലൊന്നുമല്ല. അത് സാംസ്‌കാരിക ആത്മാഹുതിയായിരിക്കും. ബഹുമുഖ സ്വത്വങ്ങള്‍ ആശ്ലേഷിക്കാന്‍ നിങ്ങള്‍ക്കാവണം. കനഡ സാംസ്‌കാരിക വൈവിധ്യമുള്ള ബഹുസ്വര സമൂഹമാണ്. കനേഡിയന്‍ അവകാശ, സ്വാതന്ത്ര്യ ചാര്‍ട്ടര്‍ എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യവും തുല്യാവകാശവും ഉറപ്പുനല്‍കുന്നു. ഓരോ കനഡക്കാരനും അഭിമാനകരമാണിത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ കനഡയിലായതില്‍ അഭിമാനം കൊള്ളുന്നതും. 

ഒറ്റപ്പെട്ട തുരുത്തുകളില്‍ ഏകാകികളായി മാറ്റിനിര്‍ത്തപ്പെടാതിരിക്കാന്‍ മുസ്‌ലിംകള്‍ക്കിവിടെ ഉത്തരവാദിത്ത്വം കുറച്ചുകൂടി കൂടുതലാണ്. തുറന്ന മനസ്സും ബഹുസ്വരതയും സ്വീകരിച്ച്, ഇസ്‌ലാമിന്റെ ആഗോളമുഖം ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കാനാകണം. എന്നാലോ, ഇസ്‌ലാമിക സ്വത്വം കൈവിട്ടുപോവുകയുമരുത്. 

നമ്മുടെ മക്കള്‍ ഇസ്‌ലാമിക സ്വത്വത്തോട് താദാത്മ്യപ്പെടണം. അതിന്റെ ധാര്‍മിക, ആത്മീയ ദര്‍ശനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കണം. അതിന് ഖുര്‍ആന്റെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും പഴയ രീതിയിലുള്ള വായന മാത്രമാണ് പോംവഴിയെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഒരേ രീതിയില്‍ അച്ചുനിരത്തപ്പെട്ട തലമുറയുടെ സൃഷ്ടി മാത്രമേ അതുകൊണ്ട് സാധ്യമാകൂ. ലോകത്ത്, ഭീതിയും വെറുപ്പും പരത്തുന്ന വിഭാഗങ്ങള്‍ക്ക് എളുപ്പം അവര്‍ ഇരകളായി  മാറുകയും ചെയ്യുന്നു. 

വീടകങ്ങളില്‍ വെച്ചുതന്നെ പ്രായോഗിക പാഠങ്ങളിലൂടെ മക്കളില്‍ ഇസ്‌ലാം രൂഢമൂലമാക്കുന്നതിന്റെ പ്രാ ധാന്യം കുറച്ചുകാണാതിരിക്കണം. കനഡയില്‍ ഇതിന് അവസരങ്ങള്‍ വേണ്ടുവോളമുണ്ട്. ആശുപത്രികള്‍, സൂപ്പ് കിച്ചണുകള്‍, ജനക്ഷേമ കേന്ദ്രങ്ങളിലെ സൗജന്യ സേവനം, ഇതര മതസ്ഥരുമായി ആശയ സംവാദം, സഹായപ്രവര്‍ത്തനങ്ങള്‍ തുടങ്ങി പലതും പലതും. 

ഏറ്റവുമവസാനമായി, മലയാളിയെന്ന, ഇന്ത്യക്കാരനെന്ന സ്വത്വം നാം കരുതലോടെ നിലനിര്‍ത്തണം. മലയാളിയെയും ഇന്ത്യക്കാരനെയും കണ്ടെത്തി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണം. രാജ്യം കാലങ്ങളായി കരുതലോടെ നിലനിര്‍ത്തിയ ബഹുസ്വരതയും മതസൗഹാര്‍ദവും ഇനിയും നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. അവക്കെതിരെ രാഷ്ട്രീയ ഭസ്മാസുരന്മാര്‍ ഇറങ്ങിത്തിരിച്ച കാലത്ത് പ്രത്യേകിച്ചും. 

നാലാം ഖലീഫ അലി പറഞ്ഞ വാക്കുകളാകെട്ട നമ്മുടെ മന്ത്രം: ''ജനം രണ്ടു വിഭാഗമാണ്. ഒന്നുകില്‍ വിശ്വാസത്തില്‍ നിങ്ങളോടൊപ്പമുള്ളവര്‍, അല്ലെങ്കില്‍ നിങ്ങളുമായി മനുഷ്യത്വം പങ്കിടുന്നവര്‍. അതുകൊണ്ട്, ഏവരോടും നന്മയോടെയും സഹാനുഭൂതിയോടെയും വര്‍ത്തിക്കുക. ദൈവികാനുകമ്പക്ക് അതു മാത്രമാണ് വഴി.''


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ