Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

ഓ, സ്രബ്‌റനിറ്റ്‌സ....!

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-6]

 

''നാളെയുള്ള സ്രബ്‌റനിറ്റ്‌സ യാത്രക്ക് താങ്കള്‍ പൂര്‍ണമായും സജ്ജനാണോ?''

ചൂടുള്ള ബോസ്‌നിയന്‍ കോഫി ചുണ്ടോടടുപ്പിക്കവെ അംറ് മൂന്നാം തവണയും ആവര്‍ത്തിച്ചു.

''തീര്‍ച്ചയായും''  അംറിന്റെ ആവര്‍ത്തനത്തില്‍ നീരസത്തോടെ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

''അനേകായിരം സാധു മനുഷ്യരെ നിഷ്ഠുരമായി കൊന്നുമൂടിയ മരണത്തിന്റെ മലഞ്ചെരുവിലേക്കാണ് പോകേണ്ടത്. ദുര്‍ബലഹൃദയര്‍ക്ക് ആ ശ്മശാനത്തിന്റെ സങ്കടത്തില്‍ ഏറെ നേരം കഴിച്ചുകൂടാനാവില്ല, അതും ആളൊഴിഞ്ഞൊരു ഞായറാഴ്ച. ഉല്ലാസയാത്രക്ക് വന്ന പലരും അവിടെ മോഹാലസ്യപ്പെട്ടുവീണ അനുഭവമുണ്ട്.'' അയാള്‍ ഒന്നുകൂടി വിശദീകരിച്ചു.

''അംറ്, ഞാനെന്തിന് ഭയപ്പെടണം? ആ മലഞ്ചെരുവില്‍ ഉറങ്ങുന്ന മനുഷ്യരൊക്കെയും രക്തസാക്ഷികളാണ്. പരമകാരുണ്യവാന്റെ സ്വര്‍ഗസൗഭാഗ്യങ്ങളില്‍ നിത്യതയാര്‍ന്ന അവരെക്കുറിച്ച് എനിക്കെന്ത് വ്യാകുലത!'' ഞാന്‍ അംറിനെ നിശ്ശബ്ദനാക്കി.

സരയാവോ നഗരത്തിലൊരു ഭക്ഷണശാലയിലിരുന്ന് യാത്രയുടെ അവസാന മിനുക്കുകള്‍ തീര്‍ത്ത് അംറിനും ഡാനിക്കും ശുഭരാത്രി നേര്‍ന്ന് പിരിയുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

നാളെ സ്രബ്‌റനിറ്റ്‌സയിലേക്ക്.....

ആള്‍ത്തിരക്കില്ലാത്ത ശ്മശാനഭൂമിയിലലയാനും ദുരന്തത്തെ അതിജയിച്ച അപൂര്‍വ സൗഭാഗ്യങ്ങളെ കാണാനുമുള്ള സൗകര്യത്തിനായാണ് ഞങ്ങളുടെ യാത്ര ഞായറാഴ്ചയിലേക്ക് തീര്‍ച്ചപ്പെടുത്തിയത്. വംശഹത്യാ സ്മാരകത്തിലെ മ്യൂസിയവും തിയേറ്ററും ഞങ്ങള്‍ക്കു വേണ്ടി അവധിദിനത്തിലും തുറന്നുതരാനായി ഡാനി അവരുടെ കൂട്ടുകാരിയെ പ്രത്യേകം ഏര്‍പ്പാടു ചെയ്യുകയും ചെയ്തു.

സരയാവോയില്‍ രാത്രി കാലാവസ്ഥ പൊടുന്നനെ മാറി. പടിഞ്ഞാറന്‍ യൂറോപ്പില്‍ അക്കാലത്ത് മഞ്ഞുവീഴ്ച തുടങ്ങിയതിനാല്‍ സരയാവോയിലും അന്തരീക്ഷതാപം താഴ്ന്ന് മഴയും തണുത്ത കാറ്റും നേരത്തേ വിരുന്നെത്തി. രാത്രിമഴയില്‍ ആളൊഴിഞ്ഞ തെരുവിലൂടെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ അംറ് ആവര്‍ത്തിച്ച ചോദ്യങ്ങളെക്കുറിച്ചായിരുന്നു എന്റെ ആലോചന. അയാളെന്നെ പേടിപ്പെടുത്താന്‍ ശ്രമിച്ചതെന്തിന്? വിനോദയാത്രക്കെത്തിയവരിലാരോ മലഞ്ചെരുവിലെ മീസാന്‍ കല്ലുകളുടെ ബാഹുല്യം കണ്ടോ ഭൂതപ്രേതവിശ്വാസം കൊണ്ടോ സര്‍ബ് ക്രൂരതകള്‍ ഒപ്പിയെടുത്തുവെച്ച ചിത്രങ്ങളിലെ ഭീകരദൃശ്യങ്ങള്‍ നോക്കിയോ മോഹാലസ്യപ്പെട്ടിരിക്കാം. ഞാന്‍ അത്തരക്കാരനല്ലെന്ന് അംറിന് നന്നായറിയാവുന്നതാണല്ലോ. സ്രബ്‌റനിറ്റ്‌സയില്‍ അരങ്ങേറിയ സെര്‍ബ് ക്രൂരതകളും മലഞ്ചെരുവിലെ മഹാശ്മശാനത്തിലെ വിശേഷവര്‍ത്തമാനങ്ങളും വാര്‍ത്തകളിലൂടെയും ചിത്രങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഞാനെത്ര ആഴത്തിലറിഞ്ഞതാണ്! ആ പീഡിതരുടെ കണ്ണുനീരിലും പ്രാര്‍ഥനയിലും പങ്കുചേര്‍ന്ന് എത്രനാള്‍ കരഞ്ഞിരുന്നതാണ്! ആ കഥകളൊക്കെയും അംറുമായി പങ്കുവെച്ചതായിരുന്നല്ലോ! രക്തസാക്ഷികളുടെ ഭൗതികശരീരം അലിഞ്ഞുചേര്‍ന്ന മണ്ണിലെത്തി അവര്‍ക്കായി പ്രാര്‍ഥിക്കണം. സ്രബ്‌റനിറ്റ്‌സയിലെ വര്‍ത്തമാനകാല വിശേഷങ്ങള്‍ അന്വേഷിച്ചറിയണം. ആ ചരിത്രഭൂമിയെ തൊട്ടറിയാനായി ചിട്ടപ്പെടുത്തിയ യാത്രാപദ്ധതിയില്‍ യക്ഷിക്കഥകള്‍ക്കും പ്രേതകഥകള്‍ക്കും എന്തു സ്ഥാനം! അംറിനോട് നീരസം തോന്നിയെങ്കിലും അയാളുടെ 'വിവര പരിമിതി'യില്‍ ക്ഷമിച്ച് ദീര്‍ഘയാത്രക്കുള്ള പാഥേയങ്ങള്‍ ഒരുക്കിവെച്ച് പ്രഭാതവും കാത്ത് ഞാന്‍ ഉറക്കത്തിലേക്കാണ്ടു. 

സരയാവോ നഗരത്തില്‍നിന്ന് നൂറ്റിനാല്‍പ്പത് കിലോമീറ്റര്‍ കിഴക്ക് മാറി സെര്‍ബിയന്‍ അതിര്‍ത്തിയിലാണ് സ്രബ്‌റനിറ്റ്‌സ. യൂറോപ്യന്‍ ചരിത്ര ഭൂപടത്തിലെ മായ്ക്കാനാവാത്ത കറുത്ത അടയാളം.

ബോസ്‌നിയന്‍ ഫെഡറേഷന്റെ അതിര്‍ത്തി കടന്ന് റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌കയുടെ മണ്ണിലൂടെയായി ഞങ്ങളുടെ യാത്ര. മുസ്‌ലിം ബോസ്‌നിയയെ ചവിട്ടിക്കുഴച്ച സെര്‍ബ് ഭീകരര്‍ക്ക് യൂറോ-അമേരിക്കന്‍ കുരിശു സൂത്രം കൈവശാവകാശം ചാര്‍ത്തിക്കൊടുത്ത ഭൂപ്രദേശം. അനേകായിരം മുസ്‌ലിംകളുടെ കണ്ണുനീര്‍ വീണ് കുതിര്‍ന്ന സ്രബ്‌റനിറ്റ്‌സ ബോസ്‌നിയാക് ഭൂരിപക്ഷ പ്രദേശമെങ്കിലും ഡെയ്ടണ്‍ കരാറനുസരിച്ച് റിപ്പബ്ലിക് ഓഫ് സ്രബ്‌സ്‌കയുടെ അധികാരപരിധിയിലായി. ലോഹധാതു ഖനികള്‍ നിറഞ്ഞ ഈ അതിര്‍ത്തിദേശം ഉസ്മാനിയാ ഭരണകാലം തൊട്ടേ മുസ്‌ലിം ബോസ്‌നിയാക്കുകളുടെ വാസകേന്ദ്രമായിരുന്നു. വംശ'ശുദ്ധ'മായ വിശാല സെര്‍ബിയ എന്ന സ്വപ്‌നവുമായി സെര്‍ബ് വംശ ഭ്രാന്തന്മാര്‍ ഈ മണ്ണില്‍ ആയുധം കൂര്‍പ്പിച്ചിറങ്ങിയ ചരിത്രത്തിന് ലോകയുദ്ധത്തോളം പഴക്കമുണ്ട്. രണ്ടാം ലോകയുദ്ധകാലത്തും തുടര്‍ന്നും ഈ മലഞ്ചെരുവില്‍ മത്താടിയെത്തിയ സെര്‍ബ് ഭീകരരെ യൂഗോസ്ലാവ്യയുടെ അമരത്തിരുന്ന ടിറ്റോ ഉരുക്കുമുഷ്ടിയില്‍ തളച്ചിട്ടു. യൂഗോസ്ലാവ്യയുടെ അസ്തമയം ഇരുട്ടിന്റെ ശക്തികളെ തുടലൂരിവിട്ടു. വിശാല സെര്‍ബിയ സ്ഥാപിക്കാനായി തങ്ങളുടെ അതിര്‍ത്തി ബോസ്‌നിയന്‍ രാഷ്ട്രഭൂമിയിലേക്ക് വിസ്തൃതപ്പെടുത്താന്‍ മോഹിച്ച സെര്‍ബിയ, വംശവെറിയന്മാര്‍ക്കും തെമ്മാടിക്കൂട്ടങ്ങള്‍ക്കും ആയുധം കൊടുത്ത് അതിര്‍ത്തിദേശങ്ങളില്‍ നായാട്ടിനയച്ചു.

 

ബോസ്‌നിയന്‍ 'വംശയുദ്ധ' കാലം

സ്രബ്‌റനിറ്റ്‌സയും സമീപഗ്രാമങ്ങളും കൈപ്പിടിയിലൊതുക്കാനെത്തിയ സെര്‍ബ് പട്ടാളക്കാര്‍ക്ക് ബോസ്‌നിയാക് ഗ്രാമീണര്‍ കടുത്ത പ്രതിരോധം തീര്‍ത്തു. മാധ്യസ്ഥം പറയാനെത്തിയ ഐക്യരാഷ്ട്രസഭയും നാറ്റോയും സ്രബ്‌റനിറ്റ്‌സ 'സുരക്ഷിത താവള'മായി പ്രഖ്യാപിച്ച് നീലത്തൊപ്പി വെച്ച ഡച്ച് പട്ടാളക്കാരെ കാവലിരുത്തി. പോരാട്ടം കനത്ത സമീപ ദേശങ്ങളില്‍നിന്നൊക്കെയും മുസ്‌ലിം കുടുംബങ്ങളെ സ്രബ്‌റനിറ്റ്‌സയിലെ 'സുരക്ഷിത' വലയത്തിലേക്ക് പലായനം ചെയ്‌തെത്തിച്ചു. ഐക്യരാഷ്ട്രസഭയും നാറ്റോയും പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്ത് ബോസ്‌നിയാക്കുകളുടെ പ്രതിരോധ ആയുധങ്ങളൊക്കെയും പിടിച്ചുവാങ്ങി. ഐക്യലോകം നിര്‍ണയിച്ചു നല്‍കിയ വൃത്തത്തിനകത്തെ സുരക്ഷയില്‍ വിശ്വസിച്ച നിരായുധരായ മുസ്‌ലിംകള്‍ക്കു നേരെ ആയുധങ്ങളുമായി സെര്‍ബുകള്‍ പാഞ്ഞുവന്നു. കാവല്‍ക്കാര്‍ കാഴ്ചക്കാരായി മാറിനിന്നു. പ്രതിരോധത്തിനായി തങ്ങളുടെ ആയുധങ്ങള്‍ തിരിച്ചുനല്‍കാന്‍ കേണപേക്ഷിച്ച ബോസ്‌നിയാക്കുകള്‍ക്കു നേരെ നീലത്തൊപ്പിക്കാര്‍ നിര്‍ദയം കതകടച്ചു. അനേകായിരം നിരപരാധികളുടെ ചോരയും മാനവും ആ മലഞ്ചെരുവില്‍ വീണുചിതറി. വാഗ്ദത്ത സുരക്ഷാ വൃത്തത്തിന്റെ വ്യാസം പട്ടണാതിര്‍ത്തിയില്‍ പോട്ടോച്ചരി(ജീീേരമൃശ) യിലെ യു.എന്‍ കേന്ദ്രത്തിലേക്ക് ചുരുങ്ങി. അഭയം തേടി അങ്ങോട്ടെത്തിയ ആബാലവൃദ്ധം ജനങ്ങളെയും സെര്‍ബ് ഭീകരര്‍ക്ക് ചീന്തിയെറിയാന്‍ വിട്ടുകൊടുത്ത് കാവല്‍ക്കാരൊക്കെയും അപ്രത്യക്ഷമായി. രക്ഷക്കെത്തുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന 'നാറ്റോ', സെര്‍ബുകള്‍ തിമിര്‍ത്താടി കളം വിടുന്നതുവരെ പടിഞ്ഞാറന്‍ കുരിശുമെത്തയില്‍ സുഖസുഷുപ്തിയിലാണ്ടു. വംശശുദ്ധിക്ക് നേതൃത്വം നല്‍കിയ സെര്‍ബിയന്‍ കമാന്റര്‍ റാറ്റ്‌കോ മ്ലാഡിച്ച് സ്രബ്‌റനിറ്റ്‌സയുടെ തെരുവുകളില്‍ ആഹ്ലാദപ്രകടനം നടത്തി. ലോകം കൈവെടിഞ്ഞ തന്റെ ജനതയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്ന രക്തച്ചാലുകള്‍ കണ്ട് സ്തംഭിച്ചുനിന്ന അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ മുന്നില്‍, തങ്ങള്‍ ചിട്ടപ്പെടുത്തിയ 'സമാധാന' കരാറിലൊപ്പുവെക്കാന്‍ പേനയും നീട്ടി ആധുനിക കുരിശുയുദ്ധ ശക്തികള്‍ ഉള്ളാലെ ചിരിച്ചുനിന്നു. 'ഇത് വിജയമല്ല, സമാധാനശ്രമം മാത്രം' - കരാറിലൊപ്പുവെച്ച അലിയാ അന്ന് ബോസ്‌നിയയെ നോക്കി വിതുമ്പി. എല്ലാറ്റിനുമൊടുവില്‍ യുദ്ധക്കുറ്റ വിചാരണകളും തെളിവെടുപ്പുകളും. മ്ലാഡിച്ചും മിലോഷെവിച്ചും കരാജിച്ചും ഒക്കെ ശിക്ഷിക്കപ്പെട്ടപ്പോഴും കുത്തിക്കീറിയ ദേശം മേനിയിലെ ശമിക്കാത്ത നോവുമായി ബോസ്‌നിയ വേച്ചുവേച്ച് നടക്കുമ്പോഴും തിരശ്ശീലക്കു പിറകില്‍ ആരൊക്കെയോ ആര്‍ത്തു ചിരിക്കുകയായിരുന്നു.

സ്രബ്‌റനിറ്റ്‌സയുടെ ദുരന്തചരിത്രം ഓര്‍ത്തെടുത്തുകൊണ്ട് ഏറെ ദൂരം സഞ്ചരിച്ച് ഞങ്ങള്‍ പോട്ടോച്ചരിയിലെത്തി. ആള്‍ത്തിരക്കൊഴിഞ്ഞ മലയടിവാരത്തിലൂടെ നീളുന്ന പാതയോരത്ത് പഴയൊരു ഫാക്ടറിക്കെട്ടിടത്തിനരികില്‍ അമീറ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. പാതക്കപ്പുറം വിസ്തൃതമായ മലഞ്ചെരുവ് നിറഞ്ഞു നില്‍ക്കുന്ന വെളുത്ത മീസാന്‍ കല്ലുകള്‍. 'നമുക്ക് ഇവിടെനിന്ന് തുടങ്ങാം' - അമീറ ഫാക്ടറി വളപ്പിലേക്ക് നടന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഫാക്ടറിക്കെട്ടിടമായിരുന്നു അന്നൊരിക്കല്‍ സ്രബ്‌റനിറ്റ്‌സയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രം. ഇന്ന് കൂട്ടക്കുരുതിയുടെ ഓര്‍മകള്‍ പങ്കുവെക്കുന്ന മ്യൂസിയം. കെട്ടിടത്തിനകത്തെ വിശാലമായ തിയേറ്ററില്‍ സ്ഥാപിച്ചുവെച്ച വലിയൊരു സ്‌ക്രീനിനു മുന്നില്‍ നിരത്തിയിട്ട മരബെഞ്ചിലിരുന്ന് അമീറ അവരുടെ ജീവിതം പറഞ്ഞു. രണ്ടര പതിറ്റാണ്ടുകള്‍ മുമ്പ് അവരൊരു സ്‌കൂള്‍ ബാലിക. സ്രബ്‌റനിറ്റ്‌സയിലെ കൊച്ചു വിദ്യാലയത്തില്‍ വംശഭേദങ്ങളൊന്നുമറിയാതെ പഠിച്ചും കളിച്ചും കൂട്ടുകാര്‍ക്കൊപ്പം പാറിനടന്ന പതിമൂന്നുകാരി. പൊടുന്നനെ ഒരുനാള്‍ സെര്‍ബ് വംശജരായ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയത്തില്‍നിന്നും അപ്രത്യക്ഷരായി. ഒപ്പം സ്രബ്‌റനിറ്റ്‌സയിലെ സെര്‍ബ് കുടുംബങ്ങളും. യുദ്ധത്തിന്റെ തീക്കട്ടകള്‍ വീണ് ജീവിതം എരിഞ്ഞുതുടങ്ങിയതോടെ അമീറയെയും സഹോദരിയെയും ദൂരെ 'ടുസ്‌ലാ'യിലുള്ള ബന്ധുവീട്ടിലേക്കയക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വീടുവിട്ടുപോകാന്‍ ഒട്ടുമിഷ്ടമില്ലാതിരുന്നതിനാല്‍ അവര്‍ യാത്ര വൈകിച്ചെങ്കിലും സ്രബ്‌റനിറ്റ്‌സയില്‍നിന്ന് പുറപ്പെട്ട അവസാന വാഹനത്തില്‍ അവര്‍ കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങി. ഐക്യരാഷ്ട്രസഭയുടെ 'സുരക്ഷിത താവള'ത്തില്‍നിന്ന് അപൂര്‍വമായി പിതാവ് റേഡിയോയിലൂടെ മക്കളുമായി സംസാരിച്ചു. 'ഞാന്‍ വരും, അടുത്ത അവധിക്കാലം ആഘോഷിക്കാന്‍' പിതാവിന്റെ അവസാനത്തെ റേഡിയോ സന്ദേശം ഓര്‍ത്തെടുത്തപ്പോള്‍ അമീറ വിതുമ്പി. ഒടുവില്‍ ഈ കെട്ടിടങ്ങള്‍ക്കകത്ത് സെര്‍ബുകള്‍ ക്രൂരതാണ്ഡവമാടിയപ്പോള്‍ അമീറയുടെ മാതാപിതാക്കളും അകത്തുണ്ടായിരുന്നു.

യു.എന്‍ കേന്ദ്രത്തിലേക്ക് സെര്‍ബ്‌സൈന്യം കടന്നുകയറുന്നതിന്റെ തലേനാള്‍ സെര്‍ബിയന്‍ കമാന്റര്‍ റാറ്റ്‌കോ മ്ലാഡിച്ച് മാധ്യമക്കൂട്ടവുമായി ഈ കെട്ടിടവളപ്പിലെത്തി. കരഞ്ഞു വാടിയ മുഖങ്ങളുമായി കമ്പിവേലിക്കകത്ത് തിങ്ങിനിറഞ്ഞ അഭയാര്‍ഥികള്‍ക്ക് ലോകം കാണ്‍കെ സുരക്ഷിതത്വം ഉറപ്പു നല്‍കി. മുഴുവന്‍ അഭയാര്‍ഥികളെയും 'ടുസ്‌ല'യിലേക്കെത്തിക്കാന്‍ അടുത്ത ദിവസം വാഹനങ്ങള്‍ എത്തുമെന്ന് സന്തോഷവര്‍ത്തമാനം പറഞ്ഞ് കുഞ്ഞുങ്ങള്‍ക്കൊക്കെയും മിഠായിപ്പൊതികള്‍ നല്‍കി. പകലിന്റെ കണ്ണുകള്‍ ചിമ്മി ഇരുള്‍വീഴവെ മ്ലാഡിച്ചിന്റെ ഉത്തരവില്‍ സെര്‍ബ് കാട്ടാളന്മാര്‍ കമ്പിവേലി തകര്‍ത്ത് കെട്ടിടത്തിനകത്ത് കയറി. എഴുതാനറക്കുന്ന പീഡനങ്ങള്‍, കിരാതമായ ബലാത്സംഗങ്ങള്‍. കുഞ്ഞുങ്ങളെയും വൃദ്ധരെയും പോലുമവര്‍ വെറുതെ വിട്ടില്ല. ആ സാധുജനങ്ങളുടെ അട്ടഹാസങ്ങളും നിലവിളികളും താഴ്‌വരയില്‍ നിസ്സഹായതയോടെ പ്രതിധ്വനിച്ചു, നിലച്ചു. മ്ലാഡിച്ച് ലോകത്തെ അറിയിച്ചപ്രകാരം പ്രഭാതത്തില്‍ വാഹനങ്ങള്‍ വന്നു. കെട്ടിടത്തില്‍ ജീവന്‍ ബാക്കിയായ അഭയാര്‍ഥികളെ വേലിക്കു പുറത്ത് വരിയാക്കി നിര്‍ത്തി. അവരില്‍നിന്ന് ആണ്‍കുട്ടികളെയും പുരുഷന്മാരെയും മാറ്റി പ്രത്യേകം ബസുകളില്‍ കയറ്റി. അമീറയുടെ മാതാവിന്റെ കൈപിടിച്ചു വരിനിന്ന പിതാവിനെ അവര്‍ ബലമായി പിടിച്ചുമാറ്റി. 'എല്ലാം കഴിഞ്ഞു.' ഭാര്യയുടെ മോതിരവിരലില്‍ അദ്ദേഹം അവസാനമായൊന്നമര്‍ത്തി തടവി.

പുരുഷന്മാരെയും ആണ്‍കുട്ടികളെയും നിറച്ച് സ്രബ്‌റനിറ്റ്‌സ വിട്ട വാഹനങ്ങള്‍ 'ടുസ്‌ല'യിലേക്ക് പോയില്ല. വഴിയരികില്‍ നിര്‍ത്തി, പത്തും പതിനഞ്ചും പേരുള്ള കൂട്ടങ്ങളാക്കി മലഞ്ചെരുവില്‍ പലയിടങ്ങളിലേക്ക് നടത്തിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു. വെടിവെക്കും മുമ്പ് അവരുടെ ശവക്കുഴികള്‍ അവരെക്കൊണ്ടു തന്നെ കുഴിപ്പിച്ചു. മൃതശരീരങ്ങള്‍ കുഴിയിലിട്ടു മൂടാന്‍ ഒരാളെ ബാക്കി വെച്ചു. കുഴിയിലവസാനത്തെ ചട്ടി മണ്ണ് വീഴും മുമ്പേ അവനെയും കൊന്നുമൂടി.... സ്രബ്‌റനിറ്റ്‌സയില്‍നിന്ന് ഇരുളിന്റെ മറവില്‍ 'ടുസ്‌ലാ'യിലേക്ക് കാട്ടിലൂടെ സാഹസികമായി രക്ഷപ്പെടാന്‍ ശ്രമിച്ച വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. അവരെയും സെര്‍ബുകള്‍ പിന്തുടര്‍ന്ന് വെടിവെച്ചിട്ടു. അല്‍പപ്രാണനുമായെങ്കിലും അക്കരെയെത്തിയവര്‍ അല്‍പമേയുണ്ടായിരുന്നുള്ളൂ. യുദ്ധാനന്തരം ബോസ്‌നിയാക്കുകള്‍ കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്ത് പോട്ടോച്ചരിയിലെ ഓര്‍മസ്ഥലത്ത് ഖബ്‌റടക്കി മീസാന്‍ കല്ലുകള്‍ നാട്ടി. തന്റെ പിതാവിന്റെയും ഇരുപത്തിയെട്ട് രക്തബന്ധുക്കളുടെയും ശരീരാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങി ഖബ്‌റടക്കിയ ഓര്‍മകള്‍ പങ്കുവെക്കവെ അമീറ അണപൊട്ടിക്കരഞ്ഞുപോയി....

കെട്ടിടസമുച്ചയത്തില്‍നിന്ന് പാതക്കപ്പുറത്തെ ഖബ്ര്‍സ്ഥാനിലേക്ക് പോകും മുമ്പ് ഞങ്ങള്‍ മ്യൂസിയത്തിലൂടെ നടന്നു. അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവിചാരണാ വേളയില്‍ നല്‍കപ്പെട്ട സാക്ഷിമൊഴികളില്‍ വിവരിച്ച ക്രൂരതകള്‍ വായിച്ചു മുഴുമിപ്പിക്കാനാവാതെ കണ്ണുകള്‍ മടങ്ങി. കെട്ടിടത്തിന്റെ മുന്‍വാതില്‍ കടന്ന് പുറത്തിറങ്ങവെ പുറം ചുമരിലെഴുതിവെച്ച വാചകത്തില്‍ എന്റെ മനമുടക്കി. ടൃലയൃലിശരമ ഏലിീരശറല  ഠവല എമശഹൗൃല ീള വേല കിലേൃിമശേീിമഹ ഇീാാൗിശ്യേ - 'സ്രബ്‌റനിറ്റ്‌സ വംശഹത്യ- അന്താരാഷ്ട്ര സമൂഹത്തിന്റെ പെരുംതോല്‍വി.'

സ്രബ്‌റനിറ്റ്‌സയിലെ സുരക്ഷിത വലയം ഭേദിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം കാവല്‍ നിന്നിരുന്ന ഡച്ച് പട്ടാളക്കാര്‍ക്ക് ചാര്‍ത്തിക്കൊടുത്ത് ഐക്യരാഷ്ട്രസഭയും നാറ്റോയും മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ പിന്നാമ്പുറക്കളികള്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍തന്നെ വിളിച്ചുപറഞ്ഞു തുടങ്ങി. സെര്‍ബുകള്‍ അക്രമം ആസൂത്രണം ചെയ്തിരുന്നുവെന്ന രഹസ്യവിവരം രണ്ടാഴ്ച മുമ്പേ ലഭിച്ചിട്ടും ഡച്ച് പട്ടാളക്കാരെ നാറ്റോ അറിയിച്ചില്ലെന്നും ഡച്ചുകാരുടെ വ്യോമസഹായാഭ്യര്‍ഥന പത്തു തവണ നാറ്റോ തള്ളിക്കളഞ്ഞെന്നും ലോകം പിന്നീടറിഞ്ഞു. നാറ്റോയുടെ അമരത്തിരിക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സ്രബ്‌റനിറ്റ്‌സയിലേക്ക് വ്യോമസഹായം ഉടനെ അയക്കേണ്ടതില്ലെന്ന രഹസ്യധാരണയുണ്ടാക്കിയിരുന്നെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് പാശ്ചാത്യ മാധ്യമങ്ങളും നാറ്റോ സഖ്യകക്ഷികളും തന്നെയാണ്. ഒരു ദേശത്തിന്റെ സ്വപ്നങ്ങളെ തങ്ങളുടെ വരുതിയില്‍ തളച്ചിടാന്‍ ദേശവാസികളെ വംശഹത്യക്കു വെച്ചും അവരുടെ സമ്പാദ്യങ്ങള്‍ കവര്‍ന്നെടുത്തും ദേശത്തെത്തന്നെ വെട്ടിമുറിച്ചും 'രക്ഷ'കരുടെ മുഖംമൂടിയണിഞ്ഞ് ആഹ്ലാദിച്ച് ആഘോഷിച്ച പടിഞ്ഞാറന്‍ പ്രമാണിമാര്‍ എന്നും 'മാനവികത'യുടെ പക്ഷത്താണത്രെ! അവര്‍ എടുത്തണിഞ്ഞിരിക്കുന്നത് സ്‌നേഹ-കാരുണ്യത്തിന്റെ അംഗവസ്ത്രങ്ങളുമാണത്രെ!

ഞങ്ങള്‍ മലഞ്ചെരുവില്‍ രക്തസാക്ഷികളുടെ ഖബ്‌റുകള്‍ നിറഞ്ഞ സ്മാരകത്തിലേക്ക് കടന്നു. അകത്ത് ഒരു വലിയ പാറക്കല്ലില്‍ 8372 എന്നെഴുതിവെച്ചിരിക്കുന്നു. ഓര്‍മസ്ഥലത്ത് ഉറങ്ങുന്ന രക്തസാക്ഷികളുടെ എണ്ണം. അവരുടെയൊക്കെ പേരും ജനനതീയതിയും കുടുംബപേരിന്റെ ആദ്യാക്ഷര ക്രമത്തില്‍ ഗ്രാനൈറ്റ് ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്നു. കവാടത്തിനരികെ പുറംചുമരില്ലാതെ മേല്‍കൂര മാത്രമുള്ള വിശാലമായ പള്ളി. മലഞ്ചെരുവില്‍ ചാറ്റല്‍മഴയും തണുത്ത കാറ്റും.

നിരനിരയായി നാട്ടിവെച്ച വെളുത്ത മീസാന്‍ കല്ലുകളുടെ ബാഹുല്യവും ആവര്‍ത്തനക്രമവും നോക്കിനിന്ന എന്റെ മനസ്സില്‍, മ്യൂസിയത്തിന്റെ പുറംചുമരിലെഴുതിവെച്ച വാചകങ്ങളും അകത്ത് പ്രദര്‍ശിപ്പിച്ച സെര്‍ബിയന്‍ ക്രൂരതകളുടെ ചിത്രങ്ങളും മാറിമാറി തെളിഞ്ഞുവന്നു. ലോകം സുരക്ഷ വാഗ്ദാനം ചെയ്ത് ചതിച്ചു കൊലപ്പെടുത്തിയവരാണ് ഈ മണ്ണിലെ മീസാന്‍കല്ലുകള്‍ക്കിടയില്‍. ആ നിസ്സഹായര്‍ നമ്മിലേക്ക് ചൂണ്ടിപ്പറയുന്ന വാക്കുകളാണ് ഇവിടെ ചുമരില്‍ എഴുതപ്പെട്ടത്; 'അന്താരാഷ്ട്ര സമൂഹത്തിന്റെ ദയനീയ തോല്‍വി'. ആ ചൂണ്ടുവിരല്‍ നീളുന്നത് അന്ന് ഈ ഭൂമുഖത്ത് ജീവിച്ച മനുഷ്യരിലേക്കൊക്കെയുമാണ്, എന്നിലേക്കും.

മഴക്കും കാറ്റിനും ശക്തി കൂടിവന്നു. ഞാന്‍ പള്ളിവരാന്തയില്‍ കയറിനിന്ന് പാതക്കപ്പുറത്തെ കെട്ടിടവളപ്പിലേക്ക് നോക്കി. മനം രണ്ട് വ്യാഴവട്ടം പിറകിലേക്ക് പറന്നു. കമ്പിവേലിക്കപ്പുറം രക്തത്തിലും കണ്ണീരിലും വിയര്‍പ്പിലും കുഴഞ്ഞ് അനേകം നിസ്വരുടെ രോദനങ്ങള്‍. ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും. പൊടുന്നനെ ഉയരുന്ന വെടിയൊച്ചയില്‍ കെട്ടുപോകുന്ന നിലവിളികള്‍.... കരഞ്ഞുനില്‍ക്കുന്നവര്‍ക്കിടയില്‍ ഒരമ്മയുടെ മാറില്‍ പേടിച്ചമര്‍ന്നു കിടന്ന പിഞ്ചുകുഞ്ഞിനെ ബലമായി വലിച്ചെടുത്ത് കണ്ഠം മുറിച്ച് ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുന്ന രംഗം കാണ്‍കെ എന്റെ പ്രജ്ഞ സ്തംഭിച്ചുപോയി, ദേഹം വിറയാര്‍ന്നു നിന്നു, കാലുകള്‍ തളര്‍ന്നു; അംറ്, താങ്കളുടെ വാക്കുകളുടെ പൊരുള്‍ ഇപ്പോള്‍ ഞാനറിയുന്നു. ഈ താഴ്‌വരയില്‍ ആര്‍ക്കും ഏറെ നേരം സ്വാസ്ഥ്യത്തോടിരിക്കാനാവില്ല. മോഹാലസ്യപ്പെട്ടു വീഴാതിരിക്കില്ല.... വിതുമ്പുന്ന മനസ്സും വിറക്കുന്ന ഉടലുമായി ഞാന്‍ പള്ളിയിലേക്ക് വേച്ചു കയറി. ഈ മലഞ്ചെരുവില്‍നിന്ന് പട്ടില്‍ പൊതിഞ്ഞ രക്തസാക്ഷികളെയുമായി കൂട്ടത്തോടെ സ്വര്‍ഗത്തിലേക്ക് കയറിപ്പോയ മാലാഖമാര്‍ അത്യുന്നതങ്ങളിലെ സിംഹാസനത്തിനു ചാരെ മനുഷ്യരെക്കുറിച്ച പരാതികളുയര്‍ത്തിയിരിക്കാം; കപടലോകം വരച്ച സുരക്ഷിത വൃത്തത്തിനകത്ത് പിശാചുക്കള്‍ അഴിഞ്ഞാടിയപ്പോള്‍ നിസ്സംഗരായി നോക്കിനിന്ന ഭൂമിയിലെ ഓരോ മനുഷ്യനെക്കുറിച്ചും.

ചുമരുകളില്ലാത്ത പള്ളിയിലേക്ക് കാറ്റില്‍ പാറിയെത്തുന്ന മഴത്തുള്ളികളില്‍ നനഞ്ഞ്, പരമകാരുണ്യവാന്റെ മുന്നില്‍ ഞാനേറെ നേരം അകമുരുകി പ്രാര്‍ഥനകളോടെ സാഷ്ടാംഗം കിടന്നു.

 (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ