അനുമാന ന്യായം എന്തുകൊണ്ട് സ്വീകാര്യമല്ല?
തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, സ്വൂഫിസം എന്നീ മേഖലകളില്‍ മുസ്‌ലിം ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് നേരത്തേ നടത്തിയ ഹ്രസ്വാവലോകനത്തില്‍നിന്ന് ഇബ്‌നുതൈമിയ്യക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യങ്ങളെക്കുറിച്ച് നമുക്കൊരു ഏകദേശ ധാരണ ലഭിക്കും. അവ അദ്ദേഹം എങ്ങനെ നിറവേറ്റി എന്നാണ് ഇനി പരിശോധിക്കാനുള്ളത്.
തജ്ദീദ്/നവീകരണത്തെക്കുറിച്ച് ഇബ്‌നുതൈമിയ്യ മുന്നോട്ടുവെച്ച തത്ത്വങ്ങള്‍ വിശദീകരിച്ച് കൊണ്ട് തുടങ്ങാം. ഒന്നാമതായി അദ്ദേഹം സ്ഥാപിച്ചത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമികനിയമത്തിന്റെ സ്രോതസ്സുകള്‍ മാത്രമല്ല; അവ ഇസ്‌ലാമിക വിശ്വാസക്രമത്തിന്റെ കൂടി ആധാരമാണ് എന്നാണ്. ജീവിതം എങ്ങനെ ക്രമീകരിക്കണം, സമൂഹത്തിന്റെ സംഘാടനം എങ്ങനെ, സമ്പദ്ഘടന എങ്ങനെ നടത്തിക്കൊണ്ടുപോകാം, ഭരണം എങ്ങനെ നിര്‍വഹിക്കപ്പെടണം. ഇതിനൊക്കെയുള്ള നിര്‍ദേശങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഈ രണ്ട് സ്രോതസ്സുകളില്‍നിന്നാണ്. ഹൃദയവിശുദ്ധി കൈവരിക്കാനും സദ്‌വൃത്തജീവിതം നയിച്ച് ദൈവത്തിന് വഴിപ്പെടാനുമുള്ള മാര്‍ഗ(ത്വരീഖ)വും അവ പറഞ്ഞുതരുന്നു. ഇതു സംബന്ധമായ എല്ലാ അടിസ്ഥാന തത്ത്വങ്ങളും ഖുര്‍ആനില്‍ തന്നെ വന്നിരിക്കുന്നു. അവയുടെ വിശദീകരണം നബിചര്യയിലും കാണാം. അതുകൊണ്ട് ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഒരാള്‍ ആദ്യം നോക്കേണ്ടത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. മറ്റെന്തും അവ രണ്ടിനും ശേഷമേ വരൂ. ഇനി ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ തന്നെ, ഇവ രണ്ടുമായി ഒത്തുപോകുന്നതേ സ്വീകരിക്കാനും നിര്‍വാഹമുള്ളൂ.
രണ്ടാമതായി, ഒരു ഖുര്‍ആനിക പ്രസ്താവം ശരിയായി മനസ്സിലാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്, അതുമായി ബന്ധപ്പെട്ട മറ്റു ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പരിശോധിക്കുകയാണ്. പിന്നെ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനമായ ഹദീസുകള്‍ പരിശോധിക്കണം. ആ ഹദീസുകള്‍ സ്വഹീഹ് ആണെന്ന് വ്യക്തമായാല്‍ പിന്നെ ഒരിക്കലും അവ വേണ്ടെന്നു വെക്കരുത്. മൂന്നാമതായി, പ്രവാചകനെ കാണുകയും കേള്‍ക്കുകയും ചെയ്ത അനുയായികളുടെ വാക്കുകളും പ്രവൃത്തികളും എന്തായിരുന്നുവെന്ന് നോക്കണം. ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍, വിശ്വാസകാര്യങ്ങളില്‍, ജീവിത വ്യവഹാര മൂല്യങ്ങളില്‍ അവര്‍ തമ്മില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ അവരുടെ വാക്കുകളും പ്രവൃത്തികളും നിയാമക മൂല്യമുള്ളവയാണ്. അവസാനമായി, പ്രവാചകാനുയായികള്‍ക്ക് ശേഷമുള്ള തലമുറ(താബിഊന്‍)യുടെ ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങളും കണക്കിലെടുക്കണം. ഇവരൊക്കെയും ഐകകണ്‌ഠ്യേന അംഗീകരിച്ച ഒരു വീക്ഷണമുണ്ടെങ്കില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കരുത്. ഇനി അഭിപ്രായാന്തരങ്ങള്‍ ഉണ്ടെങ്കില്‍ ഖുര്‍ആനും സന്നത്തുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന വീക്ഷണമേതോ അതാണ് സ്വീകരിക്കേണ്ടത്. പ്രവാചകാനുയായികള്‍ക്കു ശേഷമുള്ള തലമുറയും ഇങ്ങനെ ഈ രണ്ട് മൗലിക സ്രോതസ്സുകളോട് ചേര്‍ന്നു നിന്നവരായിരുന്നു. അന്യ ആശയങ്ങളോ പാരമ്പര്യങ്ങളോ മൂല്യസങ്കല്‍പങ്ങളോ അവരെ സ്വാധീനിച്ചിരുന്നില്ല.
ഈ രണ്ട് തലമുറകളുടേത് മാത്രമല്ല, അറിവിനാലും ജീവിത വിശുദ്ധിയാലും ഇസ്‌ലാമിക സമൂഹം വിശ്വാസമര്‍പ്പിക്കുന്ന പ്രഗത്ഭ പണ്ഡിതന്മാരുടെ(അഇമ്മ) അഭിപ്രായങ്ങളെയും മുഖവിലക്കെടുക്കണം. ആദ്യം വരുന്നത് നാല് ഇമാമുമാര്‍ തന്നെ. അബൂഹനീഫ (മരണം 150/667), മാലിക് (മ.179/795), ശാഫിഈ (മ. 204/819), ഇബ്‌നു ഹമ്പല്‍ (മ. 241/855) എന്നിവര്‍. ഇവരുടെ മദ്ഹബുകളിലെ പ്രമുഖ പണ്ഡിതരും ഔസാഈ (മ. 157/774), സുഫ്‌യാന്‍ സൗരി (മ. 160/771) പോലുള്ള സ്വതന്ത്ര പണ്ഡിതരും ഹദീസ് നിരൂപണ രംഗത്തെ അതികായരായ ബുഖാരി (മ. 256/870), മുസ്‌ലിം (മ. 261/875) പോലുള്ളവരുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടും. ഇവരെയെല്ലാം ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് 'സച്ചരിതരായ പൂര്‍വഗാമികള്‍' എന്നാണ്. ഖുര്‍ആനിലും സുന്നത്തിലുമുള്ള അവരുടെ ഗ്രാഹ്യതയും ഇസ്‌ലാമിക വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും അവര്‍ നല്‍കിയ വ്യാഖ്യാനങ്ങളും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചു. ഖുര്‍ആന്റെയും സുന്നത്തിന്റെയും പൊരുളറിയാന്‍ അറബിഭാഷാപഠനവും സഹായകമാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ക്കു താഴെയാണ് അതിന്റെ സ്ഥാനം. ഭാഷാപഠനത്തില്‍, ഇസ്‌ലാമിനു മുമ്പും അതിന്റെ തുടക്കകാലത്തും അറബി ഭാഷ എങ്ങനെ പ്രയോഗിക്കപ്പെട്ടു എന്നാണ് നോക്കേണ്ടത്; അതായത് പുതിയതരം പ്രയോഗങ്ങള്‍ ഭാഷയെ ബാധിക്കുന്നതിനു മുമ്പുള്ള ഘട്ടത്തില്‍.
ഇബ്‌നുതൈമിയ്യയുടെ പരിഷ്‌കരണ ചിന്തയില്‍ പിന്നെ വരുന്നത് യുക്തിയാണ്. ഒരു പ്രത്യേക പ്രകൃതത്തോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതിന് ഫിത്വ്‌റ എന്നാണ് പറയുക. ഇസ്‌ലാമിക ജീവിതത്തിലെ വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയുമൊക്കെ അടിവേരുകള്‍ ചെന്നു തൊടുന്നത് ഫിത്വ്‌റയിലാണ്. ഇസ്‌ലാമാകട്ടെ ഫിത്വ്‌റയുടെ മതവും. ഫിത്വ്‌റയെന്ന ഈ സവിശേഷ മനുഷ്യപ്രകൃതത്തിന്റെ പൂര്‍ണതയാണ് ഇസ്‌ലാമികജീവിതം ലക്ഷ്യം വെക്കുന്നത്. യുക്തി എന്നത് ഈ ഫിത്വ്‌റയുടെ ഭാഗമാണ്. ഫിത്വ്‌റയും വഹ്‌യും (ദിവ്യ വെളിപാട്) തമ്മില്‍ പൂര്‍ണ രഞ്ജിപ്പ് ഉണ്ടാവേണ്ടതുണ്ട്. ഇങ്ങനെയൊരു ആഖ്യാനം മുന്നോട്ടു വെക്കുമ്പോള്‍ ഇബ്‌നുതൈമിയ്യക്ക് രണ്ട് ബാധ്യതകള്‍ വന്നു ചേരുന്നുണ്ട്. ഒന്ന്: ഖുര്‍ആനും സുന്നത്തും സദ്‌വൃത്തരായ മുന്‍ഗാമികളും (സലഫ്) മുന്നോട്ടു വെക്കുന്ന വിശ്വാസങ്ങളും മൂല്യങ്ങളും ജീവിത തത്ത്വങ്ങളും യുക്തിപരമായി അദ്ദേഹത്തിന് ന്യായീകരിക്കേണ്ടിവരും. അവ സ്വേഛാപരമോ അയുക്തികമോ അല്ലെന്ന് തെളിയിക്കേണ്ടിവരും. രണ്ട്: തത്ത്വജ്ഞാനികളും ദൈവശാസ്ത്രജ്ഞരും മറ്റു മേഖലകളിലെ പണ്ഡിതന്മാരും യുക്തിപരം എന്ന നിലക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാദങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും സലഫിന്റെ അഭിപ്രായങ്ങള്‍ക്കും വിരുദ്ധമാകയാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ സയുക്തികമല്ല എന്ന് സ്ഥാപിക്കേണ്ടിവരും.
അതോടൊപ്പം സഹജ ജ്ഞാനം (Intuition) എന്ന ഒരു ജ്ഞാനമേഖല കൂടി അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ജീവിത സൂക്ഷ്മത (തഖ്‌വ) കൈക്കൊള്ളുന്നവരുടെ ഹൃദയങ്ങളിലേക്ക് ദൈവം നേരിട്ട് ജ്ഞാനം പ്രസരിപ്പിക്കും എന്ന ഗസാലിയന്‍ ആശയത്തെ ഇബ്‌നുതൈമിയ്യ പൂര്‍ണമായി പിന്തുണക്കുകയാണ്. അതിന് ഉപോദ്ബലകമായി വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം (8:29) ഉദ്ധരിക്കുകയും ചെയ്യുന്നു. സ്വൂഫികള്‍ മുന്നോട്ടു വെക്കുന്ന കശ്ഫ്/മുകാശഫയുമായി ഇത് ഒത്തുപോകുമോ എന്നൊന്നും അദ്ദേഹം ചര്‍ച്ച ചെയ്യുന്നുമില്ല. അതേസമയം, ഈ സഹജാവബോധ തത്ത്വത്തെ കാര്യമായ രീതിയില്‍ പരിമിതപ്പെടുത്തിക്കൊണ്ട്, യുക്തിയെ എന്ന പോലെ ഇതിനെയും മുഴുവനായി വെളിപാടിന് അനുസൃതമാക്കി വ്യാഖ്യാനിക്കുന്നുമുണ്ട്.
ജ്ഞാനത്തിന് പ്രധാനമായും രണ്ട് സ്രോതസ്സുകളാണുള്ളത്. ഒന്ന്, എല്ലാ മനുഷ്യര്‍ക്കും വിവിധ അളവില്‍ ലഭ്യമാകുന്ന അറിവ്. യുക്തിയിലൂടെയും പഞ്ചേന്ദ്രിയങ്ങളിലൂടെയുമൊക്കെയാണ് അത് ലഭിക്കുക. രണ്ട്, പ്രവാചകന്മാര്‍ക്കും ദൈവദൂതന്മാര്‍ക്കും ദിവ്യവെളിപാട് വഴി ലഭിക്കുന്ന അറിവ്. ഒന്നാമത്തെ ഇനത്തില്‍പെട്ട അറിവില്‍ ചിലത് സംശയത്തിനിട നല്‍കാത്തവിധം വ്യക്തതയുള്ളതായിരിക്കും. രണ്ടും രണ്ടും ചേര്‍ന്നാല്‍ നാല്, രണ്ടെണ്ണവുമായി തുല്യത പുലര്‍ത്തുന്നതാണ് മൂന്നാമത്തേതെങ്കില്‍ ഈ മൂന്നും പരസ്പരം തുല്യമാണ് തുടങ്ങിയ വിവരങ്ങള്‍. ഇതുപോലുള്ള സത്യങ്ങളെ ആസ്പദിച്ചുള്ള ഗണിതത്തിലെ ഫോര്‍മുലകള്‍ക്കൊന്നും അവ തെളിയിക്കാനായി ഒന്നും കൊണ്ടുവരേണ്ടതില്ല. അറിവിന്റെ മറ്റൊരു ഇനം ഇന്ദ്രിയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നതാണ്. ഒരു കാര്യത്തെക്കുറിച്ച സവിശേഷ വിവരം എന്നു പറയാം. ഈ മനുഷ്യനെക്കുറിച്ച്, അല്ലെങ്കില്‍ ആ മനുഷ്യനെക്കുറിച്ച്; ഈ കസേരയെക്കുറിച്ച്, അല്ലെങ്കില്‍ ആ കസേരയെക്കുറിച്ച്.... മനുഷ്യന്‍, കസേര പോലെ സാര്‍വത്രികങ്ങള്‍ (Universals) യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നില്ല എന്നാണ് ഇബ്‌നുതൈമിയ്യ വാദിച്ചത്. മനുഷ്യന്‍ എന്ന പൊതുസങ്കല്‍പം നമ്മുടെ മനസ്സില്‍ മാത്രമാണുള്ളത്. സാര്‍വത്രികങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും സവിശേഷങ്ങള്‍ (Particular Things) മാത്രമാണ് യാഥാര്‍ഥ്യമെന്നും വാദിക്കുന്ന നോമിനലിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുകയാണ് ഇവിടെ ഇബ്‌നു തൈമിയ്യ; സ്റ്റോയികുകളെ (Stoics) പ്പോലെ. സാര്‍വത്രികങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് വാദിക്കുന്ന സകല തത്ത്വങ്ങളെയും അദ്ദേഹം നിരാകരിക്കുന്നു. അദ്ദേഹം പറയുന്നത് ഇതാണ്: എല്ലാ ശാസ്ത്രീയ അറിവുകളും വരുന്നത് പ്രത്യേക വസ്തുക്കളെ നിരീക്ഷിക്കുന്നതിലൂടെയാണ്. അവിടെ വെച്ച് യുക്തി ആശയങ്ങളും പരികല്‍പ്പനകളും നെയ്‌തെടുക്കുന്നു. മുഴുവന്‍ ഭൗതിക, സാമൂഹിക ശാസ്ത്രങ്ങളുടെയും കാര്യവും ഇങ്ങനെത്തന്നെ.
ശരിയായ യുക്തിവിചാരത്തിന്റെ തത്ത്വങ്ങളെക്കുറിച്ച ശാസ്ത്രമാണ് ലോജിക് (തര്‍ക്കശാസ്ത്രം/ന്യായവാദം) എന്നത്. ഇതിനെ നിരാകരിക്കുകയല്ല ഇബ്‌നു തൈമിയ്യ ചെയ്യുന്നത്. അരിസ്റ്റോട്ടിലിന്റെ ന്യായവാദങ്ങളെയാണ് അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നത്. അരിസ്റ്റോട്ടിലിയന്‍ ന്യായവാദത്തെ ഇമാം ഗസാലിയും മറ്റുള്ളവരും യഥാര്‍ഥ ജ്ഞാനത്തിലേക്കുള്ള പ്രധാന സ്രോതസ്സായി ചിത്രീകരിക്കുന്നതിനെയും വിമര്‍ശിക്കുന്നു. പക്ഷേ, ചിലപ്പോള്‍ വിമര്‍ശനം പരിധി കടന്ന് ന്യായവാദം ഒരു പ്രയോജനവുമില്ലാത്ത ജ്ഞാനശാഖയാണെന്നു വരെ ഇബ്‌നുതൈമിയ്യ പറഞ്ഞുകളയും. ലോജിക്കിനെ തള്ളിപ്പറയുന്ന ഇബ്‌നു സ്സ്വലാഹിനെ(മ. 643/1245)പ്പോലുള്ളവരുടെ സ്വാധീനമാണ് അപ്പോള്‍ അദ്ദേഹത്തില്‍ കാണാനാവുക.
എങ്കിലും അദ്ദേഹത്തിന്റെ തര്‍ക്കശാസ്ത്ര വിശകലനത്തില്‍ പോസിറ്റീവായ ധാരാളം ഘടകങ്ങളും നമുക്ക് കണ്ടെത്താനാവും. ഒന്നാമത്തേത് നിര്‍വചന തിയറിയെക്കുറിച്ചുള്ളതാണ്. അരിസ്റ്റോട്ടിലിനെ സംബന്ധിച്ചേടത്തോളം, ഒരു വസ്തുവിന്റെ സത്തയറിയാന്‍, അത് യഥാര്‍ഥത്തില്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ആദ്യം അത് ഏതു വര്‍ഗത്തില്‍പെടുന്നു എന്ന് നോക്കണം. ആ വര്‍ഗത്തിലെ മറ്റുള്ളവയില്‍നിന്ന് അതിനെ വ്യത്യാസപ്പെടുത്തുന്നത് എന്താണ് എന്നും (Genus and Differentia) പരിശോധിക്കണം. ഇങ്ങനെ വര്‍ഗവും വ്യത്യാസവും വകതിരിച്ചാല്‍ കിട്ടുന്നതാണ് സത്ത എന്നാണ് അരിസ്റ്റോട്ടില്‍ പറയുക. സത്ത എന്താണെന്ന് കണ്ടുപിടിക്കാനുള്ള യഥാര്‍ഥ വഴി ഇതല്ലെന്നാണ് ഇബ്‌നുതൈമിയ്യ വാദിച്ചത്. ഒരു വസ്തു യഥാര്‍ഥത്തില്‍ എന്താണ് എന്ന് ഒരാളെ പഠിപ്പിക്കാന്‍ ഏറ്റവും മികച്ച വഴി ആ വസ്തു അയാളെ കാണിക്കുകയാണ്. അല്ലെങ്കില്‍ അതുപോലുള്ള ഒന്ന് അയാള്‍ക്ക് പരിചയപ്പെടുത്തണം. അതുമല്ലെങ്കില്‍ അതിന്റെ വ്യത്യസ്ത ഗുണവിശേഷങ്ങള്‍ പറഞ്ഞുകൊടുക്കണം. നമ്മുടെ സാധാരണ ജീവിതത്തില്‍ ഇങ്ങനെയാണ് നാമൊരു കാര്യം മനസ്സിലാക്കുക; അല്ലാതെ അരിസ്റ്റോട്ടില്‍ പറയുംപ്രകാരമല്ല. ഇന്ന് ആധുനിക ശാസ്ത്രം അറിവന്വേഷണത്തിനായി ഉപയോഗപ്പെടുത്തുന്നത് ഇബ്‌നുതൈമിയ്യ മുന്നോട്ടുവെച്ച ആശയമാണ് എന്ന് തിരിച്ചറിയുമ്പോഴാണ് അദ്ദേഹത്തിന്റെ അരിസ്റ്റോട്ടില്‍ വിമര്‍ശനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയുക.
അനുമാന ന്യായമനുസരിച്ചുള്ള തര്‍ക്കശാസ്ത്ര യുക്തി (Syllogistic Reasoning) യെയും ഇബ്‌നുതൈമിയ്യ നിരൂപണം ചെയ്യുന്നു. രണ്ട് പ്രസ്താവനകള്‍ മുമ്പില്‍ വെച്ച് ഒരു അനുമാനത്തില്‍ എത്തുന്ന വാദഗതിയാണിത്. അതിലൊരു പ്രസ്താവം പ്രധാനവും രണ്ടാമത്തേത് അത്ര പ്രധാനമല്ലാത്തതുമായിരിക്കും. ''എല്ലാ 'എ' കളും 'ബി'കള്‍ ആണ്'' എന്നതാണ് പ്രധാന പ്രസ്താവമെങ്കില്‍, 'എ'യിലെയും 'ബി'യിലെയും ഓരോ എണ്ണത്തെയും സവിശേഷം പരിശോധിച്ചുകൊണ്ടേ ഇത് സാധ്യമാവൂ. പക്ഷേ, ഒരു വര്‍ഗത്തിലെ/ഇനത്തിലെ ഓരോന്നിനെയും ഒറ്റക്കൊറ്റക്കെടുത്ത് പരിശോധിക്കുക സാധ്യമാവില്ലല്ലോ. അതിനാല്‍ തന്നെ പ്രധാന പ്രസ്താവത്തെ ആധാരമാക്കി സത്യത്തിലെത്താനുള്ള ഈ വഴി, സാധര്‍മ്യ (Analogy-ഖിയാസ്) ത്തെ അടിസ്ഥാനപ്പെടുത്തി മാത്രമേ സാധ്യമാകൂ. സാധര്‍മ്യത്തിലൂടെ ലഭിക്കുന്നത് ഒരു സാധ്യത (Possibility) മാത്രമാണെന്നിരിക്കെ, അനുമാന ന്യായം എങ്ങനെ ഉറപ്പായ അറിവിലേക്ക് വഴികാട്ടും എന്നാണ് ഇബ്‌നുതൈമിയ്യ ചോദിക്കുന്നത്. മാത്രവുമല്ല, അനുമാന ന്യായത്തില്‍, പൊതുവായതി (General) ല്‍നിന്ന് സവിശേഷ (Particular) ത്തിലേക്ക് നീങ്ങുകയാണ്. യഥാര്‍ഥത്തില്‍ ഏതൊരു വസ്തുവെക്കുറിച്ച് അറിയണമെങ്കിലും ആ വസ്തുവെ സവിശേഷമായി പഠിച്ചുകൊണ്ട് തുടങ്ങണം. കാരണം, യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നത് വ്യതിരിക്ത കാര്യങ്ങള്‍ (Particular) മാത്രമാണ്; സാര്‍വത്രികങ്ങള്‍ (Universals) അല്ല.
ദൈവത്തെക്കുറിച്ചറിയാന്‍ അനുമാന ന്യായം തീരെ പര്യാപ്തവുമല്ല. കാരണം ഏതെങ്കിലും ഇന(Genus) ത്തില്‍ അംഗമല്ലല്ലോ ദൈവം. ദൈവം അവന്റെ അസ്തിത്വത്തിലും ഗുണവിശേഷങ്ങളിലും മറ്റൊന്നുമായി യാതൊരുവിധ സമാനതകളുമില്ലാത്തവനാണ്. അതിനാല്‍ ദൈവശാസ്ത്രത്തിലെ തത്ത്വജ്ഞാനികള്‍ പ്രയോഗിക്കുന്ന ലോജിക്കുകളൊന്നും ഇവിടെ ശരിയാവുകയില്ല. അനുമായ ന്യായങ്ങളിലൂടെയും മറ്റും തങ്ങള്‍ സത്യത്തിലെത്തി എന്ന് അവര്‍ അവകാശപ്പെടുമെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ എത്തിപ്പെട്ടിരിക്കുന്നത് കേവല അനുമാനങ്ങളില്‍ മാത്രമാണ്. അതിനാല്‍ അനുമാന ന്യായത്തെ തള്ളി ഇബ്‌നുതൈമിയ്യ മുന്നോട്ടു വെക്കുന്നത്, മുന്‍ഗണനാ യുക്തിവിചാരം (ഖിയാസുല്‍ ഔല- Reasoning by Priority) എന്ന ആശയമാണ്. അദ്ദേഹമത് ഇങ്ങനെ വിശദീകരിക്കുന്നു: നമുക്ക് സൃഷ്ടികളുടെ കാര്യത്തില്‍ ചിന്തിക്കാന്‍ കഴിയുന്ന സകലവിധ ന്യൂനതകളില്‍നിന്നും മുക്തമായ ഒരു പൂര്‍ണതയുണ്ടല്ലോ, ആ സമ്പൂര്‍ണത നാം ആദ്യമായി അംഗീകരിച്ചുകൊടുക്കേണ്ടത് ദൈവത്തിനാണ്; അതുപോലെ സൃഷ്ടികളില്‍ നാം പല പല അപൂര്‍ണതകള്‍ കാണും, അതൊക്കെയും നാം ആദ്യമായി നിഷേധിക്കേണ്ടത് സ്രഷ്ടാവിന്റെ കാര്യത്തിലാണ്.1
(തുടരും)
കുറിപ്പ്:
1. ഇതു സംബന്ധമായി കൂടുതലറിയാന്‍ ഡോ. അലി സാമി അന്നശ്ശാര്‍ എഴുതിയ മനാഹിജുല്‍ ബഹ്‌സ് ഇന്‍ദ മുഫക്കിരില്‍ ഇസ്‌ലാം എന്ന കൃതി (ബൈറൂത്ത്, ദാറുന്നഹ്ദ 1984 പേ: 187-279) കാണുക.
Comments