നെതന്യാഹു പോയാല്‍ മറ്റൊരു നെതന്യാഹു
വെസ്റ്റ് ബാങ്കി(പടിഞ്ഞാറേ കര)ന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം ഫലസ്ത്വീന്‍ രാഷ്ട്രീയത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. ഇസ്രയേലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സയണിസ്റ്റുകളെയും വലതുപക്ഷ പാര്‍ട്ടികളെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണിത്. നാലു വര്‍ഷം മുമ്പ് നെതന്യാഹു ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഒരിക്കലും ഏകീകൃത ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിതമാകില്ലെന്നു പറഞ്ഞിരുന്നു. ഫലസ്ത്വീന്‍ രാഷ്ട്രമെന്ന ആശയത്തെ പാടേ നിരസിക്കുന്ന നിലപാടാണ് നെതന്യാഹുവിന്റേത്. വെസ്റ്റ് ബാങ്കിലെ പ്രധാനഭാഗം പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ചത്, സെറ്റില്‍മെന്റ് എന്ന പേരില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനു നിയമസാധുത നല്‍കാനാണ്. വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശങ്ങളെ രാഷ്ട്രത്തോട് ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നാണ് നെതന്യാഹു പറയുന്നത്.
ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ഈ കൂട്ടിച്ചേര്‍ക്കലിനെ ആരും എതിര്‍ക്കാന്‍ പോകുന്നില്ല. മിഖാ ഗുഡ്മാനെപ്പോലുള്ള ഇസ്രയേലീ എഴുത്തുകാര്‍ നെതന്യാഹുവിന്റെയും മറ്റും രാഷ്ട്രീയ മോഹങ്ങള്‍ക്ക് താത്ത്വിക പിന്‍ബലമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മിഖായേല്‍ ഒമേര്‍മാന്‍ എഴുതുന്നു. ഗസ്സാവാസികളുടെ ജീവിതം നരകതുല്യമാക്കിയതുപോലെ പടിഞ്ഞാറേ കരയിലെ ഫലസ്ത്വീനികളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. നെതന്യാഹുവിനെ കൂടാതെ പ്രധാന സ്ഥാനാര്‍ഥികളായ ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്സിന്റെ മുന്‍ മേധാവി ബെന്നി ഗ്യാന്റസ്, യെശ് അതീദ് പാര്‍ട്ടി നേതാവ് യെര്‍ ലാപിദ്, മന്ത്രിമാരും ഫലസ്ത്വീനികളോട് തീവ്രത പ്രകടിപ്പിക്കുന്നവരുമായ നഫ്താലി ബെന്നെറ്റ്, അയേലെത് ഷാകെദ്, സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി നേതാവ് ആവി ഗബ്ബായ്, തീവ്ര ദേശീയവാദികളായ സെഹുത് പാര്‍ട്ടി നേതാവ് മോശെ ഫെയ്ഗ്ലിന്‍ എന്നിവരെല്ലാം ഫലസ്ത്വീന്‍ വിഷയത്തില്‍ സമാനമനസ്‌കരാണ്. ഇക്കാരണത്താലാണ് ഇസ്രയേലിലെ തെരഞ്ഞെടുപ്പുകളൊന്നും അവരുടെ വിദേശനയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താത്തതും. 2019 മാര്‍ച്ച് 25-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സിറിയയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തെ തന്ത്രപ്രധാനമായ ഗോലാന്‍കുന്നുകള്‍ ഇസ്രയേലിന്റേതാണെന്നു പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനു ജനസമ്മിതി നേടിക്കൊടുക്കാനുള്ള നീക്കമായിരുന്നു അത്. 1967-ല്‍ ഇസ്രയേല്‍ ഗോലാന്‍ കുന്നുകള്‍ കീഴടക്കുകയും 1981-ല്‍ ഇസ്രയേലിനോട് ചേര്‍ക്കുകയും ചെയ്തുവെങ്കിലും അന്താരാഷ്ട്ര സമൂഹം ഈ നീക്കത്തെ അംഗീകരിച്ചിരുന്നില്ല. അറബ് രാഷ്ട്രങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ക്രിയാത്മകമായി സമ്മര്‍ദം ചെലുത്താന്‍ സാധിക്കില്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഇസ്രയേല്‍ ഭരണകൂടഭീകരത തുടരുക തന്നെ ചെയ്യും.
നൗഷീന ഹുസൈന് സ്വന്തമായ വഴികളുണ്ട്
അമേരിക്കന്‍ മുസ്‌ലിം വനിതകളുടെ സാമൂഹികവ്യവഹാരങ്ങളില്‍ സജീവ സാന്നിധ്യമായ നൗഷീന ഹുസൈന്‍, റിവൈവിംഗ് ദി ഇസ്‌ലാമിക് സിസ്റ്റര്‍ഹുഡ് ഫോര്‍ എംപവര്‍മെന്റ് (റൈസ്) എന്ന സംഘടനയുടെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്റ്ററും ആണ്. അമേരിക്കന്‍ മുസ്‌ലിം സമൂഹത്തിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുക, നേതൃത്വം ഏറ്റെടുക്കാന്‍ തക്കവിധം വ്യക്തിത്വ വികാസം നേടാന്‍ സഹായിക്കുക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
മാര്‍ക്കറ്റിംഗ് മേഖലകളില്‍ നേതൃപരമായ അനുഭവപരിചയമുള്ള നൗഷീന ഹുസൈന്‍ മനുഷ്യാവകാശ കൂട്ടായ്മയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ മിനിസോട്ട ചാപ്റ്റര്‍ ഡെപ്യൂട്ടി ഡയറക്‌റായി 2011 - 2015 കാലയളവില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011-ല്‍ മിനിസോട്ട കൗണ്‍സില്‍ ഊര്‍ജസ്വലയായ ലീഡറായി തെരഞ്ഞെടുത്തത് നൗഷീന ഹുസൈനെയാണ്. 2016-ല്‍ മിനിസോട്ടയിലെ വുമണ്‍സ് പ്രസ് ചേഞ്ച്‌മേക്കര്‍ ഓഫ് ദി ഇയര്‍ ആയി അവരെ നാമകരണം ചെയ്തിരുന്നു.
2015-ലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ 'റൈസ്' രൂപീകരിച്ചത്. മുസ്‌ലിം സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം കൂടുതല്‍ ദൃശ്യമാകേതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് നൗഷീന ഹുസൈന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. മിനിസോട്ട യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.എ ബിരുദവും സ്റ്റാര്‍ഡ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റികളില്‍നിന്ന് എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പില്‍ സര്‍ട്ടിഫിക്കറ്റുകളും അവര്‍ നേടിയിട്ടുണ്ട്. അമേരിക്കന്‍ മുസ്‌ലിം സിവിക് ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ട്, സ്റ്റുഡിയോ എന്റര്‍പ്രെന്യൂറിയല്‍ പ്രോഗ്രാം, റോക്കവൂഡ് ഇന്‍സ്റ്റിറ്റിയൂട്ട്, ബുഷ് ഫൗണ്ടേഷന്‍ ലീഡര്‍ഷിപ്പ് എന്നിവയുടെ എല്ലാം ഫെലോഷിപ്പുകളും നൗഷീന ഹുസൈനു ലഭിച്ചിട്ടുണ്ട്.
Comments