തെളിഞ്ഞ ആകാശം കണ്ടാല്‍ അവരെങ്ങനെ പറക്കാതിരിക്കും?
പടര്‍ന്നു കയറുന്ന ചെടികള്‍ പോലെയാണ് മനുഷ്യന്റെ കഴിവുകളെന്നെഴുതിയത് ഫ്രാന്‍സിസ് ബേക്കണാണ്. ചെടികള്‍ വളര്‍ന്ന് കാടാവുകയും കൂടുതല്‍ വന്യമാവുകയുമാണല്ലോ ചെയ്യുക. പിന്നീടവിടം ഒട്ടേറെ ഇഴജന്തുക്കളും മറ്റും ഒളിയിടമാക്കും. എന്നാല്‍ ചെടികളെ കൃത്യമായി വെട്ടിയൊതുക്കി, മിനുക്കി വേണ്ട പോലെ പരിപാലിച്ചാല്‍ അതേ ചെടികള്‍ തന്നെ കണ്ണിന് സൗന്ദര്യവും ആഹ്ലാദവും നല്‍കും.
മനുഷ്യന്റെ കഴിവുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പോഷണവും വേണം. അല്ലെങ്കില്‍ ആ കഴിവുകളെല്ലാം വന്യമായി മാറുകയാണ് ചെയ്യുക. ജീനിയസുകളായ കള്ളന്മാരും കൊലപാതകികളുമൊക്കെ രൂപം കൊള്ളുന്നത് അവരുടെ കഴിവുകള്‍ക്ക് കൃത്യമായ ദിശ കിട്ടാത്തതുകൊണ്ടാണ്.
മനുഷ്യന്റെ കഴിവുകളെ ചെത്തി മിനുക്കി മനോഹരമാക്കുന്നതില്‍ വായനക്ക് വലിയ പങ്കാണുള്ളത്. ഇനിയും കണ്ടിട്ടില്ലാത്ത കാറ്റും കടലും നമ്മള്‍ കണ്ടെത്തുന്നത് അക്ഷരങ്ങളില്‍നിന്നാണ്. നമ്മളറിയാതെ തന്നെ ഒച്ചവെച്ചും ശാസിച്ചും പുസ്തകങ്ങള്‍ നമ്മെ തിരുത്തുന്നുണ്ട്. തെറ്റായ ഒരു പുസ്തകത്തിന് മറുപടി നല്‍കാന്‍ മറ്റനേകം പുസ്തകങ്ങള്‍ വരിനില്‍ക്കുന്നുണ്ട്. പുസ്തകങ്ങള്‍ എത്ര തന്നെ പരസ്പരം കയര്‍ത്താലും അത് അന്തരീക്ഷ മലിനീകരണം ഉാക്കുന്നുമില്ല.
നടന്നു നടന്ന് കടലിനു മുന്നില്‍ വഴിമുട്ടുമ്പോള്‍ കടലും ഒരു വഴിയാണെന്ന് നമ്മുടെ ചിന്തയെ വികസിപ്പിക്കുന്നു വായന. കടലിനപ്പുറവും കണ്ണെത്തുന്ന സിദ്ധി വായനകൊണ്ടാണ് നാം നേടിയെടുത്തത്. കപ്പലിലേറി കടല്‍ കടന്നാല്‍ മറ്റേതോ കര തൊടാമെന്ന് നമുക്കറിയാം.
വായിക്കാന്‍ നേരം കിട്ടുന്നില്ലെന്ന് ന്യായം പറഞ്ഞു നില്‍ക്കുന്നവരോട് മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കുന്നൊരു കഥയുണ്ട്. നല്ല വായനാശീലമുള്ള ഒരു യുദ്ധവൈമാനികനുണ്ടായിരുന്നു. വായനയില്ലാത്തൊരു ജീവിതം ഓര്‍ക്കാന്‍ കൂടി കഴിയാത്തൊരു മനുഷ്യന്‍. വിമാനത്തില്‍ പറക്കുമ്പോള്‍ പോലും വായിക്കുമായിരുന്നു അദ്ദേഹം. ശത്രുരാജ്യങ്ങള്‍ക്കുമീതെ പറക്കുമ്പോള്‍ വിമാനത്തിലെ ലൈറ്റ് ഓഫ് ചെയ്യണം എന്ന് മേലുദ്യോഗസ്ഥന്റെ നിര്‍ദേശം വന്നപ്പോള്‍ താനിനി എങ്ങനെ വായിക്കുമെന്നയാള്‍ ആശങ്കിച്ചു. കുറച്ചു ദിവസം ലീവെടുത്ത് ആ വൈമാനികന്‍ ബ്രെയില്‍ ലിപി പഠിച്ചു എന്നാണ് കഥ. തിരിച്ചയാള്‍ ജോലിക്ക് കയറുമ്പോള്‍ അയാളുടെ ബാഗ് നിറയെ ബ്രെയില്‍ ലിപിയിലെഴുതിയ പുസ്തകങ്ങളായിരുന്നുവത്രെ!
വരാന്‍ പോകുന്ന നന്മനാളുകളെ കുറിച്ചുള്ള നമ്മുടെ ഭാവനകളാണ് നമുക്ക് ജീവിക്കാന്‍ ഇൗര്‍പ്പമേകുന്നത്. ഭാവനയാണ് ഭാവി. ഭാവനയില്ലാത്തവന്റെ ഭൂമിക്ക് വിണ്ട വേനലിന്റെ വൈരൂപ്യമാകും. ഒരു ഏകാധിപതിയുടെ പറഞ്ഞുകേട്ട കഥയുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരാളെ തുറുങ്കിലടക്കുകയാണ് ആ രാജാവ്. തടങ്കലിലാണെങ്കിലും അയാള്‍ സന്തോഷവാനായിരിക്കുന്നതു കണ്ട് വിസ്മയിച്ച രാജാവ് അതേപ്പറ്റി അന്വേഷിച്ചു. ''ദാ... ആ ജനാല കണ്ടില്ലേ, അതിലൂടെ കാണുന്ന കാഴ്ചയില്‍ ലോകത്തെയും പ്രകൃതിയെയും സങ്കല്‍പ്പിച്ച് ഞാന്‍ ആനന്ദിക്കുന്നു.'' ഉടനെ അയാളെ ജനാലയില്ലാത്ത മുറിയിലടച്ചു. അപ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. അതേപ്പറ്റി രാജാവിനോടയാള്‍ പറഞ്ഞു: ''കണ്ണടച്ചിരുന്ന് ഞാന്‍ മനസ്സിലൊരു ആകാശം സങ്കല്‍പ്പിക്കും. എത്ര സുന്ദരമായ നീലാകാശമാണത്. രാത്രിയാകുമ്പോള്‍ ആകാശം നിറയെ നക്ഷത്രങ്ങള്‍ പൊട്ടിവിരിയും.''
അറിവു കുറയുമ്പോള്‍ എല്ലാം അറിയാം എന്ന ഭാവം കൂടുന്നു. അറിവില്ലാത്തവര്‍ക്കാണല്ലോ അതുണ്ടെന്ന് ഭാവിക്കേണ്ടിവരുന്നത്. പഞ്ചതന്ത്ര കഥകളില്‍ ഉപദേശിക്കുന്ന ഒരു തന്ത്രം തന്നെ അവസരത്തില്‍ മാത്രം സംസാരിക്കുക എന്നതാണ്. ഏതാണ് അവസരമെന്നും അനവസരമെന്നും നമുക്ക് കൃത്യപ്പെടുക വിശാലമായ വായനയില്‍നിന്നാണ്. ആവശ്യത്തിന് മാത്രം സര്‍വരും സംസാരിച്ചിരുന്നെങ്കില്‍ എന്തുമാത്രം സ്വസ്ഥമാകുമായിരുന്നു ലോകം. അതുകൊണ്ടാകും ജ്ഞാനികള്‍ തീരെ കുറച്ചുമാത്രം സംസാരിക്കുന്നത്. ജ്ഞാനികളല്ലാത്തവര്‍ക്കാണല്ലോ ഒച്ചയുയര്‍ത്തേണ്ടിവരുന്നത്. ഉത്തരം മുട്ടുമ്പോള്‍ ബഹളം കൂട്ടുന്ന കാഴ്ചകള്‍ ചാനല്‍ ചര്‍ച്ചകളില്‍ നാം സ്ഥിരം കണ്ടുവരാറുള്ളതാണ്.
പുതിയ കാലത്ത് വായന കുറഞ്ഞുവരുന്നല്ലോ, ഫേസ്ബുക്കും വാട്ട്‌സാപ്പുമെല്ലാം വായനയെ ബാധിക്കുന്നല്ലോ എന്നെല്ലാമുള്ള പരാതികള്‍ കാണാറുണ്ട്. ഏതു നേരത്തും വായിക്കാം എന്നതാണ് ഈ ഇ-ബുക്ക് കാലത്തിന്റെ നന്മ. പലയിടത്തുമായി ഏറെ നേരം ക്യൂ നിന്ന് തീര്‍ന്നുപോയിരുന്ന നമ്മുടെ സമയങ്ങളെല്ലാം ഇന്ന് കൃത്യമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്നു. ഉപയോഗപ്രദമെന്ന് തോന്നുന്ന ഗ്രൂപ്പുകളില്‍ മാത്രം സജീവമാകുകയും അനാവശ്യമായ തര്‍ക്കങ്ങളില്‍ ഇടപെടാതെ കരുതലോടെ സോഷ്യല്‍ മീഡിയയെ സമീപിക്കുകയും ചെയ്താല്‍ നമ്മുടെ സമയം മോഷണം പോകാതെ നോക്കാം.
കുട്ടികള്‍ മുഴുനേരവും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ടിക്‌ടോക്കിലുമാണെന്നതും അവരെയൊന്നും വായിക്കാന്‍ കിട്ടുന്നില്ലായെന്നതും സ്ഥിരം കേള്‍ക്കുന്ന പരിഭവമാണ്. വായിക്കൂ എന്ന് ശാഠ്യത്തോടെ രക്ഷിതാക്കള്‍ കുട്ടികളോട് കയര്‍ക്കുമ്പോള്‍ വായന ഒരു ശിക്ഷയായി അവര്‍ക്ക് തോന്നുന്നു എന്നതാണ് പ്രശ്‌നം.
അന്ധതയില്‍നിന്ന് അകലങ്ങള്‍ കാണാന്‍ നമ്മെ പ്രാപ്തമാക്കുന്നു വായനയെന്ന് കുട്ടികളോട് ലളിതമായി സംവദിക്കാന്‍ പറ്റണം. കഥയും കാര്യവുമെല്ലാം പറഞ്ഞുകൊടുത്ത് അവര്‍ക്ക് പറക്കാനുള്ള പരിസ്ഥിതി പണിതു കൊടുക്കാനാകണം.
തെളിഞ്ഞ ആകാശം കണ്ടാല്‍ അവരെങ്ങനെ പറക്കാതിരിക്കും, അവര്‍ക്കെങ്ങനെ ചിറക് മുളക്കാതിരിക്കും?
Comments