Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

രണ്ടാം നിരോധനവും രാഷ്ട്രീയ നയംമാറ്റങ്ങളും

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-23 ]

1992 ഡിസംബര്‍ ആറിന് വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ശിവസേന തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകള്‍ ആര്‍.എസ്.എസിന്റെ ആസൂത്രണത്തിലൂടെയും സജീവ പങ്കാളിത്തത്തോടെയും നടപ്പാക്കിയ ബാബരി മസ്ജിദ് ധ്വംസനത്തോടെ ഇന്ത്യയിലെ സാമുദായികാന്തരീക്ഷം അത്യന്തം വഷളായിരുന്നല്ലോ. വര്‍ഗീയ ധ്രുവീകരണത്തിലൂടെ മാത്രമേ ഇന്ത്യയെ സമ്പൂര്‍ണമായി കാവിവത്കരിക്കാന്‍ കഴിയൂ എന്ന് കണ്ടെത്തിയ സംഘ്പരിവാര്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതില്‍ വിജയിച്ചുകൊണ്ടിരുന്നപ്പോള്‍ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയില്‍ നിലയുറപ്പിച്ച് അതിന് തടയിടേണ്ട കോണ്‍ഗ്രസ് പതറുകയും കാലിടറുകയും കീഴടങ്ങുകയും ചെയ്യുന്ന ദയനീയ ദൃശ്യമാണ് നിര്‍ഭാഗ്യവശാല്‍ കാണ്‍മാനിടയായത്. കാക്കി ട്രൗസറുടുത്ത സ്വയംസേവകനായിരുന്നു പി.വി. നരസിംഹറാവു എന്ന പ്രസ്താവം നേരായാലും അല്ലെങ്കിലും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുേമ്പാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലിരുന്ന റാവുവിന്റെ കുറ്റകരമായ കൃത്യവിലോപമാണ് ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദി എന്ന സത്യം അനിഷേധ്യമാണ്. അദ്ദേഹമാണ് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകള്‍ക്ക് ആക്കം പകര്‍ന്നത് എന്നതിലും സംശയമൊന്നുമില്ല. മസ്ജിദ് ധ്വംസനാനന്തര ഇന്ത്യ അത്യന്തം കലുഷമായിരുന്നു. മഹാരാഷ്ട്രയില്‍ ഭീകര വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. മറ്റു പലേടത്തുമുണ്ടായി സംഘര്‍ഷങ്ങള്‍. അതേയവസരത്തില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളെ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കൂട്ടത്തില്‍ പഴയ തൂക്കമൊപ്പിക്കല്‍ നടപടി ആവര്‍ത്തിക്കാനും റാവു മറന്നില്ല. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ കൂടി നിരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത്തവണ പക്ഷേ, ആരെയും അറസ്റ്റ് ചെയ്തില്ല. ഓഫീസുകള്‍ സീല്‍ ചെയ്തു. പ്രമുഖ മലയാള പത്രം നിരോധവാര്‍ത്ത മുഖപ്പേജില്‍ പ്രധാന വാര്‍ത്തയായി കൊടുത്തതോടൊപ്പം ജമാഅത്ത് പ്രവര്‍ത്തകരുമായി ബന്ധമുള്ള മുഴുവന്‍ ട്രസ്റ്റുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. 'മാധ്യമം' പുറത്തിറക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ പേരും അവസാനമായി ചേര്‍ത്തിരുന്നു. പിന്നിലെ ദുഷ്ടബുദ്ധി പകല്‍വെളിച്ചം പോലെ വ്യക്തം. നിരോധത്തെക്കുറിച്ച് ആദ്യമേ സൂചനകള്‍ ലഭിച്ചിരുന്നതുകൊണ്ട് സംഘടന പ്രവര്‍ത്തനരഹിതമായാല്‍ സ്വീകരിക്കേണ്ട ബദല്‍ സംവിധാനങ്ങള്‍ കേരള അമീര്‍ കെ.സി. അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം രൂപപ്പെടുത്തിയിരുന്നു. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, പ്രസിദ്ധീകരണാലയം എന്നിവ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരിട്ടില്ല. 'മാധ്യമം' ജമാഅത്തിന്റെ ജിഹ്വ അല്ലാത്തതുകൊണ്ട് അടച്ചുപൂട്ടല്‍ ഭീഷണി ഇല്ലായിരുന്നെങ്കിലും നടേ സൂചിപ്പിച്ച പത്ര റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമായി തോന്നി. ഞാനും മാധ്യമത്തിന്റെ മുന്‍ പി.ആര്‍.ഒ എം.എ. അഹ്മദ് കുട്ടി സാഹിബും കൂടി എറണാകുളത്തു പോയി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.എന്‍. സുകുമാരന്‍ നായരെ കണ്ട് വിവരങ്ങളെല്ലാം വിശദമായി ധരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് അദ്ദേഹം കേട്ടിരുന്നില്ല. എന്നാല്‍ മാധ്യമത്തെക്കുറിച്ചറിയാം. ഒരു ദിവസമെങ്കിലും പത്രം മുടങ്ങിയാലുള്ള ഭവിഷ്യത്ത് ഞങ്ങളദ്ദേഹത്തെ ബോധ്യപ്പെടുത്തി. 'നിലവിലെ സംഘടനാ നിരോധം പത്രത്തിന് ബാധകമല്ല. അതിന് വേറെത്തന്നെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണം. അങ്ങനെ വന്നാല്‍ നമുക്ക് കോടതിയെ സമീപിക്കാം. അര്‍ധരാത്രിയാണ് വിലക്ക് വരുന്നതെങ്കില്‍പോലും നിങ്ങള്‍ എന്നെ വിളിച്ചോളൂ. അപ്പോള്‍ തന്നെ ഞാന്‍ സ്റ്റേ വാങ്ങിത്തരാം.' അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഞങ്ങള്‍ക്ക് നല്‍കിയ ശുഭപ്രതീക്ഷ അപരിമേയമായിരുന്നു. സംഘടനാ നിരോധം തന്നെ നമുക്ക് സ്റ്റേ ചെയ്യിക്കാം എന്നായി അദ്ദേഹം. ഞങ്ങള്‍ ആവേശഭരിതരായി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടതനുസരിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുടെയും പോളിസി-പ്രോഗ്രാമിന്റെയും കോപ്പികള്‍ അദ്ദേഹത്തിന് നല്‍കി. രാവിലെയായിരുന്നു കൂടിക്കാഴ്ച. വൈകുന്നേരം വീണ്ടും ചെല്ലാന്‍ പറഞ്ഞ് അദ്ദേഹം ജോലിയില്‍ മുഴുകി. വൈകീട്ട് ഞങ്ങള്‍ അഡ്വക്കറ്റിന്റെ ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാക്കിയ റിട്ട് ഹരജിയുടെ കോപ്പി ഞങ്ങളെ കാണിച്ചു. ജമാഅത്തെ ഇസ്‌ലാമി സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മതസാംസ്‌കാരിക സംഘടന മാത്രമാണെന്നും ഒരര്‍ഥത്തിലും അത് രാജ്യരക്ഷക്ക് ഭീഷണിയല്ലെന്നും യു.എ.പി.എ പ്രകാരമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് തെളിവില്ലെന്നും സമര്‍ഥിക്കുന്ന ഹരജി അതിസമര്‍ഥമായി സുകുമാരന്‍ നായര്‍ എഴുതി തയാറാക്കിയത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെ മുന്നില്‍ അമ്പരന്നുപോയി.

ഞങ്ങള്‍ എറണാകുളത്തുനിന്ന് തിരിച്ചുപോന്നതിന്റെ പിറ്റേദിവസം ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം സ്റ്റേ ചെയ്യാനുള്ള ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ജസ്റ്റിസ് കെ.ടി. തോമസിന്റെ സിംഗ്ള്‍ ബെഞ്ച് നിരോധം സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിടുകയും ചെയ്തു! വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആഹ്ലാദഭരിതരായ പ്രവര്‍ത്തകര്‍ കോടതി ഉത്തരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. പക്ഷേ, ആഹ്ലാദം അല്‍പായുസ്സായി. നരസിംഹറാവു സര്‍ക്കാര്‍ അഡ്വ. കെ.ടി.എസ്. തുള്‍സിയെ അടിയന്തരമായി കൊച്ചിയിലേക്ക് അയച്ചു. അദ്ദേഹം എന്തൊക്കെയോ കുത്തിക്കുറിച്ച് അപ്പീല്‍ ഹരജി ഫയല്‍ ചെയ്തു. സ്റ്റേ കേരള ഹൈക്കോടതി നീക്കുകയും ചെയ്തു. പിന്നീടാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സോളി സൊറാബ്ജി മുഖേന നിരോധം റദ്ദാക്കാനുള്ള ഹരജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. സര്‍ക്കാറിന്റെയും ജമാഅത്തിന്റെയും വാദഗതികള്‍ സശ്രദ്ധം കേട്ട പരമോന്നത കോടതി നിരോധത്തിനാധാരമായ യു.എ.പി.എ ചുമത്താന്‍ പരിഗണനീയമായ ഒരു തെളിവും ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ നിരോധം റദ്ദാക്കുകയാണെന്നു വിധിച്ചു. എന്നിട്ടും നിരോധത്തിന്റെ ന്യായാന്യായത തീരുമാനിക്കേണ്ട ട്രൈബ്യൂണല്‍ നിരോധം സ്ഥിരീകരിക്കുകയാണുണ്ടായതെന്നതാണ് വിചിത്രം. വീണ്ടും സുപ്രീം കോടതിയെ സമീപിച്ച ജമാഅത്തെ ഇസ്‌ലാമി രണ്ടാമതും നിരോധം റദ്ദാക്കിക്കുന്നതില്‍ വിജയിച്ചു. അതോടെ രണ്ടുകൊല്ലം നീണ്ട നിരോധം പിന്‍വലിക്കപ്പെട്ടു; ജമാഅത്ത് പൂര്‍വാധികം പ്രവര്‍ത്തനക്ഷമമായി.

തുടങ്ങിവെച്ച ദൗത്യം ലക്ഷ്യം കണ്ടതിലുള്ള ചാരിതാര്‍ഥ്യമായിരുന്നു എനിക്കും എം.എ. അഹ്മദ് കുട്ടി സാഹിബിനും. 1964-ല്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ജനറല്‍ അയ്യൂബ് ഖാന്റെ സൈനിക സര്‍ക്കാറിന് പാക് സുപ്രീംകോടതിയില്‍നിന്നും ഇതേ തിരിച്ചടിയാണുണ്ടായതെന്നു കൂടി ഈയവസരത്തില്‍ സ്മരണീയമാണ്. ഏഷ്യയിലെതന്നെ പ്രമുഖ നിയമജ്ഞനായ എ.കെ. ബ്രോഹി ആയിരുന്നു സയ്യിദ് മൗദൂദിക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി കേസ് വാദിച്ചിരുന്നത്. കോടതിയില്‍ സമര്‍പ്പിക്കാന്‍ താന്‍ തയാറാക്കിയ റിട്ട് ഹരജി ടൈപ്പ് ചെയ്തുകൊടുക്കാന്‍ പോലും കറാച്ചിയിലെ ഒരു ടൈപ്പിംഗ് സെന്ററും തയാറായില്ലെന്ന അനുഭവം ബ്രോഹി പിന്നീട് അനുസ്മരിക്കുകയുണ്ടായി. പട്ടാള ഭരണകൂടത്തെ കുറിച്ച ഭീതിയായിരുന്നു കാരണം. വാസ്തവത്തില്‍ ഉപഭൂഖണ്ഡത്തില്‍ 1941 ആഗസ്റ്റില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും 75 പേരും ചേര്‍ന്ന് രൂപംനല്‍കിയ ജമാഅത്തെ ഇസ്‌ലാമി നിയമാനുസൃതമല്ലാത്ത എല്ലാ പ്രവര്‍ത്തന രീതികളെയും മൗലികമായിത്തന്നെ നിരാകരിച്ചിരുന്നതാണ്. എന്ത് പ്രകോപനമുണ്ടായാലും നിരോധിക്കപ്പെട്ടാലും സമാധാനപരമായ പ്രതിരോധമല്ലാതെ നിയമലംഘനം ഇസ്‌ലാമിക പ്രസ്ഥാനം അംഗീകരിക്കുകയില്ലെന്ന് തീര്‍ത്തുപറയാനാവും. എന്നിട്ടും ജമാഅത്തിന്റെ പേരില്‍ തീവ്രവാദവും ഭീകരതയും ആരോപിക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയപ്പെടേണ്ടതാണ്. ബലപ്രയോഗത്തിലൂടെ ഒരു കാര്യം ആരെക്കൊണ്ടെങ്കിലും അംഗീകരിപ്പിക്കാന്‍ നിങ്ങള്‍ക്കൊരുവേള സാധിച്ചാലും അതൊരിക്കലും സ്ഥായിയായിരിക്കില്ലെന്ന് മൗലാനാ മൗദൂദി ഓര്‍മിപ്പിച്ചതാണ് ശരി.

തുടക്കത്തില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ഇലക്ഷന്‍ പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കുന്ന നയമാണ് ജമാഅത്ത് സ്വീകരിച്ചത്. എന്നാല്‍, ജനാധിപത്യ ഭരണക്രമത്തെയും മതനിരപേക്ഷതയെയും സംഘടന അംഗീകരിച്ചിരുന്നു. ഭൗതിക വ്യവഹാരങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള സമ്പൂര്‍ണവും അനിയന്ത്രിതവുമായ അധികാരം മനുഷ്യര്‍ക്ക് വകവെച്ചുകൊടുക്കുന്ന പാശ്ചാത്യ ഡെമോക്രസിയെയും മതനിരാസപരമായ സെക്യുലറിസത്തെയുമാണ് ജമാഅത്ത് തള്ളിപ്പറഞ്ഞത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ ശേഷം നടന്ന 1977-ലെ തെരഞ്ഞെടുപ്പില്‍ ഏകാധിപത്യത്തെ ചെറുക്കാനും സംഘടനയുടെ നിരോധം നീക്കിക്കിട്ടാനുമായി ജമാഅത്തെ ഇസ്‌ലാമി അതിന്റെ അംഗങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കി. പിന്നീട് 1986-ലാണ് ഫാഷിസത്തിനും സമഗ്രാധിപത്യത്തിനും അധാര്‍മിക ഭരണത്തിനുമെതിരെ വോട്ടവകാശം വിനിയോഗിക്കാനുള്ള നിര്‍ദേശം സ്ഥിരമായി അംഗങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതും എതിരാളികള്‍ ദുഷ്പ്രചാരണത്തിനുപയോഗിച്ചതുമായ ഈ നയംമാറ്റങ്ങളെ കേരളത്തില്‍ പ്രതിരോധിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം പലപ്പോഴും എന്നില്‍ ഏല്‍പിക്കപ്പെട്ടു. ഏറെ ശ്രമകരമായിരുന്നു ഈ ദൗത്യമെന്ന് പറയാതെവയ്യ.

 

രാഷ്ട്രീയ പങ്കാളിത്തം

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ച ഉള്‍പ്പാര്‍ട്ടി ചര്‍ച്ച നേരത്തേ ആരംഭിച്ചതാണെങ്കിലും രാജ്യത്ത് ഫാഷിസം ശക്തിപ്രാപിക്കുകയും മതന്യൂനപക്ഷങ്ങളുടെ നേരെയുള്ള അസഹിഷ്ണുത മൂര്‍ഛിച്ചുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് അത് കൂടുതല്‍ ഗൗരവതരമായി പരിഗണനയില്‍ വന്നത്. അതത് അവസരങ്ങളില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലെ സമീപനങ്ങളെക്കുറിച്ച് പഠിക്കാനും സംഘടനക്ക് ശിപാര്‍ശകള്‍ സമര്‍പ്പിക്കാനും നിയുക്തമായ പൊളിറ്റിക്കല്‍ സെല്ലില്‍ ഞാനും അംഗമായിരുന്നു. 1999-ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ പ്രഥമ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതില്‍ പിന്നെ പൊളിറ്റിക്കല്‍ സെല്ലിന്റെ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. പഞ്ചായത്ത്, നഗരസഭകള്‍ വികസന പ്രക്രിയയുടെ അടിസ്ഥാനഘടകങ്ങളായതുകൊണ്ട് അവയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തിന് പങ്കെടുക്കാമെന്ന് പതിറ്റാണ്ടുകള്‍ക്കു മുേമ്പ തീരുമാനിക്കപ്പെട്ടിരുന്നു. സമയമായില്ലെന്ന നിഗമനത്തില്‍ അതിന്റെ പ്രായോഗികരൂപം പരിഗണിക്കപ്പെട്ടില്ലെന്നു മാത്രം. മാറിയ പരിതഃസ്ഥിതിയില്‍ പ്രസ്തുത തീരുമാനം പുനഃപരിശോധനക്കും പുനര്‍ചര്‍ച്ചകള്‍ക്കും വിധേയമായി. ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി 2005-ല്‍ ദല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ യോഗത്തില്‍ ഞാനും പങ്കെടുത്തു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന പ്രസ്തുത യോഗത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സമിതികളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചര്‍ച്ചയായിരുന്നു. ഓരോരുത്തരായി തങ്ങളുടെ വീക്ഷണം അവതരിപ്പിച്ചുകൊണ്ടിരുന്നു.

എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'നാം മൗലികമായി തീരുമാനിക്കേണ്ടത് ലോക്കല്‍ ബോഡീസ് ഇലക്ഷനില്‍ മത്സരിക്കാമോ, സത്യപ്രതിജ്ഞ ചൊല്ലാമോ എന്ന കാര്യമല്ല. ജനാധിപത്യ ഇന്ത്യയില്‍ മാറ്റത്തിന് നാം

കാണുന്ന മാര്‍ഗമെന്താണ് എന്നുള്ളതാണ്. വിപ്ലവമോ പാര്‍ലമെന്ററി ജനാധിപത്യമോ? ഏതെങ്കിലും കാലത്ത് പ്രസ്ഥാനത്തിന് മതിയായ ശക്തി ഉണ്ടായിക്കഴിഞ്ഞാല്‍ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയാണ് ചെയ്യുക എന്നാണ് നാം തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ ന്യായീകരണമാണ് കണ്ടെത്തേണ്ടിവരിക. മറിച്ച്, ബലപ്രയാഗം ഒരു സാഹചര്യത്തിലും സ്വീകാര്യമല്ല എന്നതാണ് നിലപാടെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യം തന്നെയാണ് വഴി. അതില്‍ മാറ്റങ്ങള്‍ വേണ്ടിവന്നാല്‍ പോലും അത് ജനാധിപത്യപരമായേ സാധ്യമാവൂ. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭരണഘടനയോടുള്ള പ്രതിബദ്ധത ഒരു കാരണവശാലും പ്രഖ്യാപിക്കാതിരിക്കാനാവില്ല. ഏതു വിധേനയും ഇലക്ഷനില്‍ പങ്കെടുക്കാതെ രക്ഷപ്പെടണമെന്ന ശാഠ്യമുണ്ടെങ്കില്‍ മാത്രമേ നാം സത്യപ്രതിജ്ഞയുടെ സാധുത ചര്‍ച്ചാവിഷയമാക്കേണ്ടതുള്ളൂ'. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും പാര്‍ലമെന്ററി ജനാധിപത്യത്തിന് അനുകൂലമായാണ് ന്യായങ്ങള്‍ നിരത്തിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താനില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുമായി ഇലക്ഷനില്‍ പെങ്കടുക്കുന്നതിന്റെ സാധുതയെക്കുറിച്ച് വിശദമായി സംവദിച്ചു തിരിച്ചെത്തിയ, മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു പ്രതിനിധിയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. മൗദൂദി അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നതിനെ ശക്തമായി പിന്തുണച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷിന്ത്യയില്‍ ജമാഅത്ത് സ്വീകരിച്ച നിലപാടുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ അതേപടി തുടരേണ്ട ഒരു സാഹചര്യവും ഇല്ലെന്നു മാത്രമല്ല ആദര്‍ശപ്രചാരണത്തി

നും സമുദായത്തിന്റെ നിലനില്‍പിനും ജനാധിപത്യപരമായ അവസരങ്ങളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വിശ്വസിക്കുന്നവര്‍ക്കായിരുന്നു പ്രസ്ഥാനത്തില്‍ എപ്പോഴും ഭൂരിപക്ഷം. പക്ഷേ, ജനാധിപത്യത്തിന്റെ മൗലിക ബലഹീനതകള്‍ ചൂണ്ടിക്കാട്ടി അതിലൂടെ ലക്ഷ്യംനേടുക അസാധ്യമാണെന്ന് വാദിച്ച ഒരു ന്യൂനപക്ഷവും ഉണ്ടായിരുന്നു. ഭിന്നാഭിപ്രായങ്ങളില്‍ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യുക എന്ന നയം സംഘടന ഇതഃപര്യന്തം സ്വീകരിച്ചതുകൊണ്ട് ഖണ്ഡിത തീരുമാനങ്ങള്‍ പലപ്പോഴും വൈകി എന്നതാണനുഭവം. അതുകൊണ്ടുണ്ടായ നേട്ടം മറ്റെല്ലാ മത-രാഷ്ട്രീയ സംഘടനകളും വീണ്ടും വീണ്ടും പിളര്‍ന്നു കഷ്ണങ്ങളായി മാറിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മാത്രം പിളര്‍പ്പിനെ അതിജീവിച്ചു എന്നതാണ്. രണ്ടുതവണ അടിച്ചേല്‍പിക്കപ്പെട്ട നിരോധത്തെ അതിജീവിക്കാന്‍ സംഘടനയെ തുണച്ചതും ഭിന്നാഭിപ്രായങ്ങളെ പരമാവധി സമന്വയിപ്പിക്കുന്ന നയം സ്വീകരിച്ചതുകൊണ്ടാണ്. എന്നാല്‍, ഇതിനു കൊടുക്കേണ്ടിവരുന്ന വില വളര്‍ച്ചയുടെ മന്ദഗതിയാണെന്ന് കരുതേണ്ടിവരും. വിഭജനത്തോടെ ചോരയും നീരുമുള്ള നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മതപണ്ഡിതന്മാരും മുഴുവന്‍ പാകിസ്താനിലേക്ക് പലായനം ചെയ്തതോടെ അനാഥരായ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഇന്നുവരെ ദീര്‍ഘദൃഷ്ടിയും ദിശാബോധവുമുള്ള കരുത്തുറ്റ ഒരു നേതൃത്വം വളര്‍ന്നുവന്നിട്ടില്ലെന്ന് വേദനയോടെ സ്മരിച്ചേ പറ്റൂ. കേരളത്തില്‍ മുസ്‌ലിം ലീഗും ഹൈദരാബാദില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എം.ഐ.എം) അസമില്‍ ആള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എ.ഐ.യു.ഡി.എഫ്) രാഷ്ട്രീയ പാര്‍ട്ടികളായി സാന്നിധ്യം തെളിയിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു വിലപേശല്‍ ശക്തി രൂപപ്പെടുത്താന്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ സാധിച്ചിട്ടില്ല. ഇപ്പോഴാകെട്ട മുസ്‌ലിം ന്യൂനപക്ഷത്തെ അപ്രസക്തമാക്കി മുന്നോട്ടുപോവാന്‍ ദൃഢനിശ്ചയം ചെയ്ത തീവ്ര ഹിന്ദുത്വ ശക്തികളുടെ കൈകളിലാണ് ഇന്ത്യ. മുസ്‌ലിം ന്യൂനപക്ഷത്തോട് പരസ്യമായി അനുഭാവം പ്രകടിപ്പിക്കാന്‍ പോലും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനോ മറ്റു പ്രാദേശിക മതേതര പാര്‍ട്ടികള്‍ക്കോ സാധിക്കാത്തവിധം ഭൂരിപക്ഷ മനസ്സ് ഹിന്ദു രാഷ്ട്രത്തിന് അനുകൂലമാക്കിത്തീര്‍ക്കുന്നതില്‍ സംഘ്പരിവാര്‍ ഗണ്യമായി വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന് സമുദായ സംഘടനകളുമായും നേതാക്കളുമായും സംവദിച്ച് നിര്‍ണായക തീരുമാനമെടുക്കാന്‍ സുഘടിതവും സുവ്യവസ്ഥിതവുമായ പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിക്കു സാധിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രസ്ഥാനത്തിന്റെയും സമുദായത്തിന്റെയും ഭാവി. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ