ചൂണ്ടുവിരല്‍
കെട്ടഴിച്ചിട്ട പശുവിന്‍പ്രതി
ചൂണ്ടുവിരല്‍ ചോദിക്കുന്നു,
ഫാഷിസം.
തൃശൂലത്തില്‍ കുത്തി
പെട്രോളൊഴിച്ച് കത്തിച്ചിട്ട്
വെറിതീരാഞ്ഞ്
ദേവാലയത്തില്‍
എട്ടു നാള്‍ കെട്ടിയിട്ട്
പീഡിപ്പിച്ചുകൊന്നിട്ടും
കൊതിതീരാത്ത ഫാഷിസ്റ്റുകള്‍
ഇളംചോര ഊറ്റിക്കുടിക്കാന്‍
വീണ്ടുമൊരവസരത്തിന്
ചൂണ്ടുവിരല്‍ ചോദിക്കുന്നു.
അടിച്ചും കത്തിച്ചും
വെടിവെച്ചും കൊന്ന്
കലിപ്പു തീരാത്ത ഫാഷിസ്റ്റുകള്‍
കൂടുതല്‍ നരമേധത്തിന്
സുവര്‍ണാവസരം കിട്ടാന്‍
ജനാധിപത്യത്തിന്റെ
ചൂണ്ടുവിരല്‍ ചോദിക്കുന്നു,
ഒരിക്കല്‍കൂടി.
വീതംവെച്ചെടുത്തും
ഊറ്റിക്കൊടുത്തും
എല്ലുന്തി മെലിഞ്ഞൊട്ടിയ
രാജ്യത്തിന്റെ
അവസാന ഞെരക്കത്തിനും
കാശു വാങ്ങി
സ്വയം വീര്‍ത്ത്
ആശ്രിതവത്സരെ വീര്‍പ്പിച്ച്
കാണാത്ത രാജ്യങ്ങള്‍ കണ്ട്
കറങ്ങിവരാനൊരവസരത്തിന്
ചൂണ്ടുവിരല്‍ ചോദിക്കുന്നു,
ഫാഷിസം.
വെട്ടിയും തിരുത്തിയും
തേച്ചുമായ്ച്ചുകളഞ്ഞ
മതനിരപേക്ഷതയുടെ
ശേഷിക്കുന്ന അക്ഷരങ്ങളെയും
കരിച്ചുകളഞ്ഞ്
ഏകാധിപത്യത്തിന്റെ കാവിക്കൊടി
രാജ്യത്തുടനീളം പാറിപ്പറപ്പിക്കാന്‍
ചൂണ്ടുവിരല്‍ ചോദിക്കുന്നു,
ഫാഷിസ്റ്റും.
അഭയാര്‍ഥികളെ
ആട്ടിയോടിച്ചും
രാജ്യനിവാസികളെ
അഭയാര്‍ഥികളാക്കിയും
ചെറുപ്പക്കാരെ പാതിരാത്രി
വീട്ടില്‍ കയറി
കട്ടുകൊണ്ടുപോയും
വംശവെറി തീരാത്ത
ഫാഷിസ്റ്റുകള്‍
കൂടുതല്‍ ഗ്വാണ്ടനാമോകള്‍ക്ക്
അവസരം കൊടുക്കാന്‍
ചൂണ്ടുവിരല്‍ ചോദിക്കുന്നു.
പൊരിവെയിലത്ത് നിര്‍ത്തി
യാചകന്റെ കീശയില്‍ വരെ
കൈയിട്ടുവാരി
കള്ളത്തരത്തിന്
കൂട്ടുനില്‍ക്കാത്തവരെ
നട്ടപ്പാതിരക്ക്
മുറി പൂട്ടിപ്പുറത്താക്കി
ഖജനാവൊന്നടങ്കം
ഹോള്‍സെയിലായി കൊള്ളയടിച്ച്
മിടുക്കു തെളിയിച്ച ഫാഷിസ്റ്റുകള്‍
പഴുതടച്ച മോഷണത്തിന്
ചൂണ്ടുവിരല്‍ ചോദിക്കുന്നു.
ഗാന്ധിയെക്കൊന്നിട്ട്
ആശ കെട്ടിട്ടില്ലാത്തതിനാല്‍
ഗാന്ധിപ്രതിമയുണ്ടാക്കി
അതില്‍ നിറയൊഴിച്ച്
നെഞ്ച് പൊട്ടിച്ചിതറിയ
രക്തത്തുള്ളി കൊണ്ട്
ചുമര്‍ചിത്രം തീര്‍ത്ത് അര്‍മാദിച്ച
രക്തദാഹികള്‍
ഗംഗയെച്ചുവപ്പിക്കാനൊരവസരത്തിന്
ചൂണ്ടുവിരല്‍ ചോദിക്കുന്നു
ജനിച്ച മണ്ണില്‍
അന്തസ്സാര്‍ന്ന
ജീവിതം കൊതിച്ചവരെ
ദേശക്കൂറ് പറഞ്ഞ്
ആട്ടിപ്പുറത്താക്കി
ദേശത്തിനും ദേശീയതക്കും
പുത്തന്‍ നിര്‍വചനം രചിച്ച്
ദേശസ്‌നേഹം = സംഘ് ഭക്തി
എന്ന
ലളിത സമവാക്യത്തെ
ചുട്ടെടുക്കാന്‍
ഒരിക്കല്‍കൂടി
ചൂണ്ടുവിരല്‍ ചോദിക്കുന്നു,
ഫാഷിസം
ചൂണ്ടുവിരല്‍
ബാക്കി നില്‍ക്കുന്ന
നാടിനു വേണ്ടിയാണോ
ചൂണ്ടുവിരല്‍
അരിഞ്ഞെടുക്കപ്പെടുന്ന
നാടിനു വേണ്ടിയാണോ
ചൂണ്ടുവിരല്‍
നീട്ടിക്കൊടുക്കേണ്ടതെന്ന്
പൗരബോധം തീരുമാനിക്കട്ടെ.
Comments