Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെവെച്ചു തന്നെ അവരെ ആസ്വദിപ്പിക്കുന്നതിനു വേണ്ടിയാണത്'' (ഖുര്‍ആന്‍ 30:41).

ചൂടു വര്‍ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാക്കും. അത് ജലസ്രോതസ്സുകളെ വറ്റിക്കും. ഭൂമിയെ ഉല്‍പ്പാദനക്ഷമമല്ലാതാക്കും. ഭക്ഷണദൗര്‍ലഭ്യം രൂക്ഷമാക്കും. കനത്ത ചൂടിന്റെ ഒടുവില്‍ ഒരുപക്ഷേ വരാനിരിക്കുന്നത് സൂനാമിയോ മഹാപ്രളയമോ ആയിരിക്കാം. രണ്ടിന്റെയും കെടുതികളില്‍നിന്ന് കേരളത്തിന് ഇപ്പോഴും കരകയറാനായിട്ടില്ല.

ലോകവ്യാപകമായി കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. നേരത്തേതന്നെ വെള്ളം കിട്ടാക്കനിയായ ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളില്‍ വലിയ തോതിലുള്ള കുടിയൊഴിച്ചുപോക്കിനും ജലസ്രോതസ്സുകള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും അത് വഴിവെക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് 2030 ആകുമ്പോഴേക്കും ഗണ്യമായി കുറക്കുകയും 2050-ല്‍ അത് പൂജ്യത്തില്‍ എത്തിക്കുകയും ചെയ്താല്‍ കൂടുന്ന ചൂടിന്റെ അളവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതെ പിടിച്ചുനിര്‍ത്താമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ, ആ നിലക്കുള്ള ഗൗരവതരമായ ചുവടുവെപ്പുകളൊന്നും ലോകരാഷ്ട്രങ്ങള്‍ നടത്തുന്നില്ല എന്നു മാത്രമല്ല, പരസ്പരം പഴിചാരി നിലവിലുള്ള ആഗോള പരിസ്ഥിതി സംരക്ഷണ കരാറുകളില്‍നിന്ന് അമേരിക്ക, ചൈന പോലുള്ള വന്‍രാഷ്ട്രങ്ങള്‍ പിന്നാക്കം പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളല്ലാതെ, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസന പദ്ധതി ഈ രാഷ്ട്രങ്ങള്‍ക്കൊന്നുമില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. വികസനമെന്നാല്‍ എങ്ങനെയും സമ്പത്ത് വര്‍ധിപ്പിക്കുകയാണെന്ന കാഴ്ചപ്പാടിനാണ് ആദ്യം തിരുത്ത് വേണ്ടത്. മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ടുള്ള ഹോളിസ്റ്റിക് വികസന സങ്കല്‍പമാണ് രൂപപ്പെടേണ്ടത്. ഇസ്‌ലാമിന്റെ വികസന സങ്കല്‍പം അത്തരത്തിലുള്ളതാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന 250-ലധികം സൂക്തങ്ങള്‍ തനിക്ക് ഖുര്‍ആനില്‍ കാണാനായെന്ന് ഗവേഷകനായ ഫസ്‌ലൂന്‍ ഖാലിദ് പറയുന്നു. ഇസ്‌ലാമിന്റെ മൗലിക ദര്‍ശനമായ തൗഹീദിന്റെ വിശാല പരിപ്രേക്ഷ്യത്തില്‍, പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിജാലങ്ങളുമായും ഐക്യപ്പെടുക എന്ന സന്ദേശം കൂടി ഉള്‍ച്ചേരുന്നുണ്ട്. മനുഷ്യന്റെ സഹജപ്രകൃത(ഫിത്വ്‌റ)ത്തെയും ഈ അര്‍ഥത്തില്‍ വിശദീകരിക്കാം. എങ്കില്‍ മാത്രമേ പ്രകൃതിയുടെ താളവും സന്തുലനവും (മീസാന്‍) നിലനിര്‍ത്താനാവുകയുള്ളൂ. ഈ സംരക്ഷണമൊരുക്കല്‍ ഭൂമിയിലെ ദൈവപ്രതിനിധി (ഖലീഫ) എന്ന നിലക്ക് മനുഷ്യന്റെ ഉത്തരവാദിത്തം (അമാനത്ത്) കൂടിയാണ്.

യു.എന്‍ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളു(ടഉഏ)െമായി ഏറ്റവുമധികം ചേര്‍ന്നുപോകുന്ന നിലപാടാണിത്. അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യകാരണക്കാര്‍ വികസിത മുതലാളിത്ത രാഷ്ട്രങ്ങളാണെങ്കിലും അതിന്റെ കെടുതികള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരിക ദരിദ്ര ജനവിഭാഗങ്ങളായിരിക്കും; തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ദുരന്തമേറ്റുവാങ്ങേണ്ടി വരിക! ''വിപത്തു വരുന്നത് കരുതിയിരിക്കുക: അത് ബാധിക്കുന്നത് നിങ്ങളിലെ അതിക്രമികളെ മാത്രമായിരിക്കില്ല'' (ഖുര്‍ആന്‍ 8:25). 2015 ഡിസംബറില്‍ ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട പാരീസ് കരാറിലും മറ്റും പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാ രാഷ്ട്രങ്ങളെയും നിര്‍ബന്ധിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും രക്ഷിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍