Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

മോഡേണ്‍ ഏജ് സൊസൈറ്റിയുടെ തിരോധാനം

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-22 ]

അറുപതുകളില്‍ യുക്തിവാദികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എഴുപതുകളുടെ തുടക്കത്തില്‍ മോഡേണിസ്റ്റ്-സെക്യുലറിസ്റ്റ് ചിന്താഗതിക്കാര്‍ക്കും എണ്‍പതുകളുടെ മധ്യത്തില്‍ ശരീഅത്ത് വിരോധികള്‍ക്കും മറുപടി പറഞ്ഞുകൊണ്ട് കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കേണ്ടിവന്നിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖ വക്താവ് ശൈഖ് മുഹമ്മദ് കാരകുന്നായിരുന്നു മിക്കയിടത്തും കൂട്ടുകാരന്‍. പ്രസ്ഥാനത്തോട് അകലം പാലിച്ചിരുന്ന സമുദായ സംഘടനകളുെട അണികളും പരിപാടികളില്‍ ധാരാളമായി പങ്കെടുത്തുവെന്നത് എടുത്തുപറയേണ്ടതാണ്, വിശിഷ്യാ 1985-86 കാലഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ഇസ്‌ലാമിക ശരീഅത്തിനും മുസ്‌ലിം വ്യക്തിനിയമത്തിനുമെതിരെ പ്രചാരണം ശക്തമാക്കിയ അവസരത്തില്‍. മധ്യപ്രദേശുകാരിയായ ഷാബാനുബീഗം തന്നെ വിവാഹമോചനം ചെയ്ത മഹ്മൂദ് അഹ്മദ് ഖാനെതിരെ ജീവനാംശത്തിനുവേണ്ടി നല്‍കിയ അപ്പീല്‍ ഹരജിയില്‍ വിധിപ്രസ്താവിക്കവെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സമയമായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുസ്‌ലിംകളില്‍ ശക്തമായ പ്രതിഷേധവും വികാരവും ഉണര്‍ന്നു. അതേസമയത്ത് പത്രങ്ങള്‍ പൊതുവെ ഇ.എം.എസിനും കോടതിവിധിക്കും അനുകൂലമായി നിലകൊണ്ടു. എത്രത്തോളമെന്നാല്‍ എവിടെയെങ്കിലും ഒരു മുസ്‌ലിം രണ്ടാംകെട്ട് കെട്ടിയതിനെതിരെ ആദ്യഭാര്യ ഇളകിവശായാല്‍ സംഭവത്തെ പരമാവധി പര്‍വതീകരിച്ച് അതിനെല്ലാം ഉത്തരവാദി ശരീഅത്താണെന്ന മട്ടിലായിരുന്നു മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളുടെ പ്രചാരണം. 

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ മധ്യപ്രദേശില്‍നിന്ന് കൊണ്ടുവന്ന് സി.പി.എമ്മുകാര്‍ പ്രചാരണം കൊഴുപ്പിച്ചു. ആര്യാടന്‍ മുഹമ്മദ്, ഹമീദ് ചേന്ദമംഗല്ലൂര്‍ പ്രഭൃതികളും ആവേശപൂര്‍വം രംഗത്തിറങ്ങി. നിലവിലെ മുസ്‌ലിം നിയമത്തിലെ അപാകങ്ങളും സമുദായത്തിലെ അനാചാരങ്ങളും തിരുത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ യഥാര്‍ഥ ശരീഅത്തിന്റെ ദുര്‍വിനിയോഗത്തിന് ഇസ്‌ലാം ഉത്തരവാദിയല്ലെന്ന് തെളിവുകള്‍ യഥേഷ്ടം ഉദ്ധരിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കാന്‍ ഈ സുവര്‍ണാവസരം നന്നായി ഉപയോഗിച്ചു. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ എം.എല്‍.എമാരും അഭിഭാഷകരും ഉള്‍പ്പെടെ വലിയൊരു അമുസ്‌ലിം സദസ്സ് ശ്രോതാക്കളായെത്തിയിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിക്കപ്പെട്ട സിമ്പോസിയത്തില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി പി. ഗോവിന്ദപ്പിള്ളയും ജസ്റ്റിസ് ജാനകിയമ്മയും ഞാനുമായിരുന്നു പ്രസംഗകര്‍. മാന്യമായ ഭാഷയിലാണെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ ക്രൂരവും കാലഹരണപ്പെട്ടതും സ്ത്രീകളെ സംബന്ധിച്ചേടത്തോളം അനീതിപരവുമാണെന്ന് പി.ജി വാദിച്ചു. മിതമായ ഭാഷയില്‍ ജസ്റ്റിസ് ജാനകിയമ്മയുടെ സംസാരവും അതേ ട്യൂണിലായിരുന്നു. രണ്ടു പേരുടെയും സംസാരങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നതായിരുന്നു; ഇസ്‌ലാമിനെക്കുറിച്ചോ ശരീഅത്തിനെക്കുറിച്ചോ ഒന്നും പഠിക്കാന്‍ ഇരുവരും ശ്രമിച്ചിട്ടില്ലെന്ന്. കടുത്ത മുന്‍വിധിയും പാശ്ചാത്യ എഴുത്തുകാരുടെ അബദ്ധജടിലമായ കൃതികളും മാത്രമായിരുന്നു ഇരുവര്‍ക്കും അവലംബം.

ഞാന്‍ തികഞ്ഞ സംയമനത്തോടെ, എന്നാല്‍ വസ്തുനിഷ്ഠമായി സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ നൈതികവും മാനവികവുമായ സമീപനവും വിവാഹം, വിവാഹമോചനം പോലുള്ള വിഷയങ്ങളില്‍ ശരീഅത്തിന്റെ പ്രായോഗികവും നീതിപൂര്‍വകവുമായ ഇടപെടലും പരിമിതസമയത്തിനകം അവതരിപ്പിച്ചു. പ്രബുദ്ധരായ ശ്രോതാക്കള്‍ തികഞ്ഞ സംതൃപ്തിയോടെയാണ് പിരിഞ്ഞുപോയത്. ഗോവിന്ദപ്പിള്ളയാകെട്ട, വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലെങ്കിലും വായിക്കാന്‍ തനിക്കവസരം ലഭിച്ചിട്ടില്ലെന്നും താങ്കള്‍ അടിയന്തരമായി ചെയ്യേണ്ടത് ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുകയാണെന്നുമാണ് സ്വകാര്യ സംഭാഷണത്തില്‍ പ്രതികരിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നല്ലൊരെണ്ണം തനിക്കെത്തിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഞാന്‍ ആദരപൂര്‍വം ഓര്‍ക്കുന്ന ആ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍. ഞങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധവും അന്നുമുതല്‍ക്കാണാരംഭിച്ചത്. പിന്നീടൊരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പരിപാടിയില്‍ സംസാരിക്കാന്‍ കോഴിക്കോട്ടുനിന്ന് ഒരേ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യത്തിനായി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥി സമൂഹത്തെ മുഴുവന്‍ തോക്കിനിരയാക്കിയ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സി.പി.എം ഗോവിന്ദപ്പിള്ളക്കു നേരെ അച്ചടക്ക നടപടി എടുത്ത് അധികം കഴിയുന്നതിനു മുമ്പായിരുന്നു അത്. മാര്‍ഗമധ്യേ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെക്കുറിച്ചും കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുമൊക്കെ ഞങ്ങള്‍ ഉള്ളുതുറന്ന് സംസാരിച്ചു. 'നിങ്ങള്‍ക്കൊക്കെ ദൈവത്തിലും പരലോകത്തിലും വിശ്വാസമുള്ളതുകൊണ്ട് ഈ ലോകത്ത് എന്തു സംഭവിച്ചാലും വലുതായൊന്നും ദുഃഖിക്കാനില്ല. അത്തരമൊരു വിശ്വാസവുമില്ലെന്നതാണ് ഞങ്ങളുടെയെല്ലാം ദുര്യോഗം.' നെടുവീര്‍പ്പോടെ പി.ജി ഇതുപറഞ്ഞപ്പോള്‍ പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ക്കപ്പുറമുള്ള സാക്ഷാല്‍ മനുഷ്യനെ കാണുകയായിരുന്നു ഞാന്‍.

യുക്തിവാദികളുമായുള്ള ഏറ്റുമുട്ടലിന് തുടക്കംകുറിച്ചത് അറുപതുകളുടെ തുടക്കത്തില്‍ ഇസ്‌ലാഹിയാകോേളജ് വിദ്യാര്‍ഥി ആയിരിക്കുേമ്പാഴാണ്. മുക്കത്ത് 'ഫ്രീ തിേങ്കഴ്‌സ് ഫോറം' എന്ന പേരില്‍ മതരഹിതരുടെ ഒരു കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. അവര്‍ യുക്തിവാദി ബുദ്ധിജീവി യു. കലാനാഥനെ കൊണ്ടുവന്ന് പി.സി തിയേറ്ററില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. യുക്തിവാദികളെ നേരിട്ട് കേള്‍ക്കാന്‍ കിട്ടിയ ആദ്യാവസരം എന്ന നിലയില്‍ ഏതാനും കൂട്ടുകാരോടൊപ്പം ഞാനും യോഗസ്ഥലത്തെത്തി. ഏതാണ്ട് രണ്ട്-രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ ദൈവവും മതവും മിഥ്യയാണെന്ന് ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ച കലാനാഥന്‍ ഇസ്‌ലാമിനു നേരെ കുറേ ആരോപണങ്ങളും ചൊരിഞ്ഞു. വിഷയാവതരണത്തിനുശേഷം ഇനി ആര്‍ക്കുവേണമെങ്കിലും ചര്‍ച്ചയില്‍ പെങ്കടുത്ത് സംസാരിക്കാമെന്ന പൊതു അറിയിപ്പ് വന്നു. കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്താനുറച്ച് ഞാന്‍ സ്റ്റേജില്‍ കയറി. 20 മിനിറ്റായിരുന്നു അധ്യക്ഷന്‍ അനുവദിച്ചത്. ദൈവാസ്തിക്യത്തെക്കുറിച്ച മുരട്ട് തത്ത്വവാദത്തിലേക്ക് കടന്ന് സമയംകളയാതെ ഞാന്‍ പ്രവാചകനെ കുറിച്ചും ഖുര്‍ആനെ കുറിച്ചും യുക്തിവാദി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി മറുപടി പറഞ്ഞതോടെ സദസ്സ് ഇളകിമറിഞ്ഞു. നിലക്കാത്ത കൈയടിയും കിട്ടി (സദസ്സില്‍ ഭൂരിഭാഗവും വിശ്വാസികളാണെന്ന് അതോടെ പിടികിട്ടി). എനിക്കുശേഷം സദസ്യരില്‍ പലരും പ്രതികരിക്കാന്‍ മുന്നോട്ടുവന്നു. ഒടുവില്‍ ബഹളമായി. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് സംഘാടകരില്‍ ഒരു പ്രമുഖന്‍ പിന്നീട് എന്നോടു പറഞ്ഞു.

എല്ലാം ശ്രദ്ധിച്ചുകൊണ്ട് സ്‌പോര്‍ട്‌സ്, മാധ്യമ, സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയനായ ബി.പി. മൊയ്തീനുമുണ്ടായിരുന്നു ഹാളിനു പുറത്ത്. താങ്കള്‍ എന്തുകൊണ്ട് സംവാദത്തില്‍ പങ്കെടുത്തില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മറുപടി: 'വിശ്വാസികളെ വിളിച്ചുകൂട്ടി ദൈവത്തെയും മതത്തെയുമൊക്കെ ആക്രമിക്കുന്നത് തനി മണ്ടത്തമാണ്. വിശ്വാസികള്‍ അവരുടെ വിശ്വാസവുമായി നടക്കെട്ട. അവിശ്വാസികള്‍ അവര്‍ക്ക് തോന്നിയപോലെയും. ഒരു പ്രയോജനവുമില്ലാത്ത പരിപാടിയാണിത്.' മൊയ്തീന്റെ ജീവിതം മരണംവരെയും അങ്ങനെത്തന്നെയായിരുന്നു. റാഷനലിസത്തിന്റെയോ സെക്യുലറിസത്തിന്റെയോ പേരില്‍ നടക്കുന്ന വിതണ്ഡവാദങ്ങള്‍ക്കൊന്നും മൊയ്തീന്‍ ചെവികൊടുത്തില്ല. എന്നാല്‍, മതരഹിതനായാണ് ജീവിച്ചതും. മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു എന്നുമാത്രം (സാന്ദര്‍ഭികമായി പറയ െട്ട: 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ചിത്രീകരിച്ച മൊയ്തീന്‍-കാഞ്ചനമാല കഥയിലെ നല്ലൊരുഭാഗം  ഭാവനാസൃഷ്ടിയാണെന്നാണ് അദ്ദേഹവുമായി സൗഹൃദം പുലര്‍ത്തിയിരുന്ന എന്റെ വിലയിരുത്തല്‍. പിതാവിനെയോ കുടുംബത്തെയോ അശേഷം വകവെക്കാതെ ജീവിച്ച മൊയ്തീന് തന്റെ പ്രേയസിയോടൊപ്പം ജീവിക്കണമെങ്കില്‍ അതാവാമായിരുന്നു. കാഞ്ചനമാലക്ക് കടുത്ത എതിര്‍പ്പുകള്‍ കുടുംബത്തില്‍നിന്നുണ്ടായിരുന്നുവെന്നത് നേരാണ്. അതുകൊണ്ടായിരിക്കാം രണ്ടുപേര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കഴിയാതെ പോയത്).

1964-ല്‍ വിദ്യാര്‍ഥി ജീവിതം അവസാനിച്ച് ഞാന്‍ 'പ്രബോധന'ത്തില്‍ ചേര്‍ന്നതിനു ശേഷമാണ് യുക്തിവാദികളുമായി സംവദിക്കാനും അവര്‍ക്ക് മറുപടി നല്‍കിക്കൊണ്ട് എഴുതാനും പ്രസംഗിക്കാനുമൊക്കെ ഇടവരുന്നത്. പയ്യോളിയില്‍ യുക്തിവാദിസംഘം സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പവനന്‍ ഉള്‍പ്പെടെയുള്ളവര്‍ പെങ്കടുത്തിരുന്നു. ഫറോക്കില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയില്‍ അന്ന് യുക്തിവാദി ബുദ്ധിജീവികളില്‍ ഒരാളായ ഡോ. ഇ.വി ഉസ്മാന്‍ കോയ മുഖ്യാതിഥിയായിരുന്നു. സൗമ്യമായി സംസാരിച്ച ഡോക്ടര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് കാരകുന്നും ഞാനും വിശദമായി മറുപടി നല്‍കി. മാറിച്ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ സംവാദമായിരുന്നു എന്ന് അദ്ദേഹം തന്നെ പിന്നീട് അനുസ്മരിക്കുകയുണ്ടായി. 'ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം' എന്ന പേരില്‍ യുക്തിവാദി സംഘത്തിന്റെ ദേശീയ നേതാവ് ജോസഫ് ഇടമറുക്  എഴുതിയ ഗ്രന്ഥം ഖുര്‍ആനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും എഴുതിയ വിമര്‍ശനങ്ങളും ആരോപണങ്ങളും വലിയ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ അതിന് വസ്തുനിഷ്ഠമായ ഒരു മറുപടി എഴുതാന്‍ ജമാഅത്തെ ഇസ്‌ലാമി എന്നോടാവശ്യപ്പെട്ടു. അന്ന് ഞാന്‍ ഇസ്‌ലാഹിയാ കോളേജ് പ്രിന്‍സിപ്പലായിരുന്നു. പ്രമാണങ്ങള്‍ നന്നായി റഫര്‍ ചെയ്തുകൊണ്ടുവേണം മറുപടി തയാറാക്കാന്‍ എന്നതുകൊണ്ട് അതില്‍നിന്നൊഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും നേതൃത്വം വിട്ടില്ല. ഒടുവില്‍ മറുപടി തയാറാക്കാനിരുന്നു.

അപ്പോഴേക്ക് ധാരാളം മറുപടികള്‍ പലരുടെയും വക പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ, അവയില്‍നിന്ന് ഭിന്നമായ ശൈലിയും ഉള്ളടക്കവുമാണ് ഞാന്‍ സ്വീകരിച്ചത്. ഇടമറുകിന് മറുപടി എന്നതിനേക്കാള്‍ ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകചര്യ എന്നിവയുടെ നേരെ പൊതുവെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യാനും അതില്‍തന്നെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരമാവധി ഒഴിവാക്കി മതപണ്ഡിതന്മാര്‍ പൊതുവെ അംഗീകരിക്കുന്ന നിലപാടുകളില്‍ ഊന്നിക്കൊണ്ടായിരിക്കാനും നിഷ്‌കര്‍ഷിച്ചു. എന്തുകൊണ്ടെന്നാല്‍ എന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ ഭാഗത്തുനിന്നല്ല സാമാന്യമായി ഇസ്‌ലാമിന്റെ തന്നെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്നാണ് ഇടമറുക് തന്റെ കൃതിക്ക് പേരിട്ടതെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഹദീസുകളുടെ (നബിചര്യ) നേരെയുള്ള ആക്രമണമാണ്. ഇസ്‌ലാമിന്റെ ശത്രുക്കളും വിമര്‍ശകരും സാമാന്യമായി സ്വീകരിക്കുന്ന തന്ത്രം തന്നെയാണിത്. ബുദ്ധിപരമായി അംഗീകരിക്കാനാവാത്ത പലതും ഹദീസുകളെന്ന വ്യാജേന ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നതാണു കാരണം. നിവേദകപരമ്പര കുറ്റമറ്റതായിരിക്കെത്തന്നെ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളോട് നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന ചിലതും ഹദീസുകളില്‍ സ്ഥലംപിടിച്ചിട്ടുണ്ടെന്നതും മുതിര്‍ന്ന പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാല്‍ ആദ്യമായി ചെയ്തത് ആധികാരികമായ സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ വിമര്‍ശിക്കപ്പെട്ട ഹദീസുകള്‍ പരിശോധിക്കുകയാണ്. അത്തരത്തില്‍പെട്ട 110 ഹദീസുകള്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയുടെ മുഖവുരയില്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി അപഗ്രഥിച്ചത് മുഴുവന്‍ വായിച്ചുനോക്കി. ഇടമറുക് വിമര്‍ശിച്ച ഒരൊറ്റ ഹദീസ് പോലും അതിലില്ലായിരുന്നു. എന്റെ വിലപ്പെട്ട സമയം കളഞ്ഞത് മിച്ചം. ഒഴിവുസമയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി മൂന്ന് മാസത്തിനകം ഞാന്‍ പണിപൂര്‍ത്തിയാക്കി. കൈയെഴുത്ത് പ്രതി പരിശോധിക്കാന്‍ വി.എ. കബീര്‍ സാഹിബിനെയാണ് ചുമതലപ്പെടുത്തിയത് എന്നാണോര്‍മ.

1984-ല്‍ 'യുക്തിവാദികളും ഇസ്‌ലാമും' എന്ന പേരില്‍ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട് പുറത്തിറക്കി. 3000 കോപ്പി മാസങ്ങള്‍ക്കകം വിറ്റുതീര്‍ന്നു. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കകം നാല് പതിപ്പുകള്‍ വേണ്ടി വന്നു. ഇതെഴുതുേമ്പാള്‍ മുന്നിലുള്ളത് ഏഴാം പതിപ്പാണ്. യുക്തിവാദികളും ഇസ്‌ലാമിനെക്കുറിച്ച സംശയങ്ങള്‍ മനസ്സിനെ അലട്ടുന്നവരും ഇസ്‌ലാമിനെ യഥാര്‍ഥ സ്രോതസ്സുകളില്‍നിന്ന് പഠിക്കാന്‍ അവസരം ലഭിക്കാത്തവരുമായ ഒട്ടനവധി പേര്‍ പുസ്തകം വായിച്ചശേഷം കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് നേരിട്ടെഴുതി. കവി പി.ടി അബ്ദുര്‍റഹ്മാന്‍ (വടകര) ദല്‍ഹിയില്‍ ഇടമറുകിനെ നേരില്‍ കണ്ടപ്പോള്‍ അേദ്ദഹത്തിന്റെ പ്രതികരണം പിന്നീട് എന്നോട് പറഞ്ഞു. അഞ്ചാറ് വിമര്‍ശന ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും 'യുക്തിവാദികളും ഇസ്‌ലാമും' മാത്രമാണ് മറുപടിയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതെന്നായിരുന്ന ഇടമറുക് അഭിപ്രായപ്പെട്ടത്. 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന കൃതിയുടെ രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹമത് രേഖപ്പെടുത്തിയിട്ടുമുണ്ട്. 25 പേജ് വരുന്ന ഒരു മറുപടിയും മുഖവുരയില്‍ എഴുതിയിരിക്കുന്നു. പച്ചയായ അബദ്ധങ്ങള്‍ പോലും തിരുത്താന്‍ അദ്ദേഹം സന്നദ്ധനല്ലെന്ന് ബോധ്യപ്പെടുത്താന്‍ മാത്രം ഉതകുന്ന രചന. ഉദാഹരണത്തിന് പ്രവാചകന് മാരിയത്തുല്‍, ഖിബ്ത്തിയ്യ എന്നീ രണ്ട് അടിമ സ്ത്രീകളുണ്ടായിരുന്നു എന്ന ഒന്നാംപതിപ്പിലെ പരിഹാസ്യമായ തെറ്റ്. അത് രണ്ടാളല്ല ഒരാളാണ്, ഖിബ്ത്തി വംശജയായ മാരിയ എന്നര്‍ഥം വരുന്ന മാരിയത്തുല്‍ ഖിബ്ത്തിയ്യയെ രണ്ടായി കണ്ട വിഡ്ഢിത്തം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് വെറും അച്ചടിത്തെറ്റാണെന്ന് രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ ഇടമറുക്  ന്യായീകരിച്ചുവെങ്കിലും ആദ്യ പതിപ്പിലെ തെറ്റ് അപ്പടി നിലനിര്‍ത്തി. ഒന്നാം പതിപ്പിന്റെ പേജുകള്‍ തിരുത്താന്‍ പോയാല്‍ വീണ്ടും പുസ്തകം കേമ്പാസ് ചെയ്യുേമ്പാള്‍ വേണ്ടിവരുന്ന ചെലവ് ആയിരുന്നു യുക്തിവാദം വിറ്റുകാശാക്കിയ ഇടമറുകിന്റെ പ്രശ്‌നം. യുക്തിവാദികള്‍ തൊടുത്തുവിട്ട ആരോപണങ്ങളിലധികത്തിനും പ്രബോധനം ചോദ്യോത്തര പംക്തിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. 

ചേകനൂര്‍ മുഹമ്മദ് മൗലവിയെ മുന്നില്‍ നിര്‍ത്തി പ്രമുഖ സാഹിത്യകാരനായ എന്‍.പി മുഹമ്മദ്, മങ്കട അബ്ദുല്‍ അസീസ് മൗലവി, പി.എന്‍.എം. കോയട്ടി, മൂസ എ. ബേക്കര്‍, ടാംടണ്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ചേര്‍ന്ന് 1970-ല്‍ കോഴിക്കോട്ട് ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന പേരില്‍ ഒരു മതപരിഷ്‌കരണ സംഘടനക്ക് രൂപംനല്‍കിയിരുന്നു. ദല്‍ഹി ജാമിഅഃ മില്ലിയ്യ കേന്ദ്രമാക്കി അവിടത്തെ ചില പ്രഫസര്‍മാര്‍ ചേര്‍ന്ന് രൂപംനല്‍കിയ മോഡേണിസ്റ്റ് കൂട്ടായ്മയുടെ ചുവടുപിടിച്ചായിരുന്നു കോഴിക്കോട്ടെ സൊസൈറ്റിയും. മുംബൈയില്‍ ഹമീദ് ദല്‍വായി എന്ന അള്‍ട്രാ മോഡേണിസ്റ്റിന്റെ മാര്‍ഗദര്‍ശനവും ഇവര്‍ തേടിയിരുന്നു. പ്രത്യക്ഷത്തില്‍ മുസ്‌ലിം യാഥാസ്ഥിതികത്വത്തിനെതിരെ ആയിരുന്നു ഇവരുടെ പോരാട്ടമെങ്കിലും ശരീഅത്തിലെ അംഗീകൃത കുടുംബനിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടും മുസ്‌ലിംകളുടെ സമ്പൂര്‍ണ മതേതരവത്കരണം ലക്ഷ്യമിട്ടുമാണ് സംഘടനക്ക് ബീജാവാപം ചെയ്തത്. മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ. പി.കെ അബ്ദുല്‍ഗഫൂറിനെ പോലുള്ളവരും അറിഞ്ഞോ അറിയാതെയോ ഇവരുെട കെണിയില്‍ വീണു. കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തില്‍ ശ്രോതാക്കളായി വന്നവരില്‍ നല്ല പങ്ക് സാധനം എന്താണെന്നറിയാന്‍ വന്ന യുവാക്കളായിരുന്നു. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ശരീഅത്ത് കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന അവകാശവാദവും സര്‍വമത സത്യവാദവുമെല്ലാം ചേര്‍ന്ന് ഇസ്‌ലാമിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന പ്രതികരണമാണ് സമുദായത്തില്‍ അത് സൃഷ്ടിച്ചത്. പിറ്റേന്ന് മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ സംഭവം റിപ്പോര്‍ട്ട് ചെയ്യുകകൂടി ചെയ്തതോടെ മുസ്‌ലിം ലീഗും മതസംഘടനകളും സമുദായ ജിഹ്വകളും ഇളകിവശായി. 'ചന്ദ്രിക' നിശിതമായ വിമര്‍ശനങ്ങള്‍ മോഡേണിസത്തിനെതിരെ അഴിച്ചുവിട്ടു. മോഡേണിസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങളും ടൗണ്‍ ഹാള്‍ പരിപാടിയുടെ വിശദമായ റിപ്പോര്‍ട്ടുമായിരുന്നു അടുത്തലക്കം പ്രബോധനത്തിന്റെ ഉള്ളടക്കം.

അന്തരീക്ഷം മോശമാണെന്നു കണ്ടപ്പോള്‍ ഡോ. അബ്ദുല്‍ ഗഫൂറും ഒരു സംഘം ആളുകളും സൊസൈറ്റിയില്‍നിന്ന് രാജിവെച്ചുവെങ്കിലും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം മുസ്‌ലിം ലീഗ് എം.ഇ.എസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. അത്രത്തോളം പോകാന്‍ ഉള്ളില്‍ പുരോഗമനാശയങ്ങള്‍ കൊണ്ടുനടന്ന സി.എച്ച്. മുഹമ്മദ് കോയക്ക് വൈമനസ്യമുണ്ടായിരുന്നെങ്കിലും ബാഫഖി തങ്ങളുെടയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും ശാഠ്യത്തിന്റെ മുന്നില്‍ വഴങ്ങുകയേ അദ്ദേഹത്തിന് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. എന്നാല്‍, കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമി ചിന്താപരമായി മോഡേണിസത്തിനെതിരെ ശക്തമായി പൊരുതിയതോടൊപ്പം എം.ഇ.എസിനു നേരെ അയവുള്ള സമീപനമാണ് സ്വീകരിച്ചത്. ആ സംഘടന, ആധുനിക വിദ്യാഭ്യാസരംഗത്ത് കേരളീയ മുസ്‌ലിം സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വഹിച്ച പ്രശംസാര്‍ഹമായ പങ്കായിരുന്നു ഇതിനു കാരണം. ഡോ. ഗഫൂറുമായി അദ്ദേഹം വ്യക്തിപരമായ സൗഹൃദം നേരത്തേ പുലര്‍ത്തിയിരുന്നതും ഒരു കാരണമാവാം (എന്നാല്‍ എം.ഇ.എസിന്റെ ഫണ്ട് സമാഹരണത്തിന് സ്റ്റാര്‍ നൈറ്റ് സംഘടിപ്പിച്ചപ്പോള്‍ അതിനെ തുറന്നെതിര്‍ക്കാന്‍ വ്യക്തിപരമായ സൗഹൃദം കെ.സിക്ക് തടസ്സമായില്ല).

അതിനിടെ കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്‌ലിം വ്യക്തിനിയമ പരിഷ്‌കാരത്തെ കുറിച്ച് മോഡേണ്‍ ഏജ് സൊസൈറ്റി ഒരു സിേമ്പാസിയം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പ്രഫ. മൂസാ എ. ബേക്കര്‍ ആയിരുന്നു മോഡറേറ്റര്‍. ചേകനൂര്‍ മൗലവി, എന്‍.പി. മുഹമ്മദ് തുടങ്ങിയവര്‍ക്ക് പുറമെ ഒരു മറുശബ്ദത്തിന്റെ പ്രതിനിധിയായി എന്നെയും ക്ഷണിച്ചിരുന്നു. ബഹുഭാര്യത്വം, ത്വലാഖ്, പൗത്രന്റെ സ്വത്തവകാശം മുതലായ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചക്ക് വിധേയമായത്. ചേകനൂര്‍ മൗലവി അദ്ദേഹത്തിന്റെ ഹദീസ് നിഷേധത്തിലൂന്നി സാമ്പ്രദായിക മതപണ്ഡിതന്മാരുടെ ശൈലിയില്‍ സംസാരിച്ചപ്പോള്‍ എന്‍.പിക്കും മറ്റു പുരോഗമന വാദികള്‍ക്കും അത് ഒട്ടും രസിച്ചില്ലെന്ന് മുഖഭാവം തെളിയിച്ചു. പിന്നെയാണ് എന്നെ സംസാരിക്കാന്‍ ക്ഷണിച്ചത്. 20 മിനിറ്റായിരുന്നു അനുവദിച്ച സമയം. ദല്‍ഹി ജാമിഅ മില്ലിയ്യയിലെ പ്രഫസര്‍മാര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ചുവന്ന ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് ത്രൈമാസിക തന്നെ അവലംബമാക്കി ചേകനൂര്‍ പ്രഭൃതികളുടെ വാദഗതികളെ ഞാന്‍ കണക്കിന് കശക്കി. തിങ്ങിനിറഞ്ഞ സദസ്സ് സാവേശം കൈയടിച്ചു. സമയം തീര്‍ന്നപ്പോള്‍ സംഘാടകര്‍ നിര്‍ത്താന്‍ ആവശ്യപ്പെെട്ടങ്കിലും മോഡേററ്റര്‍ തുടരാന്‍ അനുവദിച്ചതിനാല്‍ 10 മിനിറ്റ് നേരം ഉപയോഗിച്ച് മോഡേണിസ്റ്റ് വാദികളുടെ നിരര്‍ഥകത വസ്തുനിഷ്ഠമായി സമര്‍ഥിച്ചു. പിന്നീട് സംസാരിച്ച എന്‍.പി 'വാക്കുകളാകുന്ന വേട്ടനായ്ക്കളെ അഴിച്ചുവിട്ടു' എന്ന മുഖവുരയോടെ എന്റെ സംസാരത്തെ രോഷാകുലനായി വിമര്‍ശിച്ചെങ്കിലും സദസ്സിന്റെ പൊതുവികാരം സംഘാടകര്‍ക്ക് എതിരായിരുന്നു. പ്രസ്തുത പരിപാടിയോടെ മോഡേണ്‍ ഏജിന്റെ പത്തി താണു എന്നായിരുന്നു സാമാന്യ വിലയിരുത്തല്‍.

യഥാര്‍ഥത്തില്‍ യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതി സമുദായത്തെ ആധുനികവത്കരിക്കുകയും മതേതരവത്കരിക്കുകയും വേണമെന്നതായിരുന്നു മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ആരാധകനായിരുന്ന എന്‍.പി. മുഹമ്മദിന്റെ ആഗ്രഹം. കോണ്‍ഗ്രസുകാരനും ഇ. മൊയ്തു മൗലവിയുടെ കൂട്ടുകാരനുമായിരുന്ന എന്‍.പി. അബു സാഹിബിന്റെ മകനായിരുന്നല്ലോ അദ്ദേഹം. മതപണ്ഡിതന്മാരില്‍ സി.എന്‍. അഹ്മദ് മൗലവിയോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. മുസ്‌ലിം ലീഗിന്റെ നേരെ കടുത്ത വിരോധവും എന്‍.പി വെച്ചുപുലര്‍ത്തി. ബ്രിട്ടീഷിന്ത്യയിലെ സര്‍വേന്ത്യാ മുസ്‌ലിം ലീഗിനോട് ദേശീയ മുസ്‌ലിംകള്‍ക്കുള്ള വിരോധത്തിന്റെ ബാക്കിപത്രം. തന്റെ ലക്ഷ്യം നേടാന്‍ സഹായകമായ പ്ലാറ്റ് ഫോമാവും എന്ന കണക്കുകൂട്ടലിലാവാം അദ്ദേഹം മോഡേണ്‍ ഏജ് സൊസൈറ്റിക്ക് അസ്തിവാരമിട്ടത്. പക്ഷേ, ചേകനൂര്‍ മൗലവിയെ കുറിച്ച അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ പാളി. മങ്കട അബ്ദുല്‍ അസീസ് മൗലവിയാകട്ടെ മുസ്‌ലിം ലീഗിനോടുള്ള എന്‍.പിയുടെ എതിര്‍പ്പ് പങ്കുവെച്ചുമില്ല. ഞാന്‍ മതത്തില്‍ മുജാഹിദും സാംസ്‌കാരികമായി എം.ഇ.എസും രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗുമാണെന്നാണ് അസീസ് മൗലവി സ്വന്തത്തെ പരിചയപ്പെടുത്തുക. അദ്ദേഹത്തിന് താത്ത്വികമായി ഏറ്റവും എതിര്‍പ്പുണ്ടായിരുന്നത് ജമാഅത്തെ ഇസ്‌ലാമിയോടായിരുന്നു. ഡെമോക്രസിക്കും സെക്യുലറിസത്തിനുമെതിരെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന മതമൗലിക പ്രസ്ഥാനമായി അദ്ദേഹം ജമാഅത്തിനെ കാണുകയും അന്ത്യംവരെ അതിനെതിരെ പൊരുതുകയും ചെയ്തു. 'ചന്ദ്രിക'യുടെ ചീഫ് എഡിറ്റര്‍ പദവിയിലിരിക്കെ ജമാഅത്തിനെതിരെ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളെഴുതി, ജമാഅത്ത്‌വിരുദ്ധ ലേഖനങ്ങള്‍ ഇടതടവില്ലാതെ പ്രസിദ്ധീകരിച്ചു. മുജാഹിദ് എഴുത്തുകാര്‍ ഈയവസരം ശരിക്കുമുപയോഗപ്പെടുത്തുകയും ചെയ്തു. അതേയവസരത്തില്‍ ജമാഅത്തുകാരുമായുള്ള വ്യക്തിഗത സൗഹൃദം നിലനിര്‍ത്താന്‍ അസീസ് മൗലവി നിഷ്‌കര്‍ഷിച്ചിരുന്നു. ഞാനുമായി അടുത്ത സുഹൃദ്ബന്ധമായിരുന്നു അദ്ദേഹത്തിന്. മമ്പാട് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പലായിരുന്നപ്പോള്‍ പലപ്പോഴും അഡ്മിഷനുവേണ്ടി എന്റെ ശിപാര്‍ശക്കത്തുമായി ചെന്ന വിദ്യാര്‍ഥികളെ അദ്ദേഹം പരിഗണിക്കാതിരുന്നില്ല. ഒരിക്കല്‍ അദ്ദേഹവും എന്റെ ജ്യേഷ്ഠന്‍ അബ്ദുല്ലയും ഞാനും കുശലം പറഞ്ഞുകൊണ്ട് നില്‍ക്കെ ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ കടന്നുവന്നു. 'ഇദ്ദേഹം ആരാണ്?' - അസീസ് മൗലവിയുടെ ചോദ്യം. 'ജമാഅത്ത് പ്രവര്‍ത്തകനാണ്' എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ അടുത്ത ചോദ്യം; 'എന്താണ് ജോലി?' ഹോമിയോ ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ അസീസ് മൗലവിയുടെ കമന്റ്; 'ങ്‌ഹേ, ഒരേസമയം രണ്ട് വിഡ്ഢിത്തമോ!' (പില്‍ക്കാലത്ത് എന്റെ മരുമകന്‍ നാസിറുദ്ദീന്‍ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ മകളുടെ മകളെയാണ്).

ജീവിത സായാഹ്നത്തില്‍ എന്‍.പിയുടെ വീക്ഷണങ്ങളില്‍ സാരമായ മാറ്റം ദൃശ്യമായിരുന്നു. മതനിഷ്ഠ പുലര്‍ത്തിയതോടൊപ്പം തീവ്ര സെക്യുലറിസവും മോഡേണിസവും കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ മുതലാളിത്തത്തിനും കമ്യൂണിസത്തിനും മധ്യേ ഒരു സമ്പൂര്‍ണ ജീവിത ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന സര്‍ഗാത്മക ന്യൂനപക്ഷമായി അദ്ദേഹം വിലയിരുത്തി. 'ഇസ്‌ലാം രാജമാര്‍ഗം' എന്ന പേരില്‍ ബോസ്‌നിയന്‍ ചിന്തകന്‍ അലീയാ ഇസ്സത്ത് ബെഗോവിച്ചിന്റെ Islam Between East and West  എന്ന കൃതി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനുവേണ്ടി വിവര്‍ത്തനം ചെയ്തതും എന്‍.പിയാണ്. ഇസ്‌ലാമിനെ ആഴത്തില്‍ പഠിച്ച പ്രതിഭാധനനായ എന്‍.പിക്ക് അര്‍ഹമായ അംഗീകാരം സാംസ്‌കാരിക കേരളം നല്‍കിയോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതേസമയം, അള്‍ട്രാ സെക്യുലറിസ്റ്റുകളും സന്ദേഹവാദികളുമായ ഹമീദ് ചേന്ദമംഗല്ലൂരിനും എം.എന്‍. കാരശ്ശേരിക്കും അനര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുകയും ചെയ്തു. രണ്ടു പേരും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്ന, ഭൂരിപക്ഷ വര്‍ഗീയതക്കും ഫാഷിസത്തിനും മുസ്‌ലിം സമാന്തരം കണ്ടെത്താന്‍ പാടുപെടുന്ന ബുദ്ധിജീവികളാണെന്നതാവാം അവര്‍ക്ക് ലഭിക്കുന്ന പരിഗണനക്കാധാരം. ഒരു കാലഘട്ടംവരെ ഞാന്‍ മാത്രമായിരുന്നു ഇവര്‍ക്ക് മറുപടി നല്‍കാന്‍ രംഗത്തുണ്ടായിരുന്നത്. പിന്നീട് സി. ദാവൂദ്, ടി. മുഹമ്മദ് വേളം തുടങ്ങിയ യുവ തുലികാകാരന്മാര്‍ രംഗപ്രവേശം ചെയ്തതോടെ പ്രതിരോധം കൂടുതല്‍ ശക്തമായി. എന്നാലും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ആനുകാലിക മുസ്‌ലിം രാഷ്ട്രീയത്തെയും ആഴത്തില്‍ പഠിച്ച് വിമര്‍ശനങ്ങളെ വസ്തുനിഷ്ഠമായി നേരിടാന്‍ കഴിയുന്ന യുവാക്കള്‍ വിരലിലെണ്ണാന്‍ പോലുമില്ലെന്നത് മഹാകഷ്ടമാണ്. സോഷ്യല്‍ മീഡിയ സാര്‍വത്രികമായതോടെ ഹിന്ദുത്വവാദികള്‍, യുക്തിവാദികള്‍, തീവ്ര സെക്യുലറിസ്റ്റുകള്‍, മുസ്‌ലിം നാമധാരികളായ ലിബറലുകള്‍ എന്നിവരുടെയെല്ലാം ആക്രമണത്തിന്റെ കുന്തമുന ഇസ്‌ലാമിന്റെ നേരെയാണ് തിരിച്ചുവെച്ചിരിക്കുന്നത്. ഇസ്‌ലാമിന്റെ പക്ഷത്തുനിന്നും പ്രതിരോധിക്കാനാരുമില്ലെന്ന് പറയാനാവില്ലെങ്കിലും തീരെ പോരാ എന്ന് തോന്നിപ്പോവുന്നു. വിദ്യാസമ്പന്നരും ബിരുദ-ബിരുദാനന്തര ധാരികളും സമുദായത്തിലില്ലാത്തതല്ല പ്രശ്‌നം. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുസ്‌ലിം യുവതലമുറ വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. പക്ഷേ, ഇസ്‌ലാമിനെ കുറിച്ച അവരുടെ പരിജ്ഞാനം പ്രാഥമികമാണെന്നു മാത്രം. കടുത്ത യാഥാസ്ഥിതികതയും തീവ്രസലഫിസവും സമുദായത്തിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമതാണ്. ഇസ്‌ലാം എന്നാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ പരിമിതമായ ഒരു സാമ്പ്രദായിക മതമാണെന്നും മനുഷ്യന്റെ സജീവ ജീവിതവ്യവഹാരങ്ങള്‍ ഇസ്‌ലാമിന് അന്യമാണെന്നുമുള്ള സങ്കല്‍പമാണ് മദ്‌റസകളില്‍നിന്നും ദര്‍സുകളില്‍നിന്നും അറബിക് കോളേജുകളില്‍നിന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. പഠനം കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാവട്ടെ തവസ്സ്വുല്‍, ഇസ്തിഗാസ, സിഹ്‌റ്, സൂഫിസം, ത്വരീഖത്ത്, നേര്‍ച്ച, ഉറൂസ്, ജിന്ന്‌സേവ, സ്ത്രീയുടെ വസ്ത്രധാരണം മുതലായ വിഷയങ്ങളെക്കുറിച്ച വരട്ട് തത്ത്വവാദപരമായ വിവാദങ്ങളും. ആധുനിക മനുഷ്യജീവിതത്തെ അഗാധമായി സ്പര്‍ശിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നും ഇസ്‌ലാമിന് എന്തെങ്കിലും പറയാനുള്ളതായി അവര്‍ കരുതുന്നേ ഇല്ല. എന്നല്ല, അതേപ്പറ്റിയുള്ള സംവാദങ്ങള്‍ മതരാഷ്ട്രവാദമാണെന്ന ആസൂത്രിത ദുരാരോപണങ്ങളില്‍ അവര്‍ വീണുപോവുകയും ചെയ്യുന്നു. ഈ ദുരവസ്ഥ മാറ്റിയെഴുതാനുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിരന്തര പോരാട്ടവഴിയിലെ എളിയ പ്രവര്‍ത്തകനായാണ് എന്റെ ഇതഃപര്യന്തമുള്ള ജീവിതം പിന്നിട്ടത്. അതുകൊണ്ട് ദുന്‍യാവില്‍ ഒരുവേള ഒന്നും നേടാനായില്ലെങ്കിലും നാളെ സര്‍വശക്തനെ അഭിമുഖീകരിക്കേണ്ടിവരുേമ്പാള്‍ ഞാന്‍ തളര്‍ന്നുപോവേണ്ടിവരില്ല എന്ന ശുഭപ്രതീക്ഷ മാത്രമാണ് എന്നെ ജീവിപ്പിക്കുന്നത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍