അല്ലാഹുവിന്റെ അതിരുകളും ലിബറലിസത്തിന്റെ അതിരില്ലായ്മകളും
മനുഷ്യന് രണ്ട് സാധ്യതകളുണ്ട്. ഉത്കൃഷ്ടനാകാനും നികൃഷ്ടനാകാനുമുള്ള സാധ്യതകള്‍. ഇത് പരിഗണിച്ചുകൊണ്ടാണ് മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്. ഇവ സ്വീകരിച്ച് ജീവിതം നന്നാക്കിയവന്‍ വിജയിക്കുകയും കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെടുകയും ചെയ്യുന്നു (ഖുര്‍ആന്‍ 91: 9-10). തുടര്‍ന്നുള്ള അസംഖ്യം പ്രവാചകന്മാരിലൂടെ ആദര്‍ശ-വിശ്വാസങ്ങളുടെ ശക്തമായ അടിത്തറ നിര്‍മിക്കപ്പെടുകയും അന്ത്യപ്രവാചകനിലൂടെ സമ്പൂര്‍ണമാവുകയും ചെയ്ത ദൈവിക മതം, സകല മനുഷ്യരുടെയും ഇഹപര വിജയത്തിനു വേണ്ട നിയമനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
മനുഷ്യന്റെ വ്യക്തി-സ്വകാര്യ-സാമൂഹിക ജീവിതത്തി
നും, മറ്റു വ്യവഹാരങ്ങള്‍ക്കും അല്ലാഹു നിശ്ചയിച്ച അതിരുകളുണ്ട്. അവ ലംഘിക്കുന്നവര്‍ക്ക് സ്വയം തിരുത്താനുതകുന്ന ശിക്ഷകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 'ഹുദൂദുല്ലാഹ്' (അല്ലാഹുവിന്റെ അതിരുകള്‍) അതാണ്. മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മിക അടിത്തറ സംരക്ഷിക്കുന്നതിന് അല്ലാഹു നിര്‍ണയിച്ച അതിരുകളാണ് ഹുദൂദുല്ലാഹ്. എന്നാല്‍ അല്ലാഹു നിര്‍ണയിച്ച ഈ നിയന്ത്രണങ്ങള്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെ മേല്‍ ഇസ്ലാം അടിച്ചേല്‍പിച്ച വിലക്കുകളാണെന്ന് ആരോപിക്കുകയും അവ ഭേദിച്ച് സ്വതന്ത്രമാകണമെന്ന് ആഹ്വാനം ചെയ്യുകയുമാണ് ലിബറലിസം അഥവാ ഉദാരതാവാദം. ഇസ്‌ലാമിനെ വിലക്കുകളുടെയും നിരോധങ്ങളുടെയും മതമായി അവതരിപ്പിക്കലും, വിലക്കുകളും നിയന്ത്രണങ്ങളുമില്ലാത്ത ലിബറലിസത്തിന്റെ ലോകത്തെ മഹത്വവല്‍ക്കരിക്കലുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ലിബറലിസം മുന്നോട്ടു വെക്കുന്ന സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല. അല്ലാഹുവിന്റെ പരിധികളും (ഹുദൂദുല്ലാഹ്) ഉദാരതാവാദവും ആ നിലയില്‍ മനസ്സിലാക്കേണ്ടതുണ്ട്.
അല്ലാഹുവിന്റെ അതിരുകള്‍
ശിക്ഷ, ശാസന, അതിര്, പരിധി എന്നിങ്ങനെയാണ് ഹുദൂദിന്റെ ഭാഷാര്‍ഥങ്ങള്‍. 'ഹുദൂദുദ്ദൗല'ക്ക് രാജ്യാതിര്‍ത്തികള്‍ എന്ന് അര്‍ഥം. അല്ലാഹുവിന്റെ നിയമങ്ങള്‍, അല്ലാഹുവിന്റെ പരിധികള്‍ എന്നിവയൊക്കെ ഹൂദൂദുല്ലാഹ് എന്നതിന്റെ വിവക്ഷയാണ്. ഈ പ്രയോഗം ഖുര്‍ആനില്‍ പതിനാലോളം തവണ വന്നിട്ടുണ്ട്. ഇമാം ഇബ്‌നുതൈമിയ്യ ഹുദൂദുല്ലായെ വിശദീകരിക്കുന്നത്, ഒരു കാര്യത്തെ സമീപിക്കുന്നതോ അത് പ്രവര്‍ത്തിക്കാന്‍ തുനിയുന്നതു തന്നെയോ നിഷിദ്ധമാക്കപ്പെട്ട, അത് പ്രവര്‍ത്തിക്കുന്നതിലൂടെ ഹദ്ദിന് അഥവാ ശിക്ഷക്ക് വിധേയമായിത്തീരുന്ന അല്ലാഹുവിന്റെ നിയമങ്ങള്‍ എന്നാണ്. ഖുര്‍ആനില്‍ അല്ലാഹുവിന്റെ പരിധികളെ സംബന്ധിച്ച് 'അവയോടടുത്തു പോകരുത്' (2:187) എന്നും 'അവയെ മറികടക്കരുത്' (2:229) എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ വിലക്കുകളെയും പരിധികളെയും മറികടക്കരുത് എന്നാണര്‍ഥം. അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കുന്നത് അവന്റെ അധികാരത്തെ ധിക്കരിക്കലാകുന്നു.
ഈ അതിരുകള്‍ നിര്‍ണയിച്ചത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളായി ഇസ്‌ലാം കാണുന്ന ആറു കാര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ്. മതം, ശരീരം, ബുദ്ധി, കുടുംബം, സമ്പത്ത്, അഭിമാനം എന്നിവയുടെ സംരക്ഷണത്തിന് വേണ്ടി യഥാക്രമം, മുര്‍ത്തദ്ദുകളുടെ മേലുള്ള ഹദ്ദ്, കൊലപാതകത്തിനുള്ള ഹദ്ദ്, മദ്യപാനത്തിനുള്ള ഹദ്ദ്, വ്യഭിചാരത്തിനുള്ള ഹദ്ദ്, മോഷണത്തിനുള്ള ഹദ്ദ്, ആരോപണത്തിനുള്ള ഹദ്ദ് തുടങ്ങിയവ നിയമമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവര്‍ സ്വന്തത്തോടു തന്നെ അക്രമം പ്രവര്‍ത്തിച്ചവരാകുന്നു (ത്വലാഖ്: 1). 'അല്ലാഹുവിന്റെ ഹുദൂദുകളെ സംരക്ഷിക്കുന്നവര്‍' എന്നത് സത്യവിശ്വാസികളുടെ വിശേഷണമായി ഖുര്‍ആന്‍ (തൗബ: 112) പ്രസ്താവിച്ചിട്ടുമുണ്ട്.
ലിബറലിസവും സ്വാതന്ത്ര്യത്തിന്റെ അതിരുകളും
സമത്വം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ആധാരമാക്കി പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ രൂപംകൊണ്ട രാഷ്ട്രീയ തത്ത്വചിന്തയാണ് ലിബറലിസം അഥവാ ഉദാരതാ വാദം. ബ്രിട്ടീഷ് തത്ത്വശാസ്ത്രജ്ഞനായ ജോണ്‍ ലോക്ക് (1632-1704) ലിബറലിസത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1688-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഗ്ലോറിയസ് വിപ്ലവം, 1789-ലെ ഫ്രഞ്ച് വിപ്ലവം തുടങ്ങിയവയാണ് ലിബറലിസത്തിന് ജന്മം നല്‍കിയത്. മോെസ്‌ക്യു, ആഡം സ്മിത്ത് തുടങ്ങിയ ചിന്തകന്മാര്‍ ലിബറലിസത്തിന് സൈദ്ധാന്തിക അടിത്തറ നിര്‍മിച്ചു.
വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെ മുന്‍നിര്‍ത്തിയാണ് ലിബറലിസം നിലകൊള്ളുന്നത്. ജനാധിപത്യം, മതേതരത്വം, പൗരാവകാശം, ലിംഗസമത്വം, മാധ്യമ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമാവകാശം തുടങ്ങിയവക്കു വേണ്ടി വാദിക്കുന്നവര്‍ പക്ഷേ, ധാര്‍മികതയെ വികലമായ രീതിയിലാണ് സമീപിക്കുന്നത്. ധാര്‍മികതക്ക് മതം ആവശ്യമില്ല എന്ന കാഴ്ചപ്പാടാണ് ലിബറലിസം മുന്നോട്ടു വെക്കുന്നത്. 'ഒരു മനുഷ്യന്റെ ധാര്‍മികത അവന്റെ വിദ്യാഭ്യാസം, സാമൂഹിക ഇടപെടലുകള്‍, ആവശ്യകത, ദയ എന്നീ മൂല്യങ്ങളെ ആശ്രയിച്ചാണ്. അതിന് മതമൂല്യങ്ങളുടെ അനിവാര്യതയില്ല. മരണത്തിനു ശേഷമുള്ള ശിക്ഷ, പ്രതിഫലം എന്നിവയെ ആശ്രയിച്ച് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ എല്ലാ അര്‍ഥത്തിലും ദരിദ്രരാണ്' എന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ധാര്‍മികതയെ കുറിച്ച് പറയുന്നത്.
വ്യക്തിസ്വാതന്ത്ര്യത്തില്‍ മതം, ഭരണകൂടം എന്നിവ ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നതിലൂടെ മനുഷ്യന്റെ പരമാധികാരം(ടീ്‌ലൃലശഴി്യേ ീള ഔാമി) എന്ന കാഴ്ചപ്പാടാണ് ലിബറലിസം അവതരിപ്പിക്കുന്നത്. പരമമായ സ്വാതന്ത്ര്യം, എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍, വ്യക്തികളിലധിഷ്ഠിതമായ സാമൂഹികക്രമം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലിബറലിസം പക്ഷേ, യഥാര്‍ഥത്തില്‍ മുന്നോട്ടു വെക്കുന്നത് കുറ്റകരമായ സ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ അവകാശങ്ങളുടെ മേല്‍ കടന്നു കയറാനുള്ള അനുമതി. ഇതനുസരിച്ച് മനുഷ്യന് നന്നായി തോന്നുന്നത് നന്മയും, മോശമായി തോന്നുന്നത് തിന്മയുമായിരിക്കും. മനുഷ്യരുടെ നന്മതിന്മകള്‍ അവര്‍ തന്നെ തീരുമാനിക്കുന്നതാണെന്ന് ലിബറലിസം പറഞ്ഞുവെക്കുന്നു. പൊതുസമൂഹം തിന്മയായി കാണുന്ന കാര്യങ്ങള്‍ പലതും ലിബറലിസത്തെ സംബന്ധിച്ചേടത്തോളം നന്മയായിരിക്കും. കൊല, മോഷണം, മദ്യപാനം, വ്യഭിചാരം എന്നിവയിലെല്ലാം നേരത്തേ പറഞ്ഞ കാഴ്ചപ്പാടാണ് ലിബറലിസത്തിനുള്ളത്.
ഇസ്‌ലാമിനോടുള്ള ലിബറലിസത്തിന്റെ സമീപനം
ജോസഫ് എ. മസ്സദിന്റെ ഇസ്ലാം ഇന്‍ ലിബറലിസം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും ലിംഗസമത്വത്തിന്റെയും കേന്ദ്രമായി ലിബറല്‍ യൂറോപ്പ് സ്ഥാനാരോഹണം നടത്തിയത്, മറുവശത്ത് അസഹിഷ്ണുത, സ്ത്രീവിരുദ്ധത, ക്രൂരത എന്നിവയുടെ പ്രതിഛായയോടുകൂടി ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചു കൊണ്ടാണ്.''
ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വ്യക്തിസ്വാതന്ത്ര്യമില്ലായ്മയുടെയും അജ്ഞാനാന്ധകാരത്തിന്റെയും മതമായാണ് ഇസ്ലാമിനെ അവര്‍ ചിത്രീകരിക്കുന്നത്. സംഗീതം, ചലച്ചിത്രം, സാഹിത്യം തുടങ്ങിയ സര്‍ഗാവിഷ്‌കാരങ്ങളിലൂടെ ലിബറലിസം അതിന്റെ 'സമത്വസുന്ദര' പ്രതിഛായ നിര്‍മിക്കുന്നതിനോടൊപ്പം ഇസ്ലാമിനെ ഇകഴ്ത്താനും തെറ്റായ രീതിയില്‍ അവതരിപ്പിക്കാനും ശ്രമിച്ചുപോന്നിട്ടുണ്ട്. മനുഷ്യരുടെ ധാര്‍മികസംസ്‌കരണത്തിന് അല്ലാഹു നിശ്ചയിച്ച അതിരുകളെ ലിബറലിസം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു. ഇസ്‌ലാമിനെ വിലക്കുകളുടെ മാത്രം മതമായും ഇസ്‌ലാമിക പ്രമാണങ്ങളെ സ്ത്രീവിരുദ്ധമായും ലിബറലിസം അവതരിപ്പിക്കുന്നു.
ഇസ്‌ലാമിന്റെ വക്താക്കള്‍ പോലും ലിബറലിസത്തിന്റെ കെണിയില്‍ വീണുപോകുന്നു. ലിബറലിസം, യുക്തിവാദം, ഫെമിനിസം പോലുള്ളവയെ മുസ്‌ലിംകളില്‍ ചിലര്‍ ഫാഷനായി കൊണ്ടുനടക്കുന്നു്. 'ലിബറല്‍ മുസ്‌ലിം' എന്ന പുതിയ തരം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നുമില്ലെങ്കിലും ജിഹാദ്, ഹിജാബ്, പര്‍ദ പോലുള്ള സംജ്ഞകള്‍ കേള്‍ക്കുമ്പോഴേക്കു തന്നെ ചിലര്‍ക്ക് ഒരുതരം അപകര്‍ഷബോധവും ആത്മനിന്ദയും അനുഭവപ്പെടുന്നു.
ഇതൊരു തിരിച്ചുപോക്കാണ്; ഇസ്‌ലാമിന് മുമ്പുള്ള സംസ്‌കാരത്തിലേക്ക്, ജാഹിലിയ്യത്തിലേക്ക്. ''ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ തേടുന്നത്?'' (അല്‍മാഇദ: 50). ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍, ഇസ്‌ലാമിക സംസ്‌കാരത്തിനും നാഗരികതക്കും സ്വഭാവചര്യകള്‍ക്കും മനോഭാവത്തിനും വിരുദ്ധമായ ചെയ്തികളാണ് ജാഹിലിയ്യത്ത്. അനിസ്‌ലാമികതയുടെ പര്യായമായും ജാഹിലിയ്യത്ത് പ്രയോഗിക്കപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലേബലില്‍ ലിബറലിസം മുന്നോട്ടുവെക്കുന്ന ജീവിതരീതി യഥാര്‍ഥത്തില്‍ ജാഹിലിയ്യത്തിന്റേതാണ്. ദൈവേഛയില്‍നിന്ന് ദേഹേഛയിലേക്കാണ് ലിബറലിസം ക്ഷണിക്കുന്നത്. വ്യഭിചാരത്തെയും അവിഹിത ബന്ധങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിലുള്‍പ്പെടുത്തി കുടുംബജീവിതത്തെ തകര്‍ക്കുകയാണ് ലിബറലിസം. ''അല്ലാഹു ചേര്‍ക്കാന്‍ കല്‍പിച്ചവയെ മുറിച്ചുകളയുന്നവരും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും, അവര്‍ തന്നെയാണ് നഷ്ടക്കാര്‍'' (അല്‍ബഖറ: 27). അല്ലാഹുവിന്റെ അതിരുകള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷകള്‍ നിശ്ചയിക്കപ്പെട്ടത് സമൂഹം അരാജകത്വങ്ങളില്‍പെട്ട് തകരാതിരിക്കാനാണ്. നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇത്തരം ശിക്ഷകള്‍. ഈ ശിക്ഷകള്‍ നടപ്പാക്കിയപ്പോഴൊക്കെ മികച്ച സാമൂഹിക സുരക്ഷിതത്വം പ്രദാനം ചെയ്യാന്‍ അവക്ക് സാധിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ അടുക്കല്‍ ഇസ്‌ലാം മാത്രമാണ് ശരിയായ വഴി. അതല്ലാത്തവയെല്ലാം വര്‍ജിക്കേണ്ട ത്വാഗൂത്തുകളാണ്. ത്വാഗൂത്ത് എന്നാല്‍ അതിരു വിട്ടത്, പരിധിയില്‍നിന്ന് അകന്നത് എന്നെല്ലാമാണ് ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍, അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാനായി തെരഞ്ഞെടുക്കുന്നതോ അനുസരിക്കപ്പെടുന്നതോ പിന്തുടരപ്പെടുന്നതോ ആയ മുഴുവന്‍ വസ്തുക്കളും ദര്‍ശനങ്ങളുമാണ് 'ത്വാഗൂത്ത്'. ലിബറലിസം ത്വാഗൂത്താണ്, നിര്‍ബന്ധമായും വര്‍ജിക്കപ്പെടേണ്ടതാണത്. ലിബറലിസത്തെ പോലുള്ള ത്വാഗൂത്തുകളെ സ്വീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നത് അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കലും, അല്ലാഹുവിന്റെ പരിധിയെ ലംഘിക്കലുമാണ്. ''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കുന്നതാണ്'' (4:14). ''പശ്ചാത്തപിക്കുന്നവര്‍, ആരാധനയിലേര്‍പ്പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, നോമ്പനുഷ്ഠിക്കുന്നവര്‍, റുകൂഉം സുജൂദും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും മ്ലേഛതയില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കാത്തു സൂക്ഷിക്കുന്നവര്‍ (ഇങ്ങനെയുളള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (അത്തൗബ: 112).
Comments