Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

കേരള മുസ്‌ലിംകള്‍ തൊഴില്‍ മേഖലയിലെ കുതിപ്പും കിതപ്പും

കെ നജാത്തുല്ല

ഏതൊരു സമൂഹത്തിലും വിദ്യാഭ്യാസം കഴിഞ്ഞാല്‍ സാമൂഹിക ചലനാത്മകതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് തൊഴിലാണ്. വ്യക്തി, കുടുംബ, സമുദായ വളര്‍ച്ചയുടെ ഒരുപാട് ഘടകങ്ങളെ തൊഴില്‍ നിര്‍ണയിക്കുന്നു്. വിദ്യാഭ്യാസ നിലവാരവും തൊഴിലും തമ്മിലുള്ള നേര്‍ബന്ധം സ്വാഭാവികമാണ്. തൊഴില്‍ രംഗത്ത് കാലാന്തരത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു, വിദ്യാഭ്യാസ മേഖലയിലുണ്ടായ തോതിലുള്ള സമാനമായ വളര്‍ച്ച തൊഴില്‍ മേഖലയില്‍ സമുദായത്തിന് ലഭ്യമായിട്ടുണ്ടോ എന്നാണ് ഈ കുറിപ്പില്‍ പരിശോധിക്കുന്നത്.  

കേരളത്തില്‍, നിലവില്‍ പ്രഫഷനല്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ 14.81 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ലഭിക്കാവുന്നതിന്റെ പകുതിയില്‍ അല്‍പം കുടുതല്‍. ഈ മേഖലയില്‍ പകുതിയലധികം പേരും (55.81 ശതമാനം) ക്രൈസ്തവരാണ്. ഉന്നതജാതികള്‍ 13 ശതമാനവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ 16 ശതമാനത്തിലധികവുമാണ്. ഉയര്‍ന്ന ശമ്പളമുള്ള ജോലി ചെയ്യുന്നവരില്‍ 23 ശതമാനം മേല്‍ജാതി വിഭാഗങ്ങളും 36 ശതമാനം ക്രൈസ്തവരുമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളേക്കാള്‍ (22.50 ശതമാനം) വളരെ പിറകിലാണ് മുസ്‌ലിംകള്‍ (14 ശതമാനം).  വന്‍കിട ബിസിനസുകളില്‍ ഏര്‍പ്പെട്ടവരുടെ അവസ്ഥ പരിശോധിക്കുമ്പോഴും സമാന സാഹചര്യം കാണാന്‍ സാധിക്കും. ഒ.ബി.സി വിഭാഗം (37), ക്രൈസ്തവര്‍ (28), ഉന്നതജാതി (17) എന്നീ വിഭാഗങ്ങളാണ് ഏറ്റവും മുന്നില്‍. മുസ്‌ലിം പ്രാതിനിധ്യം 15 ശതമാനവും പട്ടിക വിഭാഗങ്ങള്‍ കേവലം മൂന്ന് ശതമാനവുമാണ്. വിദഗ്ധ തൊഴിലിന്റെ കാര്യത്തില്‍ മാത്രമാണ് മുസ്‌ലിം സമുദായം മുന്നില്‍ നില്‍ക്കുന്നത്. 38 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യമുള്ളത്. ഒബിസി (33), ക്രൈസ്തവര്‍ (16), ഉയര്‍ന്ന ജാതി (6), പട്ടിക വിഭാഗം (7) എന്നിങ്ങനെയാണ് ഇതര വിഭാഗങ്ങളുടെ പങ്കാളിത്തം. അവിദഗ്ധ തൊഴിലുകളുടെ കാര്യത്തില്‍ ഒ.ബി.സി വിഭാഗമാണ് (44) മുന്നില്‍. 16-ഉം 14-ഉം ശതമാനമാണ് യഥാക്രമം മുസ്‌ലിം, ക്രൈസ്തവ സാന്നിധ്യം. പട്ടിക വിഭാഗം അവിദഗ്ധ മേഖലയില്‍ 20 ശതമാനമുണ്ട്. ഉന്നത ജാതികള്‍ ആറ് ശതമാനവും. ചെറുകിട ബിസിനസ് മേഖലയില്‍ 28 ശതമാനം പ്രാതിനിധ്യം മുസ്‌ലിംകളുടേതും 32 ശതമാനം ക്രൈസ്തവരുടേതുമാണ്. ഒ.ബി.സി 23 ശതമാനവും ഉന്നതജാതി വിഭാഗങ്ങള്‍ 11 ശതമാനവുമാണ്. വന്‍കിട കര്‍ഷകരുടെ പങ്കാളിത്തം ഉന്നത ജാതി, ഒ.ബി.സി,  ക്രൈസ്തവര്‍, മുസ്‌ലിംകള്‍ എന്നിവരുടേത് യഥാക്രമം 13, 27, 27, 33 (ശതമാനത്തില്‍)എന്നിങ്ങനെയാണ്. ഇടത്തരം കര്‍ഷകരുടെ അനുപാതം 16, 30, 19, 16 എന്നിങ്ങനെയും. കര്‍ഷകത്തൊഴിലാളികളില്‍ ഒന്നര ശതമാനമാണ് മേല്‍ജാതി വിഭാഗം. ഒ.ബി.സി- 30 ശതമാനം, പട്ടിക വിഭാഗം- 28 ശതമാനം, ക്രൈസ്തവര്‍- 21 ശതമാനം, മുസ്‌ലിം- 19 ശതമാനം എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

മേല്‍കണക്കുകളില്‍നിന്നും വ്യക്തമാകുന്ന കാര്യം ഉയര്‍ന്ന വരുമാനമുള്ള പ്രഫഷനല്‍, ഉയര്‍ന്ന ശമ്പളമുള്ള ജോലി, വന്‍കിട വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ പൊതുവില്‍ ഉയര്‍ന്ന ജാതികളും ക്രൈസ്തവ സമൂഹവുമാണ് ആധിപത്യം പുലര്‍ത്തുന്നത്. താരതമ്യേന ഇടത്തരം വരുമാനവും തീരെ വരുമാനം കുറഞ്ഞതുമായ മേഖലകളിലാണ് മുസ്‌ലിം പ്രാതിനിധ്യം കൂടുതലായി കണ്ടുവരുന്നത്. വരുമാനവും സാമൂഹികപദവിയും കൂടുതലുള്ള ഒട്ടുമിക്ക മേഖലകളിലും മറ്റ് പിന്നാക്ക വിഭാഗങ്ങളേക്കാള്‍ പിറകിലാണ് മുസ്‌ലിംകള്‍. കേരളത്തിലാകട്ടെ വിവിധ തൊഴില്‍ മേഖലകളിലെ വേതനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. നിരക്ഷരനായ ഒരാള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ ഇരുപതിരട്ടിയാണ് പ്രഫഷനല്‍ യോഗ്യതയുള്ളയാള്‍ക്ക് ലഭിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസം നേടിയ ഒരാള്‍ക്ക് ലഭിക്കുന്നതിന്റെ ആറിരട്ടിയാണിത്. അതായത് തൊഴില്‍മേഖലയിലുള്ള ഈ അന്തരം ദാരിദ്ര്യത്തിന്റെ കൂടി സൂചകമാണ്.

വിവിധ തൊഴില്‍ മേഖലകളില്‍ ഇന്നത്തെ തലമുറയുടെ സാന്നിധ്യം, കഴിഞ്ഞ തലമുറയുടേതില്‍നിന്ന് ഏതളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കൂടി മനസ്സിലാക്കുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ സഞ്ചാരദിശ ബോധ്യമാവും. 

സംസ്ഥാനത്തെ പുതിയ തലമുറയിലെ 45.67 ശതമാനം പേര്‍ക്കും രക്ഷാകര്‍തൃ തലമുറയേക്കാള്‍ മികച്ച തൊഴില്‍ ലഭ്യമായിട്ടുണ്ട്. ക്രൈസ്തവ വിഭാഗമാണ് ഇക്കാര്യത്തില്‍ ഏറെ മുന്നിലുള്ളത് (51.61 ശതമാനം). മറ്റ് വിഭാഗങ്ങളെല്ലാം ഏകദേശം സംസ്ഥാന വളര്‍ച്ചക്കൊപ്പം തന്നെയാണുള്ളത്. മേല്‍ജാതി (44), ഒ.ബി.സി (42), പട്ടികവിഭാഗം (45), മുസ്‌ലിം (45.63) എന്നിങ്ങനെയാണവ. എന്നാല്‍ രക്ഷാകര്‍തൃ തലമുറയുടെ അതേ തൊഴില്‍ നിലവാരത്തിലെത്തിയവര്‍ സംസ്ഥാന തലത്തില്‍ 41.75 ശതമാനമാണ്. ഇക്കാര്യത്തില്‍ വിവിധ സമൂഹങ്ങള്‍ വലിയ അന്തരം കാണിക്കുന്നുണ്ട്. 48 ശതമാനം മേല്‍ജാതിക്കാര്‍ക്കും തല്‍സ്ഥിതി നിലനിര്‍ത്താന്‍ സാധിക്കുന്നു. സംസ്ഥാന നിലവാരത്തിനടുത്താണ് മുസ്‌ലിം സമുദായത്തിന്റെ (40 ശതമാനം) അവസ്ഥ. ഒ.ബി.സി വിഭാഗത്തിലെയും  പട്ടിക വിഭാഗത്തിലെയും 46 ശതമാനം പേര്‍, രക്ഷിതാക്കളില്‍നിന്നും പിറകോട്ടു പോകാതെ പിടിച്ച് നില്‍ക്കുന്നു. പുതിയ തലമുറയിലെ 12.58 ശതമാനത്തിനും രക്ഷിതാക്കളേക്കാള്‍ ഉയര്‍ന്ന തൊഴില്‍ ലഭ്യതയോ സമാന തൊഴില്‍ ലഭ്യതയോ ഇല്ലാതെ പിറകോട്ടു പോയവരാണ്. ഇതില്‍ ക്രൈസ്തവ, മുസ്‌ലിം (യഥാക്രമം 15,14 ശതമാനം) വിഭാഗങ്ങളൊഴികെയുള്ളവര്‍ സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച അവസ്ഥയിലാണുള്ളത്.

ഈ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ മേല്‍ജാതി, ഒ.ബി.സി വിഭാഗങ്ങളേക്കാള്‍ നേരിയ തോതില്‍ മുസ്‌ലിം സമുദായം ഉയര്‍ന്ന ചലനാത്മകത കാണിക്കുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ, ഇതിന്റെ മറുവശം, മുസ്‌ലിം സമുദായം കാണിക്കുന്ന പോസിറ്റീവ് ചലനാത്മകത താഴ്ന്ന നിലവാരത്തിലുള്ള, കുറഞ്ഞ വരുമാനവും സാമൂഹികപദവിയുമുള്ള തൊഴില്‍ മേഖലയിലാണ് എന്നതാണ്. താഴെ പറയുന്ന കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകളിലെ പുതിയ തലമുറയില്‍നിന്ന് പ്രഫഷനല്‍ മേഖലയില്‍ എത്തിപ്പെടുന്നവര്‍ മൂന്ന് ശതമാനമാണ്. ഇതില്‍ 63 ശതമാനം പേരുടെയും രക്ഷിതാക്കള്‍ പ്രഫഷനലുകളോ ഉയര്‍ന്ന ശമ്പളമുള്ള ജോലികളോ ഉള്ളവരാണ്. അവശേഷിക്കുന്ന 37 ശതമാനം കുറഞ്ഞ ശമ്പളക്കാരുടെയോ ബിസിനസുകാരുടെയോ മക്കളാണ്. അസംഘടിത, കാര്‍ഷിക, തൊഴില്‍ സുരക്ഷിതത്വം കുറഞ്ഞ തൊഴില്‍ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ മക്കളില്‍നിന്നും ഈ നിലയിലെത്തിപ്പെടുന്നവര്‍ തീരെ കുറവാണ്. 15.6 ശതമാനം പേര്‍ കുറഞ്ഞ ശമ്പളമുള്ള ജോലി ലഭിക്കുന്നവരാണെങ്കില്‍ അവരില്‍ 17 ശതമാനം പേരുടെയും രക്ഷിതാക്കളും സമാന ജോലികള്‍ നേടിയവരാണ്. അവശേഷിക്കുന്ന 80 ശതമാനത്തിലധികം അതിനേക്കാള്‍ വരുമാനം കുറഞ്ഞ തൊഴില്‍ സാഹചര്യമുള്ള രക്ഷിതാക്കളുടെ അനന്തര തലമുറയാണ്. ഇക്കാരണത്താലാണ് സംസ്ഥാനത്തിന്റെ ഉയരുന്ന ചലനാത്മകതക്കൊപ്പമാണ് മുസ്‌ലിം സമുദായം എന്ന് പ്രത്യക്ഷത്തില്‍ തോന്നാന്‍ കാരണം. തൊഴില്‍രംഗത്ത് വലിയൊരു കുതിച്ചുചാട്ടം മുസ്‌ലിം സമുദായത്തിനകത്ത് ഉണ്ടായിട്ടില്ലെന്നര്‍ഥം. 

പൊതുവെ കച്ചവടസമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് മുസ്‌ലിംകള്‍.  സമുദായത്തിലെ നിലവിലുള്ള തലമുറയില്‍ വന്‍കിട ബിസിനസ്സുകളിലേര്‍പ്പെട്ടവര്‍ 4.2 ശതമാനം ആണ്. ഇതില്‍ 55 ശതമാനവും ഉയര്‍ന്ന വരുമാനമുള്ള ഉദ്യോഗസ്ഥരുടെ മക്കളോ വന്‍കിട ബിസിനസ്സുകാരുടെ പിന്തുടര്‍ച്ചക്കാരോ ആണ്. അവശേഷിക്കുന്നവര്‍ താഴെ നിന്നും കയറി വന്നവരാണ്. അതേസമയം ചെറുകിട ബിസിനസ്സുകളില്‍ 17.9 ശതമാനം പങ്കാളിത്തമുണ്ട്. ഇതില്‍ 38 ശതമാനം അതേ പാരമ്പര്യമുള്ളവരോ ഉയര്‍ന്ന പ്രഫഷനല്‍ ജോലി/ശമ്പളം ലഭിച്ചവരുടെ മക്കളോ ആണ്. അവശേഷിക്കുന്ന 62 ശതമാനം തൊട്ടുതാഴെ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദഗ്ധ തൊഴിലാളികളുടെ മക്കളില്‍ 40 ശതമാനത്തിനു മാത്രമാണ് ഉയര്‍ന്ന തലങ്ങളിലേക്ക് കുതിക്കാനായിട്ടുള്ളത്. വന്‍കിട/ഇടത്തരം കര്‍ഷക കുടുംബങ്ങളില്‍നിന്നുള്ള ചെറിയൊരു വിഭാഗം സംഘടിത/ശമ്പളമുള്ള തൊഴില്‍ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. കര്‍ഷക തൊഴിലാളികള്‍, അവിദഗ്ധ തൊഴിലാളികള്‍ എന്നിവരുടെ പിന്‍തലമുറയിലെ നല്ലൊരു ശതമാനവും വിദഗ്ധ തൊഴില്‍, ചെറുകിട ബിസിനസ്, കുറഞ്ഞ ശമ്പളമുള്ള ജോലി എന്നിവയിലേക്ക് മാറിയിട്ടുണ്ട്. അതായത്, താഴെ തട്ടില്‍നിന്ന് നേരിയ തോതില്‍ മികച്ചു നില്‍ക്കുന്നതോ സമാനവരുമാനമുള്ളതോ ആയ മേഖലയിലേക്ക് മാറി എന്നതാണ് മുസ്‌ലിം സമുദായത്തിന്റെ തൊഴില്‍ മേഖലയിലുണ്ടായ മാറ്റം. ഇവയൊന്നും തന്നെ അവരുടെ സാമൂഹികാവസ്ഥയെ വന്‍തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന വിധത്തിലുള്ള സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് കാരണമാവില്ല. മറ്റൊരര്‍ഥത്തില്‍, മുസ്‌ലിം സമുദായത്തിനകത്ത് ഒരു ദരിദ്രസംസ്‌കാരം നിലനില്‍ക്കുന്നു, തലമുറകളിലൂടെ ആ സംസ്‌കാരം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. തൊഴില്‍ ലഭ്യതയും പുറംപിന്തുണയും (ഗള്‍ഫിലുള്ളവരുടെ വരുമാനം) ആശ്രയിച്ചിരിക്കുന്നു മുസ്‌ലിം സമുദായത്തിന്റെ തന്നെ അടുത്ത തലമുറയുടെ ചലനദിശ.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കൂടിയുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ ചലനാത്മകത(60.08)യേക്കാള്‍ കുറവാണ് തൊഴില്‍പരമായ ചലനാത്മകത(45.63). വിദ്യാഭ്യാസ മേഖലയിലുണ്ടായ മികവിനനുസരിച്ച് തൊഴില്‍പരമായ മികവ് ലഭ്യമായിട്ടില്ല എന്നാണിതിനര്‍ഥം. 

കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ ചലനാത്മകതയെ അളന്നെടുക്കാവുന്ന മറ്റൊരു ഉപാധിയാണ് ഗള്‍ഫ് പ്രവാസം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് ഇപ്പോഴും ഗള്‍ഫിന്റെ പിന്തുണ വലിയ തോതിലുണ്ട്. 26 ശതമാനമുള്ള കേരള മുസ്‌ലിംകളാണ് പ്രവാസത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. 42 ശതമാനമാണ് മുസ്‌ലിംകളുടെ പ്രവാസത്തിലെ സാന്നിധ്യം.  സംസ്ഥാനത്തെ നൂറില്‍ 24 വീടുകളില്‍ ഒരു പ്രവാസിയുണ്ടെങ്കില്‍ മുസ്‌ലിംകളിലത് നൂറില്‍ 43 ആണ്. ഗള്‍ഫ് പ്രവാസത്തിന്റെ കൂടി ബലത്തിലാണ് വിദ്യാഭ്യാസ രംഗത്ത് മുകളില്‍ വിശകലനം ചെയ്ത സ്വഭാവത്തിലുള്ള മുസ്‌ലിം വളര്‍ച്ച സാധ്യമായത്. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ഗള്‍ഫില്‍നിന്നുണ്ടായ തിരിച്ചുവരവിന് ആനുപാതികമായി നാട്ടില്‍ പ്രാതിനിധ്യമുറപ്പുവരുത്താവുന്ന തൊഴില്‍ വളര്‍ച്ച മുസ്‌ലിം സമൂഹത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റം, ഗള്‍ഫില്‍ ശമ്പളനിരക്ക് കുറഞ്ഞത്, ഗള്‍ഫ് സാമ്പത്തിക രംഗത്തുണ്ടായ ഇടിവ്, ദേശസാല്‍കൃത നയങ്ങള്‍ തുടങ്ങിയവ ഇതിന് കാരണമാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പുതുതലമുറ ഗള്‍ഫിതര രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയതും പ്രധാനപ്പെട്ട ഒരു കാരണമാണ്. ഗള്‍ഫ് പ്രവാസികളില്‍ 50 ശതമാനത്തിലധികം  ഹയര്‍ സെക്കന്ററി, ഡിഗ്രി യോഗ്യതയുള്ളവരാണ്. മുസ്‌ലിം സമുദായത്തിലും നിലവിലുള്ള തലമുറ ഇതിനപ്പുറത്തേക്ക് കടക്കാതെ നില്‍ക്കുന്നു എന്ന് മുമ്പ് പറഞ്ഞല്ലോ. മൊത്തം ഗള്‍ഫ് പ്രവാസത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം കുറവ് വന്നപ്പോഴും മുസ്‌ലിം പ്രാതിനിധ്യം രണ്ട് ശതമാനത്തിനടുത്ത് വര്‍ധിക്കാനുള്ള കാരണം ഇതില്‍നിന്നും മനസ്സിലാക്കാം.

ഇതാണ് വസ്തുതകള്‍. എന്നാല്‍, കേരളത്തിലെ മുസ്‌ലിംകളെ കുറിച്ച് അവതരിപ്പിക്കപ്പെടുന്ന ചിത്രം ഇങ്ങനെയല്ല. മുസ്‌ലിംകള്‍ക്ക് കേരളത്തില്‍ വലിയ മുന്നേറ്റം സാധ്യമായിട്ടുണ്ട്, സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവര്‍ ഏറെ മുന്നിലാണ്, പ്രാതിനിധ്യം വളരെ കൂടുതലാണ്, അനര്‍ഹമായത് നേടിയെടുക്കുന്നു എന്നിങ്ങനെ നീണ്ടുപോകുന്നു അത്. മുസ്‌ലിം സമുദായത്തില്‍ തന്നെയും നല്ലൊരു വിഭാഗം ഇങ്ങനെ വിശ്വസിക്കുന്നു, അങ്ങനെ പ്രചരിപ്പിക്കുന്നവരുമുണ്ട്; അതിനാല്‍തന്നെ പ്രതിരോധത്തിലായവരുമുണ്ട്. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കിടയിലെ വിരലിലെണ്ണാവുന്ന സമ്പന്നരുടെ വര്‍ധിച്ച ദൃശ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസേവന സംരംഭങ്ങള്‍, മാധ്യമ-പ്രസിദ്ധീകരണ സംരംഭങ്ങള്‍, ആരാധനാലയങ്ങളും അനുബന്ധ സംവിധാനങ്ങളും എന്നിവയുടെ സാന്നിധ്യവുമാണ് ഈ ഒരു പ്രതീതി സൃഷ്ടിച്ചത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പിനുള്ള ന്യായമായും ഇത്തരം പ്രതീതികള്‍ ആവശ്യമായിരുന്നു. ഗള്‍ഫ് മലയാളികളില്‍നിന്നും സ്വദേശികളില്‍നിന്നും പിരിവെടുത്തും അത്യധ്വാനം ചെയ്തുമാണ് ഈ സംരംഭങ്ങളൊക്കെയും സമുദായം നിലനിര്‍ത്തിപ്പോരുന്നത്. ഒരു പൗരസമൂഹം എന്ന നിലക്ക് ഒരു ജനാധിപത്യ സമൂഹത്തില്‍ പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും വേണ്ടി അമിതഭാരം (ഛ്‌ലൃയൗൃറലി) വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ് മുസ്‌ലിം സമുദായം. ബോധപൂര്‍വം അദൃശ്യമാക്കപ്പെടുന്ന വിഭാഗം സ്വന്തം  ദൃശ്യത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണല്ലോ. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട പ്രതീതി, യാഥാര്‍ഥ്യമല്ല എന്നാണ് ഈ പഠനം പറഞ്ഞുവെക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍