മനുഷ്യനും പ്രകൃതിയുംപുനര്‍വിചിന്തനത്തിന്റെ പൊരുളും പാഠവും
ഇബ്‌നു ഉമറും ഉബൈദുബ്‌നു ഉമൈറും ഒരിക്കല്‍ ആഇശ(റ)യെ സന്ദര്‍ശിച്ചു. പ്രവാചകനില്‍ ക ഏറ്റവും അത്ഭുതകരമായ ഒരു കാര്യം വിശദീകരിക്കാന്‍ അവര്‍ നബിപത്‌നിയോട് അപേക്ഷിച്ചു. മഹതി ആഇശയുടെ കവിളിണ കണ്ണീര്‍കണങ്ങള്‍കൊണ്ട് സജലമായി. വിതുമ്പുന്ന അധരങ്ങളോടെ ആഇശ(റ) പറഞ്ഞുതുടങ്ങി. തിരുമേനിയുടെ എല്ലാ കാര്യങ്ങളും അത്ഭുതകരമായിരുന്നു. ഒരു രാത്രി പ്രവാചകന്‍ അടുത്തു വന്ന് പറഞ്ഞു: 'മഹത്വമുടയവനും പ്രതാപശാലിയുമായ എന്റെ നാഥന് ഇബാദത്ത് ചെയ്യാന്‍ എന്നെ അനുവദിക്കണം.' അപ്പോള്‍ ആഇശ പറഞ്ഞു: 'ഞാന്‍ അങ്ങയുടെ സാമീപ്യം വളരെയേറെ കൊതിക്കുന്നു. എങ്കിലും റസൂലേ, താങ്കള്‍ താങ്കളുടെ നാഥന് ഇബാദത്ത് ചെയ്യുന്നത് അതിലേറെ ഇഷ്ടവുമാണ്.' ശേഷം പ്രവാചകന്‍ അംഗശുദ്ധി വരുത്തി. അധികമായി അല്‍പം പോലും വെള്ളം അദ്ദേഹം ഉപയോഗിച്ചില്ല. അനന്തരം നമസ്‌കാരത്തിലേര്‍പ്പെട്ടു. നമസ്‌കാരത്തില്‍ അദ്ദഹം കരയുന്നുണ്ടായിരുന്നു. കണ്ണീര്‍തുള്ളികള്‍ കവിളിണയിലൂടെ ഒഴുകി താടിരോമങ്ങളെ നനച്ചു. സുജൂദ് ചെയ്തുകൊണ്ടിരുന്നപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. ആ കണ്ണുനീര്‍ ഭൂമിയെയും നനച്ചു. വിശ്രമത്തിനായി അല്‍പം കിടന്നപ്പോഴും കരച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. സ്വുബ്ഹ് നമസ്‌കാരത്തിന്റെ വിളംബരത്തിന് ബിലാല്‍ വരുവോളം അത് തുടര്‍ന്നു. ബിലാല്‍ തിരുമേനിയോട് ചോദിച്ചു: 'തിരുദൂതരേ, എന്തിനാണ് അങ്ങ് ഇത്രയും കരയുന്നത്? സംഭവിച്ചതും ഇനി സംഭവിക്കാവുന്നതുമായ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു താങ്കള്‍ക്ക് പൊറുത്തു തന്നിട്ടുണ്ടല്ലോ?' തിരുമേനി മറുപടി പറഞ്ഞു: 'ബിലാലേ, നിനക്കെന്തറിയാം; ഈ രാത്രിയില്‍ അല്ലാഹു എനിക്ക് ഏതാനും സൂക്തങ്ങള്‍ അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇനി ഞാനെങ്ങനെ കരയാതിരിക്കും?' തിരുമേനി തുടര്‍ന്നു:
''ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശഭൂമിയുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ പറയും: ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍. അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ'' (ആലുഇംറാന്‍: 190,191).
അല്ലാഹു വേദപാഠത്തിലൂടെയും റസൂല്‍ തിരുമൊഴിയിലൂടെയും പരിചയപ്പെടുത്തിയത്, മാനവസമൂഹത്തിനു മുന്നില്‍ ലോകൈകനാഥന്‍ തുറന്നു വെച്ചിരിക്കുന്ന പ്രപഞ്ചം എന്ന പുസ്തകത്തെയാണ്. പരമാണു മുതല്‍ താരാപഥങ്ങളും ക്ഷീരപഥങ്ങളും ഉള്‍ക്കൊള്ളുന്ന അത്ഭുത പ്രപഞ്ചം. തൂണുകളില്ലാതെ നിലനില്‍ക്കുന്ന നീലാകാശം. അതില്‍ ചൂടുപകരുന്ന സൂര്യനും നിലാവഴക് പെയ്തിറങ്ങുന്ന പൗര്‍ണമി ചന്ദ്രനും. ജലവാഹിനികളായ കാര്‍മേഘങ്ങള്‍, ദൃഷ്ടിക്ക് ഗോചരവും അഗോചരവുമായ ദൃഷ്ടാന്തങ്ങളുടെ ആകാശവിസ്മയങ്ങള്‍. മഴവില്ലിന്റെ സ്പതവര്‍ണ രാജികള്‍. മുത്തുകളും പവിഴപ്പുറ്റുകളും മത്സ്യങ്ങളും നിറഞ്ഞ മഹാ സാഗരങ്ങള്‍. ഒരു ഭാഗത്ത് അരുവികളും തടാകങ്ങളും ഇടതടവില്ലാതെ ഒഴുകിപ്പരക്കുന്ന സമതല പ്രദേശങ്ങള്‍. മറുഭാഗത്ത് മാറ് വിടര്‍ത്തി നില്‍ക്കുന്ന പര്‍വതനിരകള്‍. സമതല പ്രദേശത്തെ ജലാശയങ്ങള്‍ വറ്റിവരണ്ട് ജലക്ഷാമം നേരിടുമ്പോള്‍ സമുദ്രനിരപ്പില്‍നിന്ന് അനേകായിരം അടി ഉയരത്തിലുള്ള തടാകങ്ങളില്‍ മത്സ്യവും മനുഷ്യരും ഉല്ലാസത്തോടെ നീന്തിത്തുടിക്കുന്നു.
ഒരുഭാഗത്ത് ജനങ്ങള്‍ അത്യുഷ്ണത്താല്‍ വിയര്‍ത്തു കുളിക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ അതിശൈത്യം കൊണ്ട് തണുത്തു വിറക്കുന്നു. നൃത്തം ചവിട്ടുന്ന മയില്‍, പാട്ടുപാടുന്ന കുയില്‍, ചിന്നം വിളിക്കുന്ന ആനകള്‍, ചന്തം നിറഞ്ഞ മാന്‍പേടകള്‍, കുതിച്ചോടുന്ന കുതിരകള്‍, മരുഭൂമിയില്‍ കിതക്കാതെ സഞ്ചരിക്കുന്ന ഒട്ടകങ്ങള്‍.... എല്ലാം ഈ തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിലെ വൈവിധ്യങ്ങളായ ഏടുകള്‍ മാത്രം. ആ പുസ്തകപ്പേജിലെ കാനനങ്ങള്‍ക്ക് എന്തൊരു ചാരുത! ഹരിതാഭമായ സസ്യലതാദികള്‍ക്കും വയലേലകള്‍ക്കും എന്തൊരു മനോഹാരിത! ഹരിതഭംഗി നിറഞ്ഞ കാനനച്ചേലകള്‍ കാട്ടുതീയില്‍പെട്ട് വെണ്ണീരായി അമരുമ്പോള്‍ മരീചിക നിറഞ്ഞ മരുഭൂമികള്‍ കോടമഞ്ഞ് നിറഞ്ഞ് തണുത്തു വിറക്കുന്നു. ഇങ്ങനെ ഈ തുറന്നുവെച്ചിരിക്കുന്ന പ്രപഞ്ചപുസ്തകത്തില്‍ ബുദ്ധിയും ചിന്തയുമുള്ളവര്‍ക്ക് എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍!
''ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍, രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍, മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍, അല്ലാഹു മാനത്തുനിന്നു വെള്ളമിറക്കി ജീവനറ്റ ഭൂമിക്ക് അതുവഴി ജീവനേകിയതില്‍, ഭൂമിയില്‍ എല്ലായിനം ജീവികളെയും വ്യാപിപ്പിച്ചതില്‍, കാറ്റിനെ തിരിച്ചുവിട്ടതില്‍, ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്'' (അല്‍ബഖറ 164).
നാം അധിവസിക്കുന്ന ഭൂമിയും ആവാസവ്യവസ്ഥയും ദൈവികമായ സൃഷ്ടിവൈവിധ്യങ്ങളും അലംഘനീയമായ ദൈവികനിയമത്തിന്റെ ഭാഗം തന്നെ. മഞ്ഞും മഴയും വെയിലും കുളിരും പ്രളയവും വരള്‍ച്ചയും, അതിശൈത്യവും അത്യുഷ്ണവും ഈ ഋതുഭേദങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കത്താല്‍ വീടുവിട്ടുപോയവര്‍ മാസങ്ങള്‍ക്കു ശേഷം വെള്ളത്തിനുവേണ്ടി നാടുവിട്ടുപോകുന്ന കാഴ്ച ഒരേസമയം അത്ഭുതകരവും ഗുണപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതുമാണ്. കൊടും ചൂടിന്റെ മറപിടിച്ച് ആദര്‍ശപോരാട്ടത്തില്‍നിന്ന് ഉള്‍വലിഞ്ഞ് വീടകങ്ങളില്‍ സന്തോഷിച്ച് ഹര്‍ഷപുളകിതരായവരോട് ഖുര്‍ആന്‍ നല്‍കിയ താക്കീത് ശ്രദ്ധേയമാണ്;
''ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്‍നിന്ന് പിന്മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നത് അവര്‍ക്ക് അനിഷ്ടകരമായി. അവര്‍ ഇങ്ങനെ പറയുകയും ചെയ്തു: 'ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിന് ഇറങ്ങി പുറപ്പെടേണ്ട.' പറയുക: നരകത്തീ അതിനേക്കാള്‍ കഠിനചൂടേറിയതാണ്. അവര്‍ ബോധവാന്മാരിയിരുന്നെങ്കില്‍ എത്ര നന്നായേനെ'' (അത്തൗബ 81).
അതിശൈത്യവും അത്യുഷ്ണവും സമശീതോഷ്ണവും നിറഞ്ഞ ഋതുഭേദങ്ങള്‍ സ്വാഭാവികമാണെന്നതോടൊപ്പം തന്നെ, ആവാസവ്യവസ്ഥയിലെ അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളില്‍ സ്വയം രക്ഷയും പ്രതിരോധവും സ്വീകരിക്കാനും നാം ബാധ്യസ്ഥരാണ്. കടലിന്റെ കുളിര്‍മയും തടാകങ്ങളുടെ സാന്നിധ്യവും കൈവഴികളായി ഒഴുകുന്ന പുഴകളും വിശാലമായ ഡാമുകളും തഴുകുന്ന നമ്മുടെ കേരളം അതിശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷിയാകുന്നു. കൊടുംചൂടില്‍ വെന്തുരുകുന്ന നമ്മുടെ നാട്ടില്‍ നൂറുകണക്കിനാളുകള്‍ക്കാണ് സൂര്യാതപമേറ്റത്. പലയിടങ്ങളിലും താപനില നാല്‍പത് ഡിഗ്രിയോട് അടുത്തിരിക്കുന്നു.
മനുഷ്യര്‍ മാത്രമല്ല പക്ഷിമൃഗാദികളും ഈ കൊടുംചൂടില്‍ വാടിക്കരിയുന്നു. സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് 12 യൂനിറ്റ് കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. വെയിലേറ്റ് തളര്‍ന്നുവീഴുന്ന സ്ഥിതിയിലേക്ക് കേരളം മാറുന്നു. സമശീതോഷ്ണമായ പ്രദേശങ്ങളും മഞ്ഞുപരക്കുന്ന പശ്ചിമഘട്ടങ്ങള്‍ പോലും കൊടുംചൂടില്‍ വിയര്‍ക്കുന്നു. അത്യുഷ്ണത്തിന്റെ ആത്മീയ പാഠങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളില്‍ സ്വീകരിക്കേണ്ട സൂക്ഷ്മതയും പ്രതിരോധവും സുരക്ഷയും, ശാരീരികവും ആരോഗ്യപരവുമായ മുന്‍കരുതലുകളും നാം സ്വീകരിക്കേണ്ടതുണ്ട്. ആത്മീയതയുടെ അകംപൊരുള്‍ വ്യക്തമാക്കുന്ന ഇസ്‌ലാം പരിരക്ഷയുടെ ഭൗതികമായ പ്രതിരോധ മാര്‍ഗങ്ങളും പഠിപ്പിക്കുന്ന സന്തുലിത ദര്‍ശമാണ്.
''അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളില്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുണ്ടാക്കി. നിങ്ങളെ ചൂടില്‍നിന്നു കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു. നിങ്ങള്‍ അനുസരമുള്ളവരാകാന്‍'' (അന്നഹ്ല്‍ 81).
ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ നിന്നുകൊ് പ്രസംഗം കേള്‍ക്കുകയാണ്. തിരുമേനി അയാളാരെന്ന് തിരക്കുന്നു. അദ്ദേഹം അബൂഇസ്‌റാഈലാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നും നില്‍ക്കുമെന്നും ഒരിക്കലും ഇരിക്കുകയില്ലെന്നും തണലത്ത് നില്‍ക്കാതെ വെയിലു കൊള്ളുമെന്നും മൗനം ഭജിക്കുമെന്നും നിരന്തരം നോമ്പു നോല്‍ക്കുമെന്നും നേര്‍ച്ച ചെയ്തിരിക്കുന്ന മനുഷ്യനാണ് അദ്ദേഹം. പ്രവാചകന്‍ അദ്ദേഹത്തോട് സംസാരിക്കാനും തണലു കൊള്ളാനും ഇരിക്കാനും നോമ്പു പൂര്‍ത്തിയാക്കാനും കല്‍പിച്ചു (ബുഖാരി).
പ്രകൃതിയുടെ കാഠിന്യത്തെയും അത്യുഷ്ണത്തെയും സ്വയം ഏറ്റുവാങ്ങുന്ന ആത്മഹത്യാപരമായ ത്യാഗത്തെ നബി(സ) നിരുത്സാഹപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്തത്. തിരുമേനി തന്നെയും കൊടുംചൂടില്‍ കുളിരു പകരുന്ന വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നു. വെള്ളമൊഴിച്ച് ശരീരം തണുപ്പിക്കുമായിരുന്നു. നോമ്പുകാരനായിരിക്കെത്തന്നെ കൊടും ചൂടുള്ള വേളകളില്‍ തലയില്‍ വെള്ളമൊഴിച്ച് ചൂടിന്റെ കാഠിന്യത്തെ പ്രതിരോധിച്ചിരുന്നു എന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലു്. പെരുമഴയത്തും കൊടും ചൂടിലും ജലക്ഷാമത്തിന്റെ വേളകളിലുമൊക്കെ തന്റെ അടിയാറുകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതും അവര്‍ അത് സ്വീകരിക്കുന്നതുമൊക്കെയാണ് പരമകാരുണികനായ നാഥന് ഏറെ ഇഷ്ടം. ഒപ്പം, കൊടും ചൂടിനെ ആരാധനകളുടെ കുളിര്‍മകൊണ്ട് തണുപ്പിക്കാന്‍ പ്രവാചകന്‍ അബൂദര്‍റുല്‍ ഗിഫാരിയെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സൂര്യന്‍ മധ്യാഹ്നത്തില്‍നിന്ന് തെറ്റി കത്തിനില്‍ക്കുന്ന കൊടുംചൂടില്‍ ഉച്ച നമസ്‌കാരം കൊണ്ട് കുളിര്‍മ പകരാനാണ് പ്രവാചകന്‍ അനുചരന്മാരോട് നിര്‍ദേശിച്ചത്.
അബൂഹുറയ്‌റ ഉദ്ധരിക്കുന്നു; ചൂട് കഠിനമായാല്‍ പ്രവാചകന്‍ നമസ്‌കാരത്തിലൂടെ തണുപ്പ് പകരാന്‍ നിര്‍ദേശിക്കും. അത്യുഷ്ണം നരകത്തിന്റെ ചെറിയൊരംശമാണെന്ന് ഓര്‍മിപ്പിക്കും (ബുഖാരി, മുസ്‌ലിം).
കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നല്‍കിയിട്ടുള്ള ഇളവുകളുടെ മറപറ്റി ആലസ്യത്തില്‍ അടിപ്പെട്ട് ഉത്തരവാദിത്തനിര്‍വഹണത്തില്‍ വീഴ്ചയും കൃത്യവിലോപവും ഉാകാന്‍ പാടുള്ളതല്ല. നിഷ്‌ക്രിയത്വവും ആലസ്യവും കൈവിട്ട്, ഇത്തരം വേളകളില്‍ കൊടും ചൂടുള്ള നരകത്തെ ഓര്‍ത്തു കര്‍മനിരതമാകാനുള്ള ഉള്‍പ്രേരണയും പ്രചോദനവും ആര്‍ജിക്കാന്‍ കഴിയണം. മേല്‍ക്കൂരയുടെ മറയില്ലാത്ത ഇടങ്ങളില്‍ ജനകോടികള്‍ ചൂടില്‍ വിയര്‍ത്തും തണുപ്പില്‍ വിറച്ചും കഴിഞ്ഞുകൂടുന്നു എന്ന തിരിച്ചറിവില്‍ ദൈവത്തോടുള്ള കൃതജ്ഞതാബോധം വളരണം. കൊടുംചൂടിന്റെ മറപിടിച്ച് തബൂക്കില്‍നിന്ന് വിട്ടുനിന്ന അലസന്മാരെ സംബന്ധിച്ച് ഇറങ്ങിയ സൂറത്തുത്തൗബയിലെ സൂക്തം ഇത്തരം വേളകളില്‍ അനുസ്മരിക്കാന്‍ കഴിയണം. ഒപ്പം ഈ ചൂടിനപ്പുറം പരലോകത്ത് സത്യനിഷേധികളുടെ ശിരസ്സിലൊഴിക്കുന്ന തിളച്ച വെള്ളത്തെ സംബന്ധിച്ച് ഓര്‍മയുണ്ടാകണം. ''സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലക്കു മീതെ തിളച്ച വെള്ളം ഒഴിക്കും'' (അല്‍ഹജ്ജ് 19).
സൂര്യാതപം പരിധിവിട്ടുയരുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷകരുടെയും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ വിലമതിക്കണം, ജാഗ്രത പുലര്‍ത്തണം. ശരീരത്തിന്റെ നിര്‍ജലീകരണം വഴി ഉണ്ടായേക്കാവുന്ന രോഗങ്ങള്‍ക്കുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗാണുക്കളുടെ പ്രസരണകേന്ദ്രങ്ങളെ നിര്‍മാര്‍ജനം ചെയ്യണം. ശുദ്ധമായ വായുവും ശുദ്ധമായ വെള്ളവും പരിശുദ്ധമായ രാജ്യവുമാണല്ലോ ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലെ നാടും നഗരവും. വസ്ത്രങ്ങള്‍ കാലാവസ്ഥക്ക് ചേര്‍ന്നതായിരിക്കണം. തൊഴില്‍ രംഗത്തുള്ളവര്‍ ലേബര്‍ കമീഷന്‍ ഉത്തരവുകള്‍ പാലിക്കുക. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞതായിരിക്കണം. തൊഴിലാളി മുതലാളിയുടെ അടിമയല്ലെന്നും മനുഷ്യസഹജമായ ശക്തി ദൗര്‍ബല്യങ്ങളുള്ള തന്റെ സഹോദരനാണെന്നുമുള്ള ആത്മവിചാരം തൊഴിലുടമക്കുണ്ടാകണം.
ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രകൃതിയോട് നാം ചെയ്ത മഹാപാതകങ്ങളെ സംബന്ധിച്ച ഗൗരവപൂര്‍ണമായ ചിന്തക്ക് അവസരമൊരുക്കണം. വ്യവസായശാലകളും ആര്‍ഭാടത്തിനുവേണ്ടി നിരത്തിലിറക്കുന്ന വാഹനങ്ങളും വമിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പ്രകൃതിയിലുണ്ടാക്കുന്ന വിപത്തിനെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. കടലും കരയും ആകാശവും മനുഷ്യന്‍ വിതച്ച വിഷവാതകങ്ങളാല്‍ ശ്വാസം മുട്ടി മരിക്കുന്നു. ജലാശയങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. പറവകള്‍ ചിറകറ്റുവീഴുന്നു. മനുഷ്യന്‍ സൂര്യാതപമേറ്റ് കുഴഞ്ഞുവീഴുന്നു. വികസനഭ്രമത്തിന്റെ ലഹരിയില്‍ മനുഷ്യന്‍ തന്റെ സഹജീവികളെയും ആവാസവ്യവസ്ഥകളെയും മറക്കുന്നു.
നടുക്കടലില്‍നിന്ന് അംഗശുദ്ധി വരുത്തുമ്പോഴും മിതത്വം പാലിക്കണമെന്ന് പഠിപ്പിച്ചിട്ടു് മുഹമ്മദ് നബി(സ). അദ്ദേഹത്തിന്റെ ശാസനാ നിര്‍ദേശങ്ങളും മൗനാനുവാദങ്ങള്‍ പോലും ശിരസ്സാ വഹിക്കേണ്ടവരാണ് വിശ്വാസിസമൂഹം. പള്ളിയുടെ പ്രവേശനകവാടത്തില്‍ കാല്‍കഴുകാനായി സജ്ജമാക്കിയ ജലസംഭരണിയില്‍നിന്ന് ആദ്യഘട്ടമെന്ന നിലയില്‍ എത്രയോ കപ്പ് വെള്ളം നാം അലസമായി കാലില്‍ കോരിയൊഴിക്കുന്നു. ശേഷം അകത്തു കടന്ന് അംഗശുദ്ധി വരുത്താന്‍ ഒരു മിതത്വവും പാലിക്കാതെ വെള്ളം യഥേഷ്ടം ഉപയോഗിക്കുന്നു. കുടിക്കാന്‍ വെള്ളമില്ലാതെ മനുഷ്യരും ജീവജാലങ്ങളും നരകിക്കുമ്പോള്‍ നാം ധൂര്‍ത്തടിച്ചുകളയുന്ന വെള്ളത്തിന്റെ അളവെത്രയാണ്!
കേരളത്തിലെ വൈദ്യുതോല്‍പാദനം അധികവും ഡാമുകളില്‍ സംഭരിച്ച വെള്ളമുപയോഗിച്ചാണ്. എന്നാല്‍, ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വേണ്ടി വീടും പരിസരവും അലങ്കാര വിളക്കുകള്‍ തൂക്കി പൊങ്ങച്ചം കാണിക്കുന്നവര്‍ ഒരേസമയം നഷ്ടപ്പെടുത്തുന്നത് അമൂല്യമായ വെള്ളവും വൈദ്യുതിയുമാണ്. ജലദൗര്‍ലഭ്യത്തിന്റെ സന്ദര്‍ഭങ്ങളിലും ജലം പാഴാക്കിക്കളയുന്നത് സമൂഹത്തോടും ജീവജാലങ്ങളോടും ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണ്.
പ്രകൃതിക്ക് പ്രപഞ്ചനാഥന്‍ നല്‍കിയ വരദാനമായിരുന്നു മരങ്ങള്‍. പക്ഷേ, അതൊക്കെയും വെട്ടിനശിപ്പിക്കുന്നതിലാണ് മനുഷ്യര്‍ക്ക് ഹരം. കാടുകയറി അധിനിവേശം നടത്തിയ മനുഷ്യനെ ഹിംസ്രജന്തുക്കള്‍ നാട്ടിലിറങ്ങി അക്രമിക്കുന്നു. ഹരിത ഭംഗി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയില്‍ വളര്‍ന്നു പന്തലിച്ചത് കോണ്‍ക്രീറ്റ് കാടുകളാണ്. ടൂറിസം കാടുകയറിയപ്പോള്‍ ഉണ്ടായത് മലിനമായ ജലാശയങ്ങള്‍, വറ്റിപ്പോയ തടാകങ്ങള്‍, ദാഹാര്‍ത്തരായ പക്ഷിമൃഗാദികള്‍. ഗൃഹാങ്കണങ്ങളില്‍ ഭൂമിയുടെ അവകാശികളായ ജീവജാലങ്ങള്‍ക്ക് പാനപാത്രമൊരുക്കുന്ന പുതിയ സംസ്‌കാരം നമ്മില്‍ വളര്‍ന്നുവരേണ്ടതുണ്ട്.
കാലില്‍ അണിഞ്ഞ പാദുകമഴിച്ച് ദാഹിച്ചു വലഞ്ഞ നായക്കു വെള്ളം കോരിക്കൊടുത്ത അപരാധിക്ക് സ്വര്‍ഗകവാടം തുറന്നുകിട്ടുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. വറുതിയുടെ വേളയില്‍ വെള്ളം വിറ്റ് പണം സമ്പാദിച്ച സ്വാര്‍ഥനായ റൂമയുടെ കിണര്‍ വാങ്ങി സമൂഹത്തിന് സമര്‍പ്പിക്കുന്നവന് സ്വര്‍ഗം വാഗ്ദാനം ചെയ്ത മുത്ത് നബിയാണ് ഉമ്മത്തിന്റെ എക്കാലത്തെയും മാതൃക. അങ്ങനെയാണല്ലോ ബിഅ്‌റു റൂമ ചരിത്രത്തില്‍ ബിഅ്‌റു ഉസ്മാനായി മാറിയത്. മസ്ജിദുന്നബവിയില്‍നിന്ന് അല്‍പദൂരം മാറി ഈന്തപ്പനയോലകളുടെ തണലില്‍ കുടിവെള്ള പദ്ധതിയുടെ ഇസ്‌ലാമിക നിദര്‍ശനമായി ഇന്നും നിലനില്‍ക്കുന്നു, ബിഅ്‌റു ഉസ്മാന്‍.
കത്തിജ്ജ്വലിക്കുന്ന സൂര്യനു കീഴെ ചുട്ടുപൊള്ളുന്ന ഭൂമിയെ തണുപ്പിക്കാനും മാനം കറുത്ത് മഴപെയ്യിക്കാനും പ്രപഞ്ചനാഥനു മുന്നില്‍ സമര്‍പ്പിക്കുന്ന ആരാധനാകര്‍മങ്ങള്‍ക്കും പാപമോചനങ്ങള്‍ക്കും സാധിക്കും.
ഹസന്‍ ബസ്വരിയുടെ മുന്നില്‍ ഒരാള്‍ കടന്നുവന്നു മഴ പെയ്യുന്നില്ലാ എന്ന് പരിഭവം പറഞ്ഞു. ഹസന്‍ ബസ്വരി പറഞ്ഞു: ''നീ അല്ലാഹുവിനോട് പാപമോചനം തേടുക''. കൊടും ദാരിദ്ര്യത്തിന്റെ പരാതിയുമായി മറ്റൊരാള്‍ കടന്നുവന്നു. ഹസന്‍ ബസ്വരി അദ്ദേഹത്തോടും പറഞ്ഞു: ''നീ അല്ലാഹുവിനോട് പാപമോചനം തേടുക.'' പ്രസവിക്കാത്ത ഭാര്യയെ സംബന്ധിച്ച പരിഭവവുമായിട്ടാണ് മൂന്നാമന്‍ കടന്നുവന്നത്. അവനോടും പറഞ്ഞു: ''അല്ലാഹുവിനോട് പാപമോചനം തേടുക.'' വരള്‍ച്ച ബാധിച്ച ഭൂമിയെ സംബന്ധിച്ച പരാതിയുമായിട്ടാണ് നാലാമന്‍ കടന്നുവന്നത്. അദ്ദേഹത്തോടും പറഞ്ഞത്, പാപമോചന പ്രാര്‍ഥനയെ സംബന്ധിച്ച്. സദസ്യര്‍ അത്ഭുതത്തോടെ ചോദിച്ചു: ''നാലു പരാതികള്‍ക്കും ഒരൊറ്റ പരിഹാരമാണല്ലോ താങ്കള്‍ നിര്‍ദേശിച്ചത്?''
''എന്റെ കൈവശമുള്ള പരിഹാരമല്ലേ എനിക്ക് പകര്‍ന്നുകൊടുക്കാന്‍ പറ്റൂ. അതിതാ കേട്ടോളൂ: 'ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനത്തിനു അര്‍ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവര്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും, അരുവികളൊഴുക്കിത്തരും'' (നൂഹ് 10-12).
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു നര്‍മം ഇങ്ങനെ:
പ്രിയങ്കരനായ സൂര്യാ.....
ചൂട് സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ്. ആ സെറ്റിംഗ്‌സില്‍ പോയി ബ്രൈറ്റ്‌നെസ് അല്‍പം കുറക്കാന്‍ പറ്റുമോ?
സൂര്യന്റെ മറുപടി:
പ്രിയങ്കരരായ ഭൂവാസികളേ...
എന്റെ ബ്രൈറ്റ്‌നസിന് ഒരു കുഴപ്പവുമില്ല. സെറ്റിംഗ്‌സിന് ഒരു മാറ്റവുമില്ല. നിങ്ങള്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക. കാര്‍ബണ്‍ വിഷം പരത്തുന്നത് നിര്‍ത്തുക. കോണ്‍ക്രീറ്റ് കാടുകള്‍ കുറക്കുക. തടാകങ്ങള്‍ സൃഷ്ടിക്കുക. യാന്ത്രികതയില്‍നിന്ന് മാനവികതയിലേക്ക് ചുവടുമാറ്റുക.
Comments