എ.കെ പാര്‍ട്ടി: തിരിച്ചടിയും മുന്നേറ്റവും
തുര്‍ക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി സഖ്യത്തിനു തന്നെയാണ് വിജയം. എന്നാല്‍, ചില പ്രധാന നഗരങ്ങള്‍ എ.കെ പാര്‍ട്ടിക്കു നഷ്ടപ്പെട്ടത് പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിക്കും. നഗരപ്രദേശങ്ങളില്‍ എ.കെ പാര്‍ട്ടിയുടെ സ്വീകാര്യതക്ക് കോട്ടം തട്ടിയെന്ന് വ്യക്തം. അങ്കാറ, ഇസ്തംബൂള്‍, അനാത്തോളിയ, ഇസ്മിര്‍, എസ്‌കിഷെഹര്‍, അദാന എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിയുടെ ജനകീയതയില്‍ ഇടിവുായി. എന്നാല്‍, ദേശീയ തലത്തില്‍ എ.കെ പാര്‍ട്ടിക്ക് 51.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് 38 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തുര്‍ക്കിയിലെ ആകെ നഗരസഭകളില്‍ 56 ശതമാനവും എ.കെ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ തന്നെ. മേയര്‍, മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി പ്രാദേശിക വിഷയങ്ങള്‍ക്കപ്പുറം അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്തത് തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പു റാലികളില്‍ ന്യൂസിലാന്റ് ഭീകരാക്രമണത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതും വിപരീതഫലം ഉണ്ടാക്കിയിട്ടുണ്ട്. തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധിയും നഗരപ്രദേശങ്ങളിലെ തിരിച്ചടികള്‍ക്ക് മുഖ്യ കാരണമാണ്. ഇസ്തംബൂളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മേയറായി ഉര്‍ദുഗാന്‍ അധികാരമേറ്റതുമുതല്‍ പിന്നീട് എ.കെ പാര്‍ട്ടി 18 വര്‍ഷം ഭരണം നടത്തിയ ഇസ്തംബൂളിലെ പരാജയം പാര്‍ട്ടിക്ക് കനത്ത ആഘാതം തന്നെയാണ്.
3,19,500-ലധികം വോട്ടുകള്‍ സാങ്കേതിക തകരാറുമൂലം അസാധുവായതിനാല്‍ സുപ്രീം ഇലക്ഷന്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ് എ.കെ പാര്‍ട്ടി. ഈ വോട്ടുകള്‍ ഇസ്തംബൂളിലെ രാഷ്ട്രീയമാറ്റത്തില്‍ നിര്‍ണായകമാവും. ഗ്രാമപ്രദേശങ്ങളിലും ചെറു നഗരങ്ങളിലും എ.കെ പാര്‍ട്ടി കൂടുതല്‍ ജനകീയമായി. ഒറ്റപ്പാര്‍ട്ടി ഭരണത്തിനപ്പുറം സഖ്യകക്ഷി സാധ്യത വീണ്ടുമുറപ്പിച്ച തെരഞ്ഞെടുപ്പാണിത്. പ്രതിപക്ഷ പാര്‍ട്ടികളായ കമാലിസ്റ്റ് സി.എച്ച്.പി, നാഷ്‌നലിസ്റ്റ് ഗുഡ് പാര്‍ട്ടി, മുന്‍ പ്രധാനമന്ത്രി നജ്മുദ്ദിന്‍ അര്‍ബകാന്റെ സആദത്ത് പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരുടെ സഖ്യമായ നേഷന്‍ അലയന്‍സിന്റെ (മില്ലത്ത് ഇത്തിഫാഖി) രാഷ്ട്രീയ സാധ്യത കൂടുതല്‍ ചര്‍ച്ചാവിധേയമായേക്കും. എം.എച്ച്.പിയുമായുള്ള സഖ്യത്തിലൂടെ എ.കെ പാര്‍ട്ടിക്ക് കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്. എം.എച്ച്.പിയുടെ വോട്ട്ബാങ്ക് പൂര്‍ണമായി സഖ്യകക്ഷിക്ക് ലഭിച്ചില്ല എന്നതിനാലാണ് പലയിടത്തും അത് പരാജയപ്പെടാനിടയായത്. എം.എച്ച്.പിയിലുടലെടുത്ത ഭിന്നതയും, ഭരണകൂടവുമായുള്ള രാഷ്ട്രീയ നീക്കുപോക്കുകളിലെ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുമാണ് ഇതിന്റെ കാരണങ്ങള്‍.
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനുമുമ്പ്
ദേശീയവാദികളായ എം.എച്ച്.പി യില്‍നിന്ന് വിഘടിച്ച ഇയി(കഥക) പാര്‍ട്ടി ഈ തെരഞ്ഞെടുപ്പോടെ നിഷ്പ്രഭമായി. കുര്‍ദ് ഭൂരിപക്ഷപ്രദേശങ്ങളില്‍ എ.കെ പാര്‍ട്ടിയുടെ വോട്ട് ശതമാനം വര്‍ധിച്ചത് പാര്‍ട്ടിയുടെ കുര്‍ദ് അനുകൂല നിലപാടുകളുടെ വിജയമാണ്. എര്‍സ്റും, മലാത്യ, മുശ്, ബിങ്കോള്‍, ഗാസിയേന്‍തേപ്, കിലിസ്, ഷാന്‍ലി ഉര്‍ഫ, അദിയമന്‍ എന്നീ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലെല്ലാം എ.കെ പാര്‍ട്ടി വലിയ മാര്‍ജിന്‍ വോട്ടോടുകൂടിയാണ് ജയിച്ചത്. കുര്‍ദിഷ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായ എച്ച്.ഡി.പി സ്വാധീനമേഖലകളായ ഷിര്‍നാക്, ബിറ്റ്‌ലിസ് അഗ്രി എന്നിവ എ.കെ പാര്‍ട്ടിക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചതും ശ്രദ്ധേയമാണ്. അഗ്രിയില്‍ 56 ശതമാനവും ഷിര്‍നാകില്‍ 62 ശതമാനവുമായി സ്വീകാര്യത ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നത് കുര്‍ദ്‌മേഖലകളിലെ മാറ്റം വിളിച്ചറിയിക്കുന്നുണ്ട്. 2014-ലെ തെരഞ്ഞെടുപ്പില്‍ കുര്‍ദ് പാര്‍ട്ടിയായ എച്ച്.ഡി.പിക്ക് പത്തു നഗരങ്ങളും 67 ജില്ലകളും ലഭിച്ചിരുന്നെങ്കില്‍, ഈ ഇലക്ഷനില്‍ യഥാക്രമം എട്ടു നഗരങ്ങളും 50 ജില്ലകളുമായി അത് കുറയുകയാണുണ്ടായത്. ദിയാര്‍ബകിറില്‍ എച്ച്.ഡി.പി സ്ഥാനം നിലനിര്‍ത്തി. മിക്ക കുര്‍ദിഷ് മേഖലകളിലും എച്ച്.ഡി.പിയെ പരാജയപ്പെടുത്താന്‍ എ.കെ പാര്‍ട്ടിക്ക് കഴിഞ്ഞു.
കുര്‍ദിഷ് തീവ്രവാദ ഗ്രൂപ്പായ പി.കെ.കെക്കെതിരെയുള്ള എ.കെ.പിയുടെ രാഷ്ട്രീയ സമ്മര്‍ദങ്ങളോട് കുര്‍ദ് ജനത അനുകൂല നിലപാട് സ്വീകരിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് ഹുസൈന്‍ ആല്‍പ്‌തെകിന്‍ 'ദി ന്യൂ തുര്‍ക്കി' യില്‍ എഴുതുന്നു. പതിവുപോലെ തുര്‍ക്കിയുടെ ദേശീയ- സുരക്ഷാമേഖലകളില്‍ എ.കെ പാര്‍ട്ടിയുടെ നയങ്ങള്‍ക്കപ്പുറം പ്രസ്താവ്യമായ നിലപാടുകള്‍ മുന്നോട്ടു വെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. തുര്‍ക്കിയുടെ ജനാധിപത്യപ്രക്രിയയെ കൂടുതല്‍ ദൃഢമാക്കാനും ഭരണകൂടത്തെ പുനരാലോചനക്ക് പ്രേരിപ്പിക്കാനും ഈ തെരഞ്ഞെടുപ്പിന് സാധിച്ചു എന്നതാണ് ശ്രദ്ധേയമായ വസ്തുത.
പ്രവാസവും പലായനവും പ്രമേയമാക്കുന്ന ലൈല അബൂ അലയുടെ രചനകള്‍
സുഡാനി നോവലിസ്റ്റ് ലൈല അബൂ അലയുടെ നോവലുകള്‍ അന്താരാഷ്ട്ര സാഹിത്യവൃത്തങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. 1999-ല്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച ലൈല അബു അല സ്വത്വം, പ്രവാസം, പലായനം, ആധ്യാത്മികത എന്നിവ പ്രമേയമാക്കിയാണ് കൂടുതല്‍ എഴുതുന്നത്. ഇംഗ്ലീഷില്‍ എഴുതുന്ന ഈ എഴുത്തുകാരിയുടെ കൃതികള്‍ പതിനാലോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1964-ല്‍ ജനിച്ച ലൈല അബൂ അല, ഖാര്‍ത്തും യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍നിന്ന് മാസ്റ്റേഴ്‌സും ഡോക്ടറേറ്റും നേടി. 2000 മുതല്‍ 2012 വരെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. പിന്നീട് സ്‌കോട്ട്‌ലാന്റില്‍ സ്ഥിരതാമസമാക്കി. The Translator (1999), Minaret (2005), Lyrics Ally (2010), The Kindness of Enemies (2015) എന്നിവയാണ് പ്രധാന നോവലുകള്‍. Coloured Lights (2001), Elsewhere, Home, Summer Maze (2017) എന്നീ മൂന്ന് ചെറുകഥാ സമാഹാരങ്ങളും, The Lion of Chechnya, Unseen Life എന്നീ നാടകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്.
ഒരു അറബ് മുസ്ലിം വനിതയുടെ വിചാരവികാരങ്ങള്‍ ലോകവുമായി പങ്കുവെക്കാനാണ് എഴുതാന്‍ ഇംഗ്ലീഷ് തെരഞ്ഞെടുത്തതെന്ന് ലൈല അബൂ അല പറയുന്നു. പാശ്ചാത്യലോകത്തെ മുസ്ലിം അഭയാര്‍ഥികള്‍ നേരിടുന്ന സംസ്‌കാരികവും സാമൂഹികവുമായ വെല്ലുവളികള്‍ അവരുടെ ഒരു മുഖ്യപ്രമേയമാണ്. സുഡാനി അഭയാര്‍ഥികളുടെ വിവിധ തുറകളിലെ പ്രശ്‌നങ്ങളും അവര്‍ കൃതികളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്‌ലാം എന്നത് സാംസ്‌കാരിക, രാഷ്ട്രീയ സ്വത്വം എന്നതിലുപരി, ജീവിതത്തിലെ അനിവാര്യഘടകമായി മനസ്സിലാക്കുന്നതിനാല്‍ വിശ്വാസത്തിന് സ്വത്വം, ജന്റര്‍, ദേശീയത, ക്ലാസ്, വംശം എന്നിവയേക്കാള്‍ തന്റെ രചനകളില്‍ സ്ഥാനമുണ്ടെന്ന് ലൈല അബൂ അല വിലയിരുത്തുന്നു. ഠവല ങൗലൌാ എന്ന കഥക്ക് ആഫ്രിക്കന്‍ സാഹിത്യത്തിനുള്ള കെന്‍ ഇന്റര്‍നാഷ്‌നല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.
Comments