എസ്. എച്ച് അല്‍ഹാദി
ആലപ്പുഴയുടെ മത-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സയ്യിദ് ഹുസൈന്‍ അല്‍ഹാദി (ആറ്റക്കോയ) തങ്ങള്‍ (73). നീണ്ട ഒരു കാലഘട്ടം മത സമുദായ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമായി അദ്ദേഹം പ്രശോഭിച്ചു.
ഉദ്ദാറത്ത് പൂക്കോയ തങ്ങളുടെയും പി.എം സുഹറാ ബീവിയുടെയും മകനായി ജനിച്ച അദ്ദേഹം ബാല്യകാലം മുതല്‍ തന്നെ മതാനുഷ്ഠാനങ്ങളില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും ഔത്സുക്യം കാണിച്ചിരുന്നു.
വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളെ ദീനിന്റെ പാതയില്‍ സംഘടിപ്പിക്കുന്നതിന് ആലപ്പുഴയില്‍ രൂപംകൊണ്ട ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു. നിരവധി സംരംഭങ്ങളില്‍ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് നടത്തിയ വര്‍ഗീയവിരുദ്ധ പ്രകടനത്തിനും ആലപ്പുഴ കടപ്പുറത്ത് നടത്തിയ ഐതിഹാസിക സമ്മേളനത്തിനും ചുക്കാന്‍ പിടിച്ചത് അല്‍ഹാദിയായിരുന്നു. കാലിക പ്രശ്‌നങ്ങളെക്കുറിച്ച് സമുദായത്തെ ഉദ്‌ബോധിപ്പിക്കാന്‍ നടത്തിയ നിരവധി കോര്‍ണര്‍ യോഗങ്ങളിലും നബിദിന സമ്മേളനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ മുസ്‌ലിംകളുടെ പൊതുവേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ്യ എന്ന സംഘടനയുടെ ഉപാധ്യക്ഷ സ്ഥാനത്തുവരെ അദ്ദേഹം എത്തിച്ചേര്‍ന്നു. ആലപ്പുഴ ശാഫി ജുമാമസ്ജിദ്, മക്കിടുഷാ പള്ളി എന്നീ പള്ളികളുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു.
രചനാ താല്‍പര്യവും പത്രപ്രവര്‍ത്തന അഭിരുചിയും യുവാവായിരിക്കെ തന്നെ അല്‍ ഹാദിയില്‍ പ്രകടമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് തന്റെ തൂലിക ചലിപ്പിക്കുന്നതില്‍ അല്‍ഹാദിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. ചന്ദ്രിക പത്രാധിപസമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആലപ്പുഴ പ്രസ്‌ക്ലബ് പ്രസിഡന്റ്, സീനിയര്‍ ജേര്‍ണലിസ്റ്റിസ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
പത്രപ്രവര്‍ത്തനത്തിലും രചനാ മേഖലകളിലും ഉണ്ടായിരുന്ന താല്‍പര്യം കാരണം ആരാമം എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തെ ഉദ്യുക്തനാക്കി. ആരാമത്തിന്റെ പ്രസിദ്ധീകരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു വനിതാ മാസിക എന്ന ചിന്തയുമായി ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു വരുന്നത്. ഈ ഘട്ടത്തില്‍ അല്‍ഹാദി തന്റെ സ്വന്തം ഉടമസ്ഥതയിലുള്ള 'ആരാമം' ജമാഅത്തിന്റെ വിദ്യാര്‍ഥിനി വിഭാഗമായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് എഴുതിക്കൊടുക്കുകയുണ്ടായി. അങ്ങനെയാണ് ആരാമം 1985-ല്‍ ജി.ഐ.ഒയുടെ മുഖപത്രമായി കോഴിക്കോട്ട് പിറവിയെടുത്തത്. അല്‍ഹാദിയുടെ സഹോദരീഭര്‍ത്താവും ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ അധ്യക്ഷനായിരുന്ന എസ്.എം തയ്യിബ്, മറ്റൊരു സഹോദരീഭര്‍ത്താവ് എടപ്പാളിലെ എ.കെ ബാവ എന്നിവരുടെ പ്രോത്സാഹനം ആരാമം കൈമാറുന്നതിന് അല്‍ഹാദിക്ക് പ്രേരകമായി. അല്‍ഹാദിയുടെ തന്നെ സഹോദരപുത്രനായ അഷ്‌കര്‍ എന്ന വ്യക്തിയായിരുന്നു തുടക്കത്തില്‍ ആരാമത്തിന്റെ ഡസ്‌കില്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം നിലക്ക് ആരംഭിച്ച ആരാമം ഇസ്‌ലാമിക പ്രസ്ഥാനത്തിന് കൈമാറുമ്പോള്‍ വളരെ വലിയ ലക്ഷ്യമാണ് അല്‍ഹാദിക്ക് ഉണ്ടായിരുന്നത്. ആയിരക്കണക്കിന് കോപ്പികളും പതിനായിരക്കണക്കിന് വായനക്കാരുമുള്ള ഒരു വലിയ പ്രസിദ്ധീകരണമായി അത് വളര്‍ന്നു വികസിക്കണമെന്നും അദ്ദേഹം അഭിലഷിച്ചു. ഓരോ മാസവും മലയാളിയുടെ വായനാമുറ്റത്ത് ആരാമം എത്തുമ്പോള്‍ അല്‍ഹാദിയുടെ ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് അനുഭവിക്കാന്‍ കഴിയുന്നത്. മുസ്‌ലിം സ്ത്രീകളില്‍ വൈജ്ഞാനികവും ചിന്താപരവുമായ നൂതന സരണി വെട്ടിത്തെളിക്കുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ആരാമത്തിന്റെ തുടക്കക്കാരന്‍ എന്ന നിലയില്‍ ആരാമം കുടുംബത്തിന്റെയും വായനക്കാരുടെയും പ്രാര്‍ഥനകളും ആദരവുകളും അല്‍ഹാദി അര്‍ഹിക്കുന്നുണ്ട്.
ഒരു വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്നു ഹാദി. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പൊതുസംരംഭങ്ങളിലും ക്രിയാത്മകമായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഓച്ചിറ ക്ലാപ്പനയിലെ ഈരിക്കല്‍ കുടുംബാംഗമായ നഫീസയാണ് ഭാര്യ.
മക്കള്‍: സുനി അല്‍ഹാദി (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം കൊച്ചി), ഹുമാം അല്‍ഹാദി (ഡി മീഡിയ ദുബൈ), സുഹൈല്‍ അല്‍ഹാദി (അല്‍നാശി ഓട്ടോ കെയര്‍, റിയാദ്), ഹുമൈദ അല്‍ഹാദി (അസി. പ്രഫ., എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം).
മരുമക്കള്‍: എം.കെ.എം ജാഫര്‍ (ന്യൂസ് എഡിറ്റര്‍, മാധ്യമം തിരുവനന്തപുരം), നജാസ് സത്താര്‍ (ഏരിയാ സെയില്‍സ് മാനേജര്‍, എയര്‍ടെല്‍ കോഴിക്കോട്), ജൗഹറാ ഹുമാം, നാഷിറ സുഹൈല്‍.
സഹോദരങ്ങള്‍: മുല്ലബീവി, മുത്തുബീവി, പരേതയായ നദിയ്യ ബീവി.
Comments