കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം കൊണ്ടുതന്നെയാണ്. പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ പൗരോഹിത്യം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്!
സുന്നത്തിന്റെ നിരാകരണമോ അനാചാരങ്ങളുടെ കുടിയിരുത്തലുകളോ മാത്രമല്ല അവര്‍ നടത്തുന്നത്; തൗഹീദിന്റെ അടിവേരിനു തന്നെ കത്തിവെക്കുകയാണ്.
തൗഹീദിനെക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്ത പാമരജനത്തെയാണ് പൗരോഹിത്യം ചൂഷണം ചെയ്യുന്നത്. പൊതുജനത്തിനു കലിമത്തുശ്ശഹാദയുടെ പൊരുളും അര്‍ഥ വ്യാപ്തിയും പഠിപ്പിച്ചാല്‍ പൗരോഹിത്യം പമ്പകടക്കുമെന്നും അതുവഴി അവരുടെ പോക്കറ്റിന്റെ കനം കുറയുമെന്നും മനസ്സിലാക്കിക്കൊുള്ള കളി തന്നെയാണിത്. 'രണ്ടു കലിമത്തുശ്ശഹാദ മനസ്സിലുറപ്പിച്ചു നാവുകൊണ്ടു വെളിവാക്കി പറയുക' എന്നുമാത്രം പഠിപ്പിച്ചു ഇവര്‍ അവസാനിപ്പിച്ചുകളയുന്നതും മറ്റൊന്നും കൊണ്ടല്ല.
കിസ്‌റ-കൈസര്‍ സാമ്രാജ്യങ്ങളെയും അവരുടെ ആരാധനാമൂര്‍ത്തികളെയും നംറൂദ്, ഖാറൂന്‍, ഫറോവമാരെയും മലര്‍ത്തിയടിച്ച വിശ്വമാനവ വിമോചന മുദ്രാവാക്യമായ കലിമത്തുശ്ശഹാദയെയാണിവര്‍ വിറ്റുകാശാക്കി കോട്ടകൊത്തളങ്ങള്‍ പണിതുയര്‍ത്തുന്നത്. അതേ, വിലമതിക്കാനാവാത്ത അല്ലാഹുവിന്റെ വാഗ്ദാനങ്ങളെ ഇവര്‍ 'കുറഞ്ഞ വിലയ്ക്കു വിറ്റുകൊണ്ടിരിക്കുന്നു'!
ലോകത്തിന്റെ ഗതിമാറ്റിയ, പ്രപഞ്ചത്തെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കു നയിച്ച ഈ വിമോചന സാക്ഷ്യവാക്യം മനുഷ്യമനസ്സിലാണ് വേരൂന്നേണ്ടത്.
'ചാണിനു ചാണായും മുഴത്തിനു മുഴമായും എന്റെ സമുദായം പൂര്‍വസമുദായത്തെ പിന്‍പറ്റും, എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ കടന്നാല്‍ ഇവരും അതിനു ശ്രമിക്കും' എന്ന പ്രവാചക മുന്നറിയിപ്പ് സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗാനത്തിലൂടെ ആരാധന നടത്തിവരുന്ന പൂര്‍വസമുദായത്തെ അവര്‍ തീര്‍ത്തും അനുകരിച്ചുകഴിഞ്ഞു. പാട്ടിലൂടെയായിത്തീരുന്നു ആരാധനകള്‍.
അബുദ്ദര്‍ദാഇന്റെ വിലാപം എത്ര സത്യം!
ക്ഷീരമുള്ളോരകിട്ടിലും കൊതുകിനു ചോരയാണു വേണ്ടത് (ഫെബ്രുവരി 22-ന്റെ മുഖവാക്കും കവര്‍ സ്റ്റോറിയും വായിച്ചപ്പോള്‍ തോന്നിയത്).
വീടിന്റെ സൗന്ദര്യം ആര്‍ഭാടങ്ങളിലല്ല
സ്വന്തമായി ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. മനസ്സിനും കണ്ണിനും കുളിര്‍മ നല്‍കാന്‍ കഴിയുന്ന, മാതാപിതാക്കളും നിഷ്‌കളങ്കരായ കുഞ്ഞുമുക്കളും ഭാര്യയും മറ്റുപല അനുഗ്രഹങ്ങളും കുടികൊള്ളുന്ന ഇടമാണല്ലോ വീട്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ശാന്തിയുടെ പൂന്തോപ്പാണ് അവരവരുടെ വീട്.
സാമ്പത്തികശേഷിയെ ആശ്രയിച്ചാവും സാധാരണ വീട് വെക്കുകയോ വാങ്ങുകയോ ചെയ്യുക. അണുകുടുംബമായാലും അഞ്ചാറ് ബെഡ്‌റൂമും രണ്ട് അടുക്കളയും വീടിനു വേണമെന്നത് നമ്മില്‍ പലരുടെയും ആഗ്രഹമാണ്. ആവശ്യമില്ലാത്ത പ്ലാനുകള്‍ അടിച്ചേല്‍പിക്കുന്ന എഞ്ചിനീയര്‍, മോഹങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കുടുംബക്കാര്‍, ഒരുപാട് പണം ധൂര്‍ത്തടിക്കേണ്ടിവരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് ഇങ്ങനെ പലവഴിക്ക് പണം പാഴാവുകയോ അമിതമാവുകയോ ചെയ്യുന്നു.
പല വര്‍ഷങ്ങളെടുത്ത് പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു വീടിന്റെ പണിപൂര്‍ത്തിയാക്കി വീടുതാമസം തുടങ്ങാന്‍ ഒരു പ്രവാസി മൂന്നര കോടിയോളം രൂപയായിരുന്നു ചെലവഴിച്ചത്. പക്ഷേ, ആ മനോഹര ഹര്‍മ്യത്തില്‍ ജീവിക്കാന്‍ ദൈവം തമ്പുരാന്‍ അദ്ദേഹത്തിന് കനിഞ്ഞുനല്‍കിയത് വെറും മൂന്നേ മൂന്നു ദിവസവും.
താമസിക്കുന്നവര്‍ക്കു മാത്രമല്ല വീട്ടില്‍ വന്നുപോകുന്നവര്‍ക്കും ബന്ധുജനങ്ങള്‍ക്കും മറ്റു സ്വര്‍ഗീയാനുഭൂതി നല്‍കുന്നതായിരിക്കണം തന്റെ വീടെന്ന അടങ്ങാത്ത മോഹം വെച്ചുപുലര്‍ത്തുന്നവരാണ് പലരും. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കും തന്റെ വീട്ടിലേക്കും ആകര്‍ഷിക്കാന്‍ ലക്ഷങ്ങളും കോടികളും വാരിവിതറുകയാണ് പലരും. പ്രത്യേകിച്ച് നമ്മുടെ പ്രവാസികള്‍. ഇത് വീടാണോ, കൗതുകങ്ങള്‍ നിറഞ്ഞ കാഴ്ചബംഗ്ലാവാണോ അതോ വലിയൊരു ഗ്യാലറിയാണോ എന്ന് തോന്നിപ്പോകും ചില വീടുകളില്‍ കയറിച്ചെന്നാല്‍.
കണ്ണഞ്ചിപ്പിക്കുന്ന മണിമാളികകളില്‍ താമസിച്ച് പൊങ്ങച്ചം കാണിക്കുന്നത് പുതിയ കാലത്തെ പ്രതിഭാസമല്ല. മലമുകളിലും പര്‍വതങ്ങള്‍ തുരന്നും വിസ്മയിപ്പിക്കുന്ന വീടുകളുണ്ടാക്കി അഹങ്കരിച്ചവരായിരുന്നു ഹൂദ് നബിയുടെയും സ്വാലിഹ് നബിയുടെയും കാലത്തെ ആദ്, സമൂദ് സമുദായങ്ങള്‍. ദൈവനിഷേധികളായ ആ ജനത അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അഹങ്കരിച്ചവരായിരുന്നു. ആദ്-സമൂദ് സമുദായങ്ങള്‍ക്കു വന്നു ഭവിച്ച ദൈവശിക്ഷയുടെ ഭയാനകത എക്കാലത്തെയും മനുഷ്യര്‍ക്ക് വലിയൊരു പാഠമാണ്.
വീടെന്ന അനുഗ്രഹത്തെ മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അഭിമാനിക്കാന്‍ കോടികള്‍ ദുര്‍വ്യയം ചെയ്യുന്നവര്‍ വിശുദ്ധ ഖുര്‍ആന്റെ താക്കീതുകളെ കണ്ടില്ലെന്നു നടിക്കുന്നു.
വീടെത്ര വലുതായാലും ചെറുതായാലും ആര്‍ഭാടങ്ങളും ധൂര്‍ത്തും ഒഴിവാക്കി മിതത്വം പാലിച്ചുകൊണ്ടുള്ള നിര്‍മിതിയും സംവിധാനങ്ങളുമായിരിക്കണം ഒരു വിശ്വാസിയുടെ വീടിന്റെ അകവും പുറവും. എങ്കില്‍ മാത്രമേ വീട്ടില്‍ വസിക്കുന്നവര്‍ക്ക് അഭിവൃദ്ധിയും ദൈവാനുഗ്രഹവും വന്നുചേരുകയുള്ളൂ.
മുഹമ്മദലി ഹുസൈന്‍, മട്ടാഞ്ചേരി
ജസീന്ത ആര്‍ഡേണ്‍: നിങ്ങള്‍ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്
ന്യൂസിലാന്റ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡണ്‍ കഴിഞ്ഞ ആഴ്ചകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഒരു പ്രധാനമന്ത്രി എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജസീന്ത ആര്‍ഡണ്‍. രാജ്യം ഒരു കൂട്ടക്കുരുതിയില്‍ തകര്‍ന്നിരിക്കുമ്പോള്‍ ജനങ്ങളെ ഇത്രയധികം ചേര്‍ത്തുനിര്‍ത്തിയ പ്രധാനമന്ത്രിയെ സമീപ ഭാവിയിലൊന്നും ലോകം ദര്‍ശിച്ചിട്ടില്ല. ലോക ജനത ജസീന്തയെ ആദരവോടെയാണ് സ്വീകരിച്ചത്. ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയുടെ സമീപം ഖുത്വ്ബ ശ്രവിക്കാനായി തടിച്ചുകൂടിയ 5000-ലധികം ആളുകളുടെ കൂടെ ജസീന്തയുമുണ്ടായിരുന്നു. മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി പര്‍ദയണിഞ്ഞാണ് അവര്‍ പള്ളി പരിസരത്തെത്തിയത്.
ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്പോഴും നിങ്ങള്‍ കാണിക്കുന്ന വിനയം വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഇതാദ്യമായല്ല നിങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. പ്രധാനമന്ത്രി പദത്തിലിരിക്കെ ഒരു പൊതു ആശുപത്രിയാണ് നിങ്ങള്‍ പ്രസവത്തിന് വേണ്ടി തെരഞ്ഞെടുത്തത്. ആഡംബരങ്ങളും സൗകര്യങ്ങളുമുള്ള ആശുപത്രികളില്‍ പോവാത്തത് ഞാനും ഒരു സാധാരണ വ്യക്തിയാണെന്ന ബോധ്യം കൊണ്ടാവണം. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ജസീന്ത പങ്കെടുത്തത് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ്. ഞാന്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ പോരാളി കൂടിയാണെന്ന് പ്രഖ്യാപിക്കാന്‍ കൂടിയായിരുന്നു അത്.
ജസീന്ത പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ! മുതിര്‍ന്ന നേതാക്കളുടെ പോലും വാക്കുകളില്‍ കാണപ്പെടാത്ത ആത്മാര്‍ഥതയും നിഷ്‌കളങ്കതയും മുപ്പത്തെട്ടുകാരിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ദുഃഖമത്രയും ഞങ്ങള്‍ക്ക് മനസ്സിലാവണമെന്നില്ല, എന്നാല്‍ എല്ലാ ഘട്ടത്തിലും നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞങ്ങള്‍ക്കാവും. ഞങ്ങളത് ചെയ്യുമെന്ന അവരുടെ വാക്കുകള്‍ ലോകം ഏറെ ആവേശത്തോടെയാണ് കേട്ടു നിന്നത്. മരിച്ചവര്‍ക്ക് വേണ്ടി സ്മാരകങ്ങള്‍ പണിയുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും അവര്‍ക്ക് വേണ്ടത് ആശ്വാസ വാക്കുകളാണെന്നും ലോകത്തോട് ജസീന്ത വിളിച്ച് പറഞ്ഞിരിക്കുന്നു.
അവിടത്തെ പ്രധാനമന്ത്രി മാത്രമല്ല, ആ നാട്ടുകാരും വല്ലാതെ അത്ഭുതപ്പെടുത്തുകയാണ്. രാജ്യത്തെ പ്രധാന പത്രങ്ങളില്‍ ഒന്നായ ഠവല ജൃല ൈഒരു പേജ് മുഴുവന്‍ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പുറത്തിറങ്ങിയത്. ക്രിക്കറ്റ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ നാഷ്‌നല്‍ എംബ്ലത്തിന്റെ രൂപത്തില്‍ ആളുകള്‍ നിരയായി നിന്ന് നമസ്‌കരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റ് യോഗം ആരംഭിച്ചതുമെല്ലാം ന്യൂസിലാന്റിലെ നന്മയെയാണ് വിളിച്ചോതുന്നത്. വിഷപ്പാമ്പില്ലാത്ത രാജ്യം മാത്രമല്ല ന്യൂസിലാന്റ്, വിഷമുക്തമായ മനസ്സുള്ളവരാണ് ന്യൂസിലാന്റുകാരെന്ന് നിങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. അതുകൊണ്ട് തന്നെയല്ലേ ജുമുഅക്ക് മുമ്പുള്ള ബാങ്ക് വിളി റേഡിയോയിലൂടെയും ചാനലുകളിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്തത്.
ജുമുഅ നമസ്‌കാരത്തിനു വേണ്ടി ഒരുമിച്ചു കൂടിയ ന്യൂസിലാന്റുകാര്‍ പകര്‍ന്ന് നല്‍കുന്ന സന്ദേശവും ഊര്‍ജവും ചെറുതല്ല. അക്രമണം നടന്ന സ്ഥലത്ത് അടുത്ത ആഴ്ച വീണ്ടും ആക്രമണം നടന്നേക്കുമെന്ന ആധിയില്‍ അവരാരും മാറിനിന്നില്ല. അല്‍ നൂര്‍ മസ്ജിദിന്റെ മുറ്റത്ത് അന്യമതസ്ഥര്‍ അര്‍പ്പിച്ച പൂക്കള്‍ വിളിച്ചോതുന്നുണ്ട്, ന്യൂസിലാന്റിലെ മത സാഹോദര്യത്തിന്റെ ആഴം.
ഒരു വംശീയ വെറിയന്‍ കാട്ടികൂട്ടിയ ക്രൂരകൃത്യത്തെ അതൊരു മാനസിക തകരാറുള്ള വ്യക്തി കാണിച്ച തമാശയായി നിങ്ങള്‍ എഴുതിത്തള്ളില്ല. ഒരു ശതമാനം വരുന്ന സമുദായത്തെ സഹോദര തുല്യരായി കാണാന്‍ നിങ്ങള്‍ കാണിച്ച ആവേശത്തിന് ആയിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധികാരികള്‍ക്കിടയില്‍ ജസീന്തയെ പോലെയുള്ളവര്‍ അഭിമാനമാണ്. സ്വന്തം സമുദായത്തിന്റെ നിലനില്‍പ്പിന് വേണ്ടി വാദിക്കുന്ന അധികാരികള്‍ക്കിടയില്‍ നിങ്ങള്‍ വേറിട്ട വ്യക്തിത്വമാണ്. ന്യൂനപക്ഷങ്ങളെ നാട് കടത്തണമെന്ന് മുറവിളി കൂട്ടുന്ന ലോകത്ത് നിങ്ങളൊരു അത്ഭുതമാണ്. പേരിനും പ്രശസ്തിക്കും വേണ്ടി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് ജസീന്തയില്‍ മാതൃകയുണ്ട്. പേര് പറയാന്‍ പോലും പാടില്ലെന്ന് നിങ്ങള്‍ അഭ്യര്‍ഥിച്ച ആ ഭീകരന് പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കുമെന്ന വിശ്വാസത്തോടെ.
എ.എസ് മുഹമ്മദ് അനസ്
Comments