ഇന്ത്യാ ചരിത്രത്തിന്റെ വര്‍ത്തമാനം
എത്ര വേഗത്തിലോടുന്ന വാഹനത്തിനും പിന്നിലേക്ക് മാത്രം കാഴ്ച കിട്ടുന്ന ഒരു കണ്ണാടി കാണും. മുന്നിലേക്കുള്ള ഏതു ശീഘ്രപ്രയാണത്തെയും സത്യത്തില്‍ നിര്‍ണയിക്കുന്നതും കൃത്യപ്പെടുത്തുന്നതും ഈ പിന്‍കാഴ്ചകള്‍ കൂടിയാണ്. കാലത്രയത്തിലൂടെ സഞ്ചാരികളാകുന്ന മനുഷ്യകുലത്തിന്റെ പ്രയാണഗതി നിര്‍ണയിക്കുന്നതും പിന്നിലേക്കുള്ള കണ്ണാടിക്കാഴ്ചയിലൂടെ തന്നെയായിരിക്കും. ഈ കണ്ണാടിക്കാഴ്ചയാണ് ചരിത്രം. പുതുകാല ഇന്ത്യ കടന്നുപോകുന്ന സവിശേഷമായ വര്‍ത്തമാനസന്ധിയില്‍ ഇന്ത്യന്‍ മുസ്ലിംകളെ കുറിച്ച ഏതൊരു ചരിത്രാന്വേഷണവും ഏറെ അനിവാര്യമാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കെ.ടി ഹുസൈന്റെ 'ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും' എന്ന ചരിത്രാന്വേഷണ പുസ്തകം പ്രസക്തമാകുന്നത്.
പടിഞ്ഞാറിന്റെ മുന്‍കൈയില്‍ രൂപപ്പെട്ട ഇന്തോളജി പഠനങ്ങള്‍ പരോക്ഷമായും ഓറിയന്റലിസ്റ്റ് ദുഷ്ട് പ്രത്യക്ഷമായും നിര്‍വഹിച്ചതാണ് ഇന്ന് ഇന്ത്യന്‍ ചരിത്രകാഴ്ച. ഇത്തരം രചനകള്‍ മധ്യകാല ഇന്ത്യാചരിത്രത്തെ അടയാളപ്പെടുത്തുന്നത് ഇസ്‌ലാമിക ഇന്ത്യയെന്നാണ്; ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളുടെ തീക്ഷ്ണകാലമെന്നും. ഒപ്പം ഇന്ത്യക്ക് സുവര്‍ണമായ ഒരു ഭൂതകാലമുണ്ടായിരുന്നെന്നും അതപ്പാടെ കശക്കിയെറിഞ്ഞത് ഈ മുസ്‌ലിം കാലമാണെന്നും അതിനാല്‍ തന്നെ ഈ ജനവിഭാഗം തീര്‍ച്ചയായും ദേശയുക്തിയില്‍നിന്ന് അപരമാക്കേണ്ട അസത്തുക്കളാണെന്നുമുള്ള പൊതുബോധം രൂപപ്പെടുത്തുന്നതില്‍ കൊളോണിയല്‍ ചരിത്ര വ്യവഹാരം വിജയിച്ചു. ഇങ്ങനെ രൂപപ്പെട്ടതാണ് പുതിയ ഇന്ത്യന്‍ ദേശീയത. ഇന്ത്യാ വിഭജനം മുതല്‍ ഇന്നത്തെ ഫാഷിസ്റ്റ് ദേശീയതയുടെ അട്ടഹാസം വരെ ഇതിന്റെ ഭാഗമാണ്. പക്ഷേ ചരിത്രത്തില്‍ സത്യമായും സംഭവിച്ചത് എന്താന്നെന്നു നാം അറിയണം. ഇത് കൊളോണിയല്‍ ചരിത്രനിര്‍മിതിയും അതില്‍ പ്രകോപിതരായ ബ്രാഹ്മണപ്രാമാണ്യവും ഇടപെട്ടു നിര്‍വഹിച്ച കൊടും ചതിയാണെന്നും നമുക്കറിയാം. മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വന്നവരാണെങ്കില്‍ അതേപോലെ ദേശമധ്യത്തിലേക്ക് അമ്പും വില്ലും കുതിരകളുമായി പടയോടി വന്നവരാണ് യജ്ഞ-യാഗബ്രാഹ്മണ്യവും. മാത്രമല്ല ഇവിടെ അധിവാസികളായ ആദിമ ജനതയെ കൊന്നും തുരത്തിയും നായാടിയും ഈ ദേശമാകെ അധിനിവേശിക്കുകയും അത് നിലനിര്‍ത്താന്‍ ജാതിബോധത്തിന്റെ മനുപ്രോക്തയുക്തിയിലേക്ക് ജനതയെയപ്പാടെ ചുരുട്ടിക്കെട്ടി ആധിപത്യം വാണവരുമാണവര്‍. കാലംകൊണ്ട് തദ്ദേശീയര്‍ വഴി നടക്കാന്‍ കൂടി അവകാശമില്ലാത്ത ചണ്ഡാളന്മാരായി മാറുകയും ചെയ്തു. യൂറോപ്യര്‍ക്കാകട്ടെ അവരുടെ അധിനിവേശത്തിന്റെ ആദ്യനാള്‍ തൊട്ടേ ദേശത്തിലെ സ്ഥാവര ജംഗമങ്ങള്‍ എങ്ങനെ യൂറോപ്പിലേക്ക് കട്ടു കടത്താം എന്ന ചിന്ത മാത്രമായിരുന്നു. അന്ന് ഇംഗ്ലണ്ടിനേക്കാള്‍ സമ്പന്നവും സമൃദ്ധവുമായിരുന്ന ഇന്ത്യ അങ്ങനെയാണ് മെലിഞ്ഞൊട്ടിയതും ഇംഗ്ലണ്ട് തടിച്ചുകൊഴുത്തതും. ഇന്ന് യൂറോപ്പ് നിലനില്‍ക്കുന്നത് നൂറ്റാണ്ടുകളോളം ഇന്ത്യയടക്കമുള്ള നാടുകളെ കൊള്ളയടിച്ചതിന്റെ മേദസ്സിലാണ്.
എന്നാല്‍ 712-ല്‍ ഇന്ത്യയിലേക്ക് വന്ന മുഹമ്മദ് ബ്‌നു ഖാസിം മുതല്‍ അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫര്‍ വരെ നൂറ്റാണ്ടുകളിലേക്ക് നീങ്ങുന്ന മുസ്‌ലിം രാജാക്കന്മാരൊക്കെയും ഇന്ത്യയില്‍ വന്നെത്തിയതു മുതല്‍ ദേശസാകല്യത്തില്‍ ലയിച്ചലിഞ്ഞവരായിരുന്നു. ദേശത്തിന്റെ പുരോഗതിയില്‍ ശ്രദ്ധിച്ചവരുമായിരുന്നു. ഇവിടത്തുകാരായി മാത്രം ജീവിക്കുകയും ഇന്ത്യ സ്വന്തം ദേശമായി പ്രഖ്യാപിക്കുകയും ചെയ്തവര്‍. അവരോ അവരുടെ തലമുറയോ ഒരിക്കല്‍ പോലും തിരിച്ചുപോയതേയില്ല. സ്വന്തം നാട്ടില്‍നിന്ന് ഇന്ത്യയിലേക്ക് പോരുമ്പോള്‍ അവിടെ നിന്നും സ്വത്തുവഹകള്‍ ഇങ്ങോട്ടു കൊണ്ടുവന്നതല്ലാതെ ഇവിടെ നിന്ന് ഒന്നുമേ ഇവര്‍ കടത്തിക്കൊണ്ടുപോയിട്ടില്ല. അവര്‍ ഈ നാടിനെ സ്നേഹിക്കുകയും നാടിനായി പ്രാണത്യാഗം പോലും നിര്‍വഹിക്കുകയും ചെയ്തു.
പക്ഷേ, 1498-ല്‍ ആരംഭിച്ച യൂറോപ്യന്‍ കൊള്ളയും ക്രൂരതയും നമുക്ക് എത്രയെളുപ്പം മറക്കാന്‍ പറ്റുന്നു! എന്നാല്‍ ഈ മണ്ണില്‍ ജീവിച്ച് ഈ മണ്ണില്‍ അലിഞ്ഞില്ലാതായ ഒരു വന്‍ ജനവിഭാഗം ദേശശത്രുക്കളാവുകയും അവരുടെ പിന്‍തലമുറ കൂടി ജനിച്ച ദേശത്ത് പൊറുക്കാന്‍ സ്വയം പ്രമാണങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ട സന്ദിഗ്ധ സന്ധിയിലാണ് എത്തിനില്‍ക്കുന്നത്. കൊളോണിയല്‍ കുരിശു ചരിത്ര യുക്തിയും യജ്ഞ-യാഗ ബ്രാഹ്മണ്യവും തമ്മില്‍ പൊരുത്തമായപ്പോള്‍ ദേശം അകപ്പെട്ട ഒരു വലിയ ചരിത്രപ്രതിസന്ധിയുണ്ട്. ഈ പ്രതിസന്ധിയെ സത്യസന്ധമായി അഭിമുഖീകരിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ഇതില്‍ ചരിത്രരചനയിലെ പ്രശ്നങ്ങള്‍ എന്ന ഒരു അധ്യായത്തില്‍ ഈ വിഷയമാണ് ഗഹനതയില്‍ ചര്‍ച്ച ചെയ്യുന്നത്. പിന്നീട് വരുന്നത് മുസ്‌ലിം ഭരണത്തിന്റെ സത്യസന്ധമായ വിലയിരുത്തലാണ്. സാമാന്യം ദീര്‍ഘമായ ഒരു പഠനമാണിത്. മുഹമ്മദു ബ്‌നു ഖാസിം മുതല്‍ ഔറംഗസീബ് ആലംഗീര്‍ വരെയുള്ള മുസ്‌ലിം ഭരണകൂടങ്ങളെ എഴുത്തുകാരന്‍ വിശകലനത്തിന് വെക്കുന്നു. എന്നിട്ട് തന്റെ സൂക്ഷ്മമായ പ്രമാണയുക്തിക്ക് മുന്നില്‍ നിര്‍ത്തി നിഷ്‌കൃഷ്ടമായി വിചാരണ ചെയ്യുന്നു. ഈ വിചാരണായുക്തിക്കു മുന്നില്‍ കൊളോണിയല്‍ കുടിലതകളും ജാതിപ്രോക്ത ബ്രാഹ്മണ്യവും പാഷാണലേപനം പൂശി നിര്‍ത്തിയ ദേശചരിത്രത്തിന്റെ വ്യാജച്ചമയങ്ങള്‍ക്ക് തീപിടിക്കുന്നതു കണ്ട് വായനക്കാര്‍ സ്തബ്ധരാകും. പുസ്തകത്തില്‍ ഔറംഗസീബും ടിപ്പു സുല്‍ത്താനും ദേശത്ത് നിര്‍വഹിച്ച മഹത്തായ ദൗത്യങ്ങള്‍ എഴുത്തുകാരന്‍ വിശദമാക്കുന്നു്. എത്ര പക്ഷപാതപരമായാണ് ഇന്ന് നമ്മുടെ ദേശചരിത്ര മണ്ഡലം അവരോട് പെരുമാറുന്നത് എന്നു നാം തിരിച്ചറിയും.
പുസ്തകത്തിന്റെ മറ്റൊരു പ്രധാന വ്യവഹാരം പടര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയിലെ സൂഫി സാന്നിധ്യത്തെ പ്രതിയാണ്. ഖാജാ മുഈനുദ്ദീന്‍ ഛിശ്തി, ബഖ്തിയാര്‍ കാക്കി, ഫരീദുദ്ദീന്‍ ഗന്ജെ, ഹസ്രത്ത് നിസാമുദ്ദീന്‍ തുടങ്ങിയ മഹാജീവിതങ്ങള്‍ ഇസ്‌ലാമിന്റെ വ്യാപനത്തിനും പ്രചാരണത്തിനും ചെയ്ത വിശ്രുത സേവനങ്ങളാണിതില്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യയില്‍ അടിയുറപ്പുള്ളൊരു മുസ്‌ലിം സാമൂഹിക സ്വത്വം നിര്‍മിച്ചെടുക്കാന്‍ ബദ്ധപ്പെട്ട നിരവധി ധൈഷണിക പ്രസ്ഥാനങ്ങളുണ്ട്. ഈ നിര്‍വഹണങ്ങള്‍ പുസ്തകത്തില്‍ പ്രധാനമായൊരു ചര്‍ച്ചയാകുന്നു എന്നതും പ്രത്യേകതയാണ്. അഹ്മദ് ശഹീദും ഇസ്മാഈല്‍ ശഹീദും നേത്യത്വം നല്‍കിയ തഹ്‌രീകെ മുജാഹിദീന്‍, ബംഗാളിലെ കര്‍ഷകത്തൊഴിലാളികളിലും നെയ്ത്തു തൊഴിലാളികളിലും വന്‍ അടിത്തറയുണ്ടായിരുന്ന ഹാജി ശരീഅത്തുല്ലയുടെയും മകന്‍ ദാത്തുമിയാന്റെയും ഫറായിസി പ്രസ്ഥാനം, തിത്തുമീറിന്റെ പ്രസ്ഥാനം, ദയൂബന്ദ്-ഖിലാഫത്തു പ്രസ്ഥാനങ്ങള്‍, ഖുദായി ഖിദ്മത്തുഗാര്‍-ഖാക്സാര്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ. ഇവ സവിശേഷ സാമൂഹിക സന്ദര്‍ഭങ്ങളില്‍ രൂപപ്പെടുകയും അവയുടെ നിയോഗങ്ങള്‍ ഏറ്റെടുക്കുകയുമാണ്. അതുകൊണ്ട് ആ പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രം പ്രസക്തമാകുന്നതുമാണ്. ഇന്നിന്റെ പ്രതലത്തില്‍ ഇത് നിരീക്ഷിക്കുമ്പോള്‍ അതില്‍ പലതും ചിലപ്പോള്‍ അപ്രസക്തമായിരിക്കാം. പക്ഷേ, ചരിത്രകാരന്‍ ഇത്തരം പ്രസ്ഥാനങ്ങളെ അതതിന്റെ കാലബോധത്തില്‍ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ മുസ്‌ലിം ദേശീയതാ സ്വത്വത്തെ നിര്‍ണയിച്ച നിരവധി മഹാജന്മങ്ങളുണ്ട് നമുക്ക്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുമെങ്കിലും സൂക്ഷ്മ തലത്തില്‍ ഇവരൊക്കെയും ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുസ്വത്തുക്കള്‍ തന്നെയാണ്. അഹ്മദ് സര്‍ഹിന്ദി, ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, ശിബിലി നുഅ്മാനി, അല്ലാമാ ഇഖ്ബാല്‍, അലി സഹോദരന്മാര്‍, മഹ്മൂദുല്‍ ഹസന്‍ ദയൂബന്ദി, ഉബൈദുല്ലാ സിന്ധി, അബുല്‍ കലാം ആസാദ്, മുഹമ്മദലി ജിന്ന, മൗലാനാ ഇല്‍യാസ്, സയ്യിദ് മൗദൂദി, മുഹമ്മദ് ഇസ്മാഈല്‍, ഡോ സാകിര്‍ ഹുസൈന്‍, അബുല്‍ ഹസന്‍ അലി നദ്‌വി, അബുല്ലെസ് ഇസ്ലാഹി നദ്‌വി ഇങ്ങനെ ഇന്ത്യ ഉല്‍പാദിപ്പിച്ച മഹാജീവിതങ്ങളെ എഴുത്തുകാരന്‍ കണ്ടെടുക്കുന്നത് വളരെ സന്തുലിതമായ ഒരു പ്രതലത്തില്‍ നിന്നുകൊണ്ടാണ്. ജിന്ന മുന്നോട്ടുകൊണ്ടുപോയ മുസ്‌ലിം രാഷ്ട്രീയ വ്യവഹാരത്തോട് കാരുണ്യമില്ലാത്തവിധം ഏറ്റുമുട്ടുന്നതാണ് സത്യത്തില്‍ ഗ്രന്ഥകാരന്റെ രാഷ്ട്രീയം. എന്നിട്ടും ജിന്ന ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത് പക്ഷപാതത്തിലേക്ക് വഴുതാത്ത ഒരു പ്രതലത്തിലാണ്.
അല്ലാമാ ഇഖ്ബാലും അബുല്‍ കലാം ആസാദും പുസ്തകത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട്. ദാര്‍ശനികനും കവിയും മാത്രമായിരുന്നില്ല ഇഖ്ബാല്‍. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന പ്രപഞ്ചവീക്ഷണം സൂക്ഷ്മത്തില്‍ ഗ്രഹിച്ച ഒരു രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു. അതുകൊണ്ടാണ് ഇസ്‌ലാമിനൊരു ആഗോളമാനമുള്ള രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്നും അത് ദൈവപ്രോക്തമാണെന്നും പറയാന്‍ ഇഖ്ബാലിന് പറ്റിയത്.
പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെയും അദ്ദേഹം ആവിഷ്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി എന്ന സര്‍ഗാത്മക പ്രസ്ഥാനത്തെയും വിശദമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട് എന്നതാണ്. സയ്യിദ് മൗദൂദിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും പരമാവധി അപരമാക്കാന്‍ നാനാതരം ശ്രമങ്ങള്‍ നടക്കുന്ന ഒരു കാലസന്ധിയില്‍ ഈയൊരു ചരിത്രനിര്‍ധാരണവും വിശകലനവും ഏറെ പ്രസക്തമായി.
ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും
-കെ.ടി ഹുസൈന്‍
പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
പേജ് 400 വില 360
Comments