കല, സാഹിത്യം, മതം
മതത്തിന് കലയും സാഹിത്യവുമായുള്ള ബന്ധം പ്രഥമ ശ്രവണത്തില്‍ ചോദ്യം ചെയ്യപ്പെടാം. കലയും സാഹിത്യവുമായി മതത്തെ പൊതുവില്‍ ബന്ധിപ്പിക്കാറില്ല. കലക്കും സാഹിത്യത്തിനും മതവുമായി വല്ല ബന്ധവുമുണ്ടോ? ഏതുഭാഷയിലുള്ള സാഹിത്യരൂപത്തിനും മതവുമായി ബന്ധമുണ്ടെന്നതാണ് സത്യം. മലയാളസാഹിത്യത്തെ പരിശോധിച്ചുനോക്കൂ. സാഹിത്യത്തിന്റെ മാതാവാണ് കവിത. കാവ്യാനുശീലനത്തിന് എഴുത്തഛന്റെ കൃതികളും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും വായിക്കണം. ഛന്ദോബദ്ധമോ മുക്തഛന്ദസ്സോ എന്നതിവിടെ പ്രശ്‌നമല്ല. എഴുതുമ്പോള്‍ ഇല്ലാതാവുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു ഇന്ന് കവിത. വൃത്തമില്ലെങ്കിലും കവിതക്കൊരു താളമുണ്ടാവണം. കാവ്യാനുശീലനമുള്ളവര്‍ക്ക് അതില്‍ കവിത കാണാം. അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനുമൊക്കെ വൃത്തത്തിലെഴുതിയാലും ഗദ്യത്തിലെഴുതിയാലും അവരുടെ കവിതകളില്‍ കവിത്വം ദര്‍ശിക്കാനാവും.
അറബിഭാഷയെക്കുറിച്ച് സംസാരിക്കാം. മുസ്‌ലിംകളും ക്രൈസ്തവരും ഇടകലര്‍ന്ന് ജീവിക്കുന്ന ഒരിടമാണ് ലബനാന്‍. ലബനാനിലെ സെമിനാരികളില്‍ അറബിഭാഷയും സാഹിത്യവും പഠിക്കുന്നതിന്റെ മുന്നോടിയായി വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ ഡോ. ഇസ്ഹാഖ് മൂസ ഇസ്ഹാഖ് അതിനെ സംബന്ധിച്ച് എഴുതിയിട്ടുണ്ട്. ഭാഷയുമായി ഏറെ ബന്ധമുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അറബിഭാഷക്ക് വ്യാകരണവും ഭാഷാവികാസവും ഉണ്ടായതിന്റെ അടിസ്ഥാനം ഖുര്‍ആനാണ്. ഭാഷയിലെ ശരിതെറ്റുകളുടെ മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആനാണ്. ഖുര്‍ആന്റെ സൗന്ദര്യശാസ്ത്രത്തെ മുന്‍നിര്‍ത്തി അനേകം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അബ്ദുല്‍ഖാദിര്‍ ജുര്‍ജാനിയുടെയും മറ്റും ക്ലാസിക് കൃതികള്‍ ഈ വിഷയത്തിലുണ്ട്. ജീവിച്ചിരിക്കുന്ന പ്രശസ്ത അറബികവിയാണ് അഡോണിസ്. സാമ്പ്രദായിക മതവിശ്വാസിയല്ല അദ്ദേഹം. 'അന്നസ്സുല്‍ ഖുര്‍ആനി വ ആഫാഖുല്‍ കിതാബ' അദ്ദേഹത്തിന്റെ കൃതിയാണ്. അറബിസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഖുര്‍ആന്‍ വഹിച്ച പങ്കാണ് പ്രസ്തുത കൃതിയിലെ പ്രതിപാദ്യം.
വേദഗ്രന്ഥങ്ങള്‍ മതവും കലയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ഋഗ്വേദം മന്ത്രങ്ങളാണ്. ശ്ലോകങ്ങളായിട്ടാണ് അവ ക്രമീകരിച്ചിരിക്കുന്നത്. മതാചാര്യന്മാരുടെ ജീവിതവും അക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. ശ്രീനാരായണഗുരു ഒരേസമയം ആത്മീയാചാര്യനും കവിയുമായിരുന്നു. പ്രവാചകന്‍ മുഹമ്മദിന് അക്ഷരജ്ഞാനം ഉണ്ടായിരുന്നില്ല. ഉമ്മിയ്യെന്നാണ് വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ, വചനങ്ങളുടെ സാരസൗന്ദര്യം തനിക്ക് നല്‍കപ്പെട്ടിരിക്കുന്നുവെന്ന് (ഉഅ്ത്വീത്തു ജവാമിഉല്‍ കലാം) അദ്ദേഹം പറയുന്നുണ്ട്. അറേബ്യയില്‍ നിലനിന്ന മുഴുവന്‍ സ്ലാംഗുകളും (പാഠ ഭേദങ്ങള്‍) അദ്ദേഹത്തിനറിയാമായിരുന്നു. ചില പ്രദേശങ്ങളില്‍നിന്ന് വരുന്നവരോട് അവരുടെ സ്ലാംഗില്‍ സംസാരിക്കുകയും മറുപടി പറയുകയും ചെയ്യാറുണ്ടായിരുന്നു പ്രവാചകന്‍. ഹദീസുകളില്‍നിന്ന് അക്കാര്യം ബോധ്യമാവും. മാത്രമല്ല ഖുര്‍ആന്ന് പത്ത് പാഠഭേദങ്ങളുണ്ടായിരുന്നു. വ്യത്യസ്ത സ്ലാംഗുകള്‍ പ്രകാരമുള്ളതായിരുന്നു ആ പത്ത് പാഠഭേദങ്ങള്‍. പില്‍ക്കാലത്ത് അതിലും കൂടുതലുണ്ടായിരുന്നു. ഉസ്മാ(റ)ന്റെ കാലത്താണ് സംശോധന നടത്തി അത് പത്തെണ്ണത്തിലൊതുക്കി ഉസ്മാനീ മുസ്വ്ഹഫ് ഉണ്ടാവുന്നത്. 'അല്‍ഫിത്‌നത്തുല്‍കുബ്‌റാ' എന്ന ഗ്രന്ഥത്തില്‍ ആധുനിക അറബിസാഹിത്യത്തിന്റെ ആചാര്യനായ ത്വാഹാ ഹുസൈന്‍ അക്കാര്യം വിവരിക്കുന്നുണ്ട്. മുസ്‌ലിമായല്ല, ചരിത്രകാരനായാണ് അദ്ദേഹം ആ ഗ്രന്ഥം രചിക്കുന്നത്. മുസ്വ്ഹഫ് ശേഖരണചരിത്രം പറയുമ്പോള്‍ അവശേഷിച്ച സ്ലാംഗുകള്‍ കത്തിച്ചുകളഞ്ഞതിന്റെ സങ്കടം പങ്കുവെക്കുന്നുണ്ട് അദ്ദേഹമതില്‍. കത്തിച്ചതിലൂടെ അക്കാലത്തുണ്ടായ സ്ലാംഗുകള്‍ അറബിഭാഷക്ക് നഷ്ടപ്പെട്ടുപോവുകയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
ആദിയില്‍ വചനമുണ്ടായെന്ന് ബൈബിള്‍. ബാബേല്‍ ഗോപുരത്തില്‍ ദൈവം ഭാഷയെ മായ്ച്ചുകളഞ്ഞുവെന്നും ബൈബിള്‍ പറയുന്നുണ്ട്. മായ്ച്ചുകളഞ്ഞതിലൂടെ ഏകഭാഷയില്‍നിന്ന് അനേകം ഭാഷകള്‍ ഉണ്ടായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും അതുതന്നെയാണ്. ദൈവം സൃഷ്ടിക്കാനുദ്ദേശിച്ചാല്‍ 'നീ ഉണ്ടാവുക'(കുന്‍) എന്നു മാത്രം പറയുകയേ വേണ്ടൂ. കുന്‍ എന്ന ദൈവത്തിന്റെ കല്‍പനാവാക്കില്‍നിന്നാണ് പ്രപഞ്ചമുണ്ടാവുന്നത്. പ്രപഞ്ചത്തെ കുറിക്കുന്ന 'കൗന്‍' എന്ന അറബി പദം കുന്‍ എന്നതില്‍നിന്ന് ഉത്ഭവിച്ചതാണെന്ന് ഇബ്‌നു അറബി പറയുന്നുണ്ട്. വല്‍ ഖലം, വ കിതാബിന്‍ മസ്ത്വൂര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്. തൂലിക, അതിന്റെ മഹത്വം എന്നിവയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സത്യം ചെയ്യലുകളാണവ. മതത്തിനും മതപാരമ്പര്യത്തിനും സാഹിത്യവുമായുള്ള അഭേദ്യമായ ബന്ധമാണ് ഇവിടെ കാണുന്നത്. ഇസ്‌ലാമിന്റെ തണലില്‍ പടര്‍ന്നുപന്തലിച്ച കലകള്‍ക്ക് ഖുര്‍ആനുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അബ്ബാസീ കാലഘട്ടത്തിലെ ശില്‍പകല, കലിഗ്രഫി എന്നിവയില്‍നിന്ന് അത് ബോധ്യമാവും. ഖുര്‍ആനുമായി വളരെയേറെ ബന്ധമുണ്ട് കലിഗ്രഫിക്ക്. ഖുര്‍ആന്‍ സൂക്തങ്ങളുടെ സവിശേഷമായ ആവിഷ്‌കാരമാണത്.
നോവല്‍ സാഹിത്യം, കഥാസാഹിത്യം, കവിതാസാഹിത്യം എന്നിങ്ങനെ ധാരാളം സാഹിത്യരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അറബിസാഹിത്യത്തില്‍ ഹക്‌വാത്തീ എന്ന സാഹിത്യരൂപമുണ്ട്. വാമൊഴിയായുള്ള കഥപറച്ചിലാണത്. തെരുവില്‍ നിന്നുകൊണ്ട് കഥ പറയുന്ന സമ്പ്രദായമാണത്. മറ്റൊന്നാണ് മഖാമാത്ത് സാഹിത്യം. നോവല്‍ രൂപമാണത്. വ്യത്യസ്ത മഖാമാത്തുകളുണ്ട്. അതിനെക്കുറിച്ച് മൊറോക്കന്‍ സാഹിത്യനിരൂപകനായ അബ്ദുല്‍ ഫത്താഹ് ഖലീത്വ ഒരു പഠനം തന്നെ തയാറാക്കിയിട്ടുണ്ട്. ഏതു മതത്തിന്റെ ചരിത്രമായാലും മതവും കലയും സാഹിത്യവും തമ്മില്‍ ബന്ധമുണ്ടെന്നു കാണാം.
എന്താണ് ഇസ്‌ലാമിക സാഹിത്യം? ഇസ്‌ലാമിനെപറ്റി പറയുന്ന സാഹിത്യമല്ല അത്. അല്‍മന്‍ഹജുല്‍ഫന്നിയ്യ് ഫില്‍ ഇസ്‌ലാം എന്ന പേരില്‍ മുഹമ്മദ് ഖുത്വ്ബിന് ഒരു കൃതിയുണ്ട്. കലയും സാഹിത്യവുമാണ് അതിലെ പ്രതിപാദ്യം. അതില്‍ ഐറിഷ് നാടകകൃത്തായ ജോണ്‍ മിലിംഗ്ടന്റെ 'റൈഡേഴ്‌സ് റ്റു ദ സീ' എന്ന നാടകത്തെ പറ്റി ഖുത്വ്ബ് പരാമര്‍ശിക്കുന്നുണ്ട്. 'റൈഡേഴ്‌സ് റ്റു ദ സീ' ഇസ്‌ലാമിക നാടകമെന്നാണ് ഖുത്വ്ബിന്റെ വീക്ഷണം. ജോണ്‍ മിലിംഗ്ടന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിക സാഹിത്യത്തിന്റെ ഉദാഹരണമായി അദ്ദേഹം മറ്റൊരിടത്ത് ഉദ്ധരിക്കുന്നത് ടാഗോര്‍ കവിതകളാണ്. നന്മയെ പ്രതിനിധാനം ചെയ്യുന്ന സാഹിത്യം ഇസ്‌ലാമിക സാഹിത്യമാണെന്നാണ് മുഹമ്മദ് ഖുത്വ്ബ് പറയുന്നത്.
കലയുടെ ലക്ഷ്യമായി ശുദ്ധകലാവാദികള്‍ പറയുന്നത് ആനന്ദമെന്നാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് കലയുടെ ലക്ഷ്യമെന്നായിരുന്നു ജീവല്‍ സാഹിത്യകാരന്മാരുടെയും പുരോഗമന സാഹിത്യകാരന്മാരുടെയും വീക്ഷണം. കലകൊണ്ട് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത് അനുഭൂതിയാണ്. പരമാനന്ദമാണത്. ആനന്ദം അനുവദനീയമായ ആനന്ദമായിരിക്കണം. രതി പുണ്യകര്‍മമാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്. രതി എങ്ങനെയാണ് പുണ്യകര്‍മമാവുക? പുണ്യത്തെ സംബന്ധിച്ച സങ്കല്‍പം തന്നെ അട്ടിമറിയുകയാണിവിടെ. രതിയെ സംബന്ധിച്ച് പ്രവാചകന്‍ ശിഷ്യന് കൂടുതല്‍ വിശദീകരണം നല്‍കുന്നു. അത് അവിഹിതമായി ചെയ്യുമ്പോള്‍ പാപമാവുന്നില്ലേ? അതേ, പാപമാവുമെന്ന് ശിഷ്യന്റെ മറുപടി. എങ്കില്‍ വിഹിതമായ രതി പുണ്യകരമാണെന്ന് പ്രവാചകന്‍. സംഗീതത്തിന് മതവുമായി ബന്ധമില്ലെന്നു പറയാം. പക്ഷേ, പ്രമുഖരായ പല സംഗീതജ്ഞരിലും ആത്മീയമായ അടിത്തറ കാണാം. രണ്ട് വിധത്തിലുള്ള ആനന്ദമുണ്ട്. ഒന്ന്, ശുദ്ധമായ ആനന്ദം. രണ്ട്, വ്യാജമായ ആനന്ദം. ആനന്ദം ലഭിക്കാനാണ് ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാലത് വ്യാജമായ ആനന്ദമാണ്. ആനന്ദം വ്യാജമാവരുതെന്നതാണ് പ്രധാനപ്പെട്ട സംഗതി.
പല കലാകാരന്മാരുടെയും ജീവിതത്തില്‍ ആത്മീയതയുണ്ട്. ജമാല്‍ ബന്നാ തന്റെ ഒരു കൃതിയില്‍ അതിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഈജിപ്തിലെ പ്രസിദ്ധ സംഗീതജ്ഞനായിരുന്നു മുഹമ്മദ് അബ്ദുല്‍ വഹാബ്. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളുടെ (ഖാരി) മകനായിരുന്നു. ഒരു സംഗീതം ചിട്ടപ്പെടുത്തിയാല്‍ നന്ദിസൂചകമായി മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളിയില്‍ ചെന്ന് ബാങ്ക് വിളിക്കാറുണ്ടായിരുന്നു. സിറിയയില്‍നിന്ന് ഹോളിവുഡിലെത്തിച്ചേര്‍ന്ന പ്രശസ്ത സിനിമാ സംവിധായകനാണ് മുസ്ത്വഫാ അഖാദ്. ദ മെസ്സേജ്, ലയണ്‍ ഓഫ് ദ ഡെസര്‍ട്ട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അഖാദാണ്. ധാരാളം കമേഴ്‌സ്യല്‍ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. കമേഴ്‌സ്യല്‍ സിനിമകളില്‍നിന്ന് ലഭിക്കുന്ന ലാഭം വിനിയോഗിച്ചത് മറ്റു നല്ല സിനിമകളുടെ നിര്‍മാണത്തിനായിരുന്നു. ഹോളിവുഡില്‍ പോകുമ്പോഴുണ്ടാവുന്ന അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. പിതാവ് കൊടുത്ത നൂറോ ഇരുനൂറോ ഡോളര്‍ പോക്കറ്റിലുണ്ട്. അതോടൊപ്പം വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രതിയും. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ പ്രശസ്ത സംഗീതസംവിധായകനാണ് എ.ആര്‍ റഹ്മാന്‍. തന്റെ ആത്മീയദാഹം ശമിപ്പിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സ്വകാര്യമായി ഉംറ നിര്‍വഹിക്കാറുള്ള വ്യക്തിയാണ് എ.ആര്‍ റഹ്മാന്‍.
സര്‍ഗാത്മകബോധമില്ലാത്തതിനാല്‍ പല ആവിഷ്‌കാരങ്ങള്‍ക്കുമെതിരില്‍ പടപ്പുറപ്പാട് നടന്നിട്ടുള്ളതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മതത്തിന്റെ വക്താക്കളായിരുന്നു അതിന് കൊടി പിടിച്ചവര്‍. സര്‍ഗാത്മകമായ ആസ്വാദനശേഷിയില്ലെങ്കില്‍ അപകടകരമായ വിധിതീര്‍പ്പിലായിരിക്കും അവര്‍ കാര്യങ്ങളെ എത്തിക്കുക. ഇസ്‌ലാമിന്റെ ദാര്‍ശനിക കവിയാണ് ഇഖ്ബാല്‍. അദ്ദേഹം 'ശിക്‌വ' രചിച്ചപ്പോള്‍ മതപുരോഹിതന്മാര്‍ അദ്ദേഹത്തിനെതിരെ ഇളകുകയും കാഫിറാണെന്ന് മതവിധി നല്‍കുകയും ചെയ്യുകയുണ്ടായി. അതിന്റെ പേരിലാണ് 'ജവാബെ ശിക്‌വ' ഇഖ്ബാലിന് പിന്നീട് എഴുതേണ്ടിവന്നത്. മറ്റൊരുദാഹരണമാണ് നാടകകൃത്തും നോവലിസ്റ്റും ദാര്‍ശനികനുമായ തൗഫീഖുല്‍ ഹകീം. നജീബ് മഹ്ഫൂളിനേക്കാള്‍ വലിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇഖ്ബാലിന്റെ ശിക്‌വക്ക് സമാനമായ രചനയാണ് തൗഫീഖുല്‍ ഹകീമിന്റെ 'മുനാജാത്ത്.' മുനാജാത്തിന്റെ ഉളളടക്കം തിരിച്ചറിയാത്തതിനാല്‍ അദ്ദേഹത്തിനെതിരിലും മതവിധികള്‍ ഉണ്ടായി. ഇതേ തൗഫീഖുല്‍ ഹകീമാണ് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബൂ അബ്ദുല്ല അല്‍ഖുര്‍ത്വുബിയുടെ ഖുര്‍ആന്‍ വ്യാഖ്യാനകൃതിക്ക് സംഗ്രഹം എഴുതിയിട്ടുള്ളതും പ്രവാചകനെതിരെയുള്ള ഓറിയന്റലിസ്റ്റ് വിമര്‍ശങ്ങള്‍ക്ക് മറുപടി എഴുതിയിട്ടുള്ളതെന്നും ഓര്‍ക്കുക.
(2018 ഡിസംബര്‍ 16-ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന തനിമ നയരേഖാ പ്രഖ്യാപനസമ്മേളനത്തില്‍ 'കല, സാഹിത്യം, മതം' സംവാദസദസ്സില്‍ നടത്തിയ പ്രഭാഷണം. തയാറാക്കിയത്: ശമീര്‍ബാബു കൊടുവള്ളി)
Comments