Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ചരക്കു വ്യാപാരവും ചിന്താ വിനിമയവും

സദ്‌റുദ്ദീന്‍ വാഴക്കാട്

(ഇസ്‌ലാമിന്റ കൊടിനാട്ടിയ കച്ചവട യാത്രകള്‍ - രണ്ട്)

മുസ്‌ലിം സ്‌പെയിനിന്റെ കൊടിക്കൂറ, ആഭ്യന്തര സംഘര്‍ഷങ്ങളും ബാഹ്യ ആക്രമണങ്ങളും വഴി പിച്ചിച്ചീന്തപ്പെടുന്ന കാലം. മുസ്‌ലിം പേരുള്ളവരെ മുഴുവന്‍ ആട്ടിപ്പായിക്കുകയോ, കൊന്നൊടുക്കുകയോ ആയിരുന്നു അന്ന് ഫെര്‍ഡിനാന്റ് ചക്രവര്‍ത്തി. തങ്കത്തിളക്കമുള്ള നാഗരികതയുടെ ആസ്ഥാനമായിരുന്ന ഗ്രാനഡ ഒരു ക്രൈസ്തവ രാജാവിന് കപ്പം കൊടുക്കാമെന്നു പറഞ്ഞ് കീഴടങ്ങിക്കഴിഞ്ഞിരുന്നു. ആ ദുരന്ത ചിത്രത്തിന്റെ മറുവശത്ത് പക്ഷേ, ഇസ്‌ലാമിന്റെ കൊടി പതിയെ മറ്റൊരു ദേശത്തിന്റെ വാനിലുയരുന്നുണ്ടായിരുന്നു. സുമാത്ര, അതായിരുന്നു ആ പ്രദേശത്തിന്റ പേര്. ഭരണ കൂടശാസനകളില്ല, സൈനിക നടപടികളില്ല... പക്ഷേ, ഇസ്‌ലാമിന്റെ കാറ്റ് സുമാത്രയില്‍ വ്യാപകമായി സുഗന്ധം പരത്താന്‍ തുടങ്ങിയത് ആ കാലത്താണ്. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലെ വലിയവനാണ് സുമാത്ര! ഈ പ്രദേശങ്ങളിലേക്ക് കച്ചവട യാത്ര നടത്തിയ മുസ്‌ലിംകളായിരുന്നു അവിടെ ഇസ്‌ലാമിന്റെ വെളിച്ചം കൊളുത്തിയത്. പതിയെപ്പതിയെ മലായന്‍ ദ്വീപ് സമൂഹങ്ങളില്‍ ഇസ്‌ലാം പടര്‍ന്ന് കയറി. ഇന്നിപ്പോള്‍ ഇന്തോനേഷ്യയില്‍ 87 ശതമാനം മുസ്‌ലിംകളാണ്. ഇസ്‌ലാം ചരിത്രത്തിലെന്നും അങ്ങനെയാണ്; ഒരു ഭാഗത്ത് ഇരുട്ട് മൂടിത്തുടങ്ങുമ്പോഴേക്കും മറ്റു പല ഭാഗങ്ങളില്‍ വെളിച്ചം പരക്കും, ചിലയിടങ്ങളില്‍ തിരിച്ചടികളാണെങ്കില്‍ പലയിടങ്ങളിലും കുതിച്ചു ചാട്ടങ്ങളുണ്ടാകും, പതിതരായിപ്പോകുന്നവരുടെ കദന കഥകള്‍ക്കപ്പുറം വിജിഗീഷുക്കളുടെ ദൈവസ്‌തോത്രത്താല്‍ നിറഞ്ഞ ആരവങ്ങളുണ്ടാകും. ഇന്നലെകള്‍, നാഗരികതകളുടെ ഉത്ഥാന പതനങ്ങള്‍ അതിനു സാക്ഷിയാണ്. വേദപാഠത്തിന്റ പൊരുളും അതാണല്ലോ (ആലു ഇംറാന്‍, 140).

ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങളില്‍ ഇസ്‌ലാം ആദ്യമെത്തിയത് സുമാത്രയിലാണ്. പിന്നെ, ജാവയും വെസ്റ്റ് നുസാ ടെങ്കാറയും സുലാവസിയും പോലുള്ള ദ്വീപുകള്‍ വരുന്നു. പല റിപ്പോര്‍ട്ടുകളില്‍ താരതമ്യേന ആധികാരികമായിത്തോന്നുന്നത് പതിമൂന്നാം നൂറ്റാണ്ട് മുതലാണ് (1200-1600) ഇവിടെ ഇസ്‌ലാമിന്റെ കാര്യമായ പ്രചാരണം നടക്കുന്നത് എന്നതാണ് (അ ഒശേെീൃ്യ ീള അശെമ. ഒമൃുലൃ രീഹഹ ശി,െ കഹെമാ ശി കിറീിലശെമ: ഇീിൃേമേെശിഴ കാമഴല െമിറ കിലേൃുൃലമേശേീി  അാേെലൃറമാ ഡിശ്‌ലൃശെ്യേ ജൃല)ൈ. എന്നാല്‍, എട്ടാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിന്റെ ആദ്യ വെളിച്ചം ഇന്തോനേഷ്യയില്‍ എത്തിയിരുന്നു (ഋി്യരഹീുലറശമ ീള കഹെമാ മിറ വേല ങൗഹെശാ ംീൃഹറ ്ീഹ 2, ങ  2. ങമരാശഹഹമി ).

രണ്ടും ശരിയായിരിക്കും. അതായത്, ഇസ്‌ലാമിന്റെ ആദ്യ ശബ്ദം ഏഴ്/ എട്ട് നൂറ്റാണ്ടോടെ സുമാത്രയില്‍ എത്തുകയും പിന്നീട് ഇടവേളകളില്‍ അവിടെ ഇസ്‌ലാം പ്രചാരണം നടക്കുകയും പതിമൂന്നാം നൂറ്റാണ്ടില്‍ അത് ശക്തിപ്പെടുകയും ചെയ്തതാവണം. കാരണം, ഏഴ് / എട്ട് നൂറ്റാണ്ടില്‍ തന്നെ അറബ് മുസ്‌ലിം കച്ചവടക്കാര്‍ ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങളില്‍ ചെന്നെത്തിയതായി ചരിത്രം പറയുന്നുണ്ട്. ജിദ്ദ തുറമുഖത്തുനിന്ന് പുറപ്പെട്ടവരായിരുന്നുവത്രെ അവര്‍. കാലഘട്ടം ഏതായിരുന്നാലും കടല്‍മാര്‍ഗം ദ്വീപ് സമൂഹങ്ങളിലേക്ക് യാത്ര ചെയ്ത കച്ചവടക്കാരാണ് അവിടങ്ങളില്‍ ഇസ്‌ലാമിന്റെ വെളിച്ചം എത്തിച്ചതെന്ന് വ്യക്തം (തിജാറത്തുല്‍ ഇറാഖ് അല്‍ ബഹ്‌രിയ മഅ ഇന്തോനേസ്യാ, ആദില്‍ മുഹ്‌യുദ്ദീന്‍ ആലൂസി, ദാറശ്ശുഊനിസ്സഖാഫ, ബഗ്ദാദ്, 1984, പേജ് - 165). ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ അറബ് വണിക്കുകള്‍ ഇസ്‌ലാമിന്റെ സന്ദേശം മലയന്‍ ദ്വീപ് സമൂഹത്തില്‍ എത്തിച്ചിട്ടുണ്ടാകണം. പൗരാണിക കാലം തൊട്ടേ കിഴക്കുമായി അറബികള്‍ വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു എന്നത് ഇതിന് ചരിത്ര പിന്‍ബലം നല്‍കുന്നു. ക്രിസ്തുവിന്ന് മുമ്പ് രണ്ടാം ശതകത്തില്‍ സിലോണുമായുള്ള വ്യാപാരം ഒന്നാകെ അറബികളുടെ കൈയിലായിരുന്നല്ലോ. എട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ കാന്റണില്‍ ധാരാളം അറബികളെ കണ്ടെത്തിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ പ്രത്യക്ഷപ്പെടുന്ന പതിനഞ്ചാം ശതകം വരെ കിഴക്കുമായുള്ള വ്യാപാരത്തില്‍ അറബികളായിരുന്നല്ലോ ചോദ്യം ചെയ്യപ്പെടാത്ത നായകന്മാര്‍. ക്രി. 674-ല്‍ രചിക്കപ്പെട്ട ചൈനീസ് വൃത്താന്ത രേഖകളില്‍ ഒരു അറബ് നേതാവിനെക്കുറിച്ചുള്ള വിവരണമുണ്ട്. പിന്നീട് തല്‍സംബന്ധിയായി വന്ന പരാമര്‍ശങ്ങളില്‍നിന്ന് അദ്ദേഹം സുമാത്ര ദ്വീപില്‍ താവളമുറപ്പിച്ചിരുന്ന ഒരു അറബ് സമൂഹത്തിന്റെ നായകനായിരുന്നുവെന്ന് മനസ്സിലാക്കാം... (ഇസ്‌ലാം പ്രബോധനവും പ്രചാരണവും, തോമസ് ആള്‍നള്‍ഡ്, പേജ് 464). ഒരു കാലത്ത് ഈജിപ്ത് കേന്ദ്രമാക്കിയ മുസ്‌ലിം ലോകത്തിന്റെ വ്യാപാര മേഖലയിലെ പ്രമുഖരായിരുന്നു അല്‍കാരിമിയ്യ കച്ചവട വിഭാഗം. അല്‍കാരിം/അല്‍കാരിമിയ്യ പദോല്‍പത്തി മുതല്‍ ഇസ്‌ലാം പ്രചാരണത്തിലും മുസ്‌ലിം ലോകത്തിന്റെ സാമ്പത്തിക അവസ്ഥകളിലുമുള്ള അവരുടെ പങ്കാളിത്തം വരെ നല്ലൊരു ചരിത്ര, വൈജ്ഞാനിക ചര്‍ച്ചയാണ്. എന്തായിരുന്നാലും അല്‍കാരിമിയ്യ കച്ചവടക്കാരും ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരാണ് (ഫൈസ്വല്‍ അസ്സാമിര്‍, അല്‍ ഇസ്‌ലാമു ഫീ ഇന്തോനേഷ്യ, കൈറോ, പേജ് - 479). മാര്‍കോ പോളോയുടെ യാത്രാവിവരണത്തിലും, ഇന്തോനേഷ്യന്‍ സന്ദര്‍ശനവേളയില്‍ തനിക്ക് അനുഭവപ്പെട്ട കാരിമിയ്യ കച്ചവടക്കാരുടെ സ്വാധീനം പരാമര്‍ശിച്ചിട്ടുണ്ട്. ജാവയിലെ വിഗ്രഹാരാധകരെ ഏകദൈവ വിശ്വാസത്തിലേക്ക് പരിവര്‍ത്തിപ്പിച്ചത് പ്രധാനമായും അവരായിരുന്നുവത്രെ (രിഹ്‌ലാത്തു മാര്‍കോപോളോ, കൈറോ,1977, പേജ് -284, 294).

അങ്ങനെ, ഒരു ഭാഗത്ത് രാഷ്ട്രീയ

പതനങ്ങളുടെ അനുഭവങ്ങളുള്ളപ്പോള്‍ തന്നെ മറുഭാഗത്ത്  കച്ചവടക്കാരിലൂടെയുള്ള ആദര്‍ശ മുന്നേറ്റങ്ങള്‍ക്കും കാലം സാക്ഷിയായി. ക്രി. 600 മുതല്‍ 1500 വരെയുള്ള നൂറ്റാണ്ടുകള്‍ അറബ് വ്യാപാരത്തിന്റെ  സുവര്‍ണ കാലമായിരുന്നു. പടിഞ്ഞാറ്  മൊറോക്കോ മുതല്‍ കിഴക്ക് ചൈന വരെ, തെക്ക് റഷ്യ മുതല്‍ വടക്ക് ആഫ്രിക്കന്‍ രാജ്യങ്ങള്‍ വരെ ലോകമെങ്ങും അറബ് വ്യാപാരികള്‍ ചെന്നെത്തി. ചരക്കുകള്‍ വിപണനം ചെയ്തതോടൊപ്പം അവര്‍ ഇസ്‌ലാമിക ചിന്തകളും വിനിമയം ചെയ്തു. ഈ കാലഘട്ടത്തില്‍ തന്നെയാണ് കച്ചവടക്കാരുടെ പ്രബോധനവും പുഷ്‌കലമായത്. പല കച്ചവടക്കാരുടേതും കേവല യാത്രകളോ, താല്‍ക്കാലിക പ്രവാസമോ ആയിരുന്നില്ല. ദേശാടനം നടത്തി കച്ചവടം ചെയ്ത നാടുകള്‍ തന്നെ പലരും പിന്നീട് സ്വദേശങ്ങളായി സ്വീകരിക്കുകയായിരുന്നു. കച്ചവടക്കാരായ കുടിയേറ്റ മുസ്‌ലിംകള്‍ പല രാജ്യങ്ങളിലും ഉണ്ടായത് അങ്ങനെയാണ്. ഉദാഹരണത്തിന്, ആഫ്രിക്കന്‍ മുസ്‌ലിംകളെ പരിശോധിച്ചാല്‍ പല പ്രമുഖ വ്യാപാര കുടുംബങ്ങളുടെയും വേരുകള്‍ അറേബ്യയിലോ, ഇന്ത്യയിലൊ ഒക്കെ ചെന്നെത്തുന്നത് കാണാം. അപ്രകാരം, പല രാജ്യങ്ങളിലെയും നിരവധി പഴയ കച്ചവട കേന്ദ്രങ്ങള്‍ ഇസ്‌ലാം വിനിമയത്തിന്റെ സംഗമ സ്ഥലികള്‍ കൂടിയായിരുന്നു. കിഴക്കന്‍ ലിബിയയിലെ ബരിഖ, തുനീഷ്യയിലെ ഖൈറുവാന്‍, അള്‍ജീരിയയിലെ തിലിംസാന്‍, മൊറോക്കോയില്‍ നിന്ന് സെനഗല്‍ നദീതീരത്തുകൂടെ കടന്നുപോകുന്ന ലംസൂന പാത തുടങ്ങിയവ ഈ ചരിത്രവഴിയിലെ പ്രധാന നാഴികക്കല്ലുകളാണ്. പല രാജ്യങ്ങളിലും ഇസ്‌ലാം ആദ്യമെത്തിയത് തീരപ്രദേശങ്ങളിലായിരുന്നുവെന്നതും പൗരാണികമായ പല തുറമുഖ നഗരങ്ങളിലും മുസ്‌ലിം നാഗരിക - സാംസ്‌കാരിക പൈതൃക ശേഷിപ്പുകള്‍ കാണാമെന്നതും ചരിത്ര പ്രധാനമാണ്. പൗരാണിക മുസ്‌ലിം വ്യാപാരികളില്‍ മിക്കവരും കേവല കച്ചവടക്കാരായിരുന്നില്ല, ഇസ്‌ലാമികമായ പഠനത്തിലും അറിവിലും ഏറെ മുന്നില്‍ നിന്നവരായിരുന്നു. ചിലരെങ്കിലും പണ്ഡിതന്മാരും ആയിരുന്നു.

ഈ പ്രബോധന യാത്രകള്‍ക്ക് ഇന്നും തുടര്‍ച്ചയുണ്ട്. ഇന്ന് അമേരിക്കയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയുമൊക്കെ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ ബിസിനസ് ഉള്‍പ്പെടെ, തൊഴില്‍പരമായ കുടിയേറ്റങ്ങള്‍ക്കുള്ള വര്‍ധിച്ച പങ്കാളിത്തം, ഈ ചരിത്രാനുഭവങ്ങളുടെ വര്‍ത്തമാനത്തിലേക്കുള്ള നീള്‍ച്ചയെ അടയാളപ്പെടുത്തുന്നതാണ്. മാത്രമല്ല, ഇസ്‌ലാമിക പ്രബോധനം തങ്ങളുടെ ബിസിനസ് മേഖലയില്‍ ബോധപൂര്‍വം അജണ്ടയായി നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരപ്രമുഖരെ ഇന്നും കാണാനാകും. വ്യാപാര മേഖലയില്‍ ഇടപെടുന്നവരിലേക്ക് ഏതെങ്കിലും അര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം കൈമാറാന്‍ അവര്‍ ഉദ്ദേശ്യപൂര്‍വം തന്നെ ശ്രമിക്കുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. തങ്ങളുടെ ഓഫീസ് - സ്ഥാപന ക്രമീകരണത്തില്‍, ബിസിനസ് യാത്രകളില്‍, പ്രദര്‍ശനങ്ങളില്‍, പുതിയ ഉല്‍പന്നങ്ങളുടെ അവതരണത്തില്‍, പരിസ്ഥിതി സൗഹ്യദ ഉല്‍പാദനോപയോഗ ചര്‍ച്ചകളില്‍..... ഇങ്ങനെ എല്ലായിടത്തും ഇസ്‌ലാമിന്റെ ഒരു മുദ്രയെങ്കിലും പതിക്കാന്‍ അവര്‍ ശ്രമിക്കും, ഹൃദ്യമായ പെരുമാറ്റത്തിലൂടെ ആളുകളുടെ മനസ്സ് കീഴടക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാകും. യാദൃഛികമായോ, സ്വാഭാവികമായോ ആണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നും. പക്ഷേ പ്രബോധന മനസ്സോടെ ബോധപൂര്‍വം ചിട്ടപ്പെടുത്തിയതാണ് അതെല്ലാം എന്ന് വഴിയെ മനസ്സിലാക്കാനാകും. ചരിത്രത്തിലെന്നും സത്യസന്ധരായ മുസ്‌ലിം കച്ചവടക്കാര്‍ ഇങ്ങനെയായിരുന്നു.

കച്ചവടക്കാരിലൂടെ ഇസ്‌ലാം പ്രചരിച്ച ദേശങ്ങളുടെ ചങ്ങലയിലെ പില്‍ക്കാലത്തെ ഒരു കണ്ണി മാത്രമായിരുന്നു മലായന്‍ ദ്വീപ് സമൂഹങ്ങള്‍. ഖിലാഫത്തുര്‍റാശിദയിലും അമവി അബ്ബാസി ഭരണകാലത്തുമൊക്കെ സജീവമായി വന്ന മുസ്‌ലിംകളുടെ പ്രബോധന സ്വഭാവമുള്ള കച്ചവടയാത്രകള്‍ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാം പ്രചാരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയുണ്ടായി. ലോകത്തെ പ്രധാന വ്യാപാര രാജ്യങ്ങളിലും യാത്രാവഴികളിലും യൂറോപ്യന്‍ അധിനിവേശം ചൂഷണവും കൊടൂരതകളും അഴിച്ചുവിടുന്നതു വരെ ഇത് നിര്‍വിഘ്‌നം ഒഴുകുകയുണ്ടായി. കച്ചവടക്കാരനായ മുസ്‌ലിമിന്റെ വിനയവും സമൂഹത്തോടുള്ള സ്‌നേഹവും ഖുര്‍ആന്‍ പാരായണവും ദീനീ ചിട്ടകളും യാത്രാ വഴികളിലും ചന്തകളിലും ഇടപഴകിയവരെ ഹഠാദാകര്‍ഷിച്ചതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു (ഇീാാലൃരല മിറ ഇീിൂൗലേെ ശി ഋമേെ അളൃശരമ, ഇ്യൃൗ െഠീംിലെിറ ആൃമറ്യ ഖൃ., ഠവല ഋലൈഃ കിേെശൗേലേ 1950, ജമഴല 23). ആഫ്രിക്കന്‍ തീരനഗരമായിരുന്ന സഫാലയിലെ രാജാവ്, മുസ്‌ലിം കച്ചവടക്കാരുടെ സത്യസന്ധതയും വിശ്വസ്തതയും കണ്ട് ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ച ചരിത്രമുണ്ട്. തന്റെ പ്രജകള്‍ക്കിടയില്‍ പിന്നീട് ഇസ്‌ലാം പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തന്റെ രാജ്യത്ത് മുസ്‌ലിം കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട സ്ഥാനം നല്‍കുകയും ചെയ്തു അദ്ദേഹം; ''എന്റെ വിശ്വാസ സംസ്‌കരണത്തിന് നിങ്ങളാണ് കാരണക്കാര്‍. എന്നോടും എന്റെ രാജ്യക്കാരോടും അല്ലാഹു ഇസ്‌ലാമിന്റെ വെളിച്ചം നല്‍കി ഔദാര്യം കാണിച്ചിരിക്കുന്നു. ഞാനിന്ന് സന്തുഷ്ടനാണ്. മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്ത് വന്നുചേരാന്‍ ഇടയായി. നാമിന്ന് അവരുടെ സഹോദരങ്ങളാണ്, അവരെപ്പോലെ മുസ്‌ലിംകളാണ്-'' അദ്ദേഹം പറയുകയുണ്ടായി (യാഖൂതുല്‍ ഹമവി, മുഅ്ജമുല്‍ ബുല്‍ദാന്‍, 2/457. ഇബ്‌നു ശഹരിയാര്‍, കിതാബു അജാഇബുല്‍ ഹിന്ദ്, കൈറോ, 1908, പേജ് - 59).

ബലാദുരി ഉദ്ധരിക്കുന്ന മറ്റൊരു സംഭവമുണ്ട്; കശ്മീര്‍, മുള്‍ത്താന്‍, കാബൂള്‍ എന്നിവക്കിടയില്‍ അസീഫാന്‍ എന്ന പേരില്‍ ഒരു ദേശമുണ്ടായിരുന്നു. വിഗ്രഹാരാധകനായിരുന്നു അവിടത്തെ രാജാവ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ മകന്‍ ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായി. രോഗശമനത്തിനായി തങ്ങളുടെ ദൈവങ്ങളോട് പ്രാര്‍ഥിക്കാന്‍ രാജാവ് പുരോഹിതന്മാരോട് ആവശ്യപ്പെട്ടു. അവര്‍ പൂജാമുറിയില്‍ കയറി കതകടച്ചു, പ്രാര്‍ഥനയില്‍ മുഴുകി, അല്‍പസമയം കഴിഞ്ഞ് പുറത്തിറങ്ങി. ദൈവങ്ങള്‍ മകന്റ രോഗശമനം വാഗ്ദാനം ചെയ്തതായി രാജാവിനെ അറിയിച്ചു. പക്ഷേ, ഏറെ വൈകാതെ മകന്‍ മരണപ്പെട്ടു. കുപിതനായ രാജാവ് വിഗ്രഹങ്ങള്‍ തച്ചുടക്കുകയും പുരോഹിതന്മാരെ വധിക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തിയ മുസ്‌ലിം കച്ചവടക്കാര്‍ക്കു മുമ്പില്‍ രാജാവ് തന്റെ വ്യഥകള്‍  അവതരിപ്പിച്ചു. അവര്‍ അദ്ദേഹത്തോട് ഏകദൈവ വിശ്വാസത്തെക്കുറിച്ച് സംസാരിച്ചു. ഇസ്‌ലാമിനെ അവതരിപ്പിച്ചു. രാജാവിന് ഇത് ഏറെ ഇഷ്ടപ്പെടുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖലീഫ മുഅ്തസ്വിം ബില്ലയുടെ കാലത്തായിരുന്നു ഇത് (ഫുതൂഹുല്‍ ബുല്‍ദാന്‍, പേജ് -451).

ഈ ചരിത്രത്തിലെ ആദ്യ അധ്യായങ്ങളാണ് ചൈനയും ഇന്ത്യയും. മുഹമ്മദ് നബിയുടെ നിയോഗത്തിനു മുമ്പേ അറേബ്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. സിറിയയിലെ തുറമുഖങ്ങളില്‍ കിഴക്കു നിന്നുള്ള ചരക്കുകള്‍ എത്തിയിരുന്നതും അറേബ്യ വഴിയായിരുന്നു. ആറാം ശതകത്തില്‍ സിലോണ്‍ വഴി അറേബ്യയും ചൈനയും തമ്മില്‍ വലിയ തോതില്‍ വ്യാപാര ഇടപാടുകള്‍ നടന്നിരുന്നു. നബിയുടെ നിയോഗം നടന്ന് അധികം വൈകാതെത്തന്നെ ചൈനയില്‍ ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് വ്യാപാരികളിലൂടെയാണ് സംഭവിച്ചിരിക്കുക. കാരണം, തആങ്ങ് രാജവംശത്തിന്റെ തുടക്കത്തിലുള്ള ചൈനീസ് രേഖകളില്‍ (ക്രി. 618-907) അറബികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ആ രേഖകളില്‍, മദീനയില്‍  മുസ്‌ലിം ശക്തി ഉയര്‍ന്നു വന്നത് പരാമര്‍ശിക്കുകയും പുതിയ മതത്തിലെ ആചാരങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൈനയിലെത്തിയ  ആദ്യ മുസ്‌ലിംകളെ പറ്റി ക്വാങ്ങ് തുങ്ങ് വൃത്താന്ത ഗ്രന്ഥത്തില്‍ സൂചനകളുണ്ട്. ''തആങ്ങ് രാജവംശത്തിന്റെ തുടക്കത്തില്‍ അന്നാം, കംബോഡിയ, മദീന എന്നിങ്ങനെ പല രാജ്യങ്ങളില്‍നിന്നുമുള്ള വിദേശികള്‍ കാന്റണിലേക്ക് വരികയുണ്ടായി. ആകാശത്തെ (ദൈവത്തെ) ആരാധിച്ചിരുന്ന ഈ വിദേശികള്‍ തങ്ങളുടെ ക്ഷേത്രങ്ങളില്‍ പ്രതിമയോ പ്രതീകവിഗ്രഹങ്ങളോ വെച്ചിരുന്നില്ല. മദീനാ രാജ്യം ഇന്ത്യയുടെ അടുത്താണ്. ബുദ്ധമതത്തില്‍നിന്ന് വ്യത്യസ്തമായ അവരുടെ മതം ഉടലെടുത്തത് അവിടെയാണ്. അവര്‍ പന്നിമാംസം കഴിക്കുകയോ മദ്യപിക്കുകയോ ഇല്ല. തങ്ങള്‍ തന്നെ കൊല്ലാത്ത മൃഗങ്ങളുടെ മാംസം അവര്‍ക്ക് നിഷിദ്ധമാണ്. കാന്റണില്‍ താമസിക്കുന്നതിന് ചക്രവര്‍ത്തിയില്‍നിന്ന് അനുവാദം വാങ്ങിയ അവര്‍, നമ്മുടെ രീതിയില്‍ നിന്ന് ഭിന്നമായ ഗംഭീര വീടുകള്‍ പണിതിട്ടുണ്ട്. വളരെ സമ്പന്നരായ അവര്‍ തങ്ങള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു നേതാവിനെ അനുസരിക്കുന്നു.'' ഈ വിവരണമനുസരിച്ച് താമസിക്കാന്‍ അനുവാദം വാങ്ങിയവര്‍ പുറത്തു നിന്ന് വന്നവരാണെന്ന് മനസ്സിലാക്കാം. ചൈനയിലേക്ക് ഇസ്‌ലാം എത്തിയത് പഴയ കടല്‍മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചിരുന്ന വ്യാപാരികള്‍ മുഖേന ആയിരിക്കാമെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. താങ്ങ് രാജാക്കന്മാരുടെ കാലത്ത് ചൈനയിലുണ്ടായിരുന്ന മുസ്‌ലിംകളില്‍ ഭൂരിപക്ഷവും തുറമുഖ നഗരങ്ങളിലെ വ്യാപാരികളായിരുന്നു എന്നും രേഖകള്‍ പറയുന്നു. മംഗോള്‍ ആക്രമണമുണ്ടായ പതിമൂന്നാം നൂറ്റാണ്ടില്‍ പല ദേശക്കാരായ മുസ്‌ലിംകളും ചൈനയിലെത്തുകയുണ്ടായി. അവരില്‍ വ്യാപാരികളുമുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പറയുന്ന ചരിത്ര രേഖകള്‍ വേണ്ടത്ര ലഭ്യമല്ല. ഖാന്‍ഖൂവിലെ ഇസ്‌ലാമിക കേന്ദ്രങ്ങള്‍ മുസ്‌ലിംകളും ചൈനയും തമ്മിലുണ്ടായിരുന്ന ദൃഢബന്ധത്തിന്റെ സാക്ഷ്യമാണ്. ചൈനീസ് ഭരണാധികാരികള്‍ ഒരുകാലത്ത് ഇതിന് വലിയ ആദരവും പരിഗണനയും നല്‍കുകയുണ്ടായി. ഖാന്‍ഖുവിലെ കച്ചവടകേന്ദ്രത്തിലെ മുസ്‌ലിംകളുടെ ഭരണകാര്യങ്ങള്‍ അവര്‍ക്കിടയില്‍ പെട്ട ഒരു മുസ്‌ലിം നേതാവിനെയാണ് അവിടത്തെ രാജാവ് ഏല്‍പ്പിച്ചിരുന്നത്. ഇസ്‌ലാമിക വിധിപ്രകാരമാണ് അദ്ദേഹം അവിടത്തെ കാര്യങ്ങളെല്ലാം നടത്തിയിരുന്നത്'' (സുലൈമാന്‍ അത്താജിര്‍, സില്‍സിലത്തുത്തവാരിഖ്, പാരീസ് 1811, പേജ് - 14). തന്റെ സന്ദര്‍ശന കാലത്ത് ചൈനയില്‍ ധാരാളം മുസ്‌ലിം കച്ചവടക്കാര്‍ ഉണ്ടായിരുന്നതായും മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിം കച്ചവടക്കാരെ അവര്‍ ഹൃദ്യമായി സ്വീകരിച്ചിരുന്നതായും ഇബ്‌നു ബത്വൂത്വ രേഖപ്പെടുത്തിയിട്ടുണ്ട് (രിഹ്‌ലത്തു ഇബ്‌നു ബത്വൂത്വ, കൈറോ 1928, 1/155). മുസ്‌ലിം കച്ചവടക്കാര്‍ ചൈനീസ് സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അത് ഇസ്‌ലാം പ്രചാരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായും ചരിത്രവിവരണങ്ങളിലുണ്ട് (മുഹമ്മദ് ശാകിര്‍, തുര്‍കിസ്താന്‍ അസ്സ്വീനിയ്യ അശ്ശര്‍ഖിയ്യ, ബൈറൂത്ത് 1976, പേജ് - 56).

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍