Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

പ്രചോദനമായിത്തീരുന്ന മൃത്യുവിചാരം

ഇബ്‌റാഹീം ശംനാട്

ഇംഗ്ലീഷ് ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് മോട്ടിവേഷന്‍. അതില്‍ മോട്ടിവും ആക്ഷനും ഉണ്ട്. ഒരു കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പ്രചോദനം (മോട്ടിവേഷന്‍) കൊണ്ട് അര്‍ഥമാക്കുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ല എന്ന കാരണത്താല്‍ പ്രൈമറി സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട തോമസ് ആള്‍വ എഡിസന്‍ തന്റെ അമ്മയുടെ പ്രചോദനത്താല്‍ ഉയരങ്ങള്‍ കീഴടക്കിയ കഥ നമുക്കറിയാം. ലോകപ്രശസ്ത സാഹിത്യകാരി ഹെലന്‍ കെല്ലറെ വാനോളം ഉയര്‍ത്തിയതില്‍ അവരുടെ അധ്യാപിക ആന്‍ സുള്ളിവന്‍ നല്‍കിയ പ്രചോദനവും ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു.

പ്രചോദിപ്പിക്കുന്നതിലൂടെ ഉണ്ടാവുന്ന മാറ്റത്തിന്റെ ആഴം വ്യക്തമാക്കാനാണ് എഡിസന്റെയും ഹെലന്‍ കെല്ലറുടെയും ഉദാഹരണങ്ങള്‍ പറഞ്ഞത്. മനുഷ്യനെ അന്ധകാരത്തില്‍നിന്ന്  വെളിച്ചത്തിലേക്ക് നയിക്കാനും ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഇസ്‌ലാം നിരവധി പ്രചോദനതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ചരിത്ര സംഭവങ്ങള്‍, ഉപമകള്‍, ഉദ്‌ബോധനങ്ങള്‍ എന്നിവ മാത്രമല്ല, പരലോക ജീവിതത്തിന്റെ ആദ്യഘട്ടമായ മരണത്തെ പോലും പ്രചോദനത്തിന്റെ ചാലകശക്തിയാക്കി മാറ്റാന്‍ ഇസ്‌ലാമിന് സാധിച്ചിട്ടുണ്ട്.

മൃത്യുവിചാരം ഉണര്‍ത്തുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും അതിലേറെ പ്രവാചക വചനങ്ങളും കാണാം. വരാനിരിക്കുന്ന ജീവിതാവസ്ഥകളെ കുറിച്ച കൃത്യമായ വിവരം നല്‍കാന്‍ സ്രഷ്ടാവിനും അവന്‍ നിയോഗിച്ച ദൂതനുമല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക? ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും'' (4:78).

എന്നാല്‍ നാം അനുഭവിക്കുന്ന പ്രയാസങ്ങളെ മറികടക്കാന്‍ മരണം ആഗ്രഹിച്ചുപോകരുതെന്നും ഇസ്‌ലാം വിലക്കുന്നുണ്ട്. ജീവിതം അത്രയും ദുസ്സഹമാവുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കാം: 'ജീവിതം ഉത്തമമാവുന്നേടത്തോളം എന്നെ നീ ജീവിപ്പിച്ചാലും. ഇനി മരണമാണ് അഭികാമ്യമെങ്കില്‍ എന്നെ നീ മരിപ്പിച്ചാലും.' എത്ര സന്തുലിതമായ നിലപാടാണ് ഇസ്‌ലാം പഠിപ്പിച്ചുതരുന്നത്!

 

പൂര്‍വസൂരികളുടെ നിലപാട് 

'ഐഹിക ലോകത്ത് നീ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ സഞ്ചാരിയെപ്പോലെ ജീവിക്കുക' എന്ന നബിവചനത്തിന് അനുബന്ധമായി പ്രവാചകശിഷ്യന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറഞ്ഞു: 'പ്രദോഷമായാല്‍ നീ പ്രഭാതം പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്.' ജീവിതത്തിന്റെ നശ്വരതയെ ഓര്‍മിപ്പിക്കും ഈ വചനങ്ങള്‍.

ഖലീഫ ഉമറു ബ്‌നു അബ്ദില്‍ അസീസ് മരണത്തെയും അന്ത്യദിനത്തെയും അനുസ്മരിക്കാന്‍ എല്ലാ രാത്രിയിലും പണ്ഡിതന്മാരെ തന്റെ ദര്‍ബാറിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മൃതദേഹം തങ്ങളുടെ മുന്നിലുണ്ടെന്ന വിചാരത്തോടെ അവര്‍ ഖിന്നരാവുമായിരുന്നെന്ന് ചരിത്രം പറയുന്നു. ഒരു ഭരണാധികാരിയാണ് മരണത്തെ ഇത്രയധികം ഓര്‍ത്തിരുന്നത് എന്ന് നാം അറിയണം. മരണചിന്തയില്‍നിന്ന് ശ്രദ്ധതെറ്റാതിരിക്കാന്‍ വീടിനു മുമ്പില്‍ ഖബ്ര്‍ കുഴിക്കുകയും അതിലിറങ്ങി കിടക്കുകയും ചെയ്തിരുന്ന പൂര്‍വസൂരികളും നമുക്കുണ്ടായിരുന്നു.

 

കിളിയും കിളിക്കൂടും 

രോഗശയ്യയിലായിരിക്കെ പിതാവ് തന്റെ മരണത്തിന്റെ തീവ്രത ലഘൂകരിക്കാന്‍ പറഞ്ഞ കാര്യം മനസ്സില്‍ മായാതെ നില്‍ക്കുന്നു. മരണം കൂട്ടിലടച്ച കിളിയെ തുറന്നുവിടുന്നതു പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, താങ്കളതൊന്ന് വിശദീകരിച്ചാലും എന്ന് അഭ്യര്‍ഥിച്ചു. പിതാവ് വിശദീകരിച്ചു: 

മനുഷ്യശരീരത്തെയും അവന്റെ ആത്മാവിനെയും കിളിയോടും കിളിക്കൂടിനോടും ഉപമിക്കാം. മനുഷ്യരെ സംബന്ധിച്ചേടത്തോളം ആത്മാവിനെ വഹിക്കുന്ന പേടകമാണ് ശരീരം. കിളിയില്ലാത്ത കിളിക്കൂടിന് പ്രസക്തിയില്ലാത്തതുപോലെ ആത്മാവില്ലാത്ത ശരീരത്തിനും പ്രസക്തിയില്ല. കാരാഗൃഹത്തില്‍നിന്ന് സ്വതന്ത്രയാവുന്ന കിളി എന്തൊരു ആഹ്ലാദത്തോടെയാണ് ആകാശത്തിന്റെ വിഹായസ്സിലേക്ക് ചിറകടിച്ചു പറക്കുക!

ലൗകികതയുടെ ബന്ധനത്തില്‍നിന്ന് മുക്തമാവുന്ന സച്ചരിതരുടെ ആത്മാക്കളും ഇതേ സ്വാതന്ത്ര്യമാണ് അനുഭവിക്കുക. ഖുര്‍ആന്‍ പറയുന്നു: ''.........വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണിത്''(16:32). നബി(സ) പറഞ്ഞു: ''വെണ്ണയില്‍നിന്ന് നൂലെടുക്കുന്ന ലാഘവത്തോടെയായിരിക്കും മലക്കുകള്‍ അവരുടെ ആത്മാവിനെ പിടികൂടുക.''

നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് അത് നിങ്ങളെ പെട്ടെന്ന് പിടികൂടും എന്നു പറഞ്ഞ് മരണത്തെ കുറിച്ച് ഓര്‍ക്കരുതെന്ന് ഉപദേശിക്കുന്ന ചില മനശ്ശാസ്ത്രജ്ഞരുണ്ട്. മരണത്തെക്കുറിച്ച് ചിന്തിച്ച് മരണപ്പെടുകയാണെങ്കില്‍ ആ മരണം തനിക്കനുഗ്രഹമാണെന്ന് കരുതാന്‍ ഒരു സത്യവിശ്വാസിയും മടിക്കേണ്ടതില്ല. കാരണം മരണം ഒരിക്കല്‍ മാത്രം ക്ഷണിക്കാന്‍ വരുന്ന ആതിഥേയനാണല്ലോ.

 

മരണചിന്തയുടെ സല്‍ഫലങ്ങള്‍ 

ജീവിത-മരണങ്ങളുടെ ഉദ്ദേശ്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണ് അല്ലാഹു മരണവും ജീവിതവും സൃഷ്ടിച്ചത്'' (67:2). പരീക്ഷയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ സദാ പരീക്ഷയെ ഓര്‍ത്ത് കര്‍മനിരതരാകുന്നതുപോലെ മരണചിന്തയും നമ്മെ കര്‍മോത്സുകരാക്കുകയാണ് ചെയ്യേണ്ടത്. ആകസ്മികമായി മരണത്തെ അഭിമുഖീകരിക്കുന്നതിനു പകരം അതിനു വേണ്ടി തയാറെടുക്കാനും കൂടുതല്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിക്കാനും മരണചിന്ത നമ്മെ സഹായിക്കുന്നു.

അബുഅലി അദ്ദഖാഖ് നൈസാപൂരിയെ ഉദ്ധരിച്ച് ഇമാം ഖുര്‍ത്വുബി ഇങ്ങനെ പറയുന്നു: ''ധാരാളമായി മരണത്തെ ഓര്‍ക്കുന്നവര്‍ മൂന്ന് കാര്യങ്ങളാല്‍ ആദരിക്കപ്പെടും: അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടും, ആരാധനയില്‍ ഉന്മേഷം ഉണ്ടാവും, അവര്‍ ജീവിത സംതൃപ്തി കൈവരിക്കും. മരണചിന്ത ഇല്ലാത്തവര്‍ മൂന്ന് കാര്യങ്ങളാല്‍ ശിക്ഷിക്കപ്പെടും. അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല. അവര്‍ക്ക് ഇബാദത്തുകളില്‍ ആലസ്യമായിരിക്കും. അസംതൃപ്തമായിരിക്കും അവരുടെ ജീവിതം.''

മരണത്തെ ധാരാളമായി ഓര്‍ക്കുക. കാരണം അത് അപ്രതീക്ഷിതവും പൊടുന്നനെ നമ്മുടെ ജീവനെ അപഹരിച്ചു കളയുന്നതുമാണ്. ഉത്തരവാദിത്തമുള്ള ജീവിതം നയിക്കാന്‍ മരണചിന്ത നമ്മെ പ്രാപ്തരാക്കുന്നു. അത് ഈ ജീവിതത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ഓര്‍ക്കാനും അതില്‍നിന്ന് ശ്രദ്ധതെറ്റാതിരിക്കാനും നമ്മെ സഹായിക്കുന്നു. ഒരു പണ്ഡിതന്‍ ഒരാളോട് ചോദിച്ചു: 'താങ്കള്‍ സ്വര്‍ഗത്തെ ഇഷ്ടപ്പെടുന്നുണ്ടോ?' 'തീര്‍ച്ചയായും അതേ' എന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ പണ്ഡിതന്‍: 'താങ്കള്‍ സ്വര്‍ഗം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മരണത്തെ ഇഷ്ടപ്പെടുക. കാരണം മരണത്തിലൂടെയല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗം കാണാന്‍ സാധ്യമല്ലല്ലോ.'

പാരത്രിക ജീവിതത്തെ നിരന്തരമായി ഓര്‍ക്കാനും അവിടെ പ്രതിഫലം കൊയ്‌തെടുക്കാനുമാണ് ഇസ്‌ലാം മൃത്യുവിചാരം എപ്പോഴുമുണ്ടായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്. മരണത്തെ ധാരാളമായി ഓര്‍ക്കുന്നവര്‍ അസൂയ, സുഖലോലുപത, അമിതാഹ്ലാദം പോലുള്ള ചാപല്യങ്ങളില്‍നിന്ന് മുക്തരായിരിക്കും. നിങ്ങളില്‍ ഒരാള്‍ക്ക് അന്ത്യദിനം ആസന്നമാവുകയും അയാളുടെ കൈയില്‍ വൃക്ഷത്തൈ ഉണ്ടാവുകയും ചെയ്താല്‍ അയാളത് നട്ടുകൊള്ളട്ടെ എന്ന പ്രവാചകാധ്യാപനത്തില്‍നിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനുണ്ടെന്ന് ആലോചിച്ചാല്‍ മാത്രം മതി, മരണചിന്തയുടെ പോസിറ്റീവ് എനര്‍ജി കരസ്ഥമാക്കാന്‍. പരലോക ജീവിതത്തിലെ വിജയനിദാനം ഈ ലോകത്ത് അനുഷ്ഠിക്കുന്ന സല്‍ക്കര്‍മങ്ങളാണെന്ന ബോധം ഉണ്ടാവാനും മൃത്യുവിചാരം ഉപകരിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍