Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ഞാന്‍ വായിക്കുന്ന ഖുര്‍ആന്‍ ബോധനം

എ. സൈനുദ്ദീന്‍ കോയ, കൊല്ലം

വിശുദ്ധ ഖുര്‍ആന്റെ പത്തിലധികം സമ്പൂര്‍ണ പരിഭാഷകളും അഞ്ച് വ്യാഖ്യാനങ്ങളും മലയാള ഭാഷയില്‍ നിലവിലുണ്ട്. ആ നിരയിലേക്കുള്ള നവാഗതനാണ് ടി.കെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം. തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്റെ തണലില്‍ എന്നിവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ശ്രദ്ധേയമായ രചനകളാണെങ്കിലും, കേരളക്കരയിലെ പണ്ഡിതന്മാരില്‍നിന്ന് ലഭിച്ചിട്ടുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പ്രഥമ സ്ഥാനത്തിനര്‍ഹമാണ് ഖുര്‍ആന്‍ ബോധനം. സാധാരണക്കാര്‍ക്കിടയില്‍ ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രചിച്ചിട്ടുള്ളതെങ്കിലും, പണ്ഡിതരും ഖുര്‍ആന്‍ പഠിതാക്കളുമുള്‍പ്പെടെ വിവിധ വൈജ്ഞാനിക നിലവാരത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെടും വിധമാണ് ഇതിലെ വ്യാഖ്യാന വിശകലനങ്ങള്‍.

തഫ്ഹീമുല്‍ ഖുര്‍ആന്റെ നിലവിലുള്ള ആദ്യ വാള്യങ്ങള്‍ പുനഃക്രോഡീകരിച്ച് മൂന്നിരട്ടിയായി വിപുലീകരിക്കണമെന്ന് സയ്യിദ് മൗദൂദി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിനു കഴിയാതെ പോയത് ഉബൈദ് സാഹിബിന് സാധിച്ചിരിക്കുന്നു. 559 പേജുകളിലായി എഴുതപ്പെട്ട അല്‍ബഖറയുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ബോധനത്തിന്റെ ആദ്യവാള്യവും തുടര്‍ന്നുള്ള വാള്യങ്ങളും അതിനു തെളിവാണ്.

ആയിരം ആഴ്ചകളിലായി മുപ്പത് സൂറകള്‍ വെളിച്ചം കണ്ട ഈ വേളയില്‍ ഒരു തിരിഞ്ഞുനോട്ടം പ്രസക്തമാണ്. ഇസ്‌ലാമിക പ്രബോധന ദൗത്യത്തെക്കുറിച്ചും പ്രാസ്ഥാനിക വീക്ഷണത്തെക്കുറിച്ചും ഗ്രന്ഥകാരന് നല്ല ഉള്‍ക്കാഴ്ചയുള്ളതുകൊണ്ടും, നിരവധി തഫ്‌സീറുകളുടെ അവലംബം ഉള്ളതുകൊണ്ടുമാകാം ഇതര വ്യാഖ്യാനങ്ങളേക്കാള്‍ സമഗ്രതയും കുറച്ചധികം ദൈര്‍ഘ്യവും ഖുര്‍ആന്‍ ബോധനത്തിനുണ്ടായത്.

വശ്യവും ആകര്‍ഷകവുമായ ശൈലിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. സയ്യിദ് മൗദൂദിയുടെ ഖുര്‍ആന്‍ ഭാഷ്യ വിവര്‍ത്തനത്തിനു സ്വീകരിച്ച പദങ്ങളില്‍നിന്ന് വ്യത്യസ്തവും എന്നാല്‍ അര്‍ഥഭംഗം വരാത്തതുമായ പദങ്ങളാണ് സൂക്തങ്ങളുടെ വിവര്‍ത്തനത്തില്‍ ഖുര്‍ആന്‍ ബോധനത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രന്ഥകാരന്റെ ഭാഷാപരമായ കഴിവിനെ ഇത് വെളിപ്പെടുത്തുന്നു. ഒരുദാഹരണം: ''നിങ്ങള്‍ക്കു മുമ്പില്‍ മിന്നല്‍പിണരുകള്‍ ജ്വലിപ്പിക്കുന്നത് അവന്‍ തന്നെയാകുന്നു. അതുകണ്ട് നിങ്ങളില്‍ ആശങ്കകളും പ്രതീക്ഷകളുമുളവാകുന്നു. ജലനിര്‍ഭരമായ മേഘങ്ങളെ ഉയര്‍ത്തുന്നതും അവനാകുന്നു'' (ഖുര്‍ആന്‍ ഭാഷ്യം, അര്‍റഅ്ദ് 12).

''ആശങ്കാജനകമായും ആശാവഹമായും മിന്നല്‍ പിണരുകള്‍ ജ്വലിപ്പിച്ചു കാണിക്കുന്നതും മഴക്കനമുള്ള മേഘങ്ങളുയര്‍ത്തുന്നതും അവനാകുന്നു'' (ഖുര്‍ആന്‍ ബോധനം, അര്‍റഅ്ദ് 12).

നിരവധി ക്രിയാപദങ്ങളുടെ ത്രികാല രൂപങ്ങളെയും (ഉദാ: ത..... 23:44, ഖദ്ര്‍ 25:2, ഫത്ഹ് 26:118) നാമങ്ങളുടെ ഏകവചന-ബഹുവചന രൂപങ്ങളെയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ വ്യാഖ്യാനത്തില്‍. വ, ഫ, ലി, മിന്‍ തുടങ്ങിയ അവ്യയങ്ങ(ഹര്‍ഫ്)ളുടെ പ്രയോഗങ്ങളും വിശദീകരിച്ചിരിക്കുന്നു. നിരവധി പര്യായപദങ്ങളും അവയോരോന്നും ഉള്‍ക്കൊള്ളുന്ന പ്രത്യേകമായ അര്‍ഥങ്ങളും തുടര്‍ന്ന് എടുത്ത് പറയുന്നു.

ഉദാ: ലഅ്ബ് - കായികമായ കളിവിനോദങ്ങളെ സൂചിപ്പിക്കുന്നു.

ലഹ്‌വ് - നര്‍മത്തിനും തമാശക്കും അലക്ഷ്യമായ ആവിഷ്‌കാരങ്ങള്‍ക്കും ഉപയോഗിക്കുന്നു (29:64).

നൂര്‍ - വെളിച്ചം

ളിയാഅ് - ചൂടും വെളിച്ചവും (28:710).

പഠിതാക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.

കാലിക സംഭവങ്ങളും വാര്‍ത്തകളും ചരിത്രവും ശാസ്ത്രവും സാഹിത്യവും കലയുമൊക്കെ വിശദീകരണങ്ങളില്‍ കടന്നുവരുന്നുണ്ട്. ചില സൂക്തങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാന കുറിപ്പുകള്‍ കാണുക:

''ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടു മാത്രം തഖ്‌വ പൂര്‍ണമാകുന്നില്ല. സിവില്‍-ക്രിമിനല്‍ ഭേദമന്യേ ജീവിതത്തിന്റെ എല്ലാ തുറകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നവരേ പൂര്‍ണ മുത്തഖികളാകൂ'' (2:180).

''നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടു മാത്രം സമൂഹങ്ങളില്‍ നീതിയും ന്യായവും നിലനില്‍ക്കുകയില്ല. ഇന്ത്യന്‍ ജനത, വിശേഷിച്ചും കേരളത്തിലെ മുസ്‌ലിംകള്‍ തന്നെ അതിനു നല്ല തെളിവാണ്... രാഷ്ട്രത്തിന്റെ നിയമങ്ങളും ദീനീനിയമങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥരാണ് മുസ്‌ലിംകള്‍. എന്നിട്ടും നമ്മുടെ നാട്ടിലെ മുസ്‌ലിംകള്‍ കുറ്റകൃത്യങ്ങളില്‍ മികച്ചു നില്‍ക്കുന്നു'' (2:183-184).

''മനുഷ്യരെന്ന നിലയില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. കച്ചവടത്തിലോ തൊഴിലിലോ ഏര്‍പ്പെട്ട് പുരുഷനെപ്പോലെ അവള്‍ക്കും സമ്പാദിക്കാം. എഴുത്തുകാരിയോ കലാകാരിയോ ആകാം. ജനസേവികയോ രാഷ്ട്രീയ പ്രവര്‍ത്തകയോ ആകാം. ഏതു രംഗത്തായാലും അവള്‍ പ്രവര്‍ത്തിക്കുന്നത് ശരീഅത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നു മാത്രം'' (2:228).

''നഗരങ്ങളില്‍ പോയി സ്‌കാനിംഗ് നടത്തി, പെണ്‍ഭ്രൂണഹത്യ നടത്താന്‍ സൗകര്യമില്ലാത്ത രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും ഉള്‍നാടന്‍ ഗ്രാമീണരില്‍ പെണ്‍കുട്ടികള്‍ പ്രസവിക്കപ്പെട്ടാല്‍ സൂതികര്‍മിണികള്‍ അവരെ കൊന്നു കൊടുക്കുക സാധാരണമത്രെ'' (6:140).

ദൃഷ്ടികള്‍ നിയന്ത്രിക്കണമെന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍നിന്ന്; ''തീവണ്ടിയില്‍ വെച്ചു കണ്ടുമുട്ടിയ ഒരാഢ്യ വനിതയുടെയും മാന്യ യുവാവിന്റെയും നോട്ടങ്ങള്‍ അവരെ കൊണ്ടെത്തിച്ച ശോചനീയമായ പതനങ്ങള്‍ 'അന്നാകരിനീന' എന്ന വിശ്വവിഖ്യാത നോവലില്‍ ടോള്‍സ്റ്റോയി ഉജ്ജ്വലമായി അവതരിപ്പിക്കുന്നുണ്ട്'' (24:30).

''ദൈവവിചാരത്തില്‍നിന്നുളവാകുന്ന ധൈര്യം ഉമറുബ്‌നു ഖത്ത്വാബിന്റെയും ഖാലിദുബ്‌നു വലീദിന്റെയും ധൈര്യം പോലെ ലോകത്തിനു അനുഗ്രഹവുമാകുമ്പോള്‍ നൈരാശ്യം, പ്രതികാരദാഹം, ഭയം, സമ്പത്തിലും സ്ഥാനമാനങ്ങളിലും പ്രശസ്തിയിലുമുള്ള മോഹം ഇവകളില്‍നിന്നുളവാകുന്ന ധൈര്യം ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ധൈര്യം പോലെ ലോകത്തിനു ശാപവും ദുരിതവുമാകുന്നു'' (29:45).

ഖാറൂന്റെ എഴുന്നള്ളിപ്പിനെ വിവരിക്കുന്നിടത്ത് പറയുന്നു: ''പണ്ടു മാത്രമല്ല, ഇന്നും ഇതുതന്നെയാണവസ്ഥ. മത-സാംസ്‌കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കുവേണ്ടി പണക്കൊഴുപ്പാര്‍ന്ന സ്വീകരണങ്ങളും റാലികളും സംഘടിപ്പിക്കുക ഇന്നും സാധാരണമാണല്ലോ. ആനയും അമ്പാരിയും കരിമരുന്നു പ്രയോഗവും ഘോഷയാത്രകളുമെല്ലാം അതിന്റെ ഭാഗമായിരിക്കും. മാതൃസംഘടനയെ പിളര്‍ക്കാനോ, പുതിയ സംഘടന രൂപീകരിക്കാനോ ശ്രമിക്കുന്ന ഇസ്‌ലാംമത സംഘടനാ നേതാക്കള്‍ വരെ ഇപ്പോള്‍ ഇത്തരം ആര്‍ഭാടപ്രമത്തമായ സ്വീകരണങ്ങളും റാലികളും സംഘടിപ്പിച്ചുവരുന്നുണ്ട്'' (28:79).

പലിശയെ പരാമര്‍ശിക്കുന്നിടത്ത്: ''റഷ്യയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവം മുതല്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണ നിയമം വരെ ഇതിനുദാഹരണങ്ങളാണ്'' (2:279).

ഇതുപോലുള്ള നിരവധി പരാമര്‍ശങ്ങള്‍ വ്യാഖ്യാനങ്ങളിലുടനീളം കാണാം. 1986-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മുസ്‌ലിം വനിതാ (വിവാഹമോചനാനന്തര അവകാശ സംരക്ഷണ) ബില്ലും അതിനിടയാക്കിയ ശാബാനു കേസിന്റെ പശ്ചാത്തലങ്ങളും സവിസ്തരം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു (2:241).

ചിലപ്പോള്‍ വായനക്കാരില്‍ ചിരിയുണര്‍ത്തുന്ന വ്യാഖ്യാനങ്ങളും  കാണാവുന്നതാണ്. പ്രാര്‍ഥന ചൊല്ലുന്നതിനെ പരാമര്‍ശിക്കുന്നിടത്ത് പറയുന്നു: 'ചില പള്ളികളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം ഹദ്ദാദ് എന്ന പേരില്‍ ഒരു സംഘഭജന കേള്‍ക്കാറുണ്ട്. പരിസരവാസികള്‍ക്ക് അത് ശരിക്കും ഒരു 'ഹദ്ദ്'(ശിക്ഷ) തന്നെയാണ്. ദിക്‌റുകാര്‍ 'യാ ദല്‍ജലാലി വല്‍ ഇക്‌റാം' എന്നു ഗര്‍ജിക്കുന്നതു കേട്ടാല്‍, ഇക്കൂട്ടര്‍ അല്ലാഹുവിനെ കൈകാര്യം ചെയ്യാന്‍ വിളിക്കുകയാണോ- നഊദു ബില്ലാഹ്- എന്നു തോന്നിപ്പോകും'' (7:55).

ഭാഷ പൊതുവെ ലളിതമാണെങ്കിലും മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന പദങ്ങള്‍ ഖുര്‍ആന്‍ ബോധനത്തില്‍ അങ്ങിങ്ങായി കാണപ്പെടുന്നു. 'നരകമാണവരുടെ അന്തിമ വസനം' (13:18), 'സ്വന്തം കുചേഷ്ടിതം ഭൂഷണമായിത്തോന്നുകയും' (13:33) എന്നീ വാക്യങ്ങളിലെ വസനം, കുചേഷ്ടിതം എന്നീ വാക്കുകള്‍ ഉദാഹരണം. റബ്ബിന് വിധാതാവ് എന്ന അര്‍ഥവും വായനാസുഖം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടുന്നു.

പ്രബോധനം വാരികയിലെ ഖുര്‍ആന്‍ ബോധന പംക്തി മുന്നില്‍വെച്ച് കൊല്ലം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ കൊല്ലം പട്ടണത്തില്‍ ഒരു ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ 14 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്ന് കരുതി ആ വിവരം സൂചിപ്പിച്ചുവെന്നു മാത്രം.

സമ്പൂര്‍ണതയും സമഗ്രതയും അവകാശപ്പെടാവുന്ന മലയാളത്തിലെ ഏക  തഫ്‌സീര്‍ എന്ന വിശേഷണത്തിനര്‍ഹമാണ് ഖുര്‍ആന്‍ ബോധനം. ആയിരക്കണക്കിനാളുകള്‍ ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളിലൂടെയും മറ്റുമായി നിത്യവും പ്രയോജനപ്പെടുത്തുന്ന ഈ ഗ്രന്ഥം പൂര്‍ത്തീകരിക്കാന്‍ വിവര്‍ത്തകനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍