Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

വിപുലപ്പെടുത്തേണ്ട സംവരണ മാനദണ്ഡങ്ങള്‍

കെ. നജാത്തുല്ല

എന്‍.ഡി.എ സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത സാമ്പത്തിക സംവരണം ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചുള്ള മുന്നാക്ക പ്രീണനമാണ്. യഥാര്‍ഥത്തില്‍ 26 വര്‍ഷങ്ങള്‍ക്കു മുമ്പ് 1992-ല്‍ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതി ഒ.ബി.സി വിഭാഗങ്ങളിലെ വെണ്ണപ്പാളി (ക്രീമിലെയര്‍) സംവരണത്തിനര്‍ഹരല്ലെന്ന് വിധിച്ചതോടെ സാമ്പത്തികസംവരണം നടപ്പിലായിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ വിദ്യാഭ്യാസ, സാമൂഹിക മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സംവരണ ലക്ഷ്യം അട്ടിമറിക്കപ്പെടുകയായിരുന്നു കോടതിവിധിയിലൂടെ സംഭവിച്ചത്. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് ക്രീമിലെയര്‍ പരിധി നിശ്ചയിച്ചതോടെ തന്നെ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമായിത്തീര്‍ന്നു. സാമ്പത്തിക സംവരണം പ്രാബല്യത്തിലായതോടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കൊഴികെ സംവരണം ലഭിക്കണമെങ്കില്‍ അവര്‍ എട്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളവരായിരിക്കണം. പിന്നാക്ക സമുദായാംഗമെന്ന പരിഗണന ഇല്ലെന്നര്‍ഥം. ഇപ്പോള്‍ എട്ട് ലക്ഷത്തില്‍ താഴെയാണെങ്കില്‍ മുന്നാക്കക്കാരനും സംവരണത്തിനര്‍ഹനാണ്. ഒ.ബി.സി വിഭാഗത്തിലെ മേല്‍പാളിയെ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമായിരുന്നു ഈ ക്രീമിലെയര്‍ പരിധി. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിം സമുദായമായിരുന്നു.

 

ക്രീമിലെയറും ഇന്റര്‍ ജനറേഷനല്‍ മൊബിലിറ്റിയും

മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗസ്ഥ/വിദ്യാഭ്യാസ മേഖലയിലെ ഇന്റര്‍ ജനറേഷനല്‍ മൊബിലിറ്റി (തലമുറകള്‍ക്കിടയിലെ ചലനാത്മകത)യെ തടയുകയാണ് ക്രീമിലെയര്‍ പരിധി നിശ്ചയിക്കുന്നതിലൂടെ സംഭവിച്ചത്. മുസ്‌ലിംകള്‍ എല്ലാവരും ഒ.ബി.സി വിഭാഗത്തിലായിരിക്കെ തന്നെ (ഇതര സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളിലെ ചില വിഭാഗങ്ങള്‍ ഒ.ബി.സി യില്‍ ഉള്‍പ്പെടുന്നില്ല) നിശ്ചിത വരുമാനപരിധിയില്‍ കൂടുതലുള്ളവരാണെന്ന കാരണത്താല്‍ സംവരണാനുകൂല്യത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. യോഗ്യരായിരിക്കെ തന്നെ വരുമാനം കൂടുതലായതിനാല്‍ പുറംതള്ളപ്പെടുന്നവരാണ് ഈ വെണ്ണപ്പാളി വിഭാഗം. സമുദായത്തെ സാമൂഹികമായി മുന്നോട്ടു നയിക്കാന്‍ കെല്‍പുള്ള ഈ വിഭാഗത്തെ പുറത്തിരുത്താനാവും എന്നതാണ് ക്രീമിലെയര്‍ നടപ്പിലാക്കുന്നതിന്റെ ഫലം.

ചരിത്രപരമായ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ഉദ്യോഗം എന്നിവയിലൂടെ അടുത്ത കാലത്ത് മാത്രം കൈവന്ന സാമ്പത്തികാഭിവൃദ്ധി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിലോ പദവിയിലോ മാറ്റം വരുത്തുന്നില്ല. ജാതീയമായും മതപരമായും ഉയര്‍ന്ന വിഭാഗങ്ങളുടെ തലത്തിലേക്ക് അവര്‍ എത്തുന്നില്ല. ജന്മം കൊണ്ട് ചുമലിലേറ്റാന്‍ വിധിക്കപ്പെട്ടതാണ് സാമൂഹികമായ പിന്നാക്കാവസ്ഥ. കാശുണ്ടായാലും പദവികള്‍ ലഭിച്ചാലും അവ പെട്ടെന്ന് മാറുമെന്ന വാദം ശരിയല്ല. ക്രീമിലെയര്‍ പരിധി വേണമെന്ന് വാദിക്കുന്നവര്‍ ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നില്ല. സമ്പത്തും പദവിയും കൊണ്ട് തങ്ങള്‍ ജനിച്ചുവീണ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെ മറികടക്കാനും അതിജീവിക്കാനും സാധിക്കുമായിരുന്നുവെങ്കില്‍ ഗള്‍ഫ് പ്രവാസത്തിന്റെ ബലത്തില്‍ സമ്പന്ന ജീവിതം നയിക്കുന്ന ഈഴവരിലെയും മുസ്ലിംകളിലെയും വലിയൊരു വിഭാഗവും വ്യവസായ സംരംഭങ്ങളിലൂടെ അഭിവൃദ്ധി പ്രാപിച്ച, മധ്യകേരളത്തിലെ കത്തോലിക്കരുമടങ്ങുന്ന വലിയൊരു ശതമാനം പിന്നാക്കക്കാരും സാമൂഹികശ്രേണിയില്‍ ഒന്നാമതെത്തുമായിരുന്നു. പക്ഷേ, അത്തരം സാമൂഹിക മാറ്റങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, ഉന്നത സ്ഥാനങ്ങളിലെത്തിപ്പെട്ട സംവരണ വിഭാഗത്തില്‍ പെട്ടവര്‍ വിരമിക്കുന്നതോടെ ഓഫീസ് ശുദ്ധികലശം നടത്തുന്ന അനുഭവങ്ങള്‍ കേരളത്തില്‍ വരെ കാണാനാവുന്നു. രണ്ടോ മൂന്നോ തലമുറകള്‍ ഉയര്‍ന്ന പദവികളിലിരിക്കുകയും അതുമൂലം മറ്റു ജനവിഭാഗങ്ങളുമായി തുല്യത സ്ഥാപിക്കുകയും ചെയ്താല്‍ അവരുടെ സാമൂഹികപദവി ഉയര്‍ന്നതായി കണക്കാക്കാവുന്നതാണ്. ഈ തലമുറകളുടെ ചലനാത്മകതയെ ഇല്ലായ്മ ചെയ്യുകയാണ് ക്രീമിലെയര്‍, നോണ്‍ ക്രീമിലെയര്‍ വിഭജനത്തിലൂടെ സംഭവിച്ചത്. അതായത്, ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നതുവഴി പല കാരണങ്ങളാല്‍ ഉന്നത ഉദ്യോഗങ്ങള്‍ ലഭിച്ച, സാമ്പത്തിക അടിത്തറയുണ്ടായ കുടുംബങ്ങളിലെ രണ്ടാം തലമുറക്ക് ഇനിയൊരിക്കല്‍കൂടി സംവരണം ഉണ്ടാകരുതെന്ന മുനകൂര്‍ത്ത ബുദ്ധിയാണ് പ്രയോഗവത്കരിക്കപ്പെടുന്നത്. 

ലോകബാങ്ക് സാമ്പത്തിക ശാസ്ത്രജ്ഞനായ സാം ആഷര്‍, ഡാര്‍ട്ട്മാത്ത് കോേളജിലെ പോള്‍ നൊവാസാദ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ചാര്‍ളി റാഫ്കിന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ (2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച കിലേൃഴലിലൃമശേീിമഹ ങീയശഹശ്യേ ശി കിറശമ) ഏറ്റവും കുറഞ്ഞ ചലനാത്മകത മുസ്‌ലിം സമുദായത്തിനാണെന്ന് പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഉന്നത ജാതികളേക്കാളും എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാളും ഏറെ പിറകിലാണ് മുസ്‌ലിം സമുദായത്തിന്റെ  ചലനാത്മകത. ഭരണഘടനാപരമായ സുരക്ഷയും രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ സംവരണവുമാണ് പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്ക് ഈ ഉയര്‍ന്ന ചലനാത്മകത നേടാന്‍ സഹായിച്ചത്. അതേസമയം മുസ്‌ലിംകളുടെ സുരക്ഷക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രത്യേക നയരൂപീകരണമില്ലാത്തതും മുസ്‌ലിംകളോടുള്ള കടുത്ത വിവേചനവുമാണ് ഈ തുടര്‍ച്ചയെ അസാധ്യമാക്കിയതെന്നും  റിപ്പോര്‍ട്ട് പറയുന്നു. സാമാന്യം മെച്ചപ്പെട്ട സമൂഹമെന്ന് പൊതുവെ കരുതപ്പെടുന്ന കേരളത്തില്‍ പോലും മുസ്‌ലിം സമുദായത്തിന്റെ തൊഴില്‍പരമായ ചലനാത്മകത കുറഞ്ഞുകൊണ്ടിരിക്കുകയാണ് (ഒരു തലമുറയിലുള്ളവര്‍ക്ക് ലഭിക്കുന്ന തൊഴിലോ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലോ തൊട്ടടുത്ത തലമുറക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നതാണ് തൊഴില്‍പരമായ ചലനാത്മകത- Intergenrational Occupational Mobility- എന്ന് സാമാന്യമായി പറയാം).

മുസ്‌ലിം സമുദായത്തിലെ ക്രീമിലെയര്‍ സംവരണത്തിന് പുറത്തു നിര്‍ത്തപ്പെടുന്നതോടെ ഓപ്പണ്‍ ക്വാട്ടയില്‍ മുന്നാക്ക വിഭാഗങ്ങളോട് മത്സരിച്ച് ഉദ്യോഗസ്ഥ/വിദ്യാഭ്യാസ മേഖലയില്‍ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ വിധിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു സംവരണ ജോലിക്കു വേണ്ടിയോ വിദ്യാഭ്യാസ അവസരത്തിനു വേണ്ടിയോ മുസ്‌ലിംകള്‍ക്ക് ഉന്നതജാതികളുമായി മത്സരിക്കേണ്ടിവന്നാല്‍ അവര്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ അവസാനത്തിലേക്ക് തള്ളിമാറ്റപ്പെടുന്നു. നിലവിലെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച സര്‍ക്കാര്‍ ഭാഷ്യത്തെ വിശ്വാസത്തിലെടുത്താല്‍തന്നെ (പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം ചെയ്യപ്പെട്ട 49.5 ശതമാനത്തെ ബാധിക്കാത്ത തലത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. അതെത്രമാത്രം പ്രായോഗികമാണെന്നു കണ്ടറിയണം). നിലവിലെ 50 ശതമാനം വരുന്ന ഓപ്പണ്‍ ക്വാട്ടയിലെ 10 ശതമാനം സാധ്യത പിന്നാക്ക സമുദായത്തിലെ ക്രീമിലെയറിന് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. മുന്നാക്ക വിഭാഗങ്ങള്‍ക്കാകട്ടെ, മൊത്തത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല, ക്രീമിലെയര്‍ പരിധി 15 ലക്ഷമാക്കണമെന്ന ദേശീയ പിന്നാക്ക സമുദായ കമീഷന്റെ ശിപാര്‍ശ ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.

സാമ്പത്തിക പിന്നാക്കാവസ്ഥയെ സംവരണത്തിന്റെ മാനദണ്ഡമാക്കിയാല്‍ പോലും അതിന് പ്രാഥമികമായി അര്‍ഹരാകേണ്ടത് മുസ്‌ലിം സമുദായത്തില്‍പെട്ടവരായിരിക്കുമെന്നാണ് സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും വ്യക്തമാക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ധനാത്മകമായി സ്വാധീനിക്കുന്ന സ്ഥിരവരുമാനമുള്ള ജോലി, സര്‍ക്കാര്‍ ഉദ്യോഗം, വന്‍കിട സ്വകാര്യ കമ്പനികളിലെ തൊഴില്‍ എന്നിവയില്‍ മുസ്‌ലിംകള്‍ ഇതര സമൂഹങ്ങളെ അപേക്ഷിച്ച് പിറകിലാണ് എന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിം സമുദായം സാമ്പത്തിക നിലവാരത്തില്‍ മറ്റ് മത, ജാതി വിഭാഗങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണെന്ന് വ്യക്തമാക്കുന്ന ധാരാളം പഠനങ്ങള്‍ വേറെയുമുണ്ട്. ഏത് അഫര്‍മേറ്റീവ് ആക്ഷനിലും മുന്‍ഗണന നല്‍കപ്പെടേണ്ട വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന് ഇത് സൂചിപ്പിക്കുന്നു.

 

മുസ്‌ലിം സംവരണത്തിന്റെ പ്രസക്തി

വിവിധ ജാതിവിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ ഭരണഘടനാപരമായ ന്യായം. ഭരണഘടനാ നിര്‍മാണസമയത്ത് മതം പിന്നാക്കാവസ്ഥയുടെ കാരണമായി തിരിച്ചറിയപ്പെട്ടിരുന്നില്ല. അതിനാല്‍തന്നെ മതന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കാനുള്ള ഉപാധികളാണ് ഭരണഘടനയില്‍ ഇടം പിടിച്ചത്. എന്നാല്‍ രാജ്യത്തിന്റെ എഴുപതു വര്‍ഷത്തെ അനുഭവത്തില്‍ മതവും ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥക്ക് കാരണമാണെന്ന് തെളിഞ്ഞിരിക്കുന്നു. സച്ചാര്‍ റിപ്പോര്‍ട്ടോടു കൂടി അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.  മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ റിസര്‍വേഷന്‍ എന്ന ആശയം മുന്നോട്ടു വെക്കുന്നില്ലെങ്കിലും സച്ചാര്‍ സമിതി റിപ്പോര്‍ട്ട് മുസ്‌ലിംകളുടെ മതവും ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥക്ക്  കാരണമെന്ന് വെളിപ്പെടുത്തുന്നുണ്ട്. മണ്ഡല്‍ കമീഷനും അഫര്‍മേറ്റീവ് ആക്ഷന്‍ വേണമെന്ന് ആവശ്യപ്പെടുമ്പോഴും എസ്. സി/എസ്.ടി വിഭാഗങ്ങളെപ്പോലെ പ്രത്യേക സംവരണം നിര്‍ദേശിക്കുന്നില്ല. രാജ്യത്തിന്റെ സെക്യുലര്‍ സ്വഭാവത്തിന് വിരുദ്ധമാകും എന്ന യുക്തിയായിരിക്കണം കമീഷനുകള്‍ ഇത്തരമൊരു ശിപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം.

ഭരണഘടനാ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണം എന്ന ആശയം ഉയര്‍ന്നുവന്നിരുന്നു. തീവ്രഹിന്ദു വലതുപക്ഷത്തിന്റെ ശക്തമായ  എതിര്‍പ്പിനെ തുടര്‍ന്നാണ് അത് നിരാകരിക്കപ്പെട്ടത്. ഹിന്ദുമതത്തിനകത്തെ ജാതീയതക്കിരയായവര്‍ക്ക് മാത്രം സംവരണം എന്ന തീര്‍പ്പിലെത്തി പട്ടികജാതി, പട്ടികവര്‍ഗക്കാരില്‍ സംവരണം പരിമിതപ്പെടുത്തി. 1956-ല്‍ സിക്കുകാരും 1990-ല്‍ ബുദ്ധിസ്റ്റുകളും സംവരണം നേടിയെടുത്തെങ്കിലും മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണം തടയപ്പെട്ടു. യഥാര്‍ഥത്തില്‍ സ്വത്വസംരക്ഷണത്തിനും അധികാര പങ്കാളിത്തത്തിനും തുല്യപ്രാധാന്യം നല്‍കുമ്പോഴേ പിന്നാക്കാവസ്ഥയിലുള്ള ഒരു ന്യൂനപക്ഷത്തിന് അതിജീവനം സാധ്യമാകൂ. മുസ്‌ലിം സമുദായത്തോടുള്ള ബോധപൂര്‍വമായ വിവേചനമാണ് സംവരണനിഷേധത്തിനു പിറകില്‍. 'വിദേശികളായതുകൊണ്ടാണ്' മുസ്‌ലിംകള്‍ക്ക് സംവരണം നിഷേധിക്കപ്പെടുന്നതെന്ന് എം.ജെ അക്ബര്‍ നിരീക്ഷിക്കുന്നുണ്ട്: ''ഈ രാഷ്ട്രീയക്കളിയില്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളും മുസ്‌ലിംകളും പുറത്താക്കപ്പെടുന്നത്? ഏതാണ്ടെല്ലാവര്‍ക്കും കേക്കിന്റെ കഷ്ണം ലഭിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്കിത് നിഷേധിക്കപ്പെടുന്നത്? 'വൈദേശിക വിശ്വാസ'ത്തിന്റെ വിലയാണോ അവരൊടുക്കിക്കൊണ്ടിരിക്കുന്നത്? ഈ മതങ്ങള്‍ ഉത്ഭവിച്ചത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തായതിനാലാണോ?'' (ടൈംസ് ഓഫ് ഇന്ത്യ 2006).

ഏഴര പതിറ്റാണ്ടിനിപ്പുറം, പിന്നാക്കാവസ്ഥയെയും സാമൂഹിക നീതിയെയും  സംബന്ധിച്ച നിലവിലെ കാഴ്ചപ്പാടുകളും അതിന്റെ മാനദണ്ഡങ്ങളും അനിവാര്യമായും വിപുലപ്പെടുത്തേണ്ടതുണ്ട്.  ഹിന്ദുമതത്തിനകത്തെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അസമത്വത്തെ (Institutionalised Inequality)  അടിസ്ഥാനമാക്കിയാണ് പിന്നാക്കാവസ്ഥ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ സംവരണ കാഴ്ചപ്പാടും ജാതിവിഭജനത്തിലധിഷ്ഠിതമാണ്. ബ്രാഹ്മണിക്കല്‍ ജാത്യാചാരങ്ങളുടെ ഇരകളാണ് ഇന്ത്യയിലെ അവശേഷിക്കുന്ന മുഴുവന്‍ ജനതയും. അതിന്റെ ഫലമായാണ് ദലിതുകളെ പോലെ മുസ്‌ലിംകളും ഓരങ്ങളിലേക്കെത്തിപ്പെടുന്നത്. ഈ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴാണ് സംവരണം ഫലപ്രദമാവുക. രാജ്യത്തെ സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ പരിഗണിച്ച് പിന്നാക്കാവസ്ഥ നിര്‍ണയിക്കപ്പെടണം. അരികുവല്‍ക്കരിക്കപ്പെടുന്നതിന്റെയും  സമൂഹത്തിനകത്ത് വിവിധ പാളികള്‍ രൂപപ്പെടുന്നതിന്റെയും കാരണങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയണം. ക്രീമിലെയര്‍/ നോണ്‍ ക്രീമിലെയര്‍ വിവേചനങ്ങളില്ലാത്ത, സവിശേഷവും പ്രത്യേകവുമായ സംവരണം കൊണ്ട് മാത്രമേ മുസ്‌ലിം നില മെച്ചപ്പെടുകയുള്ളൂ. രാജ്യം കൂടുതല്‍ മതനിരപേക്ഷമാകുന്നതിനും ഇതാവശ്യമാണ്. ന്യുനപക്ഷങ്ങളുടെ സുരക്ഷയെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകളും ഭരണഘടനക്കകത്ത് ഇടം പിടിക്കേണ്ടതുണ്ട്. ദലിത് - പിന്നാക്ക വിഭാഗങ്ങളോട് ചേര്‍ന്നുനിന്ന് പ്രത്യേക മുസ്‌ലിം സംവരണം എന്ന ആശയത്തെ ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സജീവ വ്യവഹാരമായി ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പുതിയകാലത്ത് നിര്‍വഹിക്കാനുള്ള ഒരു പ്രധാന ദൗത്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍