Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയാത്തത്

ഒന്നാം ലോകയുദ്ധത്തിലുണ്ടായ സാമ്പത്തിക നഷ്ടം 197 ട്രില്യന്‍ ഡോളര്‍, രണ്ടാം ലോകയുദ്ധത്തില്‍ 209 ട്രില്യന്‍ ഡോളര്‍, പശ്ചിമേഷ്യന്‍ യുദ്ധങ്ങളില്‍ 12 ട്രില്യന്‍ ഡോളര്‍. പലിശ കാരണം ലോക സമ്പദ് ഘടനക്കുണ്ടായ നഷ്ടം 71 ട്രില്യന്‍ ഡോളര്‍. ഈ കണക്കുകള്‍ സാമ്പത്തിക വിദഗ്ധനായ ഡോ. അബ്ദുല്‍ ഫതാഹ് മുഹമ്മദ് സ്വലാഹ് തന്റെ സൈറ്റില്‍ (thefaireconomy.com)  എഴുതിയ ലേഖനത്തില്‍ എടുത്തു ചേര്‍ത്തതാണ്. രാഷ്ട്രങ്ങള്‍ അപ്പടി തകര്‍ക്കപ്പെട്ട രണ്ട് ലോക യുദ്ധങ്ങളില്‍ ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് പലിശ എത്ര മാരകമായാണ് ലോക സമ്പദ്ഘടനയെ കാര്‍ന്നു തിന്നുന്നതെന്ന് ബോധ്യപ്പെടുക. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും മൂലമുണ്ടാകുന്ന നഷ്ടം എത്രയൊക്കെ നീട്ടിപ്പറഞ്ഞാലും ഒരു നിശ്ചിത കാലത്തേക്കാണ്. പലിശ അങ്ങനെയല്ലല്ലോ. പലിശാധിഷ്ഠിത ഘടനക്ക് പുറത്ത് ഒരു സമ്പദ്ഘടനക്കും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അത്രക്ക് വ്യാപകമായി അത് പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ഐ.എം.എഫും ലോക ബാങ്കുമൊക്കെ മൂന്നാം ലോക രാജ്യങ്ങളെ പലിശക്കെണിയില്‍ കുരുക്കി കുത്തുപാളയെടുപ്പിച്ച് കഴിഞ്ഞു.

ദരിദ്രരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ നാടുവാഴികളുടെയും ഭൂവുടമകളുടെയും കുത്തക കച്ചവടക്കാരുടെയും കൈയിലെ ഏറ്റവും മാരകമായ ചൂഷണോപാധികളിലൊന്നായിരുന്നു എക്കാലത്തും പലിശ. ബോണ്ടഡ് ലേബര്‍ എന്ന പരോക്ഷ അടിമ സമ്പ്രാദയത്തെ രൂപപ്പെടുത്തിയത് തന്നെ പലിശയാണ്. പ്രത്യക്ഷ അടിമത്തമേ ഇല്ലാതായിട്ടുള്ളൂ, ഇതുപോലുള്ള പരോക്ഷ അടിമത്ത സമ്പ്രദായങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു, നമ്മുടെ രാജ്യത്ത് വരെ. ഭൂവുടമയില്‍നിന്ന് വാങ്ങിയ കടം തിരിച്ചടക്കാനാവാതെ കൃഷിഭൂമിയില്‍ അധ്വാനിക്കുന്ന ഭൂരഹിത കര്‍ഷകനും കുടുംബവും വരാനുള്ള അയാളുടെ തലമുറകളുമടക്കം അടിമകളാക്കി മാറ്റപ്പെടുന്നതാണ് ബോണ്ടഡ് ലേബര്‍. വരേണ്യരും പ്രമാണിമാരുമല്ലാത്ത സാധാരണ  ജനം പലതരം അടിമത്ത നുകങ്ങളില്‍ കുരുക്കിയിടപ്പെട്ടിരുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് അറേബ്യയില്‍ പ്രവാചക നിയോഗമുണ്ടാകുന്നത്. അതിനാല്‍ ഇസ്‌ലാമിന്റെ വിമോചന സങ്കല്‍പത്തില്‍ പലിശക്കെതിരെയുള്ള പോരാട്ടം കേന്ദ്ര സ്ഥാനത്ത് വന്നത് തീര്‍ത്തും സ്വാഭാവികം മാത്രം. പലിശയുടെ നീരാളിപ്പിടുത്തം ഭേദിക്കാതെ അവരെ മോചിപ്പിക്കാനാവുമായിരുന്നില്ല.  അതുകൊണ്ടാണ് ഖുര്‍ആന്‍ പലിശക്കെതിരെ യുദ്ധ പ്രഖ്യാപനം തന്നെ നടത്തിയിരിക്കുന്നത് (2:278, 279). പലിശ ഒന്നും സൃഷ്ടിക്കില്ലെന്നും എല്ലാം നക്കിത്തുടച്ച് കളയുമെന്നും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച അതിഭീമമായ ധനിക-ദരിദ്ര അന്തരത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് പലിശയാണെന്ന് നിസ്സംശയം പറയാനാകും. പലിശ ഒരിക്കലും ധനികരില്‍നിന്ന് ദരിദ്രരിലേക്ക് വരില്ല. അതെപ്പോഴും ദരിദ്രന്റെ ചില്ലിക്കാശ് വരെ ഊറ്റിയെടുത്തുകൊണ്ടിരിക്കും. സമ്പദ്ഘടന പലിശാധിഷ്ഠിതമായിരിക്കുന്നേടത്തോളം കാലം വെറുതെ ഒച്ച വെക്കാമെന്നല്ലാതെ ഇതിലൊരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട. അത്യസാധാരണമായ ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയില്‍ ഇസ്‌ലാമികാദര്‍ശത്തെ നെഞ്ചേറ്റുന്നവര്‍ക്ക് തീര്‍ച്ചയായും ഇസ്‌ലാമികമായ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. പലിശ എങ്ങനെ ലോക സമ്പദ്ഘടനയെ തകര്‍ക്കുന്നുവെന്ന് ആഴത്തില്‍ പഠിക്കുകയാണ് അതിലൊന്ന്. പലിശക്കെതിരെ ഉപദേശപ്രസംഗമായാല്‍ പോരാ. ഏറ്റവും നൂതനമായ മെത്തഡോളജി ഉപയോഗിച്ച് സാമ്പത്തിക വിദഗ്ധര്‍ തന്നെ അത് തയാറാക്കണം. പലിശയില്‍ മുങ്ങിനില്‍ക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ ഇതു സംബന്ധമായി ഒരു ഡാറ്റയും നമുക്ക് തരില്ല. അവര്‍ അതൊക്കെ മറച്ചുവെക്കുകയേ ഉള്ളൂ. ഇങ്ങനെയൊരു ആധികാരിക റിപ്പോര്‍ട്ട് തയാറാക്കാനായാല്‍ പൊതുബോധത്തെ ഗണ്യമായി സ്വാധീനിക്കാനാവുമെന്ന് ഉറപ്പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍