Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

അസമത്വങ്ങളുടെ സാമ്പത്തിക ക്രമം ഇസ്‌ലാം ബദലൊരുക്കുന്ന വിധം

സി.പി ശഫീഖ് താനൂര്‍

ലോക സാമ്പത്തിക ഫോറത്തിന്റെ 49-ാം ഉച്ചകോടി 2019 ജനുവരി 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുകയുണ്ടായി. ആഗോള മുതലാളിത്ത ശക്തികള്‍ തങ്ങളുടെ ചതുരംഗത്തിലെ ഓരോ കള്ളിയും നിര്‍ണയിക്കുന്ന ഒത്തുകൂടല്‍ എന്ന നിലയില്‍ വലിയ ശ്രദ്ധയോടെയാണ് ലോകം അതിനെ നോക്കിക്കാണാറുള്ളത്. ആഗോള സാമ്പത്തിക ഭീമന്മാരുടെ വട്ടമേശ സമ്മേളനങ്ങളും രാഷ്ട്രനായകരുടെ കോറിഡോര്‍ ചര്‍ച്ചകളും അക്കാദമിക വിദഗ്ധരുടെ നിരീക്ഷണ വര്‍ത്തമാനങ്ങളുമൊക്കെയായി നിറഞ്ഞുനില്‍ക്കാറുള്ള ദാവോസ് സമ്മിറ്റ് പക്ഷേ ഇക്കുറി ശ്രദ്ധിക്കപ്പെട്ടത് അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെ പ്രമുഖ ലോക രാഷ്ട്രങ്ങളുടെ അസാന്നിധ്യം കൊണ്ടായിരുന്നു. എന്തിനധികം, യാത്രാപ്രിയനായ നമ്മുടെ പ്രധാനമന്ത്രി തന്നെയും ആ യാത്രക്ക് തുനിഞ്ഞില്ല! ലോകത്തിന് അഭിമാനിക്കാവുന്ന ഒന്നും സാമ്പത്തിക രംഗത്ത് കാഴ്ചവെക്കാന്‍ ഈ വേദിക്ക് കഴിയാത്തതുതന്നെയാണ് ഹാജര്‍നില കുറക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല.

ലോക സാമ്പത്തിക ഉച്ചകോടിയുടെ അനുബന്ധമായി ധാരാളം അക്കാദമിക പഠനങ്ങള്‍ വെളിച്ചം കാണാറുണ്ട്. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, പരിസ്ഥിതി, വളര്‍ച്ചാസൂചികകള്‍ തുടങ്ങി പല മേഖലകളിലും ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാറുണ്ട് അവ. പക്ഷേ, അവയോട് ക്രിയാത്മകമായ പ്രായോഗിക സമീപനം ആരും സ്വീകരിക്കാറില്ല. ബ്രിട്ടീഷ് സന്നദ്ധ സംഘടന ഓക്‌സ്ഫാം സാമ്പത്തിക ഉച്ചകോടിക്ക് മുമ്പായി പുറത്തുവിട്ട ഒരു പഠനം ഇത്തരത്തില്‍ നമ്മുടെയൊക്കെ സജീവ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സാമ്പത്തിക അസമത്വങ്ങളുടെയും വിഭവവിതരണത്തിലെ അങ്ങേയറ്റത്തെ വിവേചനങ്ങളുടെയും കഥ പറയുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. ഒരു കാര്യം വ്യക്തമാണ്; പലിശാധിഷ്ഠിത, ഡോളര്‍ അധിഷ്ഠിത സാമ്പത്തിക ക്രമത്തിന്റെ ഏറ്റവും പ്രകടമായ ഫലം, അത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം വര്‍ധിക്കാന്‍ കാരണമാവുന്നു എന്നതാണ്. ഒരു ഭാഗത്ത് വിഭവക്കമ്മി കൊണ്ട് ആളുകള്‍ പട്ടിണി കിടന്ന് മരിച്ചുവീഴുമ്പോഴും മറുഭാഗത്ത് ധാന്യങ്ങള്‍ ഒഴുക്കിക്കളഞ്ഞെങ്കിലും കമ്പോളമൂല്യം പിടിച്ചു നിര്‍ത്തണം എന്ന് ഉദ്‌ഘോഷിക്കുന്ന ഒരു സാമ്പത്തിക ക്രമത്തെ പ്രമോട്ട് ചെയ്യുകയാണ് ആ പ്രത്യയശാസ്ത്രം. ഓക്‌സ്ഫാം പുറത്തുവിട്ട കണക്കനുസരിച്ച് സാമ്പത്തിക വളര്‍ച്ചയില്‍ വലിയ കുതിപ്പൊന്നും നടത്താന്‍ 2018-ല്‍ സാധ്യമാകാതിരുന്നിട്ടും, ലോകത്തെ അതിസമ്പന്നരുടെ ആസ്തിയില്‍ 17810 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ലോകത്തെ 26 സമ്പന്നര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകള്‍ക്കുള്ളതിനേക്കാള്‍ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്ന കാര്യങ്ങള്‍ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. ലോകത്തെ ശതകോടീശ്വരന്മാരുടെ (Billionaires) എണ്ണം ഇരട്ടിയോളമായി.

2. 2017-2018 കാലയളവില്‍ ഓരോ രണ്ട് ദിവസത്തിലും ഒരു പുതിയ ശതകോടീശ്വരന്‍ ജന്മം കൊണ്ടു.

3. 2018-ല്‍, 3.8 ബില്യന്‍ വരുന്ന, അഥവാ ജനസംഖ്യയുടെ പാതി എന്ന് പറയാവുന്ന ദരിദ്ര ജനകോടികളുടെ ആസ്തി 11 ശതമാനം കുറഞ്ഞു.

4. ഇന്ത്യയില്‍ മാത്രം ഒരു ശതമാനം വരുന്ന മുന്‍നിര കോടീശ്വരന്മാരുടെ സ്വത്തില്‍ 39 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ താഴേക്കിടയിലുള്ള 50 ശതമാനം ജനത്തിന് ഉണ്ടായത് കേവലം 3 ശതമാനം വളര്‍ച്ച.

5. ഇന്ത്യയിലെ ഒമ്പത് അതിസമ്പന്നരുടെ സമ്പത്ത് രാജ്യത്തെ 50 ശതമാനം വരുന്ന സാധാരണക്കാരന്റെ സമ്പത്തിന് തുല്യമാണ്.

അസന്തുലിതമായ ഈ സാമ്പത്തിക ക്രമം സാധാരണക്കാരന്റെ ജീവിതത്തിനുമേല്‍ കടുത്ത പ്രഹരമാണ് ഏല്‍പിച്ചത്. ഇന്ധന വിലവര്‍ധനയും ജീവിതച്ചെലവുകളുടെ ആധിക്യവും പുതിയതരം ടാക്‌സുകളുമൊക്കെ ഈ ധനിക-ദരിദ്ര അന്തരം ഭയാനകമായി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് കേന്ദ്രീകരിച്ച് രൂപപ്പെട്ട മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധ പ്രസ്ഥാനം (Yellow Jacket Movement)  ഈ അസമത്വത്തിന് എതിരെയുള്ള അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദമാണ് ഉയര്‍ത്തുന്നത്. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഭാഗമായ കര്‍ഷകന് വിലയില്ലാതാവുകയും കാര്‍ഷിക വിളകള്‍ എടുക്കാച്ചരക്കുകളാവുകയും ചെയ്യുന്ന കാഴ്ചകള്‍ ഇതേ സാമ്പത്തിക അസുന്തലിതത്വത്തിന്റെ പ്രശ്നങ്ങളായി വേണം മനസ്സിലാക്കാന്‍.

90-കള്‍ മുതല്‍ നമ്മുടെ രാജ്യം പിന്തുടരുന്ന ഉദാരീകരണ-ആഗോളവത്കരണ നയങ്ങളും ഈ അകല്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതിനു  ശേഷം രാഷ്ട്രം സ്വീകരിച്ചുവരുന്ന സാമ്പത്തിക നയങ്ങള്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാന വര്‍ഗത്തോട് അങ്ങേയറ്റം വിവേചനം പുലര്‍ത്തുന്നതും അനീതി ചെയ്യുന്നതുമാണ്. വട്ടിപ്പലിശക്ക് കടമെടുത്ത് കൃഷി ചെയ്ത് വിളവെടുക്കുന്ന സമയത്ത് ആ വിളവുകള്‍ക്ക് മുതല്‍മുടക്കിന്റെ നാലിലൊന്ന് പോലും വില ലഭിക്കാതെ ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞവര്‍ തന്നെയാണ് വിജയ് മല്യയും നീരവ് മോദിയുമുള്‍പ്പെടെ ശതകോടീശ്വരന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയതും അവര്‍ക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്തതും.

ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളോട് ഏറ്റുമുട്ടുന്നതുകൊണ്ടുതന്നെയാണ് ഈ സാമ്പത്തിക അസമത്വങ്ങള്‍ക്ക് എതിരെയുള്ള ചെറിയ വിരലനക്കങ്ങള്‍ക്കു പോലും വലിയ പ്രതികരണവും പിന്തുണയും ലഭിക്കുന്നത്. നമ്മുടെ രാജ്യത്ത് രൂപംകൊണ്ട ചില ജനകീയ സര്‍ക്കാറുകള്‍ ഇതിന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാട്ടിയാണ് രംഗത്ത് വന്നത്. അറബ് വസന്തവും കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ രൂപം കൊണ്ട മഞ്ഞക്കുപ്പായ പ്രതിഷേധങ്ങളുമൊക്കെ സാമ്പത്തിക അസന്തുലിതത്വത്തിന്റെ ഈ നെരിപ്പോടുകളില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണ്. വിഭവ സമാഹരണത്തിലെയും വിതരണത്തിലെയും ഈ അനീതിയെ രാഷ്ട്രീയ-സാമൂഹിക ക്രമങ്ങളുമായി ചേര്‍ത്തുവായിക്കാന്‍ കഴിയേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനം 300 കോടിയാണെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുക്കുന്ന ഒരാളുടെ വരുമാനം 175 രൂപയോ അതില്‍ താഴെയോ ആണ്. അടിസ്ഥാനവര്‍ഗത്തിന്റെ മിനിമം വേതനത്തില്‍ വര്‍ധനവ് വരുത്താതിരിക്കുകയും എന്നാല്‍ രാജ്യത്തെ കോടീശ്വരന്മാരുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ജി.ഡി.പി (Gross Domestic Product) യെ ഉയര്‍ത്തിക്കാട്ടുകയും അതിന് സമാനമായി സാധന-സേവനങ്ങള്‍ക്ക് വില നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അംബാനിമാരും അദാനിമാരും തങ്ങളുടെ അധ്വാനത്തിന്റെയും മുതല്‍മുടക്കിന്റെയും ലാഭമാണല്ലോ അനുഭവിക്കുന്നത് എന്ന് നിഷ്‌കളങ്ക ബുദ്ധി തെറ്റിദ്ധരിക്കാനിടയുണ്ട്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കണക്കുകള്‍ മാത്രം മതി ഈ അസാധാണ വളര്‍ച്ചക്ക് പിന്നിലെ ഭരണകൂട-കോര്‍പ്പറേറ്റ് ചങ്ങാത്തവും അഴിമതികളും മനസ്സിലാക്കാന്‍. മാറ്റം വന്ന വിലയനുസരിച്ച് തന്നെ 746 കോടിക്ക് ഫ്രാന്‍സിലെ ഡസോള്‍ട്ട് റാഫേല്‍ എന്ന കമ്പനിയില്‍നിന്ന് 18 യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാമെന്നും ബാക്കി രാജ്യത്തെ ശ്രദ്ധേയമായ പൊതുമേഖലാ സ്ഥാപനമായ HAL- നിന്ന് റാഫേലിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിക്കാമെന്നും തീരുമാനിച്ച, 95 ശതമാനം നടപടികളും പൂര്‍ത്തീകരിച്ച കരാറുകളെ തീര്‍ത്തും അവഗണിച്ച് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ ഇടനിലക്കാരാക്കി അതേ റാഫേലില്‍നിന്നു തന്നെ മുപ്പത്തിയാറ് വിമാനങ്ങള്‍ 1600 കോടിക്ക് വാങ്ങിക്കാമെന്ന് ഉറപ്പിക്കുന്നത് യുദ്ധവിമാനങ്ങള്‍ ഫുള്‍ ഓപ്ഷനിലേക്ക് മാറിയതുകൊണ്ടല്ല; മറിച്ച് തങ്ങളുടെ അധികാര കസേരകള്‍ കാലൂന്നിയിട്ടുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ബ്രോക്കറേജ് കൊടുക്കാന്‍ മാത്രമാണ്. ഈ ഇടപാടിലൂടെ മാത്രം അംബാനിക്ക് 3000 കോടി അധിക വരുമാനമുണ്ടായി.

 

അസമത്വങ്ങളുടെ വളര്‍ച്ചാമാപിനികള്‍

അത്യന്തം വികലമായ ഈ സാമ്പത്തികവളര്‍ച്ച ജനജീവിതത്തെ മാരകമായി ബാധിക്കുന്നതാണ് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച  മുരടിക്കുകയും സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുകയും ചെയ്യുന്ന ഈ സാഹചര്യത്തെ(Low Growth and High Inflation) സാമ്പത്തിക വിദഗ്ധര്‍ തകര്‍ച്ചയുടെ സൂചകമായിട്ടാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ലോകവിഭവങ്ങളുടെ 80 ശതമാനവും വെറും 20 ശതമാനം ജനങ്ങള്‍ കൈയടക്കിവെച്ചിരിക്കുന്നു. ഉള്ളവനെ വീണ്ടും ഉള്ളവനാക്കുകയും ഇല്ലാത്തവനെ കൂടുതല്‍ കടക്കാരനാക്കുകയുമാണ് ഈ സാമ്പത്തിക ക്രമം. ഒരു രാജ്യത്തെ തൊഴിലാളികളിലേക്ക് പോകുന്ന സമ്പത്തിന്റെ തോത് നോക്കിയാവണം ആ രാജ്യത്തിന്റെ സാമ്പത്തിക ക്ഷേമാവസ്ഥ അളക്കേണ്ടതെന്ന് ആഡം സ്മിത്ത് തന്നെ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹമുള്‍പ്പടെ രൂപപ്പെടുത്തിയ മുതലാളിത്ത സമ്പദ്വ്യവസ്ഥ, കൃഷിയുല്‍പന്നങ്ങള്‍ക്ക് വിലകിട്ടാതെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനമില്ലാത്ത 60 കോടി വരുന്ന ജനങ്ങളെ നോക്കി സ്വഛ് ഭാരത് എന്ന് മുദ്രാവാക്യം മുഴക്കി തിരിഞ്ഞു നിന്ന് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന നമ്മുടെ ഭരണാധികാരികളുടെ രാഷ്ട്രീയ പ്രസംഗ ഫോര്‍മുല തന്നെ, രാജ്യത്ത് ആ അസമത്വത്തിന്റെ വിടവ് എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മന്ത് കണക്കെ വളര്‍ന്ന് തടിച്ച ഈ വൈകല്യങ്ങള്‍ക്കിടയിലും വളര്‍ച്ചയെ കുറിച്ച് വാചാലരാവാന്‍ ശേഷി നല്‍കുന്നു എന്നതാണ് നമ്മുടെ വികസന- വളര്‍ച്ചാ മാപിനി(Growth Indexes)  കളുടെ പ്രത്യേകത. ജി.ഡി.പിയും ജി.എന്‍.പിയും (Gross National Product)  എച്ച്.ഡി.ഐയും (Human Development Index) ഉള്‍പ്പെടെയുള്ള ഓരോ മാപിനിയും ഈ അസമത്വങ്ങളുടെ ആഴം കുറച്ചുകാണിക്കാനായി രൂപപ്പെടുത്തിയതാണെന്നതാണ് സത്യം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നിടത്ത് ഈ മാപിനികള്‍ പരാജയപ്പെടുന്നു.

 

സാമ്പത്തിക സുസ്ഥിതി

സാമ്പത്തിക സന്തുലിതത്വത്തെ വ്യത്യസ്തമായ രീതിയിലാണ് ഇസ്ലാം  സമീപിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിയാവണം വികസന സൂചിക  രൂപപ്പെടേണ്ടത് എന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. സകാത്തിന്റെ അവകാശികളെ നിര്‍ണയിച്ചുകൊണ്ട് ഇസ്ലാം വെച്ച മാനദണ്ഡങ്ങള്‍ തന്നെയാണ് വികസന സൂചികയിലെ അതിന്റെ അടിസ്ഥാനവും. അടിസ്ഥാനവര്‍ഗങ്ങളെ ഒപ്പം കൂട്ടിയുള്ള, അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി ഇടമുള്ള (Inclusive Growth)  സമീപനങ്ങള്‍ക്കേ സാമ്പത്തിക വളര്‍ച്ച ഉറപ്പ്‌നല്‍കാനാവൂ.

സാമ്പത്തിക നയങ്ങളുടെയും സംവിധാനങ്ങളുടെയും സര്‍വപ്രധാനമായ ലക്ഷ്യം സാമ്പത്തിക സുസ്ഥിരത കൈവരിക്കലാണ്. ഒരു വ്യവസ്ഥയിലെ കെട്ടിടങ്ങളുടെ വലിപ്പമോ റോഡുകളുടെ വീതിയോ അല്ല അവിടത്തെ സാമ്പത്തിക-സാമൂഹിക സുസ്ഥിതിയെ നിര്‍ണയിക്കേണ്ടത്. കേവലമായ ജി.ഡി.പിയുടെ വളര്‍ച്ചയുമായും അതിന് നേരിട്ട് ബന്ധമൊന്നുമില്ല. ഒരാള്‍ മറ്റൊരാളേക്കാള്‍ എത്രമാത്രം ദരിദ്രനാണ് എന്നതാണ് അതിലേക്ക് സൂചന നല്‍കുക. സുസ്ഥിര സാമ്പത്തിക ക്രമം (വെല്‍ഫെയര്‍ എക്കണോമി) യാഥാര്‍ഥ്യമാവണമെങ്കില്‍ അതിന്റെ അടിത്തറയായി മൂന്ന് പ്രധാന കാര്യങ്ങളാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്:

1. ദാരിദ്ര്യനിര്‍മാര്‍ജനം. ഒരു ക്ഷേമ സാമ്പത്തികക്രമത്തിന്റെ മുന്‍ഗണനയില്‍ ആദ്യം വരേണ്ടതാണ് ദാരിദ്ര്യത്തിന്റെ തോത് കുറച്ചുകൊണ്ടുവരിക എന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ മുന്‍ഗണനകള്‍ നിശ്ചയിച്ചുകൊണ്ടാണ് അത് സാധിക്കേണ്ടത്. ദാരിദ്ര്യം പാപമാണെന്നും അത് മനുഷ്യനെ അവിശ്വാസത്തിലേക്ക് നയിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതുകൊണ്ട് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹികക്രമത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രഥമ സ്ഥാനമുണ്ടാകും.

ജാതിയും വര്‍ഗവും നോക്കി, ഭാഷയും ദേശവും നോക്കി ചിലയാളുകള്‍ക്കു മാത്രം സംവരണം ചെയ്യപ്പെടുന്ന സുസ്ഥിരതയല്ല ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ദൈവധിക്കാരിയോട് പോലും കരുണ കാണിക്കുന്ന, അവനും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത പ്രപഞ്ചനാഥന്റെ നിലപാടാണ് വിശ്വാസി ഇക്കാര്യത്തില്‍ മാതൃകയായി സ്വീകരിക്കേണ്ടത്.

2. സമ്പത്തിന്റെ ശരിയായ വിതരണം. സമ്പത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ കുമിഞ്ഞുകൂടുന്നത് സമൂഹത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത് എല്ലാവിധ മാനവിക മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യും. ഇല്ലാത്തവന് കൈത്താങ്ങാവാനല്ല, മറിച്ച് അവന്റെ അവശതയെ ചൂഷണം ചെയ്യാനാണ് പലിശാധിഷ്ഠിത സംവിധാനങ്ങള്‍ പ്രലോഭിപ്പിക്കുന്നത്. വിഭവങ്ങളുടെ വിതരണ നീതി (Distributive Justice) എന്നത് ഒരുപാട് തലങ്ങളെ സ്പര്‍ശിക്കുന്ന സാമ്പത്തിക-സാമൂഹിക കാഴ്ചപ്പാടാണ്. എല്ലാവരെയും ഒരേ രീതിയില്‍ കാണുകയല്ല ഇസ്ലാം ചെയ്യുന്നത്. അത്തരമൊരു 'സന്തുലിതത്വവാദം' പ്രായോഗികവുമല്ല.

വ്യക്തികളെ അവരുടെ കഴിവുകളുടെയും അധ്വാനങ്ങളുടെയുമൊക്കെ വ്യത്യസ്തതകളില്‍തന്നെ കാണാനാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. എന്നാല്‍ ആ വ്യത്യസ്തത വംശം, ലിംഗം, ജാതി, നിറം തുടങ്ങിയ അടിസ്ഥാനങ്ങളില്‍ വിവേചന സ്വഭാവത്തില്‍ ആകാനും പാടില്ല. ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്ത് ബോര്‍ഡുകള്‍ നല്‍കുന്ന പ്രധാന നിബന്ധന അതില്‍ മുന്‍ഗണന (Preference) ഷെയറുകള്‍ എന്ന ഒരു കാറ്റഗറിക്ക് സ്ഥാനമില്ല എന്നതാണ്. സകാത്തുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലും ഇസ്‌ലാം ഉയര്‍ത്തിക്കാണിക്കുന്നത് ന്യായയുക്തമായ വിതരണത്തിന്റെ (Equitable Distribution) പ്രാധാന്യമാണ്.

എല്ലാവര്‍ക്കും ഒരുപോലെ വിഭവങ്ങള്‍ ഓഹരി വെക്കപ്പെടുക എന്നതല്ല, കൂടുതല്‍ അര്‍ഹരായവര്‍ക്ക് പ്രത്യേക പരിഗണന (Reservation) നല്‍കുക എന്നതാണ് സകാത്തിലെയും സ്വദഖയിലെയും ഇനംതിരിവിന് അടിസ്ഥാനം. സാമ്പത്തികമല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന ചര്‍ച്ചകളെ ഈ അടിസ്ഥാനത്തില്‍ കൂടി നോക്കിക്കാണാവുന്നതാണ്.

3. പരിസ്ഥിതി സംരക്ഷണം. എല്ലാവര്‍ക്കുമുള്ള വിഭവം ഈ പ്രപഞ്ചത്തില്‍ ദൈവം ഒരുക്കിയിട്ടുണ്ട്. അതവരുടെ വിശപ്പ് ശമിപ്പിക്കാന്‍ മതിയായതുമാണ്. എന്നാല്‍ ആരുടെയും ആര്‍ത്തിയെ ശമിപ്പിക്കാന്‍ അതൊട്ടും മതിയാവുകയുമില്ല. വികസനവും സാമ്പത്തിക സുസ്ഥിരതയുമൊക്കെ പ്രപഞ്ചത്തെയും സഹജീവികളെയും പരിഗണിച്ചുകൊണ്ടുള്ളതാകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഒഴുകുന്ന പുഴയില്‍ അംഗശുദ്ധി ചെയ്യുമ്പോള്‍ പോലും സൂക്ഷ്മത പാലിക്കണമെന്ന നിര്‍ദേശം മാത്രം മതി, വിഭവങ്ങളോടുള്ള വിശ്വാസിയുടെ സമീപനം ചിട്ടപ്പെടുത്താന്‍. വികസനമുണ്ടാകണമെന്ന് മാത്രമല്ല അത് സുസ്ഥിരവും (Sustainable) പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതുമാകണമെന്നും ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്.

''ഭൂമിയെ ശരിയായി സംവിധാനിച്ച ശേഷം നിങ്ങള്‍ അതില്‍ കുഴപ്പമുണ്ടാക്കരുത്. ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും അവനോട് പ്രാര്‍ഥിക്കുക. അല്ലാഹുവിന്റെ കാരുണ്യം നന്മ ചെയ്യുന്നവരോട് ഏറെ സമീപസ്ഥമാണ്'' (അല്‍അഅ്റാഫ്: 56). നീതിപൂര്‍വകമായ ഒരു സാമൂഹിക-സാമ്പത്തിക ക്രമമാണ് ഇസ്‌ലാമിക ക്ഷേമസങ്കല്‍പം മുന്നോട്ടുവെക്കുന്നത്.

 

പൊതുക്ഷേമ വിതരണ സംവിധാനങ്ങള്‍

ഇസ്‌ലാം സാമൂഹിക-സാമ്പത്തിക സുസ്ഥിരതക്ക് വേണ്ടി സംസാരിക്കുക മാത്രമല്ല, അത് സഫലീകരിക്കുന്നതിന് ആവശ്യമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്നുമുണ്ട്. അതാവട്ടെ, ഏറെ ശ്രേഷ്ഠമായ ആരാധനാകര്‍മങ്ങളും സല്‍ക്കര്‍മങ്ങളുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

 

1. സകാത്ത്

സാമ്പത്തിക ക്ഷേമത്തിനും സുസ്ഥിരതക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഇസ്‌ലാം അതിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമതായി എണ്ണിയിട്ടുള്ളതാണ് സകാത്ത്. ഇല്ലാത്തവനെ ചൂഷണം ചെയ്യാനല്ല, ഉള്ളവന്റെ സമ്പത്തില്‍നിന്ന് അവന് ഒരു ഓഹരി കൊടുത്ത് അവനെയും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പങ്കാളിയാക്കുന്ന ധീരവും വിപ്ലവകരവുമായ സംവിധാനമാണത്. ആദ്യമേ അബല പോരാത്തതിന് ഗര്‍ഭിണിയും എന്ന പോല്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവന്റെ മേല്‍ കൂടുതല്‍ നികുതിഭാരങ്ങള്‍ കെട്ടിവെക്കാന്‍ ഭരണകൂടങ്ങള്‍ മത്സരിക്കുമ്പോള്‍ സകാത്ത് അവന് പ്രതീക്ഷയുടെ തണല്‍ വിരിക്കുകയാണ്. സകാത്തിന് എട്ട് അവകാശികളെ നിര്‍ണയിക്കുക വഴി സാമൂഹിക-സാമ്പത്തിക നീതിനിര്‍വഹണവുമായി ബന്ധപ്പെട്ട മുന്‍ഗണനകളെ കുറിച്ച കൃത്യമായ നിലപാട് മുന്നോട്ടു വെക്കുക കൂടിയാണ് ഇസ്ലാം. സകാത്തിന്റെ അവകാശികളെ പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തത്തെ അപഗ്രഥിച്ച് ഡോ. നജാത്തുല്ല സിദ്ദീഖി പറയുന്നത്, ഈ അവകാശികളെ മൊത്തം രണ്ടായി തിരിക്കുകയാണെങ്കില്‍ അതിലെ ഒരു ചെറിയ ഭാഗം മാത്രമാണ് പ്രബോധന-പ്രതിരോധ മേഖലയില്‍ വരുന്നത് എന്നാണ്. അതിന്റെ സിംഹഭാഗവും സമൂഹത്തിലെ അവശ വിഭാഗങ്ങളെ ശാക്തീകരിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യം വെച്ചുള്ളതാണ്. ഒരു രാജ്യത്തെ ദാരിദ്ര്യനിര്‍മാര്‍ജന അജണ്ടകള്‍  മുന്‍നിര്‍ത്തി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ രൂപമാണ് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നമുക്ക് കാണാനാവുക. പല രാജ്യങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളും സകാത്ത് ഫണ്ടുകള്‍ കൊണ്ട് മാത്രമായിട്ടാണ് നടന്നുവന്നിരുന്നത്. തന്റെ പ്രവിശ്യയില്‍ ദരിദ്രനായി ഒരുവന്‍ പോലും ബാക്കിയില്ല എന്ന് ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന് ഉറപ്പു വരുത്താന്‍ സാധിച്ചത് സകാത്തിന്റെ സംഭരണ-വിതരണ ക്രമങ്ങളിലെ കുറ്റമറ്റ രീതി കൊണ്ടുകൂടിയായിരുന്നു.

 

2. വഖ്ഫ്

പൊതു ചെലവുകളുടെ നിര്‍വഹണത്തിന് ഇസ്‌ലാമിന്റെ രണ്ടാമെത്ത പ്രധാനപ്പെട്ട സ്രോതസ്സ് വഖ്ഫ് ആണ്. സ്ഥായിയായ ഫലം നല്‍കുന്ന സംവിധാനമെന്ന നിലയില്‍ വഖ്ഫിന് വലിയ പ്രാധാന്യവും പ്രതിഫലവുമാണ് കണക്കാക്കപ്പെടുന്നത്. എന്നും ഫലംനല്‍കുന്ന ഒന്നാണ് അല്ലാഹുവിന്റെ പ്രീതിക്കായി വഖ്ഫ് ചെയ്യുക എന്നത്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളും സംവിധാനങ്ങളും വഖ്ഫ് സ്വത്തിന്റെ ക്രിയാത്മക വിനിയോഗം കൊണ്ട് മാത്രം നിലനില്‍ക്കുന്നതാണ്. മുഗള്‍ ഭരണകാലത്ത് സ്‌കൂള്‍, ദീനീ മദ്‌റസകള്‍, പള്ളി, ആശുപത്രി, കുളം, ശൗചാലയം തുടങ്ങിയ മേഖലകളില്‍ വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. കുടുംബങ്ങളിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള വഖ്ഫ്, 'വഖ്ഫ് അഹ്ലീ' എന്നും പൊതു ഉപയോഗത്തിനായുള്ള വഖ്ഫ് 'വഖ്ഫ് ഖൈരീ' എന്നും അറിയപ്പെട്ടിരുന്നു. പാവപ്പെട്ടവരെ എപ്പോഴും ചേര്‍ത്തുപിടിക്കുന്ന ഇത്തരം സ്ഥിരം സാമൂഹിക സംവിധാനങ്ങള്‍ ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്.

പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈയിടെ പ്രഖ്യാപിച്ചിരുന്നല്ലോ. ആ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രഖ്യാപനം നടത്തുകയും അത് നടപ്പാക്കുകയും ചെയ്ത ഭരണാധികാരികളായിരുന്നു അബൂബക്ര്‍ സിദ്ദീഖ്, ഉമറുല്‍ ഫാറൂഖ് പോലുള്ളവര്‍. സകാത്തിനും വഖ്ഫിനും പുറമെ സമ്പത്തിന്റെ ഒഴുക്ക് പാവങ്ങളിലേക്ക് തിരിച്ചുവിടുന്ന പലതരം സ്രോതസ്സുകളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക ഭരണകൂടത്തിനു കീഴിലെ ബൈത്തുല്‍ മാല്‍. യുദ്ധാര്‍ജിത സമ്പത്തിന്റെ അഞ്ചിലൊന്ന് ഈ രൂപത്തില്‍ പൊതു ഖജനാവിലേക്ക് നീക്കിവെക്കാന്‍ കല്‍പിക്കുന്നുണ്ട് ഖുര്‍ആന്‍. സമ്പത്തിന്റെ അനാരോഗ്യകരമായ കേന്ദ്രീകരണം തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്:

''വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന്ന് നേടികൊടുത്തിട്ടുള്ളതൊക്കെയും അല്ലാഹുവിനും ദൂതന്നും ബന്ധുജനങ്ങള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും സഞ്ചാരികള്‍ക്കും ഉള്ളതാകുന്നു. സമ്പത്ത്് നിങ്ങളിലെ സമ്പന്നന്മാരില്‍ മാത്രം കറങ്ങാതിരിക്കാനാണത്. ദൂതന്‍ നിങ്ങള്‍ക്ക് തരുന്നത് വാങ്ങിക്കൊള്ളുക. അദ്ദേഹം വിലക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യുക. അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (അല്‍ ഹശ്ര്‍: 7).

ഇസ്‌ലാമിക സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും സാമ്പത്തിക നയത്തിന്റെ അടിസ്ഥാന തത്ത്വം പ്രഖ്യാപിക്കുന്ന സൂക്തങ്ങളിലൊന്ന് എന്ന് ഇമാം മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇതേക്കുറിച്ച് എഴുതുന്നു്. ഐഛിക ദാനധര്‍മങ്ങളും പ്രായശ്ചിത്തങ്ങളുമെല്ലാം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് സമ്പത്തിന്റെ കറക്കം ഒരു ചെറിയ വിഭാഗത്തില്‍ പരിമിതപ്പെടാതിരിക്കുക എന്നതു തന്നെയാണ്.

പുതിയ കാലത്ത് വ്യത്യസ്ത നികുതികളാണ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. കേവലം ഇസ്‌ലാമിക് ബാങ്കുകള്‍ സ്ഥാപിതമായതുകൊണ്ട് പുലരുന്ന ഒന്നല്ല സാമ്പത്തിക-സാമൂഹിക സുസ്ഥിതി. ആ നാടും ഭരണകൂടവും ഇപ്പറഞ്ഞ പൊതുക്ഷേമ വിതരണ സംവിധാനങ്ങളോട് സ്വീകരിക്കുന്ന നയമെന്ത് എന്നതിനെ ആശ്രയിച്ചുനില്‍ക്കുന്നു അത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍