Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

മിന്നല്‍ ഭാവനകളുടെ സമാഹാരം

മുസ്ഫിറ കൊടുവള്ളി

സാഹിത്യത്തെ ഏറെ ഇഷ്ടപ്പെടുന്നു മലയാളികള്‍. സാഹിത്യത്തില്‍ കവിതക്കും കഥക്കും  വിലമതിക്കാനാവാത്ത സ്ഥാനമാണ് അവര്‍ നല്‍കുന്നത്. ജനപ്രിയ സാഹിത്യങ്ങളാണ് കഥയും കവിതയും. മനുഷ്യമനസ്സിനെ അഗാധമായി സ്വാധീനിക്കുന്നു അവ. ഭാഷക്ക് ചമല്‍ക്കാരം നല്‍കി ഒരു ആശയത്തെ സവിശേഷരീതിയില്‍ ആവിഷ്‌കരിക്കുകയാണ് കവിത. അനുയോജ്യമായ പദങ്ങള്‍ തെരഞ്ഞെടുത്ത് ഒരു ആശയത്തെ  ഭാവനയുടെ മേമ്പൊടിയില്‍ ആവിഷ്‌കരിക്കുകയാണ് കഥ. പലവിധമുണ്ട് കഥകള്‍. കവിതകളും തഥാ. എന്നാല്‍, കഥകളിലും കവിതകളിലും മനസ്സിനെ പെട്ടെന്ന് ആകര്‍ഷിക്കുക മിനിക്കഥകളും മിനിക്കവിതകളുമാണ്. രൂപം കൊണ്ട് ചെറുതെങ്കിലും സര്‍ഗാത്മകത കൊണ്ട് വലുതെന്ന് ഉറപ്പിച്ച് പറയാവുന്ന രചനയാണ് സുഭാഷ് ചന്ദ്രന്‍ എഡിറ്റ് ചെയ്ത് ഡി.സി ബുക്‌സ് പുറത്തിറക്കിയ 'മിനിക്കഥകള്‍ കവിതകള്‍'  എന്ന ചെറുസമാഹാരം.

മിന്നല്‍ ഭാവനകളുടെ കോറിയിടലാണ് പുസ്തകം. ചെറുതും വലുതുമായ വരികളില്‍ ഒരുപാട് ചിന്തകളെ കോര്‍ത്തിണക്കുന്നു പുസ്തകം. ഇടിമിന്നല്‍ ഊര്‍ജവും വെളിച്ചവും പ്രപഞ്ചത്തിന് പകര്‍ന്നുകൊടുക്കുന്നു. അതുപോലെ വേണ്ടത്ര ഊര്‍ജവും വെളിച്ചവും ഈ കൃതി കഥകളിലൂടെയും കവിതകളിലൂടെയും വായനക്കാരനില്‍ നിറച്ചുകൊടുക്കുന്നു. 

ബാല്യം എന്ന കഥയിലാണ് കൃതിയുടെ തുടക്കം. മണ്ണിര എന്ന കഥയില്‍  അവസാനിക്കുന്നു. ഓരോ മനുഷ്യന്റെയും ബാല്യകാലം പ്രധാനപ്പെട്ടതാണല്ലോ. ബാല്യകാലം പ്രകൃതിയോട് ഏറെ ഒട്ടിനില്‍ക്കുന്നതാണ്. മണ്ണിര മനുഷ്യന്റെ പ്രകൃതിയോട് ഒട്ടിനില്‍ക്കുന്നതിന്റെ സഹജമായ അവസ്ഥയെ പ്രതിനിധീകരിക്കുന്നു. പിന്നീട് വാര്‍ധക്യകാലത്ത് ജരാനരകള്‍ ബാധിച്ച് അനശ്വരതയിലേക്ക് യാത്രയാവുന്നതിലൂടെ മനുഷ്യജീവിതം അവസാനിക്കുന്നു. ജനനത്തിനും മരണത്തിനും മധ്യേ പലപല കാര്യങ്ങള്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്നു. മനുഷ്യജീവിതത്തിന്റെ വ്യഥകളും ആത്മസാക്ഷാത്കാരങ്ങളുമാണ് ബാല്യം മുതല്‍ വാര്‍ധക്യം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങള്‍. തുടക്കവും ഒടുക്കവും പരസ്പരബന്ധിതമാക്കി ചെറുകഥകളിലൂടെയും ചെറുകവിതകളിലൂടെയും മനുഷ്യജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ മനോഹരമായി സംവേദനം ചെയ്യുന്നു ഈ പുസ്തകം. 

കൃതിയിലെ ഒരു കഥയെക്കുറിച്ച് പറയാം. അഛനെ വൃദ്ധസദനത്തിലാക്കി മകന്‍ തിരിച്ചു നടക്കുമ്പോള്‍ അഛനോട് വൃദ്ധസദനത്തിന്റെ ഡയറക്ടര്‍ അച്ചന്‍ ചോദിച്ചു: ''അല്ല കേശവന്‍ നായരേ, നിങ്ങള്‍ അനാഥാലയത്തില്‍നിന്ന് എടുത്തു വളര്‍ത്തിയ ഒരു മകന്‍ ഉണ്ടായിരുന്നല്ലോ, അവന്‍ ഇപ്പോ എവിടെയാണ്?'' അയാള്‍ നിറമിഴികള്‍ നടന്നുമറയുന്ന മകനുനേരെ ഉയര്‍ത്തിക്കാട്ടി. അനില്‍ പൂനിലാവ് എഴുതിയ കുഞ്ഞുകഥയാണിത്. കഥയില്‍ ഒളിഞ്ഞിരിക്കുന്ന അഛന്റെ ദുരവസ്ഥയുടെ ചിത്രീകരണം ആഴത്തില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നു.  ലോകത്തെങ്ങും ജീവിക്കുന്ന പാര്‍ശ്വവത്കൃതരുടെ ജീവിതത്തെ സുന്ദരമായി ആവിഷ്‌കരിച്ചിരിക്കുന്നു കഥയില്‍. അനാഥാലയത്തില്‍ ആരോരുമില്ലാത്ത മകനെയെടുത്ത് വളര്‍ത്തി നിഷ്‌കളങ്കമായ സ്‌നേഹവും കരുണയും പകുത്ത് നല്‍കിയപ്പോള്‍ വാര്‍ധക്യത്തില്‍ അഛന്  മകന്‍ നല്‍കിയ ഒറ്റപ്പെടുത്തലുകള്‍ നമ്മുടെ സമൂഹത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ആധുനികവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഗതിതെറ്റിയുള്ള കുതിപ്പും കിതപ്പും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 

ശരീഫ് പട്ടിമറ്റത്തിന്റെ കാവിമതിലുകള്‍ എന്ന കവിത സമകാലീന ഇന്ത്യയുടെ ഫാഷിസ്റ്റ് പ്രവണതകളെ അടയാളപ്പെടുത്തുന്നു. 'മനുഷ്യത്വത്തിനുമേല്‍ വര്‍ഗീയത വിതച്ചിടുമെവിടെയും കലാപങ്ങള്‍' എന്ന കവിഭാവന ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന കലുഷിതമായ ജീവിതാവസ്ഥയല്ലാതെ മറ്റൊന്നുമല്ല.  

കൃതിയിലെ ഓരോ കഥയും കവിതയും ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന ആവിഷ്‌കാരങ്ങളാണ്. ജീവിതത്തെ സംബന്ധിച്ച ഗൗരവപരമായ പുനര്‍വിചിന്തനത്തിലേക്ക് അവ വായനക്കാരെ കൊണ്ടുവരുന്നു. ചെറുതാക്കാന്‍ കഴിയുമെങ്കില്‍ കഥയുടെയും കവിതയുടെയും പ്രഹരശേഷി ആറ്റംബോബുപോലെ വര്‍ധിപ്പിക്കാനാവുമെന്ന് ഈ കൃതി തെളിയിക്കുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍