Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

വിശപ്പു മാറാത്ത ഇന്ത്യ

ഫസല്‍ കാതിക്കോട്

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ കൂടപ്പിറപ്പും ശീലവുമാണ്  ദാരിദ്ര്യം. പട്ടിണി മാത്രം പരിഗണിച്ചല്ല ദാരിദ്ര്യം നിര്‍ണയിക്കുന്നത്.  എന്നാല്‍ പരമദാരിദ്ര്യം അളക്കാന്‍ പട്ടിണി എന്ന ഏക അളവുകോല്‍ മതി. പരമദരിദ്രര്‍ തങ്ങളുടെ ഭൂരിഭാഗം സമ്പത്തും  വിഭവങ്ങളും പട്ടിണി മാറ്റാനുള്ള അന്നത്തിനു വേണ്ടി ചെലവഴിക്കുന്നതിനാലാണ് അവരുടെ ദാരിദ്ര്യം അളക്കാന്‍ ആ ഒരു മാനദണ്ഡം മാത്രം മതിയാവുന്നത്.

2018-ലെ ആഗോള വിശപ്പ്  സൂചിക അനുസരിച്ച് 119  രാജ്യങ്ങളില്‍ ഇന്ത്യ നൂറാം സ്ഥാനത്താണ്. പാകിസ്താന്‍ ഒഴികെ എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യക്കു താഴെയാണ്. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യം ആണ്. അതീവ ഗുരുതരമായ പട്ടിണി നേരിടുന്നവയാണ് നൂറിനു മുകളിലുള്ള രാജ്യങ്ങള്‍. യുദ്ധങ്ങളാല്‍ നട്ടം തിരിയുന്ന ഇറാഖും കര്‍ക്കശ കമ്യൂണിസ്റ്റ് നയങ്ങള്‍ കാരണം വികസനം മുരടിച്ചതെന്ന് മുദ്രയടിക്കപ്പെട്ട ഉത്തര കൊറിയയും ഇന്ത്യയേക്കാള്‍ താഴെ മികച്ച നിലയിലാണ്. ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും ആഭ്യന്തര യുദ്ധങ്ങളാല്‍ കലുഷിതമായ രാജ്യങ്ങളും മാത്രമാണ് ഇന്ത്യക്കു മുകളിലുള്ളത്.

കഴിഞ്ഞ 13 വര്‍ഷമായി  ഇന്റര്‍നാഷ്‌നല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തയാറാക്കി വരുന്നതാണ് ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ട്. ഓരോ രാജ്യത്തെയും കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ബാലമരണങ്ങള്‍, പോഷകാഹാരക്കുറവ്, തൂക്കക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയവയാണ് പരിഗണിക്കപ്പെടുന്ന ഘടകങ്ങള്‍. 

കുട്ടികള്‍ക്ക് ഉയരത്തിനനുസരിച്ച് തൂക്കമുണ്ടാവാതിരിക്കുക എന്നത് പട്ടിണിയുടെ ഏറ്റവും പ്രധാന സൂചനയായി കണക്കാക്കി വരുന്നു.  ഇക്കാര്യത്തില്‍ വളരെ ദയനീയമാണ് ഇന്ത്യയുടെ സ്ഥാനം. നൂറാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയേക്കാള്‍ മെച്ചമാണ് അയല്‍ രാജ്യങ്ങളായ ചൈന (25-ാം സ്ഥാനം), നേപ്പാള്‍ (72), ബര്‍മ (68),  ശ്രീലങ്ക (67), ബംഗ്ലാദേശ് (86) തുടങ്ങിയവയെല്ലാം.

UNDP 2018 സെപ്റ്റംബറില്‍ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് ജനസംഖ്യയുടെ 27.5 ശതമാനം വരുന്ന 364 ദശലക്ഷം പേര്‍  ഇന്ത്യയില്‍ ദരിദ്രരാണ്. ഇവരില്‍ നാലിലൊന്നിലേറെ പേര്‍ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാളില്‍ 35.3, ബംഗ്ലാദേശ് 41.1, പാകിസ്താന്‍ 43.9 ശതമാനം വീതം ദരിദ്രരാണ്.

ഐക്യരാഷ്ട്രസഭ വികസന പദ്ധതി (UNDP)   10 മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് ദാരിദ്ര്യം നിര്‍ണയിക്കുന്നത്. പോഷകാഹാരം, ശിശുമരണ നിരക്ക്, സ്‌കൂള്‍ പഠനം നടത്തിയ വര്‍ഷങ്ങള്‍, സ്‌കൂളിലെ ഹാജര്‍, പാചക ഇന്ധനം, ശുചിത്വ മാര്‍ഗങ്ങള്‍, കുടിവെള്ളം, വൈദ്യുതി, വീട്, സമ്പാദ്യങ്ങള്‍ ഇവയാണ് ഒരു വ്യക്തിയുടെ ദാരിദ്ര്യം അളക്കാന്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍. ബഹുതല ദാരിദ്ര്യ സൂചിക (MPI) എന്നാണ് ഇത് വിളിക്കപ്പെടുന്നത്.

ഇന്ത്യയിലെ ദരിദ്രരില്‍ പകുതിയും നാല് സംസ്ഥാനങ്ങളിലുള്ളവരാണ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയാണവ. ദല്‍ഹി, കേരളം, ഗോവ എന്നിവയാണ് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനങ്ങള്‍.

2005 മുതല്‍ 2015 വരെയുള്ള മാറ്റങ്ങള്‍ പരിഗണിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയാണ് ഇന്ത്യ നേടിയിരിക്കുന്നത്. 2005-ല്‍ 55 ശതമാനം പേര്‍ ദരിദ്രരായിരുന്നു. 2015 ആയപ്പോഴേക്ക് അത് 27.5 ശതമാനമായി കുറയുകയാണുണ്ടായത്. 271 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഈ കാലയളവില്‍  ദാരിദ്ര്യത്തില്‍നിന്ന് മോചിതരായിട്ടുണ്ട്.

 

സമൃദ്ധിയുടെ മഴയില്‍ കരിയുന്ന ചെടികള്‍

പട്ടിണി പ്രതിരോധിക്കുന്നതില്‍ ലോകം ക്രമാനുഗതമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്നുവെന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നു. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും അഭയാര്‍ഥി പ്രശ്‌നങ്ങളുമാണ് ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം പട്ടിണി വര്‍ധിക്കാന്‍ ഒരു പ്രധാന നിമിത്തം. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട  രണ്ട് അവലോകനങ്ങളും തമ്മില്‍ അന്തരമില്ല. അയല്‍ രാജ്യങ്ങളില്‍ പട്ടിണിക്കാരുടെ ശതമാനം കൂടുതലാണ്. ജനസംഖ്യ കൂടുതലായതിനാല്‍  ഇന്ത്യയിലാണ് എണ്ണത്തില്‍ കൂടുതല്‍ എന്നു മാത്രം.

ഇതോടൊപ്പം ഇന്ത്യയുടെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തിന്റെ കണക്കുകള്‍ കൂടി  ചേര്‍ത്തുവായിക്കുമ്പോഴാണ് ഇതിലെ വൈരുധ്യം മറനീക്കി പുറത്തുവരിക. 2017-'18 കാലയളവില്‍ എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പാദനത്തില്‍ ഇന്ത്യ റെക്കോര്‍ഡ് നേട്ടമാണുണ്ടാക്കിയത്. മൊത്തം 284.83 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ ഉല്‍പാദിപ്പിച്ചത്. അരി, ഗോതമ്പ്, മറ്റു ധാന്യങ്ങള്‍,  പയറു വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയിലെല്ലാം വന്‍ വര്‍ധനവുണ്ടായി. മറ്റൊന്ന് പാലുല്‍പാദനത്തിന്റേതാണ്. പാലുല്‍പാദനം 6.6 ശതമാനം വര്‍ധിച്ച് 176.35 ദശലക്ഷം ടണ്ണിലെത്തി. മാംസോല്‍പാദനം 1.3 ശതമാനം വര്‍ധിച്ച് 4.3 ദശലക്ഷം ടണ്ണിലെത്തി.

ഇന്ത്യയുടെ ഭക്ഷ്യവസ്തു കയറ്റുമതിയും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2003-ല്‍ 35000 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്ത ഇന്ത്യ 2018 ആയപ്പോള്‍ 4 ലക്ഷം കോടിയിലെത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അരി,  മാംസം തുടങ്ങിയവയുടെ കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.

 

ഇന്ത്യയുടെ പട്ടിണി, ഉത്തരവാദിയാര്?

ഭക്ഷ്യോല്‍പാദനം റെക്കോര്‍ഡുകള്‍ മറികടക്കുകയും അവയുടെ കയറ്റുമതി ശതഗുണീഭവിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ തന്നെയാണ്, കലാപങ്ങളും യുദ്ധങ്ങളും പലായനങ്ങളും കൊണ്ട് കീറി മുറിക്കപ്പെടുന്ന രാജ്യങ്ങളിലേതുപോലെ പട്ടിണിയും നിലനില്‍ക്കുന്നത്.

ആഗോളവല്‍ക്കരണ-ഉദാരീകരണ നയങ്ങളുടെ ഭാഗമായി കടന്നുവന്ന കുത്തകവല്‍ക്കരണവും യന്ത്രവല്‍ക്കരണവും പുത്തന്‍കൃഷിരീതികളും ഉല്‍പ്പാദനം വളരെയധികം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇതിന്റെ ഭാഗമായിത്തന്നെ കടന്നുവന്ന സ്വദേശ-വിദേശ കുത്തകകളുടെ കമ്പോള ഇടപെടലുകളാണ് കാര്‍ഷികോല്‍പന്നങ്ങളുടെ അതിഭീമമായ വില വ്യതിയാനത്തിനും പ്രധാന കാരണമായിരിക്കുന്നത്. മഴയും ജലസേചന സൗകര്യങ്ങളുമാണ് ഉത്തരേന്ത്യയില്‍ വിളവിനെ നിര്‍ണയിക്കുന്ന മുഖ്യ ഘടകം. വിളവ് വര്‍ധിക്കുമ്പോള്‍ കമ്പോളത്തില്‍നിന്ന് മാറിനിന്ന് ഉല്‍പന്നങ്ങള്‍ക്ക്  മൂല്യശോഷണം സൃഷ്ടിക്കുകയാണ് കുത്തകകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയില്‍ കാര്‍ഷികവൃത്തി ഉപജീവനമാക്കിയ മൂന്ന് വിഭാഗങ്ങളാണുള്ളത്. നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയുള്ള വന്‍കിട കര്‍ഷകരാണ് ഒന്നാമത്തേത്. ഈ വിഭാഗത്തിനും മുകളില്‍ ശാസ്ത്രീയ യന്ത്രവത്കൃത കൃഷി നടത്തുന്ന  കോര്‍പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. അഞ്ചോ പത്തോ ഏക്കര്‍ ഭൂമിയുള്ള പാരമ്പര്യ കുടുംബ കര്‍ഷകരാണ് രണ്ടാമത്തെ വിഭാഗം. ഈ രണ്ടു വിഭാഗങ്ങളുടെയും കൃഷിഭൂമികളില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന ഭൂരഹിതരായ കാര്‍ഷിക തൊഴിലാളികളാണ് മൂന്നാമത്തെ വിഭാഗം. കാര്‍ഷികവൃത്തി കൊണ്ട് ഉപജീവനം നടത്തുന്ന ഇന്ത്യയിലെ  ഏറ്റവും വലിയ വിഭാഗമാണിവര്‍. 14 കോടിയോളം വരുന്ന ഇവര്‍ ഭൂരിഭാഗവും ദലിതരും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. തികച്ചും അസംഘടിതരായ ഇവരെ നാം കര്‍ഷകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൃഷിഭൂമി കൈവശമുള്ളവര്‍ മാത്രമാണ് സര്‍ക്കാര്‍ കണക്കില്‍ കര്‍ഷകര്‍. അവരാണ് വിവിധങ്ങളായ സമരങ്ങള്‍ നടത്തുന്നതും അപര്യാപ്തമാണെങ്കിലും  ചിലപ്പോഴെങ്കിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതും. അവര്‍ക്ക് അനുവദിക്കുന്ന കടബാധ്യത എഴുതിത്തള്ളലോ സബ്‌സിഡികളോ ഉല്‍പന്നങ്ങള്‍ക്കുള്ള താങ്ങുവിലയോ ഒന്നും തന്നെ അവര്‍ക്കു താഴെയുള്ള ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കു ലഭ്യമാവുന്നില്ല. അവര്‍ അക്ഷരാര്‍ഥത്തില്‍  അദൃശ്യരാണ്. പഴയ ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നിരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അത്തരമാളുകളുണ്ട്.

ഇന്ത്യയില്‍ അതിദരിദ്രരായി തുടരുന്നവരില്‍ ഭൂരിഭാഗവും  ഈ കര്‍ഷകത്തൊഴിലാളികളാണ്. കഷ്ടപ്പെടുന്ന കര്‍ഷകരുടെ കീഴില്‍ അതിലും ദയനീയമായ ജീവിത ചുറ്റു

പാടിലാണ് അവരുള്ളത്. ഭൂമിയും മറ്റെല്ലാ ജീവിത വിഭവങ്ങളും അവര്‍ക്ക് നിഷേധിച്ചത് ഇന്ത്യയിലെ ജാതി വ്യവസ്ഥയാണ്. അതിന്റെ ഏറ്റവും വലിയ ഇരകളായി തുടരുകയാണവര്‍. നഗരങ്ങളിലെ  ചേരിനിവാസികളും, ചാഞ്ചാടുന്ന തൊഴിലും  അനിശ്ചിതമായ വരുമാനവുമുള്ള  തീരദേശ-മലയോര വാസികളുമാണ് അതിദരിദ്രരായിരിക്കുന്ന മറ്റു വിഭാഗങ്ങള്‍.

നൂറ്റാണ്ടുകളായി ദാരിദ്ര്യവും പട്ടിണിയും പിന്‍ഗാമികള്‍ക്കു 'പാരമ്പര്യ സ്വത്താ'യി കൈമാറിപ്പോന്ന വിഭാഗം തന്നെയാണ് ഇന്ത്യയിലിന്നും പരമദരിദ്രരായി തുടരുന്നത്. ഇന്ത്യയുടെ ശാപമായ ജാതി വ്യവസ്ഥയാണ് ഇതില്‍ മുഖ്യപങ്കുവഹിച്ചു പോരുന്നത്. ഇന്ത്യയിലെ നവലിബറല്‍ നയങ്ങളുടെ ആഘാതങ്ങള്‍ അവസാനം ഇരട്ടിയായി ചെന്നു പതിക്കുന്നതും ഇവരുടെ മേല്‍ തന്നെയാണ്.  ഭൂമി അടക്കമുള്ള വിഭവങ്ങളും  അധികാര പങ്കാളിത്തവും നല്‍കാതെ ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യമല്ല. ഇന്ത്യയിലെ പരമദരിദ്രനെ നോക്കിയാണ് ഭരണരീതി തീരുമാനിക്കേണ്ടതെന്നു പറഞ്ഞ ഗാന്ധിജിയുടെ പിന്മുറക്കാര്‍ ഇവരെ കണ്ടില്ല. ദലിതന്റെ ജാതി യാതനകള്‍ മുജ്ജന്മ ഫലമാണെന്ന് വിശ്വസിക്കുന്നതിനാല്‍ തുടര്‍ന്ന് വന്നവര്‍ കണ്ണടക്കുകയും ചെയ്തു. അതിനാല്‍തന്നെ 1947-ല്‍ ലഭിച്ച സ്വാതന്ത്ര്യം ഏഴു പതിറ്റാണ്ടിനു ശേഷവും ഇവരിലേക്കെത്തിയിട്ടില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍