ബിലാലിന്റെ കാഴ്ചയില്‍
കഅ്ബമേല്‍ നില്‍ക്കുമ്പോള്‍
ഒരു വിളിപ്പാടകലെ
ഉമയ്യത്തിന്റെ ഒട്ടകപ്പന്തികള്‍
വിയര്‍പ്പു വറ്റിത്തീരാത്ത
അടിമ വെയില്‍ച്ചൂടുകള്‍
ഒരു മൂളലാല്‍ പോലും
അഭിനന്ദനമേല്‍ക്കാത്ത
അടിമയുടെ പാട്ടുകള്‍....
കഅ്ബമേല്‍ നില്‍ക്കുമ്പോള്‍,
നാലു ചുറ്റും
മക്കയുടെ മഞ്ഞ മരുഭൂമികള്‍.
പുറം പൊള്ളിപ്പഴുപ്പിച്ച
ചുടുമണല്‍ സൂചികള്‍.
കനത്ത കല്ലട്ടികള്‍
ഇടനെഞ്ചില്‍ കുടുക്കിയ
ചുടുനിശ്വാസം.
അടിച്ചറ്റം പിളര്‍ന്ന ചാട്ടമേല്‍
പൂണ്ട അടിമമാംസം...
കഅ്ബമേല്‍ നില്‍ക്കുമ്പോള്‍,
വിറയുന്ന കാല്‍ക്കീഴില്‍
പ്രണയത്തിന്‍
കാറ്റിലുലയുന്ന കില്ലകള്‍
മുകളിലേക്കുദിച്ചു നില്‍ക്കുന്ന
പ്രിയപ്പെട്ടവന്റെ മുഖം.
കറുത്തവന്‍ ബിലാലമര്‍ത്തിച്ചവിട്ടിയ
ചുമപ്പില്‍ വെളുപ്പാര്‍ന്ന
തോളുകള്‍.
ചാണകത്താലും വിയര്‍പ്പാലും മാത്രം
നാണം മറച്ചോടി വന്നപ്പോള്‍
ചേര്‍ത്തു ചുംബിച്ച ചുണ്ടുകള്‍.
ആദ്യത്തെ ബാങ്കുവിളിക്കാന്‍
അടിമ വംശജനെ
തിരഞ്ഞ കണ്ണുകള്‍...
കഅ്ബമേല്‍ നില്‍ക്കുമ്പോള്‍,
ചുറ്റുമൊരായിരമറബികള്‍
ബിലാലിന്റെ കാഴ്ചയില്‍
ഒരേ ഒരാള്‍ മാത്രം..
Comments