Prabodhanm Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

പത്രപ്രവര്‍ത്തകന്‍

ഒ. അബ്ദുര്‍റഹ്മാന്‍

( ജീവിതാക്ഷരങ്ങള്‍-3 )

1964 ജൂണ്‍ അഞ്ചിനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മലയാള ജിഹ്വയായ പ്രബോധനം പാക്ഷികത്തില്‍ സബ് എഡിറ്റര്‍ ട്രെയ്‌നിയായി ഞാന്‍ നിയമിതനായത്. രണ്ടാഴ്ചയിലൊരിക്കല്‍ പുറത്തിറങ്ങുന്ന ദ്വൈവാരികകള്‍ക്ക് അന്ന് പ്രതിപക്ഷ പത്രം എന്നാണ് പ്രയോഗിക്കുക (ഇപ്പോള്‍ പോലും പക്ഷേ, അത് വ്യാപകമായ തെറ്റിദ്ധാരണകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ പത്രം എന്ന് മുഖപ്പേജില്‍ തന്നെ അച്ചടിച്ചതു കാരണം ഛുുീശെശേീി പത്രം എന്ന് ബുദ്ധിജീവികള്‍ പോലും ധരിച്ചുവശായി). കാലാകാലങ്ങളിലെ സര്‍ക്കാറുകളെ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ അല്ല 'പ്രബോധന'ത്തിന്റെ നയം. അത് നന്മയെന്ന് കരുതുന്നത് ആരില്‍നിന്നുണ്ടായാലും അനുകൂലിക്കും, തിന്മ ആരുടെ പക്ഷത്തായാലും എതിര്‍ക്കുകയും ചെയ്യും എന്നതാണ് അതിന്റെ ചിരകാല നിലപാട്.

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സ്ഥാപക അമീര്‍ ഹാജി വി.പി മുഹമ്മദലി സാഹിബ്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കെ.സി. അബ്ദുല്ല മൗലവി, ടി. മുഹമ്മദ് സാഹിബ് എന്നിവര്‍ 1949-ല്‍ സ്ഥാപിച്ച പ്രബോധനം, സംഘടനയുടെ ഔദ്യോഗിക ജിഹ്വ ആയിരിക്കെത്തന്നെ അക്കാലത്തെ അറബി മലയാള മാസികകളില്‍നിന്ന് വ്യത്യസ്തമായി ശുദ്ധമലയാളത്തില്‍, ഗഹനമായ ഉള്ളടക്കത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ഇസ്‌ലാമിക ആനുകാലികമായിരുന്നു. മതപരമായ വിഷയങ്ങളിലെ വിവാദങ്ങളും മസ്അലകളും മായംകലര്‍ന്ന ചരിത്രകഥകളുമായിരുന്നു സാമാന്യമായി അക്കാലത്തെ മുസ്‌ലിം മാസികകളുടെ ഉള്ളടക്കമെങ്കില്‍ മുതലാളിത്തം, സോഷ്യലിസം, കമ്യൂണിസം, ഡാര്‍വിനിസം തുടങ്ങിയ ആധുനിക പ്രത്യയശാസ്ത്രങ്ങളുടെയും ദര്‍ശനങ്ങളുടെയും നിശിതമായ നിരൂപണവും ബദല്‍ വ്യവസ്ഥ എന്ന നിലയില്‍ ഇസ്‌ലാമിന്റെ സമഗ്രമായ അവതരണവുമായിരുന്നു പ്രബോധനത്തിന്റെ ദൗത്യം. പുറമെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ചലനങ്ങളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ദേശീയ സമസ്യകളെ വിശകലനവിധേയമാക്കുന്ന കുറിപ്പുകളും പ്രബോധനത്തിന്റെ പ്രത്യേകതകളായിരുന്നു.

പ്രബോധനത്തില്‍ ചേരുന്നതിനുമുമ്പേ ദിനപത്രങ്ങളും ആനുകാലികങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കമായിരുന്നു എന്റെ പ്ലസ് പോയന്റ്. പ്രബോധനത്തില്‍ ചേര്‍ന്നതില്‍ പിന്നെ വായനാലോകം വികസിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനുമായിരുന്നു.

പാക്ഷികത്തില്‍ എനിക്കേറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെറുതെയിരിക്കുക അന്നും ഇന്നും എന്നും എന്നെ ഏറെ ബോറടിപ്പിക്കുന്നതാണ്. ഒന്നുകില്‍ വായിക്കണം, അല്ലെങ്കില്‍ എഴുതണം, അതുമല്ലെങ്കില്‍ വിവരമുള്ളവരോടോ സുഹൃത്തുക്കളോടോ സംവദിക്കണം. പകലുറങ്ങുന്ന ശീലം പണ്ടേയില്ല. യാത്ര ഇഷ്ടമാണ്. പക്ഷേ, കൂട്ടുകാര്‍ സഹയാത്രികരായുണ്ടെങ്കിലേ വേണ്ടത്ര ആസ്വാദ്യമാവൂ. സിനിമ കാണണമെന്നാഗ്രഹിച്ച കാലത്ത് അത് സൗകര്യപ്പെട്ടില്ല. വിലക്കും ഒരു കാരണമാണ്. വിലക്കും അസൗകര്യങ്ങളും പ്രശ്‌നമല്ലാതായപ്പോള്‍ അതിലുള്ള താല്‍പര്യവും കുറഞ്ഞു. എന്നാല്‍, സിനിമാ വാര്‍ത്തകളും നിരൂപണങ്ങളും പതിവായി വായിക്കും. പ്രത്യേകിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സിനിക്കും കോഴിക്കോടനും എഴുതാറുണ്ടായിരുന്ന സിനിമാ നിരൂപണങ്ങള്‍. വിമര്‍ശനങ്ങളോട് സ്വതേയുള്ള ആഭിമുഖ്യവും അവരുടെ ചടുലഭാഷയുമാണ് ആകര്‍ഷിച്ചിരുന്നത്. മുക്കത്തെ ഓല മേഞ്ഞ ടാക്കീസില്‍ 'അവരുണരുന്നു' എന്ന മലയാള പടം കാണാന്‍ കൂട്ടുകാരന്‍ ഇ.വി അബ്ദു കൂട്ടിക്കൊണ്ടുപോയതാണ് ആദ്യത്തെ ദൃശ്യമാധ്യമാനുഭവം. ഏതാണ്ട് പകുതിയായപ്പോള്‍ എനിക്കുറക്കം വന്നു. ഒരു വെടിയൊച്ച കേട്ടാണുണര്‍ന്നത്. നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാമതൊരു സിനിമ കാണുന്നത് 'ചെമ്മീന്‍' ആണ്. അതും കരുതിക്കൂട്ടി പോയി കാണുകയായിരുന്നില്ല. പ്രബോധനത്തിലായിരുന്നപ്പോള്‍ കോഴിക്കോട് നഗരത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ വര്‍ണശബളമായി നടക്കുന്നു. പ്രിയ സുഹൃത്ത് ഇ.വി അബ്ദുവിനോടൊപ്പം ഘോഷയാത്ര കാണാന്‍ പട്ടണത്തില്‍ പോയി. പക്ഷേ, സൂചികുത്താന്‍ ഇടമില്ല. കുറേ നിന്നു മടുത്തപ്പോള്‍, തൊട്ടടുത്ത തിയേറ്ററില്‍ കയറാന്‍ അബ്ദുവാണ് പ്രേരിപ്പിച്ചത്. ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ ചെമ്മീന്‍ പ്രദര്‍ശിപ്പിക്കുന്നു. പടം കണ്ട വി.കെ കൃഷ്ണമേനോന്‍ അഭിപ്രായപ്പെട്ട പോലെ കടല്‍ ആണ് ചെമ്മീനില്‍ ഏറ്റവും നന്നായി അഭിനയിച്ചത് എന്നു തോന്നി.

ജന്മാഭിലാഷമായ പത്രപ്രവര്‍ത്തനം എന്നെത്തേടി വന്ന അപൂര്‍വ സൗഭാഗ്യം ഫലപ്രദമായി ഉപയോഗിക്കാതെ ദിവസങ്ങള്‍ നീങ്ങുന്നത് അസഹ്യമായിത്തോന്നി. ഉര്‍ദുവില്‍നിന്നുള്ള മൊഴിമാറ്റമാണ് കാര്യമായ ജോലി. പദാര്‍ഥങ്ങളും പ്രയോഗങ്ങളും പറഞ്ഞുതരാന്‍ ടി.കെ ഉണ്ടായിരുന്നത് തെല്ലൊന്നുമല്ല സഹായകമായിരുന്നത്. അന്നും ഇന്നും ഉര്‍ദു ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്ന മലയാളികളില്‍ പ്രഥമസ്ഥാനം ഞാന്‍ ടി.കെക്ക് കൊടുക്കും. പ്രത്യേകിച്ച് പേര്‍ഷ്യന്‍ അധിനിവേശം വലുതായനുഭവപ്പെടുന്ന ഇഖ്ബാല്‍ കവിതകളുടെ ആസ്വാദനത്തില്‍. ജമാഅത്തിന്റെ ഔദ്യോഗിക ജിഹ്വയായ 'ദഅ്‌വത്തി'ല്‍ വരുന്ന മജ്‌ലിസ് ശൂറാ പ്രമേയങ്ങള്‍, അമീര്‍ അബുല്ലൈസ് നദ്‌വിയുടെ പ്രസംഗങ്ങള്‍, മുഖാമുഖങ്ങള്‍, വാര്‍ത്തകള്‍ എന്നിവയുടെ വിവര്‍ത്തനമായിരുന്നു തുടക്കത്തില്‍ എന്റെ മുഖ്യ ജോലി. അതൊക്കെ ഒരുവക തൃപ്തികരമായി ചെയ്തുവന്നു. '64 ആഗസ്റ്റില്‍ 'സ്വാതന്ത്ര്യദിന ചിന്തകള്‍' എന്ന പേരില്‍ എഴുതിയ കുറിപ്പാണ് പ്രഥമ 'കൃതി'. 

ആയിടക്കാണ് കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്ന കെ.എം. മൗലവി അത്യാസന്ന നിലയില്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ കഴിയുന്നു എന്ന വിവരം ലഭിക്കുന്നത്. ആ ലക്കം പ്രബോധനം പ്രസ്സിലേക്ക് പോവേണ്ട അവസാന സമയമായി. കെ.എം. മൗലവിയുടെ അന്ത്യം സംഭവിച്ചാല്‍ അനുസ്മരണം ഇല്ലാതെ പത്രം പുറത്തിറക്കേണ്ടിവരും. പിന്നെ രണ്ടാഴ്ചക്കു ശേഷമേ അത് കൊടുക്കാനാവൂ. ഇന്നത്തെ ഭാഷയില്‍ മസ്തിഷ്‌കമരണം സംഭവിച്ചുകഴിഞ്ഞ ആ പണ്ഡിതവര്യന്റെ അന്ത്യത്തെക്കുറിച്ച സ്ഥിരീകരണം ഇനിയും കാത്തിരിക്കാന്‍ വയ്യതാനും. രണ്ടും കല്‍പിച്ച് ഞാന്‍ ഒരനുസ്മരണ കുറിപ്പ് തയാറാക്കി അടിക്കാന്‍ കൊടുത്തു. അച്ചടിച്ച് പേജ് തയാറാവുമ്പോഴേക്ക് ആ ശ്രേഷ്ഠപണ്ഡിതന്‍ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ആസന്നമരണരായ മഹാത്മാക്കളുടെ കാര്യത്തില്‍ പത്രങ്ങള്‍ സ്ഥിരമായി പ്രയോഗിക്കുന്ന വിദ്യയാണിതെന്ന് പില്‍ക്കാലത്താണ് മനസ്സിലായത്.

പറഞ്ഞുവന്നത് പ്രബോധനം പാക്ഷികത്തിലെ പണിയില്ലായ്മയെക്കുറിച്ചാണ്. അത് അടിയന്തരമായി വാരികയാക്കിയേ തീരൂ എന്ന് മനസ്സിലുറപ്പിച്ചു. പക്ഷേ, ജമാഅത്ത് മജ്‌ലിസ് ശൂറാ പച്ചക്കൊടി കാട്ടാതെ സംഗതി നടപ്പില്ല. ശൂറാ അനുവദിക്കണമെങ്കില്‍ എഡിറ്റര്‍ ടി.കെ അബ്ദുല്ല സാഹിബ് മുന്‍കൈയെടുക്കണം. യോഗ്യരായ പത്രപ്രവര്‍ത്തകര്‍ മതിയായ അളവില്‍ ലഭിച്ചാലേ ടി.കെ സമ്മതം മൂളൂ. ഞാന്‍ നിരന്തരം നിര്‍ബന്ധിച്ചപ്പോള്‍ വിഷയം ശൂറായുടെ അജണ്ടയിലുള്‍പ്പെടുത്താന്‍ അദ്ദേഹം സമ്മതം മൂളി. അടുത്ത ശൂറാ യോഗം ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്നു ഞാന്‍. ഒടുവില്‍ ശൂറാ ചേര്‍ന്നു. ഞാന്‍ അക്ഷമയോടെ കാത്തിരിപ്പായി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ടി.കെ കൊണ്ടുവന്നത് ശുഭവാര്‍ത്ത ആയിരുന്നില്ല. 'ജമാഅത്തിനിപ്പോള്‍ ഒരു വാരികക്ക് വേണ്ട മനുഷ്യശക്തിയോ വിഭവ ശേഷിയോ ഇല്ല.' ഞാന്‍ നിരാശനായെങ്കിലും പോരാട്ടം തുടരാന്‍ തന്നെ തീരുമാനിച്ചു. ശൂറായെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാനുള്ള തന്ത്രങ്ങളെപ്പറ്റിയായിരുന്നു ആലോചന. ഒടുവില്‍ ഒരു ദിവസം ചേന്ദമംഗല്ലൂരില്‍ പോയി. അന്ന് ബസ് സര്‍വീസില്ലാത്തതുകൊണ്ട് മണാശ്ശേരി ബസിറങ്ങി നാല് കിലോമീറ്റര്‍ നടന്നുവേണം നാട്ടിലെത്താന്‍ എന്നതുകൊണ്ട് രണ്ടോ മൂന്നോ മാസത്തിലൊരിക്കലേ വീട്ടില്‍ പോവാറുള്ളൂ. 

തിരിച്ചെത്തിയപ്പോള്‍ ടി.കെയോട് പറഞ്ഞു: 'ജമാഅത്ത് എന്തായാലും വാരിക തുടങ്ങുന്നില്ലല്ലോ. അതിനാല്‍ ഞങ്ങള്‍ ഒരു വാരിക പുറത്തിറക്കാന്‍ തീരുമാനിച്ചു.' 'ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ആര്' ടി.കെയുടെ ചോദ്യം. 'ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും (അന്ന് ഇസ്‌ലാമിയാ കോളേജിലെ അധ്യാപകനായിരുന്ന) അബൂബക്കര്‍ നദ്‌വിയും'- ഞാന്‍ പറഞ്ഞു. നദ്‌വി ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനങ്ങളെഴുതാറുണ്ടായിരുന്നു. 'കെ.സിയുടെ മേല്‍നോട്ടവുമുണ്ടാവും'- ടി.കെയെ പ്രകോപിപ്പിക്കാന്‍ ഞാന്‍ തട്ടിവിട്ടു. ടി.കെ ആശയക്കുഴപ്പത്തിലായി. കെ.സി ഒരുവേള ഇതിന് സമ്മതം മൂളുമെന്നും ഞങ്ങള്‍ എന്തോ സാധനം അടിച്ചിറക്കി, പ്രബോധനം വാരികയാക്കാനുള്ള ഭാവിസാധ്യത പോലും ഇല്ലാതാകുമെന്നും അദ്ദേഹം ഭയപ്പെട്ടിരിക്കണം. മറ്റൊരു വിദ്യ കൂടി ഞാന്‍ പ്രയോഗിച്ചു: അന്ന് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസില്‍ ഗ്രന്ഥരചനാ വിഭാഗത്തിന്റെ ചുമതല വഹിച്ച പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഓഫീസിലുണ്ടായിരുന്നു. പ്രബോധനത്തില്‍ ലേഖനങ്ങളും എഴുതാറുണ്ടായിരുന്നു അദ്ദേഹം. മൗലവിയെ കണ്ട് ഞാന്‍ ഉണര്‍ത്തിച്ചു: 'ഇനി വാരിക ശൂറാ യോഗത്തിന്റെ അജണ്ടയില്‍ വരുമ്പോള്‍ ടി.കെ അതിന്റെ പത്രാധിപത്യം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ നിങ്ങളതിന് സന്നദ്ധത പ്രകടിപ്പിക്കണം. നടത്തിപ്പൊക്കെ ഞങ്ങളേറ്റു.' ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ എന്റെ ഗുരു വര്യനായിരുന്ന അബുല്‍ ജലാല്‍ മൗലവി സമ്മതം മൂളി. തന്ത്രം ഫലിച്ചു. ശൂറാ യോഗത്തില്‍ വിഷയം വീണ്ടും വന്നപ്പോള്‍ അബുല്‍ ജലാല്‍ മൗലവി എഡിറ്ററാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ പോക്ക് ഗുണകരമാവില്ലെന്ന് തിരിച്ചറിഞ്ഞ ടി.കെ തന്നെ വാരിക തുടങ്ങാനും എഡിറ്ററാവാനും സമ്മതിക്കുകയായിരുന്നു. ഞങ്ങളത് കുളമാക്കുമോ എന്ന ഭീതി തന്നെ കാരണം. 

ശൂറാ തീരുമാനം പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി ഞാന്‍. പ്രബോധനം ഒരേസമയം വാര്‍ത്താ-വീക്ഷണ വാരികയായും താത്ത്വിക മാസികയായും പുറത്തിറക്കാനായിരുന്നു തീരുമാനം. മാസികയുടെ പത്രാധിപത്യം ടി. മുഹമ്മദ് സാഹിബ് വഹിക്കും, വാരികയുടേത് ടി.കെയും. പക്ഷേ, എന്നു മുതല്‍, എത്ര പേജ്, ആരൊക്കെ ചേര്‍ന്ന്, എഡിറ്റോറിയല്‍ സ്റ്റാഫ് ഇക്കാര്യങ്ങളിലേക്കൊന്നും ശൂറാ പോയിരുന്നില്ല. വിശദാംശങ്ങള്‍ തീരുമാനമെടുക്കാനും നടപ്പാക്കാനും സമയമെടുക്കും എന്നെനിക്ക് തോന്നിയപ്പോള്‍ വൈകാതെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും ഉപായം കണ്ടെത്തി. ടി.കെ ചെറിയകുമ്പളത്തെ വസതിയിലേക്ക് പോയതാണ്. തിരിച്ചുവരാന്‍ ഒന്നോ രണ്ടോ ആഴ്ച എടുത്തുകൂടായ്കയില്ല. അന്നേരം എനിക്കാണ് പ്രബോധനത്തിന്റെ ചാര്‍ജ്. ആരോടും ചോദിക്കാതെയും ആരും പറയാതെയും ഞാന്‍ തൊട്ടടുത്ത ലക്കം അവസാന കവര്‍ പേജില്‍ പരസ്യം വെച്ചു കാച്ചി: '1964 ഡിസംബര്‍ മൂന്ന് മുതല്‍ പ്രബോധനം വാരികയാവുന്നു!' ഈ പരസ്യം വരുന്നത് ആഗസ്റ്റിലാണെന്നാണ് ഓര്‍മ. മൂന്നു മാസമേ ഡിസംബറിലേക്കുള്ളൂ. അതിനിടയില്‍ പുതിയ ഡിക്ലറേഷന്‍ നേടിയെടുക്കണം, സാങ്കേതിക സംവിധാനമൊരുക്കണം, ഏജന്റുമാരെ കണ്ടെത്തണം എന്നു തുടങ്ങി ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ടി.കെ തിരിച്ചെത്തിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഇതേപ്പറ്റിയൊക്കെ ചോദിക്കാതിരുന്നില്ല. തകൃതിയായ നീക്കങ്ങളല്ലാതെ ഇതിന് മറുപടിയില്ല. മാനേജര്‍ കെ.എം. അബ്ദുല്‍ അഹദ് തങ്ങളുടെ പൂര്‍ണ സഹകരണം കാര്യങ്ങള്‍ എളുപ്പമാക്കി. പോസ്റ്ററുകള്‍ നാടാകെ പതിച്ചു. വരിക്കാരെ ചേര്‍ക്കുന്ന യത്‌നം പ്രസ്ഥാന പ്രവര്‍ത്തകര്‍ ആവേശപൂര്‍വം ഏറ്റെടുത്തു. തുടക്കത്തില്‍ എട്ടു പേജും വില പത്ത് പൈസയും മതിയെന്ന് തീരുമാനിച്ചു. അബൂബക്കര്‍ നദ്‌വിയെ കൂടി പത്രാധിപ സമിതിയിലെടുത്തു. 

ഉത്തരേന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നും പുറത്തിറങ്ങുന്ന ഉര്‍ദു ആനുകാലികങ്ങളായിരുന്നു ലേഖനങ്ങള്‍ക്ക് മുഖ്യാവലംബം. പരേതനായ വി.പി. അബ്ദുല്ലാ സാഹിബ് (തൃക്കരിപ്പൂര്‍) പ്രബോധനം ഓഫീസില്‍നിന്ന് 'ദ മെസേജ്' ഇംഗ്ലീഷ് മാസിക പുറത്തിറക്കിക്കൊണ്ടിരുന്ന കാലമാണ് (അമേരിക്കന്‍ നവമുസ്‌ലിം എഴുത്തുകാരി മര്‍യം ജമീലയെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച പ്രസിദ്ധീകരണം 'ദ മെസേജ്' ആയിരുന്നു എന്നു പറയാം). ദ മെസേജില്‍ എക്‌സ്‌ചേഞ്ചായി വന്നുകൊണ്ടിരുന്ന ദ മുസ്‌ലിം ന്യൂസ് (കറാച്ചി), വോയ്‌സ് ഓഫ് ഇസ്‌ലാം (കറാച്ചി), ദ മുസ്‌ലിം ഡൈജസ്റ്റ് (ദര്‍ബന്‍), യംഗ് പാകിസ്താന്‍ (ധാക്ക), ദ ഹൊറീസണ്‍ തുടങ്ങിയ ഇംഗ്ലീഷ് ആനുകാലികങ്ങളും മുസ്‌ലിം ലോകവാര്‍ത്തകള്‍ക്കും ഇസ്‌ലാമിക ചലനങ്ങള്‍ക്കും നല്ല സ്രോതസ്സുകളായിരുന്നു. 7000 കോപ്പിയില്‍നിന്നാണ് വാരിക പ്രയാണം ആരംഭിച്ചത്. ഒന്നാം പേജില്‍ ആനുകാലിക സംഭവങ്ങളെക്കുറിച്ച അവലോകനമായിരുന്നു എന്റെ പ്രധാന ചുമതല. മുഖപ്രസംഗം ടി.കെ എഴുതി. മുസ്‌ലിം ലോക വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമായ വാരിക എളുപ്പത്തില്‍ സ്വീകാര്യത നേടി. ചന്ദ്രികയെപ്പോലുള്ള പത്രങ്ങള്‍ പലതും പകര്‍ത്തിത്തുടങ്ങി. 

സ്റ്റാഫ് ക്ഷാമം രൂക്ഷമായപ്പോള്‍ വടക്കാങ്ങര മദ്‌റസാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ജ്യേഷ്ഠന്‍ അബ്ദുല്ലയെ കൂടി കൊണ്ടുവരാന്‍ കെ.സി സമ്മതം മൂളി. അദ്ദേഹം വന്നതോടെ ഡെസ്‌ക് സജീവമായി. മുഖപ്രസംഗം ടി.കെയില്‍നിന്ന് അബ്ദുല്ല ഏറ്റെടുത്തു. അതോടൊപ്പം ടി. മുഹമ്മദ് സാഹിബിന്റെ പത്രാധിപത്യത്തില്‍ മാസികയും പുറത്തിറങ്ങിയിരുന്നു. അതിന്റെ സഹപത്രാധിപന്മാരായി വി.കെ ഹംസ അബ്ബാസ്, ടി.കെ ഇബ്‌റാഹീം (ഇപ്പോള്‍ ടൊറണ്ടോ), കെ. അബ്ദുല്‍ ജബ്ബാര്‍ (ഇരിക്കൂര്‍), കെ. ജമാല്‍ മുഹമ്മദ് (മലപ്പുറം), വി.പി അഹ്മദ് കുട്ടി (ടൊറണ്ടോ) എന്നിവരും പലപ്പോഴായി സേവനമനുഷ്ഠിച്ചു. ഇവരില്‍നിന്നുള്ള സംഭാവനകളും വാരികക്ക് ലഭിക്കാതിരുന്നില്ല. വാരിക എഡിറ്റോറിയല്‍ സ്റ്റാഫിലേക്ക് പിന്നീട് എന്റെ കൂട്ടുകാരന്‍ സി.ടി. അബ്ദുര്‍റഹീമും (ചേന്ദമംഗല്ലൂര്‍) വന്നു ചേര്‍ന്നു. സാമാന്യം കുറ്റമറ്റ പ്രൂഫ് റീഡിംഗായിരുന്നു അദ്ദേഹത്തിന്റേത്. പുറമെ ഉര്‍ദുവില്‍നിന്ന് മൊഴിമാറ്റങ്ങള്‍ നടത്തി. ലേഖനങ്ങളും എഴുതി. അദ്ദേഹം ഒരു കാലത്തും പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നില്ല എന്ന് കൂട്ടത്തില്‍ പറയട്ടെ. പില്‍ക്കാലത്ത് കടുത്ത വിമര്‍ശകനുമായി.

ടി.കെയുടെ വിയോജനം വിലവെക്കാതെ വാരികയുടെ പേജുകള്‍ പത്തായി വര്‍ധിച്ചതോടെ മാറ്റര്‍ ദാരിദ്ര്യം കലശലായി. ആരും മാറ്ററുകള്‍ അയച്ചുതരാത്തതുകൊണ്ടല്ല. ധാരാളം ലേഖനങ്ങളും കുറിപ്പുകളും കിട്ടിക്കൊണ്ടിരുന്നു. പക്ഷേ, പ്രബോധനത്തിന്റെ നിലവാരത്തിന് നിരക്കുന്നതോ വായനക്കാരില്‍ താല്‍പര്യമുണര്‍ത്തുന്നതോ ആനുകാലിക സംഭവങ്ങളെ സംബന്ധിക്കുന്നതോ ആയിരുന്നില്ല മിക്കതും. അതിനാലാണ് വിവര്‍ത്തനങ്ങളെ കണക്കിലധികം ആശ്രയിക്കേണ്ടി വന്നത്. ഒരു മാറ്റത്തിനു വേണ്ടി ഞങ്ങള്‍ സംഭവകഥകളും എടുത്തുചേര്‍ത്തു തുടങ്ങി. 1969-ല്‍ ചോദ്യോത്തര പംക്തിയും ആരംഭിച്ചു. ഉത്തരങ്ങള്‍ ഒരു പ്രത്യേക വ്യക്തിയില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ 'മുജീബ്' (മറുപടി നല്‍കുന്നയാള്‍) എന്ന പൊതുപേരാണ് ഉപയോഗിച്ചത്. 1972 ആഗസ്റ്റ് വരെ ഞാന്‍ തന്നെയായിരുന്നു 'മുജീബ്'. ഈ പംക്തിയില്‍ നല്‍കുന്ന മറുപടികള്‍ സംഘടനയുടെയോ പത്രത്തിന്റെയോ അഭിപ്രായമായി കണക്കാക്കരുത് എന്ന മുന്‍കൂര്‍ ജാമ്യവും കുറേക്കാലം പതിവായി പംക്തിക്ക് താഴെ ചേര്‍ത്തിരുന്നു. ലഘുവും സരളവും ചിലപ്പോള്‍ നര്‍മോക്തികള്‍ അടങ്ങുന്നതുമായ ചോദ്യോത്തര പംക്തി വായനക്കാരെ പിടിച്ചിരുത്തുകയും അവരുടെ എണ്ണം കൂട്ടുകയും ചെയ്തിരുന്നു. 

ഒരിക്കല്‍ വന്ന ചോദ്യം: 'അഹ്മദിയാക്കള്‍ സുന്നി മുസ്‌ലിംകളോ ശീഈ മുസ്‌ലിംകളോ!' ഉത്തരം: 'കോടതി മുസ്‌ലിം' (അഹ്മദികള്‍ മുസ്‌ലിംകളാണെന്ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വിധിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്). ഏറെ പ്രകോപിതരായ ഖാദിയാനികള്‍ 'സത്യദൂതനി'ലൂടെ കടുത്ത രോഷം പ്രകടിപ്പിച്ചത് ഓര്‍മയിലുണ്ട്. മറ്റൊരിക്കല്‍ വന്ന ഒരു ചോദ്യം: 'സുന്നി ടൈംസി'ല്‍ ഒരു മുസ്‌ലിയാര്‍ 'മുജീബി'നെ 'മുജീബുശൈത്വാന്‍' (ശൈത്വാന്റെ മറുപടിക്കാരന്‍) എന്ന് ആക്ഷേപിച്ചിട്ടുണ്ടല്ലോ. ഉത്തരം: 'അങ്ങോരുടെ ഒരു ചോദ്യത്തിനും മുജീബ് മറുപടി നല്‍കിയതായി ഓര്‍ക്കുന്നില്ല. പിന്നെയെങ്ങനെ മുജീബുശ്ശൈത്വാനായി!'

1972 സെപ്റ്റംബറില്‍ ഞങ്ങള്‍- ജ്യേഷ്ഠനും ഞാനും- തുടര്‍പഠനത്തിന് ഖത്തറിലെ അല്‍മഅ്ഹദുദ്ദീനിയിലേക്ക് പോയതില്‍ പിന്നെ വി.എ കബീര്‍ സാഹിബായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നത്. അദ്ദേഹമാണത് ഗൗരവപൂര്‍ണവും വസ്തുതാപരവുമായ മറുപടികളായി പരിവര്‍ത്തിപ്പിച്ചത്. 1980-ല്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് സ്വദേശത്ത് തിരിച്ചെത്തിയതില്‍ പിന്നെ പ്രസ്തുത പംക്തി ഞാന്‍ തന്നെ ഏറ്റെടുത്തു. പക്ഷേ, പഴയ രീതിയിലല്ല. പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ സംശയനിവൃത്തി വരുത്താനും ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനുമാണത് വിനിയോഗിച്ചത്. എന്നാല്‍, കര്‍മശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. അതിനായി 'പ്രശ്‌നവും വീക്ഷണവും' എന്ന പംക്തി പ്രമുഖ പണ്ഡിതന്മാര്‍ പ്രബോധനം മാസികയിലൂടെ മറുപടി നല്‍കുന്ന രീതി സ്വീകരിച്ചു. 1987-ല്‍ മാസിക നിര്‍ത്തലാക്കുകയും വാരിക ടാബ്ലോയ്ഡ് സൈസില്‍നിന്ന് അ4 സൈസിലേക്ക് മാറ്റുകയും ചെയ്തതില്‍ പിന്നെ രണ്ടു പംക്തികളും ഇടവിട്ട് ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പതിവ് തുടങ്ങി. '81 മുതല്‍ 37 വര്‍ഷമായി ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്ന 'മുജീബ്' ഞാന്‍ തന്നെ. അതിനിടെ ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശം മാനിച്ച് ഇതേവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങളില്‍നിന്ന് പ്രസക്തമായവ സമാഹരിച്ച് മൂന്നു വാള്യങ്ങള്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കി. ഇസ്‌ലാം, ഇസ്‌ലാമിക പ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി, മാര്‍ക്‌സിസം സാമ്രാജ്യത്വം തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി, ദൈവം മതം ശരീഅത്ത്: സംശയങ്ങള്‍ക്ക് മറുപടി എന്നീ പേരുകളില്‍. മൊത്തം ആയിരത്തി ഇരുനൂറോളം പേജുകളുള്ള ഈ സംവാദ സമാഹാരങ്ങള്‍ പിന്നീട് ചോദ്യങ്ങള്‍ ഗണ്യമായി കുറക്കാന്‍ സഹായകമായി, ഒപ്പം ചിലര്‍ക്കെങ്കിലും റഫറന്‍സിനും ഉതകിയെന്നാണ് ലഭിച്ച പ്രതികരണം.

വിവിധങ്ങളായ അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു പ്രബോധനത്തിലെ ജീവിതം. 1965 ജൂണിലെ അറബ്-ഇസ്രയേല്‍ യുദ്ധവും, 1965 സെപ്റ്റംബറിലെ ഇന്ത്യ-പാക് യുദ്ധവും വാരികയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നന്നായുപയോഗപ്പെടുത്തി. മലയാള മാധ്യമങ്ങളില്‍ വരാത്ത വാര്‍ത്തകളും അവലോകനങ്ങളും ഉള്‍ക്കൊള്ളിക്കുക വഴിയാണിത് സാധിച്ചത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയ മഹാരഥന്മാരുടെ തദ്‌സംബന്ധമായ പ്രസംഗങ്ങളും പ്രബന്ധങ്ങളും ചിന്തോദ്ദീപകങ്ങളായിരുന്നു. '65 ജൂണിലെ യുദ്ധത്തില്‍ അറബികള്‍ക്കേറ്റ അപമാനകരമായ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കുന്ന നദ്‌വിയുടെ ലേഖനം എടുത്തുപറയേണ്ടതാണ്. അതുപോലെ വിശാല ഇസ്രയേല്‍ പദ്ധതിയെക്കുറിച്ച് മൗദൂദിയുടെ വസ്തുനിഷ്ഠമായ വിശകലനവും അന്നും ഇന്നും പ്രസക്തമാണ്. ഇന്ത്യ-പാക് യുദ്ധവേളയിലാകട്ടെ ജയപ്രകാശ് നാരായണന്റെ നിര്‍ഭയവും വ്യതിരിക്തവുമായ കാഴ്ചപ്പാടുകളാണ് പ്രബോധനം മലയാളികളുമായി പങ്കുവെച്ചത്. ഇന്നാണെങ്കില്‍ ലോക്‌നായക് ജയപ്രകാശിന്റെ സ്ഥാനം ഇരുമ്പഴികള്‍ക്കു പിന്നിലാണെന്ന് കട്ടായം. പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയവും ബംഗ്ലാദേശ് നിലവില്‍വന്നതില്‍ പിന്നെ ആ രാജ്യത്തെ സംഭവവികാസങ്ങളും മധ്യപൗരസ്ത്യ ദേശത്തെ സൈനിക അട്ടിമറികളുടെയും ഇസ്‌ലാമിക ഉയിര്‍ത്തെഴുന്നേല്‍പിന്റെയുമെല്ലാം യഥാതഥമായ ചിത്രവും മലയാളികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്തത് പ്രബോധനമാണ്. അവ്വിധത്തില്‍ മലയാളി സമൂഹത്തെ, വിശിഷ്യാ മുസ്‌ലിം ജനതയെ പ്രബുദ്ധരാക്കുന്നതില്‍ വാരിക വഹിച്ച പങ്ക് പ്രത്യേക പഠനം തന്നെ അര്‍ഹിക്കുന്നുണ്ട്. ഇന്നിപ്പോള്‍ അതേ പാത പിന്തുടര്‍ന്ന് ഒട്ടേറെ ആനുകാലികങ്ങള്‍ മുസ്‌ലിം സംഘടനകള്‍ പുറത്തിറക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

മതസംഘടനകളില്‍നിന്നും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും യുക്തിവാദികള്‍, കമ്യൂണിസ്റ്റുകാര്‍, സെക്യുലറിസ്റ്റുകള്‍ മുതലായ വിഭാഗങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പുകളും വിമര്‍ശനങ്ങളും പ്രബോധനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇവര്‍ക്കൊക്കെ മറുപടി നല്‍കേണ്ട ഉത്തരവാദിത്തം ജ്യേഷ്ഠന്‍ അബ്ദുല്ലക്കും എനിക്കും വി.എ കബീറിനും ഏറ്റെടുക്കേണ്ടി വന്നു. വരമൊഴിയിലൂടെ മാത്രമല്ല, വാഗ്‌മൊഴിയിലൂടെയും പ്രതിരോധം തീര്‍ക്കേണ്ട സന്ദര്‍ഭങ്ങള്‍ പലതുമുണ്ടായി. മുസ്‌ലിം ലീഗും എം.ഇ.എസും തമ്മിലിടഞ്ഞപ്പോഴാണ് ഒരിക്കല്‍ പ്രബോധനത്തിന് ഇടപെടേണ്ടി വന്നതും മുസ്‌ലിം ലീഗിന്റെ രൂക്ഷമായ ആക്രമണത്തിന് ശരവ്യമായതും. മുസ്‌ലിം ലീഗിന്റെ തണലില്ലാത്ത ഒരു മുസ്‌ലിം സംഘടനയും കേരളത്തിലുണ്ടായിക്കൂടെന്ന ശാഠ്യം ലീഗിനുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയോ എം.ഇ.എസോ ലീഗിന് പൂര്‍ണമായും വഴങ്ങുന്ന സംഘടനകളല്ലല്ലോ. സുന്നി, മുജാഹിദ് സംഘടനകളാകട്ടെ ലീഗിന്റെ ചിറകുകള്‍ക്കടിയില്‍ അഭയംതേടിയാണ് എന്നും പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. അതുകൊണ്ടാണ് അവര്‍ നേട്ടങ്ങള്‍ കൂടുതലായി കൈവരിച്ചതും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രണ്ടായി പിളര്‍ന്ന് ഒരു വിഭാഗം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമാന്തര സംഘടന സ്ഥാപിച്ചതിന്റെ പല കാരണങ്ങളിലൊന്ന് മുജാഹിദുകളോടുള്ള മുസ്‌ലിംലീഗിന്റെ മൃദുസമീപനമാണ്. കെ.എം. സീതി സാഹിബ്, സി.എച്ച് മുഹമ്മദ് കോയ, എം.കെ. ഹാജി, എ.വി. അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയ ലീഗ് നേതാക്കളുടെ മുജാഹിദ് ആഭിമുഖ്യം രഹസ്യമല്ലെങ്കിലും മുസ്‌ലിം ലീഗ് വേദികളില്‍ പക്ഷപാതരഹിതമായി പെരുമാറാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. സുന്നികളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും ഉമര്‍ ബാഫഖി തങ്ങളും മതവും രാഷ്ട്രീയവും വേര്‍തിരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി. എന്നാല്‍, ലീഗിലെ രണ്ടാംനിരക്ക് അത് പലപ്പോഴും സാധ്യമായില്ല. 

ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും തമ്മിലെ ബന്ധം പലപ്പോഴും വഷളാകാന്‍ കാരണം ലീഗിലെ മുജാഹിദ് ലോബി അവരുടെ ജമാഅത്ത് വിരോധം മുസ്‌ലിം ലീഗിലൂടെയും ചന്ദ്രികയിലൂടെയും തീര്‍ക്കാന്‍ ശ്രമിച്ചതാണെന്ന് തോന്നിയിട്ടുണ്ട്. മുജാഹിദുകളിലെ മുതിര്‍ന്ന തലമുറയുടെ എതിര്‍പ്പും വിമര്‍ശനവും മാന്യവും തത്ത്വാധിഷ്ഠിതവുമായിരുന്നു. അതിനാല്‍ മറുപടിയും വസ്തുനിഷ്ഠമായിരിക്കാന്‍ നിഷ്‌കര്‍ഷിച്ചു. പില്‍ക്കാലത്ത് പ്രബോധനത്തിലെ ചോദ്യോത്തര പംക്തി ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കൂടുതലും ഉപയോഗപ്പെടുത്തിയത്. കേരളത്തിന്റെ ചീഫ് എഞ്ചിനീയറും നിസ്വാര്‍ഥ സമുദായ സ്‌നേഹിയായിരുന്ന ടി.പി കുട്ട്യമ്മു സാഹിബ് ജമാഅത്തെ ഇസ്‌ലാമിയോട് സഹകരിക്കാന്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍, സാമുദായിക രാഷ്ട്രീയത്തിനാണ്, അഥവാ മുസ്‌ലിം ലീഗിനാണ് നിലവിലെ സാഹചര്യത്തില്‍ പ്രസക്തി എന്നദ്ദേഹം വിശ്വസിച്ചിരുന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് വിയോജിച്ചു. ഒരു തെരഞ്ഞെടുപ്പു വേളയിലാണെന്നാണ് ഓര്‍മ, കുട്ട്യമ്മു സാഹിബ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടിനെയും വിമര്‍ശിച്ചുകൊണ്ട് 'ചന്ദ്രിക'യില്‍ ലേഖന പരമ്പരയെഴുതി. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്റര്‍ കൂടിയായിരുന്നതിനാല്‍ എ.എസ് എന്ന പേരിലായിരുന്നു അത് (അഹ്മദ് സഗീര്‍ അഥവാ കുട്ടിയമ്മു എന്നതിന്റെ ചുരുക്കം). ഞാന്‍ പ്രബോധനത്തില്‍ മറുപടിയും എഴുതി. എന്റെ ലേഖനത്തില്‍, മുസ്‌ലിം ലീഗ് നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് ബാംഗ്ലൂരില്‍ യോഗം ചേര്‍ന്ന് മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണക്രമത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ കാര്യം അനുസ്മരിച്ചിരുന്നു. അതിന് തെളിവുണ്ടോ എന്നാരാഞ്ഞ് അദ്ദേഹം ഒരു ദൂതനെ എന്റെ അടുത്തേക്കയച്ചു. ചന്ദ്രികയില്‍ അത് വായിച്ച ഓര്‍മവെച്ചാണ് ഞാന്‍ എഴുതിയിരുന്നത്. പ്രമേയം പാസാക്കിയ കാര്യം ഉറപ്പാണെന്നും അത് പ്രസിദ്ധീകരിച്ച ചന്ദ്രികയുടെ ലക്കം തിരഞ്ഞുപിടിക്കാന്‍ സമയമെടുക്കുമെന്നും ഞാന്‍ ചൊല്ലി അയച്ചു. അവധിയില്‍ നാട്ടില്‍ വന്ന എനിക്ക് ഖത്തറിലേക്ക് മടങ്ങേണ്ട സമയമായതിനാല്‍ വി.എ. കബീറിനെ ചുമതലയേല്‍പിച്ച് ഞാന്‍ സ്ഥലംവിട്ടു. രേഖ കാണാത്ത സ്ഥിതിക്ക് അങ്ങനെയൊന്നില്ല എന്ന ബോധ്യത്തിലായിരുന്നു കുട്ട്യമ്മു സാഹിബിന്റെ മറുപടി. എന്നാല്‍ ഭാഗ്യവശാല്‍ അത്തരം പേപ്പര്‍ ക്ലിപ്പിംഗ് പരമാവധി സൂക്ഷിച്ചുവെക്കുന്ന പതിവുണ്ടായിരുന്ന തലശ്ശേരിക്കാരന്‍ അബ്ദുല്‍ ഖാദിര്‍ സാഹിബ് ചന്ദ്രികയുടെ കോപ്പി കബീര്‍ സാഹിബിന് അയച്ചുകൊടുത്തു. അദ്ദേഹം എന്നെ വിവരമറിയിച്ചപ്പോള്‍ എന്റെ മറുപടി കുട്ട്യമ്മു സാഹിബിന് തിരിച്ചടിയായി. 

അദ്ദേഹവുമായുള്ള ഉറ്റ സൗഹൃദം ജീവിതാന്ത്യംവരെ തുടരാന്‍ പക്ഷേ, അത് തടസ്സമായില്ല. ജമാഅത്ത് അമീര്‍ കെ.സി. അബ്ദുല്ല മൗലവിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അഗാധവും സുദൃഢവുമായിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അദ്ദേഹം മുന്‍കൈയെടുത്ത് സ്ഥാപിച്ച പള്ളിയില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാന്‍ കെ.സിയുടെ സേവനം അദ്ദേഹം തേടിയിരുന്നു. കുട്ട്യമ്മു സാഹിബും കെ.സിയും പ്രഫ. വി. മുഹമ്മദ് സാഹിബും ചേര്‍ന്നാണ് ശാസ്ത്രവിചാരം മാസിക ആരംഭിച്ചത്. ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ വിദ്യാര്‍ഥി-യുവജനങ്ങളില്‍ ശാസ്ത്രത്തിന്റെ മറവില്‍ നാസ്തികവാദവും മതവിരുദ്ധതയും പ്രചരിപ്പിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. മതത്തോടും സമുദായത്തോടും അഗാധ പ്രതിബദ്ധതയുള്ള മൂവര്‍ സംഘത്തിന്റെ ദൗത്യം തുടര്‍ന്നേറ്റെടുക്കാന്‍ യുവതലമുറയില്‍ ആരും മുന്നോട്ടുവരാത്തതിനെ തുടര്‍ന്ന് ശാസ്ത്രവിചാരം കഥാവശേഷമായി. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍