Prabodhanm Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

ബൗദ്ധ പാരമ്പര്യത്തെ കവര്‍ന്നെടുത്ത കൈയേറ്റങ്ങള്‍

ഡോ. അജയ് ശേഖര്‍

കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബലപ്പെട്ട ചരടില്‍ ജനത നില്‍ക്കാ...

- ആശാന്‍

അമരസിംഹനെന്ന ബുദ്ധഭിക്ഷു രചിച്ച 'അമരകോശം' തന്നെ ആധാരമാക്കി ശാസ്താവ് ശാക്യമുനിയായ ബുദ്ധനാണെന്ന് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത് സി.വി കുഞ്ഞിരാമനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരള നവോത്ഥാന ആധുനികതയുടെ വിധാതാവായ നാരായണ ഗുരുവിന്റെ മുതിര്‍ന്ന ശിഷ്യനും സംസ്‌കാരചരിത്ര ഗവേഷകനുമായിരുന്നു അദ്ദേഹം. സി. വിയും സഹോദരനും മിതവാദിയും കൂടിയായിരുന്നു അയ്യോതി താസര്‍ക്കു ശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ നവബുദ്ധവാദത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന്, അംബേദ്കറുടെ നവയാനം ജന്മനാടായ ഇന്ത്യയില്‍ ബുദ്ധസംസ്‌കാരത്തെയും സമഭാവനയുടെ സാമൂഹിക ചിന്തയെയും അശോകവിജയദശമിയില്‍ അടിത്തട്ടില്‍നിന്നും വീണ്ടെടുത്തത് അമ്പതുകളിലായിരുന്നു. അശോക ബോധകരുടെ അനുയായികളാണ് (അ)ശോവന്‍മാരെന്നു പറഞ്ഞതും സി.വിയാണ്. ഇന്ന് അശോകനാമത്തെ ആഭാസവല്‍ക്കരിച്ച് കേരള മുഖ്യമന്ത്രിയെ വരെ പരസ്യമായി തെറിവിളിക്കുന്ന തലത്തിലേക്ക് പരിവാര ശക്തികളും അവരുടെ ബാലാരിഷ്ടത മാറാത്ത (ഗുരു ഒരിക്കല്‍ പറഞ്ഞത്) മണിപ്പിള്ളകളും കെട്ടുപോയിരിക്കുന്നു. ശംബൂക, ബാലി, രാവണ, മഹാബലി, മഹിഷാസുര വധങ്ങളിലൂടെ കേരളത്തെ ഹിംസാത്മകമായി രാമവല്‍ക്കരിക്കാനും ഹിന്ദുവല്‍ക്കരിക്കാനുമുള്ള ഗൂഢാലോചന വെളിപ്പെട്ടുവരികയാണ്.

ധര്‍മശാസനവും നൈതികവിചാരവും ചെയ്യുന്ന ധര്‍മശാസ്താവു മാത്രമല്ല, തയ്യില്‍ അയ്യന്മാരും പുത്തരച്ചന്മാരും കരുമാടിക്കുട്ടനുമെല്ലാം ബൗദ്ധബന്ധമുള്ള ആരാധനാമൂര്‍ത്തികളാണെന്നും അവര്‍ണരുടെ അരത്തനും ചിത്തനും യഥാക്രമം തേരവാദത്തിലെ അര്‍ഹതനും വജ്രയാനത്തിലെ സിദ്ധനുമാണെന്നും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിവേരുകള്‍ തിരിച്ചറിഞ്ഞു നിരീക്ഷിച്ചതും സി.വി തന്നെ. അടിസ്ഥാന അവര്‍ണ ജനതയുടെ പ്രബുദ്ധസംസ്‌കാരത്തെ അന്വേഷിച്ചുകൊണ്ട് നിര്‍ണായകമായ ഉള്‍ക്കാഴ്ചകളും യുക്തിയുക്തമായ വ്യാഖ്യാനങ്ങളും നല്‍കി സഹോദരനെയും മിതവാദിയെയും ആശാനെയും മറ്റും കേരളസംസ്‌കാരത്തിന്റെ ബൗദ്ധാടിത്തറകളെ കുറിച്ചുള്ള സാഹിതീയ രചനകള്‍ നിര്‍വഹിക്കാന്‍ പ്രചോദിപ്പിച്ചതും സി.വിയാണ്. കൊടുങ്ങല്ലൂര്‍ കാവെന്ന കന്യാമഠത്തെയും ചേര്‍ത്തലയടക്കമുള്ള കന്യകാവുകളെയും കാവുതീണ്ടി മാറ്റിമറിച്ചതിനെ കുറിച്ചുള്ള സഹോദരന്റെ ചരിത്രകവിതകള്‍ ഇങ്ങനെ പിറന്നതാണ്. പള്ളിമാമല വാണരുളുന്ന ശാസ്താവെന്ന മുനീന്ദ്രനെ അഥവാ സ്വാമിയാരെ ജ്ഞാനസാന്ദ്രമായ വിനയബോധത്തോടെ വണങ്ങുന്ന ശ്ലോകങ്ങള്‍ പുലവൃത്തങ്ങളും ധമ്മപദവിവര്‍ത്തനവും നിര്‍വഹിച്ച മൂലൂരും ഇതിനകം സാധ്യമാക്കിയിരുന്നു. പമ്പയുടെ ഓരത്തായിരുന്നു പനയന്നാര്‍ കാവിനടുത്തുള്ള കാവില്‍കുടിയിലെ മൂലൂരിന്റെ കളരിയും എഴുത്തും. ആധുനികതയെയും ഇംഗ്ലീഷിനെയും കുറിച്ച് ഭാഷയില്‍ കവിത കുറിച്ചവനായിരുന്നു നിരവധി കളരികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച നാണുവാശാന്റെ ഈ മുതിര്‍ന്ന വത്സല ശിഷ്യന്‍.  പാലിയില്‍നിന്നു നേരിട്ടു ധമ്മപദവിവര്‍ത്തനത്തിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചതു സഹോദരനും.

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ ഗ്രന്ഥകാരന്മാരെല്ലാം ചവരിമല എന്നോ സവരിമല എന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചവരിമാനുകള്‍ വിഹരിച്ചിരുന്ന മലയായതിനാലാണ് ആ പേരുകിട്ടിയത്. തീര്‍ത്തും ദ്രാവിഡ മൂലങ്ങളാണ് തെന്നിന്ത്യയിലെ സ്ഥലനാമങ്ങള്‍. പാലിയും പഴന്തമിഴും കലരുന്നതല്ലാതെ സംസ്‌കൃതമൂലങ്ങളായ സ്ഥലനാമങ്ങള്‍ വളരെ അപൂര്‍വവും സമീപകാലത്ത് സംസ്‌കൃതീകരിച്ചുമാറ്റപ്പെട്ടവയുമാണ്. ചവരിമലയെ രാമായണത്തിലെ ശബരിയുമായി ബന്ധിപ്പിച്ച് സംസ്‌കൃതവല്‍ക്കരിക്കാനാണ് മന്ദിരീകരണകാലം മുതല്‍ പരിവാര ശക്തികള്‍ ശ്രമിച്ചുപോന്നത്.  അന്തരിച്ച ചരിത്രഗവേഷകനായ എം.എസ് ജയപ്രകാശ് തന്നെ ഈ അജണ്ടയെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്നും പല ക്ഷുദ്രവക്താക്കളും, പുരോഗമന പക്ഷത്തു നിന്നെന്ന വ്യാജേന രാമായണത്തിലെ ശബരിയും രാമനുമായി പള്ളിമാമലയെ ബന്ധിപ്പിക്കുന്നത് പരോക്ഷമായ, കൂടുതല്‍ മാരകമായ പരിവാര സേവയാണ്.

രാമകഥ തന്നെ പതിമൂന്നാം നൂറ്റാണ്ടിനു ശേഷമാണ് തെന്നിന്ത്യയില്‍ കമ്പരിലൂടെ അവതരിപ്പിക്കപ്പെടുന്നത്. മധ്യകാലം വരെ ചേര, ചോള, പാണ്ഡ്യര്‍ രാമകൃഷ്ണ ലീലകളെയും ചമക്രിത ഗീര്‍വാണങ്ങളെയും ചെറുത്തുപോന്നു. പലരും അര്‍ഹതരായ ചമണമുനിമാരായിരുന്നു. കേരളത്തില്‍ പതിനാലാം നൂറ്റാണ്ടിലെ രാമകഥാ പാട്ടും മറ്റും മലയാംതമിഴിലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ മാത്രമാണ് എഴുത്തുമായി ബൗദ്ധബന്ധമുണ്ടായിരുന്ന എഴുത്തഛനിലൂടെ കേരളത്തിന്റെ രാമവല്‍ക്കരണം തുടങ്ങിവെക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം സ്ഥലനാമങ്ങളും അശോകകാലത്തും വിപുലമായ സംഘകാലത്തും രൂപപ്പെട്ടതാണ് എന്ന് അവയുടെ ദ്രാവിഡബൗദ്ധമായ പദനിഷ്പത്തിയും ഭാഷാ, വംശാവലികളും വ്യക്തമാക്കുന്നു. കാഞ്ചാ ഐലയ്യ പറയുന്നതുപോലെ പച്ചപ്പുല്ലിലെ പച്ചപ്പാമ്പുകളെയാണ് നാം തിരിച്ചറിയേണ്ടത്. കാവുതീണ്ടാനായി ക്ഷുദ്രകോമരങ്ങള്‍ പുരോഗമന പക്ഷത്തും പതിയിരിക്കുന്നു. ഗീതാശിബിരവും മാവാരതപട്ടത്താനവും രാമമാസവും കൃഷ്ണാഷ്ടമിയും സംസ്‌കൃതസംഘവും സംസ്‌കൃതപുരാണേതിഹാസ പാരായണങ്ങളും ഹിന്ദുത്വത്തെ ചെറുക്കുകയല്ല, മറിച്ച് അതിന്റെ അധീശ പാഠബലത്തെ രൂഢമൂലമാക്കി, ബഹുജനങ്ങളെ ഹിന്ദുത്വവല്‍ക്കരിക്കാനാണ് വഴിവെക്കുന്നത് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. അല്ലാത്തപക്ഷം മണിപ്പിള്ളകളും വിചിത്രരൂപികളും കൂടി പള്ളിമലയെ മാത്രമല്ല കേരളത്തെയാകെ പരിവാരത്തിനു പതിച്ചുകൊടുക്കും.

ശബരിമല മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രാചീനമായ മിക്ക വിശുദ്ധസ്ഥലങ്ങളും കാവുകളും അമ്പലങ്ങളും പള്ളികളും ബൗദ്ധമായിരുന്നു എന്ന് കേരളചരിത്രവും ഇന്ത്യാചരിത്രവും ലോകചരിത്രവും പഠിക്കുകയും വിമര്‍ശാത്മകമായി പുരാവസ്തുവിജ്ഞാനീയവും ഭാഷാസാഹിത്യ വിജ്ഞാനീയവും അറിയുകയും ബഹുവിഷയസമീപനത്തോടെ സംസ്‌കാര പഠനവും പ്രാദേശിക വിജ്ഞാനീയവും വിശകലനം ചെയ്യുകയും ചെയ്യുന്ന ആര്‍ക്കും വ്യക്തമാണ്. ഇളംകുളം മുതല്‍ ശ്രീധരമേനോനും പി.കെ ഗോപാലകൃഷ്ണനുമടക്കമുള്ള കേരളത്തിന്റെ സംസ്‌കാര ചരിത്രമെഴുതിയിട്ടുള്ള എല്ലാ പഠിതാക്കളും അതു രേഖപ്പെടുത്തിയിട്ടുണ്ട്. കീഴടിയെന്ന മധുരൈക്കടുത്തുള്ള പുരാവസ്തു ഉദ്ഘനന ഇടവും പട്ടണമെന്ന മുസിരിസുമായി ബന്ധപ്പെട്ട ചരിത്ര പുരാവസ്തു ഭൂമികയും നിര്‍ണായകമാകുന്നത് പ്രാചീന ഇന്ത്യയുടെ പ്രബുദ്ധ നൈതികമായ ലോകബന്ധങ്ങളുടെ തലത്തിലാണ്. ഈ വിപുലമായ സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമതയുടെയും ലോകോത്തര സംസ്‌കാരങ്ങളെ ഭയപ്പെടുന്ന ഇരുട്ടിന്റെ ശക്തികള്‍ കീഴടിയെയും പട്ടണത്തെയും തിടുക്കപ്പെട്ടു മായ്ക്കാനും മറയ്ക്കാനും പണിപ്പെടുന്നത് അസ്ഥാനത്താണ്. വെട്ടിമൂടിയ ചരിത്രങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണ്. അശോകബോധകര്‍ തെന്നിന്ത്യയില്‍ പരത്തിയ ബ്രാഹ്മിയെന്ന ധമ്മലിപി കോറിയ കളിമണ്‍പാത്രക്കഷ്ണങ്ങളാണ് കീഴടിയെയും പട്ടണത്തെയും ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്.

വടക്ക് നര്‍മദാതടത്തില്‍ തുടങ്ങി മരുത്വാമലയുടെ തെക്ക് അവസാനിക്കുന്ന പശ്ചിമഘട്ട മലനിരകളിലുടനീളം ബൗദ്ധമായ ഗുഹകളും കാവുകളും നിര്‍മിതികളും കാണാം.  അജന്തയും എല്ലോറയും ഔറംഗബാദും, ഗോവയിലെയും മംഗലാപുരത്തെയും ശിലാഗഹ്വരങ്ങളും അവയുടെ വാസ്തുശില്‍പ നിര്‍മാണരീതിയും വിളിച്ചോതുന്നത് സഹ്യനിലെ ബൗദ്ധമായ ശ്രമണത്തുടര്‍ച്ചയാണ്. മഹാരാഷ്ട്രത്തെ പന്ധരപുരയും ആന്ധ്രയിലെ തിരുപ്പതിയും തമിളകത്തെ പളനിമലയും കേരളഭാഗത്തെ പൊതാലകമെന്ന പൊതിയില്‍മലയും തിരുനെല്ലിയും മംഗളാദേവിക്കോട്ടവും അച്ചന്‍കോവിലും ആര്യങ്കാവും കുളത്തൂപ്പുഴയും കുതിരാനും അകമലയും ശബരിമലയുമെല്ലാം തികച്ചും  ബൗദ്ധപ്പഴമയുള്ള വിഹാരങ്ങളും ചൈത്യങ്ങളുമായിരുന്നു. ആദിമഗോത്രങ്ങള്‍ക്കും അടിസ്ഥാനജനതകള്‍ക്കും അവിടെയെല്ലാം ഇന്നും അവകാശങ്ങള്‍ ശേഷിക്കുന്നത് ജാതി, ലിംഗ വിരുദ്ധവും ജനായത്തപരവുമായ ബൗദ്ധസഭ്യതയുടെ പ്രബുദ്ധതയിലാണ്. മധ്യകാലത്തോടെ ഹൈന്ദവീകരിക്കപ്പെടുകയാണുണ്ടായതെന്ന് ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തേരവാദത്തെ മായാനമെന്ന മഹായാനമായും പിന്നെ താന്ത്രികമായ വജ്രയാനമായും മാറ്റിമറിച്ചായിരുന്നു ഈ പരകായപ്രവേശം.  ഇന്ത്യയിലൊരിടത്തും താന്ത്രികതക്കും തന്ത്രിമാര്‍ക്കും കേരളത്തിലെ പോലെ പ്രാധാന്യമില്ല എന്ന വസ്തുതയും താന്ത്രികബുദ്ധമതത്തെ ഗൂഢാലിംഗനം ചെയ്ത ബ്രാഹ്മണിസത്തിന്റെ തന്ത്രസമുച്ചയത്തെ വെളിപ്പെടുത്തുന്നതാണ്. ശബരിമലയിലാകട്ടെ ബൗദ്ധവും ദൈവഹീനവുമായിരുന്നതിനാല്‍ ഇരുപതാം നൂറ്റാണ്ടുവരെ കേരളത്തിലെ വൈദിക ബ്രാഹ്മണരായ നമ്പൂതിരിമാര്‍ കയറിയിരുന്നുമില്ല. ആന്ധ്രയില്‍ നിന്നും ഇന്നത്തെ തന്ത്രികളെ ഇറക്കാനുള്ള കാരണവുമതല്ലോ.

ജാതിമതഭേദം ഇനിയും സ്ഥാപിക്കാനായിട്ടില്ലെങ്കിലും ലിംഗഭേദം സ്ഥാപിക്കപ്പെട്ടത് തുടര്‍ന്നുള്ള പള്ളിമലയിലെ പൗരോഹിത്യ ആണ്‍കോയ്മയുടെ സ്ഥാപനത്തെ സൂചിപ്പിക്കുന്നു. പക്ഷേ പള്ളിക്കെട്ടും പള്ളിമലവാസനോടുള്ള ശരണംവിളിയും വ്രതമെന്ന പഞ്ചശീലങ്ങളുടെ പാലനവും സംഘം ചേര്‍ന്നുള്ള സഞ്ചാരവും തികച്ചും ബൗദ്ധമായ തീര്‍ഥാടനത്തെ സമര്‍ഥിക്കുന്നു. ത്രിരത്‌നസൂചനയുള്ള ചിന്മുദ്രയില്‍ വീരാസനത്തിലുള്ള ശാസ്താവിന്റെ ഇരുപ്പ് തികഞ്ഞ ബോധിസത്വ രൂപത്തിലാണ്. മായാനത്തിലും വജ്രയാനത്തിലുമുള്ള അവലോകിതേശ്വര ബോധിസത്വനാണ് അയ്യപ്പന്‍. കേസരിയുടെ നിരീക്ഷണമിതാണ്. പ്രഫ. അയനിപ്പള്ളി അയ്യപ്പന്‍ എഴുതുന്നത് സ്യമന്തഭദ്ര ബോധിസത്വനാണെന്നാണ്. സഹോദരന്റെ കവിതകളിലും സമാന പരാമര്‍ശങ്ങളുണ്ട്. ശൈവ-വൈഷ്ണവ സംബന്ധത്തിലൂടെ ഹൈന്ദവീകരിക്കപ്പെട്ടു ഈ കാനനവാസന്‍. രണ്ടു തീവെപ്പുകളിലൂടെ മൂലവിഗ്രഹത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഇപ്പോഴും മഹായാന ബോധിസത്വശൈലി വിഗ്രഹത്തില്‍ പ്രകടമാണ്. വാവരെന്ന മുസ്‌ലിം പോരാളിയും കടുത്തയെന്ന അവര്‍ണ അഭ്യാസിയുമെല്ലാമായുള്ള അടുത്ത ബഹുജനബന്ധുത്വം തികച്ചും മതേതരവും മാനവികവും അഖിലലോകബാന്ധവപരവും മൈത്രീപൂര്‍ണവുമായ ബൗദ്ധസഭ്യതയുടെ സാമൂഹികസമഭാവനയുടെ തെളിവാണ്. സ്ത്രീതുല്യതയുടെ പ്രതീകമാണ് മായയും താരയും പരിണമിച്ചുണ്ടായ മാളികപ്പുറത്തമ്മയുടെ ഇരിപ്പിടം. കാഞ്ചിയിലും പുഹാറിലും വഞ്ചിയിലും മാധിവിയുടെയും മണിമേഖലയുടെയും ബൗദ്ധാചാര്യനായിരുന്ന അറവാണ അടികളുടെ പേരിലാണ് അരവണപ്പായസവും അപ്പവും. ഇതൊന്നും സംസ്‌കൃതമല്ല, ബ്രാഹ്മണികവുമല്ല. സഹ്യനില്‍നിന്നും പമ്പയും അച്ചന്‍കോവിലാറും മണിമലയാറും മീനച്ചിലാറും വന്നുചേരുന്ന വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറുള്ള ചീരപ്പന്‍ചിറയെന്ന മൂപ്പീല്‍ ഭവനവുമായുള്ള ബന്ധവും അവര്‍ക്ക് പതിനെട്ടാം പടിക്കലും കഥിനാവെടിവഴിപാടിലുമുണ്ടായിരുന്ന (കഥിനാ പാലിയില്‍നിന്നും വരുന്ന പദം) സ്ഥാനമാനങ്ങളും തെളിയിക്കുന്നതും അയ്യപ്പന്റെ അവര്‍ണമായ ബൗദ്ധപശ്ചാത്തലമാണ്. ബ്രാഹ്മണ്യം കവര്‍ന്നെടുത്ത ആദിവാസി ഗോത്രജനതക്കുണ്ടായിരുന്ന തേനഭിഷേകമടക്കമുള്ള അവകാശങ്ങള്‍ സൂചിപ്പിക്കുന്നത് തിരുനെല്ലിയിലെ പണിയരെയും അടിയാരെയും പോലെ ആനമലകളിലെ മലയരയരുടെയും മലമ്പണ്ടാരങ്ങളുടെയും മറ്റും ബൗദ്ധബന്ധമാണ്. സംഘകാലത്തെ ആദിചേരന്മാരില്‍ ഒരു വിഭാഗമായിരുന്ന വില്ലവരുമായി വില്ലാളിവീരനായി വാഴ്ത്തപ്പെടുന്ന വീരമണികണ്ഠനുള്ള അഭേദ്യബന്ധവും തികച്ചും പ്രാചീനവും ബൗദ്ധവുമാണ്.  ആതന്‍ എന്ന സ്ഥാനപ്പേരിലൂടെ ആദിചേരന്മാര്‍ പലരും അര്‍ഹതപദം തേടിയ ബുദ്ധമുനിമാരായിരുന്നു എന്നതും കൂടി ഓര്‍ക്കാവുന്നതാണ്.

അടുത്തകാലം വരെ പൊതിയില്‍മലയെന്ന ഇന്നത്തെ അകത്തിയകൂടത്തില്‍ തിബത്തില്‍നിന്നുള്ള ഭിക്ഷുക്കള്‍ തീര്‍ഥാടനം നടത്തിയിരുന്നു.  ശ്രീലങ്കയിലെ ശ്രീപാദയെന്ന ആദംസ് പീക്കിലും യൂറോപ്യരും അറബികളുമടക്കമുള്ള വിദേശികള്‍ ഇന്നും തീര്‍ഥാടകരായി വരാറുണ്ട്.  അശോകകാലം മുതല്‍ തുടങ്ങിയ ബൗദ്ധമായ ലോകതീര്‍ഥാടനത്തിന്റെയും പട്ടുപാതയിലൂടെയും സൈന്ധവമഹാസാഗര വാണിജ്യ സംസ്‌കാര പാതകളിലൂടെയും ലോകത്തിന്റെ വെളിച്ചവും വഴിയും പ്രബുദ്ധതയുമായി വര്‍ത്തിച്ച രാജ്യാന്തര സംസ്‌കാരത്തിന്റെ അനുരണനങ്ങളാണിവയെല്ലാം. പ്രബുദ്ധമായ ആ ലോകപൈതൃകത്തിന്റെ ഭാഗമായ പള്ളിമാമലയായ, ശബരിമലയെ ബഹുജനങ്ങള്‍ തിരിച്ചറിഞ്ഞ് നീതിബോധത്തോടെ സംരക്ഷിക്കുകയും അത് പ്രതിനിധാനം ചെയ്യുന്ന സമഭാവനയുടെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശത്തെ പരത്തുകയും ചെയ്യേണ്ടതാണ്. സ്വന്തം സംസ്‌കാരചരിത്രം പഠിക്കാനും തിരിച്ചറിയാനും ഇടകിട്ടാതെ പോയ ചില സോദരിമാര്‍ പൗരോഹിത്യ ആണ്‍കോയ്മയുടെ പ്രേരണയില്‍ ചെയ്യുന്നതെന്താണെന്നവര്‍ അറിയുന്നില്ല. ലിംഗനീതിയിലേക്കായി പരമോന്നത നീതിപീഠം നടത്തിയ സുധീരവും ചരിത്രപരവുമായ വിധിയെ നാം അറിഞ്ഞാദരിക്കുമാറാകട്ടെ. ജനകീയ സര്‍ക്കാരുകള്‍ അതു നടപ്പിലാക്കട്ടെ. മനുസ്മൃതിയുടെ ഇരുട്ടിലേക്കല്ല, മാനവികതയുടെയും ഭരണഘടനാ നൈതികതയുടെയും ഉദയത്തിലേക്കാകട്ടെ ബഹുജനങ്ങളുടെ നടത്തം.

മനുഷ്യരെ മനുഷ്യരായി കാണുന്ന ദര്‍ശനങ്ങളെ പുല്‍കി, മനുഷ്യരെ ജാതിയുടെയും ലിംഗത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും ലൈംഗികതയുടെയും മറ്റും പേരില്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അയിത്തമുള്ളവരുമായി കാണുന്ന സ്മൃതിശ്രുതിപുരാണപാഠങ്ങളെ വിവേചന വിമര്‍ശബോധത്തോടെ നിരാകരിക്കുക.

സ്വന്തം ചവിട്ടടി മറക്കുന്ന ജനത അധീശത്വത്തിന്റെ കാവലാളുകളും കാലാളുകളുമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സ്വന്തം സഹോദരന്മാരെയും സഹോദരിമാരെയും അയിത്തക്കാരാക്കിയല്ല നാം തീര്‍ഥാടകരാകേണ്ടത്. ദൈവത്തെയും ആത്മീയതയെയും സ്വകാര്യവല്‍ക്കരിക്കാനും കുത്തകവല്‍ക്കരിക്കാനും മുതിര്‍ന്നാല്‍ അതെവിടെച്ചെന്നു നില്‍ക്കുമെന്ന് നമ്മുടെ ചരിത്രം പറഞ്ഞുതരും. കേരളബുദ്ധനായി കവിശിഷ്യര്‍ ചമല്‍ക്കാരം ചെയ്ത നാണുവാശാനും നവബുദ്ധനായി ബഹുജനങ്ങള്‍ കാണുന്ന അംബേദ്കറും ആഗ്രഹിച്ചതു പോലെ എല്ലാ മനുഷ്യര്‍ക്കും എല്ലായിടങ്ങളിലും പ്രവേശനം സാധ്യമാകട്ടെ. മംഗലാപുരത്തെ കുദ്രോളിയില്‍ നാണുഗുരു സ്ഥാപിച്ച ക്ഷേത്രത്തിലിന്ന് രണ്ട് ദലിത് വനിതകളാണ് ശ്രീകോവിലില്‍ താന്ത്രിക പൂജാവിധികള്‍ നിര്‍വഹിക്കുന്നത്. മംഗളാദേവിയിലും അവര്‍ണവനിതകളാണ് ബുദ്ധപൂര്‍ണിമയില്‍ കാര്‍മികര്‍. തുളുനാട്ടിലെയും തമിളകത്തെയും സോദരര്‍ കാണിക്കുന്ന വെളിവ് കേരളമക്കള്‍ക്കു ബോധോദയം നല്‍കട്ടെ. യദുകൃഷ്ണയും നിരവധി അവര്‍ണ ശാന്തിക്കാരും ശബരിമലയിലും ഗുരുവായൂരും പോയിട്ട് ചെറിയ അമ്പലങ്ങളില്‍പോലും പൂജചെയ്യാനാവാതെ അലയുകയാണ്. ഭാഷയുടെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും മിഥ്യകള്‍ തകരട്ടെ. 

(കാലടി സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ കേന്ദ്രത്തില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍