തിരുനബിയെ അനുഗമിക്കുമ്പോള്‍ ലഭിക്കുന്നതാണ് ദൈവസാമീപ്യം
സ്‌നേഹം എന്ന വാക്ക് ഏറെ മനോഞ്ജവും മനോഹരവുമാണ്. മനുഷ്യജീവിതത്തെ കണ്ണിചേര്‍ക്കുന്നതിന് സ്‌നേഹത്തിന് വലിയ പങ്കുണ്ട്. സ്‌നേഹം ആര്‍ക്കും അന്യമല്ല. അത് ഈമാനിന്റെ അടയാളമാണ്. അല്ലാഹു പറഞ്ഞു: ''വിശ്വാസി അല്ലാഹുവിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നു'' (ഖുര്‍ആന്‍: 2:165). ഈമാന്‍ ഉള്‍ക്കൊണ്ടവന്‍ അല്ലാഹുവിനെ സ്‌നേഹിക്കും. ദീനിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കും. വിശ്വാസം ഒരു വസ്ത്രം പോലെയാണ്. പല തരത്തിലുള്ള മേല്‍കുപ്പായം അതുകൊണ്ട് നിര്‍മിക്കാം. എന്നാല്‍ ശരിയായ വിശ്വാസം മനസ്സിനെ കുളിരണിയിക്കുന്നതും അതില്‍ കുടികൊള്ളുന്നതുമാണ്. മറ്റെന്തിനേക്കാളും ഒരു വിശ്വാസിക്ക് അല്ലാഹുവും അവന്റെ ദൂതനും പ്രിയപ്പെട്ടതായിരിക്കും. സ്‌നേഹം ഗുരുക്കളുടെ ഗുരുവാണ്. അധ്യാപകരില്‍ പ്രധാനി, ശക്തിയില്‍ അതുല്യന്‍. മനുഷ്യമനസ്സ് കീഴടക്കാന്‍ പോന്നതത്രെ ഹുബ്ബ്. ഒരു ചെടിക്ക് ജലപാനം നടത്തിനോക്കു, അത് ഉണര്‍ന്നെണീക്കും, കിളിര്‍ക്കും, തളിര്‍ക്കും, പൂവണിയും. ഊഷരതയെ ഉര്‍വരമാക്കും. സ്‌നേഹം ഹൃദയങ്ങളെ കീഴടക്കും, കീഴ്‌പ്പെടുത്തും.
അല്ലാഹുവിനെ ഇഷ്ടപ്പെടുക എന്നാല്‍ അവന്‍ ഇഷ്ടപ്പെടുന്നതിനെ പ്രണയിക്കലാണ്. അല്ലാഹുവിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥങ്ങളെ, ദീനീസരണിയെ, ദീനിനൊപ്പം ചലിക്കുന്നവരെ, എന്നല്ല മാനവലോകത്തെ തന്നെ ഇഷ്ടപ്പെടുക, സ്‌നേഹിക്കുക. ഇതായിരിക്കണം ജീവിതം.
ദൈവാനുരാഗം എത്രത്തോളം മനസ്സില്‍ തട്ടുന്നുവോ അത്രയുമായിരിക്കും ജീവിതവിജയം. കൃത്രിമ മാര്‍ഗേണ ഈ സ്‌നേഹം സ്ഥാപിക്കപ്പെടുകയില്ല. പ്രകൃത്യായുള്ള ഇഷ്ടങ്ങളും ഇതില്‍പെടില്ല. പിതാവിന് മക്കളോടുള്ളപോലെ, സ്ത്രീ പുരുഷസ്‌നേഹം പോലെ, കൗതുകവസ്തുക്കളോടുള്ള അനുരാഗം പോലെ. ഇതൊക്കെ സ്വാഭാവികമോ പ്രകൃതിപരമോ (ത്വബഈ) ആണ്. ഭൂമിയിലെ പല പല വസ്തുക്കളോടും പ്രത്യേക പ്രണയമോ കടുത്ത അനുരാഗമോ ഉണ്ടാവാം. അത് ഖുര്‍ആന്‍ തന്നെ സമ്മതിക്കുന്നുണ്ട്: 'സുയ്യിന ലിന്നാസി ഹുബ്ബുശ്ശഹവാത്തി......'(3:14).
അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ അവന് വണങ്ങണം. അവന്റെ കല്‍പനകള്‍ക്ക് വിധേയരാവണം. ദൈവേതര ശക്തികള്‍ക്ക് മുമ്പില്‍ തലകുനിക്കരുത്. അല്ലാഹുമായി നേരിട്ട് ബന്ധം സ്ഥാപിക്കണം. അവന്റെ ഇഷ്ടം കരഗതമാക്കണം. പ്രാര്‍ഥനകളിലൂടെ ഗാഢബന്ധം സ്ഥാപിക്കാന്‍ കിട്ടുന്ന അവസരം മഹാഭാഗ്യമായി കരുതണം. അഞ്ചു സമയം നിര്‍ബന്ധമായും അവനുമായി മുലാഖാത്തിന് സമയം നിശ്ചയിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചക്ക് അനുവദിച്ച സമയപരിധി പാലിക്കണം. വരൂ! വാതില്‍ തുറന്ന് അകത്ത് വരൂ എന്നാണ് നമസ്‌കാരത്തിലേക്കുള്ള വിളി. നിങ്ങളുടെ നാഥനുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അടുത്തിടപഴകാനും കിട്ടുന്ന അപൂര്‍വ മുഹൂര്‍ത്തം! നിര്‍ബന്ധത്തിന് വഴങ്ങിയല്ല, ഇഷ്ടത്തോടും പ്രിയത്തോടും കൂടി വരുക, നാഥന്റെ സവിധത്തിലേക്ക്. അവസരം ഔത്സുക്യത്തോടെ ഉപയോഗപ്പെടുത്തുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. ഇതൊക്കെ ദൈവസ്‌നേഹത്തിന്റെ അടയാളങ്ങളാണ്. ദൈവസ്‌നേഹത്തിനായി എപ്പോഴും മോഹിക്കണം.
ഒരു പ്രാര്‍ഥന ഇങ്ങനെ പ്രവാചക വചനങ്ങളില്‍ വന്നിട്ടുണ്ട്: 'റബ്ബിജ്അല്‍നീ ലക ദക്കാറന്‍, ലക ശക്കാറന്‍...' നാഥാ! അധികമധികം നിന്നെ ഓര്‍ക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തേണമേ, ഏറെ നന്ദിയുള്ളവരില്‍ ചേര്‍ക്കേണമേ, നിന്നെ വളരെയധികം ഭയപ്പെടുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തിയാലും നാഥാ! അനുസരിക്കുന്നവരിലും സന്തോഷത്തോടെ നിനക്ക് കീഴ്‌പ്പെടുന്നവരിലും ചേര്‍ക്കേണമേ, നിനക്ക് മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുന്നവരിലും വെപ്രാളപ്പെട്ട് നിന്നിലേക്ക് മടങ്ങുന്നവരിലും ഉള്‍പ്പെടുത്തേണമേ'' (തിര്‍മിദി, ഇബ്‌നു അബ്ബാസില്‍നിന്ന്). ഇതൊക്കെയും സ്‌നേഹത്തിന്റെ പ്രകടന രൂപങ്ങളാണ്.
നബി (സ) പറയുന്നു: 'അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ ലഭിച്ചതിനാല്‍ അവനെ സ്‌നേഹിക്കുക. എന്റെ ചര്യ അനുസരിച്ച് അവന്റെ വഴിയില്‍ പ്രവര്‍ത്തിക്കുക' (തിര്‍മിദി). തിരുദൂതര്‍ അല്ലാഹുവിന്റെ ഹബീബാണ്. അല്ലാഹു അദ്ദേഹത്തെ തന്റെ ദൗത്യവുമായി അയച്ചു. ഖുര്‍ആനും ഹിദായത്തും ദീനും എല്ലാം നമുക്ക് ലഭിച്ചത് അതുവഴിതന്നെ. സ്വര്‍ഗലബ്ധിക്കും നരകമുക്തിക്കും വേണ്ട നിര്‍ദേശങ്ങളും പ്രവാചകദൗത്യം മുഖേന ലഭിച്ചു. ഇതെല്ലാം ദൈവത്തിന്റെ കാരുണ്യം. ദൈവദൂതനെ വിശ്വാസികള്‍ സ്‌നേഹിച്ച വിധമോ! അത് അത്ഭുതമുളവാക്കുന്ന തരത്തിലായിരുന്നു. നിര്‍ബന്ധമായിട്ടല്ല, പ്രത്യുത തിരുനബിയോടുള്ള അദമ്യമായ സ്‌നേഹപ്രകടനമായിരുന്നു പലപ്പോഴുമത്.
ഒരാള്‍ തിരുനബിയെ കാണാന്‍ വന്നു. ഈ സമയം തിരുമേനി (സ) മേല്‍കുപ്പായത്തിന്റെ ഒരു ബട്ടണ്‍ ഇട്ടിരുന്നില്ല. ഇതുകണ്ട ഒരു പിതാവും പുത്രനും ജീവിതകാലം മുഴുവന്‍ മേല്‍കുപ്പായത്തിന്റെ ബട്ടണിടാതെ നടന്നു. മറ്റൊരാള്‍ വന്നു. നബി(സ)യുടെ ചെരുപ്പിന്റെ വാറില്‍ ഒരു മുടി കണ്ടു. അയാള്‍ അത് അനുകരിച്ചു. ഇനിയും ഒരാള്‍ ഒരിക്കല്‍ ശ്രദ്ധിച്ചത് കുമ്പളങ്ങയുടെ കറിയില്‍ പ്രവാചകന്‍ കഷണം തെരയുന്നതാണ്. എന്നാല്‍ അങ്ങനെ കറിവെക്കാത്ത ആളായിട്ടും അയാള്‍ അത് അനുകരിച്ചു. എന്നാല്‍ ഇതേ അനുയായികള്‍ തന്നെ, മക്കയിലെ തെരുവുകളില്‍, ഉക്കാള് ചന്തയില്‍, ത്വാഇഫ് താഴ്‌വരകളില്‍, ബദ്‌റ്-ഹുനൈന്‍ യുദ്ധക്കളങ്ങളില്‍ എല്ലായിടത്തും അവരുണ്ട്; ധീരയോദ്ധാക്കളായും പ്രബോധകരായും.
ചെറുകാര്യങ്ങളില്‍ തട്ടിയും തടഞ്ഞും ഈ കപ്പല്‍ നിന്നില്ല. സ്‌പെയ്ന്‍ മുതല്‍ ചൈന വരെ പ്രവാചകന്റെ ഈ സ്വഹാബികള്‍ ചെന്നെത്തി. ലോകം ആയിരം വര്‍ഷംകൊണ്ട് ഒരുപക്ഷേ ചെയ്തുതീര്‍ക്കാനിടയില്ലാത്ത പണി മുഹമ്മദ് നബിയുടെ കൂട്ടുകാര്‍ ഏതാനും വര്‍ഷം കൊണ്ട് ചെയ്തുതീര്‍ത്തു. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള അപാരമായ സ്‌നേഹമാണ് ഈ വിജയക്കൊടി പാറിപ്പിക്കാനായതിന്റെ ഏകനിമിത്തം. മുഹമ്മദ് നബി അവരുടെ ജീവന്റെ ജീവനായിരുന്നു. ഓരോരുത്തരും മുഹമ്മദ് നബിയെയും ഖുര്‍ആനെയും ജീവിതത്തിലേക്ക് പകര്‍ത്തി. ഈ ജനതയുടെ മുമ്പില്‍ ലോകം പകച്ചുനിന്നിട്ടുണ്ട്, ഭരണാധികാരികള്‍ പഞ്ചപുഛമടക്കിയിട്ടുണ്ട്. നാട്ടുകാര്‍ അവരെ സ്വീകരിച്ചിരുത്തി. രാജാക്കന്മാര്‍ പരാജയം സമ്മതിച്ചു പിന്മാറി. കിസ്‌റ ഇട്ടെറിഞ്ഞുപോയി. സ്‌നേഹം ഒന്നുകൊണ്ട് മാത്രമായിരുന്നു ഈ കീഴടക്കലും കടന്നുവരവും.
ഫാതിഹെ ആലം- ലോകവിജയിയാകാന്‍ മുഹമ്മദി(സ)ന് കഴിഞ്ഞത് അദ്ദേഹം തന്റെ അനുയായികളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്തതിനാലാണ്. നബിയുടെ കൈയില്‍ സ്‌നേഹത്തിന്റെ ഒരു പതിപ്പല്ലാതെ മറ്റൊരു ഗ്രന്ഥവും ഉണ്ടായിരുന്നില്ല. നസ്വീഹത്തോ വഅ്‌ളോ സാഹിത്യപ്രചാരണമോ ഒന്നും. സ്‌നേഹം ജീവിതത്തെ നെയ്‌തെടുത്തു എന്നതാണ് സത്യം.
ഒരാള്‍ വന്നു, നബിയോട് ചോദിച്ചു. ''അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുക?'' ''കൊള്ളാം താങ്കള്‍ അതിനുള്ള തയാറെടുപ്പു നടത്തിയിട്ടുണ്ടോ''-മറുചോദ്യം.
''ഇല്ല. എന്നാല്‍ ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു. അത്രമാത്രം.''
''ആരെ സ്‌നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും താങ്കള്‍''- പ്രവാചകന്റെ മറുപ്രസ്താവം. അനസ് (റ) പറയുന്നു: ഞാന്‍ നബി(സ)യുടെ അനുചരന്മാരുടെ കാലത്ത് ആഹ്ലാദിച്ച ദിവസം ഇതുപോലെ വേറെയില്ല. അതായത് നമസ്‌കാരവും നോമ്പും മറ്റു സല്‍ക്കര്‍മങ്ങളും കുറഞ്ഞ ഒരാള്‍. എന്നാല്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള പരമമായ സ്‌നേഹമാണ് അയാളുടെ കൈമുതല്‍. എങ്കില്‍ അല്ലാഹുമായി അടുക്കാനുള്ള വഴി അതുതന്നെയാണ്. ഈ വിവരം കേട്ട് ഞാന്‍ ഏറെ സന്തോഷിച്ചു. 14 നൂറ്റാണ്ടിന്റെ അകലം. സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരമേറെ. ചെന്നെത്താന്‍ പറ്റാത്തത്ര വിദൂരതയില്‍. കര്‍മത്തിന്റെ അകലമോ, അതും ഏറെ വ്യത്യസ്തം. മുന്‍ഗാമികളുടെ കര്‍മം എത്ര മഹത്തരം! എന്നാല്‍ സ്‌നേഹമാകുന്ന യാനപാത്രത്തിലേറി എല്ലാ അകലങ്ങളെയും മുറിച്ചുകടക്കാനാവും. നബിതിരുമേനിയെ പിന്‍പറ്റലാണ് അല്ലാഹുവിനെ സ്‌നേഹിക്കാനുള്ള ഉപാധി. ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ''നബിയേ പറയുക. യഥാര്‍ഥത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും'' (ഖുര്‍ആന്‍: 3:31). തിരുമേനി(സ)യാകട്ടെ അനുചരന്മാരോട് ചേര്‍ന്നു നിന്നു. അവരെ ചേര്‍ത്തു നിര്‍ത്തി.
'അവരില്‍നിന്ന് കണ്ണുകള്‍ ഒരിക്കലും മാറിപ്പോകാതിരിക്കട്ടെ' (8:28) എന്ന് ഖുര്‍ആന്‍ തിരുമേനി(സ)യോട് കല്‍പിച്ചരുളുന്നുണ്ട്. ഈ കൂട്ടുകാരാണ് താങ്കളുടെ മൂലധനം. അവരില്‍ നല്ലതും തിയ്യതും സജീവരും നിര്‍ജീവരും കാണും. എല്ലാവരെയും കൂട്ടി മുന്നോട്ട്. കാരണം അവര്‍ വിലപ്പെട്ടവരത്രെ. കറുപ്പും വെളുപ്പും വ്യത്യാസം വേണ്ട. വിജ്ഞരും അജ്ഞരും കൂട്ടത്തില്‍ കാണാം. പുതപ്പ് പിടിച്ചുവലിച്ചവരും ചീത്തവിളിച്ചവരും പല്ല് പൊട്ടിച്ചവരും കൂട്ടത്തിലുണ്ട്. അവരൊക്കെ നബിയുടെ സ്‌നേഹിതര്‍. സ്‌നേഹം അവരില്‍ പങ്കുവെച്ചു. ചിലര്‍ വരുന്നു. പ്രതിബന്ധം പറയുന്നു. അവധി കൊടുക്കുന്നു. തെറ്റു ചെയ്യുന്നു. മാപ്പു കൊടുക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു. ഇതിനൊന്നും ലോകത്ത് വേറെ മാതൃക കാണാനാവില്ല. ഈ സമൂഹത്തെ വെച്ചാണ് മുഹമ്മദ് മുസ്ത്വഫാ (സ) ലോകം കീഴടക്കിയത്. ഖുര്‍ആന്‍ പറയുന്നു: ''അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും താങ്കള്‍ക്കും പിന്‍ബലം നല്‍കിയവന്‍'' (8:62). ''നബിയേ, താങ്കള്‍ക്കും താങ്കളെ പിന്‍പറ്റിയ വിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി'' (8:64).
അല്ലാഹുവിനെയും ദൂതനെയും ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം തന്നെ മതി എല്ലാറ്റിനും. അല്ലാഹുവും റസൂലും ഒരാളുടെ ഇഷ്ടപാത്രമായെങ്കില്‍ അയാള്‍ക്ക് ഭയക്കാനൊന്നുമില്ല. വിശ്വാസികളുടെ സമൂഹം സ്‌നേഹം വെച്ചു പുലര്‍ത്തിയാല്‍ അവര്‍ പരസ്പരം താങ്ങും തണലുമായി മാറുക സ്വാഭാവികം. ആ സ്‌നേഹകൂട്ടായ്മയാണ് ഇറാനും റോമുമെല്ലാം ജയിച്ചടക്കിയത്. ''മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അന്യോന്യം ദയാലുക്കളുമാകുന്നു'' (48:29). പ്രവാചകന്റെ അടുക്കല്‍ കുറ്റവാളികള്‍ വന്നു. പാപികള്‍ വന്നു. തന്നെ നേരിട്ട് ആക്രമിച്ചവര്‍ വന്നു. 13 വര്‍ഷം മക്കയിലെ തെരുവില്‍ തന്നെ കൈകാര്യം ചെയ്തവര്‍ നേരിട്ടെത്തി. തന്റെ വഴിയില്‍ കല്ലും മുള്ളും വിതറിയവര്‍, തന്റെ പുത്രിയെ കുന്തമെറിഞ്ഞു വീഴ്ത്തിയവര്‍, ഈ അക്രമി സമൂഹത്തെയെല്ലാം തിരുമേനി ചേര്‍ത്തുപിടിച്ചു. വരൂ! ഇന്നുമുതല്‍ നിങ്ങളെല്ലാം എന്റെ സഹോദരങ്ങളാണ്. ഈ സ്‌നേഹകൂട്ടായ്മയാണ് മാതൃകാ സമൂഹമായി മാറിയത്.
നിങ്ങള്‍ പട്ടിണിക്കാരുടെ അടുക്കലേക്ക് പോവുക. അവിടെ ദൈവത്തെ കാണാം. ദാഹിക്കുന്നവനെ തേടിപ്പോവുക. അവിടെ അവനുണ്ടാവും. രോഗികളെ അന്വേഷിച്ചെത്തുക. അവിടെ നിങ്ങളുടെ നാഥനുണ്ടാകും. കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ എന്നെ അന്വേഷിക്കുക. അവരോട് സ്‌നേഹം പുലര്‍ത്തുക. അപ്പോള്‍ അവര്‍ നിങ്ങളുടേതാവും. നിങ്ങള്‍ അവരുടേതും. ഇതാണ് അടിസ്ഥാന പാഠം.
നന്ദിപ്രകാശനമാണ് ഹുബ്ബിന്റെ കാമ്പ്. അതില്‍നിന്ന് പ്രണയത്തിന്റെ വൃക്ഷം വളരുന്നു. പിന്നെ അതിന്റെ ശാഖകളും ശാഖോപശാഖകളും പൂവും കായും ഉണ്ടാവുന്നു. ഈമാന്‍, ഇശ്ഖ്, ഹുബ്ബ് ഈ മന്ത്രങ്ങളാണ് ലക്ഷ്യസ്ഥാനത്തേക്കുള്ള എളുപ്പവഴി. ഈ മാനദണ്ഡം നിങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെങ്കില്‍ പിന്നെ നിങ്ങളുടെ കൈകളാല്‍ ഈ ദൗത്യം പൂവണിയില്ല. അപ്പോള്‍ അല്ലാഹു പുതിയ തലമുറയെ എഴുന്നേല്‍പ്പിക്കും (ഖുര്‍ആന്‍: 5:45). അനുരാഗത്തിന്റെ ഊഷ്മളതയിലേക്ക് ഊളിയിട്ടു പോകാന്‍ വിശ്വാസിക്ക് കഴിയണം. പുതിയ തലമുറയെ രംഗത്തു കൊണ്ടുവരികയാണെങ്കില്‍ അവരുടെ ഗുണവിശേഷമായി പറയുന്നത്, 'അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരും' എന്നാണ്. അപ്പോള്‍ കാര്യങ്ങളെല്ലാം എളുപ്പത്തിലാകും. കുറഞ്ഞ കര്‍മങ്ങള്‍ കൊണ്ട് വലിയ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിക്കാനാവും.
സംഗ്രഹവിവര്‍ത്തനം:
സഈദ് ഉമരി, മുത്തനൂര്‍
Comments